Saturday, June 27, 2009
ഉയേഷിമാ ഒനിത്‌സുറാ (1660-1738)
ഇടാമിപട്ടണത്തിലെ ഒരു മദ്യവ്യാപാരിയുടെ മൂന്നാമത്തെ മകനായി ജനിച്ചു. എട്ടാമത്തെ വയസ്സിലേ ഹൈകു എഴുതി പേരെടുത്തു.എഴുപത്തിമൂന്നാമത്തെ വയസ്സിൽ സംന്യാസം സ്വീകരിച്ചു.
1
പൊന്തിച്ചാടിയ കണ്ണൻമീൻ
തനിക്കു താഴെക്കണ്ടല്ലോ
ഒഴുകുന്നു ചില മേഘങ്ങൾ!
2
ചെറിപ്പൂക്കൾ കാണാനിറങ്ങിയവർ
പട്ടുടുത്ത അസ്ഥികൂടങ്ങൾ.
3
മനുഷ്യരെക്കണ്ടൊളിച്ചും
മനുഷ്യരെക്കണ്ടടുത്തുചെന്നും
ലോകം പരിചയിക്കുന്നു
കുരുവിക്കുഞ്ഞുങ്ങൾ.
4
ഉൾക്കാതു വഴങ്ങുമ്പോൾ
കേൾക്കൂ,
പൂവിൻ മൂകഭാഷണം.
5
പാട്ടു നിർത്തിയ വാനമ്പാടി
നിറംകെട്ട
വെറുംകിളി.
6
ചെറിമരങ്ങൾ പൂക്കുമ്പോൾ
കിളികൾക്കു രണ്ടുകാലുകൾ
കുതിരകൾക്കു നാലും.
7
പൂക്കാത്ത മരത്തെ നോക്കുന്നൊരാൾ-
സാമാന്യക്കാരനല്ലയാൾ!
(തന്നെ ഹൈകു പഠിപ്പിക്കണമെന്ന് ഒരാൾ കവിയോടപേക്ഷിച്ചപ്പോൾ)
8
കിനാവുകളലയുന്ന
കരിഞ്ഞ പാടത്ത്
കാറ്റിന്റെ മന്ത്രണം.
(ബഷോയുടെ പന്ത്രണ്ടാം ചരമവാർഷികത്തിലെഴുതിയത്)
9
ഈ ശരൽക്കാലരാത്രിയിൽ
ചന്ദ്രനെക്കാണാനിരിക്കുമ്പോൾ
എന്റെ മടിയിൽ കുഞ്ഞില്ല.
(ആറുവയസ്സായ മകൻ മരിച്ചപ്പോൾ)
10
കുളിർകാറ്റു വീശുമ്പോൾ
പൈൻമരത്തിൻ മന്ത്രങ്ങൾ
മാനമാകെ.
11
കുളിത്തൊട്ടിയിലെ വെള്ളം
എവിടൊഴിക്കും?-
ചീവീടു പാടുന്നെങ്ങും.
12
അരുവിയൊഴുമ്പോൾ
ചെറിമരങ്ങൾക്കു ചോടെ
കല്ലുകൾ പാടുന്നു.
13
പുർണ്ണചന്ദ്രനെക്കാൺകെ
ഓർത്തുപോകുന്നു ഞാൻ-
പേനയെടുക്കാത്തൊരാൾ
ഈ രാത്രിയിലാരു കാണും?
16
എനിക്കെന്റെ സ്വപ്നം മതി-
നീ വിളിച്ചുകാണിച്ച ചന്ദ്രനതാ
മഞ്ഞുമൂടി മറഞ്ഞു കാക്കേ.
(മരണത്തിനു മുമ്പെഴുതിയത്)
Subscribe to:
Post Comments (Atom)
No comments:
Post a Comment