Monday, June 22, 2009

യോസാ ബൂസാൺ(1716-1783)



ബഷോയ്ക്കു ശേഷം വന്ന പ്രമുഖനായ ഹൈകുകവിയാണ്‌ യോസാ ബൂസാൺ. അദ്ദേഹം കവി മാത്രമല്ല, പേരെടുത്ത ചിത്രകാരൻ കൂടിയായിരുന്നു 1716-ൽ സെത്‌സുപ്രവിശ്യയിലെ കെമാഗ്രാമത്തിലാണ്‌ ജനനം.ബൂസോണിന്ന്‌ എട്ടുവയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വേർപിരിഞ്ഞു. ഇരുപതാമത്തെ വയസ്സിൽ കവിതയും ചിത്രകലയും പഠിക്കാനായി ഇഡോവിലെത്തി. ചൈനീസ്‌ ക്ലാസ്സിക്കുകളും കലയും പഠനവിഷയമാക്കുന്നതും ഇക്കാലത്തു തന്നെ. ഇരുപത്താറാമത്തെ വയസ്സിൽ ബൂസോൺ തന്റെ നാടു കാണാനിറങ്ങി. മുൻഗാമിയായ ബഷോയുടെ വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ എന്ന കൃതിയിലെ അതേ സഞ്ചാരപഥത്തിലൂടെ തല മുണ്ഡനം ചെയ്ത്‌ ഒരു ഭിക്ഷുവിനെപ്പോലെയായിരുന്നു ആ യാത്ര. ഭിക്ഷുവെങ്കിലും സാകിയും ഗൈഷയും അദ്ദേഹത്തിന്റെ ദൗർബല്യങ്ങളായിരുന്നു. മുപ്പത്താറാമത്തെ വയസ്സിൽ ബൂസോൺ ക്യോട്ടോവിൽ സ്ഥിരതാമസമാക്കി. ചിത്രകാരനെന്ന നിലയിൽ അദ്ദേഹം പേരുനേടുന്നത്‌ ഇക്കാലത്താണ്‌.
വിവാഹം കഴിക്കുന്നത്‌ നാൽപ്പത്തേഴാമത്തെ വയസ്സിലാണ്‌. അതിനു ശേഷവും പക്ഷേ, സാകി,ഗൈഷ അഭിനിവേശം വിട്ടുപോയില്ല. അദ്ദേഹത്തിന്റെ ഹൈകുകാലമെന്നു പറയാവുന്നത്‌ അമ്പത്തഞ്ചു വയസ്സു മുതലാണ്‌. 1783-ൽ അറുപത്തേഴാമത്തെ വയസ്സിൽ ഒരു നെഞ്ചുവേദനയെത്തുടർന്ന് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചു. മരണസമയത്തെഴുതിയ ഹൈകുവാണിത്‌:

വെളുത്ത പൂക്കളിൽ
നാളത്തെ പകലായി

രാവു മാറുന്നു.


ബഷോവിന്റെ ഹൈകുവിൽ നിന്നു വ്യത്യസ്തമായി ബൂസോണിന്റെ കവിതകളിൽ പ്രകടമായ തത്വചിന്തയല്ല കാണുക. ഒരു ചിത്രകാരന്റെ നോട്ടങ്ങളാണതിൽ. ഹൈകുവിന്റെ രഹസ്യമെന്താണെന്ന് ഒരു ശിഷ്യൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിതാണ്‌: സധാരണത്വത്തെ സാധാരണത്വം കൊണ്ട്‌ അതിവർത്തിക്കുക.


1

വാത്തുകളുടെ ചിത്രലേഖ
മാനത്ത്‌-
അതിൽ മുദ്ര വയ്ക്കുന്നു
ചന്ദ്രൻ.

2

മിന്നിമിന്നിക്കത്തുന്ന പകൽ-
ഒരു പേരറിയാപ്രാണിയുടെ
വെള്ളിച്ചിറകുകൾ.

3

ആകാശത്തൊരു പട്ടം പറക്കുന്നു-
ഇന്നലെ പറന്ന
അതേ സ്ഥാനത്ത്‌.

4

അഞ്ചാറുപേർ വട്ടത്തിൽ നൃത്തം വയ്ക്കുന്നു-
അവർക്കുമേലിറുന്നുവീഴാനെന്നപോലെ
ചന്ദ്രൻ.

5

മാനത്തിന്നുന്നതിയിൽ
ചേരി കടന്നുപോകുന്നു
തെളിഞ്ഞ ചന്ദ്രൻ.

6

കടൽക്കരയിൽ ഒരു കുഞ്ഞുചിപ്പി-
അതിനെ നനയ്ക്കാനില്ല
വസന്തത്തിലെ മഴച്ചാറൽ.

7

ഇക്കിഴവന്റെ പ്രണയചാപല്യം-
അതു മറക്കാൻ നോക്കുമ്പോൾ
നശിച്ചൊരു മഴയും!

8

കടുകുപാടം-
കിഴക്കു ചന്ദ്രൻ
എതിരെ സൂര്യൻ.

9

മണി വിട്ടുപോകുന്ന
മണിയൊച്ച-
എന്തു കുളിരാണതിന്‌!

10

മങ്ങിയ നിലാവത്ത്‌
അകലെനിന്നൊരു
പൂവിൻമണം.

11

ക്രിസാന്തമത്തിന്റെ മുന്നിൽ
കത്രികയൊ-
ന്നറച്ചു.

12

ശകടം കടന്നുപോയപ്പോൾ
പൂക്കളൊന്നു
വിറപൂണ്ടു.

13

അന്തിമഴ പൊട്ടിവീണപ്പോൾ
വിറകൊണ്ട പൊന്തയ്ക്കുള്ളിൽ
കുരുവിക്കൂട്ടം കൂനിക്കൂടി.

14

കാട്ടിൻനടുവിൽ കേട്ടത്‌-
മരംവെട്ടി മരം വെട്ടുന്നു
മരംകൊത്തി മരം കൊത്തുന്നു.

15

ചെരുപ്പൂരി കൈയിൽപ്പിടിച്ച്‌
വേനൽപ്പുഴ കടക്കുമ്പോൾ
എന്തു സുഖം!

16

ഒരു മഴത്തുള്ളി തട്ടി
ഒരൊച്ചുരുണ്ടുകൂടി.

17

അതാ ഒരൊച്ച്‌-
ഒരു കൊമ്പു വലുത്‌
ഒരു കൊമ്പു ചെറുത്‌-
എന്താണതിന്റെ മനസ്സിൽ!

18

ഓരോ മുള്ളിൽ
ഓരോ തുള്ളി-
മഞ്ഞുതുള്ളി.

19

വേനൽമഴ പെയ്തപ്പോൾ
നടവഴി
അതിൽ മുങ്ങി.

20

ഈ തെക്കൻനാട്ടുപാതകളിൽ
കോവിലിൽ, കുടിലിൽ
മീവൽപ്പക്ഷികളാണെങ്ങും.

21

ഒരു വഴിയോരക്കോവിലിൽ
ഒരു ശിലാബുദ്ധനു മുന്നിൽ
ഒരു മിന്നാമിനുങ്ങെരിയുന്നു.

22

അമ്പലമണിയിൽ
പറ്റിയിരുന്നു
മയങ്ങുകയാണൊരു
പൂമ്പാറ്റ.

23

ശരൽക്കാലസന്ധ്യയ്‌-
ക്കൊറ്റയ്ക്ക്‌-
അതുമൊരു സുഖം!

24

പൂത്ത മരത്തിൻ ചോട്ടിൽ
ചന്ദ്രന്റെ വെളിച്ചത്തിൽ
ഒരുവൾ കത്തു വായിക്കുന്നു.

25

മലയിൽ വഴികാട്ടാൻ വന്നവൻ
ചെറിപ്പൂക്കളെ കാണുന്നതേയില്ല.

26

മേഘങ്ങൾ കുടിച്ചിറക്കി
ചെറിപ്പൂക്കൾ തുപ്പുന്നു
യോഷിനോമല.

27

ചെറിപ്പൂക്കൾ കൊഴിഞ്ഞപ്പോൾ
ചില്ലകൾക്കും ചുള്ളികൾക്കുമിടയിൽ
അതാ, ഒരമ്പലം.

28

ശരൽക്കാലസന്ധ്യയ്ക്ക്‌
ഒറ്റയ്ക്കിറങ്ങിപ്പോകുന്നു ഞാൻ
ഒറ്റയാനൊരാളെക്കാണാൻ.

29

പുഴക്കരെ ഒരു പൂമരം-
പുഴയിൽ വീണ നിഴൽപ്പൂവുകൾ
ഒഴുക്കിൽപ്പെട്ടുപോകുമോ?

30

വലയിൽ കുരുങ്ങാതെ
വലയിൽ പെടാതെ-
പുഴയിൽ വീണ ചന്ദ്രൻ.

31

പുകഞ്ഞ ചന്ദ്രന്റെ ചോടെ
കൈ തലയിണയാക്കിക്കിടക്കുമ്പോൾ
എന്നെയെനിക്കെന്തിഷ്ടം!

32

കടത്തുവള്ളം യാത്രയായി-
അമാന്തക്കാരനൊരാൾ
മഴയും നനഞ്ഞിക്കരെ.

33

വസന്തനാളുകലസം നീങ്ങവെ
എത്രയകലെയാക്കാലം-
പണ്ടുപണ്ടെന്ന കാലം.

34

ഈ തണുത്ത രാത്രിയിൽ
തീകായാൻ കേമം
ബുദ്ധന്റെയാ മരത്തല.

35

ഉച്ചമണി മുട്ടുമ്പോൾ
ഞാറ്റുപാട്ടു
നിലയ്ക്കുന്നു.

36

കൊയ്ത്തുപാടത്തൊരു കിഴവൻ-
അരിവാൾ പോലെ
വളഞ്ഞിട്ട്‌.

37

വസന്തകാലമഴയത്ത്‌
വിശേഷങ്ങൾ പറഞ്ഞു പോകുന്നു-
ഒരു ശീലക്കുടയും ഒരു തൊപ്പിക്കുടയും.

38

തന്നാണ്ടത്തെ ആദ്യത്തെ കവിതയുമെഴുതി
തൃപ്തമായ മുഖത്തോടെ
ഒരു ഹൈകുകവി.

39

പുകഞ്ഞ നിലാവത്ത്‌
ആരിത്‌
പേരമരങ്ങൾക്കടിയിൽ?

40

ഒന്നു മയങ്ങിയുണർന്നപ്പോൾ
കഴിഞ്ഞൂ വസന്തത്തിന്റെ
മറ്റൊരു നാൾ.

41

വസന്തത്തിലെ മഴച്ചാറലിൽ
പുരപ്പുറത്തൊരു
കുഞ്ഞുപാവ നനയുന്നു.

42

വിരുന്നുകാരൊ-
ന്നൊഴിയുമ്പോൾ
അരിപ്പൂവതാ,
തല നീട്ടുന്നു.

43

എന്റെയോലക്കുടിലിൽ
ബുദ്ധന്റെ മൂർത്തിക്കു മുന്നിൽ
ഒരു തിരി കത്തിക്കാതെ
ഒരു പൂവുമർപ്പിക്കാതെ
ഒറ്റയ്ക്കിരിക്കുന്നു ഞാൻ-
എത്രയനർഘമീ സന്ധ്യ!

44

പടിഞ്ഞാറു നിന്നു
പാറിവീണ കരിയിലകൾ
കിഴക്കു തൂന്നുകൂടുന്നു.

45

കാട്ടുപനിനീർപ്പൂക്കൾ-
എന്റെ നാട്ടിലേക്കുള്ള വഴി പോലെ
അതോ എന്റെ നാട്ടിലെ വഴി പോലെയോ?

46

വേനൽരാവൊടുങ്ങുമ്പോൾ
ചന്ദ്രക്കലയുടെ ചില്ലുകൾ
പുഴവെള്ളത്തിൽ.

47

പേരില്ലാത്ത പുഴയിലൂടെ
മഴയത്തെ യാത്ര-
പേരില്ല ഭയത്തിനും.

48

ഒരു മിന്നൽ പാളി!
മുളംകാവിനുള്ളിൽ
മഴത്തുള്ളിയിറ്റുന്നു.

49

കവിടിപ്പിഞ്ഞാണത്തിൽ
എലിയുടെ കാൽപ്പെരുമാറ്റം-
മഞ്ഞുകാലച്ചാറൽ പോലെ.

50

കമേലിയ ചാഞ്ഞപ്പോൾ
ഇന്നലെപ്പെയ്ത
മഴ വീഴുന്നു.

51

അന്തിമഴയത്തൊരു
ചൂണ്ടക്കാരൻ-
പേടിച്ചുപോകുന്ന
ജാഗ്രത.

52

പുഴവെള്ളത്തിലൊഴുകിവരുന്നു
ബുദ്ധനു നേദിച്ച
പൂവുകൾ.

53

തൊപ്പി പോയ
നോക്കുകുത്തിക്ക്‌
മുഖവും പോയി.

54

സന്ധ്യനേരത്ത്‌
രണ്ടമ്പലമണികൾ-
കുളിരുന്ന സംവാദം.

55

പുണ്യം നിറഞ്ഞ സന്ധ്യയ്ക്ക്‌
നാമം ചൊല്ലുന്നു കുരുവികൾ-
ആഹാ,
അത്താഴത്തിനു മണിയും മുട്ടി!

56

മഴയത്തു
പുഴയും പൂഴിയും-
വരകളില്ലാത്ത ചിത്രം.


57

തണുത്ത രാത്രിയിൽ
ഒരറുക്കവാൾ കരയുന്നു
ഇല്ലായ്മയുടെ താളത്തിൽ.

*

No comments: