Wednesday, June 30, 2010

നെരൂദ-ഓർമ്മ

image

 

ഓർമ്മിച്ചെടുക്കണമെല്ലാം ഞാൻ,
കണക്കു വയ്ക്കണമെല്ലാറ്റിനും,
പുല്ക്കൊടികൾ,
അടുക്കു തെറ്റിയ സംഭവങ്ങളുടെ തുടർച്ചകൾ,
ഇളവെടുത്തയിടങ്ങൾ,
അനന്തമായ തീവണ്ടിപ്പാളങ്ങൾ,
വേദനയുടെ പ്രതലങ്ങളും.

ഒരു റോസാപ്പൂമൊട്ടൊന്നു സ്ഥാനം മാറിയാൽ,
രാത്രിയെ മുയലെന്നു ധരിച്ചുപോയാൽ,
ഓർമ്മയുടെ ചുമരൊന്നിടിഞ്ഞു വീണാലും,
കരുപ്പിടിപ്പിക്കണം ഞാൻ വീണ്ടുമെല്ലാം,
വായുവു,മാവിയു,മിലകളും, ഭൂമിയും,
മുടിയിഴകൾ, ഇഷ്ടികകൾ,
തറച്ചുകേറിയ മുള്ളുകൾ,
ചിറകിന്റെ വേഗവും.

കവിയോടു കടുപ്പം കാട്ടരുതേ!
മറവിയിൽ മുമ്പനായിരുന്നു ഞാനെന്നും,
പിടികിട്ടാത്തവയേ
എന്റെ കൈകളില്പ്പെട്ടുള്ളൂ,
ഇല്ലാതായിക്കഴിഞ്ഞതില്പ്പിന്നെ
ഉപമകൾ കണ്ടെത്താവുന്ന
അസ്പൃശ്യവസ്തുക്കൾ.

ഒരു പരിമളമായിരുന്നു പുക,
പരിമളമോ പുക പോലെ ചിലതും,
എന്റെ ചുംബനങ്ങളിൽ ജീവൻ വച്ചിരുന്ന,
നിദ്രാധീനമായൊരുടലിന്റെ ചർമ്മം.
എന്നാലെന്നോടു ചോദിക്കരുതേ
ഞാൻ കണ്ട കിനാവിന്റെ നാളും പേരും.
എനിയ്ക്കളക്കാനാവില്ല
ഒരു നാടുമെത്താത്ത പാതകളെ,
രൂപം മാറിയ സത്യത്തെ;
പകലത്തതണഞ്ഞതാവാം,
രാത്രിയിലലയുന്ന വെളിച്ചമാവാൻ,
ഇരുട്ടത്തൊരു മിന്നാമിന്നിയാവാൻ.

Monday, June 28, 2010

നെരൂദ-പ്രണയഗീതം-12

 

നിന്റെ മാറിടം പോരുമെന്റെ ഹൃദയത്തിനു കുടിയേറാൻ,
നിന്റെ സ്വാതന്ത്ര്യത്തിനെന്റെ ചിറകുകളും മതി.
നിന്റെയാത്മാവിനു മേലുറങ്ങിക്കിടന്നതേതൊന്നോ,
എന്റെ വായിലൂടതു മാനം നോക്കിയുയരുമല്ലോ.

നിന്നിലുണ്ടോരോ നാളിന്റെയും മായങ്ങൾ.
കോട്ടിയ പൂക്കളിൽ മഞ്ഞുതുള്ളി പോലെത്തുന്നു നീ.
ചക്രവാളം ചുരുങ്ങുന്നു നിന്റെയഭാവത്തിൽ.
തിരപോലെന്നേരവും പാറിപ്പാറി നടപ്പു നീ.

പൈൻമരങ്ങളെപ്പോലെ, പാമരങ്ങളെപ്പോലെ
തെന്നലൊത്തു പാടുന്നു നീയെന്നു ഞാൻ പറഞ്ഞു.
അവയെപ്പോലെ കിളരമാണു, മൗനിയുമാണു നീ,
കടൽപ്രയാണം പോലെ വിഷാദിയും.

ഏറെനടന്ന പാത പോലെ പലതും സഞ്ചയിക്കുന്നു നീ.
മാറ്റൊലികളും പോയകാലത്തിന്നോർമ്മകളും തിങ്ങുന്നു നിന്നിൽ.
ഞാനുണരുമ്പോൾ പറന്നകലുന്നു, ദേശാന്തരം ഗമിക്കുന്നു
നിന്റെയാത്മാവിലുറങ്ങിക്കിടന്ന പറവകൾ.

 

Neruda.svg

Sunday, June 27, 2010

നെരൂദ-അവളോടൊപ്പം

neruda

 

ഇതു ദുരിതകാലം.
എന്നെക്കാത്തു നില്ക്കുക.
ഓജസ്സോടെ നാമതു ജീവിച്ചുതീർക്കും.
നിന്റെ കുഞ്ഞുകൈയെനിക്കു തരൂ:
ഒരുമിച്ചുയരും, സഹിക്കും നാം,
അനുഭവിക്കും നാ,മാഹ്ളാദിക്കും.

പാറക്കെട്ടിൽ, പരുക്കൻ ഗുഹകളിൽ
മുള്ളു തറയ്ക്കുമിടങ്ങളിൽ
പണ്ടു ജീവിച്ച ജോഡികളാവുന്നു
വീണ്ടും നാം.
ഇതു ദുരിതകാലം.
കൂടയും കൂന്താലിയുമായി,
നിന്റെ ചെരുപ്പും, നിന്റെയുടുപ്പുമായി
എന്നെക്കാത്തു നില്ക്കുക.

നമുക്കു വേണമന്യോന്യം,
പൂ പറിക്കാൻ മാത്രമല്ല,
തേനെടുക്കാൻ മാത്രമല്ല-
നമുക്കു നമ്മുടെ കൈകൾ വേണം,
തീ പൂട്ടാൻ, കഴുകാനും.
അനന്തതയ്ക്കു നേർനില്ക്കട്ടെ
നമ്മുടെ ദുരിതകാലമങ്ങനെ,
നാലു കണ്ണുകളും, നാലു കൈകളുമായി.

Saturday, June 26, 2010

നെരൂദ-എന്നെക്കാത്തു നില്ക്കുക, ഭൂമീ

 

 

image

 

നീ മടക്കുക. ഹേ, സൂര്യ,
എന്റെ ഗ്രാമ്യനിയോഗത്തിലേക്കെന്നെ,
പ്രാക്തനവനങ്ങളിലെ മഴയിലേക്കെന്നെ.
തിരിയെത്തരിക,യതിന്റെ സൗരഭം,
മാനം പൊഴിക്കുന്ന വാളുകൾ,
പുല്ലുമേടുകളുടെ, കല്പ്പുറങ്ങളുടെ
നിർജനമായ ശാന്തത,
ആറ്റിറമ്പുകളുടെ നനവും,
ദേവതാരങ്ങളുടെ ഗന്ധവും,
നെടുമരങ്ങളുടെ നിബിഡവിഹ്വലതയിൽ
ഹൃദയം പോലെ ത്രസിക്കുന്ന തെന്നലും.

തിരിയെത്തരിക ഹേ, ഭൂമീ,
നിന്റെ നിർമ്മലോപഹാരങ്ങൾ,
വേരുകളുടെ പ്രൗഢിയിലൂന്നിയുയർന്ന
നിശ്ശബ്ദഗോപുരങ്ങൾ.
ഞാനാകാതെപോയതിലേക്കെനിക്കു
തിരിയെപ്പോകണം.
അതിന്നാഴങ്ങളിൽ നിന്നു മടങ്ങാ-
നെനിക്കു പഠിക്കണം.
പ്രകൃതിയൊത്തു ജീവിക്കാൻ,
ജീവനില്ലാതെയും കഴിക്കാനെനിക്കാകട്ടെ.
കല്ലുകൾക്കിടയിലൊരു
കല്ലായിക്കോട്ടെ ഞാൻ,
ഒരിരുണ്ട കല്ല്,
ഒഴുക്കെടുത്തുപോകുന്ന
വെറുമൊരു കല്ല്.

 

 

link to image

Tuesday, June 22, 2010

റൂമി - അഗ്നിമദ്ധ്യം

image

ചിലനേരം ഞാൻ മറന്നേപോകുന്നു

ചിലനേരം ചങ്ങാത്തമെന്തെന്ന്
മറന്നേപോവുകയാണു ഞാൻ.
ബോധം പോയി, സുബോധം പോയി
വിഷാദം വിതച്ചു നടപ്പാണു ഞാൻ.
ഒരുനൂറുമാതിരി പറയുന്നു-
ണ്ടാളുകളെന്റെ കഥ:
ഒരു പ്രേമകഥ, ഒരു പീറത്തമാശ,
ഒരു യുദ്ധം, ഒരഭാവം.

എന്റെയുന്മാദത്തെ നുറുക്കൂ നൂറായി,
ചുറ്റിത്തിരിയുമോരോന്നും.
ഏതിരുണ്ട വിളി കേട്ടു പോകുന്നു ഞാൻ?
ഏതു കൂട്ടത്തിൽച്ചെന്നു ചേരും ഞാൻ?
മാറിപ്പോകൂ, ചങ്ങാതിമാരേ,
സഹതാപവും കൗതുകവുമായി
അടുത്തെയ്ക്കാരുമെത്തരുതേ.

image

പഞ്ചാരയലിയിക്കുന്നവൻ

പഞ്ചാരയലിയിക്കുന്നോനേ,
എന്നെയുമലിയിക്കൂ,
നേരമതിനായെങ്കിൽ.
സൗമ്യമായിട്ടു മതിയത്:
ഒരു തലോടൽ, ഒരു നോട്ടം.
എന്നും പുലർച്ചയ്ക്ക്
കാത്തുകാത്തിരിക്കും ഞാൻ,
പണ്ടു നടന്നിരിക്കുന്നതിങ്ങനെ.
ഇനിയല്ല, തല വെട്ടും പോലെ
ഒറ്റയടിയ്ക്കെങ്കിലങ്ങനെയുമാകട്ടെ.
അല്ലാതെങ്ങനെ തയ്യാറാകും
മരണത്തിനായിട്ടു ഞാൻ?

ഒരു തീപ്പൊരി പോലെ നീ,
ഉടലില്ലാതെ ശ്വസിക്കുന്നു നീ.
നീ വിഷാദിക്കുമ്പോൾ
എനിക്കാശ്വാസമാകുന്നു.
എന്നെത്തള്ളിമാറ്റുന്നു നീ,
തള്ളിമാറ്റുകയെന്നാലോ,
വലിച്ചടുപ്പിക്കുകയെന്നത്രേ.

image

അഗ്നിമദ്ധ്യം

എനിക്കു വേണ്ടിനി മദിര!
എനിക്കാകെ മടുത്തിരിക്കുന്നു
കൊഴുത്ത ചുവപ്പും, തെളിഞ്ഞ വെളുപ്പും.

പോർക്കളത്തില്ച്ചൊരിയു-
മെന്റെ ചോരയ്ക്കാ-
ണിന്നെനിക്കു ദാഹിക്കുന്നു!

വാളാലാഞ്ഞുവെട്ടുക,
വലം വയ്ക്കട്ടെ ഉടലിനെത്തല.
തലയോടുകൾ വീണൊരു
കുന്നുയരട്ടങ്ങനെ.
എന്നെ വെട്ടിപ്പൊളിയ്ക്കുക.

എന്റെ വായയ്ക്കു കാതു കൊടുക്കരുതേ,
എത്തണമെനിയ്ക്കഗ്നിമദ്ധ്യം.

എന്റെ സന്തതി അഗ്നിയെങ്കിലും
എനിക്കഗ്നിയിൽ ദഹിയ്ക്കണം,
അഗ്നിയായിത്തീരണം.

എന്താണൊരു പൊട്ടലും പുകച്ചിലും?
വിറകും നാളങ്ങളും സംസാരിക്കുന്നതാണത്:
‘വല്ലാത്ത കട്ടി നിനക്ക്. ദൂരെപ്പോ!’
‘നീയൊരു ചഞ്ചലക്കാരൻ.
എനിക്കുറച്ചൊരു രൂപമുണ്ടല്ലോ.’

ഇരുട്ടത്തു രണ്ടു ചങ്ങാതിമാർ
തർക്കിക്കുകയാണങ്ങനെ.
മുഖമില്ലാത്ത സഞ്ചാരിയെപ്പോലെ.
അത്രയും ശേഷിമാനൊരു പക്ഷി
ഇളകാൻ മടിച്ചിട്ടുറച്ചിരിക്കും പോലെ.

എന്തു പറയാൻ ഞാൻ,
തൃഷ്ണയിലത്രയ്ക്കും ചുരുണ്ടുകൂടിയവനോട്,
പ്രേമത്തിലത്രയ്ക്കുമൊതുങ്ങിയവനോട്?

പാറയിലടിച്ചുടയ്ക്കുക നിങ്ങളുടെ കുടം.
കടലിന്റെ കഷണങ്ങളെന്തിനു
പേറിനടക്കണം നാമിനി.

വീരത്തങ്ങൾക്കെല്ലാമകലെപ്പോയി
മുങ്ങിച്ചാവുക നാമിനി.

ദേഹം മേലെ വലിച്ചിട്ടൊ-
രാത്മാവു കിടക്കും പോലെ,
ചൂടു കിട്ടാനൊരുത്തി ഭർത്താവിനെ
തന്റെ മേലേയ്ക്കടുപ്പിക്കും പോലെ.

Monday, June 21, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-9

 

kafka-metamofpasis

 

ഓട്ളയുടെ കാര്യമാണെങ്കിൽ, അവളെക്കുറിച്ചെഴുതാൻ തന്നെ എനിക്കു ധൈര്യം വരുന്നില്ല; കാരണം, എനിക്കറിയാം, അവളുടെ കാര്യമെഴുതിയാൽ, ഈ കത്ത് അങ്ങയിൽ എന്തു ഫലമുണ്ടാക്കണമെന്നാണോ ഞാൻ ഉദ്ദേശിച്ചത്, അതൊക്കെ അപകടത്തിലാവുമെന്ന്. സാധാരണഗതിയിൽ, എന്നു പറഞ്ഞാൽ അവൾ വിശേഷിച്ചെന്തെങ്കിലും പ്രശ്നത്തിലോ ദുരിതത്തിലോ ചെന്നുപെട്ടിട്ടില്ലെങ്കിൽ, അങ്ങയ്ക്കവളോടു വിദ്വേഷം മാത്രമേയുള്ളു. അങ്ങു തന്നെ എന്നോടു സമ്മതിച്ചിട്ടുള്ളതുമാണ്‌, അവൾ തന്നെ മനഃപൂർവം വേദനിപ്പിക്കുകയും ആധിപ്പെടുത്തുകയുമാണെന്ന്, അവളുടെ പേരിൽ താൻ മനസ്സു നീറി നടക്കുമ്പോൾ അവൾ കളിച്ചും ചിരിച്ചും നടക്കുകയാണെന്ന്. ഇത്രയും വലിയൊരു തെറ്റിദ്ധാരണ നിങ്ങൾക്കിടയിലുണ്ടാകണമെങ്കിൽ എത്ര ഭീകരമായ അകല്ച്ചയാണ്‌ ( ഞാനും അങ്ങും തമ്മിലുള്ളതിനേക്കാൾ ഭീകരം) നിങ്ങൾ തമ്മിലുണ്ടായിരിക്കുന്നത്. അങ്ങയുടെ കാഴ്ചയിൽ വരാത്തത്ര അകലത്തായിരിക്കുന്നു അവൾ; അവളുണ്ടായിരിക്കണമെന്നു താൻ കരുതുന്നിടത്ത് ഒരു മായാരൂപത്തെ കൊണ്ടുനിർത്തുകയാണങ്ങ്. അവളെക്കൊണ്ട് അങ്ങ് അത്രയും കഷ്ടപ്പെട്ടിരിക്കുന്നു എന്നു ഞാൻ സമ്മതിക്കുന്നു. ഈ കുഴപ്പം പിടിച്ച സംഗതിയുടെ അടിത്തട്ടു വരെ കാണാൻ എനിക്കായിട്ടില്ലെങ്കിലും, ഏറ്റവും മികച്ച കാഫ്കാ ആയുധങ്ങൾ കൊണ്ടു സജ്ജയായ ഒരു ലോവിയാണ്‌ അവൾ എന്നെനിക്കു തോന്നുന്നു. നമുക്കു തങ്ങളിൽ യുദ്ധമെന്നു പറയാൻ ഒന്നുമുണ്ടായിട്ടില്ലല്ലോ; എന്റെ കഥ പെട്ടെന്നു കഴിഞ്ഞിരുന്നു; പിന്നെ ശേഷിച്ചത് പലായനം, വിദ്വേഷം, ദുഃഖം, ആത്മസംഘർഷം ഇതൊക്കെയായിരുന്നു. പക്ഷേ നിങ്ങൾ രണ്ടും ഏതുനേരവും നിലയെടുത്തുനില്ക്കുന്നവരായിരുന്നു, എതുനേരവും തയ്യാറെടുത്ത്, ഊർജ്ജം സംഭരിച്ചുനില്ക്കുന്നവരായിരുന്നു. കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്, അത്രയ്ക്കു ഹതാശവും. ആദ്യമൊക്കെ നിങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നല്ലോ; ഇന്നും ഓട്ളയിലാണ്‌, അങ്ങും അമ്മയും തമ്മിലുള്ള വിവാഹത്തിന്റെയും, അതുവഴി ഒരുമിച്ചുചേർന്ന ശക്തികളുടെയും ഏറ്റവും സ്പഷ്ടമായ പ്രതിനിധാനം കണ്ടെത്താനാവുക. ഏതൊന്നാണ്‌ അച്ഛനും മകളും തമ്മിലുള്ള പൊരുത്തം അപഹരിച്ചതെന്ന് എനിക്കറിയില്ല; എന്നാലും എന്റെ കാര്യത്തിൽ സംഭവിച്ചതു തന്നെയാണ്‌ അവിടെയും സംഭവിച്ചതെന്നു വിശ്വസിക്കാതിരിക്കാൻ എനിക്കു കഴിയുന്നില്ല. അങ്ങയുടെ ഭാഗത്ത് അങ്ങയുടെ സ്വേച്ഛാപ്രകൃതം; അവളുടെ ഭാഗത്താണെങ്കിൽ ലോവീകുടുംബക്കാരുടെ ധിക്കാരം, പെട്ടെന്നു  വികാരം കൊള്ളൽ, നീതിബോധം, പൊറുതികേട്, ഇതിനൊക്കെ പിന്തുണയായി കാഫ്കാകുടുംബത്തിന്റെ ഓജസ്സ് തനിക്കുണ്ടെന്ന ബോധവും. ഞാനും അവളെ സ്വാധീനിച്ചിട്ടുണ്ടാവാം, അതുപക്ഷേ ഞാൻ മുൻകൈയെടുത്തിട്ടൊന്നുമല്ല; ഞാനുണ്ട്  എന്നതുകൊണ്ടുമാത്രമുണ്ടായ ഒരു സ്വാധീനമായിരിക്കണമത്. ഒടുവിലെത്തിയ വ്യക്തി എന്ന നിലയ്ക്ക് അവൾ വന്നുചേർന്നത് അധികാരബന്ധങ്ങൾ ഉറച്ചുകഴിഞ്ഞ ഒരു വ്യവസ്ഥിതിയിലേക്കായിരുന്നു; തന്റേതായ ഒരു വിലയിരുത്തലിനു സഹായകമായ വിധം തെളിവുകളുടെ അത്രയും വലിയൊരു കൂമ്പാരം അവൾക്കു മുന്നിൽ കിടക്കുന്നുമുണ്ടായിരുന്നല്ലോ. ആരുടെ കൈകളിലേക്കാണ്‌ താൻ ചെന്നുവീഴേണ്ടത് , അങ്ങയുടെയോ, അങ്ങയുടെ ശത്രുക്കളുടെയോ, എന്നൊരു  ചാഞ്ചാട്ടം തുടക്കത്തിൽ അവൾക്കുണ്ടായിരുന്നു എന്നും എനിക്കു സങ്കല്പ്പിക്കാവുന്നതേയുള്ളു. അന്നുപക്ഷേ, ആ അവസരം അങ്ങു നഷ്ടപ്പെടുത്തി; അങ്ങവളെ തള്ളിമാറ്റുകയായിരുന്നു; മറിച്ചാണുണ്ടായിരുന്നതെങ്കിൽ രണ്ടുപേരും കൂടി കേമമായൊരു ജോഡിയായേനെ. അതുവഴി എനിക്കൊരു സഖ്യകക്ഷിയെ നഷ്ടപ്പെടുമായിരുന്നു എന്നതു ശരിയാണെങ്കില്ക്കൂടി, രണ്ടുപേരും ചേർന്നുനില്ക്കുന്ന ആ കാഴ്ച എത്രയും മതിയായ പരിഹാരമാകുമായിരുന്നു എനിക്ക്. തന്റെ സന്തതികളിൽ ഒരാളെങ്കിലും തനിക്കു പൂർണ്ണതൃപ്തി നല്കുന്നുവെന്നതു കണ്ടിട്ടുണ്ടാകുന്ന സന്തോഷം അങ്ങയിലും മാറ്റങ്ങൾ വരുത്തുമായിരുന്നു- എനിക്കും അതു ഗുണപ്പെട്ടേനെ. പക്ഷേ അതൊക്കെ ഇന്നൊരു സ്വപ്നം മാത്രമായിരിക്കുന്നു. ഓട്ളയ്ക്ക് തന്റെ പിതാവുമായി ഒരു സമ്പർക്കവുമില്ല; എന്നെപ്പോലെ അവൾക്കും ഈ ലോകത്ത് താനായിട്ടൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. തന്റേടം, ആരോഗ്യം, സാഹസികത്വം ഇതിലൊക്കെ അവളെന്നെ എത്രമാത്രം കവച്ചുവയ്ക്കുന്നുവോ, അത്രയുമളവിൽത്തന്നെ ദുഷ്ടയും വഞ്ചകിയുമായിരുന്നു അവൾ അങ്ങയുടെ കണ്ണിൽ. അതെനിക്കു മനസ്സിലാവും: അങ്ങയുടെ വീക്ഷണത്തിൽ അവൾക്കങ്ങനെയാവാതെ പറ്റില്ല. തീർച്ചയായും അങ്ങയുടെ കണ്ണുകളിലൂടെ സ്വയം നിരീക്ഷിക്കാനും, അങ്ങയുടെ ദുഃഖത്തിൽ സഹതപിക്കാനും, വിഷാദം തോന്നാനും- നൈരാശ്യത്തിൽ വീഴാനല്ല, അതെനിക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്‌- അവൾക്കും കഴിയും. ഇതിനു വിപരീതമെന്നു തോന്നുന്ന വിധത്തിൽ ഞങ്ങൾ ഒരുമിച്ചിരിക്കുന്നതും, അടക്കം പറയുന്നതും, ചിരിക്കുന്നതും, അങ്ങയുടെ പേരു പറയുന്നതുമൊക്കെ അങ്ങു പലപ്പോഴും കണ്ടിട്ടുണ്ടെന്നതു ഞാൻ സമ്മതിക്കുന്നു. ധിക്കാരികളായ ഗൂഢാലോചനക്കാരെയാണ്‌ അങ്ങപ്പോൾ മനസ്സിൽ കാണുന്നത്. വല്ലാത്ത ഗൂഢാലോചനക്കാർ തന്നെ. ഞങ്ങളുടെ ചിന്തകളിലെന്നപോലെ സംസാരത്തിലും അങ്ങൊരു മുഖ്യവിഷയം തന്നെയായിരുന്നു; പക്ഷേ അങ്ങയ്ക്കെതിരെ തന്ത്രങ്ങൾ മെനയാനായിരുന്നില്ല ഞങ്ങൾ ഒരുമിച്ചുകൂടിയത്; മറിച്ച്, എല്ലാ യത്നവുമെടുത്ത്, തമാശയും ഗൗരവവും സ്നേഹവും കോപവും ധിക്കാരവും ഈർഷ്യയും വിധേയത്വവും കുറ്റബോധവുമൊക്കെയായി, മനസ്സിന്റെയും ഹൃദയത്തിന്റെയും ശേഷികളെല്ലാമുപയോഗപ്പെടുത്തി, അങ്ങയ്ക്കും ഞങ്ങൾക്കുമിടയിൽ പരിഹാരമാകാതെ കിടക്കുന്ന ഭീകരമായ ആ വിചാരണയെ തലനാരിഴ കീറി ചർച്ച ചെയ്യാൻ വേണ്ടി മാത്രമായിരുന്നു; ആ വിചാരണയിൽ താനാണു ന്യായാധിപനെന്ന് അങ്ങു നിരന്തരം അവകാശപ്പെടാറുണ്ടെങ്കില്ക്കൂടി മുഖ്യഭാഗത്തെങ്കിലും ( എനിക്കു പിശകു പറ്റാമെന്നതു ഞാൻ സമ്മതിക്കുന്നു) യഥാർഥത്തിൽ കേസിലെ ഒരു കക്ഷിയായിരുന്നു അങ്ങ്, ഞങ്ങളെപ്പോലെതന്നെ ദുർബലനും ആന്ധ്യം ബാധിച്ചവനും.

റൂമി-പുതിയ നിയമം

image

പുതിയ നിയമം

കുടിയന്മാർ വഴക്കടിയ്ക്കും, തല്ലുപിടിയ്ക്കും,
അതു പഴയ നിയമം.
കാമുകനും മോശമല്ല, പക്ഷേ.
ചങ്ങാതി ചെന്നൊരു കുഴിയിൽ വീഴുന്നു.
അവിടെക്കിടന്നു പരതുമ്പോൾ
കൈയിൽത്തടയുന്നു തിളങ്ങുന്നതെന്തോ.
അതിന്റെ വിലയ്ക്കൊക്കില്ല,
ഏതു ധനവുമധികാരവും.

ഇന്നലെ രാത്രിയിൽ തെരുവിനു മേൽ
ആടകളുരിഞ്ഞിട്ടുംകൊണ്ടു ചന്ദ്രൻ വന്നു.
ഇതു പാടാനുള്ള നേരമെന്ന ചിന്തയോടെ
മാനത്തിന്റെ കുടുവൻകിണ്ണത്തിലേക്കു ഞാനെടുത്തുചാടി.
കിണ്ണമുടഞ്ഞു. വീഴുന്നെന്തുമെങ്ങും.
ഇനിയൊന്നുമില്ലല്ലോ ചെയ് വാനായി.

ഇതത്രേ പുതിയ നിയമം:
മദ്യകുംഭമുടയ്ക്കുക,
കുംഭാരന്റെ ചക്രത്തിൽച്ചെന്നു വീഴുക.

കത്തിത്തീരുന്ന മെഴുകുതിരി

ആളുന്ന ജ്വാലയായിട്ടൊടുങ്ങണം,
മെഴുകുതിരിയ്ക്കു വിധിച്ചതത്.
ഉന്മൂലനത്തിന്റെയാ മുഹൂർത്തത്തിൽ
നിഴലും വീഴ്ത്തുകയില്ലത്.

ഒരഭയത്തിന്റെ കഥ പറയുന്ന
തീനാവുമാത്രമത്.

കത്തിത്തീരുന്ന മെഴുകുതിരിയെ
ഇതുമാതിരിയൊന്നു നോക്കൂ:
നന്മയും തിന്മയും വെടിഞ്ഞൊരാൾ,
അയാൾക്കു വേണ്ട
അതിന്റെയന്തസ്സും, നാണക്കേടും.

Sunday, June 20, 2010

റൂമി - കഥയുടെ ചൂടുവെള്ളം

image

കഥയെന്നാൽ
കുളിയ്ക്കാനനത്തിയ വെള്ളം പോലെ.

അതു സന്ദേശങ്ങൾ കൈമാറുന്നു
നിങ്ങളുടെ തൊലിയ്ക്കും തീയ്ക്കുമിടയിൽ.
അവ തമ്മിലടുക്കുന്നതങ്ങനെ,
നിങ്ങൾ വൃത്തിയാകുന്നതുമങ്ങനെ.

തീയിലിരിയ്ക്കാനാർക്കാകും,
തീപ്പിശാചിനെപ്പോലെ, അബ്രഹാമിനെപ്പോലെ?
നമുക്കു വേണം മധ്യവർത്തികൾ.

നിറഞ്ഞെന്നൊരു തോന്നലുണ്ട്,
ഒരപ്പത്തിൻപുറമേറീട്ടാ-
ണതിൻ വരവു പൊതുവേ.

നമ്മെച്ചൂഴെയഴകുണ്ട്,
അതറിയാൻ പക്ഷേ,
ഉദ്യാനത്തിലൊന്നുലാത്തണം നമ്മൾ.

ഉടൽ തന്നെയൊരു മറ,
അതു മറയ്ക്കുന്നു,
പാതി പുറത്തു കാട്ടുന്നു,
നിങ്ങളുടെ സന്നിധാനത്തിൽ
ആളിക്കത്തുന്നൊരാഴിയെ.

ഉടൽ, വെള്ളം, കഥകൾ,
നാം ചെയ്യുന്ന ചെയ്തികൾ,
ഒക്കെയുപാധികൾ
മറയ്ക്കാൻ, മറഞ്ഞതിനെ കാട്ടാൻ.

ഇതൊന്നാലോചിക്കൂ,
ചിലനേരമറിയുന്നത്,
ചിലനേരമറിയാത്തത്,
അങ്ങനെയൊരു രഹസ്യത്തിൽ
കുളിച്ചുകേറാനെന്തു സുഖം!

 

 

link to image

നെരൂദ-നൂലിഴയ്ക്ക്

image

ഇതു കവിതയുടെ ഇഴ.
സംഭവങ്ങൾക്കുണ്ട്
ചെമ്മരിയാടുകളെപ്പോലെ
കമ്പിളിക്കുപ്പായങ്ങൾ,
കറുത്തും വെളുത്തും.
വിളിച്ചുനോക്കൂ,
പുതുമകൾ പറ്റങ്ങളായി വരും,
വീരന്മാരും ധാതുക്കളും,
പ്രണയത്തിന്റെ പനിനീർപ്പൂ,
അഗ്നിയുടെ നാവ്,
നിങ്ങൾക്കരികിൽ വന്ന്
അണിനിരക്കുമൊക്കെയും.
നിങ്ങളുടെ വിളിപ്പുറത്തുണ്ട്
ഒരു മല.
മല കയറാൻ
കുതിരപ്പുറത്താണു
നിങ്ങൾ പുറപ്പെടുന്നതെങ്കിൽ
നിങ്ങളുടെ താടി നീളും,
നിങ്ങൾ നിലത്തു കിടന്നുറങ്ങും,
നിങ്ങൾ വിശപ്പറിയും,
മലയാകെ നിഴലടച്ചുമിരിക്കും.
അതല്ല വഴി.
ഒരിഴ നൂറ്റ്
അതെറിഞ്ഞ്
അതിൽപ്പിടിച്ചു കയറുക.
അനന്തവും വിശുദ്ധവുമാണത്,
അതിനുറവുകൾ പലത്,
മഞ്ഞ്,
മനുഷ്യൻ.
ബലത്തതാണത്,
അയിരുകൾ പിരിച്ചതല്ലേയത്;
ലോലമാണത്,
വിറപൂണ്ട പുകയോടിയതല്ലേയത്;
കവിതയുടെയിഴയുമതുപോലെ.
പിണയ്ക്കേണ്ടതിനെ നിങ്ങൾ,
മണ്ണിനും കാലത്തിനും
മടക്കേണ്ടതിനെ.
നിങ്ങൾക്കുള്ള ഞാണത്രേയത്,
സിതാറിലാ തന്ത്രി മുറുക്കൂ,
മഹാചലങ്ങളെപ്പോലെ
പാടും നിങ്ങൾ,
അതു മെടയൂ,
പെരുംകപ്പലിനു വടമത്,
അതിഴപിരിയ്ക്കൂ,
അതിൽ
സന്ദേശങ്ങൾ തൂക്കിയിടൂ,
കാറ്റത്തും വെളിച്ചത്തുമിടൂ,
പിന്നെയും നേരെയായി
ഒരു നീണ്ട വരയായി
ലോകത്തെ ചുറ്റട്ടെയത്,
പിന്നെയല്ലെങ്കിലതു നൂൽക്കൂ,
ഹാ, അതിലോലലോലം,
യക്ഷികളുടെയുടയാടകൾ
ഓർമ്മയിൽ വരുത്തട്ടെയത്.

മഞ്ഞുകാലത്തു ചൂടേകാൻ
നമുക്കു വേണം പുതപ്പുകൾ.
ഇതാ വരുന്നു,
പാടത്തു പണിയുന്നവർ,
അവർ കവിയ്ക്കു കാഴ്ച വയ്ക്കുന്നു
ഒരു പിടക്കോഴി,
കൊച്ചൊരു പിടക്കോഴി.
പകരമവർക്കെന്തു നല്കും നിങ്ങൾ?
നിങ്ങൾ, നിങ്ങൾ അവർക്കെന്തു നല്കും?
അതിനല്ലേ!
അതിനല്ലേ,
ഈയിഴ,
ചുറ്റാൻ കീറത്തുണി മാത്രമുള്ളവർ-
ക്കുടുതുണിയാവാൻ,
മുക്കുവർക്കു
വലയാകാൻ,
കരിപ്പണിക്കാർക്കു
തിളങ്ങുന്ന ചെമ്പൻകുപ്പായമാകാൻ,
ഒരാളൊഴിയാതോരോ കൈയിലും
ഒരു കൊടിയാകാൻ,
ഈയൊരിഴ.
മനുഷ്യർക്കുള്ളിലൂടെ,
കല്ലു പോൽ കനത്ത
അവരുടെ വേദനയിലൂടെ,
തേനീച്ചകൾ പോലെ ചിറകടിക്കുന്ന
വിജയങ്ങളിലൂടെ,
ഇഴ നൂഴുന്നു,
നടക്കുന്നതിനെല്ലാം നടുവൂടെ,
വരാനുള്ളതിനുമിടയിലൂടെ,
പാതാളത്തിൽ
കല്ക്കരിയ്ക്കുള്ളിലൂടെയും;
മുകളിൽ,
യാതനകൾക്കിടയിലൂടെ,
മനുഷ്യർക്കൊപ്പം,
നിങ്ങൾക്കൊപ്പം,
നിങ്ങളുടെ ജനതയ്ക്കൊപ്പം,
നൂലിഴ,
കവിതയുടെയിഴ.
ആലോചിച്ചു ചെയ്യേണ്ടതല്ലിത്:
ഇതൊരു കൽപ്പനയത്രേ,
ഞാൻ കല്പ്പിക്കുന്നു,
സിതാറും കൈയിലെടുത്ത്
എന്നോടൊപ്പം വരൂ.
കാതുകളനേകം
കേൾക്കാൻ കാത്തിരിക്കുന്നു,
ഗംഭീരമൊരു ഹൃദയം
മണ്ണുമൂടിക്കിടക്കുന്നു,
നമ്മുടെ തറവാടല്ലേയിത്,
നമ്മുടെ ജനത.
നൂലിഴ!
നൂലിഴ!
ഇരുളടഞ്ഞ മലയിൽ നിന്നു
നൂറ്റെടുക്കുകയതിനെ!
ഇടിമിന്നൽ വഹിക്കാൻ!
കൊടി രചിക്കാൻ!
അതാണു കവിതയുടെയിഴ,
ലളിതം, പവിത്രം, ആലക്തികം,
മണക്കുന്നതും അവശ്യവും,
നമ്മുടെ എളിയ കൈകളിലൊടുങ്ങുന്നതുമല്ലത്:
ഓരോ പുലരിയ്ക്കും വെളിച്ചത്തിലുയിരെടുക്കുകയാണത്.

Saturday, June 19, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-8

 

kafka1

അങ്ങയിൽ നിന്നു രക്ഷ നേടണമെങ്കിൽ കുടുംബത്തിൽ നിന്നും, അമ്മയിൽ നിന്നു കൂടിയും രക്ഷ നേടണമായിരുന്നു ഞാൻ. അമ്മയെ എപ്പോഴും ആശ്രയിക്കാമായിരുന്നുവെന്നതു സത്യം തന്നെ, അതും പക്ഷേ അങ്ങയോടു ബന്ധപ്പെട്ടായിരുന്നു. അമ്മയ്ക്ക് അങ്ങയെ അത്ര സ്നേഹമായിരുന്നു, അത്രയ്ക്കു ഭക്തിയും കൂറുമായിരുന്നു; അതിനാൽ കുട്ടിയുടെ സമരത്തിൽ സ്വതന്ത്രമായ ഒരു ആത്മീയശക്തിയാവാൻ അമ്മയ്ക്കു പറ്റുമായിരുന്നില്ല. എന്തായാലും കുട്ടിയ്ക്കു തോന്നിയതു ശരിയുമായിരുന്നു; വർഷങ്ങൾ കഴിയുന്തോറും അമ്മ അധികമധികം അങ്ങയുടെ വരുതിയിൽപ്പെട്ടുപോവുകയായിരുന്നു. തന്റെ കാര്യത്തിൽ, എത്രയും ഇടുങ്ങിയ അതിരുകൾക്കുള്ളിലാണെങ്കില്ക്കൂടിയും, സ്വന്തം സ്വാതന്ത്ര്യം, അങ്ങയുടെ മനസ്സിനെ മുറിപ്പെടുത്താതെതന്നെ കാത്തുപോരാൻ അമ്മയ്ക്കു കഴിഞ്ഞിരുന്നു; എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ കുട്ടികളെക്കുറിച്ച്-പ്രത്യേകിച്ച് ഓട്ളയുടെ വിഷമം പിടിച്ച കാര്യത്തിൽ- അങ്ങയുടെ വിലയിരുത്തലുകളും അഭിപ്രായങ്ങളും അമ്മ അന്ധമായി ഏറ്റുപാടാൻ തുടങ്ങി. കുടുംബത്തിൽ അമ്മയുടെ സ്ഥിതി എത്ര യാതനാനിർഭരവും തളർത്തുന്നതുമായിരുന്നുവെന്ന കാര്യം ഞാൻ തീർച്ചയായും മറക്കുന്നില്ല. അമ്മ കടയിൽ പണിയെടുത്തു, വീട്ടുകാര്യങ്ങൾ നോക്കുന്നു, കുടുംബത്തിൽ ആർക്കസുഖം വന്നാലും അവരെ ശുശ്രൂഷിക്കുന്നു; പക്ഷേ അതിന്റെയൊക്കെ പാരമ്യം നമുക്കിരുവർക്കുമിടയിലെ മധ്യസ്ഥയായി അവരനുഭവിച്ച യാതനകളായിരുന്നു. അച്ഛൻ അമ്മയുടെ കാര്യത്തിൽ എക്കാലവും ശ്രദ്ധാലുവായിരുന്നു, അവരോട് എന്നും സ്നേഹവുമായിരുന്നു; ഇക്കാര്യത്തിൽ പക്ഷേ, ഞങ്ങൾ  അവരെ ഞെരുക്കിയത്രയും തന്നെ അച്ഛനും അവരെ ഞെരുക്കി. ഒരു കരുണയുമില്ലാതെ അവരെ പ്രഹരിക്കുകയായിരുന്നു നാം, അങ്ങ് അങ്ങയുടെ വശത്തു നിന്നുകൊണ്ട്, ഞങ്ങൾ ഞങ്ങളുടെ വശത്തു നിന്നുകൊണ്ടും. അതൊരു നേരമ്പോക്കു പോലെയായിരുന്നു, ആരെയും ദ്രോഹിക്കണമെന്ന് നമ്മുടെ മനസ്സിലുണ്ടായിരുന്നില്ല; അങ്ങു ഞങ്ങളോടും ഞങ്ങൾ അങ്ങയോടും നടത്തുന്ന യുദ്ധമേ നമ്മുടെ ചിന്തയിലുണ്ടായിരുന്നുള്ളു- നാം ചവിട്ടിക്കുഴച്ച യുദ്ധഭൂമിയോ, അമ്മയും. ഞങ്ങളുടെ പേരിൽ അങ്ങ്  അവരോട്  കാണിച്ച ക്രൂരത- അത് അങ്ങയുടെ കുറ്റം കൊണ്ടാണെന്ന് ഞാൻ പറയുകയില്ല- ഒരു കുട്ടിയുടെ ശിക്ഷണത്തിനു സഹായകവുമായിരുന്നില്ല. അല്ലാതെതന്നെ ഞങ്ങൾക്കവരോടുള്ള നീതീകരിക്കാനാവാത്ത പെരുമാറ്റത്തിന്‌ അതൊരു നീതീകരണം നല്കുകയായിരുന്നു. അങ്ങു കാരണം ഞങ്ങളിൽ നിന്നും, ഞങ്ങൾ കാരണം അങ്ങയിൽ നിന്നും എന്തൊക്കെ അനുഭവിക്കേണ്ടിവന്നു അവർ; ഞങ്ങളെ ലാളിച്ചു വഷളാക്കുന്നു എന്ന അങ്ങയുടെ ശരിയ്യാ കുറ്റാരോപണത്തിന്റെ പേരിൽ അനുഭവിച്ചിരുന്നതിനു പുറമേയാണല്ലോ അത്; ഇനി ആ ‘വഷളാക്കൽ’ തന്നെ അങ്ങയുടെ ചിട്ടകൾക്കെതിരെ അബോധപൂർവവും നിശ്ശബ്ദവുമായ ഒരു പ്രതിഷേധസൂചനയാണെന്നും വരാം. തീർച്ചയായും അമ്മ ഇതൊക്കെ സഹിച്ചു പിടിച്ചുനിന്നത് അവർക്കു നമ്മളോടെല്ലാമുള്ള സ്നേഹത്തിൽ നിന്നും, ആ സ്നേഹത്തിൽ നിന്നുണ്ടായ സന്തോഷത്തിൽ നിന്നും ശക്തി സംഭരിച്ചിട്ടാവണം.

എല്ലാ സഹോദരിമാരും എന്റെ ഭാഗത്തായിരുന്നില്ല. അങ്ങയുമായുള്ള ബന്ധത്തിൽ ഏറ്റവും സംതൃപ്ത വല്ലി ആയിരുന്നു. അമ്മയോട് ഏറ്റവും അടുപ്പം അവൾക്കായിരുന്നു; അവരെപ്പോലെതന്നെ അധികം വിഷമമില്ലാതെ, അധികം ക്ഷതമേല്ക്കാതെയും അവൾ അങ്ങയുടെ ഇച്ഛാശക്തിക്കു കീഴടങ്ങി. അവൾ അമ്മയെ ഓർമ്മിപ്പിച്ചു എന്ന ഒരു കാരണം കൊണ്ടുതന്നെ അല്പം കൂടി മയത്തിലായിരുന്നു അവളോടുള്ള അങ്ങയുടെ പെരുമാറ്റം; അതേസമയം കാഫ്കാപ്രകൃതം അവളിൽ അത്രയ്ക്കുണ്ടായിരുന്നതുമില്ല. അങ്ങയ്ക്കു വേണ്ടിയിരുന്നതും അതായിരിക്കണം: കാഫ്കയുടെ ലക്ഷണം കാണിക്കാത്തൊരാളിൽ നിന്ന് അങ്ങയ്ക്കു പോലും അതാവശയപ്പെടാൻ പറ്റില്ലല്ലോ; പിന്നെ, ഞങ്ങളുടെ കാര്യത്തിലെന്നപോലെ, നഷ്ടപ്പെട്ടുപോയേക്കാവുന്ന ഒന്ന് ബലം പ്രയോഗിച്ചു വീണ്ടെടുക്കാമെന്ന വിശ്വാസം അവളുടെ കാര്യത്തിൽ അങ്ങ്യ്ക്കുണ്ടായിരുന്നതുമല്ല. അതെന്തായാലും, കാഫ്കയുടേതായ എന്തെങ്കിലും ഗുണം സ്ത്രീകളിൽ പ്രത്യക്ഷപ്പെട്ടുകാണുന്നതിനോട് അങ്ങയ്ക്കു പ്രത്യേകിച്ചു മമതയൊന്നുമുണ്ടായിരുന്നില്ലല്ലോ. ഞങ്ങൾ ഇടങ്കോലിട്ടില്ലായിരുന്നെങ്കിൽ വല്ലിയ്ക്ക് അങ്ങയോടുള്ള ബന്ധം കുറച്ചുകൂടി ഊഷ്മളമായേനെ.

അങ്ങയുടെ വലയം ഭേദിക്കുന്നതിൽ പൂർണ്ണമെന്നു പറയാവുന്ന വിജയം കണ്ടെഠിയവർക്കൊരുദാഹരണമുണ്ടെങ്കിൽ അതു വല്ലിയാണ്‌. അവളുടെ ബാല്യകാലം വച്ചു നോക്കുകയാണെങ്കിൽ അവളിൽ നിന്നു ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. അത്രയ്ക്കും ചുണകെട്ട, മടിപിടിച്ച, ധൈര്യമില്ലാത്ത, ദേഷ്യക്കാരിയായ, കുറ്റബോധം മനസ്സിൽ കൊണ്ടുനടക്കുന്ന, അതിവിനയം കാട്ടുന്ന, ആർത്തി പിടിച്ച, പിശുക്കിയായ ഒരു കുട്ടിയായിരുന്നു അവൾ; അവളോടു സംസാരിക്കുന്നതു പോകട്ടെ, ഒന്നു നോക്കാൻ കൂടി പ്രയാസമായിരുന്നു എനിക്ക്; അത്രയ്ക്കും അവൾ എന്നെത്തന്നെ ഓർമ്മിപ്പിക്കുകയായിരുന്നു; അങ്ങയുടെ ശിക്ഷണമെന്ന ശാപത്തിനടിമയായിരുന്നു അവളും. അവളുടെ  പിശുക്കാണ്‌ എനിക്ക് തീരെ സഹിക്കാൻ പറ്റാതിരുന്നത്; അത് അതിലുമധികം, അങ്ങനെ സാധ്യമാണെങ്കിൽ, എനിക്കുമുണ്ടായിരുന്നല്ലോ. ആഴത്തിലുള്ള അസന്തുഷ്ടിയുടെ ഉറപ്പുള്ളൊരു ലക്ഷണമാണ്‌ പിശുക്ക്. ഒന്നിനെക്കുറിച്ചും ഒരുറപ്പുമില്ലാതിരുന്ന എനിക്ക് വാസ്തവത്തിൽ സ്വന്തമെന്നു പറയാൻ എന്റെ കൈയിലുള്ളതോ, വായിലുള്ളതോ, ഒന്നുമല്ലെങ്കിൽ അവിടേക്കുള്ള വഴിയിലുള്ളതോ മാത്രമായിരുന്നു; അതേ ദുരിതാവസ്ഥയിലായിരുന്ന എല്ലിക്ക് അതെന്നിൽ നിന്നപഹരിക്കാനായിരുന്നു ഏറെയിഷ്ടം. അതൊക്കെപ്പക്ഷേ മാറിമറിഞ്ഞു, വളരെ ചെറുപ്പത്തിൽത്തന്നെ- അതാണു പ്രധാനം- അവൾ വീടുപേക്ഷിച്ചുപോയി കല്യാണം കഴിക്കുകയും, അമ്മയാവുകയും, പ്രസരിപ്പും ചങ്കൂറ്റവും ധൈര്യവും ത്യാഗശീലവും നിസ്വാർഥതയും പ്രതീക്ഷയും സ്വായത്തമാക്കുകയും ചെയ്തു. ആ മാറ്റം അങ്ങു കാണാതെപോയത്, അതിനർഹമായ അംഗീകാരം കൊടുക്കാത്തത് എത്രയും അവിശ്വസനീയമായിരിക്കുന്നു; അവളോടെന്നുമുണ്ടായിരുന്ന വെറുപ്പു കാരണം, മനസ്സിനടിയിൽ ഇന്നും സൂക്ഷിക്കുന്ന ആ വെറുപ്പു കാരണം അങ്ങയുടെ കണ്ണുകൾ അത്രയ്ക്കും അന്ധമായിപ്പോയി; പിന്നെ, എല്ലി ഇപ്പോൾ നമ്മോടൊപ്പം താമസമില്ലാത്തതിനാൽ   ആ വെറുപ്പു കൊണ്ടു കാര്യമില്ലെന്നു മാത്രം; അതുമല്ല, അങ്ങയ്ക്കു ഫെലിക്സിനോടുള്ള സ്നേഹവും, കാളിനോടു കാണിക്കുന്ന പരിഗണനയും കാരണം അതത്ര പ്രധാനമല്ലാതെയും വന്നിരിക്കുന്നു. ഗെർറ്റി മാത്രമേ ചിലനേരത്ത് അതനുഭവിക്കേണ്ടി വന്നിട്ടുള്ളു.

നെരൂദ-ചാറ്റമഴ പോലെ നമ്മെപ്പൊതിയുന്നു പ്രായം…


 

ചാറ്റമഴ പോലെ നമ്മെപ്പൊതിയുന്നു പ്രായം;
ശോകാകുലം, കാലത്തിനില്ലവസാനം,
ഉപ്പു ചുവയ്ക്കുന്നൊരു തൂവലുരുമ്മുന്നു നിന്റെ മുഖം,
ഒരു നീർച്ചാലൊലിച്ചു കുതിരുന്നെന്റെ കുപ്പായം.

എന്റെ കൈകൾ, ഓറഞ്ചുകൂടയേന്തിയ നിന്റെ കൈകൾ:
കാലത്തിനു ഭേദമില്ല രണ്ടും തമ്മിൽ;
മഞ്ഞും പാരയുമായി ജീവിതം ചെത്തിയെടുക്കുന്നു,
നിന്റെ ജീവിതം, എന്റേതുമായ ജീവിതം.

നിന്റെ ജീവിതം, ഞാൻ നിനക്കു ദാനം ചെയ്ത ജീവിതം,
വർഷങ്ങളതിൽ നിറയുന്നു മുന്തിരിക്കുല പോലെ.
മുന്തിരിപ്പഴങ്ങൾ പിന്നെ മണ്ണിലേക്കു മടങ്ങുമല്ലോ,

അവിടെയുമുണ്ട് കാലം, കാത്തിരിക്കുന്ന കാലം,
പൊടിമണ്ണിൽപ്പെയ്യും മഴയായി,
അഭാവവും മായ്ക്കാൻ വ്യഗ്രമായി.

 (പ്രണയഗീതകം-91)

 


Friday, June 18, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-7

 

kafka-before the law

അല്ലെങ്കിൽപ്പിന്നെ, ഒരുദാഹരണം പറഞ്ഞാൽ, ഓട്ട്ലയുടെ സുറാവുസാഹസം, അതിന്റെ ആനുഷംഗികമായ ചുറ്റുപാടുകൾ ഒഴിവാക്കി നോക്കുമ്പോൾ, അങ്ങയെ സന്തോഷിപ്പിക്കേണ്ടതായിരുന്നില്ലേ?  ഗ്രാമത്തിൽ താമസമാക്കാനായിരുന്നു അവൾക്കു താത്പര്യം- അവിടന്നാണല്ലോ അങ്ങു വന്നത്; ജോലിയും അതിന്റെ കഷ്ടപ്പാടും അവൾക്കറിയണമായിരുന്നു- അങ്ങറിഞ്ഞപോലെതന്നെ; അങ്ങയുടെ പ്രയത്നത്തിന്റെ ഫലമനുഭവിച്ചു ജീവിക്കണമെന്നും അവൾക്കുണ്ടായിരുന്നില്ല- അച്ഛനെ ആശ്രയിക്കാതെ ജീവിച്ച അങ്ങയെപ്പോലെതന്നെ. അതൊക്കെ അത്രയും ഭയാനകമായ ഉദ്ദേശ്യങ്ങളായിരുന്നോ? ഇതൊക്കെത്തന്നെയല്ലേ അങ്ങു കാണിച്ചുതന്നതും പഠിപ്പിച്ചുതന്നതും? ഓട്ലയുടെ ഉദ്ദേശ്യങ്ങൾ ഒടുവിൽ ഒന്നുമാകാതെപോയി എന്നതു സത്യം തന്നെ; വേണ്ടതിലധികം ഒച്ചയും ബഹളവുമൊക്കെയായി അവളതിനെ അബദ്ധമാക്കി എന്നു പറയുന്നതും സത്യം തന്നെ; സ്വന്തം അച്ഛനമ്മമാരുടെ പേരിൽ അങ്ങനെയൊരു പരിഗണന അവൾ കാണിച്ചതുമില്ല. അതിനു പക്ഷേ അവളെ മാത്രം പഴിച്ചാൽ മതിയോ? അന്നത്തെ സാഹചര്യവും, അതിനുമുപരി, അങ്ങവളിൽ നിന്ന് അത്ര അകന്നിരിക്കുകയായിരുന്നു എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതല്ലേ? കടയിൽ ഒപ്പമുണ്ടായിരുന്നപ്പോൾ അവൾക്കങ്ങയിൽ നിന്നുള്ള അകല്ച്ച സുറാവുവിൽ പോയതിനു ശേഷമുള്ള അകല്ച്ചയിൽ നിന്ന് ഒട്ടും കുറവൊന്നുമായിരുന്നില്ലല്ലോ, അങ്ങനെയല്ലെന്നു തെളിയിക്കാൻ അങ്ങു ശ്രമിച്ചിട്ടുണ്ടെങ്കില്ക്കൂടി. പ്രോത്സാഹനമോ, ഉപദേശമോ, മേൽനോട്ടമോ നല്കി, അല്ലെങ്കിലതും വേണ്ട, അതൊന്നു പൊറുത്തുകൊടുത്തെങ്കിലും, ആ സാഹസത്തിൽ നിന്നു  നല്ലതെന്തെങ്കിലുമൊന്നു സൃഷ്ടിക്കാനുള്ള അധികാരം അങ്ങയ്ക്കുണ്ടായിരുന്നതല്ലേ?

ഇതുമാതിരി അനുഭവങ്ങളെക്കുറിച്ചു  സംസാരിക്കുമ്പോൾ തമാശയായിട്ടാണെങ്കിലും മനം കടുപ്പിച്ച് അങ്ങു പറയാറുണ്ടായിരുന്നു, എന്തു സുഖജീവിതമാണു ഞങ്ങളുടേതെന്ന്. ഒരർഥത്തിൽ പറഞ്ഞാൽ അതൊരു തമാശയേയല്ല. അങ്ങു കഷ്ടപ്പെട്ടു നേടിയത് ഞങ്ങൾക്ക് അങ്ങയിൽ നിന്നു ദാനം കിട്ടി. പുറംലോകത്തെ ജീവിതസമരം- അങ്ങയ്ക്കതിൽ തുടക്കത്തിലേ ഏർപ്പെടേണ്ടിവന്നുവെന്നേയുള്ളു, കാലക്രമേണ ഞങ്ങൾക്കും അതിലേക്കിറങ്ങേണ്ടിവന്നു- അതു ഞങ്ങൾക്കു ജീവിതം കുറേ ജീവിച്ച ശേഷം നേരിടേണ്ടിവന്ന ഒന്നായിരുന്നു; മുതിർന്നവരെങ്കിലും കുട്ടികളുടെ കരുത്തേ ഞങ്ങൾക്കുണ്ടായിരുന്നുമുള്ളു. അതു കാരണം ഞങ്ങളുടെ അവസ്ഥ അങ്ങയുടേതിനെക്കാൾ മോശമായിരുന്നുവെന്നല്ല  ഞാൻ പറഞ്ഞുവരുന്നത്; അതു മിക്കവാറും തുല്യനിലയിലായിരുന്നിരിക്കാം (നമ്മുടെ സ്വഭാവപ്രകൃതികൾ തമ്മിലുള്ള വ്യത്യാസം ഇവിടെ കണക്കിൽ വരുന്നില്ല); അങ്ങു ചെയ്യുന്നതു പോലെ ലോകത്തിനു മുന്നിലെടുത്തു വീശാൻ, അതുപയോഗിച്ച് അന്യരെ നാണം കെടുത്താൻ ദുരിതം നിറഞ്ഞൊരു ഭൂതകാലം ഞങ്ങൾക്കില്ലാതെ പോയെന്നുമാത്രം. അങ്ങയുടെ  മഹത്തരവും വിജയകരവുമായ പ്രയത്നങ്ങളുടെ ഫലങ്ങൾ ആസ്വദിക്കാനും, ആ യത്നങ്ങൾ കൂടുതൽ മുന്നോട്ടു കൊണ്ടുപോയി പുഷ്ടിപ്പെടുത്താനും അതുവഴി അങ്ങയെ സന്തുഷ്ടനാക്കാനും എനിക്കു കഴിയുമായിരുന്നുവെന്നതും ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ നമുക്കിടയിലെ മാനസികമായ അകൽച്ച അതിനു തടസ്സം നിന്നു. അങ്ങു തന്നതൊക്കെ ഞാൻ ആസ്വദിച്ചു, അതു പക്ഷേ, നാണക്കേടും, മനംമടുപ്പും, തളർച്ചയും, കുറ്റബോധവും അനുഭവിച്ചുകൊണ്ടായിരുന്നു. അതിനാലാണ്‌, ഒരു ഭിക്ഷക്കാരന്റെ നന്ദിയേ എനിക്കങ്ങയോടുള്ളൂ; സ്വന്തമായി ചെയ്ത പ്രവൃത്തികളിലൂടെ നന്ദി കാണിക്കാൻ എനിക്കു കഴിയില്ല.

ഈ ശിക്ഷണരീതിയുടെ ഏറ്റവും പ്രകടമായ ഫലമെന്തായിരുന്നുവെന്നാൽ, എത്രയും വിദൂരമായിപ്പോലും അങ്ങയെ ഓർമ്മിപ്പിക്കുന്ന സകലതിലും നിന്നു ഞാൻ പലായനം ചെയ്തുവെന്നതാണ്‌. ഒന്നാമതായി ബിസിനസ്സു തന്നെ. അതെനിക്കിഷ്ടമായിരുന്നു, കുട്ടിക്കാലത്ത്, തെരുവിലെ ഒരു കട മാത്രമായിരുന്ന നാളുകളിൽ പ്രത്യേകിച്ചും: എന്തൊരാളും അനക്കവുമായിരുന്നു; രാത്രിയിൽ ആകെ വെളിച്ചവും; കാണാനും കേൾക്കാനും എന്തൊക്കെ; ഇടയ്ക്കൊക്കെ ഒന്നു സഹായിക്കാൻ നിങ്ങൾക്കു കഴിയുന്നു; അതു വഴി ശ്രദ്ധയാകർഷിക്കാനും നിങ്ങൾക്കു കഴിയുന്നു; അതിനൊക്കെയുപരി അങ്ങയുടെ കച്ചവടമിടുക്കിന്റെ കേമത്തത്തെ ആദരവോടെ നിങ്ങൾ കണ്ടുനില്ക്കുന്നു: അങ്ങു സാധനങ്ങൾ വില്ക്കുന്ന ആ രീതി, ആളുകളെ കൈകാര്യം ചെയ്യുന്ന രീതി, ഇടയ്ക്കിടെ തമാശ പൊട്ടിക്കുന്ന രീതി, എത്രവേണമെങ്കിലും കണ്ടുനില്ക്കാമായിരുന്നു അതൊക്കെ; സംശയം തോന്നുന്ന ഇടപാടുകളിൽ മിന്നൽ പോലെ അങ്ങു കൃത്യമായിട്ടൊരു തീരുമാനമെടുക്കുന്നു; പിന്നെ, അങ്ങു ഒരു സാധനം പൊതിഞ്ഞുകൊടുക്കുന്നത്, ഒരു പെട്ടി തുറക്കുന്നത്- കണ്ടുനില്ക്കേണ്ട കാഴ്ചകളായിരുന്നു ഒക്കെ, ഒരു കുട്ടിക്കു പഠിക്കാൻ അത്ര മോശപ്പെട്ട ഇടവുമായിരുന്നില്ല എന്തായാലും. എന്നാൽ കാലക്രമേണ നാനാവശങ്ങളിലൂടെയും അങ്ങെനിയ്ക്കൊരു ഭീതിയായി വന്നതോടെ അങ്ങും കടയും എനിക്കൊന്നുതന്നെയായി, എനിക്കു പിന്നെ സ്വസ്ഥത കിട്ടാത്തൊരിടമായി കടയും. മുൻവിധി കൂടതെ പണ്ടു ഞാൻ അംഗീകരിച്ചതൊക്കെ പിന്നെയെനിക്കു പീഡനങ്ങളായി മാറി, എനിക്കു നാണക്കേടായിത്തോന്നി, പ്രത്യേകിച്ചും ജോലിക്കാരോടുള്ള അങ്ങയുടെ പെരുമാറ്റം. എനിക്കറിയില്ല, ഒരുപക്ഷേ എല്ലാ സ്ഥാപനങ്ങളിലും ഇങ്ങനെ തന്നെയായിരിക്കാം; ( ഞാൻ അസിക്യുരാസോണി ജെനെറാലിയിലായിരിക്കുമ്പോൾ അവിടെയും ഇതുപോലെ തന്നെയായിരുന്നു; ജോലി രാജി വക്കുന്നതിനു കാരണമായി ഞാൻ ഡയറക്റ്ററോടു പറഞ്ഞതിതാണ്‌ ( മുഴുവൻ സത്യമല്ലെങ്കിലും, മുഴുവൻ നുണയുമായിരുന്നില്ല അത്): ഈ ചീത്തപറച്ചിലും ശപിക്കലുമൊന്നും -അതെന്നെ നേരിട്ടു ബാധിക്കുന്നതായിരുന്നില്ല എന്നും പറയട്ടെ-  കേൾക്കാൻ എനിക്കു പറ്റില്ലെന്ന്: അത്ര പെട്ടെന്നു മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒന്നായിരിക്കുന്നു വീട്ടിൽ വച്ചു തന്നെ എനിക്കത്.) പക്ഷേ എന്റെ ബാല്യത്തിൽ അന്യസ്ഥാപനങ്ങളുടെ കാര്യം എന്റെ വിഷയമായിരുന്നില്ലല്ലോ. പക്ഷേ കടയിൽ വച്ച് അങ്ങു ജോലിക്കാരോടു കുരച്ചുചാടുന്നതു കാണുമ്പോൾ ലോകത്തൊരിടത്തും അങ്ങനെയൊന്നുണ്ടാവില്ലെന്നാണ്‌ അക്കാലത്തെനിക്കു തോന്നിയിരുന്നത്. ചീത്തപറച്ചിൽ മാത്രമല്ല, പീഡനങ്ങൾ വേറെയുമുണ്ടായിരുന്നു. ഉദാഹരണത്തിന്‌, മറ്റുള്ളവയുമായി കൂടിക്കലരരുതെന്നു വച്ചിട്ട് അങ്ങു സാധനങ്ങൾ കൗണ്ടറിൽ നിന്നു തട്ടിമാറ്റുന്നത്- കോപം കൊണ്ടു കണ്ണു കാണാത്തതെന്നേ അതിനെന്തെങ്കിലുമൊരു ന്യായം പറയാനുള്ളു- , ജോലിക്കാരൻ അതുപിന്നെ പെറുക്കിയെടുത്തു വയ്ക്കണം. അതുമല്ലെങ്കിൽ ക്ഷയരോഗിയായ ഒരു ജോലിക്കാരനെക്കുറിച്ച് അങ്ങു സ്ഥിരം പറഞ്ഞിരുന്ന ഒരു പ്രയോഗം: ‘ആ പേട്ടുനായയ്ക്കു പോയി ചത്തൂടേ‘. ജോലിക്കാരെ അങ്ങു വിളിച്ചിരുന്നത് ’ കൂലിക്കെടുത്ത ശത്രുക്കൾ‘ എന്നായിരുന്നു, അവർ അതായിരുന്നുവെന്നതിൽ സംശയവുമില്ല; അവർ അങ്ങനെയാവുന്നതിനു മുമ്പുതന്നെ എനിക്കു തോന്നിയിരുന്നു, അങ്ങവരുടെ ’കൂലി കൊടുക്കുന്ന ശത്രു‘വാണെന്ന്. അതുപോലെ, അങ്ങയ്ക്ക് അനീതി കാണിക്കാൻ കഴിയും എന്ന വലിയ പാഠം ഞാൻ പഠിക്കുന്നതും അവിടെ നിന്നുതന്നെ; അതെന്നോടാണു കാണിച്ചിരുന്നതെങ്കിൽ അത്ര പെട്ടെന്നു ഞാനതു ശ്രദ്ധിക്കുമായിരുന്നില്ല, കാരണം, അങ്ങാണു ശരിയെന്നതു മുൻകൂട്ടി അംഗീകരിച്ചിരുന്നതിനാൽ അത്രയും വലിയൊരു കുറ്റബോധം എന്നിൽ വളർന്നുവന്നിരുന്നല്ലോ. പക്ഷേ എന്റെ ബാല്യകാലവീക്ഷണത്തിൽ- പില്ക്കാലത്തതിനു നേരിയൊരു ഭേദപ്പെടുത്തൽ വന്നുവെന്നേയുള്ളു, പൂർണ്ണമായങ്ങു മാറിയിട്ടില്ല- അവർ അന്യരാണ്‌, നമുക്കു വേണ്ടി ജോലി ചെയ്യുന്നവരാണ്‌, അതുകാരണം എന്നും അങ്ങയെ പേടിച്ചു കഴിയേണ്ടവരുമായിരുന്നു. ഇതു ഞാനൊന്നു കടത്തിപ്പറയുകയാണെന്നതു ശരിയായേക്കാം, അങ്ങെന്നിൽ ഭീതി വിതയ്ക്കുന്നതുപോലെയാണ്‌ അവരിലും അങ്ങയുടെ പ്രഭാവമെന്ന് ഞാൻ കരുതി. അങ്ങനെയായിരുന്നുവെങ്കിൽ അവർക്കു ജീവനോടൊരിക്കാൻ തന്നെ കഴിയുമായിരുന്നില്ല; പക്ഷേ മുതിർന്നവരായ സ്ഥിതിയ്ക്ക്, മിക്കവരും നെഞ്ചുറപ്പുള്ളവരായ സ്ഥിതിയ്ക്ക് അങ്ങയുടെ അധിക്ഷേപങ്ങൾ അവർക്കു കുടഞ്ഞുകളയാനേ ഉണ്ടായിരുന്നുള്ളു; ഒടുവിൽ അവരെക്കാളതു ദ്രോഹം ചെയ്തത് അങ്ങയ്ക്കുമായിരുന്നു. പക്ഷേ അതു കാരണം കടയിൽ നില്ക്കുന്നത് എനിക്കൊരു യാതനയായി മാറി; എനിക്കങ്ങയോടുള്ള ബന്ധത്തെ നിരന്തരം ഓർമിപ്പിക്കുന്നതായി അത്:
ഉടമസ്ഥനെന്ന നിലയിൽ അങ്ങയ്ക്കതിനോടുള്ള താത്പര്യം ഒഴിവാക്കിയാലും, എവിടെയും കേറിബ്ഭരിക്കുന്ന പ്രകൃതം ഒഴിവാക്കിയാലും, ഒരു ബിസിനസ്സുകാരൻ എന്ന നിലയിൽ മാത്രം നോക്കിയാൽ, അങ്ങയോടു പഠിച്ചവരെക്കാളൊക്കെയെത്രയോ ഭേദമായിരുന്നു അങ്ങ്; അതിനാൽ ആരെങ്കിലും എന്തെങ്കിലും നേടിയാൽ അതങ്ങയെ തൃപ്തിപ്പെടുത്താനും പോകുന്നില്ല. അതുപോലെ ഞാനും അങ്ങയെ തൃപ്തനാക്കുക എന്നതുണ്ടാവില്ല. അതിനാൽ ഞാൻ എന്നെയും ആ ജോലിക്കാരുടെ ഗണത്തില്പ്പെടുത്തി. എങ്ങനെയാണ്‌ കുടുംബാംഗമല്ലാത്ത ഒരാൾക്കു മേൽ ഇത്രയും അധിക്ഷേപങ്ങൾ വയ്ച്ചുകെട്ടുന്നതെന്നതും എനിക്കന്നു മനസ്സിലാകാതെപോയി. അങ്ങനെ, അത്രയും കോപിഷ്ടരും മനസ്സുകെട്ടിരിക്കുന്നവരുമായി ഞാൻ കരുതിയ ജോലിക്കാരെ അങ്ങയോടും അങ്ങയുടെ കുടുംബത്തോടും രജ്ഞിപ്പിക്കാൻ  ഞാൻ ശ്രമിച്ചു; മറ്റൊന്നിനുമല്ലെങ്കിൽ എന്റെ സ്വന്തം രക്ഷയ്ക്കായിരുന്നു അത്. അതിനു പക്ഷേ സാധാരണരിതിയിൽ മര്യാദയോടെയുള്ള പെരുമാറ്റം പോരായിരുന്നു, അവരോട് അത്രയും താഴുകയും വേണമായിരുന്നു; ആദ്യം അഭിവാദ്യം ചെയ്യുന്നതു ഞാനായാൽപ്പോരാ, കഴിയുമെങ്കിൽ അവരുടെ പ്രത്യഭിവാദ്യം ഒഴിവാക്കുകയും വേണം. എത്ര നിസ്സാരനായിക്കോട്ടെ ഞാൻ, ഈ ഞാൻ അവരുടെ കാലു നക്കിയാൽപ്പോലും യജമാനനെന്ന പേരിൽ അങ്ങ് അവരുടെ തലയ്ക്കു മേലേല്പ്പിക്കുന്ന പ്രഹരങ്ങൾക്ക് മതിയായൊരു പരിഹാരമാകില്ലത്. എന്റെ സഹജീവികളോട് ഇങ്ങനെ തുടങ്ങിയ ബന്ധം ബിസിനസ്സിന്റെ അതിരുകളും ഭേദിച്ച് ഭാവിയിലേക്കു വളർന്നു ( എന്റെ കാര്യത്തിലെന്ന പോലെ അപകടകരവും ദൂരവ്യാപകവുമല്ലെങ്കിൽപ്പോലും, ഓട്ട്ലയുടെ ചില ഇഷ്ടങ്ങളും ഇതു കണക്കായിരുന്നു: പാവപ്പെട്ടവരോടുള്ള സഹവാസം, വേലക്കാരികൾക്കൊപ്പം ചെന്നിരിക്കുക- അതു കണ്ടാൽ അങ്ങയ്ക്കു വെറി പിടിക്കുമായിരുന്നു). വന്നുവന്ന് എനിക്കു കടയെ അത്ര ഭയമായിത്തുടങ്ങി; എന്തായാലും ജിംനേഷ്യത്തിൽ ചേരുന്നതിനു മുമ്പുതന്നെ ഞാൻ അതിൽ നിന്നു പിൻവാങ്ങിത്തുടങ്ങിയിരുന്നു; ജിംനേഷ്യം എന്നെ വീണ്ടും അകലേക്കു കൊണ്ടുപോവുകയും ചെയ്തു. അതിനും പുറമേ എന്റെ കഴിവുകൾ പോരാ അതിനെന്നെനിക്കു തോന്നുകയും ചെയ്തു; അങ്ങയെത്തന്നെ അതു പിഴിഞ്ഞെടുക്കുകയാണെന്ന് അങ്ങു തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ. പിന്നെയങ്ങു ശ്രമിച്ചു  (ഇന്നുമതെന്റെ മനസ്സിനെ സ്പർശിക്കുന്നു, എന്നെ നാണിപ്പിക്കുകയും ചെയ്യുന്നു) അങ്ങു കെട്ടിപ്പൊക്കിയ ബിസിനസ്സിനോടുള്ള എന്റെ അനിഷ്ടം ആ തരത്തിലൊരു പാടവം എനിക്കില്ലാത്തതു കൊണ്ടാണെന്ന്, എന്റെ തലയ്ക്കുള്ളിൽ മറ്റെന്തോ വലിയ ആശയങ്ങൾ കൂടു കൂട്ടിയിരിക്കുന്നതു കൊണ്ടാണെന്നു വ്യാഖ്യാനിച്ച് തനിക്കല്പമെങ്കിലും സ്വീകാര്യമാക്കാൻ. അങ്ങു തന്നിൽ നിന്നുതന്നെ പിഴിഞ്ഞെടുത്ത ഈ വ്യാഖ്യാനം അമ്മയ്ക്കും സന്തോഷപ്രദമായിരുന്നു; മിഥ്യാഭിമാനിയായ ഞാൻ, സ്വയം നീതീകരിക്കാൻ എന്തെങ്കിലുമൊന്നു തേടിനടന്ന ഞാൻ, ഞാനും അതു വിശ്വസിച്ചു. പക്ഷേ ബിസ്സിനസ്സിൽ നിന്നെന്നെ പുറം തിരിപ്പിച്ചത് അത്തരം ‘വലിയ ആശയങ്ങളാ’യിരുന്നുവെങ്കിൽ( ഇപ്പോൾ, ഇപ്പോൾ മാത്രമാണ്‌ ശർക്കും ഞാനതിനെ ആത്മാർഥമായി വെറുത്തുതുടങ്ങിയത്), മറ്റൊരു പ്രകാരത്തിലായിരുന്നല്ലോ അവ പ്രകടമാകേണ്ടിയിരുന്നത്; മറിച്ച്, ഒരു മികവും കാണിക്കാതെ സ്കൂളും ജിംനേഷ്യവും കടന്ന് ഒരു ഗുമസ്തന്റെ മേശയ്ക്കു പിന്നിൽ വന്നടിയുകയായിരുന്നല്ലോ ഞാൻ.

നെരൂദ-പ്രണയഗീതം-10

image
നഷ്ടമായീ നമുക്കീ സന്ധ്യ പോലും.
ഭൂമിയ്ക്കു മേൽ നീലരാവിറങ്ങുന്നേരം
കൈകോർത്തു നാം നിന്നതു കണ്ടിട്ടില്ലാരും.
എന്റെ ജനാലയ്ക്കൽ നിന്നു ഞാൻ കാണുന്നു
ദൂരെ, മലമുടികൾക്കു മേലസ്തമയത്തിന്റെ മേള.
ചിലനേരമെന്റെ കൈപ്പടത്തിലെരിഞ്ഞു
ഒരു സ്വർണ്ണനാണയം പോലെ സൂര്യൻ.
നിനക്കറിവുള്ളൊരാവിഷാദത്തിൽ
ആത്മാവിറുക്കിപ്പിടിച്ചു ഞാനോർത്തു നിന്നെ.
എവിടെയായിരുന്നു നീയപ്പോൾ?
മറ്റാരുണ്ടായിരുന്നവിടെ?
എന്തു പറയുകയുമായിരുന്നു?
വിഷാദിച്ചിരിക്കുമ്പോൾ,
നീയകലെയെന്നറിയുമ്പോൾ
ഇത്രയും പ്രണയമെന്റെമേൽ വന്നിറങ്ങുന്നതെങ്ങനെ?
ദിനവും സന്ധ്യക്കു ഞാൻ തുറക്കുന്ന പുസ്തകം
കൈയിൽ നിന്നൂർന്നു വീഴുന്നു,
എന്റെ മേലുടുപ്പു മുറിപറ്റിയ നായയെപ്പോലെ
കാല്ക്കൽ ചുരുണ്ടുകൂടുന്നു.
എന്നുമെന്നും സായാഹ്നങ്ങളില്‍ പിൻമടങ്ങുന്നു നീ
പ്രതിമകൾ മായിച്ചു  സന്ധ്യ പോകുമിടത്തേക്ക്.



ink to image

Thursday, June 17, 2010

റൂമി-6

image

ഏതു വലുത്, ആയിരങ്ങളുടെ കൂട്ടമോ,
നിങ്ങളുടെ തനിച്ചിരിപ്പോ?
സ്വാതന്ത്ര്യമോ, ഒരു ദേശത്തിനു മേലധികാരമോ?
സ്വന്തം മുറിയിലല്പനേരമടച്ചിരുന്നാൽ
ഏതിലുമുന്നതമതൊന്നുതന്നെ.
*
പുലർകാറ്റു വീശുന്നു നറുമണം,
എഴുന്നേറ്റുചെല്ലുക,
നാമതുള്ളിൽക്കൊള്ളുക,
നമുക്കു ജീവനാ തെന്നലത്രേ.
പോകും മുമ്പു പിടിക്കുക നാമതിനെ.
*
കിഴക്കിന്റെ നാഥൻ വന്നുവെ-
ന്നറിയുക നീ,യടിമേ.
ഒരു ചണ്ഡവാതത്തിന്റെ മിന്നലുകൾ
കാണുന്നില്ലേ നീ കണ്മുന്നിൽ ?
ഊഹങ്ങൾ നിന്റെ വാക്കുകൾ.
അനുഭവം അവന്റെ വചനം.
അത്രയ്ക്കകന്നവയവയെന്നുമറിയുക.

*
കണ്ണിൽപ്പെടാനില്ല ഞാൻ,
അത്രയ്ക്കു ചെറുതാണു ഞാൻ.
എന്നിട്ടുമുള്ളിൽപ്പെട്ടതെങ്ങനെ,
ഇത്ര പെരുത്തൊരു പ്രണയം?
സ്വന്തം കണ്ണുകളൊന്നു നോക്കൂ.
എത്രയ്ക്കു ചെറുതാണവ.
എന്നിട്ടുമവ കാണുന്നില്ലേ,
അത്രയും വലിയ കാഴ്ചകൾ!
*
ഉന്മാദത്തിന്റെ ചുണ്ടുകളി-
ലായിരുന്നെനിക്കു ജീവിതം,
കതകിലാഞ്ഞുമുട്ടിക്കൊണ്ടു
ഹേതുക്കളാരാഞ്ഞു ഞാൻ.
പിന്നെ വാതിൽ തുറക്കുന്നു,
ഞാൻ മുട്ടിയതുള്ളിൽ നിന്നോ!


link to image

Wednesday, June 16, 2010

കാഫ്ക - എത്രയും പ്രിയപ്പെട്ട അച്ഛന് - 6

 

image0

അതുമല്ല, എനിക്കങ്ങയോടുള്ള നിലപാടു തന്നെയായിരുന്നു അങ്ങയ്ക്കെന്നോടുമെന്നതിനാൽ സ്വരക്ഷ കണക്കാക്കിയുള്ള മറുതന്ത്രത്തിന്‌ അങ്ങും ശ്രമിച്ചു. എന്തു സുഖമായ ജീവിതമാണെന്റേതെന്നും, എന്തു കാര്യമായിട്ടാണെന്നെ നോക്കുന്നതെന്നും ആവർത്തിച്ചാവർത്തിച്ച് അങ്ങെന്നെ ഓർമ്മിപ്പിക്കും. അതു ശരിതന്നെയെന്നു ഞാൻ സമ്മതിക്കുന്നു, പക്ഷേ അന്നു നിലനിന്നിരുന്ന അവസ്ഥയിൽ അതുകൊണ്ട് എനിക്കെന്തെങ്കിലും പ്രയോജനമുണ്ടായി എന്നു വിശ്വസിക്കാൻ എനിക്കു പറ്റില്ല.

അമ്മയ്ക്കെന്നെ എന്തുമാത്രം ഇഷ്ടമായിരുന്നു എന്ന കാര്യവും ഞാൻ അംഗീകരിക്കുന്നു. അതും പക്ഷേ അച്ഛനോടു ബന്ധപ്പെട്ടായിരുന്നതിനാൽ നല്ല ബന്ധമെന്നു പറയാനില്ല. താനറിയാതെയെങ്കിലും, നായാട്ടിൽ കാടിളക്കുന്നവന്റെ ഭാഗമായിരുന്നു അമ്മയ്ക്ക്. അങ്ങയുടെ ശിക്ഷണരീതി കൊണ്ട് എന്നിൽ ധിക്കാരമോ, അനിഷ്ടമോ, അതുമല്ല വെറുപ്പു തന്നെയോ ഉടലെടുക്കുകയും, അതുവഴി  രണ്ടുകാലിൽ നിവർന്നുനില്ക്കാനെനിക്കായി എന്നും കരുതുക; അങ്ങനെയൊരസാധ്യസാധ്യത പോലും അമ്മ തന്റെ അനുകമ്പ കൊണ്ട്, വിവേകപൂർവമായ ഉപദേശം കൊണ്ട് ( എന്റെ ബാല്യത്തിന്റെ കാലുഷ്യത്തിൽ വിവേകത്തിന്റെ ഉടലെടുത്ത രൂപമായിരുന്നു അമ്മ), എനിക്കു വേണ്ടി വക്കാലത്തു പറഞ്ഞുകൊണ്ട്  ഇല്ലാതാക്കുകയും, എന്നെ വീണ്ടും അങ്ങയുടെ വലയത്തിലേക്ക് ഓടിച്ചുകയറ്റുകയും ചെയ്തു. അമ്മയുടെ ഇടപെടലില്ലായിരുന്നുവെങ്കിൽ ഞാൻ അതു പൊളിച്ചു പുറത്തുപോരുമായിരുന്നു- എന്റെ ഗുണത്തിന്‌,അങ്ങയുടെ ഗുണത്തിനും.ഇനിയഥവാ, ഒരനുരഞ്ജനത്തിനും സാധ്യതയില്ലെന്നിരിക്കട്ടെ, അമ്മയെന്നെ രഹസ്യമായി സംരക്ഷിക്കും, രഹസ്യമായിട്ടെന്തെങ്കിലും തരും, അനുവാദം തരും- അപ്പോൾ ഞാൻ വീണ്ടും അങ്ങയുടെ കണ്ണിൽ ഒളിച്ചുനടക്കുന്ന ജന്തുവായി, ചെയ്ത കുറ്റത്തെക്കുറിച്ചു ബോധമുള്ള ചതിയനായി, തനിക്കവകാശപ്പെട്ടതു പോലും ഒളിച്ചെടുക്കേണ്ട വിധത്തിൽ വിലകെട്ടവനുമായി. സ്വാഭാവികമായും, എനിക്കവകാശപ്പെട്ടതല്ലെന്ന് എനിക്കു പോലുമറിയാവുന്നവ സ്വന്തമാക്കാൻ ആ വഴികളെടുക്കുക എന്റെ ശീലമായി. ഇതും എന്റെ കുറ്റബോധം കൂട്ടുകയായിരുന്നു.

അങ്ങെന്നെ നാളിതുവരെ തല്ലിയിട്ടില്ലെന്നു പറയുന്നതും പരമാർഥം തന്നെ. പക്ഷേ അങ്ങ് ഒച്ച വയ്ക്കുന്ന ആ രീതി, അങ്ങയുടെ മുഖം ചുവന്നുതുടുക്കുന്ന ആ രീതി, തിടുക്കത്തിൽ ബൽറ്റഴിച്ച് എടുക്കാൻ പാകത്തിൽ കസേര മേലിടുന്ന ആ രീതി- ഇതൊക്കെ അത്രയും തന്നെ മോശമായിരുന്നു. ഒരാളെ തൂക്കിക്കൊല്ലാൻ പോകുന്ന പോലെയാണത്. അയാളെ ശരിക്കും തൂക്കിക്കൊല്ലുകയാണെങ്കിൽ അയാൾ ചത്തു, അതോടെ കാര്യവും കഴിഞ്ഞു. പകരം, തൂക്കിക്കൊലയുടെ പ്രാരംഭച്ചടങ്ങുകളൊക്കെക്കഴിഞ്ഞ്, കൊലക്കയർ കണ്മുന്നിൽ തൂങ്ങിക്കിടക്കുന്നതു കാണുമ്പോഴാണ്‌ ശിക്ഷയിളവു നല്കിയ കാര്യം അയാളെ അറിയിക്കുന്നതെങ്കിൽ ശിഷ്ടായുസ്സു മുഴുവൻ അയാൾ ആ യാതന പേറിനടന്നേക്കാം. ഇതുമാത്രമല്ല, തല്ലേണ്ട നിരവധി സന്ദർഭങ്ങളുണ്ടായിട്ടും അവസാനനിമിഷം കരുണ തോന്നി താനതു വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്ന രീതിയിലുള്ള അങ്ങയൂടെ പറച്ചിലുകൾ എന്നിൽ വീണ്ടും കുറ്റബോധം കുത്തിനിറയ്ക്കുകയായിരുന്നു. ഏതു വശത്തുകൂടി നോക്കിയാലും പഴി എനിക്കായിരുന്നു, ഞാൻ അങ്ങയോടു കടപ്പെട്ടവനായിരുന്നു.

വർഷങ്ങളായി അങ്ങെന്നെ വിമർശിച്ചുപോന്നു ( നേരിട്ടും അന്യരുടെ മുന്നിൽ വച്ചും - അതെന്തു നാണക്കേടാണെന്ന ബോധം അങ്ങയ്ക്കുണ്ടായിരുന്നില്ല- സ്വന്തം മക്കളുടെ കാര്യം പൊതുകാര്യമായിരുന്നു അങ്ങയ്ക്ക്), താൻ പണിയെടുക്കുന്നതു കൊണ്ട് ഞാൻ കഷ്ടതകളറിയാതെ, പ്രശാന്തവും ഊഷ്മളവും സമൃദ്ധവുമായൊരു ജീവിതം ജീവിക്കുകയാണെന്ന്. അക്ഷരാർഥത്തിൽത്തന്നെ എന്റെ തലച്ചോറിൽ ചാലു കീറിയേക്കാവുന്ന വാചകങ്ങളാണ്‌ എന്റെ മനസ്സിൽ വരുന്നത്; ഉദാഹരണത്തിന്‌: ഏഴു വയസ്സുള്ളപ്പോൾ ഞാൻ നാട്ടിലൂടെ ഉന്തുവണ്ടിയും തള്ളി നടന്നിട്ടുണ്ട്‘. ’തിന്നാൻ ഉരുളക്കിഴങ്ങു കിട്ടിയാൽ അതുതന്നെ ഭാഗ്യമായിരുന്നു‘. ’മഞ്ഞുകാലത്തു വേണ്ടത്ര തുണിയില്ലാത്ത കാരണം എത്രയോ കൊല്ലം എന്റെ കാലുകൾ വെടിച്ചുകീറിയിട്ടുണ്ട്‘. ’എന്നെ കച്ചവടത്തിനു പിസെക്കിലേക്കയക്കുമ്പോൾ ഞാൻ വെറും കുട്ടിയായിരുന്നു‘. ’പട്ടാളഠിലായിരുന്നപ്പോൾപ്പോലും എനിക്കു വീട്ടിൽ നിന്നൊന്നും കിട്ടിയിട്ടില്ല, അന്നും ഞാൻ വീട്ടിലേക്കു കാശയച്ചിരുന്നു‘. ’എന്നിട്ടും, എന്നിട്ടും അച്ഛൻ എനിക്കച്ഛനായിരുന്നു. ഇന്നതൊക്കെപ്പറഞ്ഞാൽ ആർക്കു മനസ്സിലാവാൻ! ഈ കുട്ടികൾക്ക് അതിനെക്കുറിച്ചെന്തെങ്കിലുമറിയുമോ? ഇത്രയും കഷ്ടതകൾ ആരനുഭവിച്ചിരിക്കുന്നു! ഇതൊക്കെപ്പറഞ്ഞാൽ ഇന്നത്തെ ഏതെങ്കിലുമൊരു കുട്ടിയ്ക്കു മനസ്സിലാവുമോ?‘ ചുറ്റുപാടു മറ്റൊന്നായിരുന്നെങ്കിൽ കുട്ടികളെ വളർത്താനുള്ള ഒന്നാന്തരം ഉപാധികളായേനേ ഇത്തരം കഥകൾ; തങ്ങളുടെ അച്ഛന്മാർ കടന്നുപോന്ന അതേ യാതനകളും ഇല്ലായ്മകളും അതിജീവിക്കാനുള്ള ചങ്കുറപ്പും ബലവും അതവർക്കു നല്കുമായിരുന്നു. അങ്ങയ്ക്കു പക്ഷേ, അതല്ല വേണ്ടിയിരുന്നത്; എന്തെന്നാൽ അങ്ങയുടെ പ്രയത്നഫലത്താൽത്തന്നെ ആ ചുറ്റുപാടിനു മാറ്റം വന്നുകഴിഞ്ഞു. അങ്ങു ചെയ്തതു പോലെ സ്വന്തം മുദ്ര പതിപ്പിക്കാനുള്ള ഒരവസരം ഇന്നു നിലനില്ക്കുന്നില്ല. അങ്ങനെയൊരവസരം സൃഷ്ടിക്കാനുള്ള ഒരേയൊരു മാർഗ്ഗമാവട്ടെ, ഹിംസയും കലാപവും നിറഞ്ഞതുമായിരിക്കും; വീട്ടിൽ നിന്നു ഞാൻ പുറത്തു കടക്കണം ( അങ്ങനെയൊന്നു ചെയ്യാനുള്ള നിശ്ചയദാർഢ്യവും ഊർജ്ജവും എനിക്കുണ്ടായിരുന്നെങ്കിലത്തെ കാര്യമാണു പറയുന്നത്, മറ്റു വഷികളിലൂടെ അമ്മ എനിക്കെതിരു നില്ക്കുകയുമരുത്). അങ്ങയ്ക്കു പക്ഷേ അതൊന്നുമല്ല വേണ്ടിയിരുന്നത്. അങ്ങയുടെ വാക്കുകളിൽ അതു നന്ദികേടും, വിഡ്ഢിത്തവും, അനുസരണകേടും, വഞ്ചനയും, ഭ്രാന്തുമായിരുന്നു. അങ്ങനെ ഒരു വശത്തുകൂടി സ്വന്തം ജീവിതവും കഥകളും ഉദാഹരിച്ച് ഞങ്ങളെ അതിലേക്കാകർഷിക്കുകയും, നാണം കെടുത്തുകയും ചെയ്യുമ്പോൾത്തന്നെ, മറുവശത്തുകൂടി ഞങ്ങളെ അങ്ങു കർശനമായി വിലക്കുകയും ചെയ്തു.

 

 

sketch by kafka

പ്രണയം -വാമൊഴിക്കവിതകൾ

image
നീയില്ലാത്തതറിഞ്ഞിട്ടില്ല ഞാനിതേവരെ:
ഞാനുറങ്ങുന്നതു നിന്നോടൊപ്പം,
ഞാനുണരുന്നതു നിന്നോടൊപ്പം,
കിനാവിൽ നീയുണ്ടെന്നോടൊപ്പം,
എന്റെ കാതിൽ ലോലാക്കു കിലുങ്ങുമ്പോൾ
എന്റെ നെഞ്ചിൽ നടക്കുന്നുമുണ്ടു നീ.
(ആസ്തെക് പ്രണയഗാനം)

image
ഞാനൊരു മൂരിയായെങ്കിൽ,
ഒരു മൂരി,അഴകുള്ള മൂരി,
അഴകുള്ളോനെ,ന്നാൽ മുരത്തവൻ;
ഒരു വ്യാപാരി എന്നെ വാങ്ങും,
എന്നെ വാങ്ങുമയാളെ,ന്നെയറുക്കും,
എന്റെ തോലൂറയ്ക്കിടും,
പിന്നെയങ്ങാടിയിൽ കൊണ്ടുപോകും.
ഒരു നീചത്തി വിലപേശും,
ഒരു സുന്ദരി വാങ്ങുമെന്നെ.
മണക്കുന്ന തൈലമവൾ
എന്റെ മേൽ തളിയ്ക്കുമല്ലോ,
രാത്രിയിലവളോടൊപ്പം
പുതച്ചുമൂടിയുറങ്ങും ഞാൻ,
ഉച്ചയ്ക്കവളോടൊപ്പം
പുതച്ചുമൂടിയിരിക്കും ഞാൻ.
‘ഇതെന്താ ചത്ത തോൽ,’
അവൾക്കുള്ള ഭർത്താവു പറയും.
എനിക്കല്ലേ പക്ഷേ,
ആ പെണ്ണിന്റെ പ്രണയം കിട്ടി!
(അബിസീനിയൻ പ്രണയഗാനം)


images from wikimedia

Tuesday, June 15, 2010

മരണം-ഒരു വാമൊഴിക്കവിത

 

image

മുനയില്ലാത്ത സൂചിയില്ല,
മൂർച്ചയില്ലാത്ത വാളില്ല,
മരണം നമ്മെത്തേടിയെത്തുന്നു
പലതായ രൂപത്തിൽ.

നമ്മുടെ കാലു വച്ചു നാം നടക്കുന്നു
ആടു നടക്കുന്ന ലോകത്തിൽ,
നമ്മുടെ കൈ വച്ചു നാം തൊടുന്നു
ദൈവത്തിന്റെ മാനത്തെ.
പിന്നെയൊരുനാളുച്ചച്ചൂടിൽ
തോൾപ്പൊക്കത്തിലെന്നെയെടുക്കും
പ്രേതങ്ങളുടെ നാട്ടിലേക്കു കൊണ്ടുപോകും.
കാട്ടുമരങ്ങൾക്കു കീഴിലെന്നെയടക്കരുതേ,
പേടിയാണവയുടെ മുള്ളുകളെനിക്ക്,
കാട്ടുമരങ്ങൾക്കു കീഴിലെന്നെയടക്കരുതേ,
പേടിയാണിറ്റുന്ന മഴത്തുള്ളിയെനിക്ക്.
അങ്ങാടിമരങ്ങൾക്കടിയിലെന്നെയടക്കൂ,
എനിക്കു കേൾക്കണം ചെണ്ടപ്പുറത്തെക്കോലുകൾ,
എനിക്കറിയണം താളം ചവിട്ടുന്ന കാലുകൾ.

(കൂബാ, ആഫ്രിക്ക)

 

link to image

നെരൂദ-കടലോരത്തെ കള്ളിമുള്ളിന്‌



image
നക്ഷത്രമുള്ളുകളുടെ
കുഞ്ഞുകൂമ്പാരമേ,
മണൽപ്പരപ്പിലെ കള്ളിമുള്ളേ,
ശത്രുവേ,
നിന്റെ കുത്തുന്ന ആരോഗ്യത്തിന്‌
കവിയുടെ അഭിവാദ്യം:
മഞ്ഞുകാലത്തു
നിന്നെ ഞാൻ കണ്ടിട്ടുണ്ട്: 
പാറക്കെട്ടുകൾ   
കട്ടിമഞ്ഞു കാരുന്നു ,
ഇടിവെട്ടുന്ന തിരമാലകൾ
ചിലിയിലാഞ്ഞടിക്കുന്നു,
ഉപ്പ്
പ്രതിമകൾ തട്ടിമറിച്ചിടുന്നു,
ചുഴലിക്കാറ്റിന്റെ ചിറകുകൾ
സർവതും ചൂഴുന്നു,
അപ്പോൾ നീ,
മുള്ളുള്ള
കുഞ്ഞുവീരൻ,
രണ്ടു കല്ലുകൾക്കിടെ
പ്രശാന്തനായി,
അനക്കമേതുമില്ലാതെ,
ബലിഷ്ഠനായും
ഭൂമിയുടെ ഇരുമ്പിന്മേൽ
നിന്റെ ധാതുവേരുകളാൽ
കൊളുത്തിപ്പിടിച്ചും,
മേലറ്റത്തൊരു തലയുമായി,
ഇത്തിരിപ്പോന്നൊരു
മുള്ളൻതലയുമായി,
ചണ്ഡവാതത്തിന്റെ ദേശത്ത്
വിറകൊള്ളുന്ന കടൽപ്പരപ്പിൽ
ഇടറാതെ
ഒറ്റയ്ക്കു
നീ.

പില്ക്കാലം
ആഗസ്റ്റുമാസം വരവായി,
ഇരുളടഞ്ഞ അർദ്ധഗോളത്തിന്റെ
തണുപ്പിൽ മനം കുഴങ്ങി
അരുവികൾ മയങ്ങുന്നു,
പിയാനോകൾ പോലെ
തിരകളുടെ തനിയാവർത്തനം,
പൊളിച്ചടുക്കിയ കപ്പൽ പോലെ
ആകാശം,
വിലാപത്തിന്റെ കരിമ്പടം മൂടി,
ലോകമൊരു കപ്പൽച്ചേതം;
അപ്പോഴല്ലോ
വസന്തം നിന്നെ വരിയ്ക്കുന്നു
ലോകത്തെ വെളിച്ചം
വീണ്ടും കാണാനായി,
അതിന്റെ പിറവിയിൽ
ചോര പൊടിയ്ക്കുന്നു
നിന്റെ രണ്ടു മുള്ളുകളിൽ,
അങ്ങനെ പിറവിയെടുക്കുന്നു
കല്ലുകൾക്കിടയിൽ,
നിന്റെ സൂചിമുനകൾക്കിടയിൽ,
വസന്തം,
സ്വർഗ്ഗത്തെയും ഭൂമിയിലെയും
വസന്തം.

ഉള്ളതെല്ലാമുണ്ടായിട്ടും,
മണക്കുകയും
കാറ്റോടുകയും
പുഷ്പിക്കുകയും
നാരകമരത്തിന്നിലകളിൽ
മിടിയ്ക്കുന്നവയുണ്ടായിട്ടും,
രാജകീയമഗ്നോളിയായുടെ
നിദ്രാണസൗരഭ്യമുണ്ടായിട്ടും,
അതിന്റെ വരവും നോറ്റി-
ട്ടെത്രയൊക്കെയുണ്ടായിട്ടും,
നിനക്ക്,
മണല്ക്കാട്ടിലെ കള്ളിമുള്ളേ,
അനങ്ങവയ്യാത്ത,   
പരിഷ്കാരമില്ലാത്ത
എകാകീ,
നിനക്കാണല്ലോ
നറുക്കു വീണു;
ഏതു പൂവിനും വെല്ലുവിളിക്കാനാവും മുമ്പേ
നിന്റെ പാവനമായ വിരലുകളുടെ
ചോരച്ചുവപ്പൻ മുകുളങ്ങൾ
പാടലപ്പൂവുകളാവുന്നു,
അതിശയപ്പെട്ട ദളങ്ങളാവുന്നു.

ഇതാണു കഥ,
എന്റെ കവിതയുടെ
ഗുണപാഠമിത്:
നിങ്ങളെവിടെയുമായിക്കോട്ടെ,
എവിടെയുമായിക്കോട്ടെ നിങ്ങളുടെ ജീവിതം,
ഈ ലോകത്തി-
ലത്രയ്ക്കു കടുത്ത ഏകാന്തതയിൽ,
ഭൂമിയുടെ രോഷത്തിന്റെ ചാട്ടവാറിൽ,
അവമതികളുടെ മൂലയ്ക്കും,
സഹോദരാ,
സഹോദരീ,
കാത്തിരിയ്ക്കൂ,
നിങ്ങളുടെ കുഞ്ഞുസത്ത വച്ച്,
വേരുകൾ വച്ച്
കഠിനമായി പണിയെടുക്കൂ.
ഒരുനാൾ,
നിങ്ങൾക്കായി,
ഏവർക്കുമായി,
നിങ്ങളുടെ ഹൃദയത്തിൽ നിന്നു
പുറത്തുവരും
ഒരു ചെങ്കതിർ,
നിങ്ങളും പൂവിടും ഒരു പുലരിയിൽ;
ഇല്ല,
വസന്തം
മറന്നിട്ടില്ല നിങ്ങളെ, സഹോദരാ,
നിങ്ങളെയും മറന്നിട്ടില്ല,
സഹോദരീ,
ഞാൻ നിങ്ങളോടു പറയുന്നു,
ഞാനുറപ്പും തരുന്നു,
ഉഗ്രനായ കള്ളിമുൾ,
മണൽക്കാടിന്റെ
മുള്ളുള്ള മകൻ,
എന്നോടു സംഭാഷണം ചെയ്കെ,
എന്നെയേല്പ്പിച്ചതത്രെ,
ആശ്വാസമറ്റ നിങ്ങളുടെ ഹൃദയങ്ങൾക്കായി
ഈ സന്ദേശം.

അതിനാൽ
ഞാൻ നിങ്ങളോടു പറയുന്നു
എന്നോടും പറയുന്നു:
സഹോദരാ, സഹോദരീ,
കാത്തിരിയ്ക്കൂ,
എനിക്കുറപ്പുണ്ട്:
വസന്തം മറക്കില്ല നമ്മെ.

Monday, June 14, 2010

കാഫ്ക -പറുദീസ, പതനം, പാപം

fk_doodle_board

നാം ദൈവത്തിൽ നിന്നകന്നിരിക്കുന്നത് ഇരുപക്ഷങ്ങളിലൂടെ: പതനം നമ്മെ അവനിൽ നിന്നകറ്റുന്നു, ജീവന്റെ വൃക്ഷം അവനെ നമ്മിൽ നിന്നുമകറ്റുന്നു.

*

നാം പാപികളായിരിക്കുന്നത് നാം അറിവിന്റെ കനി തിന്നു എന്നതിനാൽത്തന്നെയല്ല, നാമിനിയും ജീവന്റെ കനി തിന്നിട്ടില്ല എന്നതിനാൽക്കൂടിയത്രെ. അപരാധമേതുമാകട്ടെ, പാപികളുടേതാണു നമ്മുടെ അവസ്ഥ.

*

നമ്മെ പറുദീസയിൽ നിന്നു ഭ്രഷ്ടരാക്കിയെങ്കിലും, അതു നശിപ്പിക്കപ്പെട്ടില്ല. പറുദീസാനഷ്ടം ഒരുവിധത്തിൽ ഭാഗ്യമായെന്നും പറയണം, എന്തെന്നാൽ നമ്മെ ഭ്രഷ്ടരാക്കിയിരുന്നില്ലെങ്കിൽ പറുദീസ തന്നെ നശിപ്പിക്കേണ്ടിവരുമായിരുന്നു.

*

നമ്മെ സൃഷ്ടിച്ചത് പറുദീസയിൽ ജീവിതം കഴിക്കാൻ; പറുദീസ നിയുക്തമായത് നമുക്കുപകാരപ്പെടാനും. നമ്മുടെ നിയോഗം മാറിപ്പോയിരിക്കുന്നു; പറുദീസയുടെ നിയോഗത്തിലും അതു സംഭവിച്ചോയെന്ന് പറയപ്പെട്ടിട്ടില്ല.

*

മനുഷ്യനോടൊപ്പം ഏദൻ തോട്ടവും ശാപമേൽക്കാം എന്ന സാധ്യത പതനത്തിന്റെ കഥനം ഒടുവെത്തും വരെയ്ക്കും നിലനില്ക്കുന്നുണ്ട്. ശപിക്കപ്പെട്ടത് മനുഷ്യൻ, ഏദൻ തോട്ടമല്ല.

*

ആദാം അറിവിന്റെ കനി തിന്ന നാൾ നീ മരിക്കേണ്ടവൻ എന്നു ദൈവം അവനോടു പറഞ്ഞു. അറിവിന്റെ കനി തിന്നതിനു തത്ക്ഷണഫലം മരണമെന്നായിരുന്നു ദൈവത്തിന്റെ മതം; എന്നാലതു ദൈവത്തെപ്പോലാവുക എന്നാണെന്നു സർപ്പം പറഞ്ഞു (കുറഞ്ഞപക്ഷം ആ അർഥത്തിലെടുക്കുകയെങ്കിലും ചെയ്യാം). സമാനമായ രീതികളിൽ തെറ്റിപ്പോയി ഇരുപക്ഷവും. മനുഷ്യൻ മരണപ്പെട്ടില്ല, അവൻ മരണമുള്ളവനായതേയുള്ളു; അവൻ ദൈവത്തെപ്പോലായില്ല, എന്നാൽ അങ്ങനെയാകുന്നതിനുള്ള അപരിത്യാജ്യമായൊരു ശക്തി അവനു സ്വായത്തമായി. സമാനമായ രീതികളിൽ ശരിയുമായിരുന്നു ഇരുപക്ഷവും: മരിച്ചതു മനുഷ്യനല്ല, സ്വർഗ്ഗജീവിയായ മനുഷ്യനായിരുന്നു; അവൻ ദൈവവുമായില്ല, ദൈവജ്ഞാനമാവുകയായിരുന്നു.

*

 

 

ചിത്രം: കാഫ്കയുടെ സ്കെച്

നെരൂദ-അങ്ങാടിയിൽക്കണ്ട ചൂരമീനിന്‌

image

അങ്ങാടിപ്പച്ചകൾക്കിടയിൽ
അടിക്കടലിൽ
നിന്നൊരു
വെടിയുണ്ട,
നീന്തുന്നൊരസ്ത്രം,
നിന്നെ ഞാൻ കണ്ടു,
ജീവനില്ലാതെ.

നിന്നെച്ചൂഴെ
ചീരകൾ,
ഭൂമിയിലെ
കടൽപ്പത,
കാരറ്റുകൾ,
മുന്തിരികൾ,
എന്നാൽ
കടലിന്റെ നേരായി,
അറിയപ്പെടാത്തതായി,
ആഴമറ്റ നിഴലായി,
കടലിന്റെ
താഴ്ചയായി,
കയമായി
നീയൊന്നേ
ശേഷിച്ചു,
കറുകറുത്തും
എണ്ണ മിനുങ്ങിയും
അത്രയുമഗാധമായ
രാവിനൊരു സാക്ഷി.

ഉന്നം നോക്കി
കയമെയ്ത
ഇരുണ്ടൊരമ്പു നീ,
ഒരരികരിഞ്ഞാലും
നിരന്തരം
വളരുന്നു നീ,
ഒഴുക്കിൽ
നങ്കൂരമിട്ടും,
കടലിലെ നിഴൽ പോലെ
നീ നീന്തിപ്പായുമ്പോൾ
നിന്റെ ചിറകുകൾ
കാറ്റാടിയിലകൾ പോലെ
തിരിയുന്നു,
വിലപിക്കുന്നൊരസ്ത്രം,
കടലിന്റെ ചാട്ടുളി,
എണ്ണയിറ്റുന്ന മീൻ.
നിന്നെ ഞാൻ കണ്ടതു
ജീവനില്ലാതെ,
എന്റെ സ്വന്തം കടലിലെ
കാലം ചെയ്ത
രാജാവിനെപ്പോലെ,
പച്ചയുടെ ആക്രമണം,
അന്തർവാഹിനിയുടെ
വെള്ളിച്ചിറകുകൾ,
കടൽക്കമ്പങ്ങളുടെ
ബീജം,
ഇന്നു പക്ഷേ
മരണത്തിന്റെ ശേഷിപ്പുകൾ,
എന്നാലങ്ങാടിയിൽ,
പ്രകൃതിയുടെ
വിഭ്രാന്തകലാപത്തിൽ
ലക്ഷ്യമുള്ള ഒറ്റരൂപം
നിന്റേതു മാത്രം;
ബലം കെട്ട പച്ചിലകൾക്കിടയിൽ
നീയൊരേകാന്തനൗക,
പച്ചക്കറികൾക്കിടയിൽ
ആയുധമേന്തിയ ഒന്ന്,
ചിറകും
എണ്ണയിട്ടു കറുത്ത
അണിയവുമായി,
കാറ്റിന്റെ യാനമായി,
ഒന്നേയൊന്നായ
കടൽയന്ത്രം:
മരണത്തിന്റെ ജലാശയത്തിൽ
നീ ചരിക്കുന്നു,
അപൂർണ്ണതകളേതുമില്ലാതെ.

 

 

link to image

കാഫ്ക - എത്രയും പ്രിയപ്പെട്ട അച്ഛന് - 5

image0_2

അത്ര വഷളായ വിപരീതാർഥപ്രയോഗങ്ങളെ ഞാൻ എത്രയും അനുകൂലിച്ച സന്ദർഭങ്ങളുണ്ടായിരുന്നുവെന്നും പറയട്ടെ; അതായത് അവയുടെ ലക്ഷ്യം മറ്റൊരാളായിരുന്നെങ്കിൽ, ഉദാഹരണത്തിന്‌, വർഷങ്ങളായി എനിക്കു പിടുത്തമില്ലാത്ത എല്ലി. മിക്കവാറും ഓരോ ഭക്ഷണത്തിനു ശേഷവും അങ്ങ് അവളെക്കുറിച്ചു പറയുന്നത് വിദ്വേഷത്തിന്റെയും അവജ്ഞയുടെയും ഒരു വിരുന്നായിരുന്നു എനിക്ക്: ‘മേശയും കഴിഞ്ഞു പത്തു മീറ്റർ അകന്നിരുന്നാലേ പറ്റൂ അവൾക്ക്; അത്രയും പെരുത്തതല്ലേ പെണ്ണ്‌!’ എന്നിട്ട് തന്റെ കസേരയിലിരുന്ന് ദയവോ തമാശയോ തരിമ്പുമില്ലാതെ, തന്റെ ഏറ്റവും കടുത്ത ശാത്രുവാണവളെന്നപോലെ അവളുടെ ഇരിപ്പിനെ വികൃതമായിട്ടനുകരിക്കും അങ്ങ്. ഇതും ഇതുപോലുള്ള സംഗതികളും എത്ര തവണ ആവർത്തിച്ചിരിക്കുന്നു; ഇതു കൊണ്ടങ്ങു നേടിയത് എത്ര തുച്ഛവുമായിരുന്നു. വിഷയത്തിനു ചേർന്ന അനുപാതത്തിലായിരുന്നില്ല അങ്ങയുടെ രോഷത്തിന്റെയും വിദ്വേഷത്തിന്റെയും വിനിയോഗം എന്നതായിരുന്നു അതിനു കാരണമെന്നെനിക്കു തോന്നുന്നു. മേശയ്ക്കടുത്തു നിന്നു കുറച്ചു ദൂരെമാറി ഇരിയ്ക്കുന്നു എന്ന നിസ്സ്ആരവസ്തുതയിൽ നിന്നു ജനിച്ചതല്ല അങ്ങയുടെ കോപമെന്നും, നേരത്തേതന്നെ പൂർണ്ണതയിലുള്ള ഒന്ന് അവസരം വന്നപ്പോൾ ആഞ്ഞടിക്കുകയായിരുന്നു എന്നുമാണ്‌ നിങ്ങൾക്കു തോന്നുക. അവസരം ഏതുനേരത്തുമാകാം എന്നു ബോധ്യമാകുന്നതോടെ അതു നിങ്ങളെ അലട്ടാതെയാകുന്നു; ഭീഷണികൾക്കു നിർത്തില്ലാതെ വരുമ്പോൾ നിങ്ങളിൽ അതേശാതെയുമാകുന്നു. എന്തായാലും തല്ലു കിട്ടാൻ പോകുന്നില്ല എന്നു ക്രമേണ നിങ്ങൾക്കു ബോധ്യമാകുന്നു. ദുർമ്മുഖം കാട്ടുന്ന, ശ്രദ്ധയില്ലാത്ത, അനുസരണയില്ലാത്ത കുട്ടിയാവുന്നു നിങ്ങൾ; എപ്പോഴും എന്തിൽ നിന്നോ പലായനം ചെയ്യാൻ നോക്കുകയാണു നിങ്ങൾ; ആ പലായനം മുഖ്യമായും തന്നിലേക്കുതന്നെയുമാകുന്നു. അങ്ങനെ അങ്ങു സഹിച്ചു, അങ്ങനെ നമ്മൾ സഹിച്ചു. അടുത്ത കാലത്ത് കോൺസ്റ്റാന്റിനോപ്പിളിൽ നിന്നു വന്ന ഒരു കത്തിന്റെ പേരിൽ ‘എന്തുനല്ല ആൾക്കാർ!’ എന്ന് പല്ലിറുമ്മിയും, കാറിയ ചിരിയോടെയും (നരകം എങ്ങനെയിരിക്കുമെന്ന് കുട്ടിയ്ക്ക് ആദ്യമായിട്ടൊരു ധാരണ കിട്ടുന്നത് ആ ചിരിയിൽ നിന്നാണ്‌) അങ്ങു പറയുമ്പോൾ അങ്ങയുടെ വീക്ഷണത്തിൽ അതു ശരി തന്നെയായിരുന്നു.

സ്വന്തം മക്കളോടുള്ള ഈ മനോഭാവത്തിനു തീരെ യോജിക്കാത്ത ഒന്നായിട്ടു തോന്നിയിരുന്നു ഇടയ്ക്കിടെ എല്ലാവരും കേൾക്കെയുള്ള അങ്ങയുടെ പരാതി പറച്ചിൽ. കുട്ടിയായിരിക്കുമ്പോൾ ഞാനതു കാര്യമായിട്ടെടുത്തിട്ടേയില്ല എന്നു സമ്മതിക്കട്ടെ; അങ്ങനെയൊരു സഹതാപം അങ്ങു പ്രതീക്ഷിക്കുന്നതു തന്നെ എനിക്കു മനസ്സിലാകാത്തതായിരുന്നു. എല്ലാ അർഥത്തിലും ഒരതികായനായിരുന്നല്ലോ അങ്ങ്; ഞങ്ങളുടെ സഹായം പോകട്ടെ, അനുകമ്പ പോലും അങ്ങയ്ക്കെന്തിന്‌? എത്രയോ തവണ ഞങ്ങളെ പുച്ഛിച്ചുതള്ളിയിരിക്കുന്നതുപോലെ ഞങ്ങളുടെ സഹായത്തെയും അങ്ങു പുച്ഛിച്ചുതള്ളുമെന്നതു തീർച്ച. അതിനാൽ ഞാൻ അങ്ങയുടെ പരിദേവനങ്ങളെ മുഖവിലയ്ക്കെടുക്കാൻ പോയില്ല; അതിനു പിന്നിൽ മറ്റെന്തോ ഒളിച്ചിരിപ്പുണ്ടെന്നു ഞാൻ സംശയിച്ചു. സ്വന്തം മക്കളെപ്രതി അങ്ങു ദുഃഖമനുഭവിക്കുന്നുണ്ടെന്ന് പില്ക്കാലത്തേ എനിക്കു മനസ്സിലായുള്ളു; മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കിൽ ഒരു കുട്ടിയുടെ മനസ്സു തുറന്ന സഹതാപത്തിനു പാത്രമാകേണ്ടിയിരുന്ന അങ്ങയുടെ പരാതികൾ അക്കാലത്തു പക്ഷേ, കുട്ടികളെ പഠിപ്പിക്കാനും അവരെ ഇകഴ്ത്താനുമുള്ള പ്രകടനപരമായ മറ്റൊരടവായിട്ടാണു ഞാൻ കണക്കിലെടുത്തത്; അത്രയും ഫലവത്തല്ല അതെങ്കിൽക്കൂടി ഹാനികരമായ ഒരു പാർശ്വഫലം അതുകൊണ്ടുണ്ടായി: ഗൗരവമായിട്ടെടുക്കേണ്ട സംഗതികളെ അങ്ങനെയെടുക്കാതിരിക്കാൻ കുട്ടി ശീലിച്ചുപോയി.

ഭാഗ്യത്തിന്‌ ഇതിനൊക്കെ അപവാദങ്ങളുമുണ്ടായിരുന്നുവെന്നു സമ്മതിക്കണം; എല്ലാം ഉള്ളിലൊതുക്കി അങ്ങു നിശ്ശബ്ദനായിരിക്കുന്നതു കാണുമ്പോൾ സ്നേഹത്തിന്റെയും കരുണയുടെയും ശക്തികൾ തങ്ങളുടെ വഴി മുടക്കുന്ന സർവതിനെയും മറികടന്ന് എന്റെ ഹൃദയത്തെ വന്നുതൊട്ടിരുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അപൂർവമെങ്കിലും വിസ്മയാവഹമായിരുന്നു അത്. ഉദാഹരണത്തിന്‌, നല്ല ചൂടുള്ള വേനൽക്കാലത്ത് ഉച്ചഭക്ഷണവും കഴിഞ്ഞ് കടയിലെ മേശപ്പുറത്തു ചാരി അങ്ങു ക്ഷീണിച്ചു മയങ്ങുന്നതു കാണുമ്പോൾ; ജോലി ചെയ്തു തളർന്നിരിക്കുകയാണെങ്കിലും ഞായറാഴ്ചകളിൽ വേനലവധിക്കു ഞങ്ങളോടൊപ്പം നാട്ടിലേക്കു പോരുന്നതു കാണുമ്പോൾ; അമ്മ സുഖമില്ലാതെ കിടക്കുമ്പോൾ ബുക്ക് ഷെൽഫിൽ പിടിച്ചുനിന്നുകൊണ്ട് അങ്ങു തേങ്ങുന്നതു കാണുമ്പോൾ; അല്ലെങ്കിൽ കഴിഞ്ഞ തവണ ഞാൻ അസുഖമായി കിടക്കുമ്പോൾ എന്നെ കാണാനായി കാലൊച്ക കേൾപ്പിക്കാതെ അങ്ങ് ഓട്ലയുടെ മുറിയിലേക്കു കടന്നു വന്നപ്പോൾ. അങ്ങു പക്ഷേ എന്നെ ശല്യപ്പെടുത്തേണ്ടെന്നു കരുതി വാതില്ക്കൽ നിന്ന് എന്നെ നോക്കി കൈ വീശിക്കാണിച്ചതേയുള്ളു. അങ്ങനെയുള്ള അവസരങ്ങളിൽ സന്തോഷം കൊണ്ടു നിങ്ങൾ കിടക്കയിൽ കിടന്നു തേങ്ങിക്കരയും; ഇന്നിതെഴുതി വയ്ക്കുമ്പോൾ അയാൾ വീണ്ടും തേങ്ങിപ്പോകുന്നു.

എത്രയും മനോഹരമായ വിധത്തിൽ പുഞ്ചിരിയ്ക്കുന്ന ഒരു രീതി അങ്ങയ്ക്കുണ്ടായിരുന്നു; അത്ര അപൂർവമെങ്കിലും തൃപ്തിയും സമ്മതവും പ്രകടമാക്കുന്ന ആ പുഞ്ചിരി അതു ലക്ഷ്യമാക്കുന്നയാളെ എന്തെന്നില്ലാതെ സന്തോഷിപ്പിക്കാൻ സമർഥമായിരുന്നു. അതിൽ ഒരോഹരി എന്റെ ബാല്യത്തിൽ എനിക്കും കിട്ടിയിരുന്നതായി ഞാനോർക്കുന്നില്ല; എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടാവുമെന്നു വിശ്വസിക്കാണാണ്‌ എനിക്കു തോന്നുന്നത്. അങ്ങയുടെ കണ്ണിൽ ഞാൻ അപരാധിയായിട്ടില്ലാതിരുന്ന ആ കാലത്ത്, ഞാൻ അങ്ങയുടെ കൂറ്റൻ പ്രതീക്ഷയായിരുന്ന ആ കാലത്ത് അങ്ങെനിക്കെന്തിനതു നിഷേധിക്കണം? അതെന്തുമാകട്ടെ, കാരുണ്യത്തിന്റേതായി മനസ്സിൽ തട്ടിയ ആ ഭാവങ്ങളും എന്നിലെ കുറ്റബോധത്തെ വർദ്ധിപ്പിക്കാനും, ലോകത്തെ ഇനിയും ദുർഗ്രഹമാക്കാനുമേ ഉപകരിച്ചിട്ടുള്ളു.

 

 

ചിത്രം- കാഫ്കയുടെ ഒരു സ്കെച്

Sunday, June 13, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്‌-4

image

ആ കാലത്ത് അങ്ങയുടെ പ്രോത്സാഹനം എനിക്കു ഗുണകരമായേനേ. അങ്ങയുടെ ഭൗതികസാന്നിദ്ധ്യം കൊണ്ടുതന്നെ മനസ്സിടിഞ്ഞവനായിരുന്നു ഞാൻ. ഉദാഹരണത്തിന്‌, നീന്താൻ പോകുമ്പോൾ ഒരേ മുറിയിൽ വച്ചു നാം വസ്ത്രം മാറിയിരുന്നത് ഞാൻ ഇപ്പോഴോർക്കുന്നു. എല്ലും തൊലിയുമായി, ക്ഷീണിച്ചു മെലിഞ്ഞ ഞാനൊരാൾ; അങ്ങയോ, മാറു വിരിഞ്ഞ്, ബലത്തു കൂറ്റനായ ഒരാളും. മുറിയ്ക്കുള്ളിൽ നില്ക്കുമ്പോൾത്തന്നെ ഒരു നികൃഷ്ടരൂപമാണു ഞാൻ അങ്ങയുടെ കണ്ണിൽ, ലോകത്തിന്റെയാകെ കണ്ണിൽ (അങ്ങായിരുന്നല്ലോ സകലതിനും എനിക്കു മാനദണ്ഡം)എന്നെനിക്കു തോന്നി. എന്നിട്ടു പിന്നെ, മറ്റുള്ളവരുടെ കണ്മുന്നിലൂടെ അങ്ങയുടെ കൈയും പിടിച്ചു ഞാൻ, ഒരു കുഞ്ഞസ്ഥികൂടം, കാലിൽ ചെരുപ്പില്ലാതെ, ചുവടുറയ്ക്കാതെ പുറത്തേയ്ക്കു വരും. എങ്ങനെ നീന്തണമെന്ന് അങ്ങു കാണിച്ചുതരുന്നത് എനിക്കനുകരിക്കാനാവുന്നില്ല ( നല്ല ഉദ്ദേശ്യത്തോടെയാണ്‌ അങ്ങയുടെ പ്രവൃത്തിയെങ്കിലും യഥാർഥത്തിൽ എന്നെ കടുത്ത നാണക്കേടിനടിപ്പെടുത്തുകയാണത്); ഞാൻ കൊടുംനൈരാശ്യത്തിലേക്കാണ്ടുപോകുന്നു, അങ്ങനെയുള്ള നിമിഷങ്ങളിൽ സകല മേഖലകളിലും എനിക്കുള്ള ദുരനുഭവങ്ങൾ ഒരുമിച്ചുകൂടുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ അങ്ങ് ആദ്യം വസ്ത്രം മാറ്റി പുറത്തിറങ്ങിയിരുന്നപ്പോൾ എനിക്കല്പ്പം കൂടി മനസ്സമാധാനം കിട്ടിയിരുന്നു; അങ്ങു വന്നെന്നെ ആട്ടിയിറക്കുന്നത്രയും നേരം അന്യർക്കു മുന്നിൽ സ്വയം പ്രദർശിപ്പിക്കുക എന്ന നാണക്കേടൊഴിവാക്കി എനിക്കു മുറിയിൽത്തന്നെ ഇരിക്കാമായിരുന്നല്ലോ. എന്റെ മനോവിഷം അങ്ങു ശ്രദ്ധിക്കത്തതിന്റെ പേരിൽ എനിക്കങ്ങയോടു നന്ദി തോന്നിയിരുന്നു; എന്റെ അച്ഛന്റെ ശരീരം എനിക്കൊരഭിമാനവുമായിരുന്നു. ആ വ്യത്യസ്തയുടെ ഒരംശം ഇന്നും നമുക്കിടയിൽ നിലനില്ക്കുന്നു എന്നും പറഞ്ഞുകൊള്ളട്ടെ.

ഇതിനോടു ചേർന്നുപോകുന്നതായിരുന്നു അങ്ങയുടെ ധൈഷണികമായ അധീശത്വം. സ്വന്തം പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്‌ ഇന്നത്തെ നിലയിലേക്ക് അങ്ങുയർന്നതെന്നതിനാൽ താൻ ചെയ്യുന്നതെന്തിനെക്കുറിച്ചും അളവറ്റൊരാത്മവിശ്വാസം അങ്ങയ്ക്കുണ്ടായിരുന്നു. കുട്ടിയായിരുന്നപ്പോൾ അതെന്റെ മനസ്സിനെ അത്രയ്ക്കു കുഴക്കിയിരുന്നില്ലെങ്കിലും, അതിലുമെത്രയോ അധികമായിരുന്നു വളർന്നുവരുന്ന ഒരു ചെറുപ്പക്കാരനിൽ അതിന്റെ പ്രഭാവം. സ്വന്തം ചാരുകസേരയില്ക്കിടന്ന് അങ്ങു ലോകം ഭരിച്ചു. അങ്ങയുടെ അഭിപ്രായം മാത്രം ശരി, മറ്റുള്ളതൊക്കെ വെറും ഭ്രാന്ത്, ഭോഷ്ക്ക്. അതേ സമയം അത്രയും അളവറ്റ ഒരാത്മവിശ്വാസത്തിനുടമയായിരുന്നു അങ്ങെന്നതിനാൽ താൻ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ പരസ്പരവിരുദ്ധമാകുന്നത് അങ്ങയ്ക്കു പ്രശ്നമേ ആയിരുന്നില്ല. അപ്പോഴും അങ്ങയുടെ ഭാഗം ശരിയായിരിക്കുകയും ചെയ്യും. ഒരു വിഷയത്തെക്കുറിച്ച് അങ്ങയ്ക്ക് ഒരഭിപ്രായവും ഇല്ലെങ്കിലാവട്ടെ, ആ വിഷയത്തെക്കുറിച്ചു വരാവുന്ന മറ്റെല്ലാ അഭിപ്രായങ്ങളും പിശകിയേ പറ്റൂ. ഉദാഹരണത്തിന്‌ അങ്ങയ്ക്കു ചെക്കുകളെ അധിക്ഷേപിക്കാം, പിന്നെ ജർമ്മൻകാരെ, ജൂതന്മാരെ, അതുമെന്തെങ്കിലും ചിലതിന്റെ പേരില്ല, അടച്ചൊരാക്ഷേപമാണ്‌; ഒടുവിൽ അങ്ങൊരാൾ മാത്രം ശേഷിക്കുന്നു. എല്ലാ സ്വേച്ഛാധിപതികൾക്കുമുള്ള ദുർജ്ഞേയമായ ആ സ്വഭാവവിശേഷം, യുക്തിയൂടെയല്ല, താനെന്ന വ്യക്തിയുടെ അടിസ്ഥാനത്തിൽ സ്വന്തം അവകാശം സ്ഥാപിച്ചെടുക്കുന്ന ആ രീതി, അങ്ങും അതു കൈക്കൊള്ളുകയായിരുന്നു. അങ്ങനെയാണ്‌ അന്നെനിക്കതു തോന്നിയത്.

ഇനി, എന്റെ കാര്യത്തിൽ അങ്ങയുടെ ഭാഗം പലപ്പോഴും വളരെ ശരിയായിരുന്നുവെന്നത് ആശ്ചര്യകരമായിരിക്കുന്നു; തമ്മിൽ സംസാരിക്കുമ്പോൾ അതു പ്രത്യേകിച്ചു പറയേണ്ടതുമില്ല, തമ്മിൽ സംസാരം എന്നൊന്നുണ്ടായിട്ടുണ്ടെങ്കിൽ; യഥാർഥത്തിലും അങ്ങനെ തന്നെയായിരുന്നു. അതിൽപ്പക്ഷേ ദുരൂഹമായിട്ടെന്തെങ്കിലുമുണ്ടെന്നു പറയാനുമില്ല. എന്തെന്നാൽ എന്റെ ഓരോ ചിന്തയും അങ്ങയുടെ കഠിനമായ സമ്മർദ്ദത്തിൻ കീഴിലാണല്ലോ നടക്കേണ്ടിയിരുന്നത്, അങ്ങയുടെ ചിന്തയുമായി യോജിക്കാത്തവ പോലും- അവ പ്രത്യേകിച്ചും. ചിന്തകൾ, അങ്ങയിൽ നിന്നു സ്വതന്ത്രമാണവയെന്നു തോന്നിയാല്പ്പോലും, തുടക്കത്തിലേ തന്നെ അങ്ങയുടെ കർക്കശവും ധൃഷ്ടവുമായ ന്യായവിധിയുടെ ഭാരം പേറുന്നവയായിരുന്നു. ആ ഭാരവും സഹിച്ചുകൊണ്ട് പൂർണ്ണവും സ്ഥായിയുമായ ഒരു തലത്തിലേക്ക് ഒരു ചിന്തയെ വികസിപ്പിക്കുക എന്നത് മിക്കവാറും അസാധ്യം തന്നെയായിരുന്നു എനിക്ക്. ഉദാത്തമായ എന്തെങ്കിലും ചിന്തയുടെ കാര്യമൊന്നുമല്ല ഞാൻ പറയുന്നത്, ബാല്യത്തിലെ കൊച്ചുകൊച്ചുദ്യമങ്ങളെക്കുറിച്ചാണ്‌. എന്തിനെയെങ്കിലും കുറിച്ചു നിങ്ങൾക്കൊരു സന്തോഷം തോന്നുന്നു, അതു മനസ്സിൽ നിറയുന്നു, വീട്ടിലെത്തി നിങ്ങൾ അതിനെക്കുറിച്ചൊന്നു പറയുകയാണ്‌, അതിനു മറുപടി വരുന്നത് ഇതായിരിക്കും: വിപരീതാർഥത്തിലുള്ള ഒരു ദീർഘനിശ്വാസം, ഒരു തലകുലുക്കൽ, വിരൽ കൊണ്ട് മേശപ്പുറത്തൊരു തട്ടും- ‘ ഓ, ഇതാണോ ഇത്ര വലിയ കാര്യം?’, അല്ലെങ്കിൽ ‘അവന്റെയൊരു വേവലാതികൾ!’, അല്ലെങ്കിൽ ‘ഇതിനൊന്നും എനിക്കിപ്പോൾ നേരമില്ല!’, അല്ലെങ്കിൽ ‘ഇതിനാണോ ഇത്ര പുകിൽ!’ ശരിയാണ്‌, അങ്ങയുട്എ ജീവിതം തന്നെ വേവലാതികൾ നിറഞ്ഞതായിരിക്കെ ബാലിശമായ നിസ്സാരതകൾക്കു കാതു കൊടുക്കാൻ അങ്ങയ്ക്കെവിടെ നേരം? അതായിരുന്നില്ല പക്ഷേ, വിഷയം. വിഷയം, കുട്ടിയ്ക്കു നിരന്തരം ഇച്ഛാഭംഗങ്ങൾ വരുത്താതിരിക്കാൻ, അവന്റെ പ്രകൃതത്തിനു വിരുദ്ധമാണ്‌ അങ്ങയുടെ പ്രകൃതം എന്നതിനാൽ അങ്ങയെക്കൊണ്ടാവില്ല എന്നതായിരുന്നു; അതു തന്നെയല്ല, ഈ വിരോധം അതിനുള്ള അവസരങ്ങൾ കൂടിവരുന്നതനുസരിച്ച് വർദ്ധിച്ചു വർദ്ധിച്ചു വന്നൊടുവിൽ ഒരിക്കലെങ്കിലും എന്റെ തന്നെ അഭിപ്രായമാണ്‌ അങ്ങയ്ക്കെന്നു വന്നാല്ക്കൂടി അതിനുമനുവദിക്കാത്ത ഒരു സ്വഭാവദാർഢ്യമായി മാറുകയും ചെയ്യുന്നു; ആത്യന്തികമായി കുട്ടിയുടെ മേൽ വച്ചുകെട്ടുന്ന ഈ നൈരാശ്യങ്ങൾ സാധാരണജീവിതത്തിന്റേതുമായിരുന്നില്ല, മറിച്ച്- സകലതിനും മാനദണ്ഡം അങ്ങായിരുന്നു എന്നതിനാൽ- മർമ്മത്തിൽ കൊള്ളുന്നതുമായിരുന്നു. ധൈര്യം, നിശ്ചയദാർഢ്യം, ആത്മവിശ്വാസം, എന്തിന്റെയെങ്കിലും പേരിലുള്ള സന്തോഷം ഇതൊന്നും നീണ്ടുനിന്നിരുന്നില്ല, ഇതിനൊക്കെ അങ്ങെതിരായിരുന്നു എന്നതു കാരണം, അല്ലെങ്കിൽ അങ്ങെയ്ക്കെതിർപ്പുണ്ടാകാം എന്ന വിശ്വാസം കാരണം; ഞാൻ ബന്ധപ്പെടുന്ന എന്തിലും ആ വിശ്വാസം നിശ്ചയമായും ശരിയായിരിക്കുകയും ചെയ്യും.
ചിന്തകളുടെ കാര്യത്തിൽ മാത്രമല്ല, ആളുകളുടെ കാര്യത്തിലും ഇതു ബാധകമായിരുന്നു. ഏതെങ്കിലുമൊരാളുടെ പേരിൽ ഞാൻ ചെറുതായൊരു താത്പര്യം പ്രകടിപ്പിക്കേണ്ട താമസം,-എന്റെ പ്രകൃതം വച്ച് അതധികമങ്ങനെ ഉണ്ടാവാനും പോകുന്നില്ല- എനിക്കെന്തു തോന്നുമെന്ന വിചാരമില്ലാതെ, എന്റെ വിലയിരുത്തലിൽ എന്തെങ്കിലും ന്യായമുണ്ടോയെന്ന ആലോചനയുമില്ലാതെ, അധിക്ഷേപവും അപവാദവുമായി അങ്ങു ചാടിവീഴുകയായി. ശിശുക്കളെപ്പോലെ നിഷ്കളങ്കരായവർ, ആ യിദ്ദിഷ് നടൻ ലോവി ഉദാഹരണം, അതിനിരകളായിട്ടുണ്ട്. അയാളെക്കുറിച്ചൊന്നുമറിയാതിരിന്നിട്ടും അങ്ങയാളെ, ഭീകരമായ ആ പ്രയോഗം ഞാനിപ്പോളോർക്കുന്നില്ല, ഒരു കീടത്തോടുപമിച്ചു; എനിക്കു താത്പര്യമുള്ളവരുടെ കാര്യം വരുമ്പോൾ അങ്ങയുടെ നാവിൻ തുമ്പത്തു റെഡിയായിട്ടുള്ള നായക്കളെയും ചെള്ളുകളെയും കുറിച്ചുള്ള ആ പഴഞ്ചൊല്ല് അങ്ങെടുത്തു പ്രയോഗിക്കുകയും ചെയ്തു. ലോവിയുടെ കാര്യം ഞാൻ പ്രത്യേകിച്ചോർക്കാൻ കാരണം അയാളെക്കുറിച്ചുള്ള അങ്ങയുടെ പ്രസ്താവം ഇങ്ങനെയൊരു കുറിപ്പോടെ ഞാൻ എഴുതിവച്ചിരുന്നു എന്നതാണ്‌: എന്റെ അച്ഛൻ എന്റെ ഒരു സ്നേഹിതനെക്കുറിച്ച് (അദ്ദേഹത്തിന്‌ അയാളെ അറിയുകപോലുമില്ല) സംസാരിക്കുന്നത് ഈ വിധത്തിലാണ്‌; അതിനു കാരണം അയാൾ എന്റെ സ്നേഹിതനായിപ്പോയി എന്നതു മാത്രം. ഒരു മകന്റെ സ്നേഹമോ നന്ദിയോ ഇല്ലെന്നു പറഞ്ഞ് അദ്ദേഹമെന്നെ എന്നെങ്കിലും കുറ്റപ്പെടുത്തിയാൽ അന്നെനിക്കെടുത്തു പ്രയോഗിക്കാൻ ഇതുണ്ടാവും. എന്തു മാത്രം മനോവേദനയും നാണക്കേടുമാണ്‌ അങ്ങെന്റെ മേൽ ഏല്പ്പിക്കുന്നതെന്ന കാര്യം അങ്ങറിയാതെപോകുന്നല്ലോ എന്നത് എക്കാലവും എനിക്കൊരു ദുരൂഹതയായിരുന്നു; സ്വന്തം ശക്തിയെക്കുറിച്ച് അങ്ങയ്ക്കൊരു ധാരണയുമില്ലാത്തപോലെയായിരുന്നു അത്. ഞാനും വാക്കുകൾ കൊണ്ട് അങ്ങയെ മുറിവേല്പ്പിച്ചിട്ടുണ്ട് എന്നതു ശരിതന്നെ; പക്ഷേ ആ ബോധം എനിക്കുണ്ടായിരുന്നു. എനിക്കതു പ്രയാസമുണ്ടാക്കിയിരുന്നു, എന്നാൽ അവയെ തടയാനുള്ള ആത്മനിയന്ത്രണം എനിക്കില്ലാതെ പോയി; പറയുമ്പോൾത്തന്നെ പറയേണ്ടതില്ലായിരുന്നല്ലോ എന്ന ഖേദം എന്നെ ബാധിച്ചുകഴിയും. അങ്ങ്യ്ക്കു പക്ഷേ രണ്ടാമതൊന്നാലോചിക്കാതെ തന്റെ വാക്കുകളെടുത്തു പെരുമാറാം; അതിന്റെ പേരിൽ ആരോടും അങ്ങ്യ്ക്കു ഖേദപ്രകടനം നടത്തേണ്ടതില്ല, ആ സമയത്തും അതിനു ശേഷവും- അങ്ങയെ ചെറുക്കുക എന്നതില്ല.

പക്ഷേ കുട്ടികളുടെ ശിക്ഷണത്തിന്റെ കാര്യത്തിൽ അങ്ങയുടെ സമീപനം ഇങ്ങനെ തന്നെയായിരുന്നു. അതിനുള്ളൊരു വാസന അങ്ങയ്ക്കുണ്ടായിരുന്നെവെന്ന് എനിക്കു തോന്നുന്നു; അങ്ങയുടെ തരത്തില്പ്പെട്ട ഒരു വ്യക്തിയുടെ വളർച്ചയ്ക്ക് അങ്ങയുടെ ചിട്ടകൾ തീർച്ചയായും ഗുണം ചെയ്തേനെ; അങ്ങനെയൊരാളായിരുന്നുവെങ്കിൽ അങ്ങയാളോടു പറയുന്നതിലെ യുക്തിയുക്തത കണ്ടറിഞ്ഞ്, അതിനപ്പുറമൊന്നും ചിന്തിച്ചു തല പുണ്ണാക്കാൻ പോകാതെ അങ്ങു പറയുന്നത് അതേപടി അനുസരിച്ചുനടന്നേനെ. പക്ഷേ, കുട്ടിയായ എനിക്ക് അങ്ങയുടെ ആക്രോശങ്ങൾ ദൈവകല്പനകളായിരുന്നു; ഞാനതു മറന്നില്ല; ലോകത്തെ വിലയിരുത്താൻ, അതിലുമുപരി അങ്ങയെ വിലയിരുത്താനുള്ള പരമപ്രധാനമായ ഉപാധിയായി അതെന്നോടൊപ്പമുണ്ടായിരുന്നു; അതിൽ അങ്ങു പൂർണ്ണമായും പരാജയപ്പെടുകയും ചെയ്തു. ഭക്ഷണസമയത്താണു ഞാൻ മിക്കപ്പോഴും അങ്ങയോടൊപ്പമുണ്ടാവുക എന്നതിനാൽ ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാവും പ്രധാനമായും അങ്ങയുടെ ശിക്ഷണം. മേശപ്പുറത്ത് എന്തു കാണുന്നുവോ, അതു കഴിച്ചിരിക്കണം; അതിന്റെ ഗുണത്തെക്കുറിച്ച് ഒരു ചർച്ചയും പാടില്ല- അങ്ങയ്ക്കു പക്ഷേ പലപ്പോഴുമത് വായിൽ വയ്ക്കാൻ കൊള്ളാത്തതായിരുന്നു, പിണ്ണാക്കായിരുന്നു, ആ പോത്ത് (വേലക്കാരി) കൊണ്ടുപോയി നശിപ്പിച്ചതായിരുന്നു. അങ്ങയുടെ കൂറ്റൻ വിശപ്പിനു ചേരുന്നപടി ചൂടാറാൻ നില്ക്കാതെ, വലിയ ഉരുളകളാക്കി, വാരിവാരി അൻഗു വിഴുങ്ങുമ്പോൾ അതിനൊപ്പമെത്താൻ കുട്ടിയ്ക്കു പണിപ്പെടേണ്ടിവന്നു; മേശയ്ക്കു ചുറ്റും ഗൗരവം നിറഞ്ഞ നിശ്ശ്ബ്ദതയായിരിയ്ക്കും; ഇടയ്ക്കിടെ അതിനെ ഭേദിച്ചുകൊണ്ട് അങ്ങയുടെ ശാസനകൾ കേൾക്കാം: ‘ആദ്യം വാരിക്കഴിക്കാൻ നോക്ക്, സംസാരമൊക്കെ പിന്നെയാകാം,’ ‘ വേഗം, വേഗം, വേഗം’, കണ്ടോ, ഞാൻ കഴിച്ചുകഴിഞ്ഞിട്ട് എത്ര കാലമായി.‘ എല്ലുകൾ കടിച്ചുടയ്ക്കാൻ പാടില്ല. പക്ഷേ അങ്ങയ്ക്കതാവാം. വിനാഗിരി ഒച്ചയുണ്ടാക്കിക്കുടിക്കരുത്, പക്ഷേ അങ്ങയ്ക്കാവാം. റൊട്ടി നേരേ മുറിയ്ക്കുക എന്നതാണു പ്രധാനം. ചാറൊലിക്കുന്ന കത്തി കൊണ്ടാണ്‌ അങ്ങതു ചെയ്യുന്നതെന്നത് വിഷയമേയല്ല. തറയിൽ എച്ചിലു വീഴാൻ പാടില്ല. പക്ഷേ ഭക്ഷണം കഴിയുമ്പോൾ ഏറ്റവുമധികം എച്ചിലു വീണിരിക്കുന്നത് അങ്ങയുടെ കസേരയ്ക്കടിയിലായിരിക്കും. ഭക്ഷണത്തിനിരിക്കുമ്പോൾ അതല്ലാതെ മറ്റൊന്നുമരുത്. അങ്ങയ്ക്കു പക്ഷേ നഖം മുറിയ്ക്കാം, പെൻസിൽ മുനകൂർപ്പിക്കാം, പല്ലുകുത്തിയെടുത്ത് ചെവി വൃത്തിയാക്കാം. അച്ഛാ, ഞാൻ പറയുന്നത് ശരിയായ അർഥത്തിലെടുക്കണേ: തീർത്തും നിസ്സാരമായ വിശദാംശങ്ങളായിരിക്കാം ഇതൊക്കെ. എനിക്കവ പീഡാജനകമായത് സകലതിനും മാനദണ്ഡമായ അങ്ങ് എന്നിൽ ചുമത്തിയ കൽപനകളെ സ്വയം അനുസരിക്കുന്നില്ല എന്നു വന്നപ്പോഴാണ്‌. ഇതെന്റെ ലോകത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചു: ഒന്നിൽ, എനിക്കു മാത്രമായി സൃഷ്ടിച്ചതും, എന്തു കാരണം കൊണ്ടോ എനിക്കു പൂർണ്ണമായി അനുസരിക്കാനാവാത്തതുമായ നിയമങ്ങൾക്കു വിധേയനായി ഞാൻ, അടിമ, ജീവിക്കുന്നു; പിന്നെ എന്റെ ലോകത്തു നിന്ന് അനന്തദൂരമകലെ രണ്ടാമതൊരു ലോകത്ത് ഭരണവും, ഉത്തരവുകളിറക്കലും, അവ അനുസരിക്കപ്പെടാത്തതിലെ ഈർഷ്യയുമൊക്കെയായി അങ്ങു ജീവിക്കുന്നു; ഒടുവിൽ, ആരെയും അനുസരിക്കേണ്ടതില്ലാതെ മറ്റു മനുഷ്യർ സന്തോഷത്തോടെ ജീവിക്കുന്ന മൂന്നാമത്തെ ലോകം. എനിക്കെന്നും അവമാനമായിരുന്നു; അങ്ങയുടെ കല്പനകളെ അനുസരിക്കുക- അതൊരവമാനമായിരുന്നു; അല്ലെങ്കിൽ ധിക്കരിച്ചുനടക്കുക- അതും അവമാനമായിരുന്നു; ഞാൻ അങ്ങയെ ധിക്കരിച്ചു നടക്കുന്നതെങ്ങനെ? അല്ലെങ്കിൽ, അങ്ങയുടെ ബലമോ, ആർത്തിയോ, ചുണയോ ഇല്ലാത്തതു കാരണം അങ്ങയുടെ കല്പനകൾ അനുസരിക്കാൻ പറ്റാതെവരിക; അതായിരുന്നു ഏറ്റവും വലിയ അവമാനം. കുട്ടിയുടെ ആലോചന- വികാരമല്ല- പോയത് ഈ വഴിക്കാണ്‌.

എന്റെ അന്നത്തെ അവസ്ഥ ഫെലിക്സിന്റെ ഇന്നത്തെ സ്ഥിതിയുമായി തട്ടിച്ചു നോക്കുമ്പോൾ കുറച്ചുകൂടി വ്യക്തമായേക്കാം. അങ്ങവനെ കൈകാര്യം ചെയ്യുന്നതും അതേപോലെതന്നെ- മാത്രമല്ല, തീർത്തും ഭീകരമായ ഒരു മുറ കൂടി അവന്റെ മേൽ അങ്ങു പ്രയോഗിക്കുന്നുണ്ട്: ഭക്ഷണസമയത്ത് വെടിപ്പില്ലാത്ത എന്തെങ്കിലും അവന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലാവട്ടെ, എന്നോടു പറഞ്ഞിട്ടുള്ള ’എന്തൊരു പന്നി!‘ എന്നു മാത്രം പറഞ്ഞാല്പ്പോരാ അങ്ങയ്ക്ക്; കൂടെ ’ഒന്നാന്തരമൊരു ഹെർമ്മൻ തന്നെ!‘ അല്ലെങ്കിൽ ’തന്തയ്ക്കു ചേർന്ന മകൻ!‘ എന്നുകൂടി കൂട്ടിച്ചേർത്താലേ അങ്ങയ്ക്കു തൃപ്തിയാവൂ. അതൊരു പക്ഷേ- ഒരുപക്ഷേ എന്നേ പറയാനാവൂ- ഫെലിക്സിനെ അടിസ്ഥാനപരമായി ബാധിക്കുന്നില്ലായിരിക്കാം; അങ്ങവനു വെറുമൊരു മുത്തശ്ശൻ മാത്രമാണല്ലോ; വിശേഷിച്ചും പ്രധാനപ്പെട്ടൊരാളെങ്കിലും എനിക്കായിരുന്ന മാതിരി എല്ലാമല്ല അങ്ങവന്. അതുമല്ല, ബഹളമില്ലാത്തതും, പാകം വന്നതെന്നു പറയാവുന്നതുമായ ഒരു പ്രകൃതമാണല്ലോ ഫെലിക്സിന്റേത്; ഇടിനാദം പോലത്തെ ഒച്ച കേട്ട് അവനൊന്നു പകച്ചുപോയേക്കാമെങ്കിലും അതവനെ സ്ഥായിയായി ബാധിക്കാൻ പോകുന്നില്ല. അതിനും പുറമെ വളരെച്ചുരുക്കമായേ അവന്‌ അങ്ങയോടൊപ്പം കഴിയേണ്ടിവരുന്നുള്ളു; പിന്നെ മറ്റു സ്വാധീനങ്ങളും അവനു മേലുണ്ട്. അവനെ സംബന്ധിച്ചിടത്തോളം വെറുമൊരു കൗതുകവസ്തു മാത്രമാണങ്ങ്; തനിക്കു വേണ്ടത് അതിൽ നിന്നവനു നോക്കിയെടുക്കാം. പക്ഷേ അങ്ങെനിക്കൊരു കൗതുകമായിരുന്നില്ല; വേണ്ടതു നോക്കിയെടുക്കേണ്ടതായിരുന്നില്ല, മൊത്തമായിട്ടെടുക്കേണ്ടതായിരുന്നു.

അതും ഒരു ചെറുത്തുനില്പ്പുമില്ലാതെ ഞാനെടുക്കേണ്ടിയുമിരുന്നു, കാരണം , താനംഗീകരിക്കാത്തതോ, താൻ നിർദ്ദേശിക്കാതതോ ആയ ഒരു കാര്യത്തെക്കുറിച്ച് അങ്ങയുമായി സമാധാനത്തോടെ സംസാരിക്കുക എന്നത് അസാദ്ധ്യം തന്നെയായിരുന്നല്ലോ; അങ്ങയുടെ നിർബന്ധബുദ്ധി അതിനനുവദിക്കുകയില്ല. തന്റെ ഹൃദയം പെട്ടെന്നു ചഞ്ചലിച്ചുപോകുന്നതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നതെന്നൊരു വിശദീകരണം അടുത്തകാലത്തായി അങ്ങു നല്കുന്നുണ്ട്. എന്നാൽ ഇങ്ങനെയല്ലാതിരുന്ന ഒരു കാലം എന്റെ ഓർമ്മയിലേയില്ല; ഇനി ഹൃദയചാഞ്ചല്യത്തെപ്പിടിച്ചുള്ള ഈ പറച്ചിൽ തന്റെ അധികാരം കൂടുതൽ കർശനമായി അടിച്ചേല്പ്പിക്കുന്നതിനുള്ളൊരു തന്ത്രം മാത്രമാണെന്നും വരാം; മറ്റേയാളിൽ എതിർപ്പിന്റെ ശേഷിച്ച ശ്വാസത്തെക്കൂടി അതു ഞെക്കിക്കൊല്ലുമല്ലോ. ഇതൊരു വിമർശനമല്ലേയല്ല, വെറും വസ്തുതാവിവരണം മാത്രം. ഓട്ട്ലയെക്കുറിച്ച് അങ്ങു പറയാറുണ്ട്: ’ അവളോടു സംസാരിക്കാനേ പറ്റില്ല- ചാടിക്കടിക്കാൻ വരും‘; ഒന്നാമതായി അവൾ അവൾ ചാടിക്കടിക്കാനൊന്നും വരാറില്ല എന്നതാണു പരമാർഥം. പറയുന്ന വിഷയത്തെ വ്യക്തിയുമായി കൂട്ടിക്കുഴയ്ക്കുകയാണങ്ങ്; വിഷയം അങ്ങയുടെ മേൽ ചാടിവീഴുകയാണ്‌; ഉടനേ മറ്റേയാൾക്കു പരയാനുള്ളതൊന്നും കേൾക്കാൻ നില്ക്കാതെ അങ്ങൊരു നിഗമനത്തിലെത്തുകയും ചെയ്യുകയാണ്‌. പിന്നെപ്പറയുന്നതൊക്കെ അങ്ങയെ കൂടുതൽ വെറി പിടിപ്പിക്കുകയേയുള്ളു, ബോധ്യപ്പെടുത്തുകയില്ല. അതിനു ശേഷം അങ്ങയുടെ മുഖത്തു നിന്നു വരുന്നതിതായിരിക്കും: ‘നിങ്ങളുടെയൊക്കെ ഇഷ്ടം പോലെ ചെയ്തോ; ഞാൻ പിടിച്ചു കെട്ടിയിടാനൊന്നും വരുന്നില്ല; മുതിർന്നില്ലേ, എനിക്കിനി ഉപദേശിക്കാനൊന്നുമില്ല’- ഇതൊക്കെപ്പറയുന്നതാവട്ടെ കോപവും ശാപവും ഉള്ളിലൊതുക്കിയ കാറിയ ഒച്ചയിലും. ഇന്നിതോർക്കുമ്പോൾ കുട്ടിക്കാലത്തെപ്പോലെ ഞാൻ കിടുങ്ങിപ്പോകുന്നില്ലെങ്കിൽ അതിനു കാരണം കുട്ടിയുടെ കുറ്റബോധം നാമിരുവരും പങ്കുവയ്ക്കുന്ന നിസ്സഹായതയിലേക്ക് എനിക്കു കിട്ടിയ ഒരുൾക്കാഴ്ചയ്ക്ക് വഴിമാറിക്കൊടുത്തതുകൊണ്ടുമാത്രമാണ്‌.

സമാധാനത്തോടെ ഒത്തുപോകാൻ നമുക്കു കഴിയാത്തതിന്‌ വളരെ സ്വാഭാവികമായ മറ്റൊരു പരിണതഫലം കൂടിയുണ്ടായി: എന്റെ വായടഞ്ഞു. മറ്റൊരു ചുറ്റുപാടായിരുന്നെങ്കിലും ഞാൻ വലിയ പ്രഭാഷകനൊന്നുമാവാൻ പോകുന്നില്ല; പക്ഷെ തട്ടിത്തടയാത്ത, സാമാന്യമായ മനുഷ്യഭാഷ എനിക്കു സ്വായത്തമായേനെ. എന്നാൽ തുടക്കത്തിലേ അങ്ങെനിക്കു വാക്കു വിലക്കി. ‘എതിർത്തൊരു വാക്കു മിണ്ടിപ്പോകരുത്!’-അങ്ങയുടെ ഭീഷണിയും, അതിന്റെ കൂടെയുണ്ടായിരുന്ന ഉയർത്തിയ കൈയും അതിപ്പിന്നെ എന്നെപ്പിരിയാതെ കൂടി. അങ്ങയിൽ നിന്നെനിക്കു കിട്ടിയത് -സ്വന്തം കാര്യം വരുമ്പോൾ കേമനായൊരു പ്രഭഷകനായിരുന്നല്ലോ അങ്ങ്- പതറിയതും വിക്കുന്നതുമായ ഒരു സംസാരരീതിയായിരുന്നു; അതുപോലും പക്ഷേ, അധികപ്പറ്റായിരുന്നു അങ്ങയ്ക്ക്; ഒടുവിൽ ഞാൻ വാ തുറക്കാതെയായി; ആദ്യം അതൊരു ധിക്കാരം കാണിക്കലായിരുന്നിരിക്കാം; പിന്നീടത് അങ്ങയുടെ സാന്നിദ്ധ്യത്തിൽ ചിന്തിക്കാനോ സംസാരിക്കാനോ എനിക്കു കഴിയാത്തതു കൊണ്ടുതന്നെയായി. അങ്ങായിരുന്നു എന്റെ യഥാർഥ ഉപദേഷ്ടാവെന്നതിനാൽ എന്റെ ജീവിതത്തിന്റെ സമസ്തമേഖലകളിലും അതിന്റെ ഛായ വീഴുകയും ചെയ്തു. ഞാൻ ഒരുകാലത്തും അങ്ങയെ അനുസരിച്ചുനടന്നിട്ടില്ലെന്നാണ്‌ അങ്ങു വിശ്വസിക്കുന്നതെങ്കിൽ എടുത്തുപറയേണ്ടൊരു പിശകായിരിക്കുമത്. അങ്ങു വിശ്വസിക്കുമ്പോലെ, അങ്ങു കുറ്റപ്പെടുത്തുമ്പോലെ ‘എന്നുമെതിർപ്പ്’ എന്നതായിരുന്നില്ല സത്യമായും അങ്ങയോടുള്ള എന്റെ ജീവിതപ്രമാണം. നേരേമറിച്ച് ഇത്രയും അനുസരണശീലം ഞാൻ കാണിക്കാതിരുന്നെങ്കിൽ അങ്ങയ്ക്കെന്നിൽ ഇതിലും തൃപ്തി തോന്നിയേനെ. അങ്ങനെയല്ല ഉണ്ടായത്; എന്നെ വളർത്താൻ അങ്ങുപയോഗിച്ച മുറകളൊന്നും കുറിയ്ക്കു കൊള്ളാതെ പോയില്ല; ഒരു നീക്കത്തിലും പെടാതെ പോയില്ല ഞാൻ; ഇന്നത്തെ ഈ ഞാൻ (എന്റെ അടിസ്ഥാനപ്രകൃതിയും എന്റെ ജീവിതത്തിന്‌ എന്റെ മേലുണ്ടായ സ്വാധീനവും കണക്കിലെടുത്തുകൊണ്ടുതന്നെ) അങ്ങയുടെ ശിക്ഷണത്തിന്റെയും എന്റെ അനുസരണയുടെയും അനന്തരഫലമത്രെ. എന്നിട്ടുകൂടി ഈ ഫലം അങ്ങയ്ക്കു മനോവേദനയുണ്ടാക്കുന്നെങ്കിൽ(തന്റെ ശിക്ഷണത്തിന്റെ ഫലമാണിതെന്നംഗീകരിക്കാൻ അബോധപൂർവമായി അങ്ങു ശ്രമിക്കുന്നുണ്ടെന്നതു നിശ്ചയം) അതിനു കാരണം എന്റെ കളിമണ്ണ്‌ അങ്ങയുടെ കൈകൾക്ക് അത്രയ്ക്കന്യമായിരുന്നു എന്നതുതന്നെ. ‘എതിർത്തൊരു വാക്കു മിണ്ടിപ്പോകരുത്!’ എന്നു പറയുമ്പോൾ അങ്ങുദ്ദേശിച്ചത് എന്നിലുള്ള എതിർശക്തികളുടെ വായടയ്ക്കുക എന്നതായിരുന്നു; പക്ഷേ എനിക്കു താങ്ങാനാവാത്തതായിരുന്നു അതിന്റെ പ്രഭാവം; അത്രയും മെരുങ്ങിപ്പോയിരുന്നു ഞാൻ; ഞാൻ ഒന്നും മിണ്ടാതെയായി; ഞാനങ്ങയെ ഒളിച്ചുനടന്നു; അങ്ങയിൽ നിന്നത്രയകലെ, അങ്ങയുടെ അധികാരം നേരിട്ടെങ്കിലും എന്നിലേക്കെത്താത്തൊരു ദൂരത്തെത്തിയിട്ടേ ഒന്നനങ്ങാൻ കൂടി ഞാൻ ധൈര്യപ്പെട്ടുള്ളു. എന്നാൽ എന്നെ കാണുമ്പോൾ സകലതും ‘എതിർപ്പാ’യി അങ്ങയ്ക്കു തോന്നി; അതേസമയം അങ്ങയുടെ ബലത്തിന്റെയും എന്റെ ദൗർബല്യത്തിന്റെയും സ്വാഭാവികപരിണാമമായിരുന്നു ഒക്കെയും.

എന്റെ ശിക്ഷണത്തിനായി അങ്ങെടുത്തുപയോഗിച്ചിരുന്ന അങ്ങേയറ്റം ഫലപ്രദവും, എന്റെ കാര്യത്തിലെങ്കിലും, ഒരിക്കലും പിഴയ്ക്കാത്തതുമായ ഭാഷണതന്ത്രങ്ങൾ ഇവയായിരുന്നു: അധിക്ഷേപം, ഭീഷണി, വിപരീതാർഥപ്രയോഗം, വിദ്വേഷമൊളിപ്പിച്ച ചിരി, പിന്നെ-വിചിത്രമെന്നു പറയട്ടെ- ആത്മാനുകമ്പയും.
അങ്ങെന്നെ നേരിട്ടധിക്ഷേപിച്ചതായി എന്റെ ഓർമ്മയിലില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ലല്ലോ: അങ്ങയുടെ കൈവശം മറ്റെന്തൊക്കെ മാർഗ്ഗങ്ങളുണ്ടായിരുന്നു. തന്നെയുമല്ല, വീട്ടിലും, കടയിൽ പ്രത്യേകിച്ചും, അന്യരുടെ തലകൾ ലക്ഷ്യമാക്കി തൊടുത്തുവിടുന്ന എത്രയെങ്കിലും അധിക്ഷേപങ്ങൾ കൂട്ടമായി വന്ന് എന്നെ പൊതിഞ്ഞിരുന്നു; ചെറിയ കുട്ടിയായ ഞാൻ പലപ്പോഴും അതുകേട്ട് പകച്ചുനിന്നുപോയിട്ടുണ്ട്; ആ വാക്കുകളുടെ ലക്ഷ്യസ്ഥാനത്ത് സ്വയം നിർത്തിനോക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല, കാരണം, ആ വാക്കുകൾ കൊണ്ട് അങ്ങധിക്ഷേപിക്കുന്നവർ എന്നെക്കാൾ മോശക്കാരായിരുന്നില്ലല്ലോ; അങ്ങയ്ക്കവരോടുള്ള അതൃപ്തി എന്നോടുള്ള അതൃപ്തിയെക്കാൾ ഒട്ടുമധികവുമായിരുന്നില്ല. ഇവിടെയും അങ്ങയുടെ നിരപരാധിത്വവും അലംഘനീയതയ്ഉം എനിക്കു പിടികിട്ടാത്തതായിരുന്നു. താനെന്താണു ചെയ്യുന്നതെന്ന് രണ്ടാമതൊന്നാലോചിക്കാതെ അങ്ങയ്ക്ക് അധിക്ഷേപങ്ങൾ വിളിച്ചുപറയാം- അതേസമയം മറ്റുള്ളവർ മോശം വാക്കുപയോഗിച്ചാൽ അങ്ങതിനെ പഴിയ്ക്കും, വിലക്കുകയും ചെയ്യും.

അധിക്ഷേപത്തിനു ബലം കിട്ടാനായി ഭീഷണികളും അങ്ങെടുത്തുപയോഗിച്ചിരുന്നു; എന്നെയാണ്‌ അവ പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്. ‘ഞാൻ നിന്നെ പിച്ചിക്കീറും-മീനെപ്പോലെ!’ എന്നതുപോലെയുള്ള ഭീഷണികൾ കേട്ട് ഞാൻ വിരണ്ടുപോയിട്ടുണ്ട്. അങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നറിയാമായിരുന്നെങ്കില്ക്കൂടി (പക്ഷേ ചെറിയ കുട്ടിയായിരിക്കുമ്പോൾ അതെനിക്കറിയില്ലായിരുന്നു) അതിനും പോരുന്നയാളാണങ്ങെന്ന ധാരണ ബലപ്പെടുത്താൻ അതിനായി. മറ്റൊരു ഭീകരാനുഭവമുള്ളതിതായിരുന്നു: എന്നെ പിടികൂടാനെന്നപോലെ ഒച്ചയും കൂട്ടി അങ്ങെന്നെ മേശയ്ക്കു ചുറ്റുമിട്ടോടിയ്ക്കും; ഒടുവിൽ അമ്മ വന്ന് എന്നെ രക്ഷപ്പെടുത്തുകയാണെന്നു ഭാവിക്കും. കുട്ടിയ്ക്കു വീണ്ടും തോന്നുകയാണ്‌, അങ്ങയുടെ കാരുണ്യം കൊണ്ടാണ്‌ താൻ ജീവനോടിരിക്കുന്നതെന്ന്, അർഹതയില്ലാതെ തനിയ്ക്കങ്ങയിൽ നിന്നു കിട്ടിയൊരു ദാനമാണ്‌ താൻ ഈ കൊണ്ടുനടക്കുന്ന ജീവിതമെന്ന്. അനുസരണകേടിന്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള അങ്ങയുടെ ഭീഷണികളെക്കുറിച്ചു പരാമർശിക്കേണ്ടതും ഇവിടെത്തന്നെ. അങ്ങയ്ക്കു ഹിതമല്ലാത്ത എന്തിനെങ്കിലും ഞാനൊരുങ്ങുകയും, അതു പരാജയപ്പെടുകയേയുള്ളൂവെന്ന് അങ്ങു ഭീഷണിപ്പെടുത്തുകയും ചെയ്തുകഴിഞ്ഞാൽപ്പിന്നെ അതു പരാജയപ്പെട്ടിരിക്കും, അപ്പോൾത്തന്നെയല്ലെങ്കിൽ അധികം വൈകാതെ; അത്രയ്ക്കായിരുന്നു അങ്ങയുടെ അഭിപ്രായങ്ങളോട് എനിക്കുള്ള ഭയവും ബഹുമാനവും. സ്വന്തമായി എന്തെങ്കിലുമൊന്നു ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കു നഷ്ടപ്പെട്ടു. എന്റെ മനസ്സുറപ്പു നഷ്ടപ്പെട്ടു, സംശയങ്ങൾ ഒഴിയാതെയായി. എനിക്കു പ്രായമേറുന്നതോടെ എന്റെ നിഷ്പ്രയോജനതയ്ക്ക് കൂടുതൽ തെളിവുകൾ അങ്ങയ്ക്കു കൈയിലാവുകയായിരുന്നു; ഒരുവിധത്തിൽ പറഞ്ഞാൽ, കാലക്രമേണ അങ്ങയുടെ വിലയിരുത്തൽ ശരിയാവുകയായിരുന്നു. അങ്ങൊരാൾ കാരണമാണു ഞാൻ ഈ വിധമായതെന്നു സ്ഥാപിക്കാനല്ല ഞാൻ ശ്രമിക്കുന്നതെന്നു ആവർത്തിക്കട്ടെ; നേരത്തേയുണ്ടായിരുന്ന ഒന്നിനെ ബലപ്പെടുത്തുകയേ അങ്ങു ചെയ്തിട്ടുള്ളു; എന്നെ സംബന്ധിച്ചിടത്തോളം അത്രയും പ്രബലനായ അങ്ങ് സ്വന്തം കരുത്തു മുഴുവൻ അതിനായി വിനിയോഗിക്കുകയും ചെയ്തു.

ശിക്ഷണത്തിൽ വിപരീതാർഥപ്രയോഗത്തിന്റെ സാധ്യതകൾ അങ്ങു കാര്യമായിത്തന്നെ പ്രയോജനപ്പെടുത്തിയിരുന്നു. എനിക്കു മേൽ അങ്ങയ്ക്കുള്ള അധീശത്വത്തിനു ചേർന്നുപോകുന്നതുമായിരുന്നു അത്. അങ്ങയുടെ ശാസനകൾക്ക് പൊതുവേ ഇങ്ങനെയൊരു രൂപമായിരിക്കും: ‘നിനക്കതങ്ങനെ ചെയ്താൽ പോരായിരുന്നോ? നിന്നെക്കൊണ്ടതു പറ്റില്ലായിരിക്കും, അല്ലേ? അല്ലപിന്നെ, നിനക്കതിനു നേരവുമെവിടിരിക്കുന്നു!’ ഇങ്ങനെ. ഈ ഓരോ ചോദ്യത്തിനും അകമ്പടിയായി പകയൊളിപ്പിച്ച ഒരു ചിരിയും പകയൊളിപ്പിച്ച ഒരു മുഖവുമുണ്ടാകും. താനെന്തു തെറ്റു ചെയ്തു എന്നറിയും മുമ്പേ കുട്ടിയ്ക്കു ശിക്ഷ കിട്ടിക്കഴിഞ്ഞു. ആ ഭത്സനങ്ങളാവട്ടെ, ഭ്രാന്തു പിടിപ്പിക്കുന്നവയുമായിരുന്നു: കോപിച്ചുപോലും നേരിട്ടൊരക്ഷരം മിണ്ടിക്കൂടാത്തൊരാളെപ്പോലെയാണു നിങ്ങൾ; മൂന്നാമതൊരാളാണു നിങ്ങൾ; പ്രത്യക്ഷത്തിൽ അമ്മയോടാണു പറയുന്നതെങ്കിലും അവിടെയിരിക്കുന്ന എന്നെ കൊള്ളിച്ചാണ്‌ അങ്ങു സംസാരിക്കുന്നത്- ഉദാഹരണത്തിന്‌: ‘നമ്മുടെ കേമനായ പുത്രനിൽ നിന്ന് അത്രയൊക്കെ പ്രതീക്ഷിക്കാൻ പറ്റുമോ?’ എന്ന രിതിയിൽ. ( ഈ കളി തിരിച്ചുമുണ്ട്: അമ്മയുണ്ടെങ്കിൽ അങ്ങയോടു നേരിട്ടു സംസാരിക്കാൻ എനിക്കു ധൈര്യം വരില്ല; പിന്നീട് അതൊരു ശീലമായിക്കഴിഞ്ഞപ്പോൾ അതു സ്വപ്നം കാണാൻ കൂടി എനിക്കു കഴിയാതെയായി. അങ്ങയോടു ചോദിക്കേണ്ട ചോദ്യങ്ങൾ അടുത്തിരിക്കുന്ന അമ്മയോടു ചോദിക്കുന്നതായൊരുന്നു കുട്ടിയ്ക്കു കൂടുതൽ സുരക്ഷിതം; അവൻ ചോദിക്കും: ‘അച്ഛനു സുഖമല്ലേ?’ അപ്രതീക്ഷിതമായ അപായങ്ങളിൽ നിന്ന് അവൻ അങ്ങനെ സ്വയം രക്ഷിച്ചുപോന്നു.)

Saturday, June 12, 2010

റൂമി-5

image

കൈനീട്ടിയാലെത്തില്ല
മാനമതിനാൽ
മുട്ടുകുത്തി നിലത്തെ
പുണരുന്നു ഞാൻ.

*

ഇടിവെട്ടും പോലുച്ചരിച്ചു ഞാൻ
കടലിന്റെ നിഗൂഢതകൾ,
പിന്നെത്തീരത്തനക്കമറ്റുറങ്ങി ഞാൻ
പെയ്തൊഴിഞ്ഞ മേഘം പോലെ.

*

കാലം വെട്ടിച്ചുരുക്കുന്നു
മനുഷ്യന്റെ മദിരോത്സവം,
മരണത്തിൻ ചെന്നായ പതുങ്ങുന്നു
ആട്ടിൻപറ്റത്തിൽ ചാടിവീഴാൻ.

*

ഈ നിമിഷം മനസ്സിലോർത്തുവയ്ക്കൂ,
ഈ നിമിഷം വിട്ടുപൊയ്ക്കഴിഞ്ഞാൽ
അതു പോയ വഴി തേടി നീ നടക്കും
ഒരുനൂറു വിളക്കും കണ്ണുമായി.

*

സൂര്യനു വിരോധിയൊരാൾ
പുരപ്പുറത്തു കയറിപ്പറ്റുന്നു,
കണ്ണും പൊത്തിക്കൂവുന്നു:
“കഷ്ടം, സൂര്യൻ ചത്തുപോയി!”

*

കടലിലുപ്പലിയുമ്പോലെ
ദൈവത്തിൻ കടലെന്നെ വിഴുങ്ങി,
ഇന്നെനിക്കില്ല വിശ്വാസ,മവിശ്വാസം,
സന്ദേഹം, തീർച്ചകളും.

*

എന്റെയുള്ളിൽപ്പൊടുന്നനേ
കൺതുറന്നൊരു ദീപ്തതാരം,
ആ വെളിച്ചത്തിൽപ്പൊലിയുന്നു
മാനത്തെ നൂറു സൂര്യന്മാർ.

*

ഈ ലോകത്തിനു തീകൊളുത്തി
അതിലെന്നെയവൻ കിടത്തി,
എന്റെ ചിത നക്കിയെടുക്കുന്നു
ഒരു നൂറു തീനാവുകൾ.

*

അവന്റെ വിരൽത്തുമ്പിൽ നിന്നു
ചോരയിറ്റുന്നതു കണ്ടില്ലേ,
എന്റെ ചോരയിൽ കൈ കഴുകാൻ
അവനെന്താണിത്ര കൊതി!

*

എന്റെ ഹൃദയത്തിന്റെ രാവിലേക്കൊ-
രിടുക്കുവഴിയിലൂടെക്കടന്നു ഞാൻ,
അവിടെക്കാണുന്നു ഹാ, വെളിച്ചം,
ഒരു പകലിന്നതിരറ്റ ദേശം!

*

അന്യരെ പകർത്തിയെഴുതി
തന്നത്താനറിയാൻ ശ്രമിച്ചു ഞാൻ,
എന്തു ചെയ്യാനെന്നറിയില്ല,
എന്നെയെനിക്കറിയില്ല,
കണ്ണു കാണാതെ നടക്കുമ്പോൾ
ആരോ പേരു വിളിക്കുന്നു,
പടി കടന്നു പുറത്തേയ്ക്ക്
കാലെടുത്തു വച്ചു ഞാൻ.

*

 

link to image

Friday, June 11, 2010

ബോർഹസ്-അതിരുകൾ

image

എനിക്കോർമ്മ കിട്ടാത്തൊരു വരിയുണ്ട്, വെർലൈന്റെ,
എന്റെ കാലടികൾ മൊഴി ചൊല്ലിയൊരു തെരുവുണ്ട്, അരികെത്തന്നെ,
എന്നെയൊടുവിൽക്കണ്ടൊരു കണ്ണാടിയുണ്ട്,
ലോകാവസാനം വരെയ്ക്കുമായി ഞാൻ കൊട്ടിയടച്ചൊരു വാതിലുണ്ട്,
എന്റെ പുസ്തകശേഖരത്തിനിടയിൽ (ഞാനതു വില്ക്കാനും പോവുകയാണ്‌)
ഞാനിതേവരെ തുറന്നുനോക്കാത്തൊരു പുസ്തകമുണ്ട്,
ഈ വേനല്ക്കെനിക്കു പ്രായം അമ്പതാകും,
കരളലിവില്ലാത്ത മരണം എന്നെ കാർന്നെടുക്കുകയുമാണ്‌.


link to image

കാഫ്ക-അയാള്‍

ScanImage001

ഈ ലോകത്തെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനാണയാൾ, എന്തെന്നാൽ ഭൂമിയുടെ ഏതു കോണിലുമെത്താവുന്ന വിധം നീളമുള്ള , എന്നാൽ ഭൂമിയുടെ അതിരുകൾ വിട്ടുപോകാനുള്ള നീളമില്ലതാനും, ഒരു ചങ്ങല കൊണ്ടു ബന്ധിച്ചിരിക്കുകയാണയാളെ. അതേസമയം തന്നെ, സ്വർഗ്ഗത്തിലെ സ്വതന്ത്രനും സുരക്ഷിതനുമായ ഒരു പൗരനുമാണയാൾ, കാരണം മേല്പ്പറഞ്ഞ കണക്കിനുള്ള ഒരു സ്വർഗ്ഗീയച്ചങ്ങല കൊണ്ടും അയാളെ ബന്ധിച്ചിട്ടുണ്ടല്ലോ. അതു കാരണം ഭൂമിയിലേക്കിറങ്ങാൻ അയാൾക്കൊന്നു തോന്നിയാൽ സ്വർഗ്ഗത്തെ കോളറും ചങ്ങലയും അയാളുടെ കഴുത്തു ഞെരിക്കും; സ്വർഗ്ഗത്തേക്കുയരാൻ തോന്നിയാൽ ഭൂമിയിലെ ചങ്ങലയും വിടില്ല. എന്നാലുമെന്താ, സാധ്യതകളെല്ലാം അയാളുടേതാണല്ലോ, അതങ്ങനെ തന്നെയാണെന്ന് അയാൾക്കു ബോധവുമുണ്ട്. തുടക്കത്തില്‍ തന്നെ ചങ്ങലയ്ക്കിട്ട രീതിയിൽ എന്തെങ്കിലും പിശകുണ്ടായി എന്നു സമ്മതിക്കാനും അയാൾ ഒരുക്കമല്ല എന്നതാണു പരമാർഥം.

*

സ്വന്തം തീൻമേശയിൽ നിന്നു വീഴുന്ന ഉച്ഛിഷ്ടങ്ങൾ പെറുക്കിത്തിന്നുകയാണയാൾ; തന്മൂലം അല്പനേരത്തേക്കെങ്കിലും മറ്റുള്ളവരേക്കാൾ തൃപ്തനാണു താനെന്ന് അയാൾക്കു തോന്നലുമുണ്ടാവുന്നുണ്ട്. പക്ഷേ മേശപ്പുറത്തിരുന്നു കഴിക്കുന്ന രീതിയും അയാൾ മറന്നുപോകുന്നു. അത്നിനാൽപ്പിന്നെ ഉച്ഛിഷ്ടങ്ങളും ഇല്ലാതെയാകുന്നു.

*

അയാളുടെ ഇംഗിതത്തിനൊത്തുതന്നെ സകലതും അതാതിന്റെ കണക്കിനു നടക്കുകയും, നിർമ്മാണം പുരോഗമിക്കുകയും ചെയ്തു. ചെത്തിയെടുത്ത്, ഉറപ്പിക്കാൻ തയാറാക്കിവച്ചിരുന്ന മാർബിൾ ശിലകൾ വിദേശീയരായ പണിക്കാർ എടുത്തു കൊണ്ടു വന്നു. അയാളുടെ വിരലിന്റെ ചലനങ്ങൾക്കനുസരിച്ച് ശിലാഖണ്ഡങ്ങൾ ഉയരുകയും സ്ഥാനത്തു വീഴുകയും ചെയ്തു. മറ്റൊരു മന്ദിരവും ഈ ദേവാലയം പോലെ ഇത്ര വേഗത്തിൽ പണിതീർന്നിട്ടില്ല; അഥവാ, ദേവാലയങ്ങൾ ഏതുവിധം നിർമ്മിക്കണം എന്നതിനു നിദർശനമായിരുന്നു ഇതിന്റെ നിർമ്മിതി. പക്ഷേ ഒന്നുണ്ടായിരുന്നത്, ഓരോ ശിലാഖണ്ഡത്തിലും - ഏതു കന്മടയിൽ നിന്നാണോ അവ ചെത്തിയെടുത്തത്?- എന്തൊക്കെയോ കുത്തിക്കുറിക്കലുകൾ; ബുദ്ധിയുറയ്ക്കാത്ത കുട്ടികളുടെ കൈക്രിയകൾ പോലെ, നീരസപ്പെടുത്താനോ വികൃതമാക്കാനോ പൂർണ്ണമായും നശിപ്പിക്കാനോ ഉള്ള ഉദ്ദേശ്യത്തോടെ പ്രാകൃതരായ ഗിരിവാസികൾ കോറിയിട്ടപോലെ; അത്രയും മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കല്ലിൽ വരഞ്ഞിട്ടിരിക്കുകയാണവയെ, ദേവാലയം മണ്ണടിഞ്ഞാലും അനന്തകാലം വായിക്കാൻ പറ്റണം അതെന്നപോലെ.
*

 

 

(from the blue octavo notebooks)

Thursday, June 10, 2010

നെരൂദ-റോസാപ്പൂവിന്‌,

image


റോസാപ്പൂവിന്‌,
ഈ റോസാപ്പൂവിന്‌,
ഒന്നുമാത്രമായ,
അഴകാർന്ന,
വിടർന്ന,
പാകമായ
റോസാപ്പൂവിന്‌,
അതിന്റെ സൂര്യപടക്കയങ്ങൾക്ക്,
ആ ചുവന്ന മാറിന്റെ സ്ഫോടനത്തിന്‌.
ആളുകൾ കരുതി,
അതെ,
ആളുകൾ കരുതി,
ഞാൻ നിന്നെ ത്യജിച്ചതാണെന്ന്,
ഞാൻ നിന്നെ കീർത്തിക്കുകയില്ലെന്ന്,
നീയെന്റേതല്ലെന്ന്, റോസാപ്പൂവേ,
അന്യരുടേതാണു നീയെന്ന്,
നിന്നെ നോക്കാതെയാണെന്റെ
പോക്കെന്ന്,
മനുഷ്യരും
അവരുടെ കലഹങ്ങളുമേ
എന്റെ മനസ്സിലുള്ളുവെന്ന്.
അതു സത്യമല്ല, റോസാപ്പൂവേ,
നിന്നെ എനിക്കു സ്നേഹമാണ്‌.
യൗവനത്തിലെനിക്കു പ്രിയം
ഗോതമ്പുകതിരുകളെയായിരുന്നു,
മാതളപ്പഴങ്ങളെയായിരുന്നു,
പൊന്തകളിലെ മുരട്ടുപൂക്കളെയായിരുന്നു
എനിക്കു പ്രിയം,
കാട്ടുലില്ലികളെയായിരുന്നു.
അത്രയും സുഭഗയായിരുന്നു
നീയെന്നതിനാൽ
എനിക്കു പുച്ഛമായിരുന്നു
നിന്റെ നിവർന്ന നിറവിനെ,
നിന്റെ കഞ്ചുകത്തിന്റെ പുലരിപ്പട്ടിനെ,
അലസവും ഉദ്ധതവുമായ
നിന്റെ യാതനയെ,
ഇതളിതളായി
നിന്റെ നിധി ചിതറിത്തീരും വരെ
കത്തിനിന്നിരുന്നുവല്ലോ നീ.

നീയെന്റേതാണു
റോസാപ്പൂവേ,
ഭൂമിയിലെ
മറ്റെന്തും പോലെ,
കവിയ്ക്കാകുമോ
നിന്റെ ജ്വലിക്കുന്ന ചഷകത്തിനു നേർക്കു
കണ്ണടയ്ക്കാൻ,
നിന്റെ സൗരഭ്യത്തിനു മുന്നിൽ
ഹൃദയം കൊട്ടിയടയ്ക്കാൻ.
റോസാപ്പൂവേ, നീ ബലത്തവൾ:
എന്റെ തോപ്പിൽ മഞ്ഞു വീഴുന്നതു
ഞാൻ കണ്ടിരിക്കുന്നു:
മഞ്ഞു മരവിപ്പിച്ചു
ജീവിതത്തെ,
വന്മരങ്ങളുടെ
കൊമ്പുകളൊടിഞ്ഞു,
നീ മാത്രം,
റോസാച്ചെടിയേ,
ബാക്കി നിന്നതു
നീ മാത്രം,
മനസ്സുറച്ചവൾ,
തണുപ്പത്തും മറയ്ക്കാത്തവൾ,
മണ്ണിനെപ്പോലെ നീ,
ബന്ധു നീ
ഉഴവന്‌,
ചെളിയ്ക്ക്,
മഞ്ഞിന്‌,
പില്ക്കാലം പിന്നെ
കൃത്യത്തിന്‌
ഒരു റോസാപ്പൂവിന്റെ പിറവി,
ഒരു നാളത്തിന്റെ നാമ്പെടുക്കൽ.

പണിക്കാരിപ്പൂവേ,
നീ പണിയെടുത്തുണ്ടാക്കുന്നു
നിന്റെ സുഗന്ധതൈലം,
നീ പരുവപ്പെടുത്തുന്നു
നിന്റെ ശോണസ്ഫോടനത്തെ, വെണ്മയെ,
മഞ്ഞുകാലമുടനീളം
നീ നിലം പരതുന്നു,
നീ കുഴിച്ചെടുക്കുന്നു
ധാതുക്കളെ,
ഖനി തുരന്നുപോകുന്നോളേ,
അടിയിൽ നിന്നു
തീ വലിച്ചെടുക്കുന്നു നീ,
പിന്നെ വിടരുന്നു നീ
വെളിച്ചത്തിന്റെ തേജസ്സ്,
അഗ്നിയുടെ അധരം,
സൗന്ദര്യത്തിന്റെ ദീപം.

നീ
എന്റേത്.
എന്റേതും എല്ലാവരുടേതും,
ഞങ്ങൾക്കു കഷ്ടിയാണു
നിന്നെ നോക്കിനില്ക്കാൻ
നേരമെങ്കിലും,
നിന്റെ നാളങ്ങളാളിക്കത്തിക്കാൻ
ജീവിതമെങ്കിലും,
റോസാപ്പൂവേ,
നീ ഞങ്ങൾക്കുള്ളത്,
കഴിഞ്ഞ കാലത്തിൽ നിന്നു
നീ വരുന്നു,
മുന്നോട്ടു പോകുന്നു,
ഉദ്യാനങ്ങളിൽ നിന്നിറങ്ങി നീ
ഭാവിയിലേക്കു പോകുന്നു.
മനുഷ്യന്റെ
വഴികളിലൂടെ
നീ നടക്കുന്നു,
തകർക്കാൻ പറ്റാത്തവൾ, വിജയി,
ഒരു പതാകയുടെ
മുകുളം നീ.
നിന്റെ സൗരഭ്യത്തിന്റെ
ദൃഢവും പേലവവുമായ കൊടിക്കീഴിൽ
ഉദാത്തയായ ഭൂമി
മരണത്തെ ജയിച്ചുവല്ലോ,
വിജയം നിന്റെ ജ്വാലയുമായി.

Wednesday, June 9, 2010

നെരൂദ- മണ്ണിനൊരു വാഴ്ത്ത്

 

image

ഞാൻ വാഴ്ത്തുന്നത്
ധൂർത്തയായ മണ്ണിനെയല്ല,
വേരുകൾക്കു തള്ളയായ
തേവിടിശ്ശിയെയല്ല,
പഴവും കിളിയും
ചെളിയും ഒഴുകുന്ന ചോലകളും
നിറഞ്ഞ ധാരാളിയെയല്ല,
ഗൗളികൾക്കു സ്വദേശത്തെയല്ല,
കതിർക്കിരീടം വച്ച
പോർമുലക്കാരി സുൽത്താനയെയല്ല,
കാട്ടുപൂച്ചയുടെ
ഈറ്റില്ലത്തെയല്ല,
കൊഴുവോടിയ മണ്ണിനെയല്ല,
പാട്ടും പാടി
പുലരിയെ എതിരേൽക്കാൻ
നോറ്റിരിക്കുന്ന
കുഞ്ഞിക്കൂടുകൾ പോലത്തെ
വിത്തുകൾ
ഗർഭത്തിൽപ്പേറുന്നവളെയല്ല,
അല്ല,
ഞാൻ സ്തുതിക്കുന്നതു
ധാതുക്കളുടെ ഭൂമിയെ,
ആൻഡീസിലെ പാറയെ,
ചാന്ദ്രമരുഭൂവിലെ
കൊടുംവടുവിനെ,
അതിരറ്റ ലവണപ്പരപ്പിനെ,
എന്റെ സങ്കീർത്തനം
ഇരുമ്പിന്‌,
വെടിച്ചും പൊടി പിടിച്ചും
തന്റെ ഭൂമിശാസ്ത്രത്തിൽ നിന്നു
പുറമേയ്ക്കു വരുന്ന
ചെമ്പയിരിന്റെ സിരകൾക്ക്.
മണ്ണേ,
കടുപ്പക്കാരിയമ്മേ,
കുഴിച്ചിട്ട ലോഹങ്ങൾ
നീയൊളിപ്പിച്ചതിവിടെ,
ഞങ്ങളവ
തോണ്ടിപ്പുറത്തിട്ടതിവിടെ,
പിന്നെ മനുഷ്യന്മാർ,
ഒരു പെഡ്രോ,
ഒരു റോഡ്രിഗ്സ്, ഒരു റാമിറെസ്
തീയിൽ വീണ്ടെടുക്കുന്നു
അവയുടെ ആദിവെളിച്ചം,
ദ്രവലാവ,
പിന്നെ മണ്ണേ,
നിന്നെപ്പോൽ കടുത്ത
ചണ്ഡലോഹം
എന്റെയമ്മാവന്റെ
ബലത്ത കൊച്ചുകൈകൾക്കു
വഴങ്ങുന്നു ,
കമ്പിയോ ലാടമോ
കപ്പലോ തീവണ്ടിയെഞ്ചിനോ
പള്ളിക്കൂടത്തിന്റെ എല്ലുകൂടമോ
വെടിയുണ്ടയുടെ വേഗമോ ആകുന്നു.
വരണ്ട മണ്ണേ,
ആയുർരേഖയില്ലാത്ത കൈപ്പടമേ,
നിനക്കായി ഞാൻ പാടുന്നു,
കിളി പാടാത്ത,
പനിനീർപ്പൂ വിരിയാത്ത,
പുഴയൊഴുകാത്ത,
വരണ്ടുറച്ചു മൂകമായ ഇവിടെ
കറുത്ത നക്ഷത്രമേ,
ശത്രുവിന്റെ മുഷ്ടീ,
നിനക്കായി ഞാൻ പാടുന്നു,
എന്തെന്നാൽ
മനുഷ്യൻ നിന്നിൽ വിതയ്ക്കുമല്ലോ,
അവൻ നിന്നെ പേറിയ്ക്കുമല്ലോ,
അവൻ നിന്റെ ഗർഭപാത്രം പുറത്തെടുക്കുമല്ലോ,
നിന്റെ ഗൂഢപാത്രത്തിലേക്കവൻ തന്റെ
വിചിത്രരശ്മികൾ പായിക്കുമല്ലോ,
മരുപ്പറമ്പേ,
നേർവരയുടെ ശുദ്ധതേ,
എന്റെ പാട്ടിന്റെ ശീലുകൾ നിനക്ക്,
മയക്കത്തിലാണിപ്പോൾ നീയെങ്കിലും
ഡൈനമിറ്റിന്റെ ചമ്മട്ടി
നിന്നെ കുലുക്കിയുണർത്തും,
ലോഹങ്ങൾ മാനത്തേക്കു കുതിക്കുമ്പോൾ
ചോരച്ച പുകയുടെ പീലി വിരിയും,
ഒരു പിറവിയ്ക്കതു നാന്ദി കുറിയ്ക്കും.
മണ്ണേ,
എനിക്കു ഹിതം
മണലും ചെളിയുമായ നിന്നെ,
നീയെന്നെ രൂപപ്പെടുത്തിയ പോലെ
നിന്നെ കൈയിലെടുത്ത്
ഞാനും നിന്നെ രൂപപ്പെടുത്തുന്നു,
മോചിതനായി,
എല്ലാമടക്കുന്ന നിന്റെ ഗർഭപാത്രത്തിലേക്കു
ഞാൻ മടങ്ങുമ്പോൾ
എന്റെ വിരലുകളിൽ നിന്നു നീ
ഊർന്നുപോകുന്നു.
സുഷിരങ്ങൾ നിറഞ്ഞ പതക്കമേ,
കളിമൺകുടമേ,

പൊടുന്നനേ നിൻ്റെ വടിവുകളാകെ

ഞാൻ പുണരുമ്പോലെനിക്കു തോന്നുന്നു,
നിന്റെ മേലെന്റെ വിരലോടുമ്പോൾ
ഞാൻ തേടുന്നതു ഞാൻ പ്രേമിക്കുന്നവളുടെ
ജഘനങ്ങൾ,
കുഞ്ഞുമുലകൾ,
വെയിൽച്ചൂടേറ്റ,
മിനുസപ്പെട്ടൊരു ധാന്യമണി പോലെ
തെന്നൽ,
നിന്നോടു പറ്റിച്ചേർന്നുകിടക്കുന്നു
ഞാൻ മണ്ണേ,
നിന്നരികത്തു കിടന്നു
ഞാനുറങ്ങുന്നു,
നിന്റെയരക്കെട്ടിനെ താലോലിക്കുന്നു
എന്റെ കൈകളും ചുണ്ടുകളും,
ചുടുന്ന ചുംബനങ്ങൾ നിന്റെ മേൽ വിതച്ചു

നിന്റെയരികത്തു ഞാൻ കിടക്കുന്നു 

 

link to image

Tuesday, June 8, 2010

റൂമി-4

image

 

ഇന്നാളെന്നാളുമെന്ന പോലെ
ചകിതരായ,ന്തസ്സാരശൂന്യരായ്
ഉറക്കം വിട്ടെഴുന്നേൽക്കുന്നു നാം.
എന്നിട്ടോടിപ്പോയി
ഗ്രന്ഥം തുറന്നു വായിക്കുകയോ?
ഒരോടക്കുഴൽ കൈയിലെടുക്കൂ.
നാം സ്നേഹിക്കുന്ന സൗന്ദര്യമാകട്ടെ,
നാം ചെയ്യുന്ന ചെയ്തികൾ.
മുട്ടുകുത്താൻ, നിലം മുത്താൻ
ഒരുനൂറല്ല രീതികൾ.

*

രാവും പകലുമൊരേപോലെ
ഓടക്കുഴലിന്റെ തെളിനാദം.
അതു മായുമ്പോൾ മായും നാം.

*

എന്നാദ്യപ്രണയത്തിൻ കഥ കേട്ട നാൾ മുതൽ
നിന്നെയും തേടി നടന്നുതുടങ്ങി ഞാൻ.
എന്തൊരു ഭോഷ്കതെന്നോർക്കാതെപോയി ഞാൻ.
എവിടെയും കണ്ടുമുട്ടാറില്ല പ്രണയികൾ,
അന്യോന്യം തങ്ങളിലെന്നാളുമുണ്ടവർ.

*

ഒരു വീണ പോൽ നിന്നെ
മാറോടടുക്കാനെനിക്കു കൊതി,
പ്രണയം, പ്രണയമെന്നു
കർഞ്ഞുവിളിക്കാം ഒരുമിച്ചു നമുക്കിനി.
അതുമല്ലൊരു കണ്ണാടിയിൽ
കല്ലെറിയാനോ നിനക്കു പൂതി?
ഞാനാണു കണ്ണാടി,
കല്ലുകളും ഞാൻ തരാം.

*

രഹസ്യങ്ങളുമായ് വന്നു
പിറവിയെടുക്കുന്നോനേ,
നിന്നിടിനാദം കേട്ടു
പുളകം കൊള്ളുന്നു ഞങ്ങൾ.
ഗർജ്ജിക്കൂ,
ഹൃദയത്തിലെ സിംഹമേ,
എന്നെപ്പിച്ചിച്ചീന്തൂ!

*

നിന്റെ വാതിലിൽ മുട്ടി വിളിച്ചു ഞാൻ,
‘വരൂ, വരൂ, പുറത്തേക്കു വരൂ,
വന്നല്ലോ യോഗികൾ തെരുവിൽ.’
‘എന്നെ വെറുതെ വിട്ടേക്കൂ,
ദീനം പിടിച്ചു കിടപ്പാണു ഞാൻ.’
‘താൻ ചത്താൽ അതും നന്നായി!
യേശു ആൾ സ്ഥലത്തുണ്ടല്ലോ,
അദ്ദേഹത്തിനൊരു ശവം വേണം
ജീവൻ കൊടുത്തുയിർപ്പിക്കാൻ!’

*
ആകമാനജനമാണല്ലോ ക്രിസ്തുയേശു,
അവൻ തന്നെ ഏതുവസ്തുവും.
ആത്മവഞ്ചനയ്ക്കെങ്ങിനിയിരുപ്പിടം?
മധുരിക്കും ജലം സുലഭമാണെങ്ങുമെങ്കിൽ
കയ്ക്കുന്ന കഷായമെന്തിനു രോഗം മാറാൻ?

*

നാണക്കാരനായിരുന്നു ഞാൻ.
നീയെന്നെ പാടാൻ പഠിപ്പിച്ചു.
വേണ്ടെന്നു വിലക്കിയിരുന്നു ഞാൻ.
ഇനിയും പോരട്ടെ വീഞ്ഞെ-
ന്നലറുകയാണിന്നു ഞാൻ.
മുഖം കനപ്പിച്ചു, പായ നീർത്തി
നിസ്കരിച്ചിരുന്നന്നു ഞാൻ.
ഇന്നു കുട്ടികളോടിക്കളിക്കുന്നു,
എന്നെ ഗോഷ്ടി കാണിക്കുന്നു.

*

 

link to image

Monday, June 7, 2010

കാഫ്ക-എഴുത്തുകാരന്റെ വിധി

 

image


ഒരെഴുത്തുകാരനെന്ന നിലയിൽ എനിക്കു സംഭവിക്കാനിരിക്കുന്നത് ഇത്രേയുള്ളു. സ്വപ്നസദൃശമായ സ്വന്തം ആന്തരജീവിതത്തെ ചിത്രീകരിക്കാൻ എനിക്കുള്ള വാസന മറ്റെല്ലാ പരിഗണനകളെയും പിന്നിലേക്കു തള്ളിയിരിക്കുന്നു. എന്റെ ജീവിതം ഭയാനകമാം വിധത്തിൽ ചുരുങ്ങിപ്പോയിരിക്കുന്നു, അതിനിയും ചുരുങ്ങിക്കൊണ്ടുമിരിക്കും. മറ്റൊന്നും എന്നെ തൃപ്തിപ്പെടുത്താൻ പോകുന്നില്ല. പക്ഷേ ആ ചിത്രീകരണത്തിനു ഞാൻ സ്വരുക്കൂട്ടുന്ന ബലത്തെ ആശ്രയിക്കാനും പറ്റില്ല: ഒരുവേള ഇതിനകം തന്നെ അതു തിരോഭവിച്ചിട്ടുണ്ടാകാം; ഇനിയൊരുവേള അതു മടങ്ങിവന്നുവെന്നുമാകാം, എന്റെ ജീവിതസാഹചര്യം വച്ചു നോക്കുമ്പോൾ അതിനു സാധ്യത കാണുന്നില്ലെങ്കിലും. ഞാനങ്ങനെ ചഞ്ചലപ്പെടുകയാണ്‌, മലയുടെ മുകളിലേക്കു പറക്കുന്ന ഞാൻ അടുത്ത നിമിഷം താഴേക്കു വീഴുകയാണ്‌. ഉറപ്പുള്ളവരല്ല മറ്റുള്ളവരെങ്കിലും, താഴ്വാരങ്ങളിലാണ്‌ അവർ നില്ക്കുന്നത്, എന്നെക്കാൾ ബലവുമുണ്ടവർക്ക്; വീഴുമെന്നു വന്നാൽ താങ്ങാനായിത്തന്നെ ബന്ധുവൊരാൾ കൂടെനടക്കുന്നുമുണ്ട്. പക്ഷേ ഉയരങ്ങളിലാണ്‌ എന്റെ ഇടർച്ചകൾ; അതു മരണമല്ല, ഒരുനാളുമൊടുങ്ങാത്ത പ്രാണവേദനയത്രെ.

(1914 ആഗസ്റ്റ് 6)

 

 

link to image