Monday, June 21, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-9

 

kafka-metamofpasis

 

ഓട്ളയുടെ കാര്യമാണെങ്കിൽ, അവളെക്കുറിച്ചെഴുതാൻ തന്നെ എനിക്കു ധൈര്യം വരുന്നില്ല; കാരണം, എനിക്കറിയാം, അവളുടെ കാര്യമെഴുതിയാൽ, ഈ കത്ത് അങ്ങയിൽ എന്തു ഫലമുണ്ടാക്കണമെന്നാണോ ഞാൻ ഉദ്ദേശിച്ചത്, അതൊക്കെ അപകടത്തിലാവുമെന്ന്. സാധാരണഗതിയിൽ, എന്നു പറഞ്ഞാൽ അവൾ വിശേഷിച്ചെന്തെങ്കിലും പ്രശ്നത്തിലോ ദുരിതത്തിലോ ചെന്നുപെട്ടിട്ടില്ലെങ്കിൽ, അങ്ങയ്ക്കവളോടു വിദ്വേഷം മാത്രമേയുള്ളു. അങ്ങു തന്നെ എന്നോടു സമ്മതിച്ചിട്ടുള്ളതുമാണ്‌, അവൾ തന്നെ മനഃപൂർവം വേദനിപ്പിക്കുകയും ആധിപ്പെടുത്തുകയുമാണെന്ന്, അവളുടെ പേരിൽ താൻ മനസ്സു നീറി നടക്കുമ്പോൾ അവൾ കളിച്ചും ചിരിച്ചും നടക്കുകയാണെന്ന്. ഇത്രയും വലിയൊരു തെറ്റിദ്ധാരണ നിങ്ങൾക്കിടയിലുണ്ടാകണമെങ്കിൽ എത്ര ഭീകരമായ അകല്ച്ചയാണ്‌ ( ഞാനും അങ്ങും തമ്മിലുള്ളതിനേക്കാൾ ഭീകരം) നിങ്ങൾ തമ്മിലുണ്ടായിരിക്കുന്നത്. അങ്ങയുടെ കാഴ്ചയിൽ വരാത്തത്ര അകലത്തായിരിക്കുന്നു അവൾ; അവളുണ്ടായിരിക്കണമെന്നു താൻ കരുതുന്നിടത്ത് ഒരു മായാരൂപത്തെ കൊണ്ടുനിർത്തുകയാണങ്ങ്. അവളെക്കൊണ്ട് അങ്ങ് അത്രയും കഷ്ടപ്പെട്ടിരിക്കുന്നു എന്നു ഞാൻ സമ്മതിക്കുന്നു. ഈ കുഴപ്പം പിടിച്ച സംഗതിയുടെ അടിത്തട്ടു വരെ കാണാൻ എനിക്കായിട്ടില്ലെങ്കിലും, ഏറ്റവും മികച്ച കാഫ്കാ ആയുധങ്ങൾ കൊണ്ടു സജ്ജയായ ഒരു ലോവിയാണ്‌ അവൾ എന്നെനിക്കു തോന്നുന്നു. നമുക്കു തങ്ങളിൽ യുദ്ധമെന്നു പറയാൻ ഒന്നുമുണ്ടായിട്ടില്ലല്ലോ; എന്റെ കഥ പെട്ടെന്നു കഴിഞ്ഞിരുന്നു; പിന്നെ ശേഷിച്ചത് പലായനം, വിദ്വേഷം, ദുഃഖം, ആത്മസംഘർഷം ഇതൊക്കെയായിരുന്നു. പക്ഷേ നിങ്ങൾ രണ്ടും ഏതുനേരവും നിലയെടുത്തുനില്ക്കുന്നവരായിരുന്നു, എതുനേരവും തയ്യാറെടുത്ത്, ഊർജ്ജം സംഭരിച്ചുനില്ക്കുന്നവരായിരുന്നു. കാണേണ്ട കാഴ്ച തന്നെയായിരുന്നു അത്, അത്രയ്ക്കു ഹതാശവും. ആദ്യമൊക്കെ നിങ്ങൾ തമ്മിൽ വലിയ അടുപ്പമായിരുന്നല്ലോ; ഇന്നും ഓട്ളയിലാണ്‌, അങ്ങും അമ്മയും തമ്മിലുള്ള വിവാഹത്തിന്റെയും, അതുവഴി ഒരുമിച്ചുചേർന്ന ശക്തികളുടെയും ഏറ്റവും സ്പഷ്ടമായ പ്രതിനിധാനം കണ്ടെത്താനാവുക. ഏതൊന്നാണ്‌ അച്ഛനും മകളും തമ്മിലുള്ള പൊരുത്തം അപഹരിച്ചതെന്ന് എനിക്കറിയില്ല; എന്നാലും എന്റെ കാര്യത്തിൽ സംഭവിച്ചതു തന്നെയാണ്‌ അവിടെയും സംഭവിച്ചതെന്നു വിശ്വസിക്കാതിരിക്കാൻ എനിക്കു കഴിയുന്നില്ല. അങ്ങയുടെ ഭാഗത്ത് അങ്ങയുടെ സ്വേച്ഛാപ്രകൃതം; അവളുടെ ഭാഗത്താണെങ്കിൽ ലോവീകുടുംബക്കാരുടെ ധിക്കാരം, പെട്ടെന്നു  വികാരം കൊള്ളൽ, നീതിബോധം, പൊറുതികേട്, ഇതിനൊക്കെ പിന്തുണയായി കാഫ്കാകുടുംബത്തിന്റെ ഓജസ്സ് തനിക്കുണ്ടെന്ന ബോധവും. ഞാനും അവളെ സ്വാധീനിച്ചിട്ടുണ്ടാവാം, അതുപക്ഷേ ഞാൻ മുൻകൈയെടുത്തിട്ടൊന്നുമല്ല; ഞാനുണ്ട്  എന്നതുകൊണ്ടുമാത്രമുണ്ടായ ഒരു സ്വാധീനമായിരിക്കണമത്. ഒടുവിലെത്തിയ വ്യക്തി എന്ന നിലയ്ക്ക് അവൾ വന്നുചേർന്നത് അധികാരബന്ധങ്ങൾ ഉറച്ചുകഴിഞ്ഞ ഒരു വ്യവസ്ഥിതിയിലേക്കായിരുന്നു; തന്റേതായ ഒരു വിലയിരുത്തലിനു സഹായകമായ വിധം തെളിവുകളുടെ അത്രയും വലിയൊരു കൂമ്പാരം അവൾക്കു മുന്നിൽ കിടക്കുന്നുമുണ്ടായിരുന്നല്ലോ. ആരുടെ കൈകളിലേക്കാണ്‌ താൻ ചെന്നുവീഴേണ്ടത് , അങ്ങയുടെയോ, അങ്ങയുടെ ശത്രുക്കളുടെയോ, എന്നൊരു  ചാഞ്ചാട്ടം തുടക്കത്തിൽ അവൾക്കുണ്ടായിരുന്നു എന്നും എനിക്കു സങ്കല്പ്പിക്കാവുന്നതേയുള്ളു. അന്നുപക്ഷേ, ആ അവസരം അങ്ങു നഷ്ടപ്പെടുത്തി; അങ്ങവളെ തള്ളിമാറ്റുകയായിരുന്നു; മറിച്ചാണുണ്ടായിരുന്നതെങ്കിൽ രണ്ടുപേരും കൂടി കേമമായൊരു ജോഡിയായേനെ. അതുവഴി എനിക്കൊരു സഖ്യകക്ഷിയെ നഷ്ടപ്പെടുമായിരുന്നു എന്നതു ശരിയാണെങ്കില്ക്കൂടി, രണ്ടുപേരും ചേർന്നുനില്ക്കുന്ന ആ കാഴ്ച എത്രയും മതിയായ പരിഹാരമാകുമായിരുന്നു എനിക്ക്. തന്റെ സന്തതികളിൽ ഒരാളെങ്കിലും തനിക്കു പൂർണ്ണതൃപ്തി നല്കുന്നുവെന്നതു കണ്ടിട്ടുണ്ടാകുന്ന സന്തോഷം അങ്ങയിലും മാറ്റങ്ങൾ വരുത്തുമായിരുന്നു- എനിക്കും അതു ഗുണപ്പെട്ടേനെ. പക്ഷേ അതൊക്കെ ഇന്നൊരു സ്വപ്നം മാത്രമായിരിക്കുന്നു. ഓട്ളയ്ക്ക് തന്റെ പിതാവുമായി ഒരു സമ്പർക്കവുമില്ല; എന്നെപ്പോലെ അവൾക്കും ഈ ലോകത്ത് താനായിട്ടൊരു വഴി കണ്ടെത്തേണ്ടിയിരിക്കുന്നു. തന്റേടം, ആരോഗ്യം, സാഹസികത്വം ഇതിലൊക്കെ അവളെന്നെ എത്രമാത്രം കവച്ചുവയ്ക്കുന്നുവോ, അത്രയുമളവിൽത്തന്നെ ദുഷ്ടയും വഞ്ചകിയുമായിരുന്നു അവൾ അങ്ങയുടെ കണ്ണിൽ. അതെനിക്കു മനസ്സിലാവും: അങ്ങയുടെ വീക്ഷണത്തിൽ അവൾക്കങ്ങനെയാവാതെ പറ്റില്ല. തീർച്ചയായും അങ്ങയുടെ കണ്ണുകളിലൂടെ സ്വയം നിരീക്ഷിക്കാനും, അങ്ങയുടെ ദുഃഖത്തിൽ സഹതപിക്കാനും, വിഷാദം തോന്നാനും- നൈരാശ്യത്തിൽ വീഴാനല്ല, അതെനിക്കു മാത്രം പറഞ്ഞിട്ടുള്ളതാണ്‌- അവൾക്കും കഴിയും. ഇതിനു വിപരീതമെന്നു തോന്നുന്ന വിധത്തിൽ ഞങ്ങൾ ഒരുമിച്ചിരിക്കുന്നതും, അടക്കം പറയുന്നതും, ചിരിക്കുന്നതും, അങ്ങയുടെ പേരു പറയുന്നതുമൊക്കെ അങ്ങു പലപ്പോഴും കണ്ടിട്ടുണ്ടെന്നതു ഞാൻ സമ്മതിക്കുന്നു. ധിക്കാരികളായ ഗൂഢാലോചനക്കാരെയാണ്‌ അങ്ങപ്പോൾ മനസ്സിൽ കാണുന്നത്. വല്ലാത്ത ഗൂഢാലോചനക്കാർ തന്നെ. ഞങ്ങളുടെ ചിന്തകളിലെന്നപോലെ സംസാരത്തിലും അങ്ങൊരു മുഖ്യവിഷയം തന്നെയായിരുന്നു; പക്ഷേ അങ്ങയ്ക്കെതിരെ തന്ത്രങ്ങൾ മെനയാനായിരുന്നില്ല ഞങ്ങൾ ഒരുമിച്ചുകൂടിയത്; മറിച്ച്, എല്ലാ യത്നവുമെടുത്ത്, തമാശയും ഗൗരവവും സ്നേഹവും കോപവും ധിക്കാരവും ഈർഷ്യയും വിധേയത്വവും കുറ്റബോധവുമൊക്കെയായി, മനസ്സിന്റെയും ഹൃദയത്തിന്റെയും ശേഷികളെല്ലാമുപയോഗപ്പെടുത്തി, അങ്ങയ്ക്കും ഞങ്ങൾക്കുമിടയിൽ പരിഹാരമാകാതെ കിടക്കുന്ന ഭീകരമായ ആ വിചാരണയെ തലനാരിഴ കീറി ചർച്ച ചെയ്യാൻ വേണ്ടി മാത്രമായിരുന്നു; ആ വിചാരണയിൽ താനാണു ന്യായാധിപനെന്ന് അങ്ങു നിരന്തരം അവകാശപ്പെടാറുണ്ടെങ്കില്ക്കൂടി മുഖ്യഭാഗത്തെങ്കിലും ( എനിക്കു പിശകു പറ്റാമെന്നതു ഞാൻ സമ്മതിക്കുന്നു) യഥാർഥത്തിൽ കേസിലെ ഒരു കക്ഷിയായിരുന്നു അങ്ങ്, ഞങ്ങളെപ്പോലെതന്നെ ദുർബലനും ആന്ധ്യം ബാധിച്ചവനും.

No comments: