Tuesday, June 15, 2010

നെരൂദ-കടലോരത്തെ കള്ളിമുള്ളിന്‌



image
നക്ഷത്രമുള്ളുകളുടെ
കുഞ്ഞുകൂമ്പാരമേ,
മണൽപ്പരപ്പിലെ കള്ളിമുള്ളേ,
ശത്രുവേ,
നിന്റെ കുത്തുന്ന ആരോഗ്യത്തിന്‌
കവിയുടെ അഭിവാദ്യം:
മഞ്ഞുകാലത്തു
നിന്നെ ഞാൻ കണ്ടിട്ടുണ്ട്: 
പാറക്കെട്ടുകൾ   
കട്ടിമഞ്ഞു കാരുന്നു ,
ഇടിവെട്ടുന്ന തിരമാലകൾ
ചിലിയിലാഞ്ഞടിക്കുന്നു,
ഉപ്പ്
പ്രതിമകൾ തട്ടിമറിച്ചിടുന്നു,
ചുഴലിക്കാറ്റിന്റെ ചിറകുകൾ
സർവതും ചൂഴുന്നു,
അപ്പോൾ നീ,
മുള്ളുള്ള
കുഞ്ഞുവീരൻ,
രണ്ടു കല്ലുകൾക്കിടെ
പ്രശാന്തനായി,
അനക്കമേതുമില്ലാതെ,
ബലിഷ്ഠനായും
ഭൂമിയുടെ ഇരുമ്പിന്മേൽ
നിന്റെ ധാതുവേരുകളാൽ
കൊളുത്തിപ്പിടിച്ചും,
മേലറ്റത്തൊരു തലയുമായി,
ഇത്തിരിപ്പോന്നൊരു
മുള്ളൻതലയുമായി,
ചണ്ഡവാതത്തിന്റെ ദേശത്ത്
വിറകൊള്ളുന്ന കടൽപ്പരപ്പിൽ
ഇടറാതെ
ഒറ്റയ്ക്കു
നീ.

പില്ക്കാലം
ആഗസ്റ്റുമാസം വരവായി,
ഇരുളടഞ്ഞ അർദ്ധഗോളത്തിന്റെ
തണുപ്പിൽ മനം കുഴങ്ങി
അരുവികൾ മയങ്ങുന്നു,
പിയാനോകൾ പോലെ
തിരകളുടെ തനിയാവർത്തനം,
പൊളിച്ചടുക്കിയ കപ്പൽ പോലെ
ആകാശം,
വിലാപത്തിന്റെ കരിമ്പടം മൂടി,
ലോകമൊരു കപ്പൽച്ചേതം;
അപ്പോഴല്ലോ
വസന്തം നിന്നെ വരിയ്ക്കുന്നു
ലോകത്തെ വെളിച്ചം
വീണ്ടും കാണാനായി,
അതിന്റെ പിറവിയിൽ
ചോര പൊടിയ്ക്കുന്നു
നിന്റെ രണ്ടു മുള്ളുകളിൽ,
അങ്ങനെ പിറവിയെടുക്കുന്നു
കല്ലുകൾക്കിടയിൽ,
നിന്റെ സൂചിമുനകൾക്കിടയിൽ,
വസന്തം,
സ്വർഗ്ഗത്തെയും ഭൂമിയിലെയും
വസന്തം.

ഉള്ളതെല്ലാമുണ്ടായിട്ടും,
മണക്കുകയും
കാറ്റോടുകയും
പുഷ്പിക്കുകയും
നാരകമരത്തിന്നിലകളിൽ
മിടിയ്ക്കുന്നവയുണ്ടായിട്ടും,
രാജകീയമഗ്നോളിയായുടെ
നിദ്രാണസൗരഭ്യമുണ്ടായിട്ടും,
അതിന്റെ വരവും നോറ്റി-
ട്ടെത്രയൊക്കെയുണ്ടായിട്ടും,
നിനക്ക്,
മണല്ക്കാട്ടിലെ കള്ളിമുള്ളേ,
അനങ്ങവയ്യാത്ത,   
പരിഷ്കാരമില്ലാത്ത
എകാകീ,
നിനക്കാണല്ലോ
നറുക്കു വീണു;
ഏതു പൂവിനും വെല്ലുവിളിക്കാനാവും മുമ്പേ
നിന്റെ പാവനമായ വിരലുകളുടെ
ചോരച്ചുവപ്പൻ മുകുളങ്ങൾ
പാടലപ്പൂവുകളാവുന്നു,
അതിശയപ്പെട്ട ദളങ്ങളാവുന്നു.

ഇതാണു കഥ,
എന്റെ കവിതയുടെ
ഗുണപാഠമിത്:
നിങ്ങളെവിടെയുമായിക്കോട്ടെ,
എവിടെയുമായിക്കോട്ടെ നിങ്ങളുടെ ജീവിതം,
ഈ ലോകത്തി-
ലത്രയ്ക്കു കടുത്ത ഏകാന്തതയിൽ,
ഭൂമിയുടെ രോഷത്തിന്റെ ചാട്ടവാറിൽ,
അവമതികളുടെ മൂലയ്ക്കും,
സഹോദരാ,
സഹോദരീ,
കാത്തിരിയ്ക്കൂ,
നിങ്ങളുടെ കുഞ്ഞുസത്ത വച്ച്,
വേരുകൾ വച്ച്
കഠിനമായി പണിയെടുക്കൂ.
ഒരുനാൾ,
നിങ്ങൾക്കായി,
ഏവർക്കുമായി,
നിങ്ങളുടെ ഹൃദയത്തിൽ നിന്നു
പുറത്തുവരും
ഒരു ചെങ്കതിർ,
നിങ്ങളും പൂവിടും ഒരു പുലരിയിൽ;
ഇല്ല,
വസന്തം
മറന്നിട്ടില്ല നിങ്ങളെ, സഹോദരാ,
നിങ്ങളെയും മറന്നിട്ടില്ല,
സഹോദരീ,
ഞാൻ നിങ്ങളോടു പറയുന്നു,
ഞാനുറപ്പും തരുന്നു,
ഉഗ്രനായ കള്ളിമുൾ,
മണൽക്കാടിന്റെ
മുള്ളുള്ള മകൻ,
എന്നോടു സംഭാഷണം ചെയ്കെ,
എന്നെയേല്പ്പിച്ചതത്രെ,
ആശ്വാസമറ്റ നിങ്ങളുടെ ഹൃദയങ്ങൾക്കായി
ഈ സന്ദേശം.

അതിനാൽ
ഞാൻ നിങ്ങളോടു പറയുന്നു
എന്നോടും പറയുന്നു:
സഹോദരാ, സഹോദരീ,
കാത്തിരിയ്ക്കൂ,
എനിക്കുറപ്പുണ്ട്:
വസന്തം മറക്കില്ല നമ്മെ.

1 comment:

സലാഹ് said...

നമുക്കും മറക്കില്ല