Wednesday, June 16, 2010

കാഫ്ക - എത്രയും പ്രിയപ്പെട്ട അച്ഛന് - 6

 

image0

അതുമല്ല, എനിക്കങ്ങയോടുള്ള നിലപാടു തന്നെയായിരുന്നു അങ്ങയ്ക്കെന്നോടുമെന്നതിനാൽ സ്വരക്ഷ കണക്കാക്കിയുള്ള മറുതന്ത്രത്തിന്‌ അങ്ങും ശ്രമിച്ചു. എന്തു സുഖമായ ജീവിതമാണെന്റേതെന്നും, എന്തു കാര്യമായിട്ടാണെന്നെ നോക്കുന്നതെന്നും ആവർത്തിച്ചാവർത്തിച്ച് അങ്ങെന്നെ ഓർമ്മിപ്പിക്കും. അതു ശരിതന്നെയെന്നു ഞാൻ സമ്മതിക്കുന്നു, പക്ഷേ അന്നു നിലനിന്നിരുന്ന അവസ്ഥയിൽ അതുകൊണ്ട് എനിക്കെന്തെങ്കിലും പ്രയോജനമുണ്ടായി എന്നു വിശ്വസിക്കാൻ എനിക്കു പറ്റില്ല.

അമ്മയ്ക്കെന്നെ എന്തുമാത്രം ഇഷ്ടമായിരുന്നു എന്ന കാര്യവും ഞാൻ അംഗീകരിക്കുന്നു. അതും പക്ഷേ അച്ഛനോടു ബന്ധപ്പെട്ടായിരുന്നതിനാൽ നല്ല ബന്ധമെന്നു പറയാനില്ല. താനറിയാതെയെങ്കിലും, നായാട്ടിൽ കാടിളക്കുന്നവന്റെ ഭാഗമായിരുന്നു അമ്മയ്ക്ക്. അങ്ങയുടെ ശിക്ഷണരീതി കൊണ്ട് എന്നിൽ ധിക്കാരമോ, അനിഷ്ടമോ, അതുമല്ല വെറുപ്പു തന്നെയോ ഉടലെടുക്കുകയും, അതുവഴി  രണ്ടുകാലിൽ നിവർന്നുനില്ക്കാനെനിക്കായി എന്നും കരുതുക; അങ്ങനെയൊരസാധ്യസാധ്യത പോലും അമ്മ തന്റെ അനുകമ്പ കൊണ്ട്, വിവേകപൂർവമായ ഉപദേശം കൊണ്ട് ( എന്റെ ബാല്യത്തിന്റെ കാലുഷ്യത്തിൽ വിവേകത്തിന്റെ ഉടലെടുത്ത രൂപമായിരുന്നു അമ്മ), എനിക്കു വേണ്ടി വക്കാലത്തു പറഞ്ഞുകൊണ്ട്  ഇല്ലാതാക്കുകയും, എന്നെ വീണ്ടും അങ്ങയുടെ വലയത്തിലേക്ക് ഓടിച്ചുകയറ്റുകയും ചെയ്തു. അമ്മയുടെ ഇടപെടലില്ലായിരുന്നുവെങ്കിൽ ഞാൻ അതു പൊളിച്ചു പുറത്തുപോരുമായിരുന്നു- എന്റെ ഗുണത്തിന്‌,അങ്ങയുടെ ഗുണത്തിനും.ഇനിയഥവാ, ഒരനുരഞ്ജനത്തിനും സാധ്യതയില്ലെന്നിരിക്കട്ടെ, അമ്മയെന്നെ രഹസ്യമായി സംരക്ഷിക്കും, രഹസ്യമായിട്ടെന്തെങ്കിലും തരും, അനുവാദം തരും- അപ്പോൾ ഞാൻ വീണ്ടും അങ്ങയുടെ കണ്ണിൽ ഒളിച്ചുനടക്കുന്ന ജന്തുവായി, ചെയ്ത കുറ്റത്തെക്കുറിച്ചു ബോധമുള്ള ചതിയനായി, തനിക്കവകാശപ്പെട്ടതു പോലും ഒളിച്ചെടുക്കേണ്ട വിധത്തിൽ വിലകെട്ടവനുമായി. സ്വാഭാവികമായും, എനിക്കവകാശപ്പെട്ടതല്ലെന്ന് എനിക്കു പോലുമറിയാവുന്നവ സ്വന്തമാക്കാൻ ആ വഴികളെടുക്കുക എന്റെ ശീലമായി. ഇതും എന്റെ കുറ്റബോധം കൂട്ടുകയായിരുന്നു.

അങ്ങെന്നെ നാളിതുവരെ തല്ലിയിട്ടില്ലെന്നു പറയുന്നതും പരമാർഥം തന്നെ. പക്ഷേ അങ്ങ് ഒച്ച വയ്ക്കുന്ന ആ രീതി, അങ്ങയുടെ മുഖം ചുവന്നുതുടുക്കുന്ന ആ രീതി, തിടുക്കത്തിൽ ബൽറ്റഴിച്ച് എടുക്കാൻ പാകത്തിൽ കസേര മേലിടുന്ന ആ രീതി- ഇതൊക്കെ അത്രയും തന്നെ മോശമായിരുന്നു. ഒരാളെ തൂക്കിക്കൊല്ലാൻ പോകുന്ന പോലെയാണത്. അയാളെ ശരിക്കും തൂക്കിക്കൊല്ലുകയാണെങ്കിൽ അയാൾ ചത്തു, അതോടെ കാര്യവും കഴിഞ്ഞു. പകരം, തൂക്കിക്കൊലയുടെ പ്രാരംഭച്ചടങ്ങുകളൊക്കെക്കഴിഞ്ഞ്, കൊലക്കയർ കണ്മുന്നിൽ തൂങ്ങിക്കിടക്കുന്നതു കാണുമ്പോഴാണ്‌ ശിക്ഷയിളവു നല്കിയ കാര്യം അയാളെ അറിയിക്കുന്നതെങ്കിൽ ശിഷ്ടായുസ്സു മുഴുവൻ അയാൾ ആ യാതന പേറിനടന്നേക്കാം. ഇതുമാത്രമല്ല, തല്ലേണ്ട നിരവധി സന്ദർഭങ്ങളുണ്ടായിട്ടും അവസാനനിമിഷം കരുണ തോന്നി താനതു വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്ന രീതിയിലുള്ള അങ്ങയൂടെ പറച്ചിലുകൾ എന്നിൽ വീണ്ടും കുറ്റബോധം കുത്തിനിറയ്ക്കുകയായിരുന്നു. ഏതു വശത്തുകൂടി നോക്കിയാലും പഴി എനിക്കായിരുന്നു, ഞാൻ അങ്ങയോടു കടപ്പെട്ടവനായിരുന്നു.

വർഷങ്ങളായി അങ്ങെന്നെ വിമർശിച്ചുപോന്നു ( നേരിട്ടും അന്യരുടെ മുന്നിൽ വച്ചും - അതെന്തു നാണക്കേടാണെന്ന ബോധം അങ്ങയ്ക്കുണ്ടായിരുന്നില്ല- സ്വന്തം മക്കളുടെ കാര്യം പൊതുകാര്യമായിരുന്നു അങ്ങയ്ക്ക്), താൻ പണിയെടുക്കുന്നതു കൊണ്ട് ഞാൻ കഷ്ടതകളറിയാതെ, പ്രശാന്തവും ഊഷ്മളവും സമൃദ്ധവുമായൊരു ജീവിതം ജീവിക്കുകയാണെന്ന്. അക്ഷരാർഥത്തിൽത്തന്നെ എന്റെ തലച്ചോറിൽ ചാലു കീറിയേക്കാവുന്ന വാചകങ്ങളാണ്‌ എന്റെ മനസ്സിൽ വരുന്നത്; ഉദാഹരണത്തിന്‌: ഏഴു വയസ്സുള്ളപ്പോൾ ഞാൻ നാട്ടിലൂടെ ഉന്തുവണ്ടിയും തള്ളി നടന്നിട്ടുണ്ട്‘. ’തിന്നാൻ ഉരുളക്കിഴങ്ങു കിട്ടിയാൽ അതുതന്നെ ഭാഗ്യമായിരുന്നു‘. ’മഞ്ഞുകാലത്തു വേണ്ടത്ര തുണിയില്ലാത്ത കാരണം എത്രയോ കൊല്ലം എന്റെ കാലുകൾ വെടിച്ചുകീറിയിട്ടുണ്ട്‘. ’എന്നെ കച്ചവടത്തിനു പിസെക്കിലേക്കയക്കുമ്പോൾ ഞാൻ വെറും കുട്ടിയായിരുന്നു‘. ’പട്ടാളഠിലായിരുന്നപ്പോൾപ്പോലും എനിക്കു വീട്ടിൽ നിന്നൊന്നും കിട്ടിയിട്ടില്ല, അന്നും ഞാൻ വീട്ടിലേക്കു കാശയച്ചിരുന്നു‘. ’എന്നിട്ടും, എന്നിട്ടും അച്ഛൻ എനിക്കച്ഛനായിരുന്നു. ഇന്നതൊക്കെപ്പറഞ്ഞാൽ ആർക്കു മനസ്സിലാവാൻ! ഈ കുട്ടികൾക്ക് അതിനെക്കുറിച്ചെന്തെങ്കിലുമറിയുമോ? ഇത്രയും കഷ്ടതകൾ ആരനുഭവിച്ചിരിക്കുന്നു! ഇതൊക്കെപ്പറഞ്ഞാൽ ഇന്നത്തെ ഏതെങ്കിലുമൊരു കുട്ടിയ്ക്കു മനസ്സിലാവുമോ?‘ ചുറ്റുപാടു മറ്റൊന്നായിരുന്നെങ്കിൽ കുട്ടികളെ വളർത്താനുള്ള ഒന്നാന്തരം ഉപാധികളായേനേ ഇത്തരം കഥകൾ; തങ്ങളുടെ അച്ഛന്മാർ കടന്നുപോന്ന അതേ യാതനകളും ഇല്ലായ്മകളും അതിജീവിക്കാനുള്ള ചങ്കുറപ്പും ബലവും അതവർക്കു നല്കുമായിരുന്നു. അങ്ങയ്ക്കു പക്ഷേ, അതല്ല വേണ്ടിയിരുന്നത്; എന്തെന്നാൽ അങ്ങയുടെ പ്രയത്നഫലത്താൽത്തന്നെ ആ ചുറ്റുപാടിനു മാറ്റം വന്നുകഴിഞ്ഞു. അങ്ങു ചെയ്തതു പോലെ സ്വന്തം മുദ്ര പതിപ്പിക്കാനുള്ള ഒരവസരം ഇന്നു നിലനില്ക്കുന്നില്ല. അങ്ങനെയൊരവസരം സൃഷ്ടിക്കാനുള്ള ഒരേയൊരു മാർഗ്ഗമാവട്ടെ, ഹിംസയും കലാപവും നിറഞ്ഞതുമായിരിക്കും; വീട്ടിൽ നിന്നു ഞാൻ പുറത്തു കടക്കണം ( അങ്ങനെയൊന്നു ചെയ്യാനുള്ള നിശ്ചയദാർഢ്യവും ഊർജ്ജവും എനിക്കുണ്ടായിരുന്നെങ്കിലത്തെ കാര്യമാണു പറയുന്നത്, മറ്റു വഷികളിലൂടെ അമ്മ എനിക്കെതിരു നില്ക്കുകയുമരുത്). അങ്ങയ്ക്കു പക്ഷേ അതൊന്നുമല്ല വേണ്ടിയിരുന്നത്. അങ്ങയുടെ വാക്കുകളിൽ അതു നന്ദികേടും, വിഡ്ഢിത്തവും, അനുസരണകേടും, വഞ്ചനയും, ഭ്രാന്തുമായിരുന്നു. അങ്ങനെ ഒരു വശത്തുകൂടി സ്വന്തം ജീവിതവും കഥകളും ഉദാഹരിച്ച് ഞങ്ങളെ അതിലേക്കാകർഷിക്കുകയും, നാണം കെടുത്തുകയും ചെയ്യുമ്പോൾത്തന്നെ, മറുവശത്തുകൂടി ഞങ്ങളെ അങ്ങു കർശനമായി വിലക്കുകയും ചെയ്തു.

 

 

sketch by kafka

1 comment: