Monday, June 7, 2010

റൂമി-ഒന്നുമില്ല മുന്നിൽ

image

പ്രണയികൾ കരുതുന്നു
അന്യോന്യം തേടുകയാണു തങ്ങളെന്ന്,
അന്വേഷണമെന്നാൽ ഒന്നേയുള്ളു:
ഈ ലോകത്തലയുകയെന്നാൽ
ആ ലോകത്തലയുക തന്നെ,
ഒരേ ചില്ലുമാനത്തിനുള്ളിൽത്തന്നെ രണ്ടും.
ഇവിടെയില്ല പ്രമാണവും അതിനു വിരോധവും.

യേശുവെന്ന അത്ഭുതം അവൻ തന്നെ,
ഭാവിയെക്കുറിച്ചവൻ പറഞ്ഞതും ചെയ്തതുമല്ല,
ഭാവിയെ മറന്നേക്കൂ.
അതിനാവുന്നവനെ ആരാധിക്കും ഞാൻ.
പോകും വഴി തിരിഞ്ഞൊന്നു നോക്കാൻ,
നോക്കാതിരിക്കാൻ
തോന്നിയേക്കാം നിങ്ങൾക്ക്;
മുന്നിലൊന്നുമില്ല
എന്നു പറയാൻ നിങ്ങൾക്കായാൽപ്പക്ഷേ
അവിടെപ്പിന്നൊന്നുമില്ല.

കൈകൾ നീട്ടു,
ഇരുകൈകളും നീട്ടി
താനുടുത്തതു കൂട്ടിപ്പിടിയ്ക്കൂ.
വേദനയ്ക്കുള്ള മരുന്ന് വേദന തന്നെ.
കലർന്നിട്ടാണു നല്ലതും കെട്ടതും.
രണ്ടുമില്ല നിങ്ങൾക്കെങ്കിൽ
കൂട്ടത്തിൽ ചേരേണ്ട നിങ്ങൾ.

ഞങ്ങളിലൊരാൾ കാണാതെപോയാൽ,
ഇവിടെയില്ലയാളെങ്കിൽ
ഞങ്ങൾക്കുള്ളിലുണ്ടാവുമയാൾ.
ലോകത്തെവിടെയുമില്ലല്ലോ
അതുപോലെയുള്ളൊരിടം.

 

 

link to image

No comments: