Friday, June 18, 2010

നെരൂദ-പ്രണയഗീതം-10

image
നഷ്ടമായീ നമുക്കീ സന്ധ്യ പോലും.
ഭൂമിയ്ക്കു മേൽ നീലരാവിറങ്ങുന്നേരം
കൈകോർത്തു നാം നിന്നതു കണ്ടിട്ടില്ലാരും.
എന്റെ ജനാലയ്ക്കൽ നിന്നു ഞാൻ കാണുന്നു
ദൂരെ, മലമുടികൾക്കു മേലസ്തമയത്തിന്റെ മേള.
ചിലനേരമെന്റെ കൈപ്പടത്തിലെരിഞ്ഞു
ഒരു സ്വർണ്ണനാണയം പോലെ സൂര്യൻ.
നിനക്കറിവുള്ളൊരാവിഷാദത്തിൽ
ആത്മാവിറുക്കിപ്പിടിച്ചു ഞാനോർത്തു നിന്നെ.
എവിടെയായിരുന്നു നീയപ്പോൾ?
മറ്റാരുണ്ടായിരുന്നവിടെ?
എന്തു പറയുകയുമായിരുന്നു?
വിഷാദിച്ചിരിക്കുമ്പോൾ,
നീയകലെയെന്നറിയുമ്പോൾ
ഇത്രയും പ്രണയമെന്റെമേൽ വന്നിറങ്ങുന്നതെങ്ങനെ?
ദിനവും സന്ധ്യക്കു ഞാൻ തുറക്കുന്ന പുസ്തകം
കൈയിൽ നിന്നൂർന്നു വീഴുന്നു,
എന്റെ മേലുടുപ്പു മുറിപറ്റിയ നായയെപ്പോലെ
കാല്ക്കൽ ചുരുണ്ടുകൂടുന്നു.
എന്നുമെന്നും സായാഹ്നങ്ങളില്‍ പിൻമടങ്ങുന്നു നീ
പ്രതിമകൾ മായിച്ചു  സന്ധ്യ പോകുമിടത്തേക്ക്.



ink to image

2 comments:

thabarakrahman said...

"നഷ്ടമായീ നമുക്കീ സന്ധ്യ പോലും."
ഇല്ല നാം നഷ്ടപ്പെടുത്തിയത് നമ്മുടെ ആകാശവും,
നമ്മുടെ ഭൂമിയുമാണ്. ചുവന്ന സന്ധ്യകള്‍ക്ക് പകരം,
കരിമ്പുക നിറഞ്ഞ ആകാശം. ഇനി ആ സന്ധ്യ
സ്വപ്നം കാണാന്‍ നമുക്കെന്താണ് അര്‍ഹത.

ഭാവുകങ്ങള്‍
സ്നേഹപൂര്‍വ്വം.
താബു.

thabarakrahman said...

"നഷ്ടമായീ നമുക്കീ സന്ധ്യ പോലും."
ഇല്ല നാം നഷ്ടപ്പെടുത്തിയത് നമ്മുടെ ആകാശവും,
നമ്മുടെ ഭൂമിയുമാണ്. ചുവന്ന സന്ധ്യകള്‍ക്ക് പകരം,
കരിമ്പുക നിറഞ്ഞ ആകാശം. ഇനി ആ സന്ധ്യ
സ്വപ്നം കാണാന്‍ നമുക്കെന്താണ് അര്‍ഹത.

ഭാവുകങ്ങള്‍
സ്നേഹപൂര്‍വ്വം.
താബു.