Thursday, June 17, 2010

റൂമി-6

image

ഏതു വലുത്, ആയിരങ്ങളുടെ കൂട്ടമോ,
നിങ്ങളുടെ തനിച്ചിരിപ്പോ?
സ്വാതന്ത്ര്യമോ, ഒരു ദേശത്തിനു മേലധികാരമോ?
സ്വന്തം മുറിയിലല്പനേരമടച്ചിരുന്നാൽ
ഏതിലുമുന്നതമതൊന്നുതന്നെ.
*
പുലർകാറ്റു വീശുന്നു നറുമണം,
എഴുന്നേറ്റുചെല്ലുക,
നാമതുള്ളിൽക്കൊള്ളുക,
നമുക്കു ജീവനാ തെന്നലത്രേ.
പോകും മുമ്പു പിടിക്കുക നാമതിനെ.
*
കിഴക്കിന്റെ നാഥൻ വന്നുവെ-
ന്നറിയുക നീ,യടിമേ.
ഒരു ചണ്ഡവാതത്തിന്റെ മിന്നലുകൾ
കാണുന്നില്ലേ നീ കണ്മുന്നിൽ ?
ഊഹങ്ങൾ നിന്റെ വാക്കുകൾ.
അനുഭവം അവന്റെ വചനം.
അത്രയ്ക്കകന്നവയവയെന്നുമറിയുക.

*
കണ്ണിൽപ്പെടാനില്ല ഞാൻ,
അത്രയ്ക്കു ചെറുതാണു ഞാൻ.
എന്നിട്ടുമുള്ളിൽപ്പെട്ടതെങ്ങനെ,
ഇത്ര പെരുത്തൊരു പ്രണയം?
സ്വന്തം കണ്ണുകളൊന്നു നോക്കൂ.
എത്രയ്ക്കു ചെറുതാണവ.
എന്നിട്ടുമവ കാണുന്നില്ലേ,
അത്രയും വലിയ കാഴ്ചകൾ!
*
ഉന്മാദത്തിന്റെ ചുണ്ടുകളി-
ലായിരുന്നെനിക്കു ജീവിതം,
കതകിലാഞ്ഞുമുട്ടിക്കൊണ്ടു
ഹേതുക്കളാരാഞ്ഞു ഞാൻ.
പിന്നെ വാതിൽ തുറക്കുന്നു,
ഞാൻ മുട്ടിയതുള്ളിൽ നിന്നോ!


link to image

2 comments:

★ shine | കുട്ടേട്ടൻ said...

"സ്വന്തം മുറിയിലല്പനേരമടച്ചിരുന്നാൽ
ഏതിനും മേലുന്നതമതൊന്നുതന്നെ. "

ഇതിങ്ങനെ തന്നെയാണോ? അതോ, "ഏതിനും മേലാവുന്നതതൊന്നു തന്നെ." എന്നാണോ ?

വി.രവികുമാർ said...

അതെ, അവിടെ പുനരുക്തി കാണുന്നു. ചുണ്ടിക്കാട്ടിയതിനു നന്ദി.