Sunday, June 20, 2010

റൂമി - കഥയുടെ ചൂടുവെള്ളം

image

കഥയെന്നാൽ
കുളിയ്ക്കാനനത്തിയ വെള്ളം പോലെ.

അതു സന്ദേശങ്ങൾ കൈമാറുന്നു
നിങ്ങളുടെ തൊലിയ്ക്കും തീയ്ക്കുമിടയിൽ.
അവ തമ്മിലടുക്കുന്നതങ്ങനെ,
നിങ്ങൾ വൃത്തിയാകുന്നതുമങ്ങനെ.

തീയിലിരിയ്ക്കാനാർക്കാകും,
തീപ്പിശാചിനെപ്പോലെ, അബ്രഹാമിനെപ്പോലെ?
നമുക്കു വേണം മധ്യവർത്തികൾ.

നിറഞ്ഞെന്നൊരു തോന്നലുണ്ട്,
ഒരപ്പത്തിൻപുറമേറീട്ടാ-
ണതിൻ വരവു പൊതുവേ.

നമ്മെച്ചൂഴെയഴകുണ്ട്,
അതറിയാൻ പക്ഷേ,
ഉദ്യാനത്തിലൊന്നുലാത്തണം നമ്മൾ.

ഉടൽ തന്നെയൊരു മറ,
അതു മറയ്ക്കുന്നു,
പാതി പുറത്തു കാട്ടുന്നു,
നിങ്ങളുടെ സന്നിധാനത്തിൽ
ആളിക്കത്തുന്നൊരാഴിയെ.

ഉടൽ, വെള്ളം, കഥകൾ,
നാം ചെയ്യുന്ന ചെയ്തികൾ,
ഒക്കെയുപാധികൾ
മറയ്ക്കാൻ, മറഞ്ഞതിനെ കാട്ടാൻ.

ഇതൊന്നാലോചിക്കൂ,
ചിലനേരമറിയുന്നത്,
ചിലനേരമറിയാത്തത്,
അങ്ങനെയൊരു രഹസ്യത്തിൽ
കുളിച്ചുകേറാനെന്തു സുഖം!

 

 

link to image

1 comment:

jayanEvoor said...

വളരെ നല്ല പരിഭാഷ.നല്ല മലയാളം.
ഇഷ്ടപ്പെട്ടു.
(മിക്കപ്പോറും വായിക്കാറുണ്ട്. കമന്റിടാറില്ല എന്നേ ഉള്ളൂ.)