Monday, June 14, 2010

കാഫ്ക - എത്രയും പ്രിയപ്പെട്ട അച്ഛന് - 5

image0_2

അത്ര വഷളായ വിപരീതാർഥപ്രയോഗങ്ങളെ ഞാൻ എത്രയും അനുകൂലിച്ച സന്ദർഭങ്ങളുണ്ടായിരുന്നുവെന്നും പറയട്ടെ; അതായത് അവയുടെ ലക്ഷ്യം മറ്റൊരാളായിരുന്നെങ്കിൽ, ഉദാഹരണത്തിന്‌, വർഷങ്ങളായി എനിക്കു പിടുത്തമില്ലാത്ത എല്ലി. മിക്കവാറും ഓരോ ഭക്ഷണത്തിനു ശേഷവും അങ്ങ് അവളെക്കുറിച്ചു പറയുന്നത് വിദ്വേഷത്തിന്റെയും അവജ്ഞയുടെയും ഒരു വിരുന്നായിരുന്നു എനിക്ക്: ‘മേശയും കഴിഞ്ഞു പത്തു മീറ്റർ അകന്നിരുന്നാലേ പറ്റൂ അവൾക്ക്; അത്രയും പെരുത്തതല്ലേ പെണ്ണ്‌!’ എന്നിട്ട് തന്റെ കസേരയിലിരുന്ന് ദയവോ തമാശയോ തരിമ്പുമില്ലാതെ, തന്റെ ഏറ്റവും കടുത്ത ശാത്രുവാണവളെന്നപോലെ അവളുടെ ഇരിപ്പിനെ വികൃതമായിട്ടനുകരിക്കും അങ്ങ്. ഇതും ഇതുപോലുള്ള സംഗതികളും എത്ര തവണ ആവർത്തിച്ചിരിക്കുന്നു; ഇതു കൊണ്ടങ്ങു നേടിയത് എത്ര തുച്ഛവുമായിരുന്നു. വിഷയത്തിനു ചേർന്ന അനുപാതത്തിലായിരുന്നില്ല അങ്ങയുടെ രോഷത്തിന്റെയും വിദ്വേഷത്തിന്റെയും വിനിയോഗം എന്നതായിരുന്നു അതിനു കാരണമെന്നെനിക്കു തോന്നുന്നു. മേശയ്ക്കടുത്തു നിന്നു കുറച്ചു ദൂരെമാറി ഇരിയ്ക്കുന്നു എന്ന നിസ്സ്ആരവസ്തുതയിൽ നിന്നു ജനിച്ചതല്ല അങ്ങയുടെ കോപമെന്നും, നേരത്തേതന്നെ പൂർണ്ണതയിലുള്ള ഒന്ന് അവസരം വന്നപ്പോൾ ആഞ്ഞടിക്കുകയായിരുന്നു എന്നുമാണ്‌ നിങ്ങൾക്കു തോന്നുക. അവസരം ഏതുനേരത്തുമാകാം എന്നു ബോധ്യമാകുന്നതോടെ അതു നിങ്ങളെ അലട്ടാതെയാകുന്നു; ഭീഷണികൾക്കു നിർത്തില്ലാതെ വരുമ്പോൾ നിങ്ങളിൽ അതേശാതെയുമാകുന്നു. എന്തായാലും തല്ലു കിട്ടാൻ പോകുന്നില്ല എന്നു ക്രമേണ നിങ്ങൾക്കു ബോധ്യമാകുന്നു. ദുർമ്മുഖം കാട്ടുന്ന, ശ്രദ്ധയില്ലാത്ത, അനുസരണയില്ലാത്ത കുട്ടിയാവുന്നു നിങ്ങൾ; എപ്പോഴും എന്തിൽ നിന്നോ പലായനം ചെയ്യാൻ നോക്കുകയാണു നിങ്ങൾ; ആ പലായനം മുഖ്യമായും തന്നിലേക്കുതന്നെയുമാകുന്നു. അങ്ങനെ അങ്ങു സഹിച്ചു, അങ്ങനെ നമ്മൾ സഹിച്ചു. അടുത്ത കാലത്ത് കോൺസ്റ്റാന്റിനോപ്പിളിൽ നിന്നു വന്ന ഒരു കത്തിന്റെ പേരിൽ ‘എന്തുനല്ല ആൾക്കാർ!’ എന്ന് പല്ലിറുമ്മിയും, കാറിയ ചിരിയോടെയും (നരകം എങ്ങനെയിരിക്കുമെന്ന് കുട്ടിയ്ക്ക് ആദ്യമായിട്ടൊരു ധാരണ കിട്ടുന്നത് ആ ചിരിയിൽ നിന്നാണ്‌) അങ്ങു പറയുമ്പോൾ അങ്ങയുടെ വീക്ഷണത്തിൽ അതു ശരി തന്നെയായിരുന്നു.

സ്വന്തം മക്കളോടുള്ള ഈ മനോഭാവത്തിനു തീരെ യോജിക്കാത്ത ഒന്നായിട്ടു തോന്നിയിരുന്നു ഇടയ്ക്കിടെ എല്ലാവരും കേൾക്കെയുള്ള അങ്ങയുടെ പരാതി പറച്ചിൽ. കുട്ടിയായിരിക്കുമ്പോൾ ഞാനതു കാര്യമായിട്ടെടുത്തിട്ടേയില്ല എന്നു സമ്മതിക്കട്ടെ; അങ്ങനെയൊരു സഹതാപം അങ്ങു പ്രതീക്ഷിക്കുന്നതു തന്നെ എനിക്കു മനസ്സിലാകാത്തതായിരുന്നു. എല്ലാ അർഥത്തിലും ഒരതികായനായിരുന്നല്ലോ അങ്ങ്; ഞങ്ങളുടെ സഹായം പോകട്ടെ, അനുകമ്പ പോലും അങ്ങയ്ക്കെന്തിന്‌? എത്രയോ തവണ ഞങ്ങളെ പുച്ഛിച്ചുതള്ളിയിരിക്കുന്നതുപോലെ ഞങ്ങളുടെ സഹായത്തെയും അങ്ങു പുച്ഛിച്ചുതള്ളുമെന്നതു തീർച്ച. അതിനാൽ ഞാൻ അങ്ങയുടെ പരിദേവനങ്ങളെ മുഖവിലയ്ക്കെടുക്കാൻ പോയില്ല; അതിനു പിന്നിൽ മറ്റെന്തോ ഒളിച്ചിരിപ്പുണ്ടെന്നു ഞാൻ സംശയിച്ചു. സ്വന്തം മക്കളെപ്രതി അങ്ങു ദുഃഖമനുഭവിക്കുന്നുണ്ടെന്ന് പില്ക്കാലത്തേ എനിക്കു മനസ്സിലായുള്ളു; മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കിൽ ഒരു കുട്ടിയുടെ മനസ്സു തുറന്ന സഹതാപത്തിനു പാത്രമാകേണ്ടിയിരുന്ന അങ്ങയുടെ പരാതികൾ അക്കാലത്തു പക്ഷേ, കുട്ടികളെ പഠിപ്പിക്കാനും അവരെ ഇകഴ്ത്താനുമുള്ള പ്രകടനപരമായ മറ്റൊരടവായിട്ടാണു ഞാൻ കണക്കിലെടുത്തത്; അത്രയും ഫലവത്തല്ല അതെങ്കിൽക്കൂടി ഹാനികരമായ ഒരു പാർശ്വഫലം അതുകൊണ്ടുണ്ടായി: ഗൗരവമായിട്ടെടുക്കേണ്ട സംഗതികളെ അങ്ങനെയെടുക്കാതിരിക്കാൻ കുട്ടി ശീലിച്ചുപോയി.

ഭാഗ്യത്തിന്‌ ഇതിനൊക്കെ അപവാദങ്ങളുമുണ്ടായിരുന്നുവെന്നു സമ്മതിക്കണം; എല്ലാം ഉള്ളിലൊതുക്കി അങ്ങു നിശ്ശബ്ദനായിരിക്കുന്നതു കാണുമ്പോൾ സ്നേഹത്തിന്റെയും കരുണയുടെയും ശക്തികൾ തങ്ങളുടെ വഴി മുടക്കുന്ന സർവതിനെയും മറികടന്ന് എന്റെ ഹൃദയത്തെ വന്നുതൊട്ടിരുന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. അപൂർവമെങ്കിലും വിസ്മയാവഹമായിരുന്നു അത്. ഉദാഹരണത്തിന്‌, നല്ല ചൂടുള്ള വേനൽക്കാലത്ത് ഉച്ചഭക്ഷണവും കഴിഞ്ഞ് കടയിലെ മേശപ്പുറത്തു ചാരി അങ്ങു ക്ഷീണിച്ചു മയങ്ങുന്നതു കാണുമ്പോൾ; ജോലി ചെയ്തു തളർന്നിരിക്കുകയാണെങ്കിലും ഞായറാഴ്ചകളിൽ വേനലവധിക്കു ഞങ്ങളോടൊപ്പം നാട്ടിലേക്കു പോരുന്നതു കാണുമ്പോൾ; അമ്മ സുഖമില്ലാതെ കിടക്കുമ്പോൾ ബുക്ക് ഷെൽഫിൽ പിടിച്ചുനിന്നുകൊണ്ട് അങ്ങു തേങ്ങുന്നതു കാണുമ്പോൾ; അല്ലെങ്കിൽ കഴിഞ്ഞ തവണ ഞാൻ അസുഖമായി കിടക്കുമ്പോൾ എന്നെ കാണാനായി കാലൊച്ക കേൾപ്പിക്കാതെ അങ്ങ് ഓട്ലയുടെ മുറിയിലേക്കു കടന്നു വന്നപ്പോൾ. അങ്ങു പക്ഷേ എന്നെ ശല്യപ്പെടുത്തേണ്ടെന്നു കരുതി വാതില്ക്കൽ നിന്ന് എന്നെ നോക്കി കൈ വീശിക്കാണിച്ചതേയുള്ളു. അങ്ങനെയുള്ള അവസരങ്ങളിൽ സന്തോഷം കൊണ്ടു നിങ്ങൾ കിടക്കയിൽ കിടന്നു തേങ്ങിക്കരയും; ഇന്നിതെഴുതി വയ്ക്കുമ്പോൾ അയാൾ വീണ്ടും തേങ്ങിപ്പോകുന്നു.

എത്രയും മനോഹരമായ വിധത്തിൽ പുഞ്ചിരിയ്ക്കുന്ന ഒരു രീതി അങ്ങയ്ക്കുണ്ടായിരുന്നു; അത്ര അപൂർവമെങ്കിലും തൃപ്തിയും സമ്മതവും പ്രകടമാക്കുന്ന ആ പുഞ്ചിരി അതു ലക്ഷ്യമാക്കുന്നയാളെ എന്തെന്നില്ലാതെ സന്തോഷിപ്പിക്കാൻ സമർഥമായിരുന്നു. അതിൽ ഒരോഹരി എന്റെ ബാല്യത്തിൽ എനിക്കും കിട്ടിയിരുന്നതായി ഞാനോർക്കുന്നില്ല; എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ടാവുമെന്നു വിശ്വസിക്കാണാണ്‌ എനിക്കു തോന്നുന്നത്. അങ്ങയുടെ കണ്ണിൽ ഞാൻ അപരാധിയായിട്ടില്ലാതിരുന്ന ആ കാലത്ത്, ഞാൻ അങ്ങയുടെ കൂറ്റൻ പ്രതീക്ഷയായിരുന്ന ആ കാലത്ത് അങ്ങെനിക്കെന്തിനതു നിഷേധിക്കണം? അതെന്തുമാകട്ടെ, കാരുണ്യത്തിന്റേതായി മനസ്സിൽ തട്ടിയ ആ ഭാവങ്ങളും എന്നിലെ കുറ്റബോധത്തെ വർദ്ധിപ്പിക്കാനും, ലോകത്തെ ഇനിയും ദുർഗ്രഹമാക്കാനുമേ ഉപകരിച്ചിട്ടുള്ളു.

 

 

ചിത്രം- കാഫ്കയുടെ ഒരു സ്കെച്

No comments: