ആ കാലത്ത് അങ്ങയുടെ പ്രോത്സാഹനം എനിക്കു ഗുണകരമായേനേ. അങ്ങയുടെ ഭൗതികസാന്നിദ്ധ്യം കൊണ്ടുതന്നെ മനസ്സിടിഞ്ഞവനായിരുന്നു ഞാൻ. ഉദാഹരണത്തിന്, നീന്താൻ പോകുമ്പോൾ ഒരേ മുറിയിൽ വച്ചു നാം വസ്ത്രം മാറിയിരുന്നത് ഞാൻ ഇപ്പോഴോർക്കുന്നു. എല്ലും തൊലിയുമായി, ക്ഷീണിച്ചു മെലിഞ്ഞ ഞാനൊരാൾ; അങ്ങയോ, മാറു വിരിഞ്ഞ്, ബലത്തു കൂറ്റനായ ഒരാളും. മുറിയ്ക്കുള്ളിൽ നില്ക്കുമ്പോൾത്തന്നെ ഒരു നികൃഷ്ടരൂപമാണു ഞാൻ അങ്ങയുടെ കണ്ണിൽ, ലോകത്തിന്റെയാകെ കണ്ണിൽ (അങ്ങായിരുന്നല്ലോ സകലതിനും എനിക്കു മാനദണ്ഡം)എന്നെനിക്കു തോന്നി. എന്നിട്ടു പിന്നെ, മറ്റുള്ളവരുടെ കണ്മുന്നിലൂടെ അങ്ങയുടെ കൈയും പിടിച്ചു ഞാൻ, ഒരു കുഞ്ഞസ്ഥികൂടം, കാലിൽ ചെരുപ്പില്ലാതെ, ചുവടുറയ്ക്കാതെ പുറത്തേയ്ക്കു വരും. എങ്ങനെ നീന്തണമെന്ന് അങ്ങു കാണിച്ചുതരുന്നത് എനിക്കനുകരിക്കാനാവുന്നില്ല ( നല്ല ഉദ്ദേശ്യത്തോടെയാണ് അങ്ങയുടെ പ്രവൃത്തിയെങ്കിലും യഥാർഥത്തിൽ എന്നെ കടുത്ത നാണക്കേടിനടിപ്പെടുത്തുകയാണത്); ഞാൻ കൊടുംനൈരാശ്യത്തിലേക്കാണ്ടുപോകുന്നു, അങ്ങനെയുള്ള നിമിഷങ്ങളിൽ സകല മേഖലകളിലും എനിക്കുള്ള ദുരനുഭവങ്ങൾ ഒരുമിച്ചുകൂടുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ അങ്ങ് ആദ്യം വസ്ത്രം മാറ്റി പുറത്തിറങ്ങിയിരുന്നപ്പോൾ എനിക്കല്പ്പം കൂടി മനസ്സമാധാനം കിട്ടിയിരുന്നു; അങ്ങു വന്നെന്നെ ആട്ടിയിറക്കുന്നത്രയും നേരം അന്യർക്കു മുന്നിൽ സ്വയം പ്രദർശിപ്പിക്കുക എന്ന നാണക്കേടൊഴിവാക്കി എനിക്കു മുറിയിൽത്തന്നെ ഇരിക്കാമായിരുന്നല്ലോ. എന്റെ മനോവിഷം അങ്ങു ശ്രദ്ധിക്കത്തതിന്റെ പേരിൽ എനിക്കങ്ങയോടു നന്ദി തോന്നിയിരുന്നു; എന്റെ അച്ഛന്റെ ശരീരം എനിക്കൊരഭിമാനവുമായിരുന്നു. ആ വ്യത്യസ്തയുടെ ഒരംശം ഇന്നും നമുക്കിടയിൽ നിലനില്ക്കുന്നു എന്നും പറഞ്ഞുകൊള്ളട്ടെ.
ഇതിനോടു ചേർന്നുപോകുന്നതായിരുന്നു അങ്ങയുടെ ധൈഷണികമായ അധീശത്വം. സ്വന്തം പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ് ഇന്നത്തെ നിലയിലേക്ക് അങ്ങുയർന്നതെന്നതിനാൽ താൻ ചെയ്യുന്നതെന്തിനെക്കുറിച്ചും അളവറ്റൊരാത്മവിശ്വാസം അങ്ങയ്ക്കുണ്ടായിരുന്നു. കുട്ടിയായിരുന്നപ്പോൾ അതെന്റെ മനസ്സിനെ അത്രയ്ക്കു കുഴക്കിയിരുന്നില്ലെങ്കിലും, അതിലുമെത്രയോ അധികമായിരുന്നു വളർന്നുവരുന്ന ഒരു ചെറുപ്പക്കാരനിൽ അതിന്റെ പ്രഭാവം. സ്വന്തം ചാരുകസേരയില്ക്കിടന്ന് അങ്ങു ലോകം ഭരിച്ചു. അങ്ങയുടെ അഭിപ്രായം മാത്രം ശരി, മറ്റുള്ളതൊക്കെ വെറും ഭ്രാന്ത്, ഭോഷ്ക്ക്. അതേ സമയം അത്രയും അളവറ്റ ഒരാത്മവിശ്വാസത്തിനുടമയായിരുന്നു അങ്ങെന്നതിനാൽ താൻ പറയുന്ന കാര്യങ്ങൾ ചിലപ്പോൾ പരസ്പരവിരുദ്ധമാകുന്നത് അങ്ങയ്ക്കു പ്രശ്നമേ ആയിരുന്നില്ല. അപ്പോഴും അങ്ങയുടെ ഭാഗം ശരിയായിരിക്കുകയും ചെയ്യും. ഒരു വിഷയത്തെക്കുറിച്ച് അങ്ങയ്ക്ക് ഒരഭിപ്രായവും ഇല്ലെങ്കിലാവട്ടെ, ആ വിഷയത്തെക്കുറിച്ചു വരാവുന്ന മറ്റെല്ലാ അഭിപ്രായങ്ങളും പിശകിയേ പറ്റൂ. ഉദാഹരണത്തിന് അങ്ങയ്ക്കു ചെക്കുകളെ അധിക്ഷേപിക്കാം, പിന്നെ ജർമ്മൻകാരെ, ജൂതന്മാരെ, അതുമെന്തെങ്കിലും ചിലതിന്റെ പേരില്ല, അടച്ചൊരാക്ഷേപമാണ്; ഒടുവിൽ അങ്ങൊരാൾ മാത്രം ശേഷിക്കുന്നു. എല്ലാ സ്വേച്ഛാധിപതികൾക്കുമുള്ള ദുർജ്ഞേയമായ ആ സ്വഭാവവിശേഷം, യുക്തിയൂടെയല്ല, താനെന്ന വ്യക്തിയുടെ അടിസ്ഥാനത്തിൽ സ്വന്തം അവകാശം സ്ഥാപിച്ചെടുക്കുന്ന ആ രീതി, അങ്ങും അതു കൈക്കൊള്ളുകയായിരുന്നു. അങ്ങനെയാണ് അന്നെനിക്കതു തോന്നിയത്.
ഇനി, എന്റെ കാര്യത്തിൽ അങ്ങയുടെ ഭാഗം പലപ്പോഴും വളരെ ശരിയായിരുന്നുവെന്നത് ആശ്ചര്യകരമായിരിക്കുന്നു; തമ്മിൽ സംസാരിക്കുമ്പോൾ അതു പ്രത്യേകിച്ചു പറയേണ്ടതുമില്ല, തമ്മിൽ സംസാരം എന്നൊന്നുണ്ടായിട്ടുണ്ടെങ്കിൽ; യഥാർഥത്തിലും അങ്ങനെ തന്നെയായിരുന്നു. അതിൽപ്പക്ഷേ ദുരൂഹമായിട്ടെന്തെങ്കിലുമുണ്ടെന്നു പറയാനുമില്ല. എന്തെന്നാൽ എന്റെ ഓരോ ചിന്തയും അങ്ങയുടെ കഠിനമായ സമ്മർദ്ദത്തിൻ കീഴിലാണല്ലോ നടക്കേണ്ടിയിരുന്നത്, അങ്ങയുടെ ചിന്തയുമായി യോജിക്കാത്തവ പോലും- അവ പ്രത്യേകിച്ചും. ചിന്തകൾ, അങ്ങയിൽ നിന്നു സ്വതന്ത്രമാണവയെന്നു തോന്നിയാല്പ്പോലും, തുടക്കത്തിലേ തന്നെ അങ്ങയുടെ കർക്കശവും ധൃഷ്ടവുമായ ന്യായവിധിയുടെ ഭാരം പേറുന്നവയായിരുന്നു. ആ ഭാരവും സഹിച്ചുകൊണ്ട് പൂർണ്ണവും സ്ഥായിയുമായ ഒരു തലത്തിലേക്ക് ഒരു ചിന്തയെ വികസിപ്പിക്കുക എന്നത് മിക്കവാറും അസാധ്യം തന്നെയായിരുന്നു എനിക്ക്. ഉദാത്തമായ എന്തെങ്കിലും ചിന്തയുടെ കാര്യമൊന്നുമല്ല ഞാൻ പറയുന്നത്, ബാല്യത്തിലെ കൊച്ചുകൊച്ചുദ്യമങ്ങളെക്കുറിച്ചാണ്. എന്തിനെയെങ്കിലും കുറിച്ചു നിങ്ങൾക്കൊരു സന്തോഷം തോന്നുന്നു, അതു മനസ്സിൽ നിറയുന്നു, വീട്ടിലെത്തി നിങ്ങൾ അതിനെക്കുറിച്ചൊന്നു പറയുകയാണ്, അതിനു മറുപടി വരുന്നത് ഇതായിരിക്കും: വിപരീതാർഥത്തിലുള്ള ഒരു ദീർഘനിശ്വാസം, ഒരു തലകുലുക്കൽ, വിരൽ കൊണ്ട് മേശപ്പുറത്തൊരു തട്ടും- ‘ ഓ, ഇതാണോ ഇത്ര വലിയ കാര്യം?’, അല്ലെങ്കിൽ ‘അവന്റെയൊരു വേവലാതികൾ!’, അല്ലെങ്കിൽ ‘ഇതിനൊന്നും എനിക്കിപ്പോൾ നേരമില്ല!’, അല്ലെങ്കിൽ ‘ഇതിനാണോ ഇത്ര പുകിൽ!’ ശരിയാണ്, അങ്ങയുട്എ ജീവിതം തന്നെ വേവലാതികൾ നിറഞ്ഞതായിരിക്കെ ബാലിശമായ നിസ്സാരതകൾക്കു കാതു കൊടുക്കാൻ അങ്ങയ്ക്കെവിടെ നേരം? അതായിരുന്നില്ല പക്ഷേ, വിഷയം. വിഷയം, കുട്ടിയ്ക്കു നിരന്തരം ഇച്ഛാഭംഗങ്ങൾ വരുത്താതിരിക്കാൻ, അവന്റെ പ്രകൃതത്തിനു വിരുദ്ധമാണ് അങ്ങയുടെ പ്രകൃതം എന്നതിനാൽ അങ്ങയെക്കൊണ്ടാവില്ല എന്നതായിരുന്നു; അതു തന്നെയല്ല, ഈ വിരോധം അതിനുള്ള അവസരങ്ങൾ കൂടിവരുന്നതനുസരിച്ച് വർദ്ധിച്ചു വർദ്ധിച്ചു വന്നൊടുവിൽ ഒരിക്കലെങ്കിലും എന്റെ തന്നെ അഭിപ്രായമാണ് അങ്ങയ്ക്കെന്നു വന്നാല്ക്കൂടി അതിനുമനുവദിക്കാത്ത ഒരു സ്വഭാവദാർഢ്യമായി മാറുകയും ചെയ്യുന്നു; ആത്യന്തികമായി കുട്ടിയുടെ മേൽ വച്ചുകെട്ടുന്ന ഈ നൈരാശ്യങ്ങൾ സാധാരണജീവിതത്തിന്റേതുമായിരുന്നില്ല, മറിച്ച്- സകലതിനും മാനദണ്ഡം അങ്ങായിരുന്നു എന്നതിനാൽ- മർമ്മത്തിൽ കൊള്ളുന്നതുമായിരുന്നു. ധൈര്യം, നിശ്ചയദാർഢ്യം, ആത്മവിശ്വാസം, എന്തിന്റെയെങ്കിലും പേരിലുള്ള സന്തോഷം ഇതൊന്നും നീണ്ടുനിന്നിരുന്നില്ല, ഇതിനൊക്കെ അങ്ങെതിരായിരുന്നു എന്നതു കാരണം, അല്ലെങ്കിൽ അങ്ങെയ്ക്കെതിർപ്പുണ്ടാകാം എന്ന വിശ്വാസം കാരണം; ഞാൻ ബന്ധപ്പെടുന്ന എന്തിലും ആ വിശ്വാസം നിശ്ചയമായും ശരിയായിരിക്കുകയും ചെയ്യും.
ചിന്തകളുടെ കാര്യത്തിൽ മാത്രമല്ല, ആളുകളുടെ കാര്യത്തിലും ഇതു ബാധകമായിരുന്നു. ഏതെങ്കിലുമൊരാളുടെ പേരിൽ ഞാൻ ചെറുതായൊരു താത്പര്യം പ്രകടിപ്പിക്കേണ്ട താമസം,-എന്റെ പ്രകൃതം വച്ച് അതധികമങ്ങനെ ഉണ്ടാവാനും പോകുന്നില്ല- എനിക്കെന്തു തോന്നുമെന്ന വിചാരമില്ലാതെ, എന്റെ വിലയിരുത്തലിൽ എന്തെങ്കിലും ന്യായമുണ്ടോയെന്ന ആലോചനയുമില്ലാതെ, അധിക്ഷേപവും അപവാദവുമായി അങ്ങു ചാടിവീഴുകയായി. ശിശുക്കളെപ്പോലെ നിഷ്കളങ്കരായവർ, ആ യിദ്ദിഷ് നടൻ ലോവി ഉദാഹരണം, അതിനിരകളായിട്ടുണ്ട്. അയാളെക്കുറിച്ചൊന്നുമറിയാതിരിന്നിട്ടും അങ്ങയാളെ, ഭീകരമായ ആ പ്രയോഗം ഞാനിപ്പോളോർക്കുന്നില്ല, ഒരു കീടത്തോടുപമിച്ചു; എനിക്കു താത്പര്യമുള്ളവരുടെ കാര്യം വരുമ്പോൾ അങ്ങയുടെ നാവിൻ തുമ്പത്തു റെഡിയായിട്ടുള്ള നായക്കളെയും ചെള്ളുകളെയും കുറിച്ചുള്ള ആ പഴഞ്ചൊല്ല് അങ്ങെടുത്തു പ്രയോഗിക്കുകയും ചെയ്തു. ലോവിയുടെ കാര്യം ഞാൻ പ്രത്യേകിച്ചോർക്കാൻ കാരണം അയാളെക്കുറിച്ചുള്ള അങ്ങയുടെ പ്രസ്താവം ഇങ്ങനെയൊരു കുറിപ്പോടെ ഞാൻ എഴുതിവച്ചിരുന്നു എന്നതാണ്: എന്റെ അച്ഛൻ എന്റെ ഒരു സ്നേഹിതനെക്കുറിച്ച് (അദ്ദേഹത്തിന് അയാളെ അറിയുകപോലുമില്ല) സംസാരിക്കുന്നത് ഈ വിധത്തിലാണ്; അതിനു കാരണം അയാൾ എന്റെ സ്നേഹിതനായിപ്പോയി എന്നതു മാത്രം. ഒരു മകന്റെ സ്നേഹമോ നന്ദിയോ ഇല്ലെന്നു പറഞ്ഞ് അദ്ദേഹമെന്നെ എന്നെങ്കിലും കുറ്റപ്പെടുത്തിയാൽ അന്നെനിക്കെടുത്തു പ്രയോഗിക്കാൻ ഇതുണ്ടാവും. എന്തു മാത്രം മനോവേദനയും നാണക്കേടുമാണ് അങ്ങെന്റെ മേൽ ഏല്പ്പിക്കുന്നതെന്ന കാര്യം അങ്ങറിയാതെപോകുന്നല്ലോ എന്നത് എക്കാലവും എനിക്കൊരു ദുരൂഹതയായിരുന്നു; സ്വന്തം ശക്തിയെക്കുറിച്ച് അങ്ങയ്ക്കൊരു ധാരണയുമില്ലാത്തപോലെയായിരുന്നു അത്. ഞാനും വാക്കുകൾ കൊണ്ട് അങ്ങയെ മുറിവേല്പ്പിച്ചിട്ടുണ്ട് എന്നതു ശരിതന്നെ; പക്ഷേ ആ ബോധം എനിക്കുണ്ടായിരുന്നു. എനിക്കതു പ്രയാസമുണ്ടാക്കിയിരുന്നു, എന്നാൽ അവയെ തടയാനുള്ള ആത്മനിയന്ത്രണം എനിക്കില്ലാതെ പോയി; പറയുമ്പോൾത്തന്നെ പറയേണ്ടതില്ലായിരുന്നല്ലോ എന്ന ഖേദം എന്നെ ബാധിച്ചുകഴിയും. അങ്ങ്യ്ക്കു പക്ഷേ രണ്ടാമതൊന്നാലോചിക്കാതെ തന്റെ വാക്കുകളെടുത്തു പെരുമാറാം; അതിന്റെ പേരിൽ ആരോടും അങ്ങ്യ്ക്കു ഖേദപ്രകടനം നടത്തേണ്ടതില്ല, ആ സമയത്തും അതിനു ശേഷവും- അങ്ങയെ ചെറുക്കുക എന്നതില്ല.
പക്ഷേ കുട്ടികളുടെ ശിക്ഷണത്തിന്റെ കാര്യത്തിൽ അങ്ങയുടെ സമീപനം ഇങ്ങനെ തന്നെയായിരുന്നു. അതിനുള്ളൊരു വാസന അങ്ങയ്ക്കുണ്ടായിരുന്നെവെന്ന് എനിക്കു തോന്നുന്നു; അങ്ങയുടെ തരത്തില്പ്പെട്ട ഒരു വ്യക്തിയുടെ വളർച്ചയ്ക്ക് അങ്ങയുടെ ചിട്ടകൾ തീർച്ചയായും ഗുണം ചെയ്തേനെ; അങ്ങനെയൊരാളായിരുന്നുവെങ്കിൽ അങ്ങയാളോടു പറയുന്നതിലെ യുക്തിയുക്തത കണ്ടറിഞ്ഞ്, അതിനപ്പുറമൊന്നും ചിന്തിച്ചു തല പുണ്ണാക്കാൻ പോകാതെ അങ്ങു പറയുന്നത് അതേപടി അനുസരിച്ചുനടന്നേനെ. പക്ഷേ, കുട്ടിയായ എനിക്ക് അങ്ങയുടെ ആക്രോശങ്ങൾ ദൈവകല്പനകളായിരുന്നു; ഞാനതു മറന്നില്ല; ലോകത്തെ വിലയിരുത്താൻ, അതിലുമുപരി അങ്ങയെ വിലയിരുത്താനുള്ള പരമപ്രധാനമായ ഉപാധിയായി അതെന്നോടൊപ്പമുണ്ടായിരുന്നു; അതിൽ അങ്ങു പൂർണ്ണമായും പരാജയപ്പെടുകയും ചെയ്തു. ഭക്ഷണസമയത്താണു ഞാൻ മിക്കപ്പോഴും അങ്ങയോടൊപ്പമുണ്ടാവുക എന്നതിനാൽ ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാവും പ്രധാനമായും അങ്ങയുടെ ശിക്ഷണം. മേശപ്പുറത്ത് എന്തു കാണുന്നുവോ, അതു കഴിച്ചിരിക്കണം; അതിന്റെ ഗുണത്തെക്കുറിച്ച് ഒരു ചർച്ചയും പാടില്ല- അങ്ങയ്ക്കു പക്ഷേ പലപ്പോഴുമത് വായിൽ വയ്ക്കാൻ കൊള്ളാത്തതായിരുന്നു, പിണ്ണാക്കായിരുന്നു, ആ പോത്ത് (വേലക്കാരി) കൊണ്ടുപോയി നശിപ്പിച്ചതായിരുന്നു. അങ്ങയുടെ കൂറ്റൻ വിശപ്പിനു ചേരുന്നപടി ചൂടാറാൻ നില്ക്കാതെ, വലിയ ഉരുളകളാക്കി, വാരിവാരി അൻഗു വിഴുങ്ങുമ്പോൾ അതിനൊപ്പമെത്താൻ കുട്ടിയ്ക്കു പണിപ്പെടേണ്ടിവന്നു; മേശയ്ക്കു ചുറ്റും ഗൗരവം നിറഞ്ഞ നിശ്ശ്ബ്ദതയായിരിയ്ക്കും; ഇടയ്ക്കിടെ അതിനെ ഭേദിച്ചുകൊണ്ട് അങ്ങയുടെ ശാസനകൾ കേൾക്കാം: ‘ആദ്യം വാരിക്കഴിക്കാൻ നോക്ക്, സംസാരമൊക്കെ പിന്നെയാകാം,’ ‘ വേഗം, വേഗം, വേഗം’, കണ്ടോ, ഞാൻ കഴിച്ചുകഴിഞ്ഞിട്ട് എത്ര കാലമായി.‘ എല്ലുകൾ കടിച്ചുടയ്ക്കാൻ പാടില്ല. പക്ഷേ അങ്ങയ്ക്കതാവാം. വിനാഗിരി ഒച്ചയുണ്ടാക്കിക്കുടിക്കരുത്, പക്ഷേ അങ്ങയ്ക്കാവാം. റൊട്ടി നേരേ മുറിയ്ക്കുക എന്നതാണു പ്രധാനം. ചാറൊലിക്കുന്ന കത്തി കൊണ്ടാണ് അങ്ങതു ചെയ്യുന്നതെന്നത് വിഷയമേയല്ല. തറയിൽ എച്ചിലു വീഴാൻ പാടില്ല. പക്ഷേ ഭക്ഷണം കഴിയുമ്പോൾ ഏറ്റവുമധികം എച്ചിലു വീണിരിക്കുന്നത് അങ്ങയുടെ കസേരയ്ക്കടിയിലായിരിക്കും. ഭക്ഷണത്തിനിരിക്കുമ്പോൾ അതല്ലാതെ മറ്റൊന്നുമരുത്. അങ്ങയ്ക്കു പക്ഷേ നഖം മുറിയ്ക്കാം, പെൻസിൽ മുനകൂർപ്പിക്കാം, പല്ലുകുത്തിയെടുത്ത് ചെവി വൃത്തിയാക്കാം. അച്ഛാ, ഞാൻ പറയുന്നത് ശരിയായ അർഥത്തിലെടുക്കണേ: തീർത്തും നിസ്സാരമായ വിശദാംശങ്ങളായിരിക്കാം ഇതൊക്കെ. എനിക്കവ പീഡാജനകമായത് സകലതിനും മാനദണ്ഡമായ അങ്ങ് എന്നിൽ ചുമത്തിയ കൽപനകളെ സ്വയം അനുസരിക്കുന്നില്ല എന്നു വന്നപ്പോഴാണ്. ഇതെന്റെ ലോകത്തെ മൂന്നു ഭാഗങ്ങളായി തിരിച്ചു: ഒന്നിൽ, എനിക്കു മാത്രമായി സൃഷ്ടിച്ചതും, എന്തു കാരണം കൊണ്ടോ എനിക്കു പൂർണ്ണമായി അനുസരിക്കാനാവാത്തതുമായ നിയമങ്ങൾക്കു വിധേയനായി ഞാൻ, അടിമ, ജീവിക്കുന്നു; പിന്നെ എന്റെ ലോകത്തു നിന്ന് അനന്തദൂരമകലെ രണ്ടാമതൊരു ലോകത്ത് ഭരണവും, ഉത്തരവുകളിറക്കലും, അവ അനുസരിക്കപ്പെടാത്തതിലെ ഈർഷ്യയുമൊക്കെയായി അങ്ങു ജീവിക്കുന്നു; ഒടുവിൽ, ആരെയും അനുസരിക്കേണ്ടതില്ലാതെ മറ്റു മനുഷ്യർ സന്തോഷത്തോടെ ജീവിക്കുന്ന മൂന്നാമത്തെ ലോകം. എനിക്കെന്നും അവമാനമായിരുന്നു; അങ്ങയുടെ കല്പനകളെ അനുസരിക്കുക- അതൊരവമാനമായിരുന്നു; അല്ലെങ്കിൽ ധിക്കരിച്ചുനടക്കുക- അതും അവമാനമായിരുന്നു; ഞാൻ അങ്ങയെ ധിക്കരിച്ചു നടക്കുന്നതെങ്ങനെ? അല്ലെങ്കിൽ, അങ്ങയുടെ ബലമോ, ആർത്തിയോ, ചുണയോ ഇല്ലാത്തതു കാരണം അങ്ങയുടെ കല്പനകൾ അനുസരിക്കാൻ പറ്റാതെവരിക; അതായിരുന്നു ഏറ്റവും വലിയ അവമാനം. കുട്ടിയുടെ ആലോചന- വികാരമല്ല- പോയത് ഈ വഴിക്കാണ്.
എന്റെ അന്നത്തെ അവസ്ഥ ഫെലിക്സിന്റെ ഇന്നത്തെ സ്ഥിതിയുമായി തട്ടിച്ചു നോക്കുമ്പോൾ കുറച്ചുകൂടി വ്യക്തമായേക്കാം. അങ്ങവനെ കൈകാര്യം ചെയ്യുന്നതും അതേപോലെതന്നെ- മാത്രമല്ല, തീർത്തും ഭീകരമായ ഒരു മുറ കൂടി അവന്റെ മേൽ അങ്ങു പ്രയോഗിക്കുന്നുണ്ട്: ഭക്ഷണസമയത്ത് വെടിപ്പില്ലാത്ത എന്തെങ്കിലും അവന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലാവട്ടെ, എന്നോടു പറഞ്ഞിട്ടുള്ള ’എന്തൊരു പന്നി!‘ എന്നു മാത്രം പറഞ്ഞാല്പ്പോരാ അങ്ങയ്ക്ക്; കൂടെ ’ഒന്നാന്തരമൊരു ഹെർമ്മൻ തന്നെ!‘ അല്ലെങ്കിൽ ’തന്തയ്ക്കു ചേർന്ന മകൻ!‘ എന്നുകൂടി കൂട്ടിച്ചേർത്താലേ അങ്ങയ്ക്കു തൃപ്തിയാവൂ. അതൊരു പക്ഷേ- ഒരുപക്ഷേ എന്നേ പറയാനാവൂ- ഫെലിക്സിനെ അടിസ്ഥാനപരമായി ബാധിക്കുന്നില്ലായിരിക്കാം; അങ്ങവനു വെറുമൊരു മുത്തശ്ശൻ മാത്രമാണല്ലോ; വിശേഷിച്ചും പ്രധാനപ്പെട്ടൊരാളെങ്കിലും എനിക്കായിരുന്ന മാതിരി എല്ലാമല്ല അങ്ങവന്. അതുമല്ല, ബഹളമില്ലാത്തതും, പാകം വന്നതെന്നു പറയാവുന്നതുമായ ഒരു പ്രകൃതമാണല്ലോ ഫെലിക്സിന്റേത്; ഇടിനാദം പോലത്തെ ഒച്ച കേട്ട് അവനൊന്നു പകച്ചുപോയേക്കാമെങ്കിലും അതവനെ സ്ഥായിയായി ബാധിക്കാൻ പോകുന്നില്ല. അതിനും പുറമെ വളരെച്ചുരുക്കമായേ അവന് അങ്ങയോടൊപ്പം കഴിയേണ്ടിവരുന്നുള്ളു; പിന്നെ മറ്റു സ്വാധീനങ്ങളും അവനു മേലുണ്ട്. അവനെ സംബന്ധിച്ചിടത്തോളം വെറുമൊരു കൗതുകവസ്തു മാത്രമാണങ്ങ്; തനിക്കു വേണ്ടത് അതിൽ നിന്നവനു നോക്കിയെടുക്കാം. പക്ഷേ അങ്ങെനിക്കൊരു കൗതുകമായിരുന്നില്ല; വേണ്ടതു നോക്കിയെടുക്കേണ്ടതായിരുന്നില്ല, മൊത്തമായിട്ടെടുക്കേണ്ടതായിരുന്നു.
അതും ഒരു ചെറുത്തുനില്പ്പുമില്ലാതെ ഞാനെടുക്കേണ്ടിയുമിരുന്നു, കാരണം , താനംഗീകരിക്കാത്തതോ, താൻ നിർദ്ദേശിക്കാതതോ ആയ ഒരു കാര്യത്തെക്കുറിച്ച് അങ്ങയുമായി സമാധാനത്തോടെ സംസാരിക്കുക എന്നത് അസാദ്ധ്യം തന്നെയായിരുന്നല്ലോ; അങ്ങയുടെ നിർബന്ധബുദ്ധി അതിനനുവദിക്കുകയില്ല. തന്റെ ഹൃദയം പെട്ടെന്നു ചഞ്ചലിച്ചുപോകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നൊരു വിശദീകരണം അടുത്തകാലത്തായി അങ്ങു നല്കുന്നുണ്ട്. എന്നാൽ ഇങ്ങനെയല്ലാതിരുന്ന ഒരു കാലം എന്റെ ഓർമ്മയിലേയില്ല; ഇനി ഹൃദയചാഞ്ചല്യത്തെപ്പിടിച്ചുള്ള ഈ പറച്ചിൽ തന്റെ അധികാരം കൂടുതൽ കർശനമായി അടിച്ചേല്പ്പിക്കുന്നതിനുള്ളൊരു തന്ത്രം മാത്രമാണെന്നും വരാം; മറ്റേയാളിൽ എതിർപ്പിന്റെ ശേഷിച്ച ശ്വാസത്തെക്കൂടി അതു ഞെക്കിക്കൊല്ലുമല്ലോ. ഇതൊരു വിമർശനമല്ലേയല്ല, വെറും വസ്തുതാവിവരണം മാത്രം. ഓട്ട്ലയെക്കുറിച്ച് അങ്ങു പറയാറുണ്ട്: ’ അവളോടു സംസാരിക്കാനേ പറ്റില്ല- ചാടിക്കടിക്കാൻ വരും‘; ഒന്നാമതായി അവൾ അവൾ ചാടിക്കടിക്കാനൊന്നും വരാറില്ല എന്നതാണു പരമാർഥം. പറയുന്ന വിഷയത്തെ വ്യക്തിയുമായി കൂട്ടിക്കുഴയ്ക്കുകയാണങ്ങ്; വിഷയം അങ്ങയുടെ മേൽ ചാടിവീഴുകയാണ്; ഉടനേ മറ്റേയാൾക്കു പരയാനുള്ളതൊന്നും കേൾക്കാൻ നില്ക്കാതെ അങ്ങൊരു നിഗമനത്തിലെത്തുകയും ചെയ്യുകയാണ്. പിന്നെപ്പറയുന്നതൊക്കെ അങ്ങയെ കൂടുതൽ വെറി പിടിപ്പിക്കുകയേയുള്ളു, ബോധ്യപ്പെടുത്തുകയില്ല. അതിനു ശേഷം അങ്ങയുടെ മുഖത്തു നിന്നു വരുന്നതിതായിരിക്കും: ‘നിങ്ങളുടെയൊക്കെ ഇഷ്ടം പോലെ ചെയ്തോ; ഞാൻ പിടിച്ചു കെട്ടിയിടാനൊന്നും വരുന്നില്ല; മുതിർന്നില്ലേ, എനിക്കിനി ഉപദേശിക്കാനൊന്നുമില്ല’- ഇതൊക്കെപ്പറയുന്നതാവട്ടെ കോപവും ശാപവും ഉള്ളിലൊതുക്കിയ കാറിയ ഒച്ചയിലും. ഇന്നിതോർക്കുമ്പോൾ കുട്ടിക്കാലത്തെപ്പോലെ ഞാൻ കിടുങ്ങിപ്പോകുന്നില്ലെങ്കിൽ അതിനു കാരണം കുട്ടിയുടെ കുറ്റബോധം നാമിരുവരും പങ്കുവയ്ക്കുന്ന നിസ്സഹായതയിലേക്ക് എനിക്കു കിട്ടിയ ഒരുൾക്കാഴ്ചയ്ക്ക് വഴിമാറിക്കൊടുത്തതുകൊണ്ടുമാത്രമാണ്.
സമാധാനത്തോടെ ഒത്തുപോകാൻ നമുക്കു കഴിയാത്തതിന് വളരെ സ്വാഭാവികമായ മറ്റൊരു പരിണതഫലം കൂടിയുണ്ടായി: എന്റെ വായടഞ്ഞു. മറ്റൊരു ചുറ്റുപാടായിരുന്നെങ്കിലും ഞാൻ വലിയ പ്രഭാഷകനൊന്നുമാവാൻ പോകുന്നില്ല; പക്ഷെ തട്ടിത്തടയാത്ത, സാമാന്യമായ മനുഷ്യഭാഷ എനിക്കു സ്വായത്തമായേനെ. എന്നാൽ തുടക്കത്തിലേ അങ്ങെനിക്കു വാക്കു വിലക്കി. ‘എതിർത്തൊരു വാക്കു മിണ്ടിപ്പോകരുത്!’-അങ്ങയുടെ ഭീഷണിയും, അതിന്റെ കൂടെയുണ്ടായിരുന്ന ഉയർത്തിയ കൈയും അതിപ്പിന്നെ എന്നെപ്പിരിയാതെ കൂടി. അങ്ങയിൽ നിന്നെനിക്കു കിട്ടിയത് -സ്വന്തം കാര്യം വരുമ്പോൾ കേമനായൊരു പ്രഭഷകനായിരുന്നല്ലോ അങ്ങ്- പതറിയതും വിക്കുന്നതുമായ ഒരു സംസാരരീതിയായിരുന്നു; അതുപോലും പക്ഷേ, അധികപ്പറ്റായിരുന്നു അങ്ങയ്ക്ക്; ഒടുവിൽ ഞാൻ വാ തുറക്കാതെയായി; ആദ്യം അതൊരു ധിക്കാരം കാണിക്കലായിരുന്നിരിക്കാം; പിന്നീടത് അങ്ങയുടെ സാന്നിദ്ധ്യത്തിൽ ചിന്തിക്കാനോ സംസാരിക്കാനോ എനിക്കു കഴിയാത്തതു കൊണ്ടുതന്നെയായി. അങ്ങായിരുന്നു എന്റെ യഥാർഥ ഉപദേഷ്ടാവെന്നതിനാൽ എന്റെ ജീവിതത്തിന്റെ സമസ്തമേഖലകളിലും അതിന്റെ ഛായ വീഴുകയും ചെയ്തു. ഞാൻ ഒരുകാലത്തും അങ്ങയെ അനുസരിച്ചുനടന്നിട്ടില്ലെന്നാണ് അങ്ങു വിശ്വസിക്കുന്നതെങ്കിൽ എടുത്തുപറയേണ്ടൊരു പിശകായിരിക്കുമത്. അങ്ങു വിശ്വസിക്കുമ്പോലെ, അങ്ങു കുറ്റപ്പെടുത്തുമ്പോലെ ‘എന്നുമെതിർപ്പ്’ എന്നതായിരുന്നില്ല സത്യമായും അങ്ങയോടുള്ള എന്റെ ജീവിതപ്രമാണം. നേരേമറിച്ച് ഇത്രയും അനുസരണശീലം ഞാൻ കാണിക്കാതിരുന്നെങ്കിൽ അങ്ങയ്ക്കെന്നിൽ ഇതിലും തൃപ്തി തോന്നിയേനെ. അങ്ങനെയല്ല ഉണ്ടായത്; എന്നെ വളർത്താൻ അങ്ങുപയോഗിച്ച മുറകളൊന്നും കുറിയ്ക്കു കൊള്ളാതെ പോയില്ല; ഒരു നീക്കത്തിലും പെടാതെ പോയില്ല ഞാൻ; ഇന്നത്തെ ഈ ഞാൻ (എന്റെ അടിസ്ഥാനപ്രകൃതിയും എന്റെ ജീവിതത്തിന് എന്റെ മേലുണ്ടായ സ്വാധീനവും കണക്കിലെടുത്തുകൊണ്ടുതന്നെ) അങ്ങയുടെ ശിക്ഷണത്തിന്റെയും എന്റെ അനുസരണയുടെയും അനന്തരഫലമത്രെ. എന്നിട്ടുകൂടി ഈ ഫലം അങ്ങയ്ക്കു മനോവേദനയുണ്ടാക്കുന്നെങ്കിൽ(തന്റെ ശിക്ഷണത്തിന്റെ ഫലമാണിതെന്നംഗീകരിക്കാൻ അബോധപൂർവമായി അങ്ങു ശ്രമിക്കുന്നുണ്ടെന്നതു നിശ്ചയം) അതിനു കാരണം എന്റെ കളിമണ്ണ് അങ്ങയുടെ കൈകൾക്ക് അത്രയ്ക്കന്യമായിരുന്നു എന്നതുതന്നെ. ‘എതിർത്തൊരു വാക്കു മിണ്ടിപ്പോകരുത്!’ എന്നു പറയുമ്പോൾ അങ്ങുദ്ദേശിച്ചത് എന്നിലുള്ള എതിർശക്തികളുടെ വായടയ്ക്കുക എന്നതായിരുന്നു; പക്ഷേ എനിക്കു താങ്ങാനാവാത്തതായിരുന്നു അതിന്റെ പ്രഭാവം; അത്രയും മെരുങ്ങിപ്പോയിരുന്നു ഞാൻ; ഞാൻ ഒന്നും മിണ്ടാതെയായി; ഞാനങ്ങയെ ഒളിച്ചുനടന്നു; അങ്ങയിൽ നിന്നത്രയകലെ, അങ്ങയുടെ അധികാരം നേരിട്ടെങ്കിലും എന്നിലേക്കെത്താത്തൊരു ദൂരത്തെത്തിയിട്ടേ ഒന്നനങ്ങാൻ കൂടി ഞാൻ ധൈര്യപ്പെട്ടുള്ളു. എന്നാൽ എന്നെ കാണുമ്പോൾ സകലതും ‘എതിർപ്പാ’യി അങ്ങയ്ക്കു തോന്നി; അതേസമയം അങ്ങയുടെ ബലത്തിന്റെയും എന്റെ ദൗർബല്യത്തിന്റെയും സ്വാഭാവികപരിണാമമായിരുന്നു ഒക്കെയും.
എന്റെ ശിക്ഷണത്തിനായി അങ്ങെടുത്തുപയോഗിച്ചിരുന്ന അങ്ങേയറ്റം ഫലപ്രദവും, എന്റെ കാര്യത്തിലെങ്കിലും, ഒരിക്കലും പിഴയ്ക്കാത്തതുമായ ഭാഷണതന്ത്രങ്ങൾ ഇവയായിരുന്നു: അധിക്ഷേപം, ഭീഷണി, വിപരീതാർഥപ്രയോഗം, വിദ്വേഷമൊളിപ്പിച്ച ചിരി, പിന്നെ-വിചിത്രമെന്നു പറയട്ടെ- ആത്മാനുകമ്പയും.
അങ്ങെന്നെ നേരിട്ടധിക്ഷേപിച്ചതായി എന്റെ ഓർമ്മയിലില്ല. അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ലല്ലോ: അങ്ങയുടെ കൈവശം മറ്റെന്തൊക്കെ മാർഗ്ഗങ്ങളുണ്ടായിരുന്നു. തന്നെയുമല്ല, വീട്ടിലും, കടയിൽ പ്രത്യേകിച്ചും, അന്യരുടെ തലകൾ ലക്ഷ്യമാക്കി തൊടുത്തുവിടുന്ന എത്രയെങ്കിലും അധിക്ഷേപങ്ങൾ കൂട്ടമായി വന്ന് എന്നെ പൊതിഞ്ഞിരുന്നു; ചെറിയ കുട്ടിയായ ഞാൻ പലപ്പോഴും അതുകേട്ട് പകച്ചുനിന്നുപോയിട്ടുണ്ട്; ആ വാക്കുകളുടെ ലക്ഷ്യസ്ഥാനത്ത് സ്വയം നിർത്തിനോക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല, കാരണം, ആ വാക്കുകൾ കൊണ്ട് അങ്ങധിക്ഷേപിക്കുന്നവർ എന്നെക്കാൾ മോശക്കാരായിരുന്നില്ലല്ലോ; അങ്ങയ്ക്കവരോടുള്ള അതൃപ്തി എന്നോടുള്ള അതൃപ്തിയെക്കാൾ ഒട്ടുമധികവുമായിരുന്നില്ല. ഇവിടെയും അങ്ങയുടെ നിരപരാധിത്വവും അലംഘനീയതയ്ഉം എനിക്കു പിടികിട്ടാത്തതായിരുന്നു. താനെന്താണു ചെയ്യുന്നതെന്ന് രണ്ടാമതൊന്നാലോചിക്കാതെ അങ്ങയ്ക്ക് അധിക്ഷേപങ്ങൾ വിളിച്ചുപറയാം- അതേസമയം മറ്റുള്ളവർ മോശം വാക്കുപയോഗിച്ചാൽ അങ്ങതിനെ പഴിയ്ക്കും, വിലക്കുകയും ചെയ്യും.
അധിക്ഷേപത്തിനു ബലം കിട്ടാനായി ഭീഷണികളും അങ്ങെടുത്തുപയോഗിച്ചിരുന്നു; എന്നെയാണ് അവ പ്രധാനമായും ലക്ഷ്യമാക്കിയിരുന്നത്. ‘ഞാൻ നിന്നെ പിച്ചിക്കീറും-മീനെപ്പോലെ!’ എന്നതുപോലെയുള്ള ഭീഷണികൾ കേട്ട് ഞാൻ വിരണ്ടുപോയിട്ടുണ്ട്. അങ്ങനെയൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നറിയാമായിരുന്നെങ്കില്ക്കൂടി (പക്ഷേ ചെറിയ കുട്ടിയായിരിക്കുമ്പോൾ അതെനിക്കറിയില്ലായിരുന്നു) അതിനും പോരുന്നയാളാണങ്ങെന്ന ധാരണ ബലപ്പെടുത്താൻ അതിനായി. മറ്റൊരു ഭീകരാനുഭവമുള്ളതിതായിരുന്നു: എന്നെ പിടികൂടാനെന്നപോലെ ഒച്ചയും കൂട്ടി അങ്ങെന്നെ മേശയ്ക്കു ചുറ്റുമിട്ടോടിയ്ക്കും; ഒടുവിൽ അമ്മ വന്ന് എന്നെ രക്ഷപ്പെടുത്തുകയാണെന്നു ഭാവിക്കും. കുട്ടിയ്ക്കു വീണ്ടും തോന്നുകയാണ്, അങ്ങയുടെ കാരുണ്യം കൊണ്ടാണ് താൻ ജീവനോടിരിക്കുന്നതെന്ന്, അർഹതയില്ലാതെ തനിയ്ക്കങ്ങയിൽ നിന്നു കിട്ടിയൊരു ദാനമാണ് താൻ ഈ കൊണ്ടുനടക്കുന്ന ജീവിതമെന്ന്. അനുസരണകേടിന്റെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള അങ്ങയുടെ ഭീഷണികളെക്കുറിച്ചു പരാമർശിക്കേണ്ടതും ഇവിടെത്തന്നെ. അങ്ങയ്ക്കു ഹിതമല്ലാത്ത എന്തിനെങ്കിലും ഞാനൊരുങ്ങുകയും, അതു പരാജയപ്പെടുകയേയുള്ളൂവെന്ന് അങ്ങു ഭീഷണിപ്പെടുത്തുകയും ചെയ്തുകഴിഞ്ഞാൽപ്പിന്നെ അതു പരാജയപ്പെട്ടിരിക്കും, അപ്പോൾത്തന്നെയല്ലെങ്കിൽ അധികം വൈകാതെ; അത്രയ്ക്കായിരുന്നു അങ്ങയുടെ അഭിപ്രായങ്ങളോട് എനിക്കുള്ള ഭയവും ബഹുമാനവും. സ്വന്തമായി എന്തെങ്കിലുമൊന്നു ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കു നഷ്ടപ്പെട്ടു. എന്റെ മനസ്സുറപ്പു നഷ്ടപ്പെട്ടു, സംശയങ്ങൾ ഒഴിയാതെയായി. എനിക്കു പ്രായമേറുന്നതോടെ എന്റെ നിഷ്പ്രയോജനതയ്ക്ക് കൂടുതൽ തെളിവുകൾ അങ്ങയ്ക്കു കൈയിലാവുകയായിരുന്നു; ഒരുവിധത്തിൽ പറഞ്ഞാൽ, കാലക്രമേണ അങ്ങയുടെ വിലയിരുത്തൽ ശരിയാവുകയായിരുന്നു. അങ്ങൊരാൾ കാരണമാണു ഞാൻ ഈ വിധമായതെന്നു സ്ഥാപിക്കാനല്ല ഞാൻ ശ്രമിക്കുന്നതെന്നു ആവർത്തിക്കട്ടെ; നേരത്തേയുണ്ടായിരുന്ന ഒന്നിനെ ബലപ്പെടുത്തുകയേ അങ്ങു ചെയ്തിട്ടുള്ളു; എന്നെ സംബന്ധിച്ചിടത്തോളം അത്രയും പ്രബലനായ അങ്ങ് സ്വന്തം കരുത്തു മുഴുവൻ അതിനായി വിനിയോഗിക്കുകയും ചെയ്തു.
ശിക്ഷണത്തിൽ വിപരീതാർഥപ്രയോഗത്തിന്റെ സാധ്യതകൾ അങ്ങു കാര്യമായിത്തന്നെ പ്രയോജനപ്പെടുത്തിയിരുന്നു. എനിക്കു മേൽ അങ്ങയ്ക്കുള്ള അധീശത്വത്തിനു ചേർന്നുപോകുന്നതുമായിരുന്നു അത്. അങ്ങയുടെ ശാസനകൾക്ക് പൊതുവേ ഇങ്ങനെയൊരു രൂപമായിരിക്കും: ‘നിനക്കതങ്ങനെ ചെയ്താൽ പോരായിരുന്നോ? നിന്നെക്കൊണ്ടതു പറ്റില്ലായിരിക്കും, അല്ലേ? അല്ലപിന്നെ, നിനക്കതിനു നേരവുമെവിടിരിക്കുന്നു!’ ഇങ്ങനെ. ഈ ഓരോ ചോദ്യത്തിനും അകമ്പടിയായി പകയൊളിപ്പിച്ച ഒരു ചിരിയും പകയൊളിപ്പിച്ച ഒരു മുഖവുമുണ്ടാകും. താനെന്തു തെറ്റു ചെയ്തു എന്നറിയും മുമ്പേ കുട്ടിയ്ക്കു ശിക്ഷ കിട്ടിക്കഴിഞ്ഞു. ആ ഭത്സനങ്ങളാവട്ടെ, ഭ്രാന്തു പിടിപ്പിക്കുന്നവയുമായിരുന്നു: കോപിച്ചുപോലും നേരിട്ടൊരക്ഷരം മിണ്ടിക്കൂടാത്തൊരാളെപ്പോലെയാണു നിങ്ങൾ; മൂന്നാമതൊരാളാണു നിങ്ങൾ; പ്രത്യക്ഷത്തിൽ അമ്മയോടാണു പറയുന്നതെങ്കിലും അവിടെയിരിക്കുന്ന എന്നെ കൊള്ളിച്ചാണ് അങ്ങു സംസാരിക്കുന്നത്- ഉദാഹരണത്തിന്: ‘നമ്മുടെ കേമനായ പുത്രനിൽ നിന്ന് അത്രയൊക്കെ പ്രതീക്ഷിക്കാൻ പറ്റുമോ?’ എന്ന രിതിയിൽ. ( ഈ കളി തിരിച്ചുമുണ്ട്: അമ്മയുണ്ടെങ്കിൽ അങ്ങയോടു നേരിട്ടു സംസാരിക്കാൻ എനിക്കു ധൈര്യം വരില്ല; പിന്നീട് അതൊരു ശീലമായിക്കഴിഞ്ഞപ്പോൾ അതു സ്വപ്നം കാണാൻ കൂടി എനിക്കു കഴിയാതെയായി. അങ്ങയോടു ചോദിക്കേണ്ട ചോദ്യങ്ങൾ അടുത്തിരിക്കുന്ന അമ്മയോടു ചോദിക്കുന്നതായൊരുന്നു കുട്ടിയ്ക്കു കൂടുതൽ സുരക്ഷിതം; അവൻ ചോദിക്കും: ‘അച്ഛനു സുഖമല്ലേ?’ അപ്രതീക്ഷിതമായ അപായങ്ങളിൽ നിന്ന് അവൻ അങ്ങനെ സ്വയം രക്ഷിച്ചുപോന്നു.)
No comments:
Post a Comment