ഒരു മുറി അപ്പവുമായി,
ഒരു കിളിക്കൂടു പോലെ
തന്നെപ്പൊതിഞ്ഞുപിടിക്കുന്നൊരു കുടിലിലേക്ക്
തനിയേ പോകുന്നൊരാൾ;
അധികമൊന്നും വേണ്ടയാൾക്ക്,
ഓർക്കാനാരുമില്ലയാളെ.
എല്ലാവർക്കുമുള്ള കത്താണയാൾ.
തുറന്നുനോക്കൂ.
അതിലെഴുതിയിരിക്കുന്നു:
ജീവിക്കൂ.
*
കവിതകളിലെ സാന്നിദ്ധ്യങ്ങൾക്കു കാതു കൊടുക്കൂ,
അവ കൊണ്ടുപോകുമിടത്തേക്കു പിൻപു ചെല്ലൂ.
ആ ഗൂഢമന്ത്രങ്ങളെയനുസരിക്കൂ,
ഇരിക്കുമിടം വിട്ടു പോകേണ്ട പിന്നെ.
*
നിന്റെ വെളിച്ചത്തിൽ
പ്രണയിക്കാൻ പഠിക്കുന്നു ഞാൻ,
നിന്റെ സൗന്ദര്യത്തിൽ
കവിതകളെഴുതാനും.
ആരും കാണാതെന്റെ നെഞ്ചിൽ
നൃത്തം വയ്ക്കുകയാണു നീ.
ചിലനേരമെന്നാൽ
എന്റെ കണ്ണിൽപ്പെടുന്നു നീ,
ആ കാഴ്ച ഈ കലയുമാകുന്നു.
*
തെളിഞ്ഞതാകട്ടെ നിന്റെ ഗാനം,
അത്ര ബലത്തതുമാകട്ടെ;
അതു സാഷ്ടാംഗം വീഴ്ത്തട്ടെ
ഷാഹൻഷായെ നിൻപടിക്കൽ.
*
2 comments:
ശക്തികുറഞ്ഞോ.
കുറഞ്ഞു.
Post a Comment