Tuesday, June 22, 2010

റൂമി - അഗ്നിമദ്ധ്യം

image

ചിലനേരം ഞാൻ മറന്നേപോകുന്നു

ചിലനേരം ചങ്ങാത്തമെന്തെന്ന്
മറന്നേപോവുകയാണു ഞാൻ.
ബോധം പോയി, സുബോധം പോയി
വിഷാദം വിതച്ചു നടപ്പാണു ഞാൻ.
ഒരുനൂറുമാതിരി പറയുന്നു-
ണ്ടാളുകളെന്റെ കഥ:
ഒരു പ്രേമകഥ, ഒരു പീറത്തമാശ,
ഒരു യുദ്ധം, ഒരഭാവം.

എന്റെയുന്മാദത്തെ നുറുക്കൂ നൂറായി,
ചുറ്റിത്തിരിയുമോരോന്നും.
ഏതിരുണ്ട വിളി കേട്ടു പോകുന്നു ഞാൻ?
ഏതു കൂട്ടത്തിൽച്ചെന്നു ചേരും ഞാൻ?
മാറിപ്പോകൂ, ചങ്ങാതിമാരേ,
സഹതാപവും കൗതുകവുമായി
അടുത്തെയ്ക്കാരുമെത്തരുതേ.

image

പഞ്ചാരയലിയിക്കുന്നവൻ

പഞ്ചാരയലിയിക്കുന്നോനേ,
എന്നെയുമലിയിക്കൂ,
നേരമതിനായെങ്കിൽ.
സൗമ്യമായിട്ടു മതിയത്:
ഒരു തലോടൽ, ഒരു നോട്ടം.
എന്നും പുലർച്ചയ്ക്ക്
കാത്തുകാത്തിരിക്കും ഞാൻ,
പണ്ടു നടന്നിരിക്കുന്നതിങ്ങനെ.
ഇനിയല്ല, തല വെട്ടും പോലെ
ഒറ്റയടിയ്ക്കെങ്കിലങ്ങനെയുമാകട്ടെ.
അല്ലാതെങ്ങനെ തയ്യാറാകും
മരണത്തിനായിട്ടു ഞാൻ?

ഒരു തീപ്പൊരി പോലെ നീ,
ഉടലില്ലാതെ ശ്വസിക്കുന്നു നീ.
നീ വിഷാദിക്കുമ്പോൾ
എനിക്കാശ്വാസമാകുന്നു.
എന്നെത്തള്ളിമാറ്റുന്നു നീ,
തള്ളിമാറ്റുകയെന്നാലോ,
വലിച്ചടുപ്പിക്കുകയെന്നത്രേ.

image

അഗ്നിമദ്ധ്യം

എനിക്കു വേണ്ടിനി മദിര!
എനിക്കാകെ മടുത്തിരിക്കുന്നു
കൊഴുത്ത ചുവപ്പും, തെളിഞ്ഞ വെളുപ്പും.

പോർക്കളത്തില്ച്ചൊരിയു-
മെന്റെ ചോരയ്ക്കാ-
ണിന്നെനിക്കു ദാഹിക്കുന്നു!

വാളാലാഞ്ഞുവെട്ടുക,
വലം വയ്ക്കട്ടെ ഉടലിനെത്തല.
തലയോടുകൾ വീണൊരു
കുന്നുയരട്ടങ്ങനെ.
എന്നെ വെട്ടിപ്പൊളിയ്ക്കുക.

എന്റെ വായയ്ക്കു കാതു കൊടുക്കരുതേ,
എത്തണമെനിയ്ക്കഗ്നിമദ്ധ്യം.

എന്റെ സന്തതി അഗ്നിയെങ്കിലും
എനിക്കഗ്നിയിൽ ദഹിയ്ക്കണം,
അഗ്നിയായിത്തീരണം.

എന്താണൊരു പൊട്ടലും പുകച്ചിലും?
വിറകും നാളങ്ങളും സംസാരിക്കുന്നതാണത്:
‘വല്ലാത്ത കട്ടി നിനക്ക്. ദൂരെപ്പോ!’
‘നീയൊരു ചഞ്ചലക്കാരൻ.
എനിക്കുറച്ചൊരു രൂപമുണ്ടല്ലോ.’

ഇരുട്ടത്തു രണ്ടു ചങ്ങാതിമാർ
തർക്കിക്കുകയാണങ്ങനെ.
മുഖമില്ലാത്ത സഞ്ചാരിയെപ്പോലെ.
അത്രയും ശേഷിമാനൊരു പക്ഷി
ഇളകാൻ മടിച്ചിട്ടുറച്ചിരിക്കും പോലെ.

എന്തു പറയാൻ ഞാൻ,
തൃഷ്ണയിലത്രയ്ക്കും ചുരുണ്ടുകൂടിയവനോട്,
പ്രേമത്തിലത്രയ്ക്കുമൊതുങ്ങിയവനോട്?

പാറയിലടിച്ചുടയ്ക്കുക നിങ്ങളുടെ കുടം.
കടലിന്റെ കഷണങ്ങളെന്തിനു
പേറിനടക്കണം നാമിനി.

വീരത്തങ്ങൾക്കെല്ലാമകലെപ്പോയി
മുങ്ങിച്ചാവുക നാമിനി.

ദേഹം മേലെ വലിച്ചിട്ടൊ-
രാത്മാവു കിടക്കും പോലെ,
ചൂടു കിട്ടാനൊരുത്തി ഭർത്താവിനെ
തന്റെ മേലേയ്ക്കടുപ്പിക്കും പോലെ.

1 comment:

സോണ ജി said...

കലാകൌമുദിയില്‍ താങ്കളുടെ പരിഭാഷ കണ്ടിരുന്നു..ബഷോയുടെ കവിതകളെകുറിച്ച്.അഭിനന്ദനങ്ങള്‍