Sunday, June 20, 2010

നെരൂദ-നൂലിഴയ്ക്ക്

image

ഇതു കവിതയുടെ ഇഴ.
സംഭവങ്ങൾക്കുണ്ട്
ചെമ്മരിയാടുകളെപ്പോലെ
കമ്പിളിക്കുപ്പായങ്ങൾ,
കറുത്തും വെളുത്തും.
വിളിച്ചുനോക്കൂ,
പുതുമകൾ പറ്റങ്ങളായി വരും,
വീരന്മാരും ധാതുക്കളും,
പ്രണയത്തിന്റെ പനിനീർപ്പൂ,
അഗ്നിയുടെ നാവ്,
നിങ്ങൾക്കരികിൽ വന്ന്
അണിനിരക്കുമൊക്കെയും.
നിങ്ങളുടെ വിളിപ്പുറത്തുണ്ട്
ഒരു മല.
മല കയറാൻ
കുതിരപ്പുറത്താണു
നിങ്ങൾ പുറപ്പെടുന്നതെങ്കിൽ
നിങ്ങളുടെ താടി നീളും,
നിങ്ങൾ നിലത്തു കിടന്നുറങ്ങും,
നിങ്ങൾ വിശപ്പറിയും,
മലയാകെ നിഴലടച്ചുമിരിക്കും.
അതല്ല വഴി.
ഒരിഴ നൂറ്റ്
അതെറിഞ്ഞ്
അതിൽപ്പിടിച്ചു കയറുക.
അനന്തവും വിശുദ്ധവുമാണത്,
അതിനുറവുകൾ പലത്,
മഞ്ഞ്,
മനുഷ്യൻ.
ബലത്തതാണത്,
അയിരുകൾ പിരിച്ചതല്ലേയത്;
ലോലമാണത്,
വിറപൂണ്ട പുകയോടിയതല്ലേയത്;
കവിതയുടെയിഴയുമതുപോലെ.
പിണയ്ക്കേണ്ടതിനെ നിങ്ങൾ,
മണ്ണിനും കാലത്തിനും
മടക്കേണ്ടതിനെ.
നിങ്ങൾക്കുള്ള ഞാണത്രേയത്,
സിതാറിലാ തന്ത്രി മുറുക്കൂ,
മഹാചലങ്ങളെപ്പോലെ
പാടും നിങ്ങൾ,
അതു മെടയൂ,
പെരുംകപ്പലിനു വടമത്,
അതിഴപിരിയ്ക്കൂ,
അതിൽ
സന്ദേശങ്ങൾ തൂക്കിയിടൂ,
കാറ്റത്തും വെളിച്ചത്തുമിടൂ,
പിന്നെയും നേരെയായി
ഒരു നീണ്ട വരയായി
ലോകത്തെ ചുറ്റട്ടെയത്,
പിന്നെയല്ലെങ്കിലതു നൂൽക്കൂ,
ഹാ, അതിലോലലോലം,
യക്ഷികളുടെയുടയാടകൾ
ഓർമ്മയിൽ വരുത്തട്ടെയത്.

മഞ്ഞുകാലത്തു ചൂടേകാൻ
നമുക്കു വേണം പുതപ്പുകൾ.
ഇതാ വരുന്നു,
പാടത്തു പണിയുന്നവർ,
അവർ കവിയ്ക്കു കാഴ്ച വയ്ക്കുന്നു
ഒരു പിടക്കോഴി,
കൊച്ചൊരു പിടക്കോഴി.
പകരമവർക്കെന്തു നല്കും നിങ്ങൾ?
നിങ്ങൾ, നിങ്ങൾ അവർക്കെന്തു നല്കും?
അതിനല്ലേ!
അതിനല്ലേ,
ഈയിഴ,
ചുറ്റാൻ കീറത്തുണി മാത്രമുള്ളവർ-
ക്കുടുതുണിയാവാൻ,
മുക്കുവർക്കു
വലയാകാൻ,
കരിപ്പണിക്കാർക്കു
തിളങ്ങുന്ന ചെമ്പൻകുപ്പായമാകാൻ,
ഒരാളൊഴിയാതോരോ കൈയിലും
ഒരു കൊടിയാകാൻ,
ഈയൊരിഴ.
മനുഷ്യർക്കുള്ളിലൂടെ,
കല്ലു പോൽ കനത്ത
അവരുടെ വേദനയിലൂടെ,
തേനീച്ചകൾ പോലെ ചിറകടിക്കുന്ന
വിജയങ്ങളിലൂടെ,
ഇഴ നൂഴുന്നു,
നടക്കുന്നതിനെല്ലാം നടുവൂടെ,
വരാനുള്ളതിനുമിടയിലൂടെ,
പാതാളത്തിൽ
കല്ക്കരിയ്ക്കുള്ളിലൂടെയും;
മുകളിൽ,
യാതനകൾക്കിടയിലൂടെ,
മനുഷ്യർക്കൊപ്പം,
നിങ്ങൾക്കൊപ്പം,
നിങ്ങളുടെ ജനതയ്ക്കൊപ്പം,
നൂലിഴ,
കവിതയുടെയിഴ.
ആലോചിച്ചു ചെയ്യേണ്ടതല്ലിത്:
ഇതൊരു കൽപ്പനയത്രേ,
ഞാൻ കല്പ്പിക്കുന്നു,
സിതാറും കൈയിലെടുത്ത്
എന്നോടൊപ്പം വരൂ.
കാതുകളനേകം
കേൾക്കാൻ കാത്തിരിക്കുന്നു,
ഗംഭീരമൊരു ഹൃദയം
മണ്ണുമൂടിക്കിടക്കുന്നു,
നമ്മുടെ തറവാടല്ലേയിത്,
നമ്മുടെ ജനത.
നൂലിഴ!
നൂലിഴ!
ഇരുളടഞ്ഞ മലയിൽ നിന്നു
നൂറ്റെടുക്കുകയതിനെ!
ഇടിമിന്നൽ വഹിക്കാൻ!
കൊടി രചിക്കാൻ!
അതാണു കവിതയുടെയിഴ,
ലളിതം, പവിത്രം, ആലക്തികം,
മണക്കുന്നതും അവശ്യവും,
നമ്മുടെ എളിയ കൈകളിലൊടുങ്ങുന്നതുമല്ലത്:
ഓരോ പുലരിയ്ക്കും വെളിച്ചത്തിലുയിരെടുക്കുകയാണത്.

No comments: