കുതിരയെ ലായത്തിൽ നിന്നിറക്കിക്കൊണ്ടുവരാൻ ഞാൻ ആജ്ഞാപിച്ചു. വേലക്കാരനു ഞാൻ പറഞ്ഞതു മനസ്സിലായില്ല. ഒടുവിൽ ഞാൻ തന്നെ ലായത്തിൽച്ചെന്ന്, കുതിരയെ ജീനിയണിയിച്ച് അതിന്റെ മേൽ കയറി. ദൂരെ ഞാനൊരു കാഹളംവിളി കേട്ടു. അതെന്താണെന്ന് ഞാൻ അയാളോടാരാഞ്ഞു. അയാൾക്കൊന്നുമറിയില്ലായിരുന്നു, അയാൾ യാതൊന്നും കേട്ടിട്ടുമില്ല. പടി കടക്കുമ്പോൾ എന്നെ തടഞ്ഞുനിർത്തി അയാൾ ചോദിച്ചു: ‘അങ്ങയുടെ യാത്ര എങ്ങോട്ടാണു യജമാനനേ?’ ‘എനിക്കറിയില്ല,’ ഞാൻ പറഞ്ഞു, ‘ഇവിടെ നിന്നൊന്നുമാറിപ്പോവുക, ഇവിടെ നിന്നൊന്നു മാറിപ്പോവുക. ഇവിടെ നിന്നു മാറിമാറിപ്പോവുക, എനിക്കു ലക്ഷ്യമെത്താൻ ഒരുവഴി അതേയുള്ളു.’ ‘ അപ്പോൾ ലക്ഷ്യമെന്താണെന്ന് അങ്ങയ്ക്കറിയാം?’ അയാൾ ചോദിച്ചു. ‘ഉവ്വ്,’ ഞാൻ മറുപടി പറഞ്ഞു. ‘അതു ഞാനിപ്പോൾത്തന്നെ പറഞ്ഞതല്ലേയുള്ളു? ഇവിടെ നിന്നു മാറിപ്പോവുക- അതാണെന്റെ ലക്ഷ്യം.’ ‘യാത്രയ്ക്കു വേണ്ടതൊന്നും കരുതീട്ടില്ലല്ലോ?’ അയാൾ ചോദിച്ചു. ‘ഒന്നുമെനിക്കാവശ്യമില്ല,’ ഞാൻ പറഞ്ഞു, ‘വഴിയിലൊന്നും കിട്ടിയില്ലെങ്കിൽ പട്ടിണി കിടന്നു ഞാൻ മരിക്കണം, അത്ര ദീർഘമാണു യാത്ര. എന്തു കൈയിലെടുത്താലും അതെന്നെ രക്ഷിക്കാൻ പോകുന്നില്ല. എന്തെന്നാൽ ശരിക്കും പരിധി വിട്ടതാണല്ലോ ഭാഗ്യത്തിന് ഈ യാത്ര.’
2 comments:
:)
:)
Post a Comment