Wednesday, November 11, 2015

യാന്നിസ് റിറ്റ്സോസ് - കാഴ്ച തിരിച്ചുകിട്ടിയ പെൺകുട്ടി


ആഹാ- അവൾ പറയുകയാണ്‌ - എനിക്കു കാഴ്ച കിട്ടി.
നോക്കൂ. ഇത്രയും കാലം എന്റെ കണ്ണുകൾ എനിക്കന്യരായിരുന്നു,
അവയെന്നിൽ മുങ്ങിക്കിടക്കുകയായിരുന്നു;
മൊരി പിടിച്ച രണ്ടു വെള്ളാരങ്കല്ലുകളായിരുന്നു അവ,
ഇരുണ്ട, കൊഴുത്ത വെള്ളത്തിൽ - കറുത്ത വെള്ളത്തിൽ.
ഇപ്പോഴിതാ- അതൊരു മേഘമല്ലേ?
ഇതൊരു റോസാപ്പൂവല്ലേ? - പറയൂ;
ഇതൊരിലയല്ലേ? - അതു പച്ചയല്ലേ? - പച്...ച.
ഇത്, ഇതെന്റെ ശബ്ദവുമല്ലേ - അല്ലേ?
ഞാൻ പറയുന്നതു നിങ്ങൾക്കു കേൾക്കാമോ?
ഒച്ചയും കാഴ്ചയും - സ്വാതന്ത്ര്യമെന്നു പറഞ്ഞാൽ അതല്ലേ?
നിലവറയിലെ എന്റെ വെള്ളിത്തളിക ഞാൻ മറന്നുപോയി,
ബയന്റുപെട്ടികളും കൂടുകളും നൂലുണ്ടകളും.

ലെവ് ഒസെറോവ് - രണ്ടു കവിതകള്‍


തുഴ
-------
മണല്പരപ്പിൽ വീണുകിടക്കുന്ന ഒരു തുഴ.
സ്ഥലത്തെയും ചലനത്തെയും കുറിച്ചതെന്നോടു പറയുന്നത്
അതിനെ കരയിലെത്തിച്ച
വിപുലവും പ്രചണ്ഡവുമായ കടലിനാവുന്നതിലെത്രയധികം.


മരിച്ചവർ
-----------------
മരിച്ചവർ സംസാരിക്കുന്നു.
പൂർണ്ണവിരാമങ്ങളില്ലാതെ.
അർദ്ധവിരാമങ്ങളില്ലാതെ.
വാക്കുകൾ പോലുമില്ലാതെ.
പട്ടാളത്താവളങ്ങളിൽ നിന്ന്.
ഏകാന്തത്തടവറകളിൽ നിന്ന്.
എരിഞ്ഞമരുന്ന കെട്ടിടങ്ങളിൽ നിന്ന്.
മരിച്ചവർ സംസാരിക്കുന്നു.
ഒരു കത്ത്. ഒരൊസ്യത്ത്.
ഡയറികൾ. സ്കൂൾ നോട്ടുബുക്കുകൾ.
നിരയൊക്കാത്ത കട്ടകളുടെ പരുക്കൻ താളുകളിൽ
തിടുക്കത്തിലോടിപ്പോയ ഒരു കൈപ്പട.
ഒരു കട്ടില്പലകയിലെ തകരത്തുണ്ടുകളായി,
ഒരു ഭിത്തിയിലെ കുപ്പിച്ചില്ലുകളായി,
അല്ലെങ്കിലൊരു ബാരക്കിന്റെ തറയിലെ
നേർത്ത ചോരച്ചാലായി,
ജീവിതം അതിനെക്കൊണ്ടായ വിധം
സംസാരം നിർത്തുകയായിരുന്നു.
----------------------------------------

Lev Ozerov(1914-1996)- റഷ്യൻ കവിയും വിവർത്തകനും. മിക്ക കവിതകളും മരണശേഷമാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടത്. “ചട്ടമില്ലാത്ത ചിത്രങ്ങൾ" (1999) പ്രധാനകൃതി.

Tuesday, November 10, 2015

റോബർട്ട് ദിസ്നോസ് - കുട്ടിക്കഥ




പണ്ടുപണ്ട് പലകാലത്തും
ഒരു സ്ത്രീയെ സ്നേഹിച്ച ഒരു പുരുഷനുണ്ടായിരുന്നു.
പണ്ടുപണ്ട് പലകാലത്തും
ഒരു പുരുഷനെ സ്നേഹിച്ച ഒരു സ്ത്രീയുണ്ടായിരുന്നു.
പണ്ടുപണ്ട് പലകാലത്തും
തന്നെ സ്നേഹിച്ചയാളെ തിരിച്ചു സ്നേഹിക്കാത്ത
ഒരു പുരുഷനുമുണ്ടായിരുന്നു ഒരു സ്ത്രീയുമുണ്ടായിരുന്നു.

പണ്ടുപണ്ടൊരു കാലത്ത്
അതൊരിക്കൽ മാത്രവുമാവാം
അന്യോന്യം സ്നേഹിച്ച 
ഒരു പുരുഷനും ഒരു സ്ത്രീയുമുണ്ടായിരുന്നു.

ഗ്രിഗറി കോർസോ - നാവികഗാനം


അമ്മയ്ക്കു കടൽ വെറുപ്പായിരുന്നു
എന്റെ കടൽ വിശേഷിച്ചും
അരുതെന്നു ഞാൻ താക്കീതു ചെയ്തു
എനിക്കതല്ലാതൊന്നും ചെയ്യാനില്ല
രണ്ടു കൊല്ലത്തിൽ പിന്നെ
അവരെ കടൽ തിന്നു
കടല്ക്കരയിൽ ഞാനൊന്നു കണ്ടു
വിചിത്രവും മനോഹരവും
ഇതു തിന്നാൻ കൊള്ളാമോ
കടലിനോടു ഞാൻ ചോദിച്ചു
കൊള്ളാമെന്നു കടൽ പറഞ്ഞു
-അല്ലാ, കടലേ, ഇതേതു മീനാണ്‌,
ഇത്ര മാർദ്ദവവും മാധുര്യവുമുള്ളത്?
-നിന്റെ അമ്മയുടെ പാദം

Sunday, November 8, 2015

ഗോട്ട്ഫ്രീഡ് ബെൻ - എന്താണ്‌ മോശം



നിങ്ങൾക്ക് ഇംഗ്ളീഷ് അറിയില്ലെന്നും
ജർമ്മനിലേക്കു പരിഭാഷപ്പെടുത്താത്ത
നല്ലൊരു ഇംഗ്ളീഷ് കുറ്റാന്വേഷണനോവലിനെക്കുറിച്ച്
കേൾക്കാനിടയായെന്നും വരിക.

നിങ്ങൾ ചുട്ടു പഴുത്തിരിക്കുമ്പോൾ
നിങ്ങൾക്കു വില താങ്ങാനാത്ത ഒരു ബിയർ കാണാനിട വരിക.

നിങ്ങളുടെ മനസ്സിൽ പുതിയൊരാശയമുദിക്കുമ്പോൾ
പ്രൊഫസ്സർമാർ ചെയ്യുന്നതു പോലെ
ഹോൾഡർലിന്റെ ശൈലിയിൽ
അതു രൂപപ്പെടുത്താനാവാതെ വരിക.

രാത്രിയിലെ യാത്രക്കിടയിൽ
തിര തല്ലുന്നതു കേൾക്കുമ്പോൾ
അവയ്ക്കു സദാ അതു തന്നെ വേല എന്നോർക്കുക.

അതിലും മോശം:
വീട്ടിലിരിക്കാനാണു നിങ്ങൾക്കിഷ്ടമെന്നിരിക്കെ,
അവിടെയാണ്‌ കോഫി കൂടുതൽ നല്ലതെന്നിരിക്കെ,
വിനോദത്തിന്റെ ഒരാവശ്യവും നിങ്ങൾക്കില്ലെന്നിരിക്കെ
പുറത്തു പോകാൻ നിങ്ങൾക്കു ക്ഷണം കിട്ടുക.

അതിലൊക്കെ മോശം:
സർവ്വതും ദീപ്തമായ,
മൺവെട്ടിയ്ക്കിറങ്ങാൻ പാകത്തിൽ മണ്ണിളകിയ വേനല്ക്കാലത്ത്
മരിക്കാൻ പറ്റാതെ വരിക.




ഗോട്ട്ഫ്രീഡ് ബെൻ - ഞാൻ കണ്ടവർ


എന്താണു പേരെന്നു ചോദിക്കുമ്പോൾ,
ക്ഷമാപണത്തോടെ,
ഒരു കുടുംബപ്പേരു കൊണ്ടുപോലും
ശ്രദ്ധ നേടാനർഹരല്ല തങ്ങളെന്ന പോലെ,
ഇങ്ങനെ മറുപടി പറയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്:
“മിസ് വിവിയൻ,” എന്നിട്ടവർ കൂട്ടിച്ചേർക്കും,
“വിളിപ്പേരു പോലെ തന്നെ”;
അവർ മറ്റേയാൾക്കു കാര്യങ്ങൾ എളുപ്പമാക്കുകയാണ്‌,
“പോപ്പിയോൾ” പോലെ “ബാബെൻഡെറേർഡെ” പോലെ
കുഴപ്പം പിടിച്ച പേരുകളല്ല,
“വിളിപ്പേരു പോലെ തന്നെ”-
ഓർമ്മിക്കാൻ നിങ്ങൾക്കെളുപ്പമാണത്!

അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം
ഒറ്റ മുറിയിൽ വളർന്നവരെ ഞാൻ കണ്ടിട്ടുണ്ട്;
രാത്രിയിൽ, ചെവിയിൽ വിരൽ തിരുകി,
അടുപ്പിൻ മൂട്ടിലിരുന്ന് അവർ പഠിച്ചു;
അവർ പിന്നെ വലിയ നിലകളിലെത്തി,
സുന്ദരികളായി, പ്രഭ്വികളെപ്പോലെ ആത്മവിശ്വാസമുള്ളവരായി,
നൗസിക്കയെപ്പോലെ* സൗമ്യരും കഠിനാദ്ധ്വാനികളുമായി,
മാലാഖമാരെപ്പോലെ മുഖം തെളിഞ്ഞവരായി.

പലപ്പോഴും ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്,
ഒരിക്കലും ഉത്തരം കിട്ടിയിട്ടുമില്ല,
നന്മയും സൗമ്യതയും എവിടെ നിന്നാണു വരുന്നതെന്ന്;
ഈ ദിവസം വരെ എനിക്കതറിയില്ല,
എനിക്കു പോകാൻ കാലവുമായി.

* Nausicaa- ഹോമറുടെ ഒഡീസ്സിയിലെ ഒരു കഥാപാത്രം; ഇത്താക്കയിലേക്കുള്ള വഴി കപ്പല്ച്ചേതത്തിൽ പെട്ടു കരയ്ക്കടിഞ്ഞ യുളീസസ്സിനെ തുണി കഴുകിക്കൊണ്ടുനിന്ന നൗസിക്കയാണ്‌ തന്റെ പിതാവിന്റെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നത്.

Saturday, November 7, 2015

എമീൽ ചൊറാൻ - ദാരിദ്ര്യത്തെക്കുറിച്ച്

മനുഷ്യന്റെ വിധിയാണ്‌ ദാരിദ്ര്യം എന്നു ബോദ്ധ്യമായിക്കഴിഞ്ഞ സ്ഥിതിയ്ക്ക് സാമൂഹ്യപരിഷ്കാരത്തെക്കുറിച്ചുള്ള ആശയങ്ങളിൽ ഇനിയും വിശ്വാസം വച്ചുകൊണ്ടിരിക്കാൻ എനിക്കു കഴിയാതെ വന്നിരിക്കുന്നു. ഒരേ പോലെ മൂഢവും വ്യർത്ഥവുമാണ്‌ ആ തരം സിദ്ധാന്തങ്ങളെല്ലാം. മൃഗങ്ങൾക്കിടയിൽ ദാരിദ്ര്യമില്ല, കാരണം അവ ജീവിക്കുന്നത് സ്വന്തനിലയ്ക്കാണ്‌, ശ്രേണീബന്ധങ്ങളും ചൂഷണവും അവക്കജ്ഞാതവുമാണ്‌. മനുഷ്യരിൽ മാത്രം കണ്ടുവരുന്നതൊന്നാണ്‌ ഈ പ്രതിഭാസം; കാരണം, മനുഷ്യൻ മാത്രമേ തനിക്കു തുല്യരെ തന്റെ അടിമകളാക്കിയിട്ടുള്ളു.
സാധുക്കളെ സഹായിക്കാനായി ഈ ലോകത്തുണ്ടായിട്ടുള്ള സ്ഥാപനങ്ങളൊക്കെ ദാരിദ്ര്യത്തെ ഒന്നുകൂടി വ്യക്തമായി എടുത്തു കാട്ടാനേ ഉപകരിച്ചിട്ടുള്ളു; അവഗണിക്കപ്പെട്ട അവസ്ഥയെക്കാൾ ഭയാനകവും ദുർഗ്രഹവുമാണതെന്ന് അവ കാണിച്ചുതരുന്നു. ദാരിദ്ര്യം, നാശാവശിഷ്ടങ്ങളെപ്പോലെ, മനുഷ്യത്വത്തിന്റെ അഭാവം കൊണ്ട് നമ്മെ മുറിപ്പെടുത്തുന്നു; മാറ്റേണ്ടതൊന്നിനെ അതിനു കഴിവുണ്ടായിട്ടും മാറ്റാൻ മനുഷ്യൻ മുതിരാതിരിക്കുമ്പോൾ നമുക്കു ദുഃഖം തോന്നുന്നു. മനുഷ്യനു പാടേ തുടച്ചു മാറ്റാൻ പറ്റുന്നതാണ്‌ ദാരിദ്ര്യം എന്നറിയുമ്പോഴും ദാരിദ്ര്യം നിത്യമാണെന്ന ഒരു ബോധവും നിങ്ങൾക്കുണ്ടാകുന്നുണ്ട്; ആ കടുത്ത ഉത്ക്കണ്ഠയിൽ മനുഷ്യന്റെ ക്ഷുദ്രമായ അഗണ്യത നിങ്ങൾക്കു മനസ്സിലാവുകയും ചെയ്യുന്നു. സമൂഹജീവിതത്തിലെ ദാരിദ്ര്യം മനുഷ്യന്റെ തീരാത്ത ആന്തരദാരിദ്ര്യത്തിന്റെ വിളറിയ പ്രതിഫലനം മാത്രമാണ്‌.
ദാരിദ്ര്യത്തെക്കുറിച്ചാലോചിക്കുമ്പോഴെല്ലാം എനിക്കു ജീവിതാശ നഷ്ടപ്പെടുകയാണ്‌. ഈ പേനയും വലിച്ചെറിഞ്ഞിട്ട് ചേരിയിൽ പോയി ജീവിക്കുകയാണു വേണ്ടതെന്നു തോന്നിപ്പോവുന്നു; വിഷമയമായ ഒരു പുസ്തകം കൊണ്ടെന്നതിനെക്കാൾ ഫലപ്രദമായി ദാരിദ്ര്യത്തിൽ നിന്നു മോചിതനാവാൻ അതുകൊണ്ട് എനിക്കു കഴിഞ്ഞെന്നു വരാം. മനുഷ്യന്റെ കൊടിയ ദാരിദ്ര്യത്തെ, ജീർണ്ണതയെ, അഴുകുന്ന വ്രണത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ വല്ലാത്തൊരു നൈരാശ്യം എന്നെ പിടി കൂടുകയാണ്‌. ദാരിദ്ര്യത്തെ നേരിടാൻ സിദ്ധാന്തങ്ങളും പ്രത്യയശാസ്ത്രങ്ങളും രൂപീകരിക്കുന്നതിനു പകരം മനുഷ്യൻ, യുക്തിവാദിയായ ഈ ജീവി, ചെയ്യേണ്ടത് സാഹോദര്യത്തിന്റെ ഒരു ചേഷ്ടയായി താൻ ധരിച്ചിരിക്കുന്ന കോട്ടൂരി നല്കുകയാണ്‌. ലോകത്തിലെ ദാരിദ്ര്യത്തിനു മുന്നിൽ മനുഷ്യന്റെ വില കെടുകയാണ്‌; ഇത്രയും പൊങ്ങച്ചക്കാരനായ ഒരു ജീവിയുടെ പതനത്തിനതു കാരണമാവുമെന്നതും തീർച്ചയാണ്‌. ദാരിദ്ര്യത്തിനു മുന്നിൽ സംഗീതം പോലും എനിക്കു നാണക്കേടായി തോന്നുന്നു. അനീതിയാണ്‌ സമൂഹജീവിതത്തിന്റെ അന്തഃസത്ത. അപ്പോൾപ്പിന്നെ എങ്ങനെയാണ്‌ ഏതെങ്കിലും രാഷ്ട്രീയസാമൂഹ്യസിദ്ധാന്തത്തെ നാം പിന്തുണയ്ക്കുക?
ദാരിദ്ര്യം ജീവിതത്തിലുള്ള സകലതിനെയും നശിപ്പിക്കുന്നു; അതതിനെ ദാരുണവും ബീഭത്സവുമാക്കുന്നു. ആഭിജാത്യത്തിന്റെ വിളർച്ച എന്നപോലെ ദാരിദ്ര്യത്തിന്റെ വിളർച്ചയുമുണ്ട്: ആദ്യത്തേത് സംസ്കാരത്തിന്റെ ഫലമാണെങ്കിൽ മറ്റേത് ശവസംസ്കാരത്തിന്റേതാണെന്നേയുള്ളു; കാരണം, ദാരിദ്ര്യം നിങ്ങളെ ഒരു പ്രേതമാക്കുകയാണ്‌, ജീവിതത്തിൽ നിന്ന് നിഴലുകളെ, പ്രളയാന്ത്യത്തിൽ ശേഷിച്ചവരെപ്പോലുള്ള അവ്യക്തജന്മങ്ങളെ സൃഷ്ടിക്കുകയാണ്‌. ദാരിദ്രത്തിന്റെ സംക്ഷോഭങ്ങൾക്ക് ശുദ്ധീകരണത്തിന്റെ ഒരു ഛായയുമില്ല; അതാകെ വെറുപ്പാണ്‌, മനക്കടുപ്പമാണ്‌, ദുഷ്ടതയ്ക്കടിപ്പെടുന്ന ഉടലാണ്‌. രോഗമെന്ന പോലെ ദാരിദ്ര്യവും നിർമ്മലവും ദിവ്യവുമായ ഒരാത്മാവിനല്ല, കറ പറ്റാത്ത എളിമയ്ക്കല്ല പിറവി കൊടുക്കുക; അതിന്റെ എളിമ വിഷലിപ്തമാണ്‌, ദുഷ്ടമാണ്‌, പക നിറഞ്ഞതുമാണ്‌.
അനീതിക്കു മുന്നിൽ ആപേക്ഷികമായ കലഹത്തിനിടമില്ല. അതു നിത്യമായ കലഹമായിരിക്കണം, ദാരിദ്ര്യം നിത്യമാണെന്നതിനാൽ.

Friday, November 6, 2015

കാർലോസ് ദ്രുമോൻജി അന്ദ്രാജി - കാലത്തിന്റെ കവി



ഒരു ജീർണ്ണലോകത്തിന്റെ കവിയാകാൻ ഞാനില്ല.
വരുംകാലലോകത്തെക്കുറിച്ചും ഞാൻ പാടില്ല.
ജീവിതത്തോടു ബന്ധിതനാണു ഞാൻ,
എന്റെ കണ്ണുകൾ എന്റെയൊപ്പമുള്ളവരിലുമാണ്‌.
വാശിക്കാരെങ്കിലും വലിയ മോഹങ്ങളുള്ളവരാണവർ.
യാഥാർത്ഥ്യത്തിന്റെ വൈപുല്യം
അവർക്കിടയിലിരുന്നു ഞാൻ നോക്കിക്കാണുന്നു.
വർത്തമാനകാലം തന്നെ എത്ര വലുതാണ്‌,
അതിൽ നിന്നത്രയകലേക്കു നാമലയാതിരിക്കുക.
നാമൊരുമിച്ചു നില്ക്കുക, കൈ കോർത്തു നാം പോവുക.

ഏതോ സ്ത്രീയുടെയോ ഏതോ പഴങ്കഥയുടെയോ
പാട്ടുകാരനാവാൻ ഞാനില്ല.
അസ്തമയത്തിലുയർന്ന നെടുവീർപ്പുകളോ
ജനാലയ്ക്കു പുറത്തെ കാഴ്ചകളോ
കവിതയിലാവാഹിക്കാൻ ഞാനില്ല.
മയക്കുമരുന്നുകളും ആത്മഹത്യക്കുറിപ്പുകളും
വിതരണം ചെയ്യാൻ ഞാനില്ല.
ദ്വീപുകളിലേക്കു പലായനം ചെയ്യാനോ
മാലാഖമാരാൽ വഹിക്കപ്പെടാനോ ഞാനില്ല.
എന്റെ വിഷയം കാലമാണ്‌,
വർത്തമാനകാലം, വർത്തമാനകാലജനത,
വർത്തമാനകാലജീവിതം.



Thursday, November 5, 2015

ഫെർണാണ്ടോ പെസൊവ – ഒളിച്ചോടിയവൻ



ഒളിച്ചോടിയവനാണു ഞാൻ.
ജനിച്ചപ്പോഴേ അവരെന്നെ
എന്നിൽത്തന്നെ പൂട്ടിയിട്ടു.
ഞാൻ പക്ഷേ, ഇറങ്ങിയോടിക്കളഞ്ഞു.
എന്നും ഒരേയിടത്തു തന്നെ കഴിഞ്ഞാൽ
ആളുകൾക്കു മടുക്കുമെങ്കിൽ,
എന്നും ഒരേയാളായിരിക്കുന്നതും
അവർക്കു മടുക്കില്ലേ?
എന്റെ ആത്മാവെന്നെത്തേടി നടക്കുന്നുണ്ട്;
ഞാൻ ഒഴിഞ്ഞുമാറി നടക്കുകയാണ്‌.
അതെന്നെ കണ്ടുപിടിക്കുമോ?
ഇല്ലെന്നാണെന്റെ വിശ്വാസം.
എന്നും ഒരേ ഞാനായിരിക്കുക എന്നാൽ
അതൊരു തടവറ തന്നെ.
ഒരു പലായനമായിരിക്കട്ടെ എന്റെ ജീവിതം,
അങ്ങനെ ഞാൻ യഥാർത്ഥത്തിൽ ജീവിക്കുകയും ചെയ്യട്ടെ!!
(1931 ഏപ്രിൽ 5)

ഫെർണാണ്ടോ പെസ്സൊവ – ഹെൻറി, ബർഗണ്ടിയിലെ പ്രഭു



നാം തുടങ്ങിവയ്ക്കുന്നതല്ല ഒരു തുടക്കവും,
ആദിചാലകൻ ദൈവമത്രെ.
വീരനായകൻ തനിക്കു തന്നെ ദൃൿസാക്ഷി,
തീർച്ച പോരാത്തവൻ, തന്നെത്താനറിയാത്തവൻ.
സ്വന്തം കൈകളിലെത്തിപ്പെട്ട വാളിനെ
നിങ്ങളുറ്റുനോക്കുന്നു.
“ഇതു വച്ചു ഞാനെന്തു ചെയ്യാൻ?”
നിങ്ങൾ അതെടുത്തുയർത്തിയതേയുള്ളു,
ചെയ്യേണ്ടതതു ചെയ്തു.

Wednesday, November 4, 2015

നെരൂദ - പേരുകൾ



എന്റെ വീടിന്റെ ഉത്തരത്തിൽ അവരുടെ പേരുകൾ ഞാൻ എഴുതിവച്ചുവെങ്കിൽ അതവർ പ്രശസ്തരായതുകൊണ്ടല്ല, അവരെന്റെ സഹചാരികളായിരുന്നതു കൊണ്ടാണ്‌.
റൊഹാസ് ജിമേനെസ്, നാടോടി, രാത്രിഞ്ചരൻ, വിടവാങ്ങലുകളുടെ ദുഃഖങ്ങൾ മുറിവേല്പിച്ചവൻ, ആനന്ദം കൊണ്ടു മരിക്കുന്നവൻ, പ്രാവു വളർത്തലുകാരൻ, നിഴലുകളിൽ ഭ്രാന്തെടുത്തവൻ.1
ജൊവാക്വിൻ സിഫ്വെന്റെസ്, പുഴവെള്ളത്തിൽ വെള്ളാരങ്കല്ലുകൾ പോലെയാണ്‌ അവന്റെ വരികൾ ഉരുണ്ടുനടന്നിരുന്നത്.2
ഫെദെറിക്കോ, ഇത്ര മേൽ എന്നെ ചിരിപ്പിച്ച ഒരാളില്ല, അവന്റെ മരണത്തിൽ ഞങ്ങൾ സങ്കടപ്പെട്ടത് ഒരു നൂറ്റാണ്ടായിരുന്നു.3
പോൾ എല്വാദ്, അവന്റെ കണ്ണുകൾക്ക് ആകാശനീലത്തിന്റെ നിറമായിരുന്നു, മണ്ണിനടിയിലും അവന്റെ കണ്ണുകൾക്ക് അതേ നീലബലം.4
മിഗ്വെൽ ഹെർണാണ്ടെഥ്, പ്രിൻസെസാ തെരുവിലെ മരങ്ങളിലിരുന്നുകൊണ്ട് രാപ്പാ ടിയെപ്പോലെന്നെ നോക്കി ചൂളമടിച്ചവൻ, എന്റെ രാപ്പാടിയെ അവർ പിന്നെ കൂട്ടിലടച്ചുകളഞ്ഞു.5
നാസിം, ഒച്ചപ്പാടുകാരനായ ഗായകകവി, ധീരനായ തറവാടി, ചങ്ങാതി.6
എന്തേ, ഇത്ര വേഗമവർ വിട്ടുപോയി? എന്റെ വീടിന്റെ കഴുക്കോലുകളിൽ നിന്നവർ കൊഴിഞ്ഞുവീഴില്ല. അവരിലോരോ ആളും ഓരോ വിജയമായിരുന്നു. അവരൊരുമിച്ചായിരുന്നു എന്റെ വെളിച്ചത്തിന്റെ ആകെത്തുക. ഇന്ന്, എന്റെ ശോകങ്ങളുടെ ഒരു കൊച്ചു സമാഹാരവും.
--------------------------------------------------------------------------------------------------------------
1. Alberto Rojas Jimenez(1900-1934)- നെരൂദയുടെ സതീർത്ഥ്യനും കവിയും; പുഴയിൽ മുങ്ങിമരിച്ചു. ആല്ബെർട്ടോ റൊഹാസ് ജിമേനെസ് പറന്നുവരുന്നു എന്ന കവിതയിലൂടെ നെരൂദ തന്റെ സ്നേഹിതനെ അനശ്വരനാക്കി.
2. Joaquin Cifuentes Sepulveda (1899-1929)- നെരൂദയുടെ അടുത്ത സ്നേഹിതനായ ചിലിയൻ കവി; ‘ജൊവാക്വിമിന്റെ അസാന്നിദ്ധ്യം’ എന്നൊരു കവിതയും അദ്ദേഹത്തെക്കുറിച്ച് നെരൂദ എഴുതിയിട്ടുണ്ട്.
3. Federico Garcia Lorca (1898-1936) - സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് കൊല്ലപ്പെട്ട സ്പാനിഷ് കവി; Ode to Federico Garcia Lorca എന്ന കവിതയിൽ നെരൂദ അദ്ദേഹത്തെ ഓർക്കുന്നു.
4. Paul Eluard (1895-1952)- ഫ്രഞ്ച് സറിയലിസ്റ്റ് കവി.
5. Miguel Hernandez(1910-1942)- ഗ്രാമീണനായ സ്പാനിഷ കവി; സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് ജയിലിൽ കിടന്നു മരിച്ചു.
6. Nazim Hikmet (1902-1963)ടർക്കിഷ് കവിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും; ജീവിതത്തിൽ കൂടുതൽ നാളും തടവും പ്രവാസവുമായി കഴിഞ്ഞു.

Tuesday, November 3, 2015

യാന്നിസ് റിറ്റ്സോസ് - മുഖമോ മുഖപ്പോ?



‘ഈ പ്രതിമ ഞാൻ കല്ലിൽ കൊത്തിയെടുത്തതാണ്‌’ - അയാൾ പറഞ്ഞു-
‘ചുറ്റിക കൊണ്ടല്ല; എന്റെ വെറും വിരലുകൾ കൊണ്ട്,
എന്റെ വെറും കണ്ണുകൾ കൊണ്ട്,
എന്റെ വെറും ഉടലു കൊണ്ട്, എന്റെ ചുണ്ടുകൾ കൊണ്ട്.
ഇപ്പോഴെനിക്കു മനസ്സിലാവുന്നില്ല
ഞാനാരെന്ന്, ഈ പ്രതിമയാരെന്ന്.’

അയാൾ അതിനു പിന്നിലൊളിച്ചു,
അയാൾ വിരൂപനായിരുന്നു, വിരൂപനായിരുന്നു-
അയാൾ അതിനെ പുണർന്നു,
ഇടുപ്പിനു പിടിച്ച് അതിനെ പൊക്കിയെടുത്തു,
അവർ ഒരുമിച്ചു നടന്നു.
പിന്നെ അയാൾ ഞങ്ങളോടു പറയും.
ഈ പ്രതിമ (അതൊരത്ഭുതസൃഷ്ടി തന്നെയായിരുന്നു) എന്നു പറയുന്നത്
താൻ തന്നെയാണെന്ന്;
പ്രതിമ ഒറ്റയ്ക്കാണു നടക്കുന്നതെന്നും.
പക്ഷേ ആരയാളെ വിശ്വസിക്കാൻ പോകുന്നു?



Monday, November 2, 2015

എമീൽ ചൊറാൻ - മനുഷ്യനായിട്ടിരിക്കാൻ ഇനിയെനിക്കു വയ്യ




സന്തോഷമെന്തെന്നറിയാത്ത ഒരു ജീവിയാണ്‌ മനുഷ്യൻ, പരിത്യക്തനാണവൻ, ജിവിതത്തിൽ നിന്നുപിഴയ്ക്കാൻ അവൻ തന്നെ വഴി നോക്കണം എന്നു വിശ്വസിക്കാൻ കൂടുതൽ കൂടുതൽ നിർബന്ധിതനാവുകയാണ്‌ ഞാൻ. അവനെപ്പോലൊന്നിനെ പ്രകൃതി ഇതാദ്യമായിട്ടറിയുകയാണ്‌. പ്രാകൃതികാസ്തിത്വത്തിന്റെ തടവറയിൽ കിടക്കുന്നതിനേക്കാൾ ആയിരം മടങ്ങു ദുരിതമാണ്‌ തനിക്കുള്ളതായി പറയുന്ന സ്വാതന്ത്ര്യത്തിൽ നിന്ന് അവൻ അനുഭവിക്കുന്നത്. ഒരു പൂവോ ഏതെങ്കിലും ചെടിയോ ആകാൻ ചിലപ്പോൾ അവൻ ആഗ്രഹിക്കുന്നതിൽ അപ്പോൾ അത്ഭുതപ്പെടാനുമില്ല. ഒരു ചെടിയെപ്പോലെ സമ്പൂർണ്ണമായ അബോധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിൽ നിങ്ങളെത്തിയെങ്കിൽ അതിനർത്ഥം മനുഷ്യത്വത്തിൽ അത്രയ്ക്കു നിങ്ങൾക്കാശ നശിച്ചിരിക്കുന്നു എന്നു തന്നെ. എന്തുകൊണ്ടെനിക്കൊരു പൂവായിക്കൂടാ? മനുഷ്യനാവുക എന്നാൽ എന്താണെന്നു ഞാൻ അറിഞ്ഞുകഴിഞ്ഞു: ചരിത്രത്തിൽ ജീവിക്കുക, ആദർശങ്ങൾക്കുടമയാവുക; അതിൽക്കൂടുതലെന്താണെനിക്കുള്ളത്? മനുഷ്യനാവുക എന്നാൽ തീർച്ചയായും, മഹത്തായൊരു കാര്യം തന്നെ! എന്നാൽ പ്രധാനമായും അതൊരു ദുരന്തമാണ്‌; എന്തെന്നാൽ, മനുഷ്യനാവുക എന്നതിനർത്ഥം തികച്ചും വ്യത്യസ്തമായ ഒരു പ്രകാരത്തിൽ, പ്രാകൃതികാസ്തിത്വത്തിനെക്കാൾ എത്രയോ സങ്കീർണ്ണവും നാടകീയവുമായി ജീവിക്കുക എന്നാണ്‌. നിങ്ങൾ അചേതനമേഖലയിലേക്കിറങ്ങിച്ചെല്ലുന്തോറും ജീവിതത്തിന്റെ ദുരന്തസ്വഭാവം അനുക്രമം അപ്രത്യക്ഷമാവുകയാണ്‌. ലോകത്ത് ദുരന്തത്തിന്റെയും യാതനയുടെയും കുത്തക മനുഷ്യനവകാശപ്പെട്ടപോലെയാണ്‌: മോചനം അപരിഹാര്യമായ പ്രശ്നമായി അവനെ പൊള്ളിക്കുന്നതും അങ്ങനെയാണ്‌. മനുഷ്യനായതിൽ ഒരഭിമാനവും എനിക്കു തോന്നുന്നില്ല, കാരണം, മനുഷ്യനാവുക എന്നാൽ എന്താണെന്ന് എനിക്കു വളരെ നന്നായിട്ടറിയാമല്ലോ. ആ അവസ്ഥ തീവ്രമായി അനുഭവിക്കാത്തവരേ അതിൽ അഭിമാനം കൊള്ളുന്നുള്ളു, മനുഷ്യരാവുക എന്നതാണവരുടെ ലക്ഷ്യം. അവരുടെ ആഹ്ളാദം തികച്ചും സ്വാഭാവികവുമാണ്‌: സസ്യത്തിന്റെയോ മൃഗത്തിന്റെയോ നിരപ്പിലുള്ളവർക്ക് ന്യായമായും മനുഷ്യനാവണമെന്നാശിക്കാമല്ലോ! പക്ഷേ മനുഷ്യനാവുക എന്നാൽ എന്താണെന്നറിഞ്ഞ ഒരാൾക്ക് മറ്റെന്തെങ്കിലും ആയാൽ മതി എന്നാണാഗ്രഹം. കഴിയുമെങ്കിൽ ഓരോ ദിവസവും ഞാൻ ഓരോ രൂപമെടുത്തേനെ, സസ്യത്തിന്റെ മൃഗത്തിന്റെ. ഒന്നൊന്നായി ഞാൻ ഓരോ പൂവുമാകും: കള്ളിപ്പൂവ്, റോസ; ചില്ലകൾ കെട്ടുപിണഞ്ഞ ഒരു ഉഷ്ണമേഖലാവൃക്ഷം, തീരത്തടിഞ്ഞ കടല്പായൽ, കാറ്റു തല്ലുന്ന മലഞ്ചുരം; ഇര പിടിയൻ പക്ഷി, കാറിക്കരയുന്ന ഒരു കിളി, അല്ലെങ്കിൽ മനോഹരമായി പാടുന്ന ഒരു പക്ഷി; ഒരു കാട്ടുമൃഗം അല്ലെങ്കിൽ ഒരു വളർത്തുമൃഗം. ഓരോ ജീവിവർഗ്ഗത്തിന്റെയും ജീവിതം എനിക്കു ജീവിക്കണം, അനിയന്ത്രിതമായും അബോധമായും; പ്രകൃതിയുടെ വർണ്ണരാജി മുഴുവനും എനിക്കു രുചിക്കണം, എത്രയും സ്വാഭാവികമായ ഒരു പ്രക്രിയയാണതെന്നപോലെ സുഭഗവും സൂക്ഷ്മവുമായി എനിക്കു മാറിമാറിപ്പോകണം. എങ്കിൽ എങ്ങനെ ഞാൻ കൂടുകളും ഗുഹകളും തേടിപ്പോവില്ല! വിജനമായ മലനിരകളും കടലും കുന്നുകളും താഴ്വാരങ്ങളുമലയില്ല! പ്രപഞ്ചവിപുലമായ അത്തരമൊരുദ്യമത്തിനേ, സസ്യമൃഗമണ്ഡലങ്ങളിലെ രൂപാന്തരങ്ങളുടെ ഒരു പരമ്പരയ്ക്കേ എന്നിൽ വീണ്ടും ‘മനുഷ്യൻ’ ആവാനുള്ള ആഗ്രഹത്തിന്റെ തിരി കൊളുത്താൻ കഴിയൂ. ‘മനുഷ്യനും’ മൃഗവും തമ്മിലുള്ള വ്യത്യാസം മൃഗത്തിനു മൃഗമായിരിക്കാനേ കഴിയൂ, മനുഷ്യന്‌ അമനുഷ്യനാവാനും- അതായത്, താനല്ലാതെ മറ്റൊന്നാവാൻ- കഴിയും എന്നതാണെങ്കിൽ ഞാൻ ആ അമനുഷ്യനാണ്‌.



Sunday, November 1, 2015

ഫെർണാണ്ടോ പെസ്സൊവ - അന്യദേശങ്ങളിലുദിക്കുന്ന സൂര്യൻ



അന്യദേശങ്ങളിലുദിക്കുന്ന സൂര്യൻ അനുഗൃഹീതനാവട്ടെ,
എല്ലാ മനുഷ്യരെയും എന്റെ സഹോദരങ്ങളാക്കുന്നതവനാണല്ലോ.
എന്തെന്നാൽ,  ഏതു മനുഷ്യനും പകൽ ഒരു നിമിഷത്തിൽ
എന്നെപ്പോലെതന്നെ അവനെ നോക്കുന്നുണ്ടല്ലോ.
ആ വിശുദ്ധനിമിഷത്തിൽ,
നിർമ്മലരും ആർദ്രഹൃദയരുമായി,
കണ്ണുകളിൽ നനവും എത്രയും നേർത്തൊരു നെടുവീർപ്പുമായി
അവർ മടങ്ങിപ്പോവുകയാണ്‌-
യഥാർത്ഥവും ആദിമവുമായ മനുഷ്യനിലേക്ക്,
സൂര്യനുദിക്കുന്നതു കണ്ടുനിന്ന,
എന്നാൽ അവനെ ആരാധിക്കാൻ തുടങ്ങിയിട്ടില്ലാത്ത
ആദ്യനിലേക്ക്.
അതു തന്നെയാണ്‌ സ്വാഭാവികവും-
സ്വർണ്ണത്തെയും ദൈവത്തെയും
കലയേയും സദാചാരത്തെയും
ആരാധിക്കുന്നതിനെക്കാൾ സ്വാഭാവികം.

(ആല്ബെർട്ടോ കെയ്‌റോ എന്ന അപരനാമത്തിൽ എഴുതിയത്)