എന്താണു പേരെന്നു ചോദിക്കുമ്പോൾ,
ക്ഷമാപണത്തോടെ,
ഒരു കുടുംബപ്പേരു കൊണ്ടുപോലും
ശ്രദ്ധ നേടാനർഹരല്ല തങ്ങളെന്ന പോലെ,
ഇങ്ങനെ മറുപടി പറയുന്നവരെ ഞാൻ കണ്ടിട്ടുണ്ട്:
“മിസ് വിവിയൻ,” എന്നിട്ടവർ കൂട്ടിച്ചേർക്കും,
“വിളിപ്പേരു പോലെ തന്നെ”;
അവർ മറ്റേയാൾക്കു കാര്യങ്ങൾ എളുപ്പമാക്കുകയാണ്,
“പോപ്പിയോൾ” പോലെ “ബാബെൻഡെറേർഡെ” പോലെ
കുഴപ്പം പിടിച്ച പേരുകളല്ല,
“വിളിപ്പേരു പോലെ തന്നെ”-
ഓർമ്മിക്കാൻ നിങ്ങൾക്കെളുപ്പമാണത്!
അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കുമൊപ്പം
ഒറ്റ മുറിയിൽ വളർന്നവരെ ഞാൻ കണ്ടിട്ടുണ്ട്;
രാത്രിയിൽ, ചെവിയിൽ വിരൽ തിരുകി,
അടുപ്പിൻ മൂട്ടിലിരുന്ന് അവർ പഠിച്ചു;
അവർ പിന്നെ വലിയ നിലകളിലെത്തി,
സുന്ദരികളായി, പ്രഭ്വികളെപ്പോലെ ആത്മവിശ്വാസമുള്ളവരായി,
നൗസിക്കയെപ്പോലെ* സൗമ്യരും കഠിനാദ്ധ്വാനികളുമായി,
മാലാഖമാരെപ്പോലെ മുഖം തെളിഞ്ഞവരായി.
പലപ്പോഴും ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്,
ഒരിക്കലും ഉത്തരം കിട്ടിയിട്ടുമില്ല,
നന്മയും സൗമ്യതയും എവിടെ നിന്നാണു വരുന്നതെന്ന്;
ഈ ദിവസം വരെ എനിക്കതറിയില്ല,
എനിക്കു പോകാൻ കാലവുമായി.
* Nausicaa- ഹോമറുടെ ഒഡീസ്സിയിലെ ഒരു കഥാപാത്രം; ഇത്താക്കയിലേക്കുള്ള വഴി കപ്പല്ച്ചേതത്തിൽ പെട്ടു കരയ്ക്കടിഞ്ഞ യുളീസസ്സിനെ തുണി കഴുകിക്കൊണ്ടുനിന്ന നൗസിക്കയാണ് തന്റെ പിതാവിന്റെ കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നത്.
No comments:
Post a Comment