Monday, November 2, 2015

എമീൽ ചൊറാൻ - മനുഷ്യനായിട്ടിരിക്കാൻ ഇനിയെനിക്കു വയ്യ




സന്തോഷമെന്തെന്നറിയാത്ത ഒരു ജീവിയാണ്‌ മനുഷ്യൻ, പരിത്യക്തനാണവൻ, ജിവിതത്തിൽ നിന്നുപിഴയ്ക്കാൻ അവൻ തന്നെ വഴി നോക്കണം എന്നു വിശ്വസിക്കാൻ കൂടുതൽ കൂടുതൽ നിർബന്ധിതനാവുകയാണ്‌ ഞാൻ. അവനെപ്പോലൊന്നിനെ പ്രകൃതി ഇതാദ്യമായിട്ടറിയുകയാണ്‌. പ്രാകൃതികാസ്തിത്വത്തിന്റെ തടവറയിൽ കിടക്കുന്നതിനേക്കാൾ ആയിരം മടങ്ങു ദുരിതമാണ്‌ തനിക്കുള്ളതായി പറയുന്ന സ്വാതന്ത്ര്യത്തിൽ നിന്ന് അവൻ അനുഭവിക്കുന്നത്. ഒരു പൂവോ ഏതെങ്കിലും ചെടിയോ ആകാൻ ചിലപ്പോൾ അവൻ ആഗ്രഹിക്കുന്നതിൽ അപ്പോൾ അത്ഭുതപ്പെടാനുമില്ല. ഒരു ചെടിയെപ്പോലെ സമ്പൂർണ്ണമായ അബോധത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിൽ നിങ്ങളെത്തിയെങ്കിൽ അതിനർത്ഥം മനുഷ്യത്വത്തിൽ അത്രയ്ക്കു നിങ്ങൾക്കാശ നശിച്ചിരിക്കുന്നു എന്നു തന്നെ. എന്തുകൊണ്ടെനിക്കൊരു പൂവായിക്കൂടാ? മനുഷ്യനാവുക എന്നാൽ എന്താണെന്നു ഞാൻ അറിഞ്ഞുകഴിഞ്ഞു: ചരിത്രത്തിൽ ജീവിക്കുക, ആദർശങ്ങൾക്കുടമയാവുക; അതിൽക്കൂടുതലെന്താണെനിക്കുള്ളത്? മനുഷ്യനാവുക എന്നാൽ തീർച്ചയായും, മഹത്തായൊരു കാര്യം തന്നെ! എന്നാൽ പ്രധാനമായും അതൊരു ദുരന്തമാണ്‌; എന്തെന്നാൽ, മനുഷ്യനാവുക എന്നതിനർത്ഥം തികച്ചും വ്യത്യസ്തമായ ഒരു പ്രകാരത്തിൽ, പ്രാകൃതികാസ്തിത്വത്തിനെക്കാൾ എത്രയോ സങ്കീർണ്ണവും നാടകീയവുമായി ജീവിക്കുക എന്നാണ്‌. നിങ്ങൾ അചേതനമേഖലയിലേക്കിറങ്ങിച്ചെല്ലുന്തോറും ജീവിതത്തിന്റെ ദുരന്തസ്വഭാവം അനുക്രമം അപ്രത്യക്ഷമാവുകയാണ്‌. ലോകത്ത് ദുരന്തത്തിന്റെയും യാതനയുടെയും കുത്തക മനുഷ്യനവകാശപ്പെട്ടപോലെയാണ്‌: മോചനം അപരിഹാര്യമായ പ്രശ്നമായി അവനെ പൊള്ളിക്കുന്നതും അങ്ങനെയാണ്‌. മനുഷ്യനായതിൽ ഒരഭിമാനവും എനിക്കു തോന്നുന്നില്ല, കാരണം, മനുഷ്യനാവുക എന്നാൽ എന്താണെന്ന് എനിക്കു വളരെ നന്നായിട്ടറിയാമല്ലോ. ആ അവസ്ഥ തീവ്രമായി അനുഭവിക്കാത്തവരേ അതിൽ അഭിമാനം കൊള്ളുന്നുള്ളു, മനുഷ്യരാവുക എന്നതാണവരുടെ ലക്ഷ്യം. അവരുടെ ആഹ്ളാദം തികച്ചും സ്വാഭാവികവുമാണ്‌: സസ്യത്തിന്റെയോ മൃഗത്തിന്റെയോ നിരപ്പിലുള്ളവർക്ക് ന്യായമായും മനുഷ്യനാവണമെന്നാശിക്കാമല്ലോ! പക്ഷേ മനുഷ്യനാവുക എന്നാൽ എന്താണെന്നറിഞ്ഞ ഒരാൾക്ക് മറ്റെന്തെങ്കിലും ആയാൽ മതി എന്നാണാഗ്രഹം. കഴിയുമെങ്കിൽ ഓരോ ദിവസവും ഞാൻ ഓരോ രൂപമെടുത്തേനെ, സസ്യത്തിന്റെ മൃഗത്തിന്റെ. ഒന്നൊന്നായി ഞാൻ ഓരോ പൂവുമാകും: കള്ളിപ്പൂവ്, റോസ; ചില്ലകൾ കെട്ടുപിണഞ്ഞ ഒരു ഉഷ്ണമേഖലാവൃക്ഷം, തീരത്തടിഞ്ഞ കടല്പായൽ, കാറ്റു തല്ലുന്ന മലഞ്ചുരം; ഇര പിടിയൻ പക്ഷി, കാറിക്കരയുന്ന ഒരു കിളി, അല്ലെങ്കിൽ മനോഹരമായി പാടുന്ന ഒരു പക്ഷി; ഒരു കാട്ടുമൃഗം അല്ലെങ്കിൽ ഒരു വളർത്തുമൃഗം. ഓരോ ജീവിവർഗ്ഗത്തിന്റെയും ജീവിതം എനിക്കു ജീവിക്കണം, അനിയന്ത്രിതമായും അബോധമായും; പ്രകൃതിയുടെ വർണ്ണരാജി മുഴുവനും എനിക്കു രുചിക്കണം, എത്രയും സ്വാഭാവികമായ ഒരു പ്രക്രിയയാണതെന്നപോലെ സുഭഗവും സൂക്ഷ്മവുമായി എനിക്കു മാറിമാറിപ്പോകണം. എങ്കിൽ എങ്ങനെ ഞാൻ കൂടുകളും ഗുഹകളും തേടിപ്പോവില്ല! വിജനമായ മലനിരകളും കടലും കുന്നുകളും താഴ്വാരങ്ങളുമലയില്ല! പ്രപഞ്ചവിപുലമായ അത്തരമൊരുദ്യമത്തിനേ, സസ്യമൃഗമണ്ഡലങ്ങളിലെ രൂപാന്തരങ്ങളുടെ ഒരു പരമ്പരയ്ക്കേ എന്നിൽ വീണ്ടും ‘മനുഷ്യൻ’ ആവാനുള്ള ആഗ്രഹത്തിന്റെ തിരി കൊളുത്താൻ കഴിയൂ. ‘മനുഷ്യനും’ മൃഗവും തമ്മിലുള്ള വ്യത്യാസം മൃഗത്തിനു മൃഗമായിരിക്കാനേ കഴിയൂ, മനുഷ്യന്‌ അമനുഷ്യനാവാനും- അതായത്, താനല്ലാതെ മറ്റൊന്നാവാൻ- കഴിയും എന്നതാണെങ്കിൽ ഞാൻ ആ അമനുഷ്യനാണ്‌.



No comments: