ഒരു ജീർണ്ണലോകത്തിന്റെ കവിയാകാൻ ഞാനില്ല.
വരുംകാലലോകത്തെക്കുറിച്ചും ഞാൻ പാടില്ല.
ജീവിതത്തോടു ബന്ധിതനാണു ഞാൻ,
എന്റെ കണ്ണുകൾ എന്റെയൊപ്പമുള്ളവരിലുമാണ്.
വാശിക്കാരെങ്കിലും വലിയ മോഹങ്ങളുള്ളവരാണവർ.
യാഥാർത്ഥ്യത്തിന്റെ വൈപുല്യം
അവർക്കിടയിലിരുന്നു ഞാൻ നോക്കിക്കാണുന്നു.
വർത്തമാനകാലം തന്നെ എത്ര വലുതാണ്,
അതിൽ നിന്നത്രയകലേക്കു നാമലയാതിരിക്കുക.
നാമൊരുമിച്ചു നില്ക്കുക, കൈ കോർത്തു നാം പോവുക.
ഏതോ സ്ത്രീയുടെയോ ഏതോ പഴങ്കഥയുടെയോ
പാട്ടുകാരനാവാൻ ഞാനില്ല.
അസ്തമയത്തിലുയർന്ന നെടുവീർപ്പുകളോ
ജനാലയ്ക്കു പുറത്തെ കാഴ്ചകളോ
കവിതയിലാവാഹിക്കാൻ ഞാനില്ല.
മയക്കുമരുന്നുകളും ആത്മഹത്യക്കുറിപ്പുകളും
വിതരണം ചെയ്യാൻ ഞാനില്ല.
ദ്വീപുകളിലേക്കു പലായനം ചെയ്യാനോ
മാലാഖമാരാൽ വഹിക്കപ്പെടാനോ ഞാനില്ല.
എന്റെ വിഷയം കാലമാണ്,
വർത്തമാനകാലം, വർത്തമാനകാലജനത,
വർത്തമാനകാലജീവിതം.
No comments:
Post a Comment