Tuesday, November 30, 2010

നെരൂദ-ഭീതി

File:Reddragon.jpg


ഭീതി നമ്മെപ്പൊതിയുന്നു പുതിയൊരു ചർമ്മം പോലെ,
രാത്രിയുടെ ചർമ്മം കൊണ്ടു നമ്മുടെ ചോരയെപ്പൊതിയുന്നു,
കാലടികൾക്കടിയിൽ ഭൂമി തെന്നിമാറുന്നു-
മുടിയല്ല, ഭീതിയത്രേ നിങ്ങളുടെ തലയിൽ,
കുത്തനേ നില്ക്കുന്ന ഇരുമ്പാണികൾ പോലെ നീണ്ട മുടിനാരുകൾ;
നിങ്ങൾ കാണുന്നതു തകർന്നടിഞ്ഞ തെരുവുകളല്ല,
നിങ്ങളുടെയുള്ളിൽ, നിങ്ങളുടെ തന്നെ ഇടിഞ്ഞുവീണ ചുമരുകളത്രെ,
നിങ്ങളുടെ നൈരാശ്യത്തിന്റെ അനന്തത.
നഗരമിതാ ഇടിഞ്ഞുവീഴുന്നു:
നിങ്ങളുടെ നിശ്ശബ്ദതയിൽ മുഴങ്ങുന്നത്
വെള്ളപ്പെരുക്കത്തിന്റെ ഭീഷണി മാത്രം,
മുങ്ങിച്ചത്ത കുതിരകൾ ചവിട്ടിക്കുതിച്ചുപായുന്നു
നിങ്ങളുടെ മരണത്തിലൂടെ.

*


ചിത്രം-വില്യം ബ്ലേക്ക്‌


Monday, November 29, 2010

നെരൂദ-ചോദ്യങ്ങളുടെ പുസ്തകം



1

കൂറ്റൻ വിമാനങ്ങൾ തങ്ങളുടെ കുട്ടികളുമായി
പറന്നുനടക്കാത്തതെന്തുകൊണ്ട്?

ഏതു മഞ്ഞക്കിളിയാണ്‌
നാരങ്ങകൾ കൊണ്ട് തന്റെ കൂടു നിറയ്ക്കുന്നത്?

എന്തുകൊണ്ട് ഹെലിക്കോപ്റ്ററുകളെ
വെയിലിൽ നിന്നു തേൻ വലിച്ചെടുക്കാൻ പരിശീലിപ്പിക്കുന്നില്ല?

പൂർണ്ണചന്ദ്രൻ ഇന്നുരാത്രി
അരിമാവു കൊട്ടിത്തൂവിയതെവിടെ?

3

പറയൂ, റോസാപ്പൂവു നഗ്നയാണോ,
അതോ അതാണവൾക്കുള്ള വസ്ത്രമെന്നോ?

മരങ്ങൾ വേരുകളുടെ പകിട്ടുകൾ
മറച്ചുവയ്ക്കുന്നതെന്തിനാവാം?

മഴ കൊള്ളുന്ന തീവണ്ടിയെക്കാൾ
വിഷാദം നിറഞ്ഞതൊന്നു വേറെയുണ്ടോ ലോകത്ത്?

7

സമാധാനമെന്നാൽ അരിപ്രാവിന്റെ സമാധാനമോ?
പുള്ളിപ്പുലി യുദ്ധത്തിനിറങ്ങുമോ?

മരണത്തിന്റെ ഭൂമിശാസ്ത്രം
പഠിപ്പിക്കുനതെന്തിനു പണ്ഡിതൻ?

പാഠശാലയിലെത്താൻ വൈകിയ
കുരുവിക്കുഞ്ഞുകളുടെ ഗതിയെന്ത്?

മറുപുറം കാണാവുന്ന അക്ഷരങ്ങൾ
മാനത്തു ചിതറിയിട്ടിരിക്കുന്നുവെന്നു പറയുന്നതു നേരാണോ?

9

ഇന്നലത്തെ സൂര്യൻ തന്നെയോ ഇത്?
ഈയഗ്നി ആ അഗ്നി തന്നെയോ?

മേഘങ്ങളുടെ ക്ഷണികസമൃദ്ധിയ്ക്ക്
ഏതുവിധം നാം നന്ദി പറയും?

കണ്ണീരിന്റെ കറുത്ത ഭാണ്ഡവുമായി
ഇടിമേഘം വന്നതെവിടുന്ന്?

പോയാണ്ടത്തെ പലഹാരങ്ങൾ പോലെ മധുരിക്കുന്ന
ആ പേരുകളൊക്കെ ഏതു വഴിയ്ക്കു പോയി?

ഡൊണാൾഡമാർ, ക്ളോരിന്ദകൾ, എഡുവിഗെസുമാർ
ഒക്കെ എങ്ങോട്ടു പോയി?

10


ഇനിയൊരു നൂറു കൊല്ലം കഴിഞ്ഞാൽ
പോളണ്ടുകാർ എന്റെ തൊപ്പിയെക്കുറിച്ചെന്താവും കരുതുക?

എന്റെ ചോരയെ തൊട്ടറിയാത്തവർ
എന്റെ കവിതയെക്കുറിച്ചെന്താവും പറയുക?

ബിയറിൽ നിന്നു തെന്നിനീങ്ങുന്ന നുരയെ
ഏതൊന്നു കൊണ്ടു നാമളക്കും?

പെട്രാർക്കിന്റെ ഒരു ഗീതകത്തിൽ പെട്ടുപോയ
ഒരീച്ച എന്തു ചെയ്യും?

21

വെളിച്ചം വാർത്തെടുത്തത്
വെനിസ്വേലയിൽ വച്ചോ?

കടലിന്റെ കേന്ദ്രബിന്ദുവെവിടെ?
തിരകൾ അവിടെയ്ക്കു പോകാത്തതെന്തേ?

കുപ്പിക്കല്ലിന്റെ മാടപ്രാവായിരുന്നു കൊള്ളിമീൻ
എന്നു കേൾക്കുന്നതു ശരിയോ?

എന്റെ പുസ്തകത്തോട്
അതെഴുതിയതു ഞാനാണോയെന്നെനിക്കു ചോദിക്കാമോ?

39

കടലിന്റെ ചിരിയിൽ
ഒരപായസൂചനയും നിങ്ങൾ കേൾക്കുന്നില്ലേ?

പോപ്പിപ്പൂവിന്റെ ചോരച്ച പട്ടിൽ
ഒരു ഭീഷണി നിങ്ങൾ കാണുന്നില്ലേ?

ആപ്പിൾ മരം പൂക്കുന്നത്
ആപ്പിളായി മരിക്കാനാണെന്നും നിങ്ങൾ കാണുന്നില്ലേ?

ചുറ്റും ചിരികളുമായി, വിസ്മൃതിയുടെ ചഷകങ്ങളുമായി
തേങ്ങിക്കരയാറില്ലേ നിങ്ങൾ?

41

കരളിൽ ദയവു തോന്നിയാൽ
എത്രകാലം പിന്നെ കാണ്ടാമൃഗത്തിനായുസ്സു നില്ക്കും?

ആസന്നവസന്തത്തിന്റെ ഇലകൾക്ക്
എന്താണു പുതുമ?

ഹേമന്തത്തിൽ ഇലകൾ
വേരുകളോടൊത്തൊളിച്ചോടുകയാണോ?

ആകാശത്തോടു സംസാരിക്കാൻ
ഭൂമിയോടെന്തു പാഠം പഠിയ്ക്കും മരങ്ങൾ?

49

കടലിനെ വീണ്ടും ഞാൻ ചെന്നു കാണുമ്പോൾ
കടലെന്നെ അറിയുമോ, അറിയാതിരിക്കുമോ?

ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ
തിരിച്ചു ചോദിക്കുന്നതെന്തിനാണു തിരകൾ?

ഇങ്ങനെ പാറകളിലാഞ്ഞടിച്ചവ തുലയ്ക്കണോ
വികാരാവേശങ്ങൾ?

മണലിനോടുദ്ഘോഷിച്ചുദ്ഘോഷിച്ചു
തളർന്നുപോവില്ലേ തിരകൾ?

65

എന്റെ പാട്ടിൽ ഒരക്ഷരം പോലെ തിളങ്ങുന്നില്ലേ
ലോഹത്തുള്ളികൾ?

വാക്കുകൾ ചിലനേരം
പാമ്പുകൾ പോലെ പുളയാറുണ്ടോ?

ഇത്രയധികം സ്വരാക്ഷരങ്ങൾ വലിച്ചുകേറ്റിയാൽ
കപ്പലുകൾ മുങ്ങിപ്പോവില്ലേ?


വാസ്കോ പോപ്പ-എനിക്കെന്റെ കൂറകൾ തിരിയെത്തരിക


എന്റെ മനസ്സിലേക്കൊന്നു വന്നുനോക്ക്
എന്റെ ചിന്തകൾ നിന്റെ മുഖം മാന്തിപ്പറിക്കും

എന്റെ കാഴ്ചയിലേക്കൊന്നു വന്നുനോക്ക്
എന്റെ കണ്ണുകൾ നിന്റെ നേർക്കു ചീറിക്കൊണ്ടടുക്കും

നീ നിന്റെ വായൊന്നു തുറന്നുനോക്ക്
എന്റെ മൂകത നിന്റെ താടിയെല്ലിടിച്ചിളക്കും

നിന്നെക്കുറിച്ചു നീയെന്നെയൊന്നോർമ്മിപ്പിച്ചുനോക്ക്
എന്റെയോർമ്മ നിന്റെ ചുവട്ടടിയിലെ മണ്ണു മാന്തിക്കുഴിയ്ക്കും

ഈ പടുതിയിലെത്തിയിരിക്കുന്നു
നമുക്കിടയിൽ കാര്യങ്ങൾ


Sunday, November 28, 2010

വാസ്കോ പോപ്പ-ഉള്ളിന്റെയുള്ളിൽ

Vasko Popa


ഉള്ളിന്റെയുള്ളിൽ - 4


നടക്കാവിന്റെ മരച്ചില്ലകളിൽ
പച്ചക്കൈയുറകൾ മർമ്മരം വയ്ക്കുന്നു

ഒരടയാളവും ബാക്കിവയ്ക്കാത്തൊരു പാതയിലൂടെ
സായാഹ്നം നമ്മെ നടത്തുന്നു

പിന്നിലേക്കു പായുന്ന ജനാലകൾക്കു മുന്നിൽ
മഴ മുട്ടുകാലിൽ വീഴുന്നു

മുറ്റങ്ങൾ പടി കടന്നുവന്ന്
നാം പോയ വഴിയേ തുറിച്ചുനോക്കിനിൽക്കുന്നു


ഉള്ളിന്റെയുള്ളിൽ - 22


നെടുകേ പകുത്തൊരു പച്ചയാപ്പിളാണു
നമുക്കു പകൽ

ഞാൻ നിന്നെ നോക്കുന്നു
നീയെന്നെ കാണുന്നതേയില്ല
നമുക്കിടയിലൊരന്ധസൂര്യൻ

കോണിപ്പടികളിൽ
നമ്മുടെയാലിംഗനം തകർന്നുവീഴുന്നു

നീയെന്നെ പേരെടുത്തു വിളിയ്ക്കുന്നു
ഞാനതു കേൾക്കുന്നതേയില്ല
നമുക്കിടയിലൊരു ബധിരവായു

തെരുവോരത്തെ ജനാലച്ചില്ലുകളിൽ
എന്റെ ചുണ്ടുകൾ
നിന്റെ പുഞ്ചിരി തേടുന്നു

നാല്ക്കവലയിൽ നമ്മുടെ ചുംബനങ്ങൾ
ചക്രങ്ങൾക്കടിയില്പ്പെട്ടരയുന്നു

ഞാൻ നിന്റെ കൈ പിടിച്ചു
നീയതറിഞ്ഞില്ല
ശൂന്യത നിന്നെ പുണർന്നിരുന്നു

കവലയിൽ നിന്റെ കണ്ണീർ
എന്റെ കണ്ണുകളെ തിരയുന്നു

രാത്രിയിൽ നിന്റെ ചതഞ്ഞ നാൾ
എന്റെ ചതഞ്ഞ നാളിനെ കണ്ടുമുട്ടുന്നു

സ്വപ്നത്തിലേ നമ്മൾ ഒരു നാട്ടുകാരാവുന്നുള്ളു


റില്‍ക്കെ-നിനക്കറിയില്ല പ്രണയത്തിന്റെ രാത്രികൾ...

 


 

File:Gladiolos.jpg

 

 

 

 

 

 

 

 

 

 

 


നിനക്കറിയില്ല പ്രണയത്തിന്റെ രാത്രികൾ?
നിന്റെ ചോരയിലൊഴുകിനടക്കുന്നില്ല
പുന്നാരങ്ങളുടെ പൂവിതളുകൾ?
നിന്റെയുടലിലൊരിടവുമില്ല
കണ്ണുകൾ പോലെ ഓർമ്മകൾ കൂട്ടിവയ്ക്കുന്നതായി?

 


Saturday, November 27, 2010

നെരൂദ-പ്രണയം


File:Viola tiny cut out.JPG

നിന്നാലത്രേ,
പൂ വിടരുന്ന പൂവനങ്ങളിൽ
വസന്തത്തിന്റെ പരിമളമേറ്റു നൊന്തു ഞാൻ.
എനിക്കോർമ്മയിലില്ല നിന്റെ മുഖം,
എനിക്കോർമ്മയിലില്ല നിന്റെ കൈകൾ;
നിന്‍റെ ചുണ്ടുകളെന്റെ ചുണ്ടുകളിൽ പെരുമാറിയതേതു മാതിരി?

നിന്നാലത്രേ,
ഉദ്യാനങ്ങളിൽ മയങ്ങുന്ന വെണ്ണക്കൽപ്രതിമകളെ
ഞാൻ പ്രണയിച്ചു.
ഉരിയാട്ടമില്ലാത്ത, നോട്ടവുമില്ലാത്ത പ്രതിമകളെ.

എനിക്കോർമ്മയിലില്ല നീയാനന്ദിക്കുന്ന ശബ്ദം,
എനിക്കോർമ്മയിലില്ല നിന്റെ കണ്ണുകൾ.

പൂവു പരിമളത്തോടെന്ന പോലെ
നിന്റെ മങ്ങിയൊരോർമ്മയിൽ പിണഞ്ഞവൻ ഞാൻ.
എന്നെത്തൊടരുതേ,
നീ തൊടുന്നതെന്റെ ജീവിതത്തിന്റെ നീറ്റുന്ന മുറിവായയിൽ.

നിന്റെ ലാളനകളെന്നെപ്പുണരുന്നു
വിഷാദത്തിന്റെ ചുമരുകളിൽ പടർന്നുകേറുന്ന മുല്ല പോലെ.

എനിക്കോർമ്മയിലില്ല നിന്റെ പ്രണയം,
എന്നാലുമോരോരോ ജാലകത്തിലുമെനിക്കു കാണാം
നിന്റെ നിമിഷദർശനം.

നിന്നാലത്രേ,
ഉന്മത്തഗ്രീഷ്മത്തിന്റെ പരിമളങ്ങൾ എന്നെ നീറ്റുന്നു.
നിന്നാലത്രേ,
തിരഞ്ഞുതിരഞ്ഞു ഞാൻ പോകുന്നു
തൃഷ്ണയുടെ തീയാളിക്കുന്ന ചിഹ്നങ്ങളെ:
കൊള്ളിമീനുകളെ, വീഴുന്ന വസ്തുക്കളെ.


Thursday, November 25, 2010

നെരൂദ-അത്രയധികം പേരുകൾ

   അത്രയധികം പേരുകള്‍

 


തിങ്കളാഴ്ച ചൊവ്വാഴ്ചയോടു കെട്ടുപിണയുന്നു,
ഒരാഴ്ച ഒരു കൊല്ലത്തോടും.
നിങ്ങളുടെ തളർന്ന കത്രികയ്ക്കു
വെട്ടിമുറിക്കാനാവില്ല കാലത്തെ.
പകലത്തെ പേരുകളൊക്കെയും
രാത്രിയുടെ വെള്ളപ്പാച്ചിലിൽ
ഒലിച്ചും പോകുന്നു.

ആർക്കും സ്വന്തമല്ല പെഡ്രോയെന്ന പേര്‌,
ആരും റോസായല്ല, മരിയയുമല്ല,
പൂഴിമണ്ണാണ്‌, പൊടിയാണു നമ്മൾ,
മഴയിൽപ്പെയ്യുന്ന മഴയാണു നമ്മൾ.
ആളുകൾ എന്നോടു പറഞ്ഞിരിക്കുന്നു
വെനിസ്വേല, ചിലി, പരാഗ്വേ എന്നൊക്കെ.
എനിക്കു പിടി കിട്ടാതെപോകുന്നു
അവരുടെ സംസാരം.
എനിക്കറിയുന്നതു മണ്ണിന്റെ തൊലി മാത്രം,
എനിക്കറിയാം അതിനു പേരില്ലെന്നും.

വേരുകൾക്കിടയിൽ കഴിഞ്ഞിരുന്നപ്പോൾ
പൂക്കളെക്കാൾ ഞാനിഷ്ടപ്പെട്ടതവയെ.
ഒരു കല്ലിനോടു കുശലം ചോദിച്ചപ്പോൾ
മണിനാദം പോലെ അതിന്റെ മറുപടി.

എത്ര ദീർഘമാണു വസന്തം,
ഹേമന്തത്തിലേക്കതു നീളുന്നു.
കാലത്തിനു നഷ്ടമായി പാദുകങ്ങൾ,
ഒരു കൊല്ലം നാലു നൂറ്റാണ്ടത്രേ.

രാത്രിയിലുറങ്ങിക്കിടക്കുമ്പോൾ
എനിക്കു പേരുണ്ടോ, പേരില്ലാതെയുണ്ടോ?
ഉണരുമ്പോൾ ആരാണു ഞാൻ
ഉറങ്ങിക്കിടന്ന ഞാനല്ലാതെ?

ഇതിനൊക്കെയർത്ഥമിത്രമാത്രം:
ജീവിതത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ,
നവജാതരായി നാം വന്നുചേരുമ്പോൾ
വായിൽ നാം കുത്തിനിറയ്ക്കാതിരിക്കുക
അത്രയധികം കപടനാമങ്ങൾ,
ദാരുണമായ മേൽക്കുറികൾ,
പകിട്ടേറിയ അക്ഷരങ്ങൾ,,
അത്രയധികം ‘നിങ്ങളുടെയും’ ‘എന്റെയും’,
അത്രയധികം കടലാസിലൊപ്പിടലുകളും.

എനിക്കൊരു തോന്നലുണ്ടിന്ന്
സംഗതികളെ കൂട്ടിക്കുഴയ്ക്കാൻ,
അവയ്ക്കു പുതുപ്പിറവി കൊടുക്കാൻ,
അവയെ കൂട്ടിക്കലർത്താൻ,
അവയുടെയുടയാടകളഴിച്ചുമാറ്റാൻ;
അങ്ങനെ ലോകത്തിന്റെ വെളിച്ചത്തിനുണ്ടാവട്ടെ
കടലിന്റെ അദ്വൈതം,
ഉദാരവും നിസ്സീമവുമായ പൂർണ്ണിമ,
കഞ്ഞിപ്പശ പോലെ പൊട്ടുന്ന പരിമളവും.


Wednesday, November 24, 2010

നെരൂദ-കാലവർഷം


കാലവര്‍ഷം

File:Frederic Edwin Church - Rainy Season in the Tropics.jpg

ഒടുവിൽ കടലോരത്തു കുടിയേറി ഞാൻ.

ഞാൻ വീടു കേറ്റിയതിന്ദ്രജാലത്തിന്റെ ദേശത്ത്;
തിരയുടെ, കാറ്റിന്റെ, ഉപ്പിന്റെ പെരുക്കമത്.
ഒരടിക്കടൽനക്ഷത്രത്തിന്റെ
ഒരുനാളുമടയാത്ത കണ്ണും കണ്ണിമയും.
അത്ഭുതമേ, സൂര്യന്റെ സമൃദ്ധിയവിടെ,
തെങ്ങിൻ തലപ്പുകളുടെ നിറഞ്ഞ പച്ചയും;
പാമരങ്ങളുടെയും പനമരങ്ങളുടെയും കാടിനരികെ,
ഇന്ദ്രനീലക്കല്ലിലും കഠിനമായൊരു കടൽ,
ഓരോ നാളും പുതുമ ചായം തേക്കുന്നൊരു മാനം,
ഒരു മേഘത്തിന്റെ കൊതുമ്പുവള്ളമല്ലവിടെ,
തല പെരുക്കുന്ന ചേരുവ.
ഇടിവെട്ടിന്റെ ഹുങ്കാരം,
കൊട്ടിച്ചൊരിയുന്ന പേമാരി,
രോഷത്തിന്റെ സീൽക്കാരം-
തലയ്ക്കു മേൽ വെടിയ്ക്കുന്നു
കാലവർഷത്തിന്റെ പൂർണ്ണഗർഭം,
കെട്ടഴിഞ്ഞൊഴിയുന്നു
ഊർജ്ജത്തിന്റെ പെരുംഭാണ്ഡം.


ചിത്രം-എഡ്വിന്‍ ചര്‍ച് - ഉഷ്ണമേഖലയിലെ മഴക്കാലം -1886


Tuesday, November 23, 2010

അന്തോണിയോ മച്ചാദോ - കവിത

 


 

 

കീർത്തി തേടി പോയിട്ടില്ല ഞാൻ,
ലോകമോർമ്മവയ്ക്കണമെന്റെ പാട്ടെന്നും
കൊതിച്ചിട്ടില്ല.
എനിക്കു ഹിതം
സോപ്പുകുമിളകൾ പോലെ ലോലമായ
സൂക്ഷ്മലോകങ്ങൾ.
മഴവിൽനിറങ്ങൾ അവയിൽ പുരളുന്നതും
നീലാകാശത്തേക്കവയുയരുന്നതും
പിന്നെയൊന്നു ഞെട്ടിയവയുടയുന്നതും
നോക്കിയിരിക്കാനാണെനിക്കിഷ്ടം.


Monday, November 22, 2010

കാൾ ക്രൗസ് - സ്ത്രീവിഷയം


പുരുഷന്‌ അഞ്ചിന്ദ്രിയങ്ങളുണ്ട്; സ്ത്രീയ്ക്ക് ഒന്നേയുള്ളു.

*

സ്ത്രീകളുടെ ഉപരിപ്ളവതയെക്കാൾ അഗാധമായി മറ്റൊന്നുമുണ്ടാവില്ല.

*

പുരുഷനു കണ്ണാടി തന്റെ പൊങ്ങച്ചത്തിലേർപ്പെടാനുള്ള ഒരനുസാരി മാത്രമാണ്‌; സ്ത്രീയ്ക്കു പക്ഷേ സ്വന്തം വ്യക്തിത്വം ഉറപ്പു വരുത്താനുള്ള ഉപകരണം തന്നെയാണത്.

*

ധൂർത്തടിച്ചു ധനികയായ ഒരു സ്ത്രീയുടെ സാന്നിദ്ധ്യത്തിൽ ഒരു നൂറു പുരുഷന്മാർ തങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ചു ബോധവാന്മാരാകും.

*

താനറിഞ്ഞ ഐന്ദ്രിയാനന്ദങ്ങൾക്കു പ്രായശ്ചിത്തമായി ആത്മീയശിശുക്കളെ ഗർഭം ധരിക്കുന്ന സ്ത്രീയെ എനിക്കു വിശ്വാസമേയല്ല.

*

ജീവിതസമരത്തിൽ പിടിച്ചുനിൽക്കാനാവതൊക്കെക്കൊണ്ടു സജ്ജയാണ്‌ സാമാന്യക്കാരിയൊരു സ്ത്രീ. യാതൊന്നും മനസ്സിൽ തട്ടാതിരിക്കാനുള്ള ഒരു കഴിവ് പ്രകൃതി അവൾക്കു കൊടുത്തിരിക്കുന്നു; ചിന്താശൂന്യതയ്ക്ക് വേണ്ടതിലധികം പരിഹാരവുമാണത്.

*

ഒരു സുന്ദരിക്കുള്ള ബുദ്ധിയുടെ അളവെങ്ങനെയെന്നാൽ, നിങ്ങൾക്കവളോട് എന്തിനെക്കുറിച്ചും സംസാരിക്കാം; അവളുമായിട്ട് ഒന്നിനെക്കുറിച്ചും സംസാരിക്കാനുമാവില്ല.

*

വേശ്യകളെക്കാൾ ദേശീയപ്രാമുഖ്യം കിട്ടുക അമ്മമാർക്കു തന്നെയാണ്‌; വേശ്യകൾ എന്തുല്പാദിപ്പിക്കാൻ? കൂടിവന്നാൽ ഒന്നോ രണ്ടോ പ്രതിഭകളെ.

*

വിളവെടുപ്പിനെ നാം മതിയ്ക്കണം, ഒപ്പം വിളനിലത്തെ നാം സ്നേഹിക്കുകയും വേണം; അതാണ്‌ കൂടുതൽ ആസ്വാദ്യം.

*

സ്ത്രീകളുടെ ലോകവീക്ഷണത്തിന്റെ ഇടുക്കുതൊഴുത്തിൽ മൂരിക്കുട്ടനായിക്കഴിയുക എത്ര കേമമെന്നോ!

*

ചില സ്ത്രീകൾ സുന്ദരികളല്ല, അങ്ങനെ തോന്നിക്കുന്നുവെന്നേയുള്ളു.

*

ഏറ്റവും നിർണ്ണായകമായ മുഹൂർത്തത്തിലാവും കറയറ്റ സൗന്ദര്യം പരാജയപ്പെടുക.

*

അകലത്തുള്ള സ്ത്രീയെയല്ല നാം പ്രണയിക്കുന്നത്, ആ അകലത്തെയാണ്‌.

*

ഒരു സ്ത്രീയുടെ ചെരുപ്പിനെ മാത്രം കൊതിയ്ക്കുകയും ഒരു മൊത്തം സ്ത്രീയെത്തന്നെ ഏറ്റെടുക്കേണ്ടിവരികയും ചെയ്യുന്നവനെപ്പോലൊരു ഭാഗ്യദോഷി വേറെയുണ്ടോ!

*

വിശ്വസ്തയായ ഭാര്യയെ എങ്ങനെ വിശ്വസിക്കാൻ! ഇന്നവൾ നിങ്ങളോടാണു വിശ്വസ്തയെങ്കിൽ നാളെ മറ്റൊരാളോടാണു വിശ്വസ്ത.

*

സ്ത്രീയെന്നാൽ പുറമേ കാണുന്നതു മാത്രമല്ല. അടിവസ്ത്രങ്ങൾ കാണാതെപോകരുത്‌.

*

കുത്തിയൊഴുകിവന്ന സ്ത്രീയുടെ ലൈംഗികതയെ പുരുഷൻ ചാലുവെട്ടി ഒഴുക്കിയിരിക്കുന്നു. ഇന്നതു കരയെ മുക്കിക്കളയുന്നില്ല, അതിനു വളക്കൂറും നൽകുന്നില്ല.

*
നാരങ്ങാവെള്ളം പോലെയാണ്‌ അവർക്കു സ്ത്രീ. സ്ത്രീകൾക്കും ദാഹിക്കാറുണ്ടെന്ന് അവർ കാണുന്നില്ല.

*
അവൾക്കു പൂർണ്ണത നേടാൻ ഒരു പിശകിന്റെ കുറവേ ഉണ്ടായുള്ളു.

*

ആ പ്രണയബന്ധം കൊണ്ടു ഫലമൊന്നും ഉണ്ടായില്ലെന്നല്ല. അയാൾ ഒരു കൃതിയെഴുതി ലോകത്തിനു നൽകി.

*

സ്ത്രീകൾക്കു മോടിയുള്ള വസ്ത്രങ്ങളെങ്കിലുമുണ്ട്‌. പുരുഷന്മാർ ഏതൊന്നുകൊണ്ട്‌ സ്വന്തം ശൂന്യത മറയ്ക്കും?

*

സ്വഭാവം ചീത്തയായ സ്ത്രീകളെ സമൂഹത്തിനാവശ്യമുണ്ട്‌. ഒരു സ്വഭാവവുമില്ലാത്ത സ്ത്രീകളെ സംശയിക്കണം.

*

അൽപ്പത്തരത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും ബാന്ധവമാണ്‌ കിടപ്പറയിൽ നടക്കുന്നത്‌.

*


റൂമി- ഞാന്‍ മരിക്കുന്ന നാള്‍


***


ഞാൻ മരിക്കുന്ന നാൾ,
എന്നെ ശവക്കുഴിയിലേക്കെടുക്കുമ്പോൾ,
തേങ്ങിക്കരയരുതാരും,
‘പോയി! പോയി!’യെന്നു
വിലപിക്കരുതാരും.
പോകലല്ല മരണം.
സൂര്യനസ്തമിക്കുന്നുണ്ട്,
ചന്ദ്രനസ്തമിക്കുന്നുണ്ട്:
പോവുകയല്ലവ പക്ഷേ.
കൂടിച്ചേരലത്രേ മരണം.


***


കടലിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു നുര മാത്രം.
കാറ്റിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു പൊടി മാത്രം.


***


ഞാനെന്റെ നായയെ
നടക്കാൻ കൊണ്ടുപോകാറുണ്ടു ചിലനേരം;
പാടത്തൊന്നോടിവരാൻ
തുടലഴിച്ചു വിടുകയും ചെയ്യും.

ആ സ്വാതന്ത്ര്യമവനു കൊടുത്തില്ലെങ്കിൽ
എന്തോ കടം വീടാത്ത മാതിരിയാണെനിക്ക്.

ദൈവത്തിനെന്നോടും
ആ മനസ്സാണെന്നാണെന്റെ പ്രതീക്ഷ;
എനിക്കവൻ കടപ്പെട്ടതിനൊക്കെയും
കണക്കവൻ വച്ചിട്ടുണ്ടെന്നാണെന്റെയൊരു തോന്നലും.



***

വരൂ, വരൂ,
എന്നെപ്പോലൊരു തോഴനെ എവിടെക്കിട്ടാൻ?
ഈ ലോകത്തു വേറുണ്ടോ എന്നെപ്പോലൊരു കാമുകൻ?
അലഞ്ഞും തിരഞ്ഞും കാലം കളയരുതേ.
വരണ്ട പാഴ്നിലമാണു നീ,
അതിൽ പെയ്തിറങ്ങേണ്ട മഴയാണു ഞാൻ.
നിലം പൊത്തിയ നഗരമാണു നീ,
അതു പുതുക്കിപ്പണിയേണ്ട തച്ചൻ ഞാനും.
വരൂ, വരൂ.


***


നിറഞ്ഞിട്ടും വക്കു വരണ്ടൊരു
കൂജയാവരുതേ നിങ്ങൾ;
രാവു മുഴുവൻ കുതിച്ചുപാഞ്ഞിട്ടും
താനിരുന്ന കുതിരയെ കാണാത്ത
സഞ്ചാരിയാവരുതേ നിങ്ങൾ.


***


അറിവു കൊണ്ടു മുക്തനാണു മാലാഖ,
അറിവുകേടു കൊണ്ടു മൃഗവും.
ഇടയ്ക്കു കിടന്നു പിടയാനത്രേ
മനുഷ്യപുത്രനു വിധിച്ചതും.


***


അന്യരിൽ നിങ്ങൾ കാണുന്ന പിഴകൾ പലതും
അവരിൽ പ്രതിഫലിക്കുന്ന നിങ്ങളുടെ പ്രകൃതം തന്നെ.
അന്യോന്യം മുഖം നോക്കുന്ന കണ്ണാടികളാണു വിശ്വാസികളെന്ന്
പണ്ടേ പറഞ്ഞിട്ടുമുണ്ടല്ലോ പ്രവാചകൻ.


***


തീരാത്ത നിധിയാണു നീ,
നാവേ!
തീരാവ്യാധിയുമാണു നീ,
നാവേ!


***


വിശന്നാൽ നായയെപ്പോലെ കുരച്ചുചാടും നിങ്ങൾ,
പള്ള നിറഞ്ഞാൽ ശവം പോലെ മലർന്നടിച്ചു കിടക്കും നിങ്ങൾ.
ചിലനേരം നായ, ചിലനേരം ശവം-
പറയൂ,
എങ്ങനെ നിങ്ങൾ സിംഹങ്ങളോടൊത്തു കുതിയ്ക്കും,
വിശുദ്ധന്മാരുടെ പിൻപേ പോകും?


***


ഒന്നുരഞ്ഞാൽ വെറി പിടിക്കുമെങ്കിൽ
എങ്ങനെ വിളക്കിയെടുക്കും
നിങ്ങളുടെ കണ്ണാടി?


***


ഇന്ന വഴിയമ്പലത്തിൽ വച്ചൊരേ പന്തിയിൽ
സദ്യയുണ്ടു താനും ദൈവവുമെന്നൊരാൾ
കേമത്തം പറയാതിരുന്നാൽ
സ്വമനസ്സാലെ ഞാനയാൾക്കടിമപ്പണി ചെയ്തേക്കാം.
എത്ര വഴിയമ്പലങ്ങൾ കടക്കണം
സ്വന്തവീടെത്താൻ.


അന്തോണിയോ മച്ചാദോ–ഞാനുറങ്ങിക്കിടക്കുമ്പോൾ…

image


I

ഞാനുറങ്ങിക്കിടക്കുമ്പോൾ
എന്റെ ലോകം സൃഷ്ടിച്ച വ്യക്തിയെ
ഉണരുമ്പോൾ എന്റെ ആത്മാവിൽ വച്ചു
വധിക്കാനെനിക്കായെങ്കിൽ.


II

എനിക്കു കരയാനൊരിടത്തേക്കു
പ്രണയമെന്നെക്കൊണ്ടുപോയെങ്കിൽ...
മാനാഭിമാനങ്ങൾക്കങ്ങകലെ,
എന്റെ ശോകവുമൊത്തേകനായി.

III

എന്റെ ആത്മാവിൽ തിരി കൊളുത്താൻ
പ്രണയമഗ്നിയും പരിമളവും തന്നാലും
ആ ജ്വാല കെട്ടുപോകില്ലേ
എന്റെ കലുഷമായ സ്വപ്നചഷകത്തിലെ കയ്പ്പൻമദിരയാൽ?

IV

പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ,
നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ,
നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ,
നിന്റെ സ്വപ്നത്തിന്റെ കലുഷചഷകം...

V

നീലിച്ച കുളിരത്തു
പ്രിയവസന്തത്തിനു നോറ്റിരിക്കുന്ന
ഹേമന്തത്തിനൊരു വിളക്കുമാടമാവട്ടെ,
നിന്റെ ഹൃദയം.


Sunday, November 21, 2010

റൂമി- പേരു വീഴാത്ത നക്ഷത്രം


image


***


ആത്മാവിനുള്ളിലൊരാത്മാവുണ്ട്-
അതിനെത്തേടിപ്പിടിയ്ക്കുക.
പർവതഗഹ്വരത്തിലൊരു രത്നമുണ്ട്-
ആ ഖനി കണ്ടെത്തുക.
വഴി നടക്കുന്ന സൂഫീ,
പുറത്തല്ല, അകത്തു തിരയുക-
അതിനു കഴിവുണ്ടെങ്കിൽ.


***


ഒരു ഹൃദയത്തിൽ നിന്നൊരു ഹൃദയത്തിലേക്കു തുറക്കുന്ന
ജാലകമുണ്ടത്രേ.
ചുമരു തന്നെയില്ലെങ്കിൽപ്പിന്നെവിടെയാണു
ജാലകം?


***


മുലകുടി മാറിയ കുട്ടി
അമ്മയെത്തന്നെ മറക്കുന്നു,
അതുമിതും തിന്നവൻ മുതിർക്കുന്നു.

വിത്തുകൾ നിലത്തിഴയുന്നതൊരുനാൾ,
രണ്ടു നാൾ;
പിന്നെയവ തല പൊന്തിക്കുന്നതു
സൂര്യനിലേക്കത്രേ.image

അരിച്ചെടുത്തൊരീ വെളിച്ചം
നിങ്ങളുമൊന്നു നുകർന്നുനോക്കൂ;
ലോകത്തിന്റെ പൊന്ത വെട്ടി
അറിവിലേക്കുള്ള വഴി തെളിയ്ക്കൂ.

അജ്ഞാതവെളിച്ചങ്ങളെത്രയാണു
നിശാകാശത്തിൽ;
അവയ്ക്കൊപ്പം നിങ്ങളും ചേരൂ,
പേരു വീഴാത്തൊരു നക്ഷത്രമായി.


അന്നാ ആഹ് മാത്തോവാ-ഇരുണ്ട സാൽവയ്ക്കുള്ളിൽ…

 


image

ഇരുണ്ട സാൽവയ്ക്കുള്ളിൽ വിരലുകൾ ഞെരിച്ചു ഞാൻ...
-എന്തേ നീയിന്നിത്ര വിളർത്തുപോകാൻ?
സ്നേഹിച്ചൊരാളെ  ശോകത്തിന്റെ കയ്പ്പൻവീഞ്ഞു കുടിപ്പി-
ച്ചുന്മത്തനാക്കിയതിന്നാണു ഞാൻ.

മറക്കില്ല ഞാൻ. തല നീരാതവനിറങ്ങുമ്പോൾ
വേദന കൊണ്ടു കോടിയിരുന്നു ചുണ്ടുകൾ...
കൈവരി തൊടാതെ കോണിയിറങ്ങിയോടി ഞാൻ,
പടിക്കൽ വരെ പിന്നാലെ ചെന്നു ഞാൻ.

നെഞ്ചു വിങ്ങി ഞാൻ വിളിച്ചു,‘ നില്ക്കൂ,
ഞാനൊരു കളി പറഞ്ഞതല്ലേ; പോയാൽ ഞാൻ മരിക്കുമേ.’
ശാന്തവും ഘോരവുമായൊരു മന്ദഹാസത്തോടെ അവൻ പറഞ്ഞു:
‘മഴ കൊള്ളാതെ കയറിപ്പോകരുതോ?’


Saturday, November 20, 2010

കാഫ്ക-കത്തുകള്‍ നഷ്ടമാകുന്നതെവിടെ ?



1912 ഒക്റ്റോബർ 13
പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,
പതിനഞ്ചു ദിവസം മുമ്പ് രാവിലെ പത്തു മണിയ്ക്ക് എനിക്കു നിങ്ങളുടെ ആദ്യത്തെ കത്തു കിട്ടി; ചില നിമിഷങ്ങൾക്കു ശേഷം ഞാനിരുന്ന് നാലു നെടുങ്കൻ പേജുകൾ നിങ്ങളുടെ പേർക്കെഴുതുകയും ചെയ്തു. അതൊരു പാഴ്വേലയായതായി ഞാൻ കരുതുന്നില്ല; കാരണം, മറ്റെന്തു ചെയ്താലും അത്രയുമൊരു സന്തോഷം എനിക്കുണ്ടാവുമായിരുന്നില്ലല്ലോ. എനിക്കാകെയുള്ള ഖേദം, എഴുതിക്കഴിഞ്ഞപ്പോൾ പറയാനാഗ്രഹിച്ചതിന്റെ ചെറിയൊരു തുടക്കം കുറിയ്ക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളു എന്നതു മാത്രം. അതിനാൽ കത്തിന്റെ എഴുതാതെ തടുത്തുവച്ച ഭാഗം ദിവസങ്ങളായി മനസ്സിനെ വിടാതെ പിന്തുടരുകയും, അസ്വസ്ഥമാക്കുകയുമായിരുന്നു. ഒടുവിൽ ആ അസ്വസ്ഥതയുടെ സ്ഥാനം നിങ്ങളുടെ മറുപടി വരുമെന്നുള്ള പ്രതീക്ഷയും, പിന്നെ ആ പ്രതീക്ഷയുടെ പടിപടിയായുള്ള നാശവും കൈയടക്കി.
എന്തുകൊണ്ടാണെനിക്കെഴുതാതിരുന്നതെന്നൊന്നു പറയൂ- നിങ്ങളുടെ മനസ്സമാധാനം കെടുത്തുന്ന വിഡ്ഡിത്തമെന്തോ എന്റെ കത്തിലുണ്ടായിരുന്നുവെന്നു വരാം; ആ കത്തിന്റെ രീതി വച്ചു നോക്കുമ്പോൾ അതിനു നല്ല സാധ്യതയുമുണ്ട്. പക്ഷേ ഞാനെഴുതിയ ഓരോ വാക്കിന്റെയും പിന്നിലുള്ള സദുദ്ദേശ്യം നിങ്ങളുടെ കണ്ണില്പ്പെടാതെ പോകാൻ വഴിയില്ലല്ലോ- ഒരു കത്തങ്ങനെ വഴി തെറ്റിപ്പോകുമോ? എന്റെ കത്തിനു പിന്നിലെ വ്യഗ്രതയുടെ വലിപ്പം വച്ചുനോക്കുമ്പോൾ അതൊരിക്കലും ലക്ഷ്യം കാണാതെവരാൻ പാടില്ലാത്തതാണ്‌; നിങ്ങളുടേതാവട്ടെ, വ്യഗ്രതയോടെ പ്രതീക്ഷിച്ചിരുന്നതും. കത്തുകൾ അവ കാത്തിരിക്കുന്നവരുടെ മനസ്സിലല്ലാതെ മറ്റെവിടെയാണു നഷ്ടപ്പെട്ടുപോവുക, മറ്റൊരു വിശദീകരണം കണ്ടെത്താൻ നമുക്കു കഴിഞ്ഞില്ലെങ്കിൽപ്പിന്നെ? അതോ, വീട്ടുകാർക്കത്ര മതിപ്പില്ലാത്ത ആ പലസ്തീൻ യാത്ര കാരണം എന്റെ കത്ത് നിങ്ങളുടെ കൈയിലെത്താതെ പോയതാവുമോ? പക്ഷേ ഒരു കുടുംബത്തിനുള്ളിൽ അങ്ങനെയൊന്നു നടക്കുമോ, അതും നിങ്ങളെപ്പോലൊരാളുടെ കാര്യത്തിൽ? എന്റെ കണക്കുകൂട്ടൽ പ്രകാരം ആ കത്ത് ഞായറാഴ്ച രാവിലെ എത്തേണ്ടതായിരുന്നു.- അപ്പോൾപ്പിന്നെ ശേഷിക്കുന്നത് നിങ്ങൾക്കെന്തോ അസുഖമാണെന്ന ദുഃഖകരമായ സാധ്യത മാത്രം. പക്ഷേ എനിക്കതു വിശ്വാസമല്ല. അത്രയും ആരോഗ്യവതിയും ഉന്മേഷവതിയുമാണല്ലോ നിങ്ങൾ.- പക്ഷേ ഇപ്പോഴേക്കും യുക്തിസഹമായി ചിന്തിക്കാനുള്ള ശേഷി എന്നെ വിട്ടുപോവുകയായി; ഞാൻ ഈ കത്തെഴുതുന്നതാവട്ടെ, ഒരു മറുപടി കിട്ടുമെന്ന പ്രതീക്ഷയൊന്നും വച്ചുകൊണ്ടല്ല, എന്നോടു തന്നെയുള്ള ഒരു കടമ തീർക്കലായിമാത്രം.
നിങ്ങളുടെ വീട്ടിൽ ഈ കത്തു കൊണ്ടുവരുന്ന ഇമ്മാനുവൽകിർഷ്സ്റ്റ്റാസ്സെ പോസ്റ്റുമാനായിരുന്നു ഞാനെങ്കിൽ അമ്പരന്നു നില്ക്കുന്ന നിങ്ങളുടെ ഒരു കുടുംബാംഗത്തെയും തട്ടിമാറ്റി, സകലമുറികളും കടന്നുകയറി ഞാൻ നേരേ നിങ്ങളുടെ മുറിയിലെത്തുകയും നിങ്ങളുടെ കൈയിൽ അതു വച്ചുതരികയും ചെയ്യുമായിരുന്നു; അങ്ങനെയുമല്ല, നിങ്ങളുടെ മുറിയുടെ വാതിലിനു പുറത്തു നിന്നുകൊണ്ട് ഞാൻ നിർത്താതെ മണിയടിക്കുമായിരുന്നു, എന്റെ സന്തോഷത്തിനായി, എല്ലാ പിരിമുറുക്കങ്ങളുമയയ്ക്കുന്ന സന്തോഷത്തിനായി!


( കാഫ്ക താന്‍ ആയിടെ പരിചയപ്പെട്ട ഫെലിസ് ബോവറിനെഴുതിയത്; ഇമ്മാനുവല്‍ കിർഷ്സ്റ്റ്റാസ്സെ- ബെര്‍ലിനില്‍ ഫെലിസ് താമസിക്കുന്ന തെരുവ്‌.)

Friday, November 19, 2010

നെരൂദ-നിന്റെ വീടൊച്ചപ്പെടുന്നുവല്ലോ...



നിന്റെ വീടൊച്ചപ്പെടുന്നുവല്ലോ ഉച്ചനേരത്തെ തീവണ്ടി പോലെ!
താമ്പാളങ്ങളുടെ ഗാനാലാപം, തേനീച്ചകളുടെ മൂളക്കം.
മഞ്ഞുതുള്ളികളുടെ കണക്കെടുക്കുന്നു ജലപാതം,
നിന്റെ ചിരിയിൽ പ്രസരിക്കുന്നു പനമരങ്ങളുടെ ഗമകങ്ങൾ.

ഇഷ്ടികയുമായി സംവാദത്തിൽ ചുമരിലെ നീലവെളിച്ചം,
പടി കടന്നതുവരുന്നു ചൂളം കുത്തുന്നൊരിടയനെപ്പോലെ;
രണ്ടത്തിമരങ്ങൾക്കിടയിൽ ഇലപ്പച്ചയുടെ ഒച്ചയിൽ,
ഇതാ വരുന്നു ഹോമർ, ഗൂഢപാദുകങ്ങളണിഞ്ഞവൻ.

ഇവിടെയില്ല നഗരത്തിന്റെ നാവുകൾ, കണ്ണുനീർത്തുള്ളികൾ,
നിത്യത, സൊണാറ്റകൾ, ചുണ്ടുകൾ, ശകടങ്ങളുടെ കാഹളങ്ങൾ.
ജലപാതത്തിന്റെയും സിംഹങ്ങളുടെയും സംവാദം മാത്രം.

പിന്നെ കോണി കയറി നീ വരുന്നു...നീ പാടുന്നു, ഓടുന്നു, നടക്കുന്നു, കുനിയുന്നു, നടുന്നു,
 തുന്നുന്നു, പാചകം ചെയ്യുന്നു, ആണിയടിക്കുന്നു, എഴുതുന്നു, മടങ്ങുന്നു;
അല്ലെൻകിൽ നിന്നെ  കാണാതെയാവുന്നു; മഞ്ഞുകാലമായെന്നു ലോകവുമറിയുന്നു.

5


Thursday, November 18, 2010

അന്നാ ആഹ് മാത്തോവ-എനിക്കിഷ്ടമല്ല പൂക്കളെ...

 


എനിക്കിഷ്ടമല്ല പൂക്കളെ,
എന്നെയവയോർമ്മിപ്പിക്കുന്നതു ശവദാഹങ്ങളെ,
വിവാഹങ്ങളെ, നൃത്തവിരുന്നുകളെ.
മേശപ്പുറത്തവയുടെ സാന്നിദ്ധ്യം
അത്താഴത്തിനുള്ള ക്ഷണങ്ങളെ.

എന്നാൽ ബാല്യത്തിലെന്റെ സാന്ത്വനമായിരുന്നു
അല്പായുസ്സായ പനിനീർപ്പൂവിന്റെ തരളസൗന്ദര്യം.
അതത്രേ എനിക്കു ശേഷിച്ചൊരു പൈതൃകം,
പിന്നെ മൊസാർട്ടിന്റെ ചിരായുസ്സായ സംഗീതം.


Wednesday, November 17, 2010

അന്തോണിയോ മച്ചാദോ -ഒരു വസന്തകാലപ്രഭാതം...


ഒരു വസന്തകാലപ്രഭാതമെന്നോടു പറഞ്ഞതിങ്ങനെ:
വഴിവക്കിലെ പൂക്കൾ വാസനിക്കാതെ കടന്നുപോകുന്ന യാത്രികാ,
പണ്ടൊരുകാലം നിന്റെ വിഷണ്ണമായ ഹൃദയത്തിൽ
പൂത്തുലഞ്ഞു ഞാൻ നിന്നിരുന്നു.   

നിന്റെ വിഷണ്ണമായ ഹൃദയത്തിൽ ബാക്കിയുണ്ടോ,
എന്റെ പഴയ ലില്ലിപ്പൂക്കളുടെ ആ പഴയ പരിമളം?
ഇന്നുമെന്റെ പനിനീർപ്പൂവുകൾ സുഗന്ധം പൂശുന്നുണ്ടോ,
നിന്റെ വജ്രക്കിനാവിലെ മാലാഖയുടെ നെറ്റിയിൽ?

പ്രഭാതത്തോടു ഞാൻ പറഞ്ഞതിങ്ങനെ:
ഒരു പളുങ്കുപാത്രമാണെന്റെ സ്വപ്നമെന്നേ എനിക്കറിയൂ.
എനിക്കറിയില്ല നീ പറയുന്ന മാലാഖയെ,
എന്റെ ഹൃദയം നിറയെ പൂവുകളാണോയെന്നും.

ഈ പളുങ്കുപാത്രമുടയ്ക്കുന്ന തെളിഞ്ഞ പുലരിയെത്തും വരെ കാത്തിരിയ്ക്കൂ;
എങ്കിലാ മാലാഖ നിനക്കു മടക്കിനല്കിയെന്നുവരാം,
നിനക്കു നിന്റെ പനിനിർപ്പൂവുകൾ,
എന്റെ ഹൃദയം, നിന്റെ ലില്ലിപ്പൂക്കളും.


Saturday, November 13, 2010

റൂമി-പുത്തനങ്ങാടി

 


ഇങ്ങനെയൊരങ്ങാടി കണ്ടിട്ടുണ്ടോ നിങ്ങൾ?

ഒരു പൂ കൊടുത്താൽ
നൂറു പൂന്തോപ്പു കിട്ടുന്നിടം?

ഒരു വിത്തിനൊരു കാടു കിട്ടുന്നിടം?

ഒരു ക്ഷീണനിശ്വാസത്തിനു
ദിവ്യമായൊരു കൊടുങ്കാറ്റു കിട്ടുന്നിടം?

നിങ്ങൾക്കു പേടിയായിരുന്നു,
താൻ നിലത്തു വലിഞ്ഞുപോകുമോയെന്ന്,
വായുവിലലിഞ്ഞുപോകുമോയെന്ന്.

ഇതാ, നിങ്ങളുടെ നീർത്തുള്ളിയിറുന്നുവീഴുന്നു,
അതു വിട്ടുപോന്ന കടലിൽ ലയിച്ചുചേരുന്നു.

പണ്ടത്തെ രൂപമല്ലിന്നതിന്‌,
എന്നാലുമതേ നീരു തന്നെയത്.

ഒരു പ്രായശ്ചിത്തവുമല്ല,
ഈ പരിത്യാഗം;
അതൊരാത്മാരാധനം,
ആഴത്തിലുള്ളതും.

നിങ്ങളെ പ്രണയിക്കാൻ കടലിരിരമ്പിവരുമ്പോൾ
കഴുത്തു നീട്ടിക്കൊടുത്താട്ടേ!

പിന്നെയാകട്ടെന്നു വയ്ക്കരുതേ!
ഇതുപോലൊരുപഹാരം വേറെയുണ്ടോ?

എത്ര തിരഞ്ഞാലും കിട്ടില്ലിത്.

എന്തു കാരണമെന്നറിയില്ല,
ഒന്നാന്തരമൊരു പ്രാപ്പിടിയനിതാ,
നിങ്ങളുടെ ചുമലിൽ വന്നിരിയ്ക്കുന്നു,
നിങ്ങൾക്കു സ്വന്തവുമാകുന്നു.


Friday, November 12, 2010

അന്തോണിയോ മച്ചാദോ -വിലാപം


നമ്മോടൊത്തു മരിക്കുമെന്നോ ആ മാന്ത്രികദേശം?
നമ്മുടെ ജീവിതപ്പുലരിയിൽ
നമ്മുടെ പ്രാണശ്വാസമടുക്കിപ്പിടിച്ച ഓർമ്മകളുടെ
ആ ലോകം:
ആദ്യപ്രണയത്തിന്റെ വെൺനിഴൽ,
നമ്മുടെ ഹൃദയതാളത്തിലുയർന്നുതാണ ഒരു സ്വരം,
നമ്മുടെ കരം കവരുമെന്നു
നാം കിനാവു കണ്ടൊരു കൈത്തലം,
നമ്മുടെ ഹൃദയാകാശത്തു വെളിച്ചം വിതറി
നമ്മുടെ ജീവിതത്തിനു മേലുദയം കൊണ്ട
ആ പ്രിയങ്ങൾ, ദീപ്തികൾ...
ഒക്കെ മായുമെന്നോ
നാം മരിക്കുമ്പോൾ?
നമ്മുടെ ഹിതം പോലെ
നാം പുതുക്കിയെടുത്തൊരു ലോകം?
ആത്മാവിന്റെ മൂശകളും കൂടങ്ങളും
ഇത്രനാൾ പണിയെടുത്തതു
കാറ്റിനും പൊടിയ്ക്കും വേണ്ടിയെന്നോ?


റില്‍ക്കെ-ഒറ്റയാൻ

 


എന്നുമെന്നും വീടിന്റെ സ്വസ്ഥതയിൽ കഴിയുന്നവർക്കിടയിൽ
ദൂരക്കടലുകളലഞ്ഞുവന്നവനെപ്പോലെയാണു ഞാൻ.
അവരുടെ മേശപ്പുറത്തു നിരത്തിവച്ചിരിക്കുന്നു
തിങ്ങിനിറഞ്ഞ നാളുകൾ,
അതിലും ജീവിതം നിറഞ്ഞതാണെനിക്കെന്റെയകലങ്ങൾ.
എനിക്കു പിന്നിലുണ്ടൊരു ലോകം,
ചാന്ദ്രദേശം പോലെ നിർജ്ജനം.
അന്യർക്കില്ല പക്ഷേ, ഏകാന്തമായിട്ടൊരനുഭൂതി,
അത്രയും നിബിഡമാണവരുടെ ലോകങ്ങൾ.
അന്യമാണ,സ്ഥാനത്താണിവിടെ
എന്റെ യാത്രയിലെ സമ്പാദ്യങ്ങൾ.
സ്വദേശത്തു തലയെടുത്തു നിന്നവ,
ലജ്ജിച്ചു  തല കുനിയ്ക്കുകയാണിവിടെയവ.


Thursday, November 11, 2010

റില്‍ക്കെ-അവനായിട്ടൊരോർമ്മക്കല്ലുമുയർത്തേണ്ട നിങ്ങൾ…

 


അവനായിട്ടൊരോർമ്മക്കല്ലുമുയർത്തേണ്ട നിങ്ങൾ,
ആണ്ടോടാണ്ടു വിരിയട്ടെ പനിനിർപ്പൂക്കൾ.
ഓർഫ്യൂസിവൻ. പുനരവതാരങ്ങൾ പലതെടുക്കുന്നവൻ.
ഇനിയുമവനൊരു പേരിനായലയേണ്ട നമ്മൾ.

അവൻ വന്നുപോകുന്നതറിയില്ല നാമെങ്കിലും
കേട്ടതു കവിതയെങ്കിൽ പാടുന്നതോർഫ്യൂസത്രെ.
ഒരു പനിനിർപ്പൂവിലുമൊരുനാളു നീളുന്നതാ-
ണവനായുസ്സെങ്കിലതു മാത്രം പോരേ?

താൻ മാഞ്ഞുപോകുന്നതിൽ ഭീതനാണവനെങ്കിലും
അവൻ മറഞ്ഞുപോകണം: നമുക്കു പാഠമതല്ലേ!
അവന്റെ വചനം നമ്മെ സ്നാനപ്പെടുത്തുമ്പൊഴെയ്ക്കും

നാമെത്താത്തൊരകലത്തിലവനെത്തിക്കഴിഞ്ഞു.
അവന്റെ കൈകളെ വരിയില്ല വീണയുടെ കമ്പികൾ,
അതിലംഘിക്കുമ്പോഴാണവനനുസരിക്കുന്നതും.


ഓർഫ്യൂസ് ഗീതകങ്ങൾ I-5


link to image


റില്‍ക്കെ-ദേഹമെന്ന സഹോദരൻ

 


ദേഹമെന്ന സഹോദരൻ പാപ്പരാണിപ്പോൾ...
നാമയാൾക്കു ധനികരാണെന്നാണതിനർത്ഥവും.
അയാൾക്കായിരുന്നു പണ്ടൊക്കെ സ്ഥിതി മെച്ചം.
അതിനാൽ ഈ വിഷമകാലത്ത്
അല്പത്തരങ്ങൾ ചിലതയാൾ കാണിക്കുന്നുവെങ്കിൽ
നാമതു ക്ഷമിച്ചുകൊടുക്കുക.
നമ്മെ കണ്ടിട്ടേയില്ലെന്ന മട്ടാണയാളെടുക്കുന്നതെങ്കിൽ
ഒരുമിച്ചെന്തൊക്കെക്കടന്നുപോന്നിരിക്കുന്നുവെന്ന്
സൗമ്യമായിട്ടയാളെയൊന്നോർമ്മപ്പെടുത്തുക.
ശരി തന്നെ, ഒന്നല്ല രണ്ടേകാകികളാണു നാം:
അയാളും നമ്മുടെ ബോധവും.
എന്നാൽക്കൂടി  അന്യോന്യമെന്തിനൊക്കെ
കടപ്പെട്ടവരാണു നാം, സുഹൃത്തുക്കളെപ്പോലെ!
രോഗം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു,
ത്യാഗങ്ങളൊരുപാടു ചെയ്യണം  സൗഹൃദം കൊണ്ടുനടക്കാനെന്ന്.


(അവസാനകാലത്ത് സാനിറ്റോറിയത്തിൽ കിടന്നെഴുതിയത്)


Wednesday, November 10, 2010

തച്ചിബാനാ അക്കേമി - ഏകാകിയുടെ ആനന്ദങ്ങൾ

.







എന്തൊരാനന്ദം,
സ്വന്തം പുൽക്കുടിലിനുള്ളിൽ
ഒരീറത്തടുക്കിൽ
ആരും കൂട്ടിനില്ലാതെ
സ്വസ്ഥനായിട്ടിരിക്കുക.

എന്തൊരാനന്ദം,
ഏറെക്കാണാത്തൊരു ഗ്രന്ഥം
സ്നേഹിതന്‍ കടം തന്നതെടുത്ത്
ആദ്യത്തെ താളു തുറക്കുക.

എന്തൊരാനന്ദം,
കടലാസു നീർത്തിവച്ച്
പേനയെടുത്തെഴുതുമ്പോൾ
കരുതിയതിലും ഭേദമാണ്‌
സ്വന്തം കൈപ്പടയെന്നു കാണുക.

എന്തൊരാനന്ദം,
നൂറു ദിവസം തല പുകച്ചിട്ടും
പുറത്തു വരാൻ മടിച്ചൊരു വരി
പെട്ടെന്നു വന്നവതരിക്കുക.

എന്തൊരാനന്ദം,
പുലർച്ചെയെഴുന്നേറ്റു നടക്കാനിറങ്ങുമ്പോൾ
ഇന്നലെ കാണാത്തൊരു  പൂവു
വിരിഞ്ഞു നില്ക്കുന്നതു കാണുക.

എന്തൊരാനന്ദം,
ഒരു ഗ്രന്ഥത്തിന്റെ താളുകൾ മറിച്ചുപോകെ
അതിൽ വിവരിച്ചിരിക്കുന്നൊരാൾ
തന്നെപ്പോലെതന്നെയാണെന്നു കണ്ടെത്തുക.

എന്തൊരാനന്ദം,
അതികഠിനമെന്നു
സകലരും സമ്മതിച്ചൊരു ഗ്രന്ഥം
തനിക്കത്ര പ്രയാസങ്ങൾ
വരുത്തുന്നില്ലെന്നു വരിക.


എന്തൊരാനന്ദം,
ഹിതമല്ലാത്തൊരു വിരുന്നുകാരൻ വന്നുകയറിയിട്ട്
നിൽക്കാൻ നേരമില്ലെന്നു പറഞ്ഞ്
പെട്ടെന്നിറങ്ങിപ്പോവുക.


എന്തൊരാനന്ദം,
ചാമ്പലൂതിമാറ്റുമ്പോൾ
കനലുകൾ ചുവക്കുന്നതും
വെള്ളം തിളയെടുക്കുന്നതും കാണുക


എന്തൊരാനന്ദം,
നല്ലൊരു തൂലിക കിട്ടിയതെടുത്ത്
വെള്ളത്തിൽ നന്നായി മുക്കി
നാവിൽ തൊട്ടു നോക്കി
ആദ്യത്തെ വര വരയ്ക്കുക.

എന്തൊരാനന്ദം,
ഉച്ചമയക്കം കഴിഞ്ഞെഴുന്നേല്ക്കുമ്പോൾ
മുറ്റത്തെ ചെടിത്തലപ്പുകളിൽ
മഴവെള്ളം തളിച്ചിരിക്കുന്നതു കാണുക.

എന്തൊരാനന്ദം,
പത്തായത്തിലെ നെല്ലളന്നു നോക്കുമ്പോൾ
ഇനിയുമൊരു മാസത്തേക്ക്
അതു തികയുമെന്നു കാണുക.

എന്തൊരാനന്ദം,
ഇറയത്തിനു തൊട്ട മരത്തിൽ
ഒരപൂർവ്വയിനം പക്ഷി
വന്നിരുന്നു പാടുന്നതു കേൾക്കുക.

എന്തൊരാനന്ദം,
വായിച്ചു മടുക്കുമ്പോൾ
ഒരു പരിചിതശബ്ദം
പടിക്കൽ വന്നു വിളിയ്ക്കുക.


(തച്ചിബാനാ അക്കേമി-1812-1868- ജാപ്പനീസ് കവിയും ക്ളാസ്സിക്കൽ പണ്ഡിതനും. നിത്യജീവിതത്തിലെ പരിമിതാനന്ദങ്ങളെ മഹത്വപ്പെടുത്തുന്ന കവിതകൾ. സ്വദേശത്തു മാത്രം അറിയപ്പെട്ടിരുന്ന ഈ കവിയെ  പ്രശസ്തനായ ഹൈകു കവി ഷികിയുടെ ലേഖനങ്ങളാണ്‌ പുറംലോകത്തിനു പരിചയപ്പെടുത്തുന്നത്.)


link to image

Monday, November 8, 2010

റില്‍ക്കെ-ഏകാന്തത

 




മഴ പോലെയാണേകാന്തത.
വിദൂരമായ മേടുകളിൽ സന്ധ്യയിറങ്ങുമ്പോൾ
അതു കടലിൽ നിന്നുയരുനു,
തെരുവുകൾ ഉറക്കമുണരുന്ന സന്ദിഗ്ധമുഹൂർത്തത്തിൽ
അതു നമുക്കു മേൽ പെയ്തിറങ്ങുന്നു...
പ്രണയികളുടെ തോറ്റ കൈകൾ
അന്യോന്യം പിടിവിടുന്നതാ നേരത്ത്...
അന്യോന്യം ദ്വേഷിക്കുന്ന രണ്ടു പേർ
ഒരേ കിടക്ക പങ്കിടുന്നതാ നേരത്ത്...

പിന്നെയേകാന്തതയൊഴുകുന്നു പുഴ പോലെ...


Sunday, November 7, 2010

റിൽക്കെ- നാം പറയുന്ന നുണകൾ

















കളിപ്പാട്ടങ്ങൾ പോലെയാണു
നാം പറയുന്ന നുണകൾ,
എത്രവേഗമുടയുന്നവ.
കാവുകളിലൊളിച്ചുകളിക്കുമ്പോൾ
അറിയാതെ നാമൊന്നു കൂക്കിപ്പോകുന്നു,
എവിടെ നോക്കണമെന്ന്
ആളുകളറിയുകയും ചെയ്യുന്നു.

ഞങ്ങളുടെ ഒച്ച പിടിയ്ക്കുന്ന
കാറ്റാണു നീ,
ഞങ്ങളുടെ നീളം വച്ച
നിഴലാണു നീ.
കടൽപ്പഞ്ഞി* ഞങ്ങൾ,
അതിൽ സുഷിരങ്ങളുടെ
സഞ്ചയം നീ.

*sponge

Saturday, November 6, 2010

റില്‍ക്കെ-വെറുപ്പു കൊണ്ടു ചുമരു കെട്ടിയൊരു തടവറയിൽ നിന്നെന്ന പോലെ...


വെറുപ്പു കൊണ്ടു ചുമരു കെട്ടിയൊരു തടവറയിൽ നിന്നെന്ന പോലെ

അവനവന്റെയാത്മാവിൽ നിന്നു പുറത്തു ചാടാൻ

പണിപ്പെടുകയാണേവരുമെങ്കിലും,

ഒരത്ഭുതം,

മഹത്തായൊരത്ഭുതം നടക്കുകയാണു ലോകത്തിൽ!

ജീവിച്ചുതന്നെ തീരുന്നു ജീവിതങ്ങൾ:

എനിക്കു ബോധ്യമായതിങ്ങനെ.

എങ്കിൽപ്പിന്നെ ജീവിതം ജീവിക്കുന്നതാര്‌?

സന്ധ്യനേരത്തൊരു കിന്നരത്തിന്റെ തന്ത്രികളിൽ

വിരലുകൾ സ്വപ്നം കണ്ടുറങ്ങുന്ന ഗാനം പോലെ

ക്ഷമയോടെ കാത്തിരിക്കുന്ന വസ്തുക്കളോ?

കടലുകൾക്കു മേൽ വീശിവരുന്ന കാറ്റുകളോ?

അന്യോന്യം മാടിവിളിക്കുന്ന മരച്ചില്ലകളോ?

പരിമളങ്ങൾ നെയ്തുകൂട്ടുന്ന പൂക്കളോ?

എങ്ങോട്ടെന്നില്ലാതെ വളഞ്ഞുപോകുന്ന ഇടവഴികളോ?

അങ്ങുമിങ്ങുമലയുന്ന ജന്തുക്കളോ?

കാഴ്ചയിൽ നിന്നു പറന്നുമറയുമ്പോൾ

അപരിചിതങ്ങളായിത്തോന്നുന്ന പക്ഷികളോ?

ഈ ജീവിതം- ഇതു ജീവിക്കുന്നതാര്‌?

ദൈവമേ, നീയോ?

Friday, November 5, 2010

അന്നാ ആഹ് മാത്തോവാ-വിധി


മിടിപ്പു മാറാത്ത നെഞ്ചിൽ
കല്ലുപോലെ വന്നുവീഴുന്നു വാക്കുകൾ,
സാരമാക്കില്ല ഞാനിതും,
പലതുമെന്നപോലിതും സഹിക്കും ഞാൻ.

ഒരു നാളു കൊണ്ടു ചെയ്യാൻ പലതുമുണ്ടെനിക്ക്:
ഓർമ്മകളെ കൊല ചെയ്യണം,
ഹൃദയത്തെ കല്ലാക്കണം,
പിന്നെ ജീവിക്കാൻ പഠിക്കണം.

എന്നിട്ടു പിന്നെ...ജനാലയ്ക്കു വെളിയിൽ
ഊഷ്മളഗ്രീഷ്മത്തിന്റെ ഉത്സവാരവങ്ങൾ,
പണ്ടേ മനസ്സിൽ കണ്ടിരിക്കുന്നു ഞാൻ-
തെളിഞ്ഞൊരു പകൽ, ആളൊഴിഞ്ഞ വീടും.


ചരമഗീതത്തില്‍ നിന്ന്‍

Thursday, November 4, 2010

അന്നാ ആഹ് മാത്തോവാ-സ്വപ്നത്തിൽ

 


നമുക്കൊരുമിച്ചു പങ്കുവയ്ക്കാം
ഇരുളടഞ്ഞ ചിരവിരഹം.
എന്തിനു തേങ്ങുന്നു?
കൈ തരൂ.
കാണാം വീണ്ടുമെന്നുറപ്പു തരൂ.
ഉയരം വച്ച മലകൾ പോലെയാണു നാം,
നാമടുക്കില്ലൊരിക്കലും.
പാതിരാത്രിയിലിടകിട്ടുമ്പോൾ
വിവരമറിയിക്കൂ,
കൈമാറാൻ
നക്ഷത്രങ്ങളുമുണ്ടല്ലോ.


നെരൂദ-രാത്രിയിൽ നിന്റെ ഹൃദയം...



രാത്രിയിൽ നിന്റെ ഹൃദയമെന്റെ ഹൃദയത്തോടു ബന്ധിക്കുക, പ്രിയേ,
ഉറക്കമാണെന്നാലുമിരുട്ടിനെ തോല്പിക്കട്ടെയവ,
ഈറനിലകളുടെ കട്ടിച്ചുമരിലാഞ്ഞിടിച്ചുംകൊണ്ടു
കാട്ടിൽ മുഴങ്ങുമിരട്ടച്ചെണ്ടകൾ പോലെ.

ഭൂമിയിലെ മുന്തിരിപ്പഴങ്ങളിറുത്തുവീഴ്ത്തി
നിദ്രയുടെ കരിനാളത്തിന്റെ ഇരുൾപ്രയാണം,
നിഴലുകളും കല്ക്കരിയും നിരന്തരം വാരിക്കേറ്റി
നേരം തെറ്റാതോടുന്ന തീവണ്ടി പോലെ.

അതിനാലെന്നെ ബന്ധിക്കുക പ്രിയേ, ഒരു ശുദ്ധചലനത്തോട്,
ജലത്തിനടിയിൽ ഒരു ഹംസത്തിന്റെ ചിറകടി പോലെ
നിന്റെ നെഞ്ചിൽ പിടയ്ക്കുന്ന പ്രാണനോട്;

മാനത്തു നക്ഷത്രങ്ങൾ നിരന്നു നമ്മെ ചോദ്യം ചെയ്യുമ്പോൾ
നമുക്കാകെയുള്ള മറുപടി നമ്മുടെ ഉറക്കമാവട്ടെ,
നിഴലുകളെ പുറത്തിട്ടടച്ച ഒറ്റയൊരു വാതിലാവട്ടെ.


പ്രണയഗീതകം - 79


Monday, November 1, 2010

അന്നാ ആഹ് മാത്തോവാ-കുരിശുമരണം

                                                                                                            ശവക്കുഴിയിലേക്കു മകനെയെടുക്കുമ്പോ-
                                                                                                           ളവനെയോർത്തു കരയരുതമ്മേ...

I

ആ മുഹൂർത്തം മഹത്വപ്പെടുത്തുന്നു മാലാഖമാരുടെ സംഘഗാനം,
ആകാശത്തിന്റെ കമാനങ്ങളഗ്നി പടർന്നു വെന്തുരുകുന്നു.
“പിതാവേ, എന്നെ കൈവിട്ടതെന്തു നീ”, അവൻ കരഞ്ഞു,
മാതാവിനോടവൻ പറഞ്ഞു, “എന്നെയോർത്തു കരയരുതമ്മേ...”

II

മുടിയഴിച്ചിട്ടു നിലവിളിയ്ക്കുന്നു മഗ്ദലനമറിയം,
തറഞ്ഞ നോട്ടത്തിൽ കല്ലിയ്ക്കുന്നു പ്രിയശിഷ്യന്റെ മുഖം.
മൗനിയായി മാറിനിൽപ്പുണ്ടവന്റെയമ്മയവിടെ,
അവിടേയ്ക്കു നോക്കിയില്ലാരും, ധൈര്യപ്പെട്ടതുമില്ലാരും.


ചരമഗീതത്തില്‍ നിന്ന്‍