Thursday, November 25, 2010

നെരൂദ-അത്രയധികം പേരുകൾ

   അത്രയധികം പേരുകള്‍

 


തിങ്കളാഴ്ച ചൊവ്വാഴ്ചയോടു കെട്ടുപിണയുന്നു,
ഒരാഴ്ച ഒരു കൊല്ലത്തോടും.
നിങ്ങളുടെ തളർന്ന കത്രികയ്ക്കു
വെട്ടിമുറിക്കാനാവില്ല കാലത്തെ.
പകലത്തെ പേരുകളൊക്കെയും
രാത്രിയുടെ വെള്ളപ്പാച്ചിലിൽ
ഒലിച്ചും പോകുന്നു.

ആർക്കും സ്വന്തമല്ല പെഡ്രോയെന്ന പേര്‌,
ആരും റോസായല്ല, മരിയയുമല്ല,
പൂഴിമണ്ണാണ്‌, പൊടിയാണു നമ്മൾ,
മഴയിൽപ്പെയ്യുന്ന മഴയാണു നമ്മൾ.
ആളുകൾ എന്നോടു പറഞ്ഞിരിക്കുന്നു
വെനിസ്വേല, ചിലി, പരാഗ്വേ എന്നൊക്കെ.
എനിക്കു പിടി കിട്ടാതെപോകുന്നു
അവരുടെ സംസാരം.
എനിക്കറിയുന്നതു മണ്ണിന്റെ തൊലി മാത്രം,
എനിക്കറിയാം അതിനു പേരില്ലെന്നും.

വേരുകൾക്കിടയിൽ കഴിഞ്ഞിരുന്നപ്പോൾ
പൂക്കളെക്കാൾ ഞാനിഷ്ടപ്പെട്ടതവയെ.
ഒരു കല്ലിനോടു കുശലം ചോദിച്ചപ്പോൾ
മണിനാദം പോലെ അതിന്റെ മറുപടി.

എത്ര ദീർഘമാണു വസന്തം,
ഹേമന്തത്തിലേക്കതു നീളുന്നു.
കാലത്തിനു നഷ്ടമായി പാദുകങ്ങൾ,
ഒരു കൊല്ലം നാലു നൂറ്റാണ്ടത്രേ.

രാത്രിയിലുറങ്ങിക്കിടക്കുമ്പോൾ
എനിക്കു പേരുണ്ടോ, പേരില്ലാതെയുണ്ടോ?
ഉണരുമ്പോൾ ആരാണു ഞാൻ
ഉറങ്ങിക്കിടന്ന ഞാനല്ലാതെ?

ഇതിനൊക്കെയർത്ഥമിത്രമാത്രം:
ജീവിതത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ,
നവജാതരായി നാം വന്നുചേരുമ്പോൾ
വായിൽ നാം കുത്തിനിറയ്ക്കാതിരിക്കുക
അത്രയധികം കപടനാമങ്ങൾ,
ദാരുണമായ മേൽക്കുറികൾ,
പകിട്ടേറിയ അക്ഷരങ്ങൾ,,
അത്രയധികം ‘നിങ്ങളുടെയും’ ‘എന്റെയും’,
അത്രയധികം കടലാസിലൊപ്പിടലുകളും.

എനിക്കൊരു തോന്നലുണ്ടിന്ന്
സംഗതികളെ കൂട്ടിക്കുഴയ്ക്കാൻ,
അവയ്ക്കു പുതുപ്പിറവി കൊടുക്കാൻ,
അവയെ കൂട്ടിക്കലർത്താൻ,
അവയുടെയുടയാടകളഴിച്ചുമാറ്റാൻ;
അങ്ങനെ ലോകത്തിന്റെ വെളിച്ചത്തിനുണ്ടാവട്ടെ
കടലിന്റെ അദ്വൈതം,
ഉദാരവും നിസ്സീമവുമായ പൂർണ്ണിമ,
കഞ്ഞിപ്പശ പോലെ പൊട്ടുന്ന പരിമളവും.


No comments: