Monday, November 22, 2010

കാൾ ക്രൗസ് - സ്ത്രീവിഷയം


പുരുഷന്‌ അഞ്ചിന്ദ്രിയങ്ങളുണ്ട്; സ്ത്രീയ്ക്ക് ഒന്നേയുള്ളു.

*

സ്ത്രീകളുടെ ഉപരിപ്ളവതയെക്കാൾ അഗാധമായി മറ്റൊന്നുമുണ്ടാവില്ല.

*

പുരുഷനു കണ്ണാടി തന്റെ പൊങ്ങച്ചത്തിലേർപ്പെടാനുള്ള ഒരനുസാരി മാത്രമാണ്‌; സ്ത്രീയ്ക്കു പക്ഷേ സ്വന്തം വ്യക്തിത്വം ഉറപ്പു വരുത്താനുള്ള ഉപകരണം തന്നെയാണത്.

*

ധൂർത്തടിച്ചു ധനികയായ ഒരു സ്ത്രീയുടെ സാന്നിദ്ധ്യത്തിൽ ഒരു നൂറു പുരുഷന്മാർ തങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ചു ബോധവാന്മാരാകും.

*

താനറിഞ്ഞ ഐന്ദ്രിയാനന്ദങ്ങൾക്കു പ്രായശ്ചിത്തമായി ആത്മീയശിശുക്കളെ ഗർഭം ധരിക്കുന്ന സ്ത്രീയെ എനിക്കു വിശ്വാസമേയല്ല.

*

ജീവിതസമരത്തിൽ പിടിച്ചുനിൽക്കാനാവതൊക്കെക്കൊണ്ടു സജ്ജയാണ്‌ സാമാന്യക്കാരിയൊരു സ്ത്രീ. യാതൊന്നും മനസ്സിൽ തട്ടാതിരിക്കാനുള്ള ഒരു കഴിവ് പ്രകൃതി അവൾക്കു കൊടുത്തിരിക്കുന്നു; ചിന്താശൂന്യതയ്ക്ക് വേണ്ടതിലധികം പരിഹാരവുമാണത്.

*

ഒരു സുന്ദരിക്കുള്ള ബുദ്ധിയുടെ അളവെങ്ങനെയെന്നാൽ, നിങ്ങൾക്കവളോട് എന്തിനെക്കുറിച്ചും സംസാരിക്കാം; അവളുമായിട്ട് ഒന്നിനെക്കുറിച്ചും സംസാരിക്കാനുമാവില്ല.

*

വേശ്യകളെക്കാൾ ദേശീയപ്രാമുഖ്യം കിട്ടുക അമ്മമാർക്കു തന്നെയാണ്‌; വേശ്യകൾ എന്തുല്പാദിപ്പിക്കാൻ? കൂടിവന്നാൽ ഒന്നോ രണ്ടോ പ്രതിഭകളെ.

*

വിളവെടുപ്പിനെ നാം മതിയ്ക്കണം, ഒപ്പം വിളനിലത്തെ നാം സ്നേഹിക്കുകയും വേണം; അതാണ്‌ കൂടുതൽ ആസ്വാദ്യം.

*

സ്ത്രീകളുടെ ലോകവീക്ഷണത്തിന്റെ ഇടുക്കുതൊഴുത്തിൽ മൂരിക്കുട്ടനായിക്കഴിയുക എത്ര കേമമെന്നോ!

*

ചില സ്ത്രീകൾ സുന്ദരികളല്ല, അങ്ങനെ തോന്നിക്കുന്നുവെന്നേയുള്ളു.

*

ഏറ്റവും നിർണ്ണായകമായ മുഹൂർത്തത്തിലാവും കറയറ്റ സൗന്ദര്യം പരാജയപ്പെടുക.

*

അകലത്തുള്ള സ്ത്രീയെയല്ല നാം പ്രണയിക്കുന്നത്, ആ അകലത്തെയാണ്‌.

*

ഒരു സ്ത്രീയുടെ ചെരുപ്പിനെ മാത്രം കൊതിയ്ക്കുകയും ഒരു മൊത്തം സ്ത്രീയെത്തന്നെ ഏറ്റെടുക്കേണ്ടിവരികയും ചെയ്യുന്നവനെപ്പോലൊരു ഭാഗ്യദോഷി വേറെയുണ്ടോ!

*

വിശ്വസ്തയായ ഭാര്യയെ എങ്ങനെ വിശ്വസിക്കാൻ! ഇന്നവൾ നിങ്ങളോടാണു വിശ്വസ്തയെങ്കിൽ നാളെ മറ്റൊരാളോടാണു വിശ്വസ്ത.

*

സ്ത്രീയെന്നാൽ പുറമേ കാണുന്നതു മാത്രമല്ല. അടിവസ്ത്രങ്ങൾ കാണാതെപോകരുത്‌.

*

കുത്തിയൊഴുകിവന്ന സ്ത്രീയുടെ ലൈംഗികതയെ പുരുഷൻ ചാലുവെട്ടി ഒഴുക്കിയിരിക്കുന്നു. ഇന്നതു കരയെ മുക്കിക്കളയുന്നില്ല, അതിനു വളക്കൂറും നൽകുന്നില്ല.

*
നാരങ്ങാവെള്ളം പോലെയാണ്‌ അവർക്കു സ്ത്രീ. സ്ത്രീകൾക്കും ദാഹിക്കാറുണ്ടെന്ന് അവർ കാണുന്നില്ല.

*
അവൾക്കു പൂർണ്ണത നേടാൻ ഒരു പിശകിന്റെ കുറവേ ഉണ്ടായുള്ളു.

*

ആ പ്രണയബന്ധം കൊണ്ടു ഫലമൊന്നും ഉണ്ടായില്ലെന്നല്ല. അയാൾ ഒരു കൃതിയെഴുതി ലോകത്തിനു നൽകി.

*

സ്ത്രീകൾക്കു മോടിയുള്ള വസ്ത്രങ്ങളെങ്കിലുമുണ്ട്‌. പുരുഷന്മാർ ഏതൊന്നുകൊണ്ട്‌ സ്വന്തം ശൂന്യത മറയ്ക്കും?

*

സ്വഭാവം ചീത്തയായ സ്ത്രീകളെ സമൂഹത്തിനാവശ്യമുണ്ട്‌. ഒരു സ്വഭാവവുമില്ലാത്ത സ്ത്രീകളെ സംശയിക്കണം.

*

അൽപ്പത്തരത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും ബാന്ധവമാണ്‌ കിടപ്പറയിൽ നടക്കുന്നത്‌.

*


4 comments:

രാമൊഴി said...

need not have translated this..! nothing new! this is what most men in every society says about women..

പാട്രിക് said...

കവിതകള്‍ പരിചയപ്പെടുത്തുന്നത് നല്ല ഉദ്യമം തന്നെ...

വി.രവികുമാർ said...

രാമൊഴി. കാള്‍ ക്രൌസ് വിമര്‍ശിക്കുന്നത് സ്ത്രീത്വം കരിയര്‍ ആയി കൊണ്ടുനടക്കുന്നവരെയാണ്. ഓസ്ട്രിയയില്‍ അദ്ദേഹം ജീവിച്ചിരുന്ന കാലം അങ്ങനെയൊന്നായിരുന്നു. മറ്റു കരിയരിസ്ടുകളെയും അദ്ദേഹം വെറുതെ വിടുന്നില്ല: പത്രക്കാര്‍ , ഡോക്ടര്‍മാര്‍ , സൈക്കോ അനലിസ്റ്റുകള്‍ , രാഷ്ട്രീയക്കാര്‍ ...

ഞാനിതു വിവര്‍ത്തനം ചെയ്തത് അഫോറിസം എന്ന സാഹിത്യരൂപം ഇതിലധികം നന്നാവാനില്ല എന്നതിനാലാണ്. ക്രൌസിന്റെ മറ്റു പോസ്റ്റുകളും വായിച്ചു നോക്കു.

രാമൊഴി said...

..but they seem to be generalized statements..so i am not convinced that he was speaking about those who considered womanhood as a 'career'..

..i had long back stopped feeling bad about such statements..because there is no use..but when i read these suddenly felt insulted by some of them..as any woman may feel.. :)