ദേഹമെന്ന സഹോദരൻ പാപ്പരാണിപ്പോൾ...
നാമയാൾക്കു ധനികരാണെന്നാണതിനർത്ഥവും.
അയാൾക്കായിരുന്നു പണ്ടൊക്കെ സ്ഥിതി മെച്ചം.
അതിനാൽ ഈ വിഷമകാലത്ത്
അല്പത്തരങ്ങൾ ചിലതയാൾ കാണിക്കുന്നുവെങ്കിൽ
നാമതു ക്ഷമിച്ചുകൊടുക്കുക.
നമ്മെ കണ്ടിട്ടേയില്ലെന്ന മട്ടാണയാളെടുക്കുന്നതെങ്കിൽ
ഒരുമിച്ചെന്തൊക്കെക്കടന്നുപോന്നിരിക്കുന്നുവെന്ന്
സൗമ്യമായിട്ടയാളെയൊന്നോർമ്മപ്പെടുത്തുക.
ശരി തന്നെ, ഒന്നല്ല രണ്ടേകാകികളാണു നാം:
അയാളും നമ്മുടെ ബോധവും.
എന്നാൽക്കൂടി അന്യോന്യമെന്തിനൊക്കെ
കടപ്പെട്ടവരാണു നാം, സുഹൃത്തുക്കളെപ്പോലെ!
രോഗം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു,
ത്യാഗങ്ങളൊരുപാടു ചെയ്യണം സൗഹൃദം കൊണ്ടുനടക്കാനെന്ന്.
(അവസാനകാലത്ത് സാനിറ്റോറിയത്തിൽ കിടന്നെഴുതിയത്)
No comments:
Post a Comment