***
ഞാൻ മരിക്കുന്ന നാൾ,
എന്നെ ശവക്കുഴിയിലേക്കെടുക്കുമ്പോൾ,
തേങ്ങിക്കരയരുതാരും,
‘പോയി! പോയി!’യെന്നു
വിലപിക്കരുതാരും.
പോകലല്ല മരണം.
സൂര്യനസ്തമിക്കുന്നുണ്ട്,
ചന്ദ്രനസ്തമിക്കുന്നുണ്ട്:
പോവുകയല്ലവ പക്ഷേ.
കൂടിച്ചേരലത്രേ മരണം.
***
കടലിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു നുര മാത്രം.
കാറ്റിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു പൊടി മാത്രം.
***
ഞാനെന്റെ നായയെ
നടക്കാൻ കൊണ്ടുപോകാറുണ്ടു ചിലനേരം;
പാടത്തൊന്നോടിവരാൻ
തുടലഴിച്ചു വിടുകയും ചെയ്യും.
ആ സ്വാതന്ത്ര്യമവനു കൊടുത്തില്ലെങ്കിൽ
എന്തോ കടം വീടാത്ത മാതിരിയാണെനിക്ക്.
ദൈവത്തിനെന്നോടും
ആ മനസ്സാണെന്നാണെന്റെ പ്രതീക്ഷ;
എനിക്കവൻ കടപ്പെട്ടതിനൊക്കെയും
കണക്കവൻ വച്ചിട്ടുണ്ടെന്നാണെന്റെയൊരു തോന്നലും.
***
വരൂ, വരൂ,
എന്നെപ്പോലൊരു തോഴനെ എവിടെക്കിട്ടാൻ?
ഈ ലോകത്തു വേറുണ്ടോ എന്നെപ്പോലൊരു കാമുകൻ?
അലഞ്ഞും തിരഞ്ഞും കാലം കളയരുതേ.
വരണ്ട പാഴ്നിലമാണു നീ,
അതിൽ പെയ്തിറങ്ങേണ്ട മഴയാണു ഞാൻ.
നിലം പൊത്തിയ നഗരമാണു നീ,
അതു പുതുക്കിപ്പണിയേണ്ട തച്ചൻ ഞാനും.
വരൂ, വരൂ.
***
നിറഞ്ഞിട്ടും വക്കു വരണ്ടൊരു
കൂജയാവരുതേ നിങ്ങൾ;
രാവു മുഴുവൻ കുതിച്ചുപാഞ്ഞിട്ടും
താനിരുന്ന കുതിരയെ കാണാത്ത
സഞ്ചാരിയാവരുതേ നിങ്ങൾ.
***
അറിവു കൊണ്ടു മുക്തനാണു മാലാഖ,
അറിവുകേടു കൊണ്ടു മൃഗവും.
ഇടയ്ക്കു കിടന്നു പിടയാനത്രേ
മനുഷ്യപുത്രനു വിധിച്ചതും.
***
അന്യരിൽ നിങ്ങൾ കാണുന്ന പിഴകൾ പലതും
അവരിൽ പ്രതിഫലിക്കുന്ന നിങ്ങളുടെ പ്രകൃതം തന്നെ.
അന്യോന്യം മുഖം നോക്കുന്ന കണ്ണാടികളാണു വിശ്വാസികളെന്ന്
പണ്ടേ പറഞ്ഞിട്ടുമുണ്ടല്ലോ പ്രവാചകൻ.
***
തീരാത്ത നിധിയാണു നീ,
നാവേ!
തീരാവ്യാധിയുമാണു നീ,
നാവേ!
***
വിശന്നാൽ നായയെപ്പോലെ കുരച്ചുചാടും നിങ്ങൾ,
പള്ള നിറഞ്ഞാൽ ശവം പോലെ മലർന്നടിച്ചു കിടക്കും നിങ്ങൾ.
ചിലനേരം നായ, ചിലനേരം ശവം-
പറയൂ,
എങ്ങനെ നിങ്ങൾ സിംഹങ്ങളോടൊത്തു കുതിയ്ക്കും,
വിശുദ്ധന്മാരുടെ പിൻപേ പോകും?
***
ഒന്നുരഞ്ഞാൽ വെറി പിടിക്കുമെങ്കിൽ
എങ്ങനെ വിളക്കിയെടുക്കും
നിങ്ങളുടെ കണ്ണാടി?
***
ഇന്ന വഴിയമ്പലത്തിൽ വച്ചൊരേ പന്തിയിൽ
സദ്യയുണ്ടു താനും ദൈവവുമെന്നൊരാൾ
കേമത്തം പറയാതിരുന്നാൽ
സ്വമനസ്സാലെ ഞാനയാൾക്കടിമപ്പണി ചെയ്തേക്കാം.
എത്ര വഴിയമ്പലങ്ങൾ കടക്കണം
സ്വന്തവീടെത്താൻ.
No comments:
Post a Comment