ഉള്ളിന്റെയുള്ളിൽ - 4
നടക്കാവിന്റെ മരച്ചില്ലകളിൽ
പച്ചക്കൈയുറകൾ മർമ്മരം വയ്ക്കുന്നു
ഒരടയാളവും ബാക്കിവയ്ക്കാത്തൊരു പാതയിലൂടെ
സായാഹ്നം നമ്മെ നടത്തുന്നു
പിന്നിലേക്കു പായുന്ന ജനാലകൾക്കു മുന്നിൽ
മഴ മുട്ടുകാലിൽ വീഴുന്നു
മുറ്റങ്ങൾ പടി കടന്നുവന്ന്
നാം പോയ വഴിയേ തുറിച്ചുനോക്കിനിൽക്കുന്നു
ഉള്ളിന്റെയുള്ളിൽ - 22
നെടുകേ പകുത്തൊരു പച്ചയാപ്പിളാണു
നമുക്കു പകൽ
ഞാൻ നിന്നെ നോക്കുന്നു
നീയെന്നെ കാണുന്നതേയില്ല
നമുക്കിടയിലൊരന്ധസൂര്യൻ
കോണിപ്പടികളിൽ
നമ്മുടെയാലിംഗനം തകർന്നുവീഴുന്നു
നീയെന്നെ പേരെടുത്തു വിളിയ്ക്കുന്നു
ഞാനതു കേൾക്കുന്നതേയില്ല
നമുക്കിടയിലൊരു ബധിരവായു
തെരുവോരത്തെ ജനാലച്ചില്ലുകളിൽ
എന്റെ ചുണ്ടുകൾ
നിന്റെ പുഞ്ചിരി തേടുന്നു
നാല്ക്കവലയിൽ നമ്മുടെ ചുംബനങ്ങൾ
ചക്രങ്ങൾക്കടിയില്പ്പെട്ടരയുന്നു
ഞാൻ നിന്റെ കൈ പിടിച്ചു
നീയതറിഞ്ഞില്ല
ശൂന്യത നിന്നെ പുണർന്നിരുന്നു
കവലയിൽ നിന്റെ കണ്ണീർ
എന്റെ കണ്ണുകളെ തിരയുന്നു
രാത്രിയിൽ നിന്റെ ചതഞ്ഞ നാൾ
എന്റെ ചതഞ്ഞ നാളിനെ കണ്ടുമുട്ടുന്നു
സ്വപ്നത്തിലേ നമ്മൾ ഒരു നാട്ടുകാരാവുന്നുള്ളു
5 comments:
പിന്നിലേക്കു പായുന്ന ജനാലകൾക്കു മുന്നിൽ
മഴ മുട്ടുകാലിൽ വീഴുന്നു
മുറ്റങ്ങൾ പടി കടന്നുവന്ന്
നാം പോയ വഴിയേ തുറിച്ചുനോക്കിനിൽക്കുന്നു
അമ്പരപ്പിക്കുന്ന വരികള്‍...
അപാരം !!!!!!
വാസ്കോ പോപ്പ അമ്പരപ്പിക്കും വിഷ്ണൂ, ചിലപ്പോള്‍ നമ്മെ ശാന്തമായ ഭ്രാന്തിന്റെ നിശ്ചലതടാകവുമാക്കും.... പരിഭാഷയ്ക്ക് പലതവണ നന്ദി.
കോണിപ്പടികളിൽ
നമ്മുടെയാലിംഗനം തകർന്നുവീഴുന്നു!!!!
Post a Comment