Saturday, November 6, 2010

റില്‍ക്കെ-വെറുപ്പു കൊണ്ടു ചുമരു കെട്ടിയൊരു തടവറയിൽ നിന്നെന്ന പോലെ...


വെറുപ്പു കൊണ്ടു ചുമരു കെട്ടിയൊരു തടവറയിൽ നിന്നെന്ന പോലെ

അവനവന്റെയാത്മാവിൽ നിന്നു പുറത്തു ചാടാൻ

പണിപ്പെടുകയാണേവരുമെങ്കിലും,

ഒരത്ഭുതം,

മഹത്തായൊരത്ഭുതം നടക്കുകയാണു ലോകത്തിൽ!

ജീവിച്ചുതന്നെ തീരുന്നു ജീവിതങ്ങൾ:

എനിക്കു ബോധ്യമായതിങ്ങനെ.

എങ്കിൽപ്പിന്നെ ജീവിതം ജീവിക്കുന്നതാര്‌?

സന്ധ്യനേരത്തൊരു കിന്നരത്തിന്റെ തന്ത്രികളിൽ

വിരലുകൾ സ്വപ്നം കണ്ടുറങ്ങുന്ന ഗാനം പോലെ

ക്ഷമയോടെ കാത്തിരിക്കുന്ന വസ്തുക്കളോ?

കടലുകൾക്കു മേൽ വീശിവരുന്ന കാറ്റുകളോ?

അന്യോന്യം മാടിവിളിക്കുന്ന മരച്ചില്ലകളോ?

പരിമളങ്ങൾ നെയ്തുകൂട്ടുന്ന പൂക്കളോ?

എങ്ങോട്ടെന്നില്ലാതെ വളഞ്ഞുപോകുന്ന ഇടവഴികളോ?

അങ്ങുമിങ്ങുമലയുന്ന ജന്തുക്കളോ?

കാഴ്ചയിൽ നിന്നു പറന്നുമറയുമ്പോൾ

അപരിചിതങ്ങളായിത്തോന്നുന്ന പക്ഷികളോ?

ഈ ജീവിതം- ഇതു ജീവിക്കുന്നതാര്‌?

ദൈവമേ, നീയോ?

3 comments:

SREEJIGAWEN said...

This comment has been removed by the author.

SREEJIGAWEN said...

രവി ചേട്ടാ നന്നായി തര്‍ജിമ ചെയ്തു .....ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നം അല്ലെ ....?

Reenu said...

ചിന്തോദീപകം...വളരെ നല്ല ഒരു കവിത തന്നെ