1
കൂറ്റൻ വിമാനങ്ങൾ തങ്ങളുടെ കുട്ടികളുമായി
പറന്നുനടക്കാത്തതെന്തുകൊണ്ട്?
ഏതു മഞ്ഞക്കിളിയാണ്
നാരങ്ങകൾ കൊണ്ട് തന്റെ കൂടു നിറയ്ക്കുന്നത്?
എന്തുകൊണ്ട് ഹെലിക്കോപ്റ്ററുകളെ
വെയിലിൽ നിന്നു തേൻ വലിച്ചെടുക്കാൻ പരിശീലിപ്പിക്കുന്നില്ല?
പൂർണ്ണചന്ദ്രൻ ഇന്നുരാത്രി
അരിമാവു കൊട്ടിത്തൂവിയതെവിടെ?
3
പറയൂ, റോസാപ്പൂവു നഗ്നയാണോ,
അതോ അതാണവൾക്കുള്ള വസ്ത്രമെന്നോ?
മരങ്ങൾ വേരുകളുടെ പകിട്ടുകൾ
മറച്ചുവയ്ക്കുന്നതെന്തിനാവാം?
മഴ കൊള്ളുന്ന തീവണ്ടിയെക്കാൾ
വിഷാദം നിറഞ്ഞതൊന്നു വേറെയുണ്ടോ ലോകത്ത്?
7
സമാധാനമെന്നാൽ അരിപ്രാവിന്റെ സമാധാനമോ?
പുള്ളിപ്പുലി യുദ്ധത്തിനിറങ്ങുമോ?
മരണത്തിന്റെ ഭൂമിശാസ്ത്രം
പഠിപ്പിക്കുനതെന്തിനു പണ്ഡിതൻ?
പാഠശാലയിലെത്താൻ വൈകിയ
കുരുവിക്കുഞ്ഞുകളുടെ ഗതിയെന്ത്?
മറുപുറം കാണാവുന്ന അക്ഷരങ്ങൾ
മാനത്തു ചിതറിയിട്ടിരിക്കുന്നുവെന്നു പറയുന്നതു നേരാണോ?
9
ഇന്നലത്തെ സൂര്യൻ തന്നെയോ ഇത്?
ഈയഗ്നി ആ അഗ്നി തന്നെയോ?
മേഘങ്ങളുടെ ക്ഷണികസമൃദ്ധിയ്ക്ക്
ഏതുവിധം നാം നന്ദി പറയും?
കണ്ണീരിന്റെ കറുത്ത ഭാണ്ഡവുമായി
ഇടിമേഘം വന്നതെവിടുന്ന്?
പോയാണ്ടത്തെ പലഹാരങ്ങൾ പോലെ മധുരിക്കുന്ന
ആ പേരുകളൊക്കെ ഏതു വഴിയ്ക്കു പോയി?
ഡൊണാൾഡമാർ, ക്ളോരിന്ദകൾ, എഡുവിഗെസുമാർ
ഒക്കെ എങ്ങോട്ടു പോയി?
10
ഇനിയൊരു നൂറു കൊല്ലം കഴിഞ്ഞാൽ
പോളണ്ടുകാർ എന്റെ തൊപ്പിയെക്കുറിച്ചെന്താവും കരുതുക?
എന്റെ ചോരയെ തൊട്ടറിയാത്തവർ
എന്റെ കവിതയെക്കുറിച്ചെന്താവും പറയുക?
ബിയറിൽ നിന്നു തെന്നിനീങ്ങുന്ന നുരയെ
ഏതൊന്നു കൊണ്ടു നാമളക്കും?
പെട്രാർക്കിന്റെ ഒരു ഗീതകത്തിൽ പെട്ടുപോയ
ഒരീച്ച എന്തു ചെയ്യും?
21
വെളിച്ചം വാർത്തെടുത്തത്
വെനിസ്വേലയിൽ വച്ചോ?
കടലിന്റെ കേന്ദ്രബിന്ദുവെവിടെ?
തിരകൾ അവിടെയ്ക്കു പോകാത്തതെന്തേ?
കുപ്പിക്കല്ലിന്റെ മാടപ്രാവായിരുന്നു കൊള്ളിമീൻ
എന്നു കേൾക്കുന്നതു ശരിയോ?
എന്റെ പുസ്തകത്തോട്
അതെഴുതിയതു ഞാനാണോയെന്നെനിക്കു ചോദിക്കാമോ?
39
കടലിന്റെ ചിരിയിൽ
ഒരപായസൂചനയും നിങ്ങൾ കേൾക്കുന്നില്ലേ?
പോപ്പിപ്പൂവിന്റെ ചോരച്ച പട്ടിൽ
ഒരു ഭീഷണി നിങ്ങൾ കാണുന്നില്ലേ?
ആപ്പിൾ മരം പൂക്കുന്നത്
ആപ്പിളായി മരിക്കാനാണെന്നും നിങ്ങൾ കാണുന്നില്ലേ?
ചുറ്റും ചിരികളുമായി, വിസ്മൃതിയുടെ ചഷകങ്ങളുമായി
തേങ്ങിക്കരയാറില്ലേ നിങ്ങൾ?
41
കരളിൽ ദയവു തോന്നിയാൽ
എത്രകാലം പിന്നെ കാണ്ടാമൃഗത്തിനായുസ്സു നില്ക്കും?
ആസന്നവസന്തത്തിന്റെ ഇലകൾക്ക്
എന്താണു പുതുമ?
ഹേമന്തത്തിൽ ഇലകൾ
വേരുകളോടൊത്തൊളിച്ചോടുകയാണോ?
ആകാശത്തോടു സംസാരിക്കാൻ
ഭൂമിയോടെന്തു പാഠം പഠിയ്ക്കും മരങ്ങൾ?
49
കടലിനെ വീണ്ടും ഞാൻ ചെന്നു കാണുമ്പോൾ
കടലെന്നെ അറിയുമോ, അറിയാതിരിക്കുമോ?
ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ
തിരിച്ചു ചോദിക്കുന്നതെന്തിനാണു തിരകൾ?
ഇങ്ങനെ പാറകളിലാഞ്ഞടിച്ചവ തുലയ്ക്കണോ
വികാരാവേശങ്ങൾ?
മണലിനോടുദ്ഘോഷിച്ചുദ്ഘോഷിച്ചു
തളർന്നുപോവില്ലേ തിരകൾ?
65
എന്റെ പാട്ടിൽ ഒരക്ഷരം പോലെ തിളങ്ങുന്നില്ലേ
ലോഹത്തുള്ളികൾ?
വാക്കുകൾ ചിലനേരം
പാമ്പുകൾ പോലെ പുളയാറുണ്ടോ?
ഇത്രയധികം സ്വരാക്ഷരങ്ങൾ വലിച്ചുകേറ്റിയാൽ
കപ്പലുകൾ മുങ്ങിപ്പോവില്ലേ?
2 comments:
നന്നായി
അതിസുന്ദരം ഈ ചിന്തകള്‍
Post a Comment