Saturday, November 20, 2010

കാഫ്ക-കത്തുകള്‍ നഷ്ടമാകുന്നതെവിടെ ?



1912 ഒക്റ്റോബർ 13
പ്രിയപ്പെട്ട ഫ്രൗളിൻ ബോവർ,
പതിനഞ്ചു ദിവസം മുമ്പ് രാവിലെ പത്തു മണിയ്ക്ക് എനിക്കു നിങ്ങളുടെ ആദ്യത്തെ കത്തു കിട്ടി; ചില നിമിഷങ്ങൾക്കു ശേഷം ഞാനിരുന്ന് നാലു നെടുങ്കൻ പേജുകൾ നിങ്ങളുടെ പേർക്കെഴുതുകയും ചെയ്തു. അതൊരു പാഴ്വേലയായതായി ഞാൻ കരുതുന്നില്ല; കാരണം, മറ്റെന്തു ചെയ്താലും അത്രയുമൊരു സന്തോഷം എനിക്കുണ്ടാവുമായിരുന്നില്ലല്ലോ. എനിക്കാകെയുള്ള ഖേദം, എഴുതിക്കഴിഞ്ഞപ്പോൾ പറയാനാഗ്രഹിച്ചതിന്റെ ചെറിയൊരു തുടക്കം കുറിയ്ക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളു എന്നതു മാത്രം. അതിനാൽ കത്തിന്റെ എഴുതാതെ തടുത്തുവച്ച ഭാഗം ദിവസങ്ങളായി മനസ്സിനെ വിടാതെ പിന്തുടരുകയും, അസ്വസ്ഥമാക്കുകയുമായിരുന്നു. ഒടുവിൽ ആ അസ്വസ്ഥതയുടെ സ്ഥാനം നിങ്ങളുടെ മറുപടി വരുമെന്നുള്ള പ്രതീക്ഷയും, പിന്നെ ആ പ്രതീക്ഷയുടെ പടിപടിയായുള്ള നാശവും കൈയടക്കി.
എന്തുകൊണ്ടാണെനിക്കെഴുതാതിരുന്നതെന്നൊന്നു പറയൂ- നിങ്ങളുടെ മനസ്സമാധാനം കെടുത്തുന്ന വിഡ്ഡിത്തമെന്തോ എന്റെ കത്തിലുണ്ടായിരുന്നുവെന്നു വരാം; ആ കത്തിന്റെ രീതി വച്ചു നോക്കുമ്പോൾ അതിനു നല്ല സാധ്യതയുമുണ്ട്. പക്ഷേ ഞാനെഴുതിയ ഓരോ വാക്കിന്റെയും പിന്നിലുള്ള സദുദ്ദേശ്യം നിങ്ങളുടെ കണ്ണില്പ്പെടാതെ പോകാൻ വഴിയില്ലല്ലോ- ഒരു കത്തങ്ങനെ വഴി തെറ്റിപ്പോകുമോ? എന്റെ കത്തിനു പിന്നിലെ വ്യഗ്രതയുടെ വലിപ്പം വച്ചുനോക്കുമ്പോൾ അതൊരിക്കലും ലക്ഷ്യം കാണാതെവരാൻ പാടില്ലാത്തതാണ്‌; നിങ്ങളുടേതാവട്ടെ, വ്യഗ്രതയോടെ പ്രതീക്ഷിച്ചിരുന്നതും. കത്തുകൾ അവ കാത്തിരിക്കുന്നവരുടെ മനസ്സിലല്ലാതെ മറ്റെവിടെയാണു നഷ്ടപ്പെട്ടുപോവുക, മറ്റൊരു വിശദീകരണം കണ്ടെത്താൻ നമുക്കു കഴിഞ്ഞില്ലെങ്കിൽപ്പിന്നെ? അതോ, വീട്ടുകാർക്കത്ര മതിപ്പില്ലാത്ത ആ പലസ്തീൻ യാത്ര കാരണം എന്റെ കത്ത് നിങ്ങളുടെ കൈയിലെത്താതെ പോയതാവുമോ? പക്ഷേ ഒരു കുടുംബത്തിനുള്ളിൽ അങ്ങനെയൊന്നു നടക്കുമോ, അതും നിങ്ങളെപ്പോലൊരാളുടെ കാര്യത്തിൽ? എന്റെ കണക്കുകൂട്ടൽ പ്രകാരം ആ കത്ത് ഞായറാഴ്ച രാവിലെ എത്തേണ്ടതായിരുന്നു.- അപ്പോൾപ്പിന്നെ ശേഷിക്കുന്നത് നിങ്ങൾക്കെന്തോ അസുഖമാണെന്ന ദുഃഖകരമായ സാധ്യത മാത്രം. പക്ഷേ എനിക്കതു വിശ്വാസമല്ല. അത്രയും ആരോഗ്യവതിയും ഉന്മേഷവതിയുമാണല്ലോ നിങ്ങൾ.- പക്ഷേ ഇപ്പോഴേക്കും യുക്തിസഹമായി ചിന്തിക്കാനുള്ള ശേഷി എന്നെ വിട്ടുപോവുകയായി; ഞാൻ ഈ കത്തെഴുതുന്നതാവട്ടെ, ഒരു മറുപടി കിട്ടുമെന്ന പ്രതീക്ഷയൊന്നും വച്ചുകൊണ്ടല്ല, എന്നോടു തന്നെയുള്ള ഒരു കടമ തീർക്കലായിമാത്രം.
നിങ്ങളുടെ വീട്ടിൽ ഈ കത്തു കൊണ്ടുവരുന്ന ഇമ്മാനുവൽകിർഷ്സ്റ്റ്റാസ്സെ പോസ്റ്റുമാനായിരുന്നു ഞാനെങ്കിൽ അമ്പരന്നു നില്ക്കുന്ന നിങ്ങളുടെ ഒരു കുടുംബാംഗത്തെയും തട്ടിമാറ്റി, സകലമുറികളും കടന്നുകയറി ഞാൻ നേരേ നിങ്ങളുടെ മുറിയിലെത്തുകയും നിങ്ങളുടെ കൈയിൽ അതു വച്ചുതരികയും ചെയ്യുമായിരുന്നു; അങ്ങനെയുമല്ല, നിങ്ങളുടെ മുറിയുടെ വാതിലിനു പുറത്തു നിന്നുകൊണ്ട് ഞാൻ നിർത്താതെ മണിയടിക്കുമായിരുന്നു, എന്റെ സന്തോഷത്തിനായി, എല്ലാ പിരിമുറുക്കങ്ങളുമയയ്ക്കുന്ന സന്തോഷത്തിനായി!


( കാഫ്ക താന്‍ ആയിടെ പരിചയപ്പെട്ട ഫെലിസ് ബോവറിനെഴുതിയത്; ഇമ്മാനുവല്‍ കിർഷ്സ്റ്റ്റാസ്സെ- ബെര്‍ലിനില്‍ ഫെലിസ് താമസിക്കുന്ന തെരുവ്‌.)

No comments: