Monday, January 31, 2011

യഹൂദാ അമിച്ചായി - എന്റെ അമ്മയ്ക്ക്


മേയർ


വ്യസനകരമാണു
ജറുസലേമിലെ മേയറാവുകയെന്നാൽ.
ഭയങ്കരമാണത്.
ഏതു മനുഷ്യനാവും ഇമ്മാതിരിയൊരു നഗരത്തിന്റെ മേയറാവാൻ?

അയാളവളെ എന്തു ചെയ്യാൻ?
പണിയുക, പണിയുക, പണിയുക.

രാത്രിയിലാവട്ടെ,
ചുറ്റിനുമുള്ള കുന്നുകളിൽ നിന്ന്
കല്‍വീടുകളുടെ നേർക്കു
കല്ലുകളിഴഞ്ഞിറങ്ങും,
മനുഷ്യനടിമകളായിപ്പോയ നായ്ക്കളെ നോക്കി
ഓരിയിടാൻ വരുന്ന
ചെന്നായ്ക്കളെപ്പോലെ.


എന്റെ അമ്മയ്ക്ക്


1
പഴക്കം ചെന്നൊരു കാറ്റാടിമില്ലു പോലെ
ഉയർത്തിയ രണ്ടു കൈകൾ
ആകാശത്തെ നോക്കി ആക്രോശിക്കാൻ
താഴ്ത്തിയ രണ്ടു കൈകൾ
റൊട്ടിയുണ്ടാക്കാനും.

തെളിഞ്ഞതാണവരുടെ കണ്ണുകൾ
പെസഹാത്തലേന്നു പോലെ തിളങ്ങുന്നതും.

2
രാത്രിയിലവർ
കത്തുകളും ഫോട്ടോകളും
നിരത്തിനിരത്തി വയ്ക്കും.

ദൈവത്തിന്റെ
വിരൽനീളമളക്കാൻ.

3
അവരുടെ തേങ്ങലുകൾക്കിടയിലെ താഴ്വരയിൽ
എനിക്കു നടക്കണം
അവരുടെ മൗനത്തിന്റെ പൊള്ളുന്ന ചൂടിൽ
എനിക്കു നിൽക്കണം.

അവരുടെ വേദനയുടെ മുരത്ത മരങ്ങളിൽ
എനിക്കു ചാരിനില്ക്കണം.

4
ഹഗാർ ഇഷ്മായേലിനെ
ഒരു പൊന്തയ്ക്കടിയിൽ കിടത്തിയ പോലെ
അവരെന്നെ കിടത്തി.

പല യുദ്ധങ്ങൾക്കിടയിലൊന്നിൽ
പല പൊന്തകൾക്കടിയിലൊന്നിൽ
ഞാൻ കിടന്നു മരിക്കുമ്പോൾ
താനവിടെയുണ്ടാകരുതെന്നതിനായി.



ലോകത്തിന്റെ കാര്യമെടുത്താൽ


ലോകത്തിന്റെ കാര്യമെടുത്താൽ
സോക്രട്ടീസിന്റെ ശിഷ്യന്മാരെപ്പോലെയാണു ഞാൻ:
അദ്ദേഹത്തിന്റെ അരികു പറ്റി നടക്കുക
അഭിപ്രായങ്ങൾക്കും അനുഭവങ്ങൾക്കും ചെവി കൊടുക്കുക
ശരിവച്ചുകൊണ്ടിരുന്നാൽ മതിയെനിക്ക്:
അതെ. അതങ്ങനെ തന്നെ.
അങ്ങു പറഞ്ഞതു തന്നെ ശരി,
അങ്ങയുടെ വാക്കുകൾ എത്ര സത്യം.

എന്റെ ജീവിതത്തിന്റെ കാര്യമെടുത്താൽ
വെനീസിനെപ്പോലെയാണു ഞാനെന്നും:
മറ്റു നഗരങ്ങളിൽ വെറും തെരുവുകളായവ
ഇരുണ്ടൊഴുകുന്ന പ്രണയമാണെന്നിൽ.

കരച്ചിലിന്റെ കാര്യമെടുത്താൽ,
മൗനത്തിന്റെ കാര്യമെടുത്താൽ
ഒരു ഷോഫറാണു ഞാനെന്നും:
പെരുന്നാളൊരുനാളത്തേക്കൂതാനായി
ഒരു കൊല്ലം കൂട്ടിക്കൂട്ടിവയ്ക്കുക.

പ്രവൃത്തിയുടെ കാര്യത്തിൽ
കായേനെപ്പോലെയാണു ഞാനെന്നും:
ചെയ്യേണ്ടിവരുമ്പോൾ, ഓടിമാറും ഞാൻ,
ചെയ്തുകഴിഞ്ഞാൽ,
തിരുത്തലുമില്ല പിന്നെ.

നിന്റെ കൈത്തലത്തിന്റെ കാര്യത്തിൽ,
എന്റെ ഹൃദയസ്പന്ദനങ്ങളുടെ കാര്യത്തിൽ,
എന്റെയുടലിന്റെ പദ്ധതികളുടെ കാര്യത്തിൽ,
ചുമരെഴുത്തിന്റെ കാര്യത്തിൽ,
അജ്ഞനാണു ഞാനെന്നും
എഴുത്തും വായനയുമെനിക്കറിയില്ല,
ബോധശൂന്യമായ കളകളുടെ തലപ്പുകൾ

പോലെയാണെന്റെ തല

വിധി എന്നെയും കടന്നു
മറ്റൊരിടത്തേക്കു പോകുമ്പോൾ
കാറ്റിന്റെയൊഴുക്കും മർമ്മരവും മാത്രമറിയുന്ന
ഒന്ന്.


(ഷോഫർ- സിനഗോഗിൽ കാഹളം വിളിയ്ക്കാനുപയോഗിക്കുന്ന മുട്ടാടിൻ കൊമ്പ്)


യഹൂദാ അമിച്ചായി - ഉദാത്തമായൊരു പ്രണയഗാനം


ഒരു സ്ത്രീയുടെ പേർക്ക്


1
കുട്ടികളോടിക്കളിയ്ക്കാത്ത പൂഴിമണ്ണു പോലെ
വെളുത്തതാണു നിന്റെയുടൽ.

പാഠപുസ്തകത്തിൽ പൂക്കളുടെ പടങ്ങൾ പോലെ
സുന്ദരവും ദാരുണവുമാണു നിന്റെ കണ്ണുകൾ.

കായേന്റെ അൾത്താരയിൽ പുക പോലെ
നിന്റെ മുടിയുലർന്നുവീഴുന്നു.

എനിക്കെന്റെ സഹോദരനെ കൊല്ലേണ്ടിവരും.
എന്റെ സഹോദരനെന്നെ കൊല്ലേണ്ടിവരും.



ഉദാത്തമായൊരു പ്രണയഗാനം


സുന്ദരി നീ, പ്രവചനങ്ങളെപ്പോലെ,
വിഷാദി നീ, സത്യമാകുന്നവയെപ്പോലെ,
ശാന്തയും, പിന്നെയുള്ള ശാന്തത പോലെ.
കറുമ്പി നീ, മുല്ലപ്പൂവിന്റെ വെളുത്ത ഏകാന്തത പോലെ.
വെളുത്ത ദംഷ്ട്രകളുള്ളവൾ: പെൺചെന്നായയും റാണിയും.
ഇറക്കം കുറഞ്ഞ വേഷം കാലത്തിനു ചേരുന്നതു തന്നെ,
നിന്റെ തേങ്ങലും ചിരിയും പ്രാക്തനകാലത്തിൽ നിന്ന്,
മറ്റേതോ രാജാക്കന്മാരുടെ ഗ്രന്ഥങ്ങളിൽ നിന്ന്.
പടക്കുതിരയുടെ വായിലെ നുര ഞാൻ കണ്ടിട്ടില്ല,
നീ ദേഹത്തു സോപ്പു പതപ്പിക്കുമ്പോൾ ഞാനതു കണ്ടു.
സുന്ദരി നീ, ഒരുനാളും സത്യമാവാത്ത പ്രവചനങ്ങളെപ്പോലെ.
രാജകീയമായ മുറിപ്പാടിതാ,
അതിൽ ഞാനെന്റെ നാവു കടത്തുന്നു,
അതിന്റെ പരുക്കൻ  മാധുര്യത്തിൽ
ഞാനെന്റെ കൂർത്ത വിരലോടിക്കുന്നു.
കനത്ത ചെരുപ്പുകൾ കൊണ്ട്
എനിക്കു ചുറ്റും ജയിലഴികൾ തട്ടിയിടുന്നു നീ.
നിന്റെ വിരലുകളുടെ പവിത്രമായ കുഷ്ടമാണു
നിന്റെ മോതിരങ്ങൾ.
മണ്ണിൽ നിന്നിതാ പുറത്തുവരുന്നു
ഇനിയൊരിക്കലും കാണരുതെന്നു ഞാൻ കൊതിച്ചതൊക്കെയും:
തൂണും ജനാലപ്പടിയും, കമിഴ്ത്തോടും ലോട്ടയും,
വീഞ്ഞിന്റെ കഷണങ്ങളും.


Sunday, January 30, 2011

റൂമി - പ്രണയസിംഹം

File:Фаррух Бек. Старый мулла.ок.1615 Виктория и Альберт.jpg


പ്രണയസിംഹം

പ്രണയസിംഹത്തിനു ചോര കുടിക്കാൻ തോന്നുമ്പോൾ
ഞങ്ങൾ ചെന്നു കിടന്നുകൊടുക്കുന്നു.
ഓരോ നിമിഷവുമോരോ ആത്മാവിനെ
ഞങ്ങൾ കൊണ്ടു കാഴ്ചവയ്ക്കുന്നു.
ആരോ പെറുക്കിമാറ്റുന്നുണ്ട്
തലപ്പാവുകളും ചെരുപ്പുകളും.

ഇടിമിന്നലിനു കാരണമായ ശാന്തത
ഇടിമിന്നലിനു നടുവിലുണ്ട്.

കണ്ടാൽ ഞാനാകെ ദുർബ്ബലൻ.
എന്നാലെന്റെ കൈലിരിപ്പുണ്ട്
നിത്യത ചാർത്തിക്കിട്ടിയ പട്ടയം.

കടലു തേടിയൊരു പാമ്പിഴഞ്ഞുപോകുന്നുണ്ട്.
കടലു കൈയിൽക്കിട്ടിയാലതെന്തു ചെയ്യും?

പ്രായശ്ചിത്തമായിട്ടാണു നിങ്ങൾ മുന്തിരി കശക്കുന്നതെങ്കിൽ
മുന്തിരിവീഞ്ഞു തന്നെ മോന്തിക്കൂടേ നിങ്ങൾക്ക്?

പണ്ടത്തെ സൂഫികളുടെ കോപ്പകളിൽ
കിട്ടമാണുള്ളതെന്നു മനസ്സിൽ പറയുന്നുണ്ടു നിങ്ങൾ.
നിങ്ങൾക്കു മനസ്സിലെന്തായാലും
അതിവിടെ കാര്യമാക്കാനുമില്ല.

ചില്ലയെ നോക്കി ഒന്നു ചിരിക്കില്ലയെങ്കിൽ
പൂവു വാടിക്കൊഴിഞ്ഞുപോകണം.

സൂര്യനുദിച്ചുയരുമ്പോൾ
നക്ഷത്രമെണ്ണിയിരിക്കണോ?


എന്തു ഭയം?

നിന്നോടൊത്തിരിക്കുമ്പോൾ
ഏതു നഷ്ടഭയം ഞങ്ങളെ പിടിച്ചുലയ്ക്കാൻ?

ഏതു ശോകവും സ്വർണ്ണമാക്കുന്നു നീ,
ഞങ്ങളെത്തുന്ന ലോകങ്ങളുടെ
ചാവി ഞങ്ങൾക്കു നല്കുന്നു നീ.

ഞങ്ങൾ സ്നേഹിക്കുന്നവരുടെ ചുണ്ടുകളിൽ
പഞ്ചാരത്തരി പുരട്ടുന്നു നീ.

ഊഹങ്ങൾക്കുമപ്പുറമാണു നീ.
ഊഹങ്ങൾക്കുള്ളിലുമാണു നീ.

മറഞ്ഞവനെന്നാൽ
വെളിപ്പെടുകയുമാണു നീ.

നീ നടക്കുന്ന നിലമാണു ഞങ്ങൾ.
ആകാശം വർണ്ണിക്കാൻ
മറ്റു ചിലർ പോകട്ടെ.

മൗനത്തിലൊതുക്കുക ഞങ്ങളെ.
അതുമിതും ചർച്ചകളിലേക്കു
തള്ളിവിടരുതേ ഞങ്ങളെ.


ചെയ്ത പിഴ

എന്റെ നെഞ്ചിലെ കൂട്ടിനുള്ളിൽ
പെടപെടയ്ക്കുകയാണൊരു കിളി.
കെട്ടുപൊട്ടിക്കാൻ നോക്കുകയാണു
ഭ്രാന്തു പിടിച്ചൊരൊട്ടകം.
എന്റെ കണ്ണുകൾക്കുള്ളിൽ നിന്നും
കണ്ണു പായിക്കുന്നുണ്ടൊരു സിംഹത്താൻ.
അതിന്റെ കണ്ണുകളിൽപ്പെടുന്നുമുണ്ട്
ദൂരെ ദൂരെയൊരു കന്മട.
പുഴ പൊന്തിയൊഴുകുന്നു.
തടങ്ങളിൽ പുതുനാമ്പുകൾ പൊടിയ്ക്കുന്നു.
പനിനീർപ്പൂങ്കാവിലൂടെ
പുലർതെന്നൽ വീശുന്നു.

ഒരു കൈപ്പിഴ ഞാൻ ചെയ്തതിനാൽ
പ്രണയമെന്നെ വിട്ടുപോയി.
ഇന്നതു മടങ്ങിയെത്തുകയായി.

കുരുടൻ വടി ദൂരെയെറിയുന്നു.
കൈക്കുഞ്ഞെടുത്തുകഴിക്കുന്നു.
രാജാവിന്റെ പറ മുഴങ്ങുന്ന ദിക്കു നോക്കി
പ്രാപ്പിടിയൻ പറന്നുപൊങ്ങുന്നു.

നാം നെയ്തുവച്ച വാക്കുകളുടെ ശവക്കച്ചയിതാ,
മൗനമിഴവേർപിരിക്കുന്നു.


link to image


അന്തോണിയോ മച്ചാദോ - ആന്ദലൂഷ്യൻ ഗാനം


ആന്ദലൂഷ്യൻ ഗാനം


മടുപ്പിന്റെയും വിഷാദത്തിന്റെയും ഇഴകൾ വേർപെടുത്തി
ചിന്തയിലാണ്ടിരിക്കുമ്പോൾ ഞാൻ കേട്ടു
ഊഷ്മളമായ വേനൽരാവിലേക്കു തുറക്കുന്ന ജനാലയിലൂടെ
ഒരലസഗീതത്തിന്റെ ശീലുകൾ.
മഹിതഗമകങ്ങൾ കൊണ്ടതിനു കാലമിട്ടിരുന്നു
എന്റെ നാടിന്റെ വശ്യസംഗീതം.
ആദ്യമതു പ്രണയമായിരുന്നു, തുടുത്ത തീനാളം പോലെ...
വിറ പൂണ്ട തന്ത്രികളിൽ പതറുന്ന വിരലുകൾ മീട്ടിയിരുന്നു
നക്ഷത്രങ്ങളുടെ മഴയായിപ്പൊഴിഞ്ഞ ദീർഘ,ദീർഘനിശ്വാസം.
പിന്നെയതു മരണമായിരുന്നു...
തോളത്തു കൊടുവാളുമായി, അസ്ഥിമാത്രനായി,
മുഖം കനപ്പിച്ചിഴഞ്ഞെത്തുന്ന രൂപം.
ബാല്യത്തിൽ സ്വപ്നം കണ്ടു ഞാൻ കിടുങ്ങിയ ചിത്രം.
കുഴിയിലിടിച്ചുവീഴുന്ന ശവപ്പെട്ടിയുടെ ഘനതാളത്തിൽ
വിറയ്ക്കുന്ന ഗിത്താറിൽ പരുഷമായ കൈകളുടെ പ്രഹരം.

പൊടി തൂത്തും ചാമ്പൽ പാറ്റിയും വീശുന്ന തെന്നലിന്റെ
ഏകാന്തവിലാപവുമായിരുന്നുവത്.



എന്നുമെന്നും...

എന്നുമെന്നും വഴുതിപ്പോകുന്നു,
എന്നെമെന്നും കൈയകലത്തുമാണ്‌,
കറുപ്പിന്റെ മൂടുപടമണിഞ്ഞു,
പാതിമറഞ്ഞു, വിളർത്ത നിന്റെ മുഖത്തിന്റെ
ധാർഷ്ട്യം നിറഞ്ഞ ചേഷ്ടകൾ.
നീ പോകുന്നതെവിടെയ്ക്കെന്നെനിക്കറിയില്ല,
രാത്രിയിൽ നിന്റെ അനാഘ്രാതസൗന്ദര്യം
മണവറ തേടുന്നതെവിടെയെന്നുമറിയില്ല.
നിന്റെ കണ്ണുകളടയ്ക്കുന്നതേതു സ്വപ്നമെന്നറിയില്ല,
നിന്റെ കിടക്കയുടെ വിലക്കുകൾ കടക്കാൻ
ആരു മുതിർന്നുവെന്നുമെനിക്കറിയില്ല.

നാണിച്ചോടരുതേ, സുന്ദരീ,
നാണിച്ചോടരുതേ...

എനിക്കു മോഹം,
നിന്റെ ചുണ്ടുകളുടെ കയ്പ്പൻപൂവിലൊന്നു മുത്താൻ.


ചിത്രം- പിക്കാസോ വരച്ച മച്ചാദോ (1955)

link to image


Saturday, January 29, 2011

റൂമി - പൊറുതി കെട്ട ഈ ലോകത്തിൽ...


പൊറുതി കെട്ട ഈ ലോകത്തിൽ
ഗൂഢമായ ഇടങ്ങൾ ചിലതു തേടിപ്പിടിക്കും കാമുകർ.
സൗന്ദര്യവുമായി
കൊള്ളക്കൊടുക്കകൾ നടത്തുമവിടെയവർ.

അതൊരസംബന്ധമെന്നു യുക്തി പറയും.
താനവിടെ നടന്നതാണ്‌,
ചുമരുകളളന്നതാണ്‌,
താൻ കണ്ടില്ല അങ്ങനെയൊരിടമെന്നതു വാദിക്കും.

പ്രണയം പറയും, അല്ല!

യുക്തി അങ്ങാടിയിൽ ചെന്നിരിക്കും,
കച്ചവടത്തിനു വട്ടം കൂട്ടും.
അതിലും ഗോപ്യമാണു പ്രണയത്തിന്റെ വ്യാപാരം.

ഹല്ലാജ് പ്രസംഗപീഠത്തിന്റെ പടികളിറങ്ങുന്നു,
കഴുമരത്തിന്റെ പടവുകൾ കയറുന്നു.

കാമുകർ തങ്ങൾക്കുള്ളിലൊരു നേരറിയുന്നുണ്ട്,
യുക്തിവാദക്കാർക്കു പണി അതിനെ നിഷേധിക്കലും.
ഈ സമർപ്പണം ജീവിതനിരാസമെന്നവർ പറയും.
അല്ലെന്നു പ്രണയം പറയും.
ആ ചിന്ത തന്നെ അപകടമെന്നതു പറയും.

പറയുമ്പോൾ പറയേണ്ടതു മൂടിപ്പോവുന്നു.
വാക്കുകളുടെ മേഘങ്ങളിലൊരു സൂര്യോദയം,
അതിലെരിയുന്നു നിശ്ശബ്ദത.


Friday, January 28, 2011

വ്ളാദിമിർ ഹോലാൻ - അമ്മ

File:Whistler James Arrangement in Grey and Black 1871.jpg

പ്രായം ചെന്ന അമ്മ നിങ്ങൾക്കായി കിടക്ക വിരിച്ചിടുന്നത്
ഒരിക്കലെങ്കിലും നോക്കിനിന്നിട്ടുണ്ടോ നിങ്ങൾ?
ഒരു ചുളിവു പോലും നിങ്ങളറിയാതിരിക്കാൻ പാകത്തിൽ
വലിച്ചും നീർത്തിയും ചൊരുകിയും വിരിപ്പു  മിനുസപ്പെടുത്തുന്നത്?
അത്രയും സ്നേഹനിർഭരമാണവരുടെ നിശ്വാസം,
ആ കൈകളുടെയും കൈത്തലങ്ങളുടെയുമിളക്കം,
പെഴ്സിപ്പൊളീസിൽ പണ്ടെരിഞ്ഞ തീയണച്ചുകൊണ്ടിരിക്കുകയാണിന്നുമവ,
ചീനക്കടലിൽ, പേരറിയാത്ത മറ്റൊരു കടലിലുരുണ്ടുകൂടുന്ന കൊടുങ്കാറ്റിനെ
ശമിപ്പിക്കുകയാണീ നിമിഷത്തിലവ.




link to image
link to Holan


Thursday, January 27, 2011

യഹൂദാ അമിച്ചായി - മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ

File:Near-Death-Experience Illustration.jpg


അടിയിലടക്കിയിരിക്കുന്നു നമ്മെ,
നമ്മുടെ ചെയ്തികളൊക്കെയുമായി,
നമ്മുടെ കണ്ണീരും, നമ്മുടെ ചിരികളുമായി.
അവയിൽ നിന്നു നാം പണിതെടുത്തിരിക്കുന്നു
ചരിത്രത്തിന്റെ കലവറകൾ,
പോയകാലത്തിന്റെ ചിത്രശാലകൾ, ഖജാനകൾ,
കാലത്തിന്റെ നിലവറകളിൽ
എടുപ്പുകളും ചുമരുകളും
ഇരുമ്പും മാർബിളും കൊണ്ടുള്ള തീരാത്ത കോണികളും.
യാതൊന്നുമൊപ്പം കൊണ്ടുപോവില്ല നാം.
കൊള്ളയടിച്ച രാജാക്കന്മാർ പോലും
എന്തോ ചിലതു വിട്ടുപോകുന്നു.
കാമുകന്മാരും ജേതാക്കളും,
സന്തുഷ്ടരും ദുഃഖിതരുമായവർ,
അവരും ചിലതു വിട്ടുപോകുന്നു,
ഒരടയാളം, ഒരു പാർപ്പിടം,
തനിക്കു പ്രിയമായിരുന്നൊരിടത്തേക്കു മടങ്ങിച്ചെല്ലാൻ
ഒരു പുസ്തകം, ഒരു കൂട, ഒരു കണ്ണട
മനഃപൂർവം മറന്നുവയ്ക്കുന്നൊരാളെപ്പോലെ,
മടങ്ങിപ്പോകാനൊരു ന്യായം കണ്ടെത്തുന്നൊരാളെപ്പോലെ.
ഇവിടെ നാം വസ്തുക്കളെ വിട്ടുപോകുന്നതിതുമാതിരി.
മരിച്ചവർ നമ്മെ വിട്ടുപോകുന്നതുമിതുമാതിരി.


link to image


എന്റെ കുഴിമാടത്തിനു മുന്നിൽ...






എന്റെ കുഴിമാടത്തിനു മുന്നിൽ നിന്നു
തേങ്ങിക്കരയരുതാരും;
ഞാനവിടെയല്ല; ഉറക്കവുമല്ല ഞാൻ.
വീശുന്ന കാറ്റുകളായിരമാണു ഞാൻ.
മഞ്ഞിലെ വജ്രത്തിളക്കമാണു ഞാൻ.
വിളഞ്ഞ പാടത്തെ വെയിലാണു ഞാൻ.
ശിശിരത്തിലെ മഴച്ചാറ്റലാണു ഞാൻ.
ഒച്ചയടങ്ങിയ പുലരിയിൽ നിങ്ങളുറക്കമുണരുമ്പോൾ
വട്ടമിട്ടു കുതിച്ചുയരുന്ന പറവകളാണു ഞാൻ.
രാത്രിയിലെ നക്ഷത്രവെട്ടമാണു ഞാൻ.
എന്റെ കുഴിമാടത്തിനു മുന്നിൽ നിന്നു
തേങ്ങിക്കരയരുതാരും.
ഞാനവിടെയല്ല. മരിച്ചിട്ടുമില്ല ഞാൻ.
File:Image - Engraving of grave in garden.jpg



1932-ൽ മേരി ഫ്രൈ എഴുതിയതായി കരുതപ്പെടുന്ന കവിത.







റൂമി - ഉള്ളിലുദയം


ഉള്ളിലുദയം


ഓരോരോ ചിന്തകൾക്കും കളിപ്പാട്ടമാണു ഞാനെങ്കിൽ
ജ്ഞാനിയെന്നെന്നെപ്പറയേണ്ട,
അറിവുകെട്ടവനായിരിക്കും ഞാൻ.File:Sufi.png
പ്രണയത്തിന്റെ സൂര്യനെനിക്കു സ്വന്തമായിരുന്നില്ലെങ്കിൽ
വിഷാദിയായ ശനിഗ്രഹത്തെപ്പോലെ
രാത്രിയിലുദിച്ചസ്തമിച്ചേനെ ഞാൻ.

പ്രണയോദ്യാനത്തിന്റെ പരിമളമല്ല വഴികാട്ടിയെനിക്കെങ്കിൽ
പിശാചുകൾക്കു പിമ്പുപോയി
അതിരറ്റ ദുരയുടെ മരുനിലത്തിൽപ്പോയടിഞ്ഞേനെ ഞാൻ.

ആത്മാവിന്റെ വിളക്കിനെ കെട്ടിപ്പൂട്ടി വച്ചിരുന്നുവെങ്കിൽ
ഓരോരോ വാതിലും ജനാലയും തുറന്നിട്ടേനെ ഞാൻ.

നോവുന്നവർക്കാശ്വാസമാകുന്നില്ല ആത്മാവിന്റെ ഉദ്യാനമെങ്കിൽ
കിഴക്കൻ കാറ്റിൽ പ്രണയത്തിന്റെ ദൂതു പറത്തിവിടുകയുമില്ല ഞാൻ.

പ്രണയികളടിപറയില്ല പാട്ടിനുമാട്ടത്തിനുമെങ്കിൽ
കേഴുന്ന കുഴൽ പോലെന്തിനു പാടണം രാപകൽ ഞാൻ?

ശവക്കുഴിയിൽ നിന്നു പറുദീസയിലേക്കു വഴിയൊന്നുമില്ലെങ്കിൽ
ഈയുടലിൽ സ്വർഗ്ഗീയാനന്ദങ്ങളറിയുമായിരുന്നില്ല ഞാൻ.

സമൃദ്ധിയുടെ ഉദ്യാനത്തിൽ ചെടികൾ വളരുന്നില്ലെങ്കിൽ
എന്റെയാത്മാവിൽ വിടരുകയുമില്ല പൂക്കൾ.
ദൈവവരമെന്നിലുണ്ടായിരുന്നില്ലെങ്കിൽ
പുലമ്പുന്ന ഭ്രാന്തനാകുമായിരുന്നു ഞാൻ.

ഉള്ളിലേക്കു നടക്കൂ.
സൂര്യോദയത്തിന്റെ കഥ സൂര്യൻ പറഞ്ഞുതന്നെ കേൾക്കൂ.
ഉള്ളിലുദയമുണ്ടായിരുന്നില്ലയെങ്കിൽ
എത്ര പണ്ടേയസ്തമിച്ചേനെ ഞാൻ!



മിസ്രയീമിലെ അപ്പം

മിസ്രയീമിലെ അപ്പം പോലെയാണെന്റെ കവിത:
ഒരു രാത്രി കഴിഞ്ഞാലതു കനച്ചുപോകും.File:Sufi.png
വരൂ, വരൂ,
കാറ്റു തട്ടും മുമ്പു നമുക്കതു പങ്കുവയ്ക്കാം.

നെഞ്ചിന്റെ ചൂടു തട്ടിയുയരുന്നതാണെന്റെ വാക്കുകൾ,
ലോകത്തിന്റെ തണുപ്പത്തതു വാടിയും പോകും.
കരയ്ക്കു വീണ മീൻ പോലെ
അവയൊന്നു പിടയ്ക്കുന്നു, പിന്നെ ചത്തുപോകുന്നു.

ഒഴിഞ്ഞ കോപ്പയിൽ നിന്നു നിങ്ങൾ മോന്തുമ്പോൾ
ഓടയിൽ വീണൊഴുകുകയാണു മധുരമദിര.
സ്വന്തം മതിഭ്രമത്തിന്റെ കിണറ്റിൽ നിന്നു നിങ്ങൾ കോരിക്കുടിക്കുന്നു,
മധുരിക്കുന്ന വചനങ്ങൾ നിങ്ങൾ തുപ്പിക്കളയുന്നു.



Wednesday, January 26, 2011

റൂമി–എന്‍റെയൊരു കെട്ടശീലം


എന്റെയൊരു കെട്ടശീലം


എനിക്കൊരു കെട്ടശീലമുണ്ട്:
കാലം പിടിക്കാതാവുമ്പോൾ
അന്യർക്കൊരു ഭാരമാകും ഞാൻ.
നീയിവിടെയില്ലെങ്കിൽ
യാതൊന്നും വളരുന്നില്ല.
എനിക്കൊന്നും തിരിയുന്നില്ല.
വാക്കുകൾ കുരുങ്ങിക്കൂടുന്നു.
കെട്ട വെള്ളമെങ്ങനെ നന്നാക്കും?
പുഴയിലേക്കതിനെ മടക്കുക.
കെട്ടശീലമെങ്ങനെ നന്നാക്കും?
നിന്നിലേക്കെന്നെ മടക്കുക.
ശീലത്തിന്റെ കയങ്ങളിൽ
വെള്ളം കെട്ടിക്കിടക്കുമ്പോൾ
കടലിലേക്കതിനെ വെട്ടിവിടുക.
സിദ്ധൗഷധമൊന്നുണ്ട്,
ആശ കെട്ടവർക്കുള്ളതാണത്.
സ്നേഹിക്കുന്നവനെ നോക്കിനോക്കിയിരിക്കുക,
അവനകന്നകന്നുപോകട്ടെ,
അടുത്തടുത്തു വരട്ടെ.


പുൽക്കൊടികൾ


വന്മരങ്ങളെ കടപുഴക്കുന്ന കാറ്റു തന്നെ
പുൽക്കൊടികളെ തഴുകി മിനുക്കുന്നതും.
കാറ്റിന്റെ തമ്പുരാനിഷ്ടം
പുല്ലിന്റെ താഴ്മയും മെലിവും.
താനാളാണെന്നഭിമാനിക്കരുതേ.
മഴുത്തല ചില്ലകളരിഞ്ഞുവീഴ്ത്തും,
ഇലകൾ ബാക്കിനിർത്തും.
വിറകിന്റെ കൂമ്പാരം കണ്ടു
തീനാളം പകച്ചു നിൽക്കില്ല.
ആട്ടിൻപറ്റത്തെക്കണ്ടു
കശാപ്പുകാരനോടിയൊളിക്കുകയുമില്ല.
ഉണ്മയുടെ സന്നിധാനത്തിന്റെ മുന്നിൽ
രൂപം ദുർബലം.
ഉണ്മ ആകാശത്തെ എടുത്തുയർത്തുന്നു,
കമിഴ്ത്തിയ കോപ്പ പോലെ
അതിനെ തിരിക്കുന്നു.
ആകാശചക്രം തിരിക്കുന്നതാര്‌?
ഒരു ബ്രഹ്മാണ്ഡപ്രജ്ഞ.
ചോലവെള്ളം ചക്രം തിരിക്കും പോലത്രേ
ഉടലിൽ പ്രാണന്റെ വ്യാപാരവും.
ആത്മാവിന്റെ ഹിതവുമഹിതവും തന്നെ
ശ്വാസവുമുച്ഛ്വാസവും.
തകർക്കാൻ കാറ്റു തന്നെ,
കാക്കാനും കാറ്റു തന്നെ.
അറിഞ്ഞവനടിപണിയുന്നു,
ദൈവമല്ലാതൊന്നുമില്ല.
സത്തകൾക്കാകരമാണാ സാഗരം.
സൃഷ്ടികൾ
അതിലെ വൈക്കോൽത്തുരുമ്പുകൾ.
അവ പാഞ്ഞുപോകുന്നതും
പൊന്തിയൊഴുകുന്നതും
കടലിന്റെ ഹിതപ്രകാരം.
പുൽക്കൊടികളിൽ കാറ്റിന്റെ വ്യാപാരവും
അതേ പ്രകാരം.
അതിനൊടുക്കവുമില്ല.



Tuesday, January 25, 2011

യഹൂദാ അമിച്ചായി - എന്റെ പിറന്നാളിന്‌

File:Kerze.png


ഞാൻ ജനിച്ചത് 1924ൽ.
എന്റെ പ്രായമുള്ളൊരു വയലിനാണെങ്കിൽ
അത്ര ഗുണമുള്ളതാകില്ല ഞാൻ.
വീഞ്ഞാണെങ്കിൽ കേമമായേനേ,
അല്ലെങ്കിൽ കയ്ച്ചിട്ടിറങ്ങാത്തതായേനേ.
നായയായിരുന്നുവെങ്കിൽ ചത്തിരിക്കും ഞാൻ.
പുസ്തകമാണെങ്കിൽ വില കൂടാറായിരിക്കും,
അല്ലെങ്കിൽ പണ്ടേ വലിച്ചെറിഞ്ഞിരിക്കും.
കാടാണെങ്കിൽ ചെറുപ്പമായിരിക്കും,
യന്ത്രമെങ്കിൽ അപഹാസ്യവും.
മനുഷ്യജീവിയായ സ്ഥിതിയ്ക്ക്
ആകെ ക്ഷീണിതനാണു ഞാൻ.
ഞാൻ ജനിച്ചത് 1924ൽ.
മനുഷ്യരാശിയെക്കുറിച്ചോർക്കുകയെന്നാൽ
എന്റെ വർഷത്തിൽ പിറന്നവരെക്കുറിച്ചോർക്കുകയെന്നാണെനിക്ക്.
അവരുടെ അമ്മമാർ എന്റെ അമ്മയോടൊപ്പം  ജന്മം നല്കി,
ആശുപത്രികളിൽ, ഇരുളടഞ്ഞ വാടകമുറികളിൽ.
ഈ ദിവസം, എന്റെ പിറന്നാൾ ദിവസം
നിങ്ങൾക്കായി ഞാനൊന്നു പ്രാർത്ഥിക്കട്ടെ.
പ്രത്യാശകളുടെയും നൈരാശ്യങ്ങളുടെയും ഭാരം
ജീവിതത്തെ പിടിച്ചുതാഴ്ത്തുന്നവരേ,
ചെയ്തികൾ ചുരുങ്ങുകയും
ദൈവങ്ങൾ പെരുകുകയും ചെയ്യുന്നവരേ,
എന്റെ പ്രത്യാശയുടെ സഹോദരങ്ങളാണു നിങ്ങൾ,
എന്റെ നൈരാശ്യത്തിന്റെ ചങ്ങാതിമാരാണു നിങ്ങൾ.
ഉചിതമായ വിശ്രമം ലഭിക്കുമാറാകട്ടെ നിങ്ങൾക്ക്,
ജീവനോടുള്ളവർക്കു ജീവിതത്തിൽ,
മരിച്ചുപോയവർക്കു മരണത്തിലും.
അന്യരെക്കാൾ നന്നായി
സ്വന്തം ബാല്യകാലം ഓർമ്മ വയ്ക്കുന്നവനത്രേ വിജയി,
വിജയിക്കുന്നവർ എന്നൊരു വകയുണ്ടെങ്കിൽ.



Monday, January 24, 2011

യഹൂദാ അമിച്ചായി - അക്കെദായിലെ യഥാർത്ഥനായകൻ


അക്കെദായിലെ യഥാർത്ഥനായകൻ മുട്ടനാടായിരുന്നു,
അന്യരുടെ ഒത്തുകളി അവൻ കാണാതെപോയി.
ഇസ്ഹാക്കിന്റെ സ്ഥാനമേറ്റെടുക്കാൻ
സ്വയമവൻ മുന്നോട്ടുവന്നതു പോലെയായിരുന്നു.
ഞാനൊരു സ്തുതി പാടട്ടെ,
അവന്റെ ഓർമ്മയ്ക്ക്,
അവന്റെ ചുരുളൻ കമ്പിളിയ്ക്കും മനുഷ്യക്കണ്ണുകൾക്കും,
അഴകുള്ള തലയ്ക്കു മേൽ
അത്രയും മൗനം പൂണ്ടുകിടന്ന കൊമ്പുകൾക്ക്;
ആ കൊമ്പുകൾ തന്നെ
കശാപ്പിനു ശേഷം കാഹളങ്ങളായത്,
അവരുടെ യുദ്ധങ്ങളിൽ മുഴങ്ങാൻ,
അവരുടെ ആഭാസക്കൂത്തുൾക്കു കുഴലൂതാൻ.

അവസാനരംഗം ഞാനൊന്നു മനസ്സിൽ കാണട്ടെ,
വിശിഷ്ടമായൊരു ഫാഷൻ മാസികയിലെ
സുന്ദരമായ ഫോട്ടോ പോലെ:
സുന്ദരവേഷത്തിൽ, ഇരുനിറത്തിൽ,
കൊഞ്ചിച്ചുവളർത്തിയ പയ്യൻ,
അവനു തൊട്ടടുത്ത് നീളൻ പട്ടുകുപ്പായവുമിട്ട്
വിരുന്നിനെത്തിയ പോലെ മാലാഖ,
രണ്ടുപേരുടെയും ശൂന്യമായ ദൃഷ്ടികൾ
ശൂന്യമായ രണ്ടിടങ്ങളിൽ തറഞ്ഞിരിക്കുന്നു.

അവർക്കു പിന്നിലായി,
വർണ്ണാഭമായൊരു പശ്ചാത്തലം പോലെ,
കശാപ്പിനു മുമ്പ് കുറ്റിക്കാട്ടിൽ കുരുങ്ങിക്കിടക്കുന്ന മുട്ടനാട്.
അവന്റെ അവസാനത്തെ ചങ്ങാതി ആ കുറ്റിക്കാട്.

മാലാഖ സ്വർഗ്ഗത്തേക്കു പോയി.
ഇസ്ഹാക്കു വീട്ടിലേക്കു പോയി.
അബ്രഹാമും ദൈവവും പണ്ടേ സ്ഥലം വിട്ടു.

അക്കെദായിലെ യഥാർത്ഥനായകൻ
മുട്ടനാടു തന്നെ.



(അക്കെദാ- അബ്രഹാമിന്റെ പുത്രബലി)

Sunday, January 23, 2011

യഹൂദാ അമിച്ചായി - ചില വിശദാംശങ്ങളോർത്തുവയ്ക്കാൻ നോക്കൂ



ചില വിശദാംശങ്ങളോർത്തുവയ്ക്കാൻ നോക്കൂ.
സ്നേഹിക്കുന്നവളുടുക്കുന്നതെന്തെന്നോർമ്മയിൽ വയ്ക്കൂ;
പ്രണയനഷ്ടത്തിന്റെ നാൾ വരുമ്പോൾപ്പിന്നെ നിങ്ങൾക്കു പറയാമല്ലോ:
ഒടുവിൽക്കാണുമ്പോൾ ധരിച്ചിരുന്നതിന്നതിന്നത്:
തവിട്ടുനിറത്തിൽ കുപ്പായം, വെള്ളത്തൊപ്പിയും.
ചില വിശദാംശങ്ങളോർത്തുവയ്ക്കാൻ നോക്കൂ.
അവർക്കു മുഖമില്ലല്ലോ,
അവരാത്മാക്കളെ ഒളിപ്പിച്ചുമിരിക്കുന്നു,
ചിരിയും കരച്ചിലുമവർക്കൊരുപോലെ,
അവരുടെ മൗനവും അവരുടെ ആക്രോശവുമുയരുന്നതൊരേ നിരപ്പിലും.
അവരുടെ ദേഹോഷ്മാവെന്നും 98നും 104നുമിടയിൽ,
അവരുടെ ജീവിതമെന്നും ഒരേയൊരിടുങ്ങിയയിടത്തിൽ,
അവരുടേതായിട്ടൊരു കൽപ്രതിമയില്ല, പ്രതിരൂപമില്ല, ഓർമ്മയില്ല,
അവരുടെ വിരുന്നുകൾക്കു കടലാസ്സുകപ്പുകൾ,
ഉപയോഗിച്ചു വലിച്ചെറിയുന്ന കടലാസ്സുകപ്പുകൾ.

ചില വിശദാംശങ്ങളോർത്തുവയ്ക്കാൻ നോക്കൂ.
ഉറക്കത്തിൽ നിന്നു പറിച്ചെടുത്തവരെക്കൊണ്ടു നിറഞ്ഞതാണല്ലോ ലോകം,
ആ മുറി തുന്നിക്കൂട്ടാനാരുമില്ലല്ലോ,
കാട്ടുമൃഗങ്ങളെപ്പോലെയുമല്ലവർ,
അവർ ജീവിക്കുന്നതവനവന്റെ മാളങ്ങളിൽ,
അവർ മരിക്കുന്നതു പടനിലങ്ങളിലും ആശുപത്രികളിലും.
ഭൂമി അവരെയൊക്കെ വിഴുങ്ങും,
നല്ലവരും കെട്ടവരും തിരിയാതെ,
കോറായുടെ അനുയായികളെപ്പോലെ,
മരണത്തോടു കലഹിച്ചവർ മരിക്കും,
അവസാനനിമിഷം വരെ അവരുടെ വായകൾ തുറന്നിരിക്കും,
ഒരേ ആക്രോശത്തിൽ സ്തുതിച്ചും ശപിച്ചും.
ചില വിശദാംശങ്ങളോർത്തുവയ്ക്കാൻ നോക്കൂ, ഒന്നു നോക്കൂ.



(കോറാ- മോശയ്ക്കെതിരെ കലാപം നടത്തിയ ബൈബിൾ കഥാപാത്രം)

 

റൂമി - നിലം കുഴിക്കുന്നൊരാൾ


നിലം കുഴിക്കുന്നൊരാൾ


കണ്ണുകൾ കാണാനുള്ളവ.
ആത്മാനന്ദത്തിനാത്മാവും.
തല കൊണ്ടൊരുപയോഗമുണ്ട്:
അസ്സലുള്ളൊരാളെ പ്രണയിക്കുക.
കാലുകൾ: പിന്നാലെയോടാൻ.

മാനത്തു പോയി മറയലാണു പ്രണയം.
മനുഷ്യർ ചെയ്തുവച്ചതും ചെയ്യാനുന്നിയതും
പഠിച്ചെടുക്കാനാണു മനസ്സ്.
നിഗൂഢതകൾക്കു പിന്നാലെ പോകരുതേ.
എന്തുകൊണ്ടെന്നു മാത്രം നോക്കുമ്പോൾ
കണ്ണുകൾക്കു കാഴ്ചയും പോകുന്നു.

എന്തോ കാട്ടിയെന്നു പഴിയാണു കാമുകനെന്നും.
അവനു തന്റെ പ്രണയത്തെ കണ്ടുകിട്ടുമ്പോഴോ,
നോക്കുമ്പോൾ കാണാതെപോയതു
രൂപം പകർന്നു തിരിച്ചെത്തുന്നു.
മക്കയിലേക്കുള്ള പാതയിൽ
എത്രയാണപായങ്ങൾ:
കള്ളന്മാർ, മണൽക്കാറ്റുകൾ,
ഒട്ടകത്തിന്റെ പാലു മാത്രം കുടിയ്ക്കാൻ.
എന്നാലവിടെയെത്തി കറുത്ത കല്ലിൽ മുത്തുമ്പോൾ
അതിന്റെ പ്രതലത്തിൽ തീർത്ഥാടകനറിയുന്നു
താൻ തേടിയെത്തിയ ചുണ്ടുകളുടെ മാധുര്യം.

കള്ളനാണയങ്ങളടിച്ചിറക്കും പോലെയാണീ
വർത്തമാനം.
അവ കുന്നുകൂടുമ്പോൾ
അസ്സൽപ്രവൃത്തി പുറത്തു നടക്കുകയാണ്‌,
നിലം കുഴിക്കുന്നൊരാൾ നിധിയെടുക്കുകയാണ്‌.


ഉയിർത്തെഴുന്നേല്പ്പിന്റെ നാളിൽ


ഉയിർത്തെഴുന്നേൽപ്പിന്റെ നാൾ വരുമ്പോൾ
നിങ്ങളുടെയുടൽ നിങ്ങൾക്കെതിരെ സാക്ഷി പറയും.
നിങ്ങളുടെ കൈ പറയും, “ഞാൻ പണം മോഷ്ടിച്ചു.”
നിങ്ങളുടെ ചുണ്ടുകൾ പറയും, “ഹീനതകൾ പലതും ഞാൻ പറഞ്ഞു.”
നിങ്ങളുടെ കാലടികൾ പറയും, “പോകരുതാത്തിടത്തു ഞാൻ പോയി.”
നിങ്ങളുടെ ജനനേന്ദ്രിയം പറയും, “ഞാനും പോയിരുന്നു.”

നിങ്ങളുടെ പ്രാർത്ഥനകൾ പൊള്ളയായിരുന്നുവെന്നവ വാദിക്കും.
അതിനാൽ നിങ്ങൾ നാവടക്കുക;
നിങ്ങളുടെ ദേഹത്തിന്റെ ചെയ്തികൾ സംസാരിക്കട്ടെ;
ഗുരുവിന്റെ പിന്നാലെ നടക്കുന്ന ശിഷ്യൻ പറയുമല്ലോ
“ഇദ്ദേഹത്തിനാണെന്നെക്കാൾ വഴി നിശ്ചയം.”


 

Saturday, January 22, 2011

യഹൂദാ അമിച്ചായി–എന്‍റെ കുഞ്ഞ്


എന്റെ കുഞ്ഞ്


ഒടുവിൽ ഞാനെന്റെ കുഞ്ഞിനെ കാണുമ്പോൾ
കുറുക്കിയതേ അവൻ കഴിച്ചിരുന്നുള്ളു.
ഇന്നവൻ വിഷാദിച്ചിരിക്കുന്നു.

ഇന്നവൻ ഇറച്ചിയും റൊട്ടിയും കഴിക്കുന്നു,
കത്തിയും മുള്ളുമെടുത്ത്,
മേശപ്പുറത്തെ മര്യാദകൾ പാലിച്ചും;
അവനെ പരിശീലിപ്പിക്കുകയുമാണവ
എളിമയോടെ, ബഹളം വയ്ക്കാതെ
മരണത്തിനു കീഴടങ്ങാനും.

അവൻ കരുതുന്നു ഞാനൊരു നാവികനാണെന്ന്,
ഒരു കപ്പൽ പോലുമെനിക്കില്ലെന്നും അവനറിയാം.
കടൽ ഞങ്ങളുടേതല്ലെന്നും.
വിപുലമായ ദൂരങ്ങൾ, കാറ്റുകൾ മാത്രം.

പ്രാർത്ഥിക്കുമ്പോൾ എന്റെ പിതാവിന്റെ ചേഷ്ടകൾ,
പ്രണയിക്കുമ്പോൾ എന്റെതന്നെ ചേഷ്ടകൾ,
അവന്റെ കുഞ്ഞുടലിൽ മടങ്ങിക്കിടക്കുന്നുണ്ടവ.

മുതിരുക എന്നാൽ
അഭിലാഷത്തിന്റെ അപ്പം ചുട്ടെടുക്കുക എന്നുതന്നെ,
പൊള്ളുന്ന അടുപ്പിനു മുന്നിൽ
തുടുത്ത മുഖവുമായി
രാത്രി മുഴുവൻ ഇരിക്കുക എന്നുതന്നെ.

എന്റെ കുഞ്ഞു യാതൊന്നും കാണാതെ പോകുന്നില്ല.

അവൻ പറയാൻ പഠിച്ച ആ മാന്ത്രികപദം
‘പോയിട്ടുവാ’
മരിച്ചവർക്കിടയിലേ അതു വിലപ്പോവുകയുമുള്ളു.



എന്റെ അച്ഛൻ നാലുകൊല്ലം അവരുടെ യുദ്ധം ചെയ്തു

എന്റെ അച്ഛൻ നാലുകൊല്ലം അവരുടെ യുദ്ധം ചെയ്തു.
തന്റെ ശത്രുക്കളെ വെറുപ്പായിരുന്നില്ലദ്ദേഹത്തിന്‌, സ്നേഹവുമായിരുന്നില്ല.
എന്നാലെനിക്കറിയാം,
അത്രയുമപൂർവ്വമായിരുന്ന കൊച്ചുകൊച്ചുശാന്തതകളിൽ നിന്ന്
എന്നെ രൂപപ്പെടുത്തുകയായിരുന്നു നിത്യവുമദ്ദേഹമെന്ന്;
ബോംബുകൾക്കും പുകയ്ക്കുമിടയിൽ നിന്ന് അദ്ദേഹമവ പെറുക്കിയെടുത്തു,
അമ്മ കൊടുത്തയച്ച കല്ലിച്ച കേക്കിന്റെ ശേഷിച്ച തുണ്ടുകൾക്കൊപ്പം
ചുളിഞ്ഞ തോൾസഞ്ചിയിൽ അവയും പെറുക്കിയിട്ടു.
പേരറിയാത്ത പരേതരെ തന്റെ കണ്ണുകൾ കൊണ്ടദ്ദേഹം പെറുക്കിയെടുത്തു,
മരിച്ചവരനേകരെ എനിക്കായിട്ടദ്ദേഹം ശേഖരിച്ചുവച്ചു,
അദ്ദേഹത്തിന്റെ കണ്ണിലൂടെ ഞാനവരെ അറിയാൻ, അവരെ സ്നേഹിക്കാൻ,
അവരെപ്പോലെ, സംഭീതരായി, മരിക്കാതിരിക്കാൻ...
തന്റെ കണ്ണുകളിൽ അദ്ദേഹമവരെ വാരിനിറച്ചതു വ്യർത്ഥവുമായി:
ഞാനിറങ്ങിപ്പോകുന്നു, എന്റെ വക യുദ്ധങ്ങൾക്കായി.



കാഫ്ക - ഫെലിസിന്



1913 ആഗസ്റ്റ് 15

ഇനി സമാധാനപ്പെടൂ, ഫെലിസ്. നിനക്കൊഴിവു കിട്ടിയ ദിവസമാണ്‌, വേനൽക്കാലവുമാണ്‌. ആകാംക്ഷകൾക്കിടം കൊടുക്കരുത്, അകത്തും പുറത്തും. വേണ്ടതൊക്കെ ഞാൻ നിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞുകഴിഞ്ഞു; അവർക്കു വായിച്ചുപോകാവുന്നതും, ഒപ്പം കാര്യങ്ങൾ മനസ്സിലാവുന്നതുമായ വിധത്തിൽ സാരമായതിനെ സത്യമായതിനോടു യോജിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. അതെന്തായാലും നമുക്കിടയിൽ ഇനി മേലിൽ ആധികളെയും ഭീതികളെയും കുറിച്ചുള്ള വർത്തമാനങ്ങളൊന്നുമുണ്ടാവരുത്. അവയിൽ ശേഷിച്ചവ നമ്മുടെ പല്ലുകൾക്കിടയിൽക്കിടന്നരയട്ടെ. അടുത്തകാലത്തയച്ച കത്തുകളിലെ കുറ്റപ്പെടുത്തലുകൾ മിക്കതും ന്യായമില്ലാത്തതായിരുന്നുവെന്നു ഞാൻ സമ്മതിക്കുന്നു; അവയെക്കുറിച്ചിനി വിസ്തരിച്ചു ചർച്ച ചെയ്യണമെന്നും ഞാൻ വിചാരിക്കുന്നില്ല. അതേ സമയം നിന്റെ കത്തുകളിലെ ഏതെങ്കിലും ഭാഗം വായിച്ചു മനസ്സു വ്രണപ്പെട്ടതിൽ നിന്നല്ല ആ കുറ്റപ്പെടുത്തലുകൾ ജനിച്ചതെന്നും നീ മനസ്സിലാക്കണം; ആഴത്തിലുള്ള ഏതോ ഉത്ക്കണ്ഠകളിലാണ്‌ അതിന്റെ ഉറവുകൾ. നമുക്കവയെ മറന്നുകളയാം! ഈ വക സംഗതികൾ കൊണ്ട് നിന്നെ ദുരിതപ്പെടുത്താതിരിക്കാൻ ഞാനൊരു വഴി കണ്ടുകഴിഞ്ഞു. മനസ്സിൽ വന്നു തിടുക്കപ്പെടുത്തുന്നവയൊക്കെ എഴുതിവയ്ക്കുക, പക്ഷേ അയക്കരുത്. സമാധാനത്തോടെ ഒരുമിച്ചിരുന്നു നമുക്കവ വായിക്കാവുന്ന ഒരു കാലം വന്നുവെന്നു വരാം; ഒരു പക്ഷേ, ഒരു പക്ഷേ, വെസ്റ്റർലന്റിൽ നിന്നുള്ള ഏതൊരു കത്തിന്റെയും അലസസഞ്ചാരം കൊണ്ടു സാധിക്കുന്നതിനെക്കാൾ എളുപ്പത്തിലും വേഗത്തിലും ആത്മവിശ്വാസം പകരുന്ന ഒരു നോട്ടവും ഒരു കൈപിടിച്ചമർത്തലും കൊണ്ട് എല്ലാമെല്ലാം പരിഹൃതമായെന്നും വരാം. ഞാൻ ഒടുവിലേൽപ്പിച്ച യാതനകളെ ഞാനുമായുള്ള ചേർച്ചയിലന്തർഭവിച്ച, തുടക്കമിട്ടുകഴിഞ്ഞതുമായ, ആത്മബലിയുടെ ഭാഗമായിട്ടു കണക്കാക്കൂ, ഫെലിസ്. ഇത്രയേ എനിക്കു പറയാനാവൂ. എന്റെ കത്തിനെക്കുറിച്ച് നിന്റെ അച്ഛനും അമ്മയും നിന്നെ വിളിച്ചു ചോദിക്കുമ്പോൾ നിന്റെ ആലോചനയിലും നിന്റെ മറുപടിയിലും ഇതു കൂടി ഉൾപ്പെടുത്തൂ.

ഇനി മുതൽ ഇത്രയധികം കത്തുകൾ എന്റെ പേർക്കയക്കുകയുമരുത്. നിരന്തരമായ കത്തെഴുത്ത് എവിടെയോ പിശകിയിട്ടുള്ളതിന്റെ ലക്ഷണമാണ്‌. സമാധാനത്തിനു കത്തുകളുടെ പിൻബലം വേണ്ട. മാലോകരുടെ കണ്ണുകൾക്കു മുന്നിൽ നീ എന്റെ ഭാവിവധുവാകുന്നതു കൊണ്ട് യാതൊന്നും മാറാൻ പോകുന്നില്ല. എന്നാൽക്കൂടി സംശയങ്ങളുടെയും ഭീതികളുടെയും ബാഹ്യപ്രകടനങ്ങൾക്കവസാനമായി എന്നതിന്റെ ലക്ഷണമെങ്കിലുമാണത്. അതുകൊണ്ടു തന്നെ അത്രയധികം കത്തുകളുടെ ആവശ്യവും ഇനി മേലിലില്ല; മുറ തെറ്റാതെ, ഒരു തലനാരിഴയുടെ വീതിയ്ക്കു പോലും പിഴയ്ക്കാത്ത കൃത്യതയോടെ അയക്കുന്ന കത്തുകളുടെ ആവശ്യമേ ഇനിയുള്ളു. നിന്റെ ഭാവിവരനാവുന്നതോടെ കത്തുകൾ കൃത്യമായി അയക്കുന്നുവെങ്കിൽക്കൂടി എത്ര മോശം കത്തെഴുത്തുകാരനായി ഞാൻ മാറിയിരിക്കുന്നുവെന്നു കണ്ട് നീ അത്ഭുതപ്പെടുകയും ചെയ്യും. ബന്ധങ്ങൾ അധികമധികം ദൃഢമാവുമ്പോള്‍ കത്തുകൾ കഥയില്ലായ്മകളുമാവും.

 


റൂമി - പണി നടക്കുമിടങ്ങൾ


പണി നടക്കുമിടങ്ങൾ


പണ്ടേ ഞാൻ പറഞ്ഞിരിക്കുന്നു,
വേണ്ടതില്ലാത്തിടങ്ങൾ നോക്കിയാണു പണിക്കാരൻ നടക്കുന്നതെന്ന്,
അവിടങ്ങളിലാണയാൾ തന്റെ പണി പരിശീലിക്കുന്നതെന്ന്.

കല്ലൻ നോക്കിനടക്കുന്നത്
കൂരയിടിഞ്ഞുവീണ പഴവീട്,
ഒഴിഞ്ഞ കുടം പൊക്കിയെടുക്കാനാണു വെള്ളക്കാരൻ.
വാതിലു വയ്ക്കാത്ത വീടിനു മുന്നിൽ
തച്ചന്റെ നടത്തയും നില്ക്കും.

ശൂന്യതയുടെ സൂചനകൾ കാണുന്നിടത്തേക്ക്
പണിക്കാർ ഓടിക്കൂടുന്നു,
അതു തൂർക്കലാണവർക്കു പിന്നെ പണി.
ശൂന്യതകളിലാണവർക്കു പ്രതീക്ഷ;
അതിനാലതൊഴിവാക്കാമെന്നും കരുതേണ്ട.
അതിനുള്ളിലുണ്ട് നിങ്ങൾക്കു വേണ്ടതൊക്കെ!

എന്റെയാത്മാവേ,
നിന്റെയുള്ളിലെ കൂറ്റൻ ശൂന്യതയുമായി ചങ്ങാത്തമല്ല നീയെങ്കിൽ
എന്തിനതിലേക്കു വലയും വീശി കണ്ണും നട്ടു നീയിരിക്കുന്നു?

കണ്ണിൽപ്പെടാത്ത ഈ പെരുംകടൽ സകലസമൃദ്ധിയും നിനക്കു തന്നിട്ടും
‘മരണ’മെന്നല്ലാതെ നീയതിനെ വിളിച്ചിട്ടുണ്ടോ?

ദൈവമെന്തോ മാന്ത്രികപ്പണി ചെയ്തിരിക്കുന്നു,
അതിനാൽ നിനക്കു കൊതി
പാമ്പിൻപുറ്റിൽ കൈ കടത്താൻ;
കൺകവരുന്ന പൂവനമൊന്നടുത്തുണ്ടായിട്ടും
പാമ്പിൻ കാവുപോലൊഴിഞ്ഞുമാറിപ്പോവുകയുമാണു നീ.

ഇതു കണക്കെ വിചിത്രമാണു നിന്റെ മരണപ്പേടി,
ഇതു കണക്കശ്ലീലമാണു വേണ്ടാത്ത വകയോടു നിനക്കുള്ളടുപ്പവും.


പ്രാണൻ മാത്രം


കൃസ്ത്യാനിയല്ല, ജൂതനല്ല, മുസ്ലീമല്ല,
ഹിന്ദുവും, ബൗദ്ധനും, സൂഫിയുമല്ല.
ഒരു മതവുമില്ല, ഒരു സഭയുമില്ല.
കിഴക്കനല്ല, പടിഞ്ഞാറനല്ല.
കടലിൽ നിന്നു പൊന്തിയതല്ല,
മണ്ണിൽ നിന്നു മുളച്ചതുമല്ല.
പ്രാകൃതികമല്ല, മായികമല്ല,
പഞ്ചഭൂതങ്ങളുടെ ചേരുവയുമല്ല.
ഇരുലോകങ്ങളിലും പെട്ടവനല്ല,
ആദാമിന്റെയും ഹവ്വയുടെയും സന്തതിയല്ല,
ഒരു സൃഷ്ടികഥയിൽ നിന്നിറങ്ങിവന്നതുമല്ല.
ഇടമില്ലാത്തിടമാണെന്റെയിടം,
ഒരു പൂർണ്ണതയുടെ അംശാവതാരം.
ദേഹമല്ല, ദേഹിയല്ല.
പ്രിയനടിമ ഞാൻ,
ഞാൻ കണ്ടിരിക്കുന്നു
ഇരുലോകങ്ങളെയൊന്നായി,
നമ്മുടെ വിളി കേൾക്കുന്നവനെയും.
ഞാനറിയുന്നു തുടക്കവും ഒടുക്കവും,
അകവും പുറവും;
മനുഷ്യജന്മത്തിലോടുന്ന പ്രാണനെയും.


Friday, January 21, 2011

യഹൂദാ അമിച്ചായി - ശൗൽ രാജാവും ഞാനും

File:076.The Death of Saul.jpg


1

അവരവനൊരു വിരൽ കൊടുത്തു,
ഒരു കൈ തന്നെ അവനെടുത്തു
അവരെനിക്കൊരു കൈ തന്നു:
ചെറുവിരൽ പോലും ഞാനെടുത്തില്ല.
എന്റെ ഹൃദയം ആദ്യവികാരങ്ങളെടുത്തുയർത്താൻ ശ്രമിക്കുമ്പോൾ
കാളക്കൂറ്റന്മാരെ വലിച്ചുകീറാൻ പരീശിലിക്കുകയായിരുന്നു അവൻ.

വെള്ളക്കുഴലിൽ നിന്നു തുള്ളിയിറ്റുന്ന പോലെയായിരുന്നു
എന്റെ ഹൃദയത്തുടിപ്പുകൾ,
അവന്റെ ഹൃദയത്തുടിപ്പുകൾ
കെട്ടിടം പണി തീർക്കുന്ന ചുറ്റികയടികളായിരുന്നു.

എന്റെ വലിയേട്ടനായിരുന്നു അവൻ
എനിക്കുടുക്കാൻ കിട്ടിയത്
അവനിട്ടുപഴകിയവയും.

2

അവന്റെ ശിരസ്സ് ഒരു വടക്കുനോക്കിയന്ത്രം പോലെ
തന്റെ ഭാവിയുടെ സുനിശ്ചിതമായ ദിക്കിന്നതെന്ന്
എപ്പോഴുമവനു കാട്ടിക്കൊടുത്തിരുന്നു.

തന്റെ വാഴ്ച വരുന്ന മുഹൂർത്തത്തിൽ മുഴങ്ങാൻ
ചാവി കൊടുത്തുവച്ച ഘടികാരം പോലെയായിരുന്നു
അവന്റെ ഹൃദയം.
എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ
സകല കന്മടകളുടെയും ഒച്ചയടയും വരെ
അവൻ കിടന്നലറിയിരുന്നു.
അവനെത്തടുക്കാൻ ആരുമുണ്ടായില്ല!

കഴുതകൾ മാത്രം ഒടുവിൽ
മഞ്ഞപ്പല്ലുകളിളിച്ചുകാട്ടി.

3

അവൻ കഴുതകളെത്തേടിപ്പോയപ്പോൾ
മരിച്ചുപോയ പ്രവാചകന്മാർ കാലചക്രം തിരിച്ചു.
അതേ കഴുതകളെത്തന്നെ
ഇന്നു ഞാനും കണ്ടെത്തിയിരിക്കുന്നു.
അവയെ കൈകാര്യം ചെയ്യാൻ
എനിക്കറിയില്ലെന്നു മാത്രം.
എന്നെത്തൊഴിക്കുകയാണവ.

വൈക്കോലൊത്തു വളർന്ന ഞാൻ
കതിർക്കനം താങ്ങാനാവാതെ ചാഞ്ഞു.
അവന്റെ നിശ്വാസം പക്ഷേ,
സ്വന്തം ചരിത്രത്തിന്റെ ചക്രവാതങ്ങളായിരുന്നു.
അവനെ അഭിഷേകം ചെയ്തത്
മല്ലന്മാരുടെ കുഴമ്പുകൾ പോലെ
അഭിജാതമായ തൈലങ്ങളായിരുന്നു.
ഒലീവുമരങ്ങളോടവൻ മല്ലു പിടിച്ചു,
അവനവയെ മുട്ടുകാലിൽ വീഴ്ത്തി.

ആയാസത്താൽ ഭൂമിയുടെ നെറ്റിയിൽ
വേരുകൾ മുഴച്ചു.
പ്രവാചകന്മാർ ഗോദയിൽ നിന്നോടിക്കളഞ്ഞു;
ദൈവം മാത്രം ശേഷിച്ചു:
ദൈവമെണ്ണുകയായിരുന്നു,
ഏഴ്...എട്ട്...ഒമ്പത്...പത്ത്...
ജനങ്ങൾ അവനെ കൊണ്ടാടി.
വീണവരിലൊരാളുമെഴുന്നേറ്റില്ല.
അവൻ ജയിച്ചുകഴിഞ്ഞു.

4

ക്ഷീണിതനാണു ഞാൻ,
എന്റെ കിടക്കയിലാണാണെന്റെ രാജ്യഭാരം.

എന്റെയുറക്കം ന്യായം
എന്റെ സ്വപ്നം എന്റെ ന്യായവിധിയും.

നാളത്തേക്കായി ഞാനെന്റെയുടുപ്പുകൾ
കസേരക്കൈയിൽ തൂക്കിയിടുന്നു.

അവൻ ആകാശത്തിന്റെ ചുമരിൽ
സുവർണ്ണരോഷത്തിന്റെ ചട്ടത്തിൽ
തന്റെ രാജ്യം തൂക്കിയിട്ടു.

എന്റെ കൈകൾ പോരാ ‌,
ഒരു പൊതി കെട്ടാൻ നീളം തികയാത്ത ചരടു പോലെ.

അവന്റെ കൈകളോ, തുറമുഖത്തെ ചങ്ങലകൾ പോലെ,
കാലം കടക്കുന്ന ചരക്കുകൾ ബന്ധിക്കാനുള്ളവ.

അവൻ മരിച്ച രാജാവ്,
ക്ഷീണിതനായ മനുഷ്യൻ ഞാൻ.


ശൗൽ- ഇസ്രയേലികളുടെ ആദ്യത്തെ രാജാവ്.


link to image


Thursday, January 20, 2011

റൂമി - വസന്തം ക്രിസ്തുവായി


File:Botticelli Primavera.jpg


വസന്തം ക്രിസ്തുവായി


വിരുന്നു  കഴിഞ്ഞുറക്കമാണെല്ലാവരും.
വീടൊഴിയുന്നു.
തോട്ടത്തിലേക്കു നാമിറങ്ങുന്നു.
ആപ്പിൾമരം പീച്ചുമരത്തെ കാണട്ടെ,
പനിനീർപ്പൂ മുല്ലപ്പൂവിനു കത്തു കൊടുക്കട്ടെ.

വസന്തം ക്രിസ്തുവത്രേ.
ബലിയായ മരങ്ങൾക്കവൻ
ശവക്കോടിയിൽ നിന്നുയിർപ്പു നല്കുന്നു.
നന്ദിയുടെ മുത്തം നല്കാൻ
അവയുടെ ചുണ്ടുകൾ വിടരുന്നു.
പനിനീർപ്പൂവും ട്യൂലിപ്പും തിളങ്ങുന്നുവെങ്കിൽ
അവയ്ക്കുള്ളിലൊരു ദീപമുണ്ടെന്നത്രേ പൊരുൾ.
ഒരിലയിതാ വിറകൊള്ളുന്നു.
തെന്നലിന്റെ സൗന്ദര്യത്തിൽ
പട്ടുപോലെ ഞാനും വിറകൊള്ളുന്നു.

ഈ തെന്നൽ പരിശുദ്ധാത്മാവ്.
മരങ്ങൾ മേരി.
മണവാളനും മണവാട്ടിയും
കൈകൾ കൊണ്ടദൃശ്യലീലകളാടുന്നതു നോക്കൂ.
ഏദനിൽ നിന്നു കാമുകർക്കു മേൽ
മേഘമുത്തുകൾ പൊഴിഞ്ഞും വീഴുന്നു.

അതുമിതും പറഞ്ഞുകൂട്ടുകയാണു നാം.
ഈ നിമിഷങ്ങളുടെ ചില്ലകളിലല്ലാതെ
നമുക്കൊരിളവുമില്ല.



ആവിത്തുണ്ടുകൾ

വെട്ടമെത്തുന്നു,
വെട്ടമെത്തിക്കുന്നവനുമെത്തുന്നു!
നിങ്ങളുടെ ജീവിതസമ്പ്രദായമൊന്നു മാറ്റെന്നേ!

കടലിന്റെ ചാറയിൽ നിന്നു പകരട്ടെ
ഓരോ കോപ്പയിലുമെരിയുന്ന മദിര!
ചത്തുകിടന്നവരൊന്നുരണ്ടുപേരെഴുന്നേറ്റിരിക്കുന്നു,
മത്തുപിടിച്ചവരൊന്നുരണ്ടുപേർ
സിംഹവേട്ടയ്ക്കും പോകുന്നു.

കരുവാളിച്ചൊരു മുഖത്തെ വെയിലു കഴുകുന്നു.
പൊരുളിന്റെ പനിനിർപ്പൂവതിൽ വിരിയുന്നു.
പുൽപ്പരപ്പും നിലവും കുതിരുന്നു,
ഒരു വെളിച്ചം നമ്മുടെ ശിരസ്സുകളെ തഴുകുന്നു.
ഈ വിരലുകളാവിരലുകളാണൊയെന്നുമറിയില്ല നമുക്ക്.

സാക്ഷ നീങ്ങട്ടെ.
ഒരു നിരപ്പു മറ്റതിലേക്കൊഴുകട്ടെ.
ചൂടരിച്ചിറങ്ങട്ടെ.
വട്ടളങ്ങൾ തിളച്ചുമദിക്കട്ടെ.
ഉടുത്തതുരിഞ്ഞുവീഴട്ടെ.
കവികളിൽ നിന്നാവിത്തുണ്ടുകൾ വമിക്കുന്നു,
വെളിച്ചത്തിലെന്നപോലെവിടെയാഹ്ളാദിക്കാൻ!


ചിത്രം- വസന്തം- ബോട്ടിചെല്ലി (1445-1510)

Wednesday, January 19, 2011

കാഫ്ക - ഗ്രീറ്റാ ബ്ലോഹിന്‌



1914 ഏപ്രിൽ 26
...എനിക്കു വിശ്വാസമില്ല, വിട്ടുപോകുമ്പോൾ ഒരാൾക്കു വിഷാദം തോന്നുന്നത് താൻ വിട്ടുപോകുന്നതിനെ അയാൾക്കു സ്നേഹമായിരുന്നതു കൊണ്ടാണെന്ന്. മറിച്ചൊന്നാവാം അയാളുടെ വിഷാദത്തിന്റെ ഹേതു. എത്ര എളുപ്പത്തിലാണ്‌ ബന്ധങ്ങൾ മുറിഞ്ഞുപോകുന്നതെന്ന്, എത്ര എളുപ്പത്തിലാണ്‌ മറ്റുവർ തന്നെ വിട്ടുപോകുന്നതെന്ന് അയാൾക്കു തോന്നുകയാണ്‌. കാലങ്ങളായി വളർത്തിയെടുത്ത തൊലിപ്പുറമേയുള്ള ബന്ധങ്ങൾ, ആ കാലത്തു സൂക്ഷ്മമായി പരിശോധിക്കാതിരുന്നതിനാൽ അടുത്ത ബന്ധങ്ങളാണെന്നു തോന്നിച്ചവ, അവയുടെ തനിപ്രകൃതി പോലെ അഗണ്യമായിരുന്നുവെന്ന് അയാൾക്കു തെളിഞ്ഞുകിട്ടുകയാണ്‌. രൂപപ്പെട്ട കപടബന്ധങ്ങളെ ഖേദത്തോടെ സ്മരിക്കുകയാണയാൾ; രൂപപ്പെടാനുള്ള കപടബന്ധങ്ങളെ ഖേദത്തോടെ മുൻകൂട്ടിക്കാണുകയാണയാൾ. സ്വാതന്ത്ര്യവും വിധേയത്വവും രണ്ടും വേണ്ടതു തന്നെ; പക്ഷേ ഓരോന്നിനും അതാതിന്റെ ഇടവുമുണ്ട്. തനിക്കവ മാറിപ്പോയെന്നു ബോധ്യപ്പെടുമ്പോൾ  മനസ്സു വല്ലാതെ ചഞ്ചലപ്പെടുകയാണയാൾക്ക്...


1914 ജൂൺ 8
പ്രിയപ്പെട്ട ഫ്രൗളിൻ ഗ്രീറ്റാ,
എന്റെ കത്ത് അത്രയ്ക്കു ഹൃദയഭേദകമായിരുന്നോ? അത്ര മോശമാണു കാര്യങ്ങളെന്നു പറയാനില്ല; ആണെങ്കിൽത്തന്നെ എന്നെന്നും അങ്ങനെതന്നെയാകണമെന്നുമില്ല. എഴുതാനിരിക്കുമ്പോൾ സകലതും വന്നു കുന്നുകൂടുകയാണ്‌; ഒന്നിനും ഒഴിവാകാൻ വയ്യ; കാരണം കത്തെഴുതുന്നതു നിങ്ങൾക്കാണല്ലോ. സകലതിനും ശരിയായ, കരുണ നിറഞ്ഞ മറുപടി നിങ്ങളിൽ നിന്നുണ്ടാവുകയും ചെയ്യും. പിന്നെയാകട്ടെ, നിങ്ങളോടു ശരിക്കുമെല്ലാം പറഞ്ഞിട്ടില്ലല്ലോ എന്ന ആശ്വാസം എനിക്കു ബാക്കിയാവുന്നു, നിങ്ങളുടെ കത്തുകൾ കൊണ്ടുവരുന്ന സാന്ത്വനം കുടിച്ചിറക്കാനുള്ള അവകാശം എനിക്കുണ്ടെന്നു തോന്നുകയും ചെയ്യുന്നു.
ജൂലൈയിൽ വനപ്രദേശത്തൊരിടത്തേക്കു താമസം മാറ്റുകയാണു ഞാൻ; കുറഞ്ഞ സമയം കൊണ്ട് സ്വയമൊന്നു മെച്ചപ്പെടാനാവുമോയെന്നു നോക്കണം. ഈ ഭാഗത്തുള്ളവർ പറയാറുണ്ട്, തനിയ്ക്കു പ്രായമേറുന്നു എന്ന് ഒരാളെ ബോധ്യപ്പെടുത്തുന്നത് അയാളുടെ മക്കളാണെന്ന്. കുട്ടികളില്ലെങ്കിൽ തനിക്കുള്ളിൽത്തന്നെയുള്ള ഭൂതങ്ങൾ അപ്പണി ചെയ്തോളും; അതവർ കൂടുതൽ ഭംഗിയായിത്തന്നെ നിർവഹിക്കുകയും ചെയ്യും. ചെറുപ്പത്തിൽ ഞാൻ അവരെ പുറത്തേക്കാകർഷിച്ചുവരുത്താൻ നോക്കിയിരുന്നു; അവർ മുഖം പുറത്തു കാട്ടുക തന്നെയില്ല; ഞാൻ ശ്രമം ഊർജ്ജിതമാക്കി. അവരില്ലാതെ എനിക്കു മടുപ്പായി; അവർ വരാൻ കൂട്ടാക്കില്ല; ഇനിയൊരുകാലത്തും അവർ വരാൻ പോകുന്നില്ലെന്ന് എനിക്കു തോന്നലും വന്നുതുടങ്ങി. ആ ഒരു കാരണം കൊണ്ടുതന്നെ ഞാൻ ജീവിതത്തെ ശപിച്ചേക്കുമെന്ന ഘട്ടം വരെ എത്തി. കാലം പിന്നെയും കഴിഞ്ഞപ്പോൾ അവർ പ്രത്യക്ഷപ്പെട്ടു തുടങ്ങി, അതും അങ്ങനെയിരിക്കുമ്പോൾ മാത്രം; വിശിഷ്ടാതിഥികളെപ്പോലെ; തീരെച്ചെറുതാണവരെങ്കിൽക്കൂടി അവരെ താണു വണങ്ങേണ്ടിയുമിരുന്നു. പലപ്പോഴും അതവരായിരിക്കണമെന്നുമില്ല; കാണാനും കേൾക്കാനും അങ്ങനെ തോന്നിച്ചവരാവാനും മതി. ഇനി വന്നുകഴിഞ്ഞാൽത്തന്നെ ഘോരന്മാരായിരുന്നു അവരെന്നു പറയാനുമില്ല. അവരെക്കുറിച്ചഭിമാനിക്കാൻ നിങ്ങൾക്കു കഴിയില്ല; കൂടിവന്നാൽ തള്ളയുടെ മേൽ ചാടിവീഴുന്ന സിംഹക്കുട്ടികളെപ്പോലെയാണ്‌ അവർ നിങ്ങളുടെ മേൽ വന്നു വീണതെന്നു പറയാം; അവർ കടിയ്ക്കും; പക്ഷേ കടിച്ച പാടിൽ വിരലിന്റെ നഖം കൊണ്ടു നന്നായൊന്നമർത്തിയാലേ അങ്ങനെയൊന്നുള്ളതായി നിങ്ങളറിയാനും പോകുന്നുള്ളു. പിൽക്കാലത്തെന്തായാലും അവയ്ക്കു വലിപ്പം വച്ചു; അവ യഥേഷ്ടം വരാനും തങ്ങാനും തുടങ്ങി; കിളികളുടെ മാർദ്ദവമുള്ള പുറവടിവുകൾ ഭീമൻ സത്വങ്ങളുടെ മുതുകുകളായി; എല്ലാ വാതിലുകളിലൂടെയും, അടച്ചിട്ടവ തള്ളിത്തുറന്നും അവ കയറിവന്നു. അതികായന്മാരായ, എല്ലു തെഴുത്ത ഭൂതങ്ങളായിരുന്നു അവ, പേരില്ലാത്തൊരു പറ്റം. ഒരേയൊരു ഭൂതത്തെ നിങ്ങൾക്കെതിർത്തു നില്ക്കാം; എല്ലാം കൂടി വന്നു വളയുമ്പോൾ അതു നടക്കില്ല. എഴുതാനിരിക്കുമ്പോൾ അനുഗ്രഹം ചൊരിയുന്ന മാലാഖമാരാണവ; എഴുത്തു നടക്കാത്തപ്പോൾ പിശാചുക്കളായി മാറുകയാണവ. അവ നിങ്ങളെ ഞെരുക്കി തിക്കിക്കൂടുമ്പോൾ ഒരു കൈ ഉയർത്തി സ്വന്തം സാന്നിദ്ധ്യം പ്രഖ്യാപിക്കേണ്ടി വരികയാണു നിങ്ങൾക്ക്. ഉയർത്തിയ കൈ താഴ്ത്താതിരിക്കാൻ പണിപ്പെട്ടതിനുത്തരവാദി നിങ്ങളല്ലെന്നും ഊഹിക്കാവുന്നതാണ്‌...
എനിക്കു കത്തെഴുതാനായി നിങ്ങൾ ബുദ്ധിമുട്ടേണ്ടെന്നും, ഓഫീസിൽ നിന്നു നേരത്തേ പണി കഴിഞ്ഞിറങ്ങണമെന്നും പറയാനായിരുന്നു ഞാൻ മനസ്സിൽ കരുതിയത്. കുറച്ചു വരികൾ മതിയെനിക്ക്; അവ വേണം താനും. രണ്ടു വാചകങ്ങളും അടിയിൽ നിങ്ങളുടെ ഒപ്പും മാത്രമായാൽ മതി. എന്റെ ആവലാതി പറച്ചിൽ കൂടിപ്പോകുന്നെങ്കിൽ ക്ഷമിക്കൂ. എന്തൊക്കെയാണെങ്കിലും താങ്ങാവുന്നവയാണെല്ലാം. വേദന മാറാതെ നില്ക്കുകയാണെങ്കിൽ ദിവസങ്ങൾ മാറുന്നില്ലേ; ചെറുക്കാനുള്ള കഴിവു മാറുന്നില്ലേ; മാറ്റത്തിന്റെ തിരയൊഴുക്കിൽ അർദ്ധപ്രാണനായിട്ടെങ്കിലും നീങ്ങിപ്പോവുകയുമല്ലേ നിങ്ങൾ.
ഫ്രാൻസ് .കെ

(ഫെലിസിന്റെ സ്നേഹിതയായ ഗ്രീറ്റാ ബ്ലോഹിന്‌ കാഫ്ക അയച്ച കത്തുകളിൽ നിന്ന്)

യഹൂദാ അമിച്ചായി - ദേഹമാണു പ്രണയത്തിനു കാരണം

File:Nails in love 1.jpg


ദേഹമാണു പ്രണയത്തിനു കാരണം


ദേഹമാണു പ്രണയത്തിനു കാരണം,
പിന്നെ അതിനെ കാക്കുന്ന കോട്ടയും,
അതിൽപ്പിന്നെ പ്രണയത്തിന്റെ തടവറയും.
ദേഹം മരിക്കുമ്പോൾപ്പക്ഷേ,
അളവറ്റ സമൃദ്ധിയുമായി
പ്രണയം മോചനം നേടുന്നു,
വീണുടയുന്ന കുടുക്ക പോലെ:
പ്രചണ്ഡമായ കിലുക്കത്തോടതിൽ നിന്നു
പുറത്തുചാടുന്നു
കാലങ്ങളായുള്ള ലോഭത്തിന്റെ
നാണയങ്ങളത്രയും.


പ്രണയഗാനം


തുടക്കത്തിലിങ്ങനെ:
പെട്ടെന്നൊരയവും ഉള്ളിലൊരാനന്ദവും,
ചെരുപ്പിന്റെ നാടയൊന്നയഞ്ഞതു കെട്ടാൻ
നിങ്ങളൊന്നു കുനിയുംപോലെ.

പിന്നെ മറ്റുനാളുകളുടെ വരവായി.

ഇന്നു ഞാൻ ഭീഷണപ്രണയങ്ങളുള്ളിലൊളിപ്പിച്ച
ഒരു ട്രോജൻ കുതിര പോലെ.
ഓരോ രാത്രിയും അവ കെട്ടുപൊട്ടിച്ചു പായുന്നു,
കാടു കാട്ടി നടക്കുന്നു,
പുലരുമ്പോളെന്റെയുദരത്തിലേക്കവ
മടങ്ങുകയും ചെയ്യുന്നു.


link to image


 

നെരൂദ - ശുദ്ധിയില്ലാത്ത കവിതയെക്കുറിച്ച്


ശുദ്ധിയില്ലാത്ത കവിതയെക്കുറിച്ച്


പകലോ രാത്രിയോ, നേരം കിട്ടുന്നൊരു നേരത്ത്,
വിശ്രമമെടുക്കുന്ന വസ്തുക്കളെ ഒന്നു നോക്കിനില്ക്കുന്നതു നല്ലതാണ്‌:
അയിരിന്റെയും പച്ചക്കറിയുടെയും വൻചുമടുകൾ പേറി
പൊടി പിടിച്ച ദൂരങ്ങളോടിയ ചക്രങ്ങൾ,
കൽക്കരിച്ചാക്കുകൾ, വീപ്പകൾ,
കൂടകൾ, തച്ചന്റെ കൊട്ടുവടികൾ.
അവയിൽ നിന്നു വമിക്കുന്നത്
മനുഷ്യന്റെയും മണ്ണിന്റെയും സ്പർശങ്ങൾ,
നെഞ്ചു നീറുന്ന ഭാവഗായകനു
പഠിക്കാനുള്ള പാഠങ്ങൾ.

പഴക്കം തേയിച്ച പ്രതലങ്ങൾ,
വസ്തുക്കളിൽ കൈപ്പെരുമാറ്റത്തിന്റെ തഴമ്പുകൾ,
പലപ്പോഴും ദാരുണവും
എപ്പോഴും ശോചനീയവുമായ
ഈ വസ്തുക്കളുടെ പരിവേഷം
നമ്മിലുണർത്തുന്നത്
അവജ്ഞയോടെ തള്ളരുതാത്ത ഒരു ലോകത്തിന്റെ
യാഥാർത്ഥ്യത്തിനായുള്ള ദാഹം.

അവയിൽ നിന്നു നിങ്ങളുടെ കണ്ണിൽപ്പെടുന്നത്
മനുഷ്യജന്മങ്ങളുടെ കലുഷമായ അശുദ്ധി,
കൂമ്പാരം കൂട്ടിയ സാമഗ്രികളുടെ
ഉപയോഗവും ദുർവിനിയോഗവും,
കാലടികളുടെയും വിരലുകളുടെയും പാടുകൾ,
വസ്തുക്കളെ അകവും പുറവും കുതിർത്തെടുക്കുന്ന
മനുഷ്യാന്തരീക്ഷം.

ഇതാകട്ടെ നാം തേടിനടക്കുന്ന കവിത,
കൈകളുടെ ദൗത്യങ്ങളാൽ
അമ്ളം വീണപോലെ ദ്രവിച്ചതും,
വിയർപ്പും പുകയും മുങ്ങിയതും,
മൂത്രവും ലില്ലിപ്പൂക്കളും മണക്കുന്നതും,
നിയമം നോക്കിയും നിയമം ലംഘിച്ചുമുള്ള വ്യവഹാരങ്ങൾ കൊണ്ടു
പുള്ളി കുത്തിയതും.

അശുദ്ധമായൊരു കവിത,
എച്ചിലു വീണ കുപ്പായം പോലെ,
നാണക്കേടുകൾ പറ്റിയ ഉടലു പോലെ,
ചുളിവുകളും, അഭിപ്രായങ്ങളും,
സ്വപ്നങ്ങളും, ജാഗ്രതയും, പ്രവചനങ്ങളും,
പ്രണയത്തിന്റെയും വെറുപ്പിന്റെയും പ്രഖ്യാപനങ്ങളും,
ജന്തുക്കളും, പൗണ്ട്രകന്മാരും, ഇടയഗാനങ്ങളും,
രാഷ്ട്രീയവിശ്വാസങ്ങളും, തള്ളിപ്പറച്ചിലുകളും,
സന്ദേഹങ്ങളും നികുതികളുമായി.

പ്രണയഗാനങ്ങളുടെ പാവനനിയമങ്ങളും,
സ്പർശത്തിന്റെയും ഗന്ധത്തിന്റെയും
രസനയുടെയും കാഴ്ചയുടെയും കേൾവിയുടെയും
ശാസനകളും,
നീതിക്കായുള്ള ദാഹവും, കാമാസക്തിയും,
കടലിരമ്പുന്ന ശബ്ദവുമായി,
ഒന്നിനെയും മനപ്പൂർവം തള്ളാതെ,
ഒന്നിനെയും മനപ്പൂർവം കൊള്ളാതെ,
സംഗതികളുടെ കയങ്ങളിലേക്കൊരു പ്രവേശം
സാഹസികമായൊരു പ്രേമബന്ധം പോലെ...

ഹീനമായ രുചികളിൽ നിന്നു പലായനം ചെയ്യുന്നവൻ
മഞ്ഞുപാളിയിൽ തെന്നിവീഴും.


1936 ഡിസംബറിൽ മാഡ്രിഡിൽ നടന്ന ഒരു കവിസമ്മേളനത്തിൽ നെരൂദയെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ലോർക്ക ചെയ്ത പ്രസംഗം:


നിങ്ങൾ ഇനി കേൾക്കാൻ പോകുന്നത് ഒരസ്സൽക്കവിയെ ആണെന്നു ഞാൻ പറയട്ടെ; നമ്മുടേതല്ലാത്ത, ചുരുക്കം ചിലർക്കു മാത്രം കണ്ണിൽപ്പെടുന്ന ഒരു ലോകത്തിന്റെ ഉലയിൽ സ്വയം കാച്ചിയെടുത്ത ഒരാൾ. തത്വചിന്തയെക്കാൾ മരണത്തോടും, ബുദ്ധിയെക്കാൾ വേദനയോടും, മഷിയെക്കാൾ ചോരയോടും അടുപ്പം വയ്ക്കുന്ന ഒരാൾ. ഭാഗ്യവശാൽ തനിക്കു തന്നെ പൊരുളു തിരിയാത്ത നിഗൂഢവചനങ്ങൾ കൊണ്ട് ഉള്ളു നിറഞ്ഞ ഒരു കവി. പ്രതിമയുടെ കല്ലിച്ച കവിളിനെക്കാൾ സ്ഥായിയാണ്‌ ഈറത്തണ്ടും കുരുവിയുമെന്നു വിശ്വസിക്കുന്ന പച്ചമനുഷ്യൻ...

നിർവ്യാജമായ ഭീതിയോടെ ഈയാൾ ലോകത്തിനെതിരു നില്ക്കുന്നു; എത്രയോ കള്ളക്കവികൾക്കു ജിവിതോപായമായ രണ്ടു സംഗതികൾ ഇദ്ദേഹത്തിൽ കാണാനില്ല- വെറുപ്പും വ്യാജോക്തിയും. കുറ്റം ചുമത്തി വാളോങ്ങുമ്പോൾത്തന്നെ തന്റെ വിരലുകൾക്കിടയിൽ മുറിപ്പെട്ടൊരു മാടപ്രാവിനെ ഈയാൾ കണ്ടെത്തുകയും ചെയ്യുന്നു.



Tuesday, January 18, 2011

റൂമി - ദാഹം തീരാത്ത മത്സ്യം

File:Checkuser is not for fishing2.tif


നിന്നെ മടുക്കുകയെന്നതെനിക്കില്ല.
എന്നോടു കരുണ കാട്ടുന്നതിൽ
നിനക്കും മടുപ്പരുതേ!

എന്നെക്കൊണ്ടു മടുത്തിരിക്കും
ഈ ദാഹശമനികളൊക്കെയും,
ഈ ചഷകം, ചഷകമേന്തുന്നവളും.

എനിക്കുള്ളിൽ നീന്തിനടക്കുന്നു
ദാഹം തീരാത്തൊരു മത്സ്യം.
അതിനു ദാഹിക്കുന്നതതിനു മതിയാകുന്നുമില്ല.

ഈ സൂത്രപ്പണികളൊന്നുമെന്നോടു വേണ്ട,
ഈ കുഞ്ഞുപാത്രങ്ങൾ തട്ടിയുടയ്ക്കൂ,
കടലിലേക്കുള്ള വഴിയെനിക്കു കാട്ടൂ.

ഇന്നലെ രാത്രിയിലെന്റെ നെഞ്ചിന്റെ മദ്ധ്യത്തിൽ
വമ്പൻ തിരയൊന്നുയർന്നു,
അതിൽ മുങ്ങിത്താഴട്ടെ ഞാനിരിക്കുമിടം.

ജോസഫു ദാ, വീണുകിടക്കുന്നു
ചന്ദ്രനെപ്പോലെന്റെ കിണറ്റിൽ!
മോഹിച്ച കതിരൊക്കെ
പുഴയെടുത്തും പോയി.
അതു പോയാൽ പോകട്ടെ.

എന്റെ തലപ്പാവിന്റെ മീസാൻകല്ലിനു മുകളിൽ
ഒരഗ്നിയിതാ ഉദിച്ചുയർന്നു നില്ക്കുന്നു.
ഇനിയെനിക്കു വേണ്ടാ
പഠിപ്പും പത്രാസും.

എനിക്കിപ്പാട്ടു മതി,
ഈ പുലരി മതി,
കവിളിൽ കവിളിന്റെ ചൂടു മതി.

ശോകത്തിന്റെ വൻപട നിലയെടുത്തു നില്ക്കുമ്പോൾ
അവർക്കൊപ്പം ചേരാനെനിക്കു മനസ്സുമില്ല.

ഒരു കവിതയെഴുതിത്തീരുമ്പോൾ
ഇമ്മാതിരിയാവുകയാണു ഞാൻ.

ഒരു മഹാമൗനത്തിൽ ഞാനാഴ്ന്നുപോകുന്നു,
ഭാഷയെടുത്തുപയോഗിച്ചതെന്തിനെ-
ന്നന്ധാളിച്ചും പോകുന്നു ഞാൻ.


link to image


Monday, January 17, 2011

യഹൂദാ അമിച്ചായി - ദൈവങ്ങൾ വന്നുപോകുന്നു, പ്രാർത്ഥനകൾ മാറ്റമില്ലാതെ നില്ക്കുന്നു


1

ശവമാടങ്ങൾ തകർന്നുവീഴുന്നു,
വാക്കുകൾ വന്നുപോകുന്നു,
വാക്കുകൾ മറവിയിൽപ്പെട്ടുപോകുന്നു,
അവയുച്ചരിച്ച ചുണ്ടുകൾ മണ്ണാകുന്നു,
നാവുകൾ മനുഷ്യരെപ്പോലെ മരിക്കുന്നു,
മറ്റു നാവുകൾ ജീവനെടുക്കുന്നു,
ആകാശത്തു ദൈവങ്ങൾ മാറുന്നു,
ദൈവങ്ങൾ വന്നുപോകുന്നു,
പ്രാർത്ഥനകൾ മാറ്റമില്ലാതെ നില്ക്കുന്നു.

2

എനിക്കു വേണ്ടത് കണ്ണിനു കാണാവുന്നതും
കണ്ണു കാണാത്തതുമായൊരു ദൈവത്തെ,
എങ്കിൽ എനിക്കദ്ദേഹത്തിനു വഴി കാട്ടാമല്ലോ,
എന്തു കാണരുതെന്നു പറഞ്ഞും കൊടുക്കാമല്ലോ.
കണ്ണുപൊട്ടൻ കളിക്കുന്ന കുട്ടിയെപ്പോലെ
അവൻ കണ്ണു പൊത്തുന്നതൊന്നു കാണണമെന്നുമെനിക്കുണ്ട്.

എനിക്കു വേണ്ടത് ജനാല പോലത്തെ ഒരു ദൈവത്തെ,
എങ്കിൽ വീട്ടിലിരുന്നുകൊണ്ട് ജനാല തുറക്കുമ്പോൾ
എനിക്കു സ്വർഗ്ഗം കാണാമല്ലോ.
എനിക്കു വേണ്ടത് പുറത്തേക്കു മാത്രം തുറക്കുന്ന വാതിൽ പോലൊരു ദൈവത്തെ.
ദൈവം പക്ഷേ കുറ്റിയിൽത്തിരിയുന്നൊരു വാതിൽ പോലെ,
അകത്തേക്കും പുറത്തേക്കും കറങ്ങിത്തിരിയുകയാണവൻ,
ആദ്യന്തങ്ങളില്ലാതെയും.

3

പൂർണ്ണവിശ്വാസത്തോടെ ഞാൻ പറയുന്നു,
പ്രാർത്ഥനകൾ ദൈവത്തിനു മുമ്പേ ഉണ്ടായിരിക്കുന്നു.
പ്രാർത്ഥനകൾ ദൈവത്തെ സൃഷ്ടിച്ചു.
ദൈവം മനുഷ്യനെ സൃഷ്ടിച്ചു,
മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ സൃഷ്ടിച്ച പ്രാർത്ഥനകളെ
മനുഷ്യനും സൃഷ്ടിച്ചു.

4

ഇല്ലാതായൊരിടത്തേക്കു കയറിപ്പോകുന്ന പടവുകളാണു ദൈവം,
അതുമല്ലെങ്കിൽ ഉണ്ടായിട്ടേയില്ലാത്തൊരിടത്തേക്ക്.
പടവുകൾ എന്റെ വിശ്വാസം, പടവുകൾ എന്റെ താപം.
നമ്മുടെ പിതാമഹനായ യാക്കോബിനിതു സ്വപ്നത്തിലറിവുണ്ടായിരുന്നു.
മാലാഖമാർ പിന്നെ ക്രിസ്തുമസ് മരമലങ്കരിക്കും പോലെ
കോണിയുടെ പടികളലങ്കരിച്ചതേയുള്ളു.
ഉയിർപ്പിന്റെ സംഗീതമോ,
പടവുകളുടെ ദൈവത്തിനുള്ള സ്തുതിഗീതവും.

5

ദൈവം ഭൂമി വിട്ടുപോയപ്പോൾ
അവൻ ജൂതന്മാർക്കിടയിൽ തോറാ മറന്നുവച്ചു,
അതിൽപ്പിന്നെ അവർ അവനെയും നോക്കിനടക്കുകയാണ്‌,
പിന്നാലെ വിളിച്ചുകൂവുകയാണ്‌,
“നിങ്ങളെന്തോ എടുക്കാൻ വിട്ടുപോയി!”
എല്ലാവരും കരുതുന്നത് ഇതാണു തങ്ങളുടെ പ്രാർത്ഥനയെന്നാണ്‌,
ജൂതന്മാരുടെ പ്രാർത്ഥന.
അതിൽപ്പിന്നെ, അവൻ എവിടെയുണ്ടെന്നറിയാൻ
വേദപുസ്തകത്തിൽ സൂചനകൾ പരതുകയാണവർ.
“ദൈവം എവിടെയുണ്ടെന്നാരായുവിൻ,
അവനെ വിളിച്ചു കരയുവിൻ,
അരികിൽത്തന്നെയുണ്ടല്ലോ അവൻ”
എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
അവൻ പക്ഷേ അകലെയത്രേ.

6

കടപ്പുറത്തെപ്പൂഴിയിൽ കടൽക്കിളികളുടെ കാൽപ്പാടുകൾ,
സാധനങ്ങളും പേരുകളും സംഖ്യകളും സ്ഥലങ്ങളും ഓർമ്മയിൽ നില്ക്കാൻ
ആരോ കുറിപ്പടിയെഴുതിയ കൈയെഴുത്തു പോലെ.
രാത്രിയിൽ പൂഴിയിൽ കിളികളുടെ കാൽപ്പാടുകൾ പകലുമതേപോലെ,
അവ ശേഷിപ്പിച്ച കിളികളെ ഞാൻ കാണുന്നുമില്ല.
ദൈവത്തിന്റെ കാര്യവും അതേപോലെ.

7

ഞങ്ങളുടെ പിതാവും ഞങ്ങളുടെ രാജാവും.
താൻ ജീവിച്ചിരിക്കെത്തന്നെ സന്തതികൾ അനാഥരാവുമ്പോൾ
ഒരു പിതാവെന്തു ചെയ്യും?
സന്തതികൾ മരണപ്പെട്ടു കാലം കഴിയും വരെയും
വിലപിച്ചുകഴിയേണ്ട ഒരു പിതാവെന്തു ചെയ്യും?
കരയുക, കരയുക, ഓർമ്മിക്കാതിരിക്കുക, മറക്കാതിരിക്കുക.
നമ്മുടെ പിതാവും നമ്മുടെ രാജാവും,
വേദനയുടെ രാഷ്ട്രത്തിൽ ഒരു രാജാവെന്തു ചെയ്യും?
അവർക്കപ്പവും സർക്കസ്സും നല്കുക,
എല്ലാ രാജാക്കന്മാരെയും പോലെ.
ഓർമ്മയുടെ അപ്പവും മറവിയുടെ സർക്കസ്സും.
അപ്പവും തൃഷ്ണയും,
ദൈവത്തിനായി, ഭേദപ്പെട്ടൊരു ലോകത്തിനായുള്ള തൃഷ്ണ.
എന്റെ പിതാവും എന്റെ രാജാവും.

9

ജൂതജനത ദൈവത്തിനു തോറാ വായിച്ചുകൊടുക്കുന്നു,
ആണ്ടുടനീളം, ആഴ്ചയിലൊരദ്ധ്യായമായി,
പ്രാണരക്ഷയ്ക്കു കഥ പറഞ്ഞ ഷെഹരെസാദെയെപ്പോലെ,
തോറായുടെ പെരുന്നാളെത്തുന്ന കാലമാവുമ്പോഴേക്കും
അവൻ സകലതും മറക്കുന്നു,
നമുക്കു വീണ്ടും തുടങ്ങുകയുമാവാം.

10

ടൂറിസ്റ്റു ഗൈഡിനെപ്പോലെ
സന്ദർശകർക്കും സഞ്ചാരികൾക്കും ദൈവസന്തതികൾക്കും മുന്നിൽ
ഞങ്ങളുടെ ജീവിതത്തെ വിവരിച്ചും വിശദീകരിച്ചും കൊണ്ടു
ദൈവം പറയുകയാണ്‌ “ ഇങ്ങനെയൊക്കെയാണു ഞങ്ങളുടെ ജീവിതം.”



യഹൂദാ അമിച്ചായി - നമ്മുടെ പ്രണയത്തിന്റെ ചരിത്രത്തിൽ


നമ്മുടെ പ്രണയത്തിന്റെ ചരിത്രത്തിൽ
ഒരാളെന്നെന്നും ഒരു നാടോടിഗോത്രം,
മറ്റേയാൾ സ്വന്തം മണ്ണുള്ള രാഷ്ട്രം.
നാമന്യോന്യം സ്ഥാനങ്ങൾ വച്ചുമാറിയപ്പോൾ
നമ്മുടെ പ്രണയത്തിന്റെ കഥയും കഴിഞ്ഞു.

കാലം നമ്മെക്കടന്നുപോകും,
വേദിയിൽ പറഞ്ഞിടത്തു നില്ക്കുന്ന നടന്മാർക്കു പിന്നിൽ
രംഗപടങ്ങൾ മാറുമ്പോലെ.
വാക്കുകൾ പോലും നമ്മുടെ ചുണ്ടുകൾ കടന്നുപോകും,
കണ്ണീരു പോലും നമ്മുടെ കണ്ണുകൾ കടന്നുപോകും.
സ്വസ്ഥാനത്തു നില്ക്കുന്നവരെയൊക്കെക്കടന്നു കാലം പോകും.

നമ്മുടെ ശിഷ്ടജീവിതത്തിന്റെ ഭൂമിശാസ്ത്രത്തിൽ
ആരു തുരുത്ത്, ആരു വൻകരയെന്ന്
നാമിരുവർക്കും തെളിഞ്ഞുകിട്ടും,
നമ്മുടെ ശിഷ്ടജീവിതത്തിൽ
അന്യരുമൊത്തുള്ള പ്രണയത്തിന്റെ രാത്രികളിൽ.


Sunday, January 16, 2011

യഹൂദാ അമിച്ചായി - ലോകത്തു പാതിയാളുകൾ



ലോകത്തു പാതിയാളുകൾ
മറുപാതിയെ സ്നേഹിക്കുന്നു,
പാതിയാളുകൾ
മറുപാതിയെ വെറുക്കുന്നു.
ഇപ്പാതിയും മറുപാതിയും കാരണം
കാലവർഷം പോലിളവെന്നതില്ലാതെ 
അലഞ്ഞും തിരിഞ്ഞും നടക്കണോ ഞാൻ?
പാറകൾക്കിടയിൽക്കിടന്നുറങ്ങണോ,
ഒലീവുമരങ്ങളുടെ തടി പോലെ മുരത്തുവളരണോ,
ചന്ദ്രനെന്നെ നോക്കിക്കുരയ്ക്കുന്നതു കേൾക്കണോ,
എന്റെ പ്രണയത്തെ വേവലാതികളുടെ മറയ്ക്കുള്ളിലാക്കണോ,
തീവണ്ടിപ്പാളങ്ങൾക്കിടയിൽ വിറ പൂണ്ടു മുളയ്ക്കുന്ന 

പുൽക്കൊടികൾ പോലാകണോ ഞാൻ,
തുരപ്പനെലിയെപ്പോലെ മണ്ണിനടിയിൽക്കഴിയണോ,
ചില്ലകൾ വിട്ടു വേരുകൾക്കൊപ്പം പോകണോ,
മാലാഖമാരുടെ കവിളത്തെൻ്റെ കവിളുരുമ്മുന്നതറിയാതിരിക്കണോ,
അന്ത്യശ്വാസമെടുത്തും അവസാനവാക്കുകളുച്ചരിച്ചും
ഒന്നും തിരിഞ്ഞുകിട്ടാതെയും
മരണമഭിനയിച്ചുതീർക്കണോ ഞാൻ,
വീട്ടിനു മുകളിൽ ഞാൻ കൊടിക്കമ്പുകൾ നാട്ടണോ,
താഴെ ബോംബുഷെൽട്ടർ പണിയണോ.
മടങ്ങാൻ മാത്രമുള്ള വഴികളിലൂടിറങ്ങിപ്പോകണോ?
പൂച്ച, വടി, തീ, വെള്ളം, കശാപ്പുകാരൻ-
കിടാവിനും മരണത്തിന്റെ മാലാഖയ്ക്കുമിടയിലെ
ബീഭത്സമായ സകലതിനുമിടയിലൂടെ ഞാൻ കടന്നുപോകണോ?
പാതിയാളുകൾ സ്നേഹിക്കുന്നു,
പാതിയാളുകൾ വെറുക്കുന്നു.
ഇത്രയുചിതമായി പൊരുത്തപ്പെടുന്ന പാതികൾക്കിടയിൽ
എന്റെയിടമെവിടെ?
ഏതു വിടവിലൂടെ ഞാൻ കാണും,
വെള്ളനിറത്തിൽ എന്റെ സ്വപ്നങ്ങളുടെ ഭവനപദ്ധതികൾ,
പൂഴിമണ്ണിൽ നഗ്നപാദരായോടുന്നവരെ,
ഒന്നുമല്ലെങ്കിൽ
കയ്യാലക്കരികിൽ ഒരു പെൺകുട്ടി തൂവാല വീശുന്നതെങ്കിലും?


 

യഹൂദാ അമിച്ചായി - മനുഷ്യന്‌ സ്വന്തമായുസ്സിൽ


മനുഷ്യന്‌ സ്വന്തമായുസ്സിൽ


മനുഷ്യനു സ്വന്തമായുസ്സിനിടയിൽ
എല്ലാറ്റിനുള്ള നേരം കിട്ടുന്നില്ല.
ഓരോന്നിനും ഓരോ കാലം വച്ച്
എല്ലാറ്റിനുമുള്ള കാലവുമില്ല.
അക്കാര്യത്തിൽ സഭാപ്രസംഗിയ്ക്കു പിശകി.

മനുഷ്യനൊരേ നിമിഷം തന്നെ
സ്നേഹിക്കുകയും വെറുക്കുകയും ചെയ്യണം,
ഒരേ കണ്ണുകൾ വച്ചു ചിരിക്കുകയും കരയുകയും ചെയ്യണം,
ഒരേ കൈകൾ വച്ചു കല്ലുകളെടുത്തെറിയുകയും
അവ പെറുക്കിയെടുക്കുകയും ചെയ്യണം.
വെറുക്കാനും പൊറുക്കാനും,
ഓർമ്മ വയ്ക്കാനും മറക്കാനും,
അടുക്കിവയ്ക്കാനും കൂട്ടിക്കുഴയ്ക്കാനും,
കഴിയ്ക്കാനും ദഹിപ്പിക്കാനും,
ചരിത്രമിതിനൊക്കെ വർഷങ്ങൾ, വർഷങ്ങളെടുക്കും.

മനുഷ്യനു നേരമില്ല.
നഷ്ടപ്പെടുമ്പോൾ അവൻ തേടിപ്പോകുന്നു,
കണ്ടുകിട്ടുമ്പോൾ അവൻ മറന്നുപോകുന്നു,
മറക്കുമ്പോൾ അവൻ പ്രണയിക്കുന്നു,
പ്രണയിക്കുമ്പോൾ അവൻ മറവിയിലും വീഴുന്നു.

അവന്റെ ആത്മാവു പക്ഷേ, ഒക്കെപ്പഴക്കമായവൻ,
കാര്യപ്രാപ്തിയുള്ളവൻ.
ഉടലിനിയും പഠിച്ചുവരുന്നതേയുള്ളു.
അതെറിയുന്നതൊക്കെ കൊള്ളാതെപോകുന്നു,
ഒന്നുമതിനു പഠിയുന്നില്ല,
സ്വന്തം സന്തോഷങ്ങളും സ്വന്തം വേദനകളും കുടിച്ചുന്മത്തനായി
അന്ധനായലയുകയാണത്.

ശരല്ക്കാലത്തത്തിപ്പഴങ്ങൾ മരിക്കുമ്പോലെ അവൻ മരിക്കും,
ചുളുങ്ങിയും, സ്വയം നിറഞ്ഞും, മധുരിച്ചും;
ഇലകൾ നിലത്തു വീണുണങ്ങും,
ഇല കൊഴിഞ്ഞ ചില്ലകൾ
എല്ലാറ്റിനും നേരമുള്ളൊരിടത്തേക്കു ചൂണ്ടിയും നിൽക്കും.



ജർമ്മനിയിലെ ഒരു ജൂതസെമിത്തേരി

വളക്കൂറുള്ള പാടങ്ങൾക്കിടയിൽ
ഒരു ചെറുകുന്നിന്റെ നെറുകയിൽ ഒരു കൊച്ചുസെമിത്തേരി,
തുരുമ്പെടുത്ത ഗേറ്റിനു പിന്നിൽ ഒരു ജൂതസെമിത്തേരി,
പൊന്തക്കാടു മറഞ്ഞ്, കൈ വിട്ടതും മറവിയിൽപ്പെട്ടതും.
പ്രാർത്ഥനയുടെ ശബ്ദങ്ങൾ അവിടെ കേൾക്കാനില്ല,
വിലാപത്തിന്റെ സ്വരങ്ങളുമില്ല,
മരിച്ചവർ ദൈവത്തെ സ്തുതിക്കാറില്ലല്ലോ.
അവിടെ മുഴങ്ങിക്കേൾക്കുന്നത്
ഞങ്ങളുടെ കുട്ടികളുടെ ഒച്ചകൾ;
ശവമാടങ്ങൾ തേടിപ്പിടിക്കുകയാണവർ,
കണ്ടുകിട്ടുമ്പോൾ ആർത്തുവിളിയ്ക്കുകയാണവർ,
അവർക്കവ കാട്ടിലെ കൂണുകൾ,
കാട്ടു ഞാവൽപ്പഴങ്ങൾ.
ഇതാ മറ്റൊരു ശവമാടം!
എന്റമ്മയുടെ അമ്മമാരുടെ പേരുകളവിടെ,
പോയ നൂറ്റാണ്ടിലെ മറ്റേതോ പേരും.
ഇവിടെയിതാ മറ്റൊരു പേര്‌!
ഞാനതിലെ പായലു തുടയ്ക്കാൻ നോക്കുമ്പോഴേക്കും--
നോക്കൂ! ഓർമ്മക്കല്ലിൽ കോറിയിട്ട തുറന്ന കൈ,
ഒരു പുരോഹിതന്റെ ശവമാടം;
അദ്ദേഹത്തിന്റെ വിരലുകൾ
പുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും വിക്ഷോഭത്താൽ
വിതിർത്തുമിരിക്കുന്നു.
ഇതാ ഒരു ശവമാടം, കാട്ടുപൊന്തകൾ മറഞ്ഞ്,
സുന്ദരിയായ കാമുകിയുടെ മുഖത്തു വീണുകിടക്കുന്ന മുടി പോലെ
അവയെ വകഞ്ഞുമാറ്റുകയും വേണം.



നമ്മുടെ മനസ്സിളകിക്കൂടാ


നമ്മുടെ മനസ്സിളക്കൂടാ.
ദ്വിഭാഷിയുടെ മനസ്സിളകരുതല്ലോ.
അക്ഷോഭ്യരായി, നാം വാക്കുകൾ കടത്തിവിടും
ഒരാളിൽ നിന്നവന്റെ മകനിലേക്ക്,
ഒരു നാവിൽ നിന്നന്യരുടെ ചുണ്ടുകളിലേക്ക്,
നാമറിയാതെ,
മരിച്ചുപോയ തന്റെ അച്ഛന്റെ മുഖലക്ഷണങ്ങൾ
തന്റെ മകനിലേക്കു പകരുന്ന,
അവരിരുവരെപ്പോലെയല്ലാത്ത ഒരച്ഛനെപ്പോലെ.
വെറുമൊരു മദ്ധ്യസ്ഥൻ.

നാമോർമ്മ വയ്ക്കും,
കൈവന്നതിൽപ്പിന്നെ കൈവഴുതിപ്പോയവയെ.
ഞാൻ സ്വന്തമാക്കിയവയെ, എനിക്കു സ്വന്തമല്ലാതായവയെ.

നമ്മുടെ മനസ്സിളകിക്കൂടാ.
വിളികളും വിളിച്ചവരും മുങ്ങിത്താണു.
ഞാൻ സ്നേഹിച്ചവൾ പിരിയുമ്പോൾ
എന്നെ ചില വാക്കുകൾ ഏല്പിച്ചുമിരുന്നു,
അവൾക്കായി വളർത്തിക്കൊണ്ടുവരാൻ.

നമ്മോടു പറഞ്ഞത് അന്യരോടു നാം പറയുകയുമരുത്.
മൗനം സമ്മതമത്രേ.
നമ്മുടെ മനസ്സിളകരുതല്ലോ.


 

യഹൂദാ അമിച്ചായി - ഉയിർത്തെഴുന്നേല്പ്

File:MICHELANGELO Buonarroti - Resurrection (1520-25).jpg


അതില്പിന്നെയവർ
ഒരുമിച്ചെഴുന്നേല്ക്കും,
കസേരകളുരയുന്ന ഒച്ചയ്ക്കൊപ്പം
ഇടുങ്ങിയ വാതിലിനു നേർക്കവർ നോക്കിനില്ക്കും.

അവരുടുത്തിരിക്കുന്നതു ചുളുങ്ങിയിരിക്കുന്നു,
പൊടിയും സിഗരറ്റുചാരവുമാണതു നിറയെ.
ഷർട്ടിനുള്ളിലെ കീശയിൽ അവർ കണ്ടെത്തുന്നുമുണ്ട്
വളരെപ്പണ്ടൊരുകാലമെടുത്ത ഒരു ടിക്കറ്റിന്റെ കഷണവും.

അവരുടെ മുഖങ്ങളിൽ നിന്നു മാഞ്ഞിട്ടില്ല
ദൈവഹിതം കോറിവരച്ചതിന്റെ പാടുകൾ.
മണ്ണിനിനടിയിൽ ഇത്രനാളുറക്കമിളച്ചതിനാൽ
അവരുടെ കണ്ണുകൾ തുടുത്തുമിരിക്കുന്നു.

പിന്നെ ചോദ്യങ്ങളുയരുന്നു:
നേരമെന്തായി?
എന്റേതെടുത്തെവിടെ വച്ചു?
എപ്പോൾ? എപ്പോൾ? എപ്പോൾ?

അതിലൊരാൾ മഴ പെയ്യുമോയെന്നറിയാൻ
ഒരു പ്രാചീനനിരീക്ഷണത്തോടെ
ആകാശത്തേക്കു കണ്ണയയ്ക്കുന്നു.
ഒരു സ്ത്രീ ചിരപുരാതനമായ ഒരു ചേഷ്ടയോടെ
തഴച്ച മുടിയൊന്നൊതുക്കുന്നു.


ചിത്രം-മൈക്കലാഞ്ജലോ

Saturday, January 15, 2011

റൂമി - പ്രണയനായ്ക്കൾ


രാത്രിയിലൊരാൾ കരഞ്ഞുവിളിയ്ക്കുകയായിരുന്നു,
ദൈവമേ! ദൈവമേ!
ആ സ്തുതികൾ കൊണ്ടയാളുടെ ചുണ്ടുകളും മധുരിച്ചു.
ഇതു കേട്ടൊരു ദൈവദോഷി പറഞ്ഞു,
‘ഇത്രനാൾ തോരാതെ വിളിച്ചിട്ടും തനിയ്ക്കൊരു മറുപടി കിട്ടിയോ?’
അതിനയാൾക്കു മറുപടിയില്ലായിരുന്നു.
അയാൾ പിന്നെ പ്രാർത്ഥിക്കാനും പോയില്ല.
അശാന്തമായ നിദ്രയ്ക്കിടയിൽ
ആത്മാക്കളുടെ വഴികാട്ടിയെ അയാൾ സ്വപ്നത്തിൽക്കണ്ടു.
‘നീയിപ്പോൾ പ്രാർത്ഥിക്കാത്തതെന്തേ?’
‘ആരുമതു കേൾക്കുന്നുമില്ലല്ലോ?’
‘നിന്റെ പ്രാർത്ഥനയിലെ അഭിലാഷം തന്നെ
നിനക്കുള്ള സന്ദേശം.’

നിങ്ങളെ കരയിക്കുന്ന ശോകമാണു നിങ്ങളെ
സായൂജ്യത്തിലേക്കടുപ്പിക്കുന്നതും.

തുണയ്ക്കു കേഴുന്ന വിഷാദം തന്നെ
നിഗൂഢതയുടെ ചഷകവും.

യജമാനനെത്തേടി മോങ്ങുന്ന നായയ്ക്കു കാതോർക്കൂ.
ആ ചിണുങ്ങലാണു ബന്ധം.

പേരറിയാത്ത ചില പ്രണയനായ്ക്കളുണ്ട്.
അവയിലൊന്നാകാൻ
ജീവിതം ബലി കൊടുക്കൂ.



Friday, January 14, 2011

യഹൂദാ അമിച്ചായി - എന്റെ പിറന്നാളിന്


എന്റെ പിറന്നാളിന്‌


മുപ്പത്തിരണ്ടു തവണ ഞാൻ ജീവിതത്തിലേക്കിറങ്ങിപ്പോയി,
ഓരോ തവണയും അമ്മയുടെ വേദന കുറഞ്ഞുവന്നു,
അന്യരുടെ വേദന കുറഞ്ഞുവന്നു,
എന്റെ വേദന കൂടിയും വന്നു.

മുപ്പത്തിരണ്ടു തവണ ഞാൻ ലോകമെടുത്തണിഞ്ഞു,
ഇന്നുമതു പാകമായിട്ടില്ലെനിക്ക്.
എനിക്കു മേൽ ഭാരം തൂങ്ങുകയാണത്,
അതുപോലെയല്ല
എന്റെയുടലിന്റെ വടിവിലുള്ള എന്റെ മേലുടുപ്പ്,
ഇടാൻ സുഖമുള്ളതാണത്,
കാലം പോകെ ദ്രവിച്ചുപോകുമത്.

മുപ്പത്തിരണ്ടു തവണ ഞാൻ കണക്കുകൾ നോക്കി,
പിശകിയതു കണ്ടെത്താനെനിക്കായില്ല,
കഥയ്ക്കു തുടക്കമിട്ടിട്ട്
മുഴുമിക്കാനെനിക്കായില്ല.

മുപ്പത്തിരണ്ടു കൊല്ലമായി
അച്ഛന്റെ സ്വഭാവഗുണങ്ങൾ ഞാനൊപ്പം കൊണ്ടുനടക്കുന്നു,
ഭാരമൊന്നു കുറയ്ക്കാനായി
മിക്കതും ഞാൻ വഴിയിലുപേക്ഷിക്കുകയും ചെയ്തു.
എന്റെ വായിൽ പായൽ വന്നു നിറയുന്നു.
എനിക്കെടുത്തു മാറ്റാനാവാത്ത കണ്ണുകളിലെ രശ്മിയോ,
വസന്തത്തിലെ മരങ്ങൾക്കൊപ്പം പൂവിടാനും തുടങ്ങിയിരിക്കുന്നു.

എന്റെ സത്പ്രവൃത്തികൾ കുറഞ്ഞുകുറഞ്ഞുവരുന്നു.
അവയെച്ചുറ്റിയുള്ള വ്യാഖ്യാനങ്ങൾ ഏറിയേറിയും വരുന്നു,
താൽമൂദിലെ ക്ളിഷ്ടമായ ഒരു ഭാഗത്ത്
പാഠത്തിനിടം ചുരുങ്ങുകയും
വ്യാഖ്യാനങ്ങൾ നാലുപുറവും വന്നു വളയുകയും ചെയ്യുന്നപോലെ.

ഇന്ന്, മുപ്പത്തിരണ്ടു പ്രാവശ്യത്തിനു ശേഷവും,
ഞാനൊരു സദൃശവാക്യം,
ഇനിയത് ഒരർത്ഥമാകുമെന്നും തോന്നുന്നില്ല.
ശത്രുവിന്റെ കണ്ണുകൾക്കു മുന്നിൽ
ഒരു മറയുമില്ലാതെ ഞാൻ നില്ക്കുന്നു,
കൈയിൽ കാലഹരണപ്പെട്ട ഭൂപടങ്ങളുമായി,
ഉരുണ്ടുകൂടുന്ന ഉപരോധത്തിനിടയിൽ,
ഏകനായി,
ശുപാർശകളൊന്നുമില്ലാതെ,
അതിരറ്റ മരുഭൂമിയിൽ.


ശവക്കുഴിയിലെ പട്ടാളക്കാർ പറയുന്നു


ശവക്കുഴിയിലെ പട്ടാളക്കാർ പറയുന്നു
ഹേയ്, മുകളിൽ നില്ക്കുന്നവരേ,
ജീവൻ രക്ഷിക്കുന്ന മരുന്നുപോലെ
ഞങ്ങൾക്കു മേൽ റീത്തു വയ്ക്കുന്നവരേ,
നീട്ടിവച്ച കൈകൾക്കിടയിൽ
ഞങ്ങളുടെയൊക്കെ മുഖം
ഒരേപോലെയാണെന്നു കാണുന്നുവോ?
എന്നാൽ നിങ്ങൾക്കോർമ്മയുണ്ടാവണം
ജീവിച്ചിരിക്കെ ഞങ്ങൾ വ്യത്യസ്തരായിരുന്നുവെന്ന്,
ജലത്തിലെ ആഹ്ളാദം ഞങ്ങളറിഞ്ഞിരുന്നുവെന്ന്.

ഓർക്കുക, ഇറുന്നുവീഴുന്ന പഴത്തെ
ചില്ലയുടെയും ഇലകളുടെയും കാര്യമോർമ്മിപ്പിക്കുക,
മുരത്ത മുള്ളുകളെ വസന്തകാലത്തവ
മൃദുവും ഹരിതവുമായിരുന്നുവെന്നോർമ്മിപ്പിക്കുക.
മുറുക്കിയ മുഷ്ടി ഒരുകാലത്ത്
തുറന്ന കൈയും വിരലുകളുമായിരുന്നുവെന്നും മറക്കരുതേ.



ആദ്യപ്രണയം

പണ്ടൊരുകാലം നീയെന്നെ പ്രണയിച്ചപ്പോൾ
ഞാനതു കണ്ടില്ല;
മറ്റൊരാൾക്കു വേണ്ടി ഞാൻ നിന്നെത്തഴഞ്ഞു,
ഇസ്ഹാക്കിനെപ്പോലെ,
ഒരു മണത്തിനായി, ഒരു സ്വാദിനായി,
മാംസത്തിനുള്ള ആർത്തിക്കായി,
പാടത്തെ പരിമളത്തിനായി,
ഒരു വീടിനും അല്പം ചൂടിനുമായി.
ഞാൻ നിനക്കാകെയെഴുതിയ കത്തിലെ വരികൾ
ഇന്നെനിക്കോർമ്മയിലില്ല.
എനിക്കോർമയുള്ളത്
നാവിൽ സ്റ്റാമ്പിന്റെ പശയുടെ ചുവ മാത്രം.
നമ്മുടെ ഗതി നിർണ്ണയിച്ച വിധി ദൈവഹിതമല്ലെങ്കിലും
ഒരു സ്വരത്തിന്റെ വിധി നിർണ്ണയിക്കുന്ന
വയലിൻ വാദകന്റെ വിരൽ പോലെ
ബലത്തതും അസന്ദിഗ്ധവുമായിരുന്നുവത്,
മരണം പോലെ അന്തിമവും നിർണ്ണായകവും.



ഞാൻ കുട്ടിയായിരുന്നപ്പോൾ

ഞാൻ കുട്ടിയായിരുന്നപ്പോൾ
കടലോരത്തു പുല്ക്കൊടികളും പാമരങ്ങളും നിന്നിരുന്നു,
അവിടെ മലർന്നു കിടക്കുമ്പോൾ
ഒക്കെ ഒരുപോലെയാണെന്നും ഞാൻ കരുതി,
എനിക്കു മേൽ ആകാശത്തേക്കുയർന്നു നില്ക്കുകയാണെല്ലാം.

എന്നോടൊപ്പം പോന്നത് അമ്മ പറഞ്ഞ വാക്കുകൾ മാത്രം,
എണ്ണക്കടലാസ്സിൽ പൊതിഞ്ഞെടുത്ത റൊട്ടി പോലെ,
അച്ഛൻ എന്നു മടങ്ങുമെന്നെനിക്കറിയില്ലായിരുന്നു,
തുറസ്സിനപ്പുറം മറ്റൊരു കാടുമായിരുന്നു.

സകലതും കൈ നീട്ടിനില്ക്കുകയായിരുന്നു,
സൂര്യനെ കൊമ്പിൽ കോർത്ത് ഒരു മൂരി നിന്നിരുന്നു,
രാത്രിയിൽ തെരുവിലെ വെളിച്ചങ്ങൾ
ചുമരുകളോടൊപ്പം എന്റെ കവിളുകളെയും തലോടിയിരുന്നു,
ചന്ദ്രൻ ഒരു പെരുംകുടം പോലെ ചരിഞ്ഞ്
ദാഹാർത്തമായ എന്റെ നിദ്രയെ നനയ്ക്കുകയും ചെയ്തു.


Thursday, January 13, 2011

കാഫ്ക - ഫെലിസിന്


1913 ഫെബ്രുവരി 9-10

മനസ്സല്പം കുഴഞ്ഞ അവസ്ഥയിലാണ്‌ ഞാൻ എഴുതാനിരിക്കുന്നത്; ഒന്നിനോടൊന്നു ബന്ധമില്ലാത്ത പലതുമെടുത്തു വായിച്ചതിപ്പോൾ ഒന്നിനോടൊന്നു കൂടിച്ചേരുകയാണ്‌; ഈ തരം വായന കൊണ്ട് ഒരു പരിഹാരം കണ്ടെത്താമെന്നാണു നിങ്ങൾ മോഹിക്കുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി; ഒരു ചുമരിൽ ചെന്നുമുട്ടുകയാണു നിങ്ങൾ; അതു മറികടക്കാനുമാവില്ല. ഇതിൽ നിന്നെത്ര വ്യത്യസ്തമാണു പ്രിയപ്പെട്ടവളേ, നിന്റെ ജീവിതം. തന്റെ സഹജീവികളോടു ബന്ധപ്പെട്ടല്ലാതെ ഒരനിശ്ചിതത്വം നീ അനുഭവിച്ചിട്ടുണ്ടോ? നിന്റെ ഉള്ളിന്റെയുള്ളിൽ, അന്യരോടൊരു ബന്ധവുമില്ലാതെ, പല ദിശകളിലേക്കു നയിക്കുന്ന വ്യത്യസ്തസാധ്യതകൾ തുറക്കുന്നതും, അതുവഴി നിന്റെ ഓരോ ചലനത്തിലും  വിലക്കു വന്നുവീഴുന്നതുമായ ഒരനുഭവം നിനക്കെന്നെങ്കിലും ഉണ്ടായിക്കാണുമോ? അന്യരെക്കുറിച്ചൊരു ചിന്തയും കടന്നുവരാതിരിക്കുമ്പോഴും തന്നെക്കുറിച്ചുമാത്രമോർത്തു ഹതാശയായിട്ടുണ്ടോ നീയെന്നെങ്കിലും? സ്വയം നിലത്തേക്കു വലിച്ചെറിയാനും അന്ത്യവിധിയുടെ നാളു കഴിഞ്ഞും അവിടെത്തന്നെ ചടഞ്ഞുകിടക്കാനും തോന്നുന്നത്ര ഹതാശയായിട്ടുണ്ടോ നീ? എത്രയ്ക്കുണ്ട് നിന്റെ ദൈവവിശ്വാസം? നീ സിനഗോഗിൽ പോകാറുണ്ട്; പക്ഷേ അടുത്തൊന്നും നീ പോയിട്ടില്ലെന്ന് എനിക്കുറപ്പാണ്‌. ഏതു വിശ്വാസമാണു നിന്നെ താങ്ങിനിർത്തുന്നത്, യഹൂദമതമോ അതോ ദൈവമോ? നിനക്കെന്നെങ്കിലും ബോധ്യമായിട്ടുണ്ടോ, അതിപ്രാധാന്യമുള്ള ഒരു കാര്യവുമാണിത്,  നീയും, മനസ്സുറപ്പു തരുന്നത്ര വിദൂരവും, ഒരുപക്ഷേ അനന്തവുമായ ഒരൗന്നത്യം അല്ലെങ്കിൽ അഗാധതയുമായി ഒരവിച്ഛിന്നബന്ധമുള്ളതായി? ആ ബോധം മനസ്സിൽ ഒഴിയാതെ കൊണ്ടുനടക്കുന്ന ഒരുവന്‌ യജമാനനില്ലാത്ത നായയെപ്പോലെ മൂകമായി യാചിക്കുന്ന കണ്ണുകളോടെ അലഞ്ഞുനടക്കുക്കേണ്ട കാര്യമില്ല; തണുക്കുന്ന മഞ്ഞുകാലരാത്രിയിൽ, ചൂടുള്ള മെത്തയും ജീവിതവുമാണതെന്നപോലെ, ശവമാടത്തിലേക്കിഴഞ്ഞുകയറിക്കിടക്കാൻ കൊതിക്കുകയും വേണ്ടയാൾക്ക്. ഓഫീസിലേക്കുള്ള പടി കയറുമ്പോൾ, ഒരു കോണിത്തളത്തിലേക്ക് മുകളിൽ നിന്നുരുരുണ്ടുവീഴുകയാണു താൻ, സന്ദിഗ്ധമായ വെളിച്ചത്തിൽ മുനിഞ്ഞുകത്തിയും, പതനത്തിന്റെ വേഗത്താൽ പിരിഞ്ഞുകൂടിയും, അക്ഷമയാൽ തലയിട്ടറഞ്ഞും കൊണ്ടെന്ന് അയാൾക്കു സങ്കല്പ്പിക്കുകയും വേണ്ട.

ഒരുതരത്തിലുമുള്ള മാനുഷികബന്ധത്തിനും പറ്റാത്തവനാണു ഞാൻ എന്നു മനസ്സു കൊണ്ടു ചിലനേരത്തെനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ട് . തീർച്ചയായും എന്റെ സഹോദരിയോട് എനിക്ക് ആത്മാർത്ഥമായ സ്നേഹമുണ്ട്; എന്നോടൊപ്പം ലെയിറ്റ്മെർറ്റ്സിലേക്കു വരാമെന്ന് അവൾ പറഞ്ഞപ്പോൾ മനസ്സിൽ തട്ടിയ സന്തോഷം എനിക്കുണ്ടായി; ഇങ്ങനെയൊരു യാത്രയുടെ ആനന്ദം അവൾക്കു നല്കുന്നതിനും, അവളെ വേണ്ടവിധം പരിരക്ഷിക്കുന്നതിനും- ആരെയെങ്കിലും പരിരക്ഷിക്കുക എന്നതാണ്‌ എന്റെ ഗോപ്യമായ, സ്ഥായിയായ അഭിലാഷം; എനിക്കു ചുറ്റുമുള്ളവർ അതു കണ്ടറിയുകയോ അതിനുള്ള കഴിവ് എനിക്കുണ്ടെന്നു വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നാവാം- കഴിയുന്നതിൽ എനിക്കാഹ്ളാദവുമുണ്ടായിരുന്നു. പക്ഷേ, മൂന്നുനാലു മണിക്കൂർ ഒരുമിച്ചുള്ള യാത്രയും, ഒരേ വണ്ടിയിലെ ഇരുപ്പും, ഒരുമിച്ചുള്ള പ്രഭാതഭക്ഷണവും കഴിഞ്ഞ് കോടതിയിലേക്കു പോകാനായി ലെയിറ്റ്മെരിറ്റ്സിൽ വച്ചു യാത്ര പറയുമ്പോൾ ആശ്വാസത്തോടെ നെടുവീർപ്പിടുകയായിരുന്നു ഞാൻ; വീണ്ടും തനിച്ചായപ്പോൾ എന്റെ സഹോദരിയുടെ സാന്നിദ്ധ്യത്തിൽ ഒരിക്കലുമെനിക്കനുഭവിക്കാനാവാത്ത ഒരു ലാഘവം എനിക്കുണ്ടായി. പ്രിയപ്പെട്ടവളേ, എന്തുകൊണ്ടാണിതിങ്ങനെ? നീ സ്നേഹിക്കുന്ന ആരുടെയെങ്കിലും കാര്യത്തിൽ വിദൂരമായിട്ടെങ്കിലും ഇതിനു സമാനമായ ഒരനുഭവം നിനക്കുണ്ടായിട്ടുണ്ടോ? അസാധാരണമെന്നു പറയാവുന്ന ഒരു സാഹചര്യവുമായിരുന്നില്ലത്; വളരെ സൗഹൃദമായിട്ടാണ്‌ ഞങ്ങൾ പിരിഞ്ഞത്; ആറു മണിക്കൂറിനു ശേഷം അത്രയും സൗഹൃദത്തോടെ തന്നെ ഞങ്ങൾ വീണ്ടും കണ്ടുമുട്ടുകയും ചെയ്തു. ഒരിക്കൽ സംഭവിക്കുന്നതുമല്ലിത്; നാളെ, മറ്റേന്നാൾ, ഇനിയേതുനാളാവട്ടെ, ഇതുതന്നെ ആവർത്തിക്കും. - പ്രിയപ്പെട്ടവളേ, നിന്റെ കാൽച്ചുവട്ടിൽ ആശ്വാസം കൊണ്ടു കിടക്കുക, അതുതന്നെ ഭേദം.

                                                                                                                                       ഫ്രാൻസ്


നെരൂദ - ഇന്നു വന്നെത്തുന്നു...



ഇന്നു വന്നെത്തുന്നു, ഇന്നലെയുടെ ജഡഭാരവും പേറി,
നാളെയുടെ ചിറകുകളുമായി.
ഇന്നു കടലിന്റെ വാർദ്ധക്യം,
നാളെയുടെ ചേരുവ.

വെയിലോ നിലാവോ മോന്തുന്ന നിന്റെ ചുണ്ടുകളിൽ
പോയ നാളിന്റെയിതളുകൾ വന്നുപറ്റുന്നു;
നിഴലടഞ്ഞ തെരുവിലൂടിന്നലെയലഞ്ഞെത്തുന്നു,
മറക്കൊല്ലേ തന്റെ മുഖമെന്നു നമ്മെയോർമ്മിപ്പിക്കുന്നു.

ഇന്നലെ, ഇന്ന്, നാളെ
പൊരിച്ച മൂരിക്കുട്ടി പോലേതോ ഉദരത്തിൽപ്പോയിമറയുകയാണെല്ലാം,
അറവമാടുകൾ പോലെ ഊഴം കാക്കുന്നു നമ്മുടെ നാളുകൾ.

നിന്റെ ഹൃദയത്തിൽപ്പക്ഷേ, അപ്പത്തിന്റെ മാവു വിതറുന്നു കാലം,
എന്റെ പ്രണയം ടെമുക്കോവിലെ കളിമണ്ണു കൊണ്ടൊരടുപ്പു കൂട്ടുന്നു,
എന്റെയാത്മാവിനന്നന്നത്തെയപ്പം നീ.


പ്രണയഗീതകം - 77

റൂമി - യേശു ഓടിപ്പോയതെന്തിന്‌

File:Brooklyn Museum - Jesus Goes Up Alone onto a Mountain to Pray (Jésus monte seul sur une montagne pour prier) - James Tissot - overall.jpg


യേശുനാഥൻ, മേരീമകൻ
പിന്നാലെ കാട്ടുമൃഗം വരുന്നുണ്ടെന്നപോലെ
തിരിഞ്ഞുനോക്കാതെ കുന്നു കയറുകയാണവൻ.
അനുയായിയൊരാൾ ചോദിക്കുകയാണ്‌,
അവിടുന്നെവിടേക്കാണീ പോകുന്നത്?
പിന്നിൽ ഞാൻ ആരെയും കാണുന്നുമില്ലല്ലോ?
യേശു മിണ്ടുന്നില്ല,
രണ്ടു പാടവുമവർ കടന്നുകഴിഞ്ഞു.
അവിടുന്നല്ലേ,
വചനത്തിന്റെ ജലം തളിച്ചു മരിച്ചവനെ ഉയിർപ്പിച്ചവൻ?
ഞാൻ തന്നെ.
കളിമൺപറവകളെ പറക്കാൻ വിട്ടതും അവിടുന്നു തന്നെയല്ലേ?
അതെ.
എങ്കിൽ ഈ പലായനത്തിനു കാരണമാരാണോ?
യേശു നടത്ത പതുക്കെയാക്കി.

കുരുടന്മാർക്കും ചെകിടന്മാർക്കും മേൽ
എന്റെ വചനം വീഴുമ്പോൾ
അവർക്കു സൗഖ്യമാവുന്നു.
കല്ലു പാകിയ മണ്ണിലതു വീഴുമ്പോൾ
പൊക്കിൾക്കുഴിയോളമതിന്റെ കല്ലിപ്പു വീണ്ടുകീറുന്നു.
ഇല്ലായ്മയ്ക്കു മേൽ അതുണ്മയെ വരുത്തുന്നു.
കഷ്ടം, മനുഷ്യന്റെ ചോരയോടുന്നവർക്കിടയിൽ
മണിക്കൂറുകളും ദിവസങ്ങളും സ്നേഹത്തോടെ, നിർത്താതെ
ഞാനോതിക്കൊണ്ടിരുന്നിട്ടും
യാതൊന്നും സംഭവിക്കുന്നില്ലല്ലോ.
അവർ കല്ലായി മാറുകയാണ്‌,
പൊടിഞ്ഞു മണലാവുകയാണ്‌,
ഒരു കള്ളിച്ചെടിയും അതിൽ വളരില്ല.
ദൈവകൃപയ്ക്കു പ്രവേശിക്കാനുള്ള വഴികളാണന്യരോഗങ്ങൾ;
കൊത്തിയിട്ടുമിളകാത്ത മണ്ണിൽ
ഹിംസയേ വളരൂ,
ദൈവത്തോടുദാസീനതയേ കിളിർക്കൂ.
ഞാൻ പായുന്നതതിൽ നിന്ന്.

വായു വെള്ളം കക്കും പോലെ
വിഡ്ഢികൾക്കു മേൽ ചൊരിയുന്ന വചനം ആവിയായിപ്പോവുന്നു.
തണുത്തു മരവിച്ച കല്ലു പോലെയാണു സംശയാത്മാക്കൾ.
അവർക്കു വെയിലിന്റെ ചൂടറിയില്ല.

യേശു മനുഷ്യരിൽ നിന്നോടിയൊളിക്കുകയായിരുന്നില്ല.
പഠിപ്പിക്കാൻ മറ്റൊരു വഴിയായിരുന്നു അത്.


Painting -Jesus Alone-James Tissot


Wednesday, January 12, 2011

യഹൂദാ അമിച്ചായി - നോക്കൂ, ചിന്തകളും സ്വപ്നങ്ങളും


നോക്കൂ, ചിന്തകളും സ്വപ്നങ്ങളും


നോക്കൂ, ചിന്തകളും സ്വപ്നങ്ങളും നമുക്കു മേൽ നെയ്തിടുന്നു,
ഊടും പാവുമിട്ടു നമ്മെ മറയ്ക്കുന്നൊരു വല,
നിരീക്ഷണപ്പറക്കൽ നടത്തുന്ന വിമാനങ്ങളും ദൈവവും
ഒരിക്കലും കണ്ടുപിടിയ്ക്കില്ല
നമ്മുടെ ആഗ്രഹങ്ങളെന്താണെന്ന്
നമ്മുടെ ലക്ഷ്യമെന്താണെന്ന്.

ഒരു ചോദ്യത്തിനൊടുവിലുയരുന്ന ശബ്ദം മാത്രമേ
വസ്തുക്കൾക്കു മേലുയർന്നു തങ്ങിനില്ക്കുന്നുള്ളു;
പീരങ്കിവെടികൾ അതിനെ
കീറിപ്പറിഞ്ഞ കൊടിയാക്കുന്നു
ഛിന്നഭിന്നമായ മേഘമാക്കുന്നു.

നോക്കൂ, നമ്മുടെ ഗതിയും പൂവിന്റേതു പോലെ,
വിപരീതദിശയിൽ:
വെളിച്ചത്തിൽ മോദിക്കുന്ന വിടർന്ന പൂവായി തുടങ്ങുന്നു,
പിന്നെ കനം വച്ചു തണ്ടിലൂടിറങ്ങുന്നു,
അടഞ്ഞ മണ്ണിലെത്തിച്ചേരുന്നു,
പിന്നെ വേരു പോലെയൊടുങ്ങുന്നു
ഇരുട്ടിൽ, ഗർഭപാത്രത്തിൽ.



വേലക്കാരിയ്ക്കുള്ള നിർദ്ദേശങ്ങൾ

കപ്പുകളും പാത്രങ്ങളും എടുത്തുമാറ്റരുത്.
മേശവിരിയിലെ പാടുകൾ തുടച്ചുമാറ്റരുത്.
അറിഞ്ഞിരിക്കുന്നതു നന്ന്:
എനിക്കു മുമ്പേ മറ്റാളുകൾ ഇവിടെയുണ്ടായിരുന്നു.

മറ്റാരോ പാകം നോക്കിയ ചെരുപ്പുകളാണു ഞാൻ വാങ്ങുന്നത്.
എന്റെ സ്നേഹിതനു സ്വന്തമായിട്ടൊരു മനസ്സുണ്ട്.
എന്റെ കാമുകി മറ്റൊരാളുടെ ഭാര്യയാണ്‌.
എന്റെ രാത്രികൾ സ്വപ്നങ്ങളുമൊത്തു ശയിക്കുന്നു.
എന്റെ ജനാലയിൽ മഴത്തുള്ളികൾ ചിത്രം വരച്ചിരിക്കുന്നു.
എന്റെ പുസ്തകത്തിന്റെ താളുകളിൽ മറ്റാരോ അഭിപ്രായമെഴുതിയിരിക്കുന്നു.
എന്റെ തലയിണയിൽ അവിടെയില്ലാത്തൊരു തലയുടെ പാടും.

അതിനാൽ കപ്പുകളും പാത്രങ്ങളും എടുത്തുമാറ്റരുത്.
അറിഞ്ഞിരിക്കുന്നതു നന്ന്:
എനിക്കു മുമ്പേ മറ്റാളുകൾ ഇവിടെയുണ്ടായിരുന്നു.



ഇബ്ൻ ഗബ്രിയോൾ

ചിലനേരം ചലം
ചിലനേരം കവിത-

എന്തോ പൊട്ടിയൊലിക്കുന്നെപ്പോഴും
നീറ്റലാണെപ്പോഴും.

പിതൃക്കളുടെ കാവിൽ
പച്ചപ്പായലു പൊതിഞ്ഞൊരു മരമായിരുന്നു എന്റെ പിതാവ്.

ഉടലിന്റെ വിധവകളേ, ചോരയുടെ അനാഥസന്തതികളേ,
ഞാനൊന്നു രക്ഷപ്പെടട്ടെ.

കത്തിമുനകൾ പോലെ കൂർത്ത കണ്ണുകൾ
കനത്ത രഹസ്യങ്ങൾ തുരന്നെടുക്കുന്നു.

എന്നാലെന്റെ നെഞ്ചിലെ മുറിവിലൂടെ
തുറുകണ്ണും പായിച്ചു പ്രപഞ്ചത്തെ നോക്കിയിരിക്കുന്നു ദൈവം.

അവന്റെ മുറിയിലേക്കു തുറക്കുന്ന വാതിലാണു
ഞാൻ.


ദൈവം നഴ്സറിക്കുട്ടികളോടു കരുണ കാണിക്കും


ദൈവം നഴ്സറിക്കുട്ടികളോടു കരുണ കാണിയ്ക്കും,
സ്കൂൾകുട്ടികളോടത്രയുമില്ല.
മുതിർന്നവരോടൊട്ടുമില്ല,
അവരെയവൻ കൈവിട്ടിരിയ്ക്കുന്നു;
ചിലനേരത്തു പൊള്ളുന്ന മണലിൽ
ചോരയൊലിപ്പിച്ചും കൊണ്ടു
നാലുകാലിലിഴഞ്ഞവർ പോകണം
മുറിവു കെട്ടാനൊരാശുപത്രി തേടി.

ഇനിയഥവാ,
യഥാർത്ഥകാമുകരോടവൻ പൊറുപ്പും ദയവും കാട്ടിയെന്നും വരാം,
പാർക്കുബഞ്ചിൽ കിടന്നുറങ്ങുന്ന കിഴവനു തണലു നല്കുന്ന മരത്തെപ്പോലെ
അവരെ കാത്തുവെന്നു വരാം.

അവർക്കു നാമും കൊടുത്തുവെന്നു വരാം
അമ്മ നമുക്കു തന്നിട്ടുപോയ കരുണയുടെ ചെമ്പുതുട്ടുകൾ;
അവരുടെ സന്തോഷം നമ്മെ കാക്കട്ടെ,
ഇന്നാളും ഇനി വരാനുള്ള നാളുകളും.


 

Tuesday, January 11, 2011

യഹൂദാ അമിച്ചായി - ജറുസലേം

File:Jerusalem Dome of the rock BW 13.JPG


ജറുസലേം


പഴയ നഗരത്തിലെ ഒരു മേല്ക്കൂരയിൽ
സന്ധ്യവെളിച്ചത്തിൽ തോരയിട്ട തുണികൾ:
എന്റെ ശത്രുവായ ഒരു സ്ത്രീയുടെ വെളുത്ത വിരി,
എന്റെ ശത്രുവായ ഒരു പുരുഷൻ
നെറ്റിയിലെ വിയർപ്പു തുടയ്ക്കുന്ന തോർത്ത്.

പഴയ നഗരത്തിന്റെ ആകാശത്ത്
ഒരു പട്ടം.
ചരടിന്റെ മറ്റേയറ്റത്ത്
ഒരു കുട്ടി,
മതിലു കാരണം
എന്റെ കണ്ണിൽപ്പെടാതെ.

ഞങ്ങൾ കുറേ കൊടികൾ നാട്ടിയിരിക്കുന്നു,
അവർ കുറേ കൊടികൾ നാട്ടിയിരിക്കുന്നു,
അവർ സന്തുഷ്ടരാണെന്നു ഞങ്ങളെ ധരിപ്പിക്കാൻ,
ഞങ്ങൾ സന്തുഷ്ടരാണെന്ന് അവരെ ധരിപ്പിക്കാൻ.



ഒരു വീടിന്റെ ചുമരിനരികെ

പാറ പോലെ തോന്നിക്കാൻ ചായമടിച്ച
ഒരു വീടിന്റെ ചുമരിനരികെ
ദൈവത്തിന്റെ സൂചനകൾ ഞാൻ കണ്ടു.

അന്യർക്കു തലനോവു നല്കുന്ന രാത്രി
എനിക്കു നല്കിയത്
തലയ്ക്കുള്ളിൽ ഭംഗിയിൽ വിടരുന്ന പൂക്കൾ.

നായയെപ്പോലനാഥനായവനോ,
മനുഷ്യജീവിയെപ്പോലെ കണ്ടെടുക്കപ്പെടും
വീട്ടിലേക്കവനെ കൊണ്ടുപോകും.

അവസാനത്തെ മുറിയല്ല സ്നേഹം:
നീണ്ടുനീണ്ടുപോകുന്ന ഇടനാഴിയുടനീളം
മുറികൾ വേറെയുമുണ്ട്.


ദൈവങ്ങൾ വന്നുപോകുന്നു


ശവമാടങ്ങൾ തകർന്നുവീഴുന്നു,
വാക്കുകൾ വന്നുപോകുന്നു,
വാക്കുകൾ മറവിയിൽപ്പെട്ടുപോകുന്നു,
അവയുച്ചരിച്ച ചുണ്ടുകൾ മണ്ണാകുന്നു,
നാവുകൾ മനുഷ്യരെപ്പോലെ മരിക്കുന്നു,
മറ്റു നാവുകൾ ജീവനെടുക്കുന്നു,
ആകാശത്തു ദൈവങ്ങൾ മാറുന്നു,
ദൈവങ്ങൾ വന്നുപോകുന്നു,
പ്രാർത്ഥനകൾ മാറ്റമില്ലാതെ നില്ക്കുന്നു.


Monday, January 10, 2011

യഹൂദാ അമിച്ചായി - കാലൊച്ച


കാലൊച്ച


രാത്രിയിലെല്ലാവരും ഒരു കാലൊച്ച കേൾക്കുന്നുണ്ട്,
തടവുകാർ തന്നെയല്ല, സകലരും കേൾക്കുന്നുണ്ട്.
കാലൊച്ചകളാണു രാത്രിയിൽ സകലതും.
അകന്നു പോകുന്നവ, നടന്നടുക്കുന്നവ,
തൊടാൻ പാകത്തിലടുക്കുന്നില്ലവ പക്ഷേ.
അതത്രേ ദൈവത്തിന്റെ കാര്യത്തിൽ മനുഷ്യന്റെ പിഴവ്,
മനുഷ്യന്റെ കാര്യത്തിൽ ദൈവത്തിന്റെ പിഴവും.


എന്റെ അച്ഛൻ


ഒരു പകലത്തെ വേലയ്ക്കു കഴിയ്ക്കാൻ
വെള്ളക്കടലാസ്സിൽ പൊതിഞ്ഞെടുത്ത  റൊട്ടിക്കഷണങ്ങളാണ്‌
എന്റെ അച്ഛന്റെ ഓർമ്മ.

ഇന്ദ്രജാലക്കാരൻ തൊപ്പിക്കുള്ളിൽ നിന്നു
മുയലുകളും ഗോപുരങ്ങളും പുറത്തെടുക്കുന്ന പോലെ
തന്റെ ചടച്ച ദേഹത്തു നിന്നദ്ദേഹം പുറത്തെടുത്തിരുന്നു- സ്നേഹം.

ആ കൈകളുടെ പുഴകളിൽ
നന്മകൾ നിറഞ്ഞൊഴുകിയിരുന്നു.


ഒരാളെ മറക്കുകയെന്നാൽ


ഒരാളെ മറക്കുകയെന്നാൽ
പിന്നാമ്പുറത്തെ വിളക്കു കെടുത്താൻ മറക്കുന്ന പോലെയാണത്;
പകലു മുഴുവൻ അതു കത്തിക്കിടക്കും.

നിങ്ങളെ ഓർമ്മിപ്പിക്കുന്നതും ആ വിളക്കു തന്നെ.


എന്റെ മകനു സമാധാനത്തിന്റെ വാസന


എന്റെ മകനെ കുനിഞ്ഞെടുക്കുമ്പോൾ
അവനു സമാധാനത്തിന്റെ വാസന.
സോപ്പിന്റെ മണമല്ലത്.
സമാധാനത്തിന്റെ വാസനയുള്ള കുഞ്ഞുങ്ങളായിരുന്നു
ഒരുകാലത്തു സകലരും.
(ഈ നേരത്തൊരു കാറ്റാടിയും തിരിയുന്നുമില്ല.)

തുന്നിക്കൂട്ടാനാവാത്ത തുണി പോലെ
പിച്ചിക്കീറിയ നാടേ!
ഹെബ്രോണിലെ ശവമാടത്തിൽ
കുഞ്ഞുങ്ങളില്ലാത്ത നിശ്ശബ്ദതയിൽ
ഏകാന്തമടങ്ങുന്ന പിതാക്കന്മാരേ!

എന്റെ മകനു സമാധാനത്തിന്റെ വാസന.
ദൈവം നമുക്കു വാഗ്ദത്തം ചെയ്യാത്തത്
അമ്മയുടെ ഉദരം അവനു വാഗ്ദത്തം ചെയ്തുവല്ലോ.


വിനോദസഞ്ചാരികൾ


ഞങ്ങൾക്കവരിൽ നിന്നു കിട്ടുന്നത്
അനുശോചനസന്ദർശനങ്ങൾ മാത്രം.
ഹോളോക്കാസ്റ്റ് സ്മാരകത്തിൽ അവർ പടിഞ്ഞിരിക്കും.
വിലാപത്തിന്റെ ചുമരിനു മുന്നിൽ
ഗൗരവത്തിന്റെ മുഖം അവരെടുത്തണിയും.
ഹോട്ടൽ മുറികളിൽ കട്ടിത്തിരശീലകൾക്കു പിന്നിൽ
അവർ പൊട്ടിച്ചിരിക്കുകയും ചെയ്യും.
റേച്ചലിന്റെയും ഹെഴ്സലിന്റെയും ശവമാടങ്ങളിൽ
പേരുകേട്ട പരേതർക്കൊപ്പം നിന്ന്
അവർ പടമെടുക്കും.
ഞങ്ങളുടെ ആൺകുട്ടികളെച്ചൊല്ലി
അവർ കണ്ണീരൊഴുക്കും,
ഉടലുറച്ച ഞങ്ങളുടെ പെൺകുട്ടികളുടെ പേരിൽ
അവരാസക്തരുമാവും.
കുളിരുന്ന നീലക്കുളിമുറികളിൽ
വേഗമുണങ്ങാനായി
അടിവസ്ത്രങ്ങൾ അവർ തോരയിടും.


റൂമി - ചിരിക്കുക, മരിക്കുക

File:Soefi symbool.gif


ഒരു കാമുകൻ കാമുകിയോടു പറയുകയായിരുന്നു,
താനവളെ എന്തുമാത്രം സ്നേഹിക്കുന്നുവെന്ന്,
എത്ര വിശ്വസ്തനാണു താനവളോടെന്ന്,
പുലർച്ചെയെഴുന്നേറ്റും, പട്ടിണി കിടന്നും,
ധനവും മാനവും ബലവും വേണ്ടെന്നു വച്ചും
ആത്മത്യാഗങ്ങളെത്ര ചെയ്തിരിക്കുന്നു
അവൾക്കു വേണ്ടി താനെന്ന്.

അയാൾക്കുള്ളിലെരിഞ്ഞതൊരഗ്നി.
അയാൾക്കറിയില്ല അതെവിടെ നിന്നു വന്നുവെന്ന്;
അയാൾ കരഞ്ഞതും
മെഴുകുതിരി പോലുരുകിയതും
അതിന്റെ ചൂടിൽ.

“ഇച്ചെയ്തതൊക്കെ ശരി”, കാമുകി പറഞ്ഞു
“എന്നാലിതുകൂടി കേൾക്കൂ;
പറഞ്ഞതൊക്കെ പ്രണയത്തിന്റെ മോടികൾ,
ഇലയും ചില്ലയും പൂക്കളും.
വേരിലേക്കിറങ്ങിയാലേ
അസ്സലുള്ള പ്രണയിയാവൂ.“

”അതെയോ! അതെവിടെയെന്നൊന്നു പറയൂ!“

”നിങ്ങൾ ചെയ്തതൊക്കെ പുറംപ്രവൃത്തികൾ.
മരിച്ചിട്ടില്ലല്ലോ നിങ്ങൾ?
മരിക്കണം നിങ്ങൾ.“

അതു കേട്ടതും അയാൾ മലർന്നു കിടന്നു,
ചിരിച്ചുകൊണ്ടു മരിക്കുകയും ചെയ്തു.
ഇറുന്നു വീഴുന്ന പനിനിർപ്പൂവു പോലെയാണയാൾ തുറന്നത്,
ചിരിച്ചുകൊണ്ടാണയാൾ മരിച്ചത്.

ആ ചിരിയായിരുന്നു അയാളുടെ മോചനം,
നിത്യതയ്ക്ക് അയാളുടെ നിവേദ്യവും.

നിലാവു സൂര്യനിലേക്കു വെട്ടം പായിക്കും പോലെ
വീട്ടിൽ നിന്നൊരു വിളി അയാൾ കേട്ടു,
വിളി കേട്ടിടത്തേക്കയാൾ പോവുകയും ചെയ്തു.

വെളിച്ചമുറവിലേക്കു മടങ്ങുമ്പോൾ
തിളക്കിയതൊന്നിനേയും അതു കൂടെക്കൊണ്ടുപോകുന്നില്ല.

കുപ്പക്കൂന, ഉദ്യാനം, മനുഷ്യന്റെ കണ്ണിനകം
ഏതുമാകട്ടെ.

അതു പോകുന്നു,
പോകുമ്പോൾ ത്യക്തമായ പുൽമേടു വിങ്ങുന്നു,
പോയതു മടങ്ങുവാൻ കൊതിക്കുന്നു.


link to image


Sunday, January 9, 2011

കാഫ്ക - ഫെലിസിന്


1912 നവംബർ 11

ഫ്രൗളിൻ ഫെലിസ്!

കേൾക്കുമ്പോൾ ശരിക്കും കിറുക്കെന്നു തോന്നുന്ന ഒരു സഹായാഭ്യർത്ഥന നടത്താൻ പോവുകയാണു ഞാൻ; ഈ കത്തു കിട്ടുന്നതെനിക്കാണെങ്കിൽ അങ്ങനെ തന്നെയാണെനിക്കും തോന്നുക. ഏറ്റവും കരുണ കാട്ടുന്ന ഒരാളെപ്പോലും വിധേയനാക്കാവുന്ന ഒരു പരീക്ഷയുമാണിത്. ഇതാണു കാര്യം:

ഞായറാഴ്ച എനിക്കു കിട്ടുന്ന വിധത്തിൽ ആഴ്ചയിലൊരിക്കൽ മാത്രം എനിക്കെഴുതുക- നിത്യേനയുള്ള നിങ്ങളുടെ കത്തുകൾ താങ്ങാനെനിക്കാവുന്നില്ല, അതിനുള്ള ത്രാണി എനിക്കില്ല. ഒരുദാഹരണം പറഞ്ഞാൽ, നിങ്ങളുടെ ഒരു കത്തിനു മറുപടി എഴുതിയിട്ട് പുറമേ പ്രശാന്തത ഭാവിച്ചുകൊണ്ട് കിടക്കയിൽ പോയിക്കിടക്കുകയാണു ഞാൻ; പക്ഷേ ഉടലുടനീളം ഹൃദയം കിടന്നു പിടയ്ക്കുകയായിരിക്കും, നിങ്ങളെക്കുറിച്ചല്ലാതെ മറ്റൊരു ബോധവുമെനിക്കുണ്ടാവുകയുമില്ല. നിനക്കുള്ളതാണു ഞാൻ, ഇങ്ങനെയല്ലാതെ അതിനെ വെളിപ്പെടുത്താനാവില്ല; അതു തന്നെ അത്ര ശക്തവുമല്ല. അതേ കാരണം കൊണ്ടു തന്നെ എന്താണു നിങ്ങളുടെ വേഷമെന്നറിയണമെന്നുമെനിക്കില്ല; എനിക്കു ജീവിതത്തെ നേരിടാനാവാത്ത രീതിയിൽ അതെന്നെ കുഴപ്പത്തിലാക്കുകയാണ്‌; അതുകൊണ്ടു തന്നെയാണ്‌ നിങ്ങൾക്കെന്നോടു താത്പര്യമുണ്ടെന്നറിയണമെന്നെനിക്കില്ലാത്തതും. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ ഞാനിങ്ങനെ ഓഫീസിലോ വീട്ടിലോ കുത്തിയിരിക്കുമോ? പകരം, കണ്ണുമടച്ച് ഒരു ട്രെയിനിൽ ചാടിക്കയറി നിങ്ങളുടെയടുത്തെത്തിയിട്ട് കണ്ണു തുറക്കുകയല്ലേ ചെയ്യുക? ഹാ, ഞാനങ്ങനെ ചെയ്യാത്തതിന്‌ ദുഃഖകരമായ, ദുഃഖകരമായ ഒരു കാരണമുണ്ട്. ഞാൻ അധികം വലിച്ചുനീട്ടുന്നില്ല: എനിക്കു തികയുന്നത്രയേ ഉള്ളു എന്റെ ആരോഗ്യം; പിതൃത്വം പോകട്ടെ, വിവാഹത്തിനു തന്നെ തികയില്ലത്. അതേ സമയം നിങ്ങളുടെ കത്തു വായിക്കുമ്പോൾ വിഗണിക്കാനാവാത്തതിനെക്കൂടി വിഗണിക്കാമെന്ന് എനിക്കു തോന്നുകയും ചെയ്യുന്നു.

എനിക്കിപ്പോൾ നിങ്ങളുടെ മറുപടി കിട്ടിയിരുന്നുവെങ്കിൽ! ഞാൻ നിങ്ങളെ എന്തുമാത്രം യാതനപ്പെടുത്തുന്നു, അനക്കമറ്റ നിങ്ങളുടെ മുറിയിൽ ഈ കത്തു വായിക്കാൻ നിങ്ങളെ തള്ളിവിടുകയാണു ഞാൻ; അതും നിങ്ങളുടെ മേശപ്പുറത്തു വന്നുവീണവയിൽ വച്ചേറ്റവും ആഭാസകരമായ ഒന്നും! സത്യം പറയട്ടെ, ഒരു ദുർഭൂതത്തെപ്പോലെ നിങ്ങളുടെ ധന്യനാമത്തെ വേട്ടയാടുകയാണു ഞാനെന്ന് ചിലനേരം എനിക്കു തോന്നിപ്പോവുന്നു! ഇനിയെനിക്കെഴുതരുതെന്ന് നിങ്ങളോടപേക്ഷിച്ചുകൊണ്ടും, അങ്ങനെയൊരു വാഗ്ദാനം എന്റെ ഭാഗത്തു നിന്നു നല്കിക്കൊണ്ടുമുള്ള ശനിയാഴ്ചത്തെ ആ കത്തു ഞാൻ പോസ്റ്റു ചെയ്തിരുന്നെങ്കിൽ. ദൈവമേ, ആ കത്തയക്കുന്നതിൽ നിന്നെന്നെ വിലക്കിയതെന്തായിരുന്നു? എല്ലാം ഭംഗിയായി വരും. പക്ഷേ സമാധാനപരമായ ഒരു പരിഹാരം ഇപ്പോൾ സാധ്യമാണോ?  ആഴ്ചയിലൊരിക്കൽ മാത്രം കത്തെഴുതുന്നുവെന്നത് നമ്മെ തുണയ്ക്കുമോ? ഇല്ല, ഇങ്ങനെയുള്ള പ്രയോഗങ്ങൾ കൊണ്ട് എന്റെ ദുരിതം ശമിക്കുമെങ്കിൽ അതത്ര ഗൗരവമുള്ളതാവുകയുമില്ല. ഞായറാഴ്ച കിട്ടുന്ന കത്തുകൾ പോലും താങ്ങാനുള്ള കെല്പ്പെനിക്കുണ്ടാവുകയില്ലെന്ന് ഇപ്പോൾത്തന്നെ ഞാൻ മുൻകൂട്ടി കണ്ടുതുടങ്ങുന്നു. അതിനാൽ, ശനിയാഴ്ച നഷ്ടപ്പെടുത്തിയ അവസരത്തിനു പകരമായി ഈ കത്തിനൊടുവിൽ ശേഷിച്ച ഊർജ്ജമൊക്കെയെടുത്തുകൊണ്ട് ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്‌: നാം നമ്മുടെ ജീവിതങ്ങൾക്കു വില കല്പ്പിക്കുന്നുവെങ്കിൽ ഇതൊക്കെ ഉപേക്ഷിക്കുക.

നിങ്ങളുടെ സ്വന്തം എന്നു ഞാൻ ഈ കത്തവസാനിപ്പിക്കുമെന്നെനിക്കുണ്ടായിരുന്നോ? ഇല്ല, അത്രയും സത്യവിരുദ്ധമായി മറ്റൊന്നുമുണ്ടാവില്ല. എന്നെന്നും എന്നോടു തന്നെ തളയ്ക്കപ്പെട്ടവനാണു ഞാൻ, അതാണു ഞാൻ, അതിനോടു പൊരുത്തപ്പെട്ടു വേണം ജീവിച്ചുപോവാൻ ഞാൻ നോക്കേണ്ടതും.

                                                                                                                                          ഫ്രാൻസ്