Wednesday, January 12, 2011

യഹൂദാ അമിച്ചായി - നോക്കൂ, ചിന്തകളും സ്വപ്നങ്ങളും


നോക്കൂ, ചിന്തകളും സ്വപ്നങ്ങളും


നോക്കൂ, ചിന്തകളും സ്വപ്നങ്ങളും നമുക്കു മേൽ നെയ്തിടുന്നു,
ഊടും പാവുമിട്ടു നമ്മെ മറയ്ക്കുന്നൊരു വല,
നിരീക്ഷണപ്പറക്കൽ നടത്തുന്ന വിമാനങ്ങളും ദൈവവും
ഒരിക്കലും കണ്ടുപിടിയ്ക്കില്ല
നമ്മുടെ ആഗ്രഹങ്ങളെന്താണെന്ന്
നമ്മുടെ ലക്ഷ്യമെന്താണെന്ന്.

ഒരു ചോദ്യത്തിനൊടുവിലുയരുന്ന ശബ്ദം മാത്രമേ
വസ്തുക്കൾക്കു മേലുയർന്നു തങ്ങിനില്ക്കുന്നുള്ളു;
പീരങ്കിവെടികൾ അതിനെ
കീറിപ്പറിഞ്ഞ കൊടിയാക്കുന്നു
ഛിന്നഭിന്നമായ മേഘമാക്കുന്നു.

നോക്കൂ, നമ്മുടെ ഗതിയും പൂവിന്റേതു പോലെ,
വിപരീതദിശയിൽ:
വെളിച്ചത്തിൽ മോദിക്കുന്ന വിടർന്ന പൂവായി തുടങ്ങുന്നു,
പിന്നെ കനം വച്ചു തണ്ടിലൂടിറങ്ങുന്നു,
അടഞ്ഞ മണ്ണിലെത്തിച്ചേരുന്നു,
പിന്നെ വേരു പോലെയൊടുങ്ങുന്നു
ഇരുട്ടിൽ, ഗർഭപാത്രത്തിൽ.



വേലക്കാരിയ്ക്കുള്ള നിർദ്ദേശങ്ങൾ

കപ്പുകളും പാത്രങ്ങളും എടുത്തുമാറ്റരുത്.
മേശവിരിയിലെ പാടുകൾ തുടച്ചുമാറ്റരുത്.
അറിഞ്ഞിരിക്കുന്നതു നന്ന്:
എനിക്കു മുമ്പേ മറ്റാളുകൾ ഇവിടെയുണ്ടായിരുന്നു.

മറ്റാരോ പാകം നോക്കിയ ചെരുപ്പുകളാണു ഞാൻ വാങ്ങുന്നത്.
എന്റെ സ്നേഹിതനു സ്വന്തമായിട്ടൊരു മനസ്സുണ്ട്.
എന്റെ കാമുകി മറ്റൊരാളുടെ ഭാര്യയാണ്‌.
എന്റെ രാത്രികൾ സ്വപ്നങ്ങളുമൊത്തു ശയിക്കുന്നു.
എന്റെ ജനാലയിൽ മഴത്തുള്ളികൾ ചിത്രം വരച്ചിരിക്കുന്നു.
എന്റെ പുസ്തകത്തിന്റെ താളുകളിൽ മറ്റാരോ അഭിപ്രായമെഴുതിയിരിക്കുന്നു.
എന്റെ തലയിണയിൽ അവിടെയില്ലാത്തൊരു തലയുടെ പാടും.

അതിനാൽ കപ്പുകളും പാത്രങ്ങളും എടുത്തുമാറ്റരുത്.
അറിഞ്ഞിരിക്കുന്നതു നന്ന്:
എനിക്കു മുമ്പേ മറ്റാളുകൾ ഇവിടെയുണ്ടായിരുന്നു.



ഇബ്ൻ ഗബ്രിയോൾ

ചിലനേരം ചലം
ചിലനേരം കവിത-

എന്തോ പൊട്ടിയൊലിക്കുന്നെപ്പോഴും
നീറ്റലാണെപ്പോഴും.

പിതൃക്കളുടെ കാവിൽ
പച്ചപ്പായലു പൊതിഞ്ഞൊരു മരമായിരുന്നു എന്റെ പിതാവ്.

ഉടലിന്റെ വിധവകളേ, ചോരയുടെ അനാഥസന്തതികളേ,
ഞാനൊന്നു രക്ഷപ്പെടട്ടെ.

കത്തിമുനകൾ പോലെ കൂർത്ത കണ്ണുകൾ
കനത്ത രഹസ്യങ്ങൾ തുരന്നെടുക്കുന്നു.

എന്നാലെന്റെ നെഞ്ചിലെ മുറിവിലൂടെ
തുറുകണ്ണും പായിച്ചു പ്രപഞ്ചത്തെ നോക്കിയിരിക്കുന്നു ദൈവം.

അവന്റെ മുറിയിലേക്കു തുറക്കുന്ന വാതിലാണു
ഞാൻ.


ദൈവം നഴ്സറിക്കുട്ടികളോടു കരുണ കാണിക്കും


ദൈവം നഴ്സറിക്കുട്ടികളോടു കരുണ കാണിയ്ക്കും,
സ്കൂൾകുട്ടികളോടത്രയുമില്ല.
മുതിർന്നവരോടൊട്ടുമില്ല,
അവരെയവൻ കൈവിട്ടിരിയ്ക്കുന്നു;
ചിലനേരത്തു പൊള്ളുന്ന മണലിൽ
ചോരയൊലിപ്പിച്ചും കൊണ്ടു
നാലുകാലിലിഴഞ്ഞവർ പോകണം
മുറിവു കെട്ടാനൊരാശുപത്രി തേടി.

ഇനിയഥവാ,
യഥാർത്ഥകാമുകരോടവൻ പൊറുപ്പും ദയവും കാട്ടിയെന്നും വരാം,
പാർക്കുബഞ്ചിൽ കിടന്നുറങ്ങുന്ന കിഴവനു തണലു നല്കുന്ന മരത്തെപ്പോലെ
അവരെ കാത്തുവെന്നു വരാം.

അവർക്കു നാമും കൊടുത്തുവെന്നു വരാം
അമ്മ നമുക്കു തന്നിട്ടുപോയ കരുണയുടെ ചെമ്പുതുട്ടുകൾ;
അവരുടെ സന്തോഷം നമ്മെ കാക്കട്ടെ,
ഇന്നാളും ഇനി വരാനുള്ള നാളുകളും.


 

1 comment:

വിഷ്ണു പ്രസാദ് said...

വേലക്കാരിക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇഷ്ടമായി