Sunday, January 9, 2011

യഹൂദാ അമിച്ചായി - അമ്മയൊരിക്കലെന്നോടു പറഞ്ഞു




അമ്മയൊരിക്കലെന്നോടു പറഞ്ഞു


അമ്മയൊരിക്കലെന്നോടു പറഞ്ഞു
മുറിക്കുള്ളിൽ പൂക്കളുമായി ഉറങ്ങാൻ കിടക്കരുതെന്ന്.
അതിൽപ്പിന്നെ പൂക്കളുമൊത്തുറങ്ങിയിട്ടില്ല ഞാൻ.
ഞാനുറങ്ങുന്നതൊറ്റയ്ക്ക്, അവയുടെ കൂട്ടില്ലാതെ.

പൂക്കൾ പലതുണ്ടായിരുന്നു.
എനിക്കു നേരം കുറവുമായിരുന്നു.
ഞാൻ സ്നേഹിച്ചിരുന്നവർ
എന്റെ ജീവിതത്തിൽ നിന്നകലുകയുമാണ്‌
കടവിൽ നിന്നു തള്ളിമാറ്റുന്ന തോണികൾ പോലെ.

അമ്മ പറഞ്ഞു
പൂക്കളുമൊത്തുറങ്ങരുതെന്ന്.
നിങ്ങൾക്കുറക്കം വരില്ല.
നിങ്ങൾക്കുറക്കം വരില്ല, എന്റെ ബാല്യത്തിനമ്മേ.

സ്കൂളിലേക്കെന്നെ വലിച്ചിഴച്ചപ്പോൾ
ഞാൻ മുറുകെപ്പിടിച്ച കൈവരി
പണ്ടേ എരിഞ്ഞു വീണിരിക്കുന്നു.
എന്റെ കൈകൾ,
മുറുകെപ്പിടിച്ചവ,
മുറുകെപ്പിടിച്ചു തന്നെയുമിരിക്കുന്നു.




മടമ്പുയർന്ന ചെരുപ്പുകൾ

മണ്ണെത്ര തവണ പറഞ്ഞു:
കയറി വരൂ!
മടമ്പുയർന്ന ചെരുപ്പിൽക്കയറി
ശബ്ദമുണ്ടാക്കി നീ പാത മുറിച്ചുകടക്കുമ്പോൾ
അതു പറഞ്ഞു, കയറി വരൂ!
നിനക്കതു കാതിൽപ്പെട്ടില്ല.




എന്നെ വിളിയ്ക്കുന്നു


താഴെ ടാക്സിക്കാറുകൾ
മുകളിൽ മാലാഖമാർ
അക്ഷമരാണിരുവരും.
ഒരേ സമയത്തവർ വിളിയ്ക്കുകയാണ്‌
പേടിപ്പെടുത്തുന്നൊരൊച്ചയിൽ.

ഞാനിതാ വരുന്നു,
ഞാനിതാ വരുന്നു,
ഞാനിതാ കയറിവരുന്നു,
ഞാനിതാ ഇറങ്ങിവരുന്നു.




ഒരു സ്ത്രീയുമൊത്തു നടക്കുമ്പോൾ


മണിക്കൂറുകൾ നടന്നുകഴിയുമ്പോൾ
പെട്ടെന്നു നിങ്ങൾ കണ്ടുപിടിയ്ക്കുന്നു
നിങ്ങളുടെയരികിൽ ചുവടു വയ്ക്കുന്ന സ്ത്രീയുടെയുടൽ
യാത്രയ്ക്കും യുദ്ധത്തിനും പറഞ്ഞിട്ടുള്ളതല്ലെന്ന്,

കനത്തു കഴയ്ക്കുകയാണവളുടെ തുടകളെന്ന്
തളര്‍ന്നൊരാട്ടിന്‍പറ്റം പോലെയാണവളുടെ നിതംബമിളകുന്നതെന്ന്,
സ്ത്രീകളിമ്മാതിരിയായ ഒരു ലോകത്തിന്റെ പേരിൽ
നിങ്ങൾക്കുള്ളിൽ ആഹ്ളാദം നുരഞ്ഞുപൊന്തുകയും ചെയ്യുന്നു.




സിയോൺ മലയിൽ


സിയോൺ മലയിൽ ആടിനെത്തേടിനടക്കുകയാണ് ഇടയനായ ഒരറബി.
എതിരേയുള്ള കുന്നിൽ എന്റെ കുട്ടിയെ നോക്കി നടക്കുകയാണു ഞാൻ.
ഇടയനായ അറബി, അച്ഛനായ ജൂതൻ,
താല്ക്കാലികപരാജയങ്ങളിലാണിരുവരും.
ഞങ്ങൾക്കിടയിലെ സുൽത്താന്റെ തടാകത്തിനു മേൽ
ഞങ്ങളുടെ ശബ്ദങ്ങൾ കണ്ടുമുട്ടുന്നു.
ഇരുവർക്കുമാഗ്രഹമുണ്ട്
ഹദ് ഗദ്യാ യന്ത്രത്തിന്റെ ചക്രങ്ങൾക്കിടയിൽ പെട്ടുപോകരുത്
തന്റെ കുട്ടിയും തന്റെയാടുമെന്ന്.

പിന്നെ പൊന്തകൾക്കിടയിൽ നിന്ന് അവരെ കണ്ടുകിട്ടുമ്പോൾ
ചിരിച്ചും കരഞ്ഞും ഞങ്ങളുടെ ശബ്ദങ്ങൾ
ഞങ്ങളുടെ നെഞ്ചിലേക്കു മടങ്ങുന്നു.

ഒരാടിനെത്തേടി നടക്കുക
ഒരു കുട്ടിയെ നോക്കി നടക്കുക
ഈ മലകളിൽ പുതിയൊരു മതത്തിനു തുടക്കമിടുന്നതെന്നുമിങ്ങനെ.



ഹദ് ഗദ്യ- ഒരു കിടാവ് എന്നു തുടങ്ങുന്ന ഒരു ഹീബ്രു സംഘഗാനം; ജയിൽ എന്നും ഇപ്പോൾ ഒരർത്ഥമുണ്ട്.
സുൽത്താന്റെ തടാകം- പഴയ ജറുസലേമിൽ ഒട്ടോമൻ സുൽത്താന്മാർ പണിത തടാകം


No comments: