Wednesday, January 19, 2011

കാഫ്ക - ഗ്രീറ്റാ ബ്ലോഹിന്‌



1914 ഏപ്രിൽ 26
...എനിക്കു വിശ്വാസമില്ല, വിട്ടുപോകുമ്പോൾ ഒരാൾക്കു വിഷാദം തോന്നുന്നത് താൻ വിട്ടുപോകുന്നതിനെ അയാൾക്കു സ്നേഹമായിരുന്നതു കൊണ്ടാണെന്ന്. മറിച്ചൊന്നാവാം അയാളുടെ വിഷാദത്തിന്റെ ഹേതു. എത്ര എളുപ്പത്തിലാണ്‌ ബന്ധങ്ങൾ മുറിഞ്ഞുപോകുന്നതെന്ന്, എത്ര എളുപ്പത്തിലാണ്‌ മറ്റുവർ തന്നെ വിട്ടുപോകുന്നതെന്ന് അയാൾക്കു തോന്നുകയാണ്‌. കാലങ്ങളായി വളർത്തിയെടുത്ത തൊലിപ്പുറമേയുള്ള ബന്ധങ്ങൾ, ആ കാലത്തു സൂക്ഷ്മമായി പരിശോധിക്കാതിരുന്നതിനാൽ അടുത്ത ബന്ധങ്ങളാണെന്നു തോന്നിച്ചവ, അവയുടെ തനിപ്രകൃതി പോലെ അഗണ്യമായിരുന്നുവെന്ന് അയാൾക്കു തെളിഞ്ഞുകിട്ടുകയാണ്‌. രൂപപ്പെട്ട കപടബന്ധങ്ങളെ ഖേദത്തോടെ സ്മരിക്കുകയാണയാൾ; രൂപപ്പെടാനുള്ള കപടബന്ധങ്ങളെ ഖേദത്തോടെ മുൻകൂട്ടിക്കാണുകയാണയാൾ. സ്വാതന്ത്ര്യവും വിധേയത്വവും രണ്ടും വേണ്ടതു തന്നെ; പക്ഷേ ഓരോന്നിനും അതാതിന്റെ ഇടവുമുണ്ട്. തനിക്കവ മാറിപ്പോയെന്നു ബോധ്യപ്പെടുമ്പോൾ  മനസ്സു വല്ലാതെ ചഞ്ചലപ്പെടുകയാണയാൾക്ക്...


1914 ജൂൺ 8
പ്രിയപ്പെട്ട ഫ്രൗളിൻ ഗ്രീറ്റാ,
എന്റെ കത്ത് അത്രയ്ക്കു ഹൃദയഭേദകമായിരുന്നോ? അത്ര മോശമാണു കാര്യങ്ങളെന്നു പറയാനില്ല; ആണെങ്കിൽത്തന്നെ എന്നെന്നും അങ്ങനെതന്നെയാകണമെന്നുമില്ല. എഴുതാനിരിക്കുമ്പോൾ സകലതും വന്നു കുന്നുകൂടുകയാണ്‌; ഒന്നിനും ഒഴിവാകാൻ വയ്യ; കാരണം കത്തെഴുതുന്നതു നിങ്ങൾക്കാണല്ലോ. സകലതിനും ശരിയായ, കരുണ നിറഞ്ഞ മറുപടി നിങ്ങളിൽ നിന്നുണ്ടാവുകയും ചെയ്യും. പിന്നെയാകട്ടെ, നിങ്ങളോടു ശരിക്കുമെല്ലാം പറഞ്ഞിട്ടില്ലല്ലോ എന്ന ആശ്വാസം എനിക്കു ബാക്കിയാവുന്നു, നിങ്ങളുടെ കത്തുകൾ കൊണ്ടുവരുന്ന സാന്ത്വനം കുടിച്ചിറക്കാനുള്ള അവകാശം എനിക്കുണ്ടെന്നു തോന്നുകയും ചെയ്യുന്നു.
ജൂലൈയിൽ വനപ്രദേശത്തൊരിടത്തേക്കു താമസം മാറ്റുകയാണു ഞാൻ; കുറഞ്ഞ സമയം കൊണ്ട് സ്വയമൊന്നു മെച്ചപ്പെടാനാവുമോയെന്നു നോക്കണം. ഈ ഭാഗത്തുള്ളവർ പറയാറുണ്ട്, തനിയ്ക്കു പ്രായമേറുന്നു എന്ന് ഒരാളെ ബോധ്യപ്പെടുത്തുന്നത് അയാളുടെ മക്കളാണെന്ന്. കുട്ടികളില്ലെങ്കിൽ തനിക്കുള്ളിൽത്തന്നെയുള്ള ഭൂതങ്ങൾ അപ്പണി ചെയ്തോളും; അതവർ കൂടുതൽ ഭംഗിയായിത്തന്നെ നിർവഹിക്കുകയും ചെയ്യും. ചെറുപ്പത്തിൽ ഞാൻ അവരെ പുറത്തേക്കാകർഷിച്ചുവരുത്താൻ നോക്കിയിരുന്നു; അവർ മുഖം പുറത്തു കാട്ടുക തന്നെയില്ല; ഞാൻ ശ്രമം ഊർജ്ജിതമാക്കി. അവരില്ലാതെ എനിക്കു മടുപ്പായി; അവർ വരാൻ കൂട്ടാക്കില്ല; ഇനിയൊരുകാലത്തും അവർ വരാൻ പോകുന്നില്ലെന്ന് എനിക്കു തോന്നലും വന്നുതുടങ്ങി. ആ ഒരു കാരണം കൊണ്ടുതന്നെ ഞാൻ ജീവിതത്തെ ശപിച്ചേക്കുമെന്ന ഘട്ടം വരെ എത്തി. കാലം പിന്നെയും കഴിഞ്ഞപ്പോൾ അവർ പ്രത്യക്ഷപ്പെട്ടു തുടങ്ങി, അതും അങ്ങനെയിരിക്കുമ്പോൾ മാത്രം; വിശിഷ്ടാതിഥികളെപ്പോലെ; തീരെച്ചെറുതാണവരെങ്കിൽക്കൂടി അവരെ താണു വണങ്ങേണ്ടിയുമിരുന്നു. പലപ്പോഴും അതവരായിരിക്കണമെന്നുമില്ല; കാണാനും കേൾക്കാനും അങ്ങനെ തോന്നിച്ചവരാവാനും മതി. ഇനി വന്നുകഴിഞ്ഞാൽത്തന്നെ ഘോരന്മാരായിരുന്നു അവരെന്നു പറയാനുമില്ല. അവരെക്കുറിച്ചഭിമാനിക്കാൻ നിങ്ങൾക്കു കഴിയില്ല; കൂടിവന്നാൽ തള്ളയുടെ മേൽ ചാടിവീഴുന്ന സിംഹക്കുട്ടികളെപ്പോലെയാണ്‌ അവർ നിങ്ങളുടെ മേൽ വന്നു വീണതെന്നു പറയാം; അവർ കടിയ്ക്കും; പക്ഷേ കടിച്ച പാടിൽ വിരലിന്റെ നഖം കൊണ്ടു നന്നായൊന്നമർത്തിയാലേ അങ്ങനെയൊന്നുള്ളതായി നിങ്ങളറിയാനും പോകുന്നുള്ളു. പിൽക്കാലത്തെന്തായാലും അവയ്ക്കു വലിപ്പം വച്ചു; അവ യഥേഷ്ടം വരാനും തങ്ങാനും തുടങ്ങി; കിളികളുടെ മാർദ്ദവമുള്ള പുറവടിവുകൾ ഭീമൻ സത്വങ്ങളുടെ മുതുകുകളായി; എല്ലാ വാതിലുകളിലൂടെയും, അടച്ചിട്ടവ തള്ളിത്തുറന്നും അവ കയറിവന്നു. അതികായന്മാരായ, എല്ലു തെഴുത്ത ഭൂതങ്ങളായിരുന്നു അവ, പേരില്ലാത്തൊരു പറ്റം. ഒരേയൊരു ഭൂതത്തെ നിങ്ങൾക്കെതിർത്തു നില്ക്കാം; എല്ലാം കൂടി വന്നു വളയുമ്പോൾ അതു നടക്കില്ല. എഴുതാനിരിക്കുമ്പോൾ അനുഗ്രഹം ചൊരിയുന്ന മാലാഖമാരാണവ; എഴുത്തു നടക്കാത്തപ്പോൾ പിശാചുക്കളായി മാറുകയാണവ. അവ നിങ്ങളെ ഞെരുക്കി തിക്കിക്കൂടുമ്പോൾ ഒരു കൈ ഉയർത്തി സ്വന്തം സാന്നിദ്ധ്യം പ്രഖ്യാപിക്കേണ്ടി വരികയാണു നിങ്ങൾക്ക്. ഉയർത്തിയ കൈ താഴ്ത്താതിരിക്കാൻ പണിപ്പെട്ടതിനുത്തരവാദി നിങ്ങളല്ലെന്നും ഊഹിക്കാവുന്നതാണ്‌...
എനിക്കു കത്തെഴുതാനായി നിങ്ങൾ ബുദ്ധിമുട്ടേണ്ടെന്നും, ഓഫീസിൽ നിന്നു നേരത്തേ പണി കഴിഞ്ഞിറങ്ങണമെന്നും പറയാനായിരുന്നു ഞാൻ മനസ്സിൽ കരുതിയത്. കുറച്ചു വരികൾ മതിയെനിക്ക്; അവ വേണം താനും. രണ്ടു വാചകങ്ങളും അടിയിൽ നിങ്ങളുടെ ഒപ്പും മാത്രമായാൽ മതി. എന്റെ ആവലാതി പറച്ചിൽ കൂടിപ്പോകുന്നെങ്കിൽ ക്ഷമിക്കൂ. എന്തൊക്കെയാണെങ്കിലും താങ്ങാവുന്നവയാണെല്ലാം. വേദന മാറാതെ നില്ക്കുകയാണെങ്കിൽ ദിവസങ്ങൾ മാറുന്നില്ലേ; ചെറുക്കാനുള്ള കഴിവു മാറുന്നില്ലേ; മാറ്റത്തിന്റെ തിരയൊഴുക്കിൽ അർദ്ധപ്രാണനായിട്ടെങ്കിലും നീങ്ങിപ്പോവുകയുമല്ലേ നിങ്ങൾ.
ഫ്രാൻസ് .കെ

(ഫെലിസിന്റെ സ്നേഹിതയായ ഗ്രീറ്റാ ബ്ലോഹിന്‌ കാഫ്ക അയച്ച കത്തുകളിൽ നിന്ന്)