Monday, January 31, 2011

യഹൂദാ അമിച്ചായി - എന്റെ അമ്മയ്ക്ക്


മേയർ


വ്യസനകരമാണു
ജറുസലേമിലെ മേയറാവുകയെന്നാൽ.
ഭയങ്കരമാണത്.
ഏതു മനുഷ്യനാവും ഇമ്മാതിരിയൊരു നഗരത്തിന്റെ മേയറാവാൻ?

അയാളവളെ എന്തു ചെയ്യാൻ?
പണിയുക, പണിയുക, പണിയുക.

രാത്രിയിലാവട്ടെ,
ചുറ്റിനുമുള്ള കുന്നുകളിൽ നിന്ന്
കല്‍വീടുകളുടെ നേർക്കു
കല്ലുകളിഴഞ്ഞിറങ്ങും,
മനുഷ്യനടിമകളായിപ്പോയ നായ്ക്കളെ നോക്കി
ഓരിയിടാൻ വരുന്ന
ചെന്നായ്ക്കളെപ്പോലെ.


എന്റെ അമ്മയ്ക്ക്


1
പഴക്കം ചെന്നൊരു കാറ്റാടിമില്ലു പോലെ
ഉയർത്തിയ രണ്ടു കൈകൾ
ആകാശത്തെ നോക്കി ആക്രോശിക്കാൻ
താഴ്ത്തിയ രണ്ടു കൈകൾ
റൊട്ടിയുണ്ടാക്കാനും.

തെളിഞ്ഞതാണവരുടെ കണ്ണുകൾ
പെസഹാത്തലേന്നു പോലെ തിളങ്ങുന്നതും.

2
രാത്രിയിലവർ
കത്തുകളും ഫോട്ടോകളും
നിരത്തിനിരത്തി വയ്ക്കും.

ദൈവത്തിന്റെ
വിരൽനീളമളക്കാൻ.

3
അവരുടെ തേങ്ങലുകൾക്കിടയിലെ താഴ്വരയിൽ
എനിക്കു നടക്കണം
അവരുടെ മൗനത്തിന്റെ പൊള്ളുന്ന ചൂടിൽ
എനിക്കു നിൽക്കണം.

അവരുടെ വേദനയുടെ മുരത്ത മരങ്ങളിൽ
എനിക്കു ചാരിനില്ക്കണം.

4
ഹഗാർ ഇഷ്മായേലിനെ
ഒരു പൊന്തയ്ക്കടിയിൽ കിടത്തിയ പോലെ
അവരെന്നെ കിടത്തി.

പല യുദ്ധങ്ങൾക്കിടയിലൊന്നിൽ
പല പൊന്തകൾക്കടിയിലൊന്നിൽ
ഞാൻ കിടന്നു മരിക്കുമ്പോൾ
താനവിടെയുണ്ടാകരുതെന്നതിനായി.



ലോകത്തിന്റെ കാര്യമെടുത്താൽ


ലോകത്തിന്റെ കാര്യമെടുത്താൽ
സോക്രട്ടീസിന്റെ ശിഷ്യന്മാരെപ്പോലെയാണു ഞാൻ:
അദ്ദേഹത്തിന്റെ അരികു പറ്റി നടക്കുക
അഭിപ്രായങ്ങൾക്കും അനുഭവങ്ങൾക്കും ചെവി കൊടുക്കുക
ശരിവച്ചുകൊണ്ടിരുന്നാൽ മതിയെനിക്ക്:
അതെ. അതങ്ങനെ തന്നെ.
അങ്ങു പറഞ്ഞതു തന്നെ ശരി,
അങ്ങയുടെ വാക്കുകൾ എത്ര സത്യം.

എന്റെ ജീവിതത്തിന്റെ കാര്യമെടുത്താൽ
വെനീസിനെപ്പോലെയാണു ഞാനെന്നും:
മറ്റു നഗരങ്ങളിൽ വെറും തെരുവുകളായവ
ഇരുണ്ടൊഴുകുന്ന പ്രണയമാണെന്നിൽ.

കരച്ചിലിന്റെ കാര്യമെടുത്താൽ,
മൗനത്തിന്റെ കാര്യമെടുത്താൽ
ഒരു ഷോഫറാണു ഞാനെന്നും:
പെരുന്നാളൊരുനാളത്തേക്കൂതാനായി
ഒരു കൊല്ലം കൂട്ടിക്കൂട്ടിവയ്ക്കുക.

പ്രവൃത്തിയുടെ കാര്യത്തിൽ
കായേനെപ്പോലെയാണു ഞാനെന്നും:
ചെയ്യേണ്ടിവരുമ്പോൾ, ഓടിമാറും ഞാൻ,
ചെയ്തുകഴിഞ്ഞാൽ,
തിരുത്തലുമില്ല പിന്നെ.

നിന്റെ കൈത്തലത്തിന്റെ കാര്യത്തിൽ,
എന്റെ ഹൃദയസ്പന്ദനങ്ങളുടെ കാര്യത്തിൽ,
എന്റെയുടലിന്റെ പദ്ധതികളുടെ കാര്യത്തിൽ,
ചുമരെഴുത്തിന്റെ കാര്യത്തിൽ,
അജ്ഞനാണു ഞാനെന്നും
എഴുത്തും വായനയുമെനിക്കറിയില്ല,
ബോധശൂന്യമായ കളകളുടെ തലപ്പുകൾ

പോലെയാണെന്റെ തല

വിധി എന്നെയും കടന്നു
മറ്റൊരിടത്തേക്കു പോകുമ്പോൾ
കാറ്റിന്റെയൊഴുക്കും മർമ്മരവും മാത്രമറിയുന്ന
ഒന്ന്.


(ഷോഫർ- സിനഗോഗിൽ കാഹളം വിളിയ്ക്കാനുപയോഗിക്കുന്ന മുട്ടാടിൻ കൊമ്പ്)


No comments: