Thursday, January 20, 2011

റൂമി - വസന്തം ക്രിസ്തുവായി


File:Botticelli Primavera.jpg


വസന്തം ക്രിസ്തുവായി


വിരുന്നു  കഴിഞ്ഞുറക്കമാണെല്ലാവരും.
വീടൊഴിയുന്നു.
തോട്ടത്തിലേക്കു നാമിറങ്ങുന്നു.
ആപ്പിൾമരം പീച്ചുമരത്തെ കാണട്ടെ,
പനിനീർപ്പൂ മുല്ലപ്പൂവിനു കത്തു കൊടുക്കട്ടെ.

വസന്തം ക്രിസ്തുവത്രേ.
ബലിയായ മരങ്ങൾക്കവൻ
ശവക്കോടിയിൽ നിന്നുയിർപ്പു നല്കുന്നു.
നന്ദിയുടെ മുത്തം നല്കാൻ
അവയുടെ ചുണ്ടുകൾ വിടരുന്നു.
പനിനീർപ്പൂവും ട്യൂലിപ്പും തിളങ്ങുന്നുവെങ്കിൽ
അവയ്ക്കുള്ളിലൊരു ദീപമുണ്ടെന്നത്രേ പൊരുൾ.
ഒരിലയിതാ വിറകൊള്ളുന്നു.
തെന്നലിന്റെ സൗന്ദര്യത്തിൽ
പട്ടുപോലെ ഞാനും വിറകൊള്ളുന്നു.

ഈ തെന്നൽ പരിശുദ്ധാത്മാവ്.
മരങ്ങൾ മേരി.
മണവാളനും മണവാട്ടിയും
കൈകൾ കൊണ്ടദൃശ്യലീലകളാടുന്നതു നോക്കൂ.
ഏദനിൽ നിന്നു കാമുകർക്കു മേൽ
മേഘമുത്തുകൾ പൊഴിഞ്ഞും വീഴുന്നു.

അതുമിതും പറഞ്ഞുകൂട്ടുകയാണു നാം.
ഈ നിമിഷങ്ങളുടെ ചില്ലകളിലല്ലാതെ
നമുക്കൊരിളവുമില്ല.



ആവിത്തുണ്ടുകൾ

വെട്ടമെത്തുന്നു,
വെട്ടമെത്തിക്കുന്നവനുമെത്തുന്നു!
നിങ്ങളുടെ ജീവിതസമ്പ്രദായമൊന്നു മാറ്റെന്നേ!

കടലിന്റെ ചാറയിൽ നിന്നു പകരട്ടെ
ഓരോ കോപ്പയിലുമെരിയുന്ന മദിര!
ചത്തുകിടന്നവരൊന്നുരണ്ടുപേരെഴുന്നേറ്റിരിക്കുന്നു,
മത്തുപിടിച്ചവരൊന്നുരണ്ടുപേർ
സിംഹവേട്ടയ്ക്കും പോകുന്നു.

കരുവാളിച്ചൊരു മുഖത്തെ വെയിലു കഴുകുന്നു.
പൊരുളിന്റെ പനിനിർപ്പൂവതിൽ വിരിയുന്നു.
പുൽപ്പരപ്പും നിലവും കുതിരുന്നു,
ഒരു വെളിച്ചം നമ്മുടെ ശിരസ്സുകളെ തഴുകുന്നു.
ഈ വിരലുകളാവിരലുകളാണൊയെന്നുമറിയില്ല നമുക്ക്.

സാക്ഷ നീങ്ങട്ടെ.
ഒരു നിരപ്പു മറ്റതിലേക്കൊഴുകട്ടെ.
ചൂടരിച്ചിറങ്ങട്ടെ.
വട്ടളങ്ങൾ തിളച്ചുമദിക്കട്ടെ.
ഉടുത്തതുരിഞ്ഞുവീഴട്ടെ.
കവികളിൽ നിന്നാവിത്തുണ്ടുകൾ വമിക്കുന്നു,
വെളിച്ചത്തിലെന്നപോലെവിടെയാഹ്ളാദിക്കാൻ!


ചിത്രം- വസന്തം- ബോട്ടിചെല്ലി (1445-1510)

No comments: