Thursday, January 13, 2011

കാഫ്ക - ഫെലിസിന്


1913 ഫെബ്രുവരി 9-10

മനസ്സല്പം കുഴഞ്ഞ അവസ്ഥയിലാണ്‌ ഞാൻ എഴുതാനിരിക്കുന്നത്; ഒന്നിനോടൊന്നു ബന്ധമില്ലാത്ത പലതുമെടുത്തു വായിച്ചതിപ്പോൾ ഒന്നിനോടൊന്നു കൂടിച്ചേരുകയാണ്‌; ഈ തരം വായന കൊണ്ട് ഒരു പരിഹാരം കണ്ടെത്താമെന്നാണു നിങ്ങൾ മോഹിക്കുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി; ഒരു ചുമരിൽ ചെന്നുമുട്ടുകയാണു നിങ്ങൾ; അതു മറികടക്കാനുമാവില്ല. ഇതിൽ നിന്നെത്ര വ്യത്യസ്തമാണു പ്രിയപ്പെട്ടവളേ, നിന്റെ ജീവിതം. തന്റെ സഹജീവികളോടു ബന്ധപ്പെട്ടല്ലാതെ ഒരനിശ്ചിതത്വം നീ അനുഭവിച്ചിട്ടുണ്ടോ? നിന്റെ ഉള്ളിന്റെയുള്ളിൽ, അന്യരോടൊരു ബന്ധവുമില്ലാതെ, പല ദിശകളിലേക്കു നയിക്കുന്ന വ്യത്യസ്തസാധ്യതകൾ തുറക്കുന്നതും, അതുവഴി നിന്റെ ഓരോ ചലനത്തിലും  വിലക്കു വന്നുവീഴുന്നതുമായ ഒരനുഭവം നിനക്കെന്നെങ്കിലും ഉണ്ടായിക്കാണുമോ? അന്യരെക്കുറിച്ചൊരു ചിന്തയും കടന്നുവരാതിരിക്കുമ്പോഴും തന്നെക്കുറിച്ചുമാത്രമോർത്തു ഹതാശയായിട്ടുണ്ടോ നീയെന്നെങ്കിലും? സ്വയം നിലത്തേക്കു വലിച്ചെറിയാനും അന്ത്യവിധിയുടെ നാളു കഴിഞ്ഞും അവിടെത്തന്നെ ചടഞ്ഞുകിടക്കാനും തോന്നുന്നത്ര ഹതാശയായിട്ടുണ്ടോ നീ? എത്രയ്ക്കുണ്ട് നിന്റെ ദൈവവിശ്വാസം? നീ സിനഗോഗിൽ പോകാറുണ്ട്; പക്ഷേ അടുത്തൊന്നും നീ പോയിട്ടില്ലെന്ന് എനിക്കുറപ്പാണ്‌. ഏതു വിശ്വാസമാണു നിന്നെ താങ്ങിനിർത്തുന്നത്, യഹൂദമതമോ അതോ ദൈവമോ? നിനക്കെന്നെങ്കിലും ബോധ്യമായിട്ടുണ്ടോ, അതിപ്രാധാന്യമുള്ള ഒരു കാര്യവുമാണിത്,  നീയും, മനസ്സുറപ്പു തരുന്നത്ര വിദൂരവും, ഒരുപക്ഷേ അനന്തവുമായ ഒരൗന്നത്യം അല്ലെങ്കിൽ അഗാധതയുമായി ഒരവിച്ഛിന്നബന്ധമുള്ളതായി? ആ ബോധം മനസ്സിൽ ഒഴിയാതെ കൊണ്ടുനടക്കുന്ന ഒരുവന്‌ യജമാനനില്ലാത്ത നായയെപ്പോലെ മൂകമായി യാചിക്കുന്ന കണ്ണുകളോടെ അലഞ്ഞുനടക്കുക്കേണ്ട കാര്യമില്ല; തണുക്കുന്ന മഞ്ഞുകാലരാത്രിയിൽ, ചൂടുള്ള മെത്തയും ജീവിതവുമാണതെന്നപോലെ, ശവമാടത്തിലേക്കിഴഞ്ഞുകയറിക്കിടക്കാൻ കൊതിക്കുകയും വേണ്ടയാൾക്ക്. ഓഫീസിലേക്കുള്ള പടി കയറുമ്പോൾ, ഒരു കോണിത്തളത്തിലേക്ക് മുകളിൽ നിന്നുരുരുണ്ടുവീഴുകയാണു താൻ, സന്ദിഗ്ധമായ വെളിച്ചത്തിൽ മുനിഞ്ഞുകത്തിയും, പതനത്തിന്റെ വേഗത്താൽ പിരിഞ്ഞുകൂടിയും, അക്ഷമയാൽ തലയിട്ടറഞ്ഞും കൊണ്ടെന്ന് അയാൾക്കു സങ്കല്പ്പിക്കുകയും വേണ്ട.

ഒരുതരത്തിലുമുള്ള മാനുഷികബന്ധത്തിനും പറ്റാത്തവനാണു ഞാൻ എന്നു മനസ്സു കൊണ്ടു ചിലനേരത്തെനിക്കു ബോദ്ധ്യപ്പെട്ടിട്ടുണ്ട് . തീർച്ചയായും എന്റെ സഹോദരിയോട് എനിക്ക് ആത്മാർത്ഥമായ സ്നേഹമുണ്ട്; എന്നോടൊപ്പം ലെയിറ്റ്മെർറ്റ്സിലേക്കു വരാമെന്ന് അവൾ പറഞ്ഞപ്പോൾ മനസ്സിൽ തട്ടിയ സന്തോഷം എനിക്കുണ്ടായി; ഇങ്ങനെയൊരു യാത്രയുടെ ആനന്ദം അവൾക്കു നല്കുന്നതിനും, അവളെ വേണ്ടവിധം പരിരക്ഷിക്കുന്നതിനും- ആരെയെങ്കിലും പരിരക്ഷിക്കുക എന്നതാണ്‌ എന്റെ ഗോപ്യമായ, സ്ഥായിയായ അഭിലാഷം; എനിക്കു ചുറ്റുമുള്ളവർ അതു കണ്ടറിയുകയോ അതിനുള്ള കഴിവ് എനിക്കുണ്ടെന്നു വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നാവാം- കഴിയുന്നതിൽ എനിക്കാഹ്ളാദവുമുണ്ടായിരുന്നു. പക്ഷേ, മൂന്നുനാലു മണിക്കൂർ ഒരുമിച്ചുള്ള യാത്രയും, ഒരേ വണ്ടിയിലെ ഇരുപ്പും, ഒരുമിച്ചുള്ള പ്രഭാതഭക്ഷണവും കഴിഞ്ഞ് കോടതിയിലേക്കു പോകാനായി ലെയിറ്റ്മെരിറ്റ്സിൽ വച്ചു യാത്ര പറയുമ്പോൾ ആശ്വാസത്തോടെ നെടുവീർപ്പിടുകയായിരുന്നു ഞാൻ; വീണ്ടും തനിച്ചായപ്പോൾ എന്റെ സഹോദരിയുടെ സാന്നിദ്ധ്യത്തിൽ ഒരിക്കലുമെനിക്കനുഭവിക്കാനാവാത്ത ഒരു ലാഘവം എനിക്കുണ്ടായി. പ്രിയപ്പെട്ടവളേ, എന്തുകൊണ്ടാണിതിങ്ങനെ? നീ സ്നേഹിക്കുന്ന ആരുടെയെങ്കിലും കാര്യത്തിൽ വിദൂരമായിട്ടെങ്കിലും ഇതിനു സമാനമായ ഒരനുഭവം നിനക്കുണ്ടായിട്ടുണ്ടോ? അസാധാരണമെന്നു പറയാവുന്ന ഒരു സാഹചര്യവുമായിരുന്നില്ലത്; വളരെ സൗഹൃദമായിട്ടാണ്‌ ഞങ്ങൾ പിരിഞ്ഞത്; ആറു മണിക്കൂറിനു ശേഷം അത്രയും സൗഹൃദത്തോടെ തന്നെ ഞങ്ങൾ വീണ്ടും കണ്ടുമുട്ടുകയും ചെയ്തു. ഒരിക്കൽ സംഭവിക്കുന്നതുമല്ലിത്; നാളെ, മറ്റേന്നാൾ, ഇനിയേതുനാളാവട്ടെ, ഇതുതന്നെ ആവർത്തിക്കും. - പ്രിയപ്പെട്ടവളേ, നിന്റെ കാൽച്ചുവട്ടിൽ ആശ്വാസം കൊണ്ടു കിടക്കുക, അതുതന്നെ ഭേദം.

                                                                                                                                       ഫ്രാൻസ്


No comments: