രാത്രിയിലൊരാൾ കരഞ്ഞുവിളിയ്ക്കുകയായിരുന്നു,
ദൈവമേ! ദൈവമേ!
ആ സ്തുതികൾ കൊണ്ടയാളുടെ ചുണ്ടുകളും മധുരിച്ചു.
ഇതു കേട്ടൊരു ദൈവദോഷി പറഞ്ഞു,
‘ഇത്രനാൾ തോരാതെ വിളിച്ചിട്ടും തനിയ്ക്കൊരു മറുപടി കിട്ടിയോ?’
അതിനയാൾക്കു മറുപടിയില്ലായിരുന്നു.
അയാൾ പിന്നെ പ്രാർത്ഥിക്കാനും പോയില്ല.
അശാന്തമായ നിദ്രയ്ക്കിടയിൽ
ആത്മാക്കളുടെ വഴികാട്ടിയെ അയാൾ സ്വപ്നത്തിൽക്കണ്ടു.
‘നീയിപ്പോൾ പ്രാർത്ഥിക്കാത്തതെന്തേ?’
‘ആരുമതു കേൾക്കുന്നുമില്ലല്ലോ?’
‘നിന്റെ പ്രാർത്ഥനയിലെ അഭിലാഷം തന്നെ
നിനക്കുള്ള സന്ദേശം.’
നിങ്ങളെ കരയിക്കുന്ന ശോകമാണു നിങ്ങളെ
സായൂജ്യത്തിലേക്കടുപ്പിക്കുന്നതും.
തുണയ്ക്കു കേഴുന്ന വിഷാദം തന്നെ
നിഗൂഢതയുടെ ചഷകവും.
യജമാനനെത്തേടി മോങ്ങുന്ന നായയ്ക്കു കാതോർക്കൂ.
ആ ചിണുങ്ങലാണു ബന്ധം.
പേരറിയാത്ത ചില പ്രണയനായ്ക്കളുണ്ട്.
അവയിലൊന്നാകാൻ
ജീവിതം ബലി കൊടുക്കൂ.
2 comments:
നല്ല പരിഭാഷ
ജീവിതം ജീവിച്ചു തീര്‍ക്കട്ടെ മനുഷ്യര്‍.................... ഒപ്പം പ്രതീക്ഷിച്ചും........................
Post a Comment