Sunday, January 16, 2011

യഹൂദാ അമിച്ചായി - ലോകത്തു പാതിയാളുകൾ



ലോകത്തു പാതിയാളുകൾ
മറുപാതിയെ സ്നേഹിക്കുന്നു,
പാതിയാളുകൾ
മറുപാതിയെ വെറുക്കുന്നു.
ഇപ്പാതിയും മറുപാതിയും കാരണം
കാലവർഷം പോലിളവെന്നതില്ലാതെ 
അലഞ്ഞും തിരിഞ്ഞും നടക്കണോ ഞാൻ?
പാറകൾക്കിടയിൽക്കിടന്നുറങ്ങണോ,
ഒലീവുമരങ്ങളുടെ തടി പോലെ മുരത്തുവളരണോ,
ചന്ദ്രനെന്നെ നോക്കിക്കുരയ്ക്കുന്നതു കേൾക്കണോ,
എന്റെ പ്രണയത്തെ വേവലാതികളുടെ മറയ്ക്കുള്ളിലാക്കണോ,
തീവണ്ടിപ്പാളങ്ങൾക്കിടയിൽ വിറ പൂണ്ടു മുളയ്ക്കുന്ന 

പുൽക്കൊടികൾ പോലാകണോ ഞാൻ,
തുരപ്പനെലിയെപ്പോലെ മണ്ണിനടിയിൽക്കഴിയണോ,
ചില്ലകൾ വിട്ടു വേരുകൾക്കൊപ്പം പോകണോ,
മാലാഖമാരുടെ കവിളത്തെൻ്റെ കവിളുരുമ്മുന്നതറിയാതിരിക്കണോ,
അന്ത്യശ്വാസമെടുത്തും അവസാനവാക്കുകളുച്ചരിച്ചും
ഒന്നും തിരിഞ്ഞുകിട്ടാതെയും
മരണമഭിനയിച്ചുതീർക്കണോ ഞാൻ,
വീട്ടിനു മുകളിൽ ഞാൻ കൊടിക്കമ്പുകൾ നാട്ടണോ,
താഴെ ബോംബുഷെൽട്ടർ പണിയണോ.
മടങ്ങാൻ മാത്രമുള്ള വഴികളിലൂടിറങ്ങിപ്പോകണോ?
പൂച്ച, വടി, തീ, വെള്ളം, കശാപ്പുകാരൻ-
കിടാവിനും മരണത്തിന്റെ മാലാഖയ്ക്കുമിടയിലെ
ബീഭത്സമായ സകലതിനുമിടയിലൂടെ ഞാൻ കടന്നുപോകണോ?
പാതിയാളുകൾ സ്നേഹിക്കുന്നു,
പാതിയാളുകൾ വെറുക്കുന്നു.
ഇത്രയുചിതമായി പൊരുത്തപ്പെടുന്ന പാതികൾക്കിടയിൽ
എന്റെയിടമെവിടെ?
ഏതു വിടവിലൂടെ ഞാൻ കാണും,
വെള്ളനിറത്തിൽ എന്റെ സ്വപ്നങ്ങളുടെ ഭവനപദ്ധതികൾ,
പൂഴിമണ്ണിൽ നഗ്നപാദരായോടുന്നവരെ,
ഒന്നുമല്ലെങ്കിൽ
കയ്യാലക്കരികിൽ ഒരു പെൺകുട്ടി തൂവാല വീശുന്നതെങ്കിലും?


 

No comments: