1913 ആഗസ്റ്റ് 15
ഇനി സമാധാനപ്പെടൂ, ഫെലിസ്. നിനക്കൊഴിവു കിട്ടിയ ദിവസമാണ്, വേനൽക്കാലവുമാണ്. ആകാംക്ഷകൾക്കിടം കൊടുക്കരുത്, അകത്തും പുറത്തും. വേണ്ടതൊക്കെ ഞാൻ നിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞുകഴിഞ്ഞു; അവർക്കു വായിച്ചുപോകാവുന്നതും, ഒപ്പം കാര്യങ്ങൾ മനസ്സിലാവുന്നതുമായ വിധത്തിൽ സാരമായതിനെ സത്യമായതിനോടു യോജിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. അതെന്തായാലും നമുക്കിടയിൽ ഇനി മേലിൽ ആധികളെയും ഭീതികളെയും കുറിച്ചുള്ള വർത്തമാനങ്ങളൊന്നുമുണ്ടാവരുത്. അവയിൽ ശേഷിച്ചവ നമ്മുടെ പല്ലുകൾക്കിടയിൽക്കിടന്നരയട്ടെ. അടുത്തകാലത്തയച്ച കത്തുകളിലെ കുറ്റപ്പെടുത്തലുകൾ മിക്കതും ന്യായമില്ലാത്തതായിരുന്നുവെന്നു ഞാൻ സമ്മതിക്കുന്നു; അവയെക്കുറിച്ചിനി വിസ്തരിച്ചു ചർച്ച ചെയ്യണമെന്നും ഞാൻ വിചാരിക്കുന്നില്ല. അതേ സമയം നിന്റെ കത്തുകളിലെ ഏതെങ്കിലും ഭാഗം വായിച്ചു മനസ്സു വ്രണപ്പെട്ടതിൽ നിന്നല്ല ആ കുറ്റപ്പെടുത്തലുകൾ ജനിച്ചതെന്നും നീ മനസ്സിലാക്കണം; ആഴത്തിലുള്ള ഏതോ ഉത്ക്കണ്ഠകളിലാണ് അതിന്റെ ഉറവുകൾ. നമുക്കവയെ മറന്നുകളയാം! ഈ വക സംഗതികൾ കൊണ്ട് നിന്നെ ദുരിതപ്പെടുത്താതിരിക്കാൻ ഞാനൊരു വഴി കണ്ടുകഴിഞ്ഞു. മനസ്സിൽ വന്നു തിടുക്കപ്പെടുത്തുന്നവയൊക്കെ എഴുതിവയ്ക്കുക, പക്ഷേ അയക്കരുത്. സമാധാനത്തോടെ ഒരുമിച്ചിരുന്നു നമുക്കവ വായിക്കാവുന്ന ഒരു കാലം വന്നുവെന്നു വരാം; ഒരു പക്ഷേ, ഒരു പക്ഷേ, വെസ്റ്റർലന്റിൽ നിന്നുള്ള ഏതൊരു കത്തിന്റെയും അലസസഞ്ചാരം കൊണ്ടു സാധിക്കുന്നതിനെക്കാൾ എളുപ്പത്തിലും വേഗത്തിലും ആത്മവിശ്വാസം പകരുന്ന ഒരു നോട്ടവും ഒരു കൈപിടിച്ചമർത്തലും കൊണ്ട് എല്ലാമെല്ലാം പരിഹൃതമായെന്നും വരാം. ഞാൻ ഒടുവിലേൽപ്പിച്ച യാതനകളെ ഞാനുമായുള്ള ചേർച്ചയിലന്തർഭവിച്ച, തുടക്കമിട്ടുകഴിഞ്ഞതുമായ, ആത്മബലിയുടെ ഭാഗമായിട്ടു കണക്കാക്കൂ, ഫെലിസ്. ഇത്രയേ എനിക്കു പറയാനാവൂ. എന്റെ കത്തിനെക്കുറിച്ച് നിന്റെ അച്ഛനും അമ്മയും നിന്നെ വിളിച്ചു ചോദിക്കുമ്പോൾ നിന്റെ ആലോചനയിലും നിന്റെ മറുപടിയിലും ഇതു കൂടി ഉൾപ്പെടുത്തൂ.
ഇനി മുതൽ ഇത്രയധികം കത്തുകൾ എന്റെ പേർക്കയക്കുകയുമരുത്. നിരന്തരമായ കത്തെഴുത്ത് എവിടെയോ പിശകിയിട്ടുള്ളതിന്റെ ലക്ഷണമാണ്. സമാധാനത്തിനു കത്തുകളുടെ പിൻബലം വേണ്ട. മാലോകരുടെ കണ്ണുകൾക്കു മുന്നിൽ നീ എന്റെ ഭാവിവധുവാകുന്നതു കൊണ്ട് യാതൊന്നും മാറാൻ പോകുന്നില്ല. എന്നാൽക്കൂടി സംശയങ്ങളുടെയും ഭീതികളുടെയും ബാഹ്യപ്രകടനങ്ങൾക്കവസാനമായി എന്നതിന്റെ ലക്ഷണമെങ്കിലുമാണത്. അതുകൊണ്ടു തന്നെ അത്രയധികം കത്തുകളുടെ ആവശ്യവും ഇനി മേലിലില്ല; മുറ തെറ്റാതെ, ഒരു തലനാരിഴയുടെ വീതിയ്ക്കു പോലും പിഴയ്ക്കാത്ത കൃത്യതയോടെ അയക്കുന്ന കത്തുകളുടെ ആവശ്യമേ ഇനിയുള്ളു. നിന്റെ ഭാവിവരനാവുന്നതോടെ കത്തുകൾ കൃത്യമായി അയക്കുന്നുവെങ്കിൽക്കൂടി എത്ര മോശം കത്തെഴുത്തുകാരനായി ഞാൻ മാറിയിരിക്കുന്നുവെന്നു കണ്ട് നീ അത്ഭുതപ്പെടുകയും ചെയ്യും. ബന്ധങ്ങൾ അധികമധികം ദൃഢമാവുമ്പോള്‍ കത്തുകൾ കഥയില്ലായ്മകളുമാവും.
No comments:
Post a Comment