Monday, November 30, 2009

ബഷോ-കവിതയെക്കുറിച്ച്‌

 EnsoZen
ഒരുനൂറെല്ലുകളും ഒമ്പതു ദ്വാരങ്ങളുമുള്ള എന്റെ ഈ മർത്ത്യദേഹത്തിനുള്ളിൽ ഒരു വസ്തു കുടികൊള്ളുന്നുണ്ട്‌; മറ്റൊരു പേരു കിട്ടാത്തതിനാൽ ഞാനതിനെ കാറ്റു പിടിച്ച ഒരാത്മാവ്‌ എന്നു വിളിക്കട്ടെ. കാറ്റൊന്നനങ്ങിയാൽ കീറിപ്പറന്നുപോകുന്ന നേർത്തൊരു തിരശ്ശീല തന്നെയാണത്‌. എന്റെയുള്ളിലിരിക്കുന്ന ഈ വസ്തു വർഷങ്ങൾക്കു മുമ്പ്‌ കവിതയെഴുത്തിലേക്കു തിരിഞ്ഞു; ഒരു രസത്തിനു തുടങ്ങിയതാണെങ്കിലും പിന്നീടത്‌ ആയുഷ്കാലചര്യയായി മാറുകയാണുണ്ടായത്‌. മനസ്സു മടുത്ത്‌ അതു തന്റെ നിയോഗം ഉപേക്ഷിക്കാൻ തീരുമാനിച്ച ഘട്ടങ്ങളുണ്ടായിട്ടുണ്ട്‌; മറ്റു ചിലപ്പോഴാവട്ടെ, അന്യർക്കു മേൽ പൊട്ടവിജയങ്ങൾ ഘോഷിച്ചുകൊണ്ട്‌ അതു നെഞ്ചു വിരിച്ചു നിന്നിട്ടുമുണ്ട്‌. എന്തിനു പറയുന്നു, കവിതയെഴുത്തു തുടങ്ങിയതിൽപ്പിന്നെ അതിനു മനസ്സമാധാനമെന്നതുണ്ടായിട്ടില്ല; ഒന്നല്ലെങ്കിൽ മറ്റൊരു സന്ദേഹം അതിനെ അലട്ടാൻ വന്നുകൊണ്ടിരിക്കും. ഒരിക്കലത്ത്‌ ജീവിതസുരക്ഷിതത്വം കൊതിച്ച്‌ സർക്കാരുദ്യോഗത്തിൽ ചേരാനൊരുങ്ങിയതാണ്‌; മറ്റൊരിക്കലാവട്ടെ, തന്റെ അജ്ഞതയുടെ ആഴം എത്രത്തോളമുണ്ടെന്നറിയാൻ ഒരു പണ്ഡിതനാവാനും കൊതിച്ചിരുന്നു.പക്ഷേ കവിതയോടുള്ള അദമ്യമായ പ്രേമം കാരണം രണ്ടും നടക്കാതെപോയി. കവിതയെഴുത്തല്ലാതെ മറ്റൊരു വിദ്യയും അതിനറിയില്ല എന്നതാണു വാസ്തവം; അക്കാരണം കൊണ്ടുതന്നെയാണ്‌ അതു കവിതയിൽ അന്ധമായി തൂങ്ങിപ്പിടിച്ചുകിടക്കുന്നതും.

*

ഏതൊരു കലയുമെടുത്തോളൂ,അതിൽ യഥാർത്ഥമികവു കാണിച്ചവർക്കെല്ലാം പൊതുവായിട്ടൊരു ഗുണമുണ്ടാവും: പ്രകൃതിയെ അനുസരിക്കാനുള്ള ശ്രദ്ധ; ഋതുഭേദങ്ങൾക്കൊപ്പം പ്രകൃതിയുമായി ഒന്നാകാനുള്ള ഒരു മനസ്സ്‌. അങ്ങനെയൊരു മനസ്സ്‌ എന്തു കണ്ടാലും അതൊരു പൂവായിരിക്കും; ആ മനസ്സു സ്വപ്നം കാണുന്നതൊക്കെ ചന്ദ്രനുമായിരിക്കും. കിരാതമായ ഒരു മനസ്സേ പൂവല്ലാതെ മറ്റൊന്നിനെ മുന്നിൽ കാണുന്നുള്ളു; മൃഗീയമായ ഒരു മനസ്സേ ചന്ദ്രനല്ലാതെ മറ്റൊന്നിനെ സ്വപ്നം കാണുന്നുള്ളു. അപ്പോൾ കലാകാരനുള്ള ആദ്യപാഠം ഇതാണ്‌: തന്നിലെ കിരാതനെയും മൃഗത്തെയും കീഴമർത്തുക,പ്രകൃതിയെ അനുസരിക്കുക,പ്രകൃതിയിൽ ലയിക്കുക.

*

യഥാർത്ഥജ്ഞാനത്തിന്റെ ലോകത്തേക്ക്‌ മനസ്സിനെ പ്രവേശിപ്പിക്കുമ്പോൾത്തന്നെ സൗന്ദര്യത്തിന്റെ നേരറിയാൻ നിത്യജീവിതത്തിലേക്കു മടങ്ങുക എന്നതാണു പ്രധാനം. നിങ്ങൾ എന്തു ചെയ്താലുമാകട്ടെ, അതിനൊക്കെ നമ്മുടെയെല്ലാം ആത്മാവായ കവിതയുമായി ബന്ധമുണ്ടാവണം എന്നതു മറക്കരുത്‌.

*

പൈൻമരത്തെ അറിയണോ, പൈൻമരത്തിനടുത്തേക്കു ചെല്ലൂ; മുളയെക്കുറിച്ചറിയണോ, മുളംകാവിലേക്കു ചെല്ലൂ. പക്ഷേ മുൻവിധികളുമായി നിങ്ങൾ പോകരുത്‌.അങ്ങനെയായാൽ മറ്റൊന്നിലാരോപിതമായ നിങ്ങളെത്തന്നെയേ നിങ്ങൾക്കറിയാനുള്ളു. നിങ്ങളും കവിതയുടെ വിഷയവും ഒന്നായിക്കഴിഞ്ഞാൽ,അതായത്‌ ആഴത്തിലൊളിഞ്ഞിരിക്കുന്ന ഒരു നേർത്ത നാളം കണ്ണിൽപ്പെടുന്നിടത്തോളം വിഷയത്തിലേക്കിറങ്ങിച്ചെല്ലാൻ നിങ്ങൾക്കായാൽ കവിത താനേ പുറത്തുവന്നോളും. നിങ്ങളുടെ കവിത എത്ര തേച്ചുമിനുക്കിയ ഉരുപ്പടിയുമായിക്കോട്ടെ, സ്വാഭാവികമല്ല നിങ്ങളുടെ അനുഭവമെങ്കിൽ-നിങ്ങളും വിഷയവും വേർപെട്ട നിലയിലാണെങ്കിൽ-അതു യഥാർത്ഥകവിതയല്ല,നിങ്ങൾ തന്നെ അടിച്ചിറക്കിയ വെറുമൊരു കള്ളനാണയമാണത്‌.

*

മറ്റു സമ്പ്രദായക്കാരുടെ കവിതകൾ വർണ്ണചിത്രങ്ങൾ പോലെയാണ്‌; കരിക്കട്ട കൊണ്ടു വരയുകയാണ്‌ എന്റെ രീതി.

*

വേനല്‍ക്കു ചൂളയും തണുപ്പത്തു വിശറിയുമാണ്‌ എന്റെ കവിത.

aoi-2

Saturday, November 28, 2009

ഒരു വിലാപം

420px-Masque-no-p1000705
ഈ മണ്ണിനോടു വിട,
ഈ രാവിനോടു വിട.
ദുഃഖം കിനാവിൻ കിനാവു പോലെ
ശ്മശാനവീഥിയിലെ മഞ്ഞു പോലെ.
മരണത്തിലേക്കു നാം ചുവടു വയ്ക്കെ
മായുന്നു മഞ്ഞും കിനാവുമൊപ്പം.
പുലരുവാനുണ്ടേഴു മണിമുഴക്കം,
ആറും മുഴങ്ങിക്കഴിഞ്ഞുവല്ലോ.
ഇനിയൊന്നു ബാക്കിയു-
ണ്ടതു നമുക്കായുള്ളൊ-
രവസാനമാറ്റൊലി.

 

 

(ഒരു നോ നാടകത്തിൽ നിന്ന്)

Wednesday, November 18, 2009

ബോദ്‌ലെയർ-തിർസസ്‌

 Liszt_at_the_Piano

                                                             LISZT AT THE PIANO
തിർസസ്‌ എന്നാൽ എന്താണ്‌? ധർമ്മശാസ്ത്രത്തിന്റെയും കാവ്യശാസ്ത്രത്തിന്റെയും നിർവ്വചനമനുസരിച്ച്‌ പൂജാരിമാരോ പൂജാരിണിമാരോ കൈകളിലേന്തുന്നതും അവർ വ്യാഖ്യാതാക്കളും സേവകരുമായിരിക്കുന്ന ദേവത്വത്തിന്റെ വൈദികബിംബവുമാണത്‌. ഭൗതികമായി പക്ഷേ അതൊരു ദണ്ഡു മാത്രമാണ്‌;മുന്തിരിവള്ളികൾക്കു താങ്ങു കൊടുക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഉണങ്ങിയതും മുരണ്ടതും വളവില്ലാത്തതുമായ വെറുമൊരു വടി. ആ ദണ്ഡിനെ ചുറ്റി മുന്തിരിവള്ളികളും പൂക്കളും വളഞ്ഞുപിണഞ്ഞു കിടക്കുന്നു; പുളഞ്ഞുമറയുന്നതാണു ചിലത്‌; ചിലതോ, മണികളോ കമിഴ്‌ന്ന കോപ്പകളോ പോലെ തൂങ്ങിക്കിടക്കുന്നതും. ചിലനേരം ലോലവും ചിലനേരം പകിട്ടാർന്നതുമായ രേഖകളുടെയും വർണ്ണങ്ങളുടെയും ആ കലാപത്തിൽ നിന്നുറപൊട്ടുന്നത്‌ ഒരാശ്ചര്യശോഭയത്രെ.വക്രരേഖകളും സർപ്പിളങ്ങളും നേർരേഖയ്ക്കു സേവ ചെയ്യുകയും മൂകഭക്തിയോടെ അതിനു ചുറ്റും ചുവടുവയ്ക്കുകയാണെന്നും തോന്നുന്നില്ല്ലേ? ആ ലോലപുടങ്ങൾ, വിദളങ്ങൾ , വർണ്ണങ്ങളുടെയും പരിമളങ്ങളുടെയും സ്ഫോടനങ്ങൾ, ആ പൂജാദണ്ഡിനു ചുറ്റുമായി ഒരു നിഗൂഢനൃത്തം വയ്ക്കുകയല്ലേ? പൂക്കളും വല്ലികളുമുണ്ടായത്‌ ദണ്ഡിനു വേണ്ടിയാണോ അല്ല, പൂക്കളുടെയും വല്ലികളുടെയും ശോഭ വെളിവാക്കാനുള്ള ഒരുപായം മാത്രമാണോ ദണ്ഡ്‌ എന്നു നിർണ്ണയിക്കാനുള്ള സാഹസത്തിന്‌ ആരൊരാളൊരുങ്ങും? ശക്തനും ആരാധ്യനുമായ ഗുരോ, നിഗൂഢവും തീക്ഷ്ണവുമായ സൗന്ദര്യത്തിന്റെ പൂജാരിയായോനേ, അവിടത്തെ അതിശയിപ്പിക്കുന്ന ദ്വന്ദ്വഭാവത്തിന്റെ പ്രതീകമത്രെ ഈ തിർസസ്‌. അവിടത്തെ പ്രതിഭ സ്വസഹോദരങ്ങളുടെ ഹൃദയങ്ങൾക്കു മേൽ പ്രവർത്തിക്കുമ്പോഴത്തെ ഊറ്റത്തോടെയും സാരസ്യത്തോടെയും ഗൂഢചാരിയായ ബാക്കസ്സ്‌ ആളിക്കത്തിച്ച ഒരു വനദേവതയും ഉന്മാദികളായ സഹചാരികളുടെ ശിരസ്സുകൾക്കു മേൽ തന്റെ ദണ്ഡു ചലിപ്പിച്ചിട്ടില്ല.-ഋജുവും ബലിഷ്ഠവും അധൃഷ്യവുമായ അവിടത്തെ ഇച്ഛാശക്തിയാണ്‌ ദണ്ഡ്‌; ആ ദണ്ഡിനു ചുറ്റുമായി അങ്ങയുടെ ഭാവനയുടെ സ്വൈരവിഹാരമാണു പൂക്കൾ; പുരുഷനെ ചുറ്റി സ്ത്രൈണതയുടെ അതിശയനൃത്തങ്ങളാണവ. നേർരേഖയും വക്രരേഖകളും, വിവക്ഷയും അതിന്റെ പ്രകാശനവും, ഇച്ഛയുടെ കാർശ്യം, വാക്കിന്റെ വശഗത, ഏകലക്ഷ്യം, മാർഗ്ഗവൈവിധ്യം, ഏകവും സർവ്വശക്തവുമായ പ്രതിഭയുടെ ചേരുവ: അങ്ങയെ വിഭജിക്കാനും വേർപിരിക്കാനുമുള്ള നിന്ദ്യമായ ചങ്കുറപ്പ്‌ ഏതൊരു വിശകലനവിദഗ്ധനുണ്ടാവും?
thyrsus2

പ്രിയപ്പെട്ട ലിസ്റ്റ്‌, മൂടൽമഞ്ഞിനുള്ളിൽ, പുഴകൾക്കുമപ്പുറം, പിയാനോകൾ നിന്റെ മഹിമ ഗാനം ചെയ്യുകയും അച്ചടിയന്ത്രങ്ങൾ നിന്റെ ജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്യുന്ന വിദൂരനഗരങ്ങൾക്കു മേൽ; നിത്യനഗരത്തിന്റെ പകിട്ടുകളിലോ, കാംബ്രിനസ്‌ സാന്ത്വനമരുളുന്ന സ്വപ്നദേശങ്ങളിലെ മൂടൽമഞ്ഞിലോ എവിടെയുമാകട്ടെ നീ; ആനന്ദങ്ങളുടെയോ അടങ്ങാത്ത ദുഃഖത്തിന്റെയോ ഗാനങ്ങൾ വിരചിക്കുകയും കടലാസ്സുതാളിൽ തന്റെ ധ്യാനരഹസ്യങ്ങൾ പകർത്തുകയും ചെയ്യുന്ന നീ; നിത്യമായ ആനന്ദത്തിന്റെയും സന്ത്രാസത്തിന്റെയും ഗായകാ, ചിന്തകനും കവിയും കലാകാരനുമായ നിന്റെ അമരത്വത്തിന്‌ എന്റെ നമോവാകം!

_________________________________________________________________________________________________________

ലിസ്റ്റ്‌(1811-86)-ഹംഗേറിയൻ പിയാനിസ്റ്റും കമ്പോസറും കണ്ടകറ്ററും. ലിസ്റ്റും ബോദ്‌ലയറും പരസ്പരം ബഹുമാനിച്ചിരുന്നു.
ബാക്കസ്‌-ഗ്രീക്ക്‌ മദ്യദേവൻ
കാംബ്രിനസ്‌-ബീർ ആദ്യം ഉണ്ടാക്കിയതിദ്ദേഹമാണെന്നു പറയപ്പെടുന്നു.

LINK TO LISZT IN WIKIPEDIA

Sunday, November 15, 2009

ബോദ്‌ലെയെർ-യക്ഷികളുടെ പാരിതോഷികങ്ങൾ

baude14
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഭൂമുഖം കണ്ട സകല നവജാതശിശുക്കൾക്കും പാരിതോഷികങ്ങൾ വിതരണം ചെയ്യാൻ വിളിച്ചുകൂട്ടിയ യക്ഷികളുടെ മഹായോഗം നടക്കുകയാണ്‌.

പ്രാചീനരും ചപലകളുമായ വിധിയുടെ ആ സഹോദരിമാർ, ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും വിചിത്രമാതാക്കൾ, അവർ ഒന്നിനൊന്നു പൊരുത്തമില്ലാത്തവരായിരുന്നു:ചിലർ ഗൗരവക്കാരും മുഷിഞ്ഞ മുഖവുമായി നടക്കുന്നവരുമായിരുന്നു; മറ്റു ചിലർ കൗശലക്കാരും കളിതമാശക്കാരുമായിരുന്നു; ചിലർ ചെറുപ്പമായിരുന്നു, അവർ എന്നും അങ്ങനെയായിരുന്നു; ചിലർ വൃദ്ധകളായിരുന്നു, അവർ എന്നും അങ്ങനെയായിരുന്നു.

യക്ഷികളിൽ വിശ്വാസമുള്ള എല്ലാ അച്ഛന്മാരും തങ്ങളുടെ ശിശുക്കളെയും കൈയിലെടുത്ത്‌ അവിടെയെത്തിയിരുന്നു.

പാരിതോഷികങ്ങൾ,അതായത്‌ സിദ്ധികൾ,ഭാഗ്യങ്ങൾ,അവസരങ്ങൾ എന്നിവ ഏതോ വിദ്യാലയത്തിലെ സമ്മാനദാനച്ചടങ്ങിനെന്നപോലെ ന്യായാസനത്തിനരികിൽ കൂട്ടിയിട്ടിരുന്നു. പക്ഷേ ഇവിടെ ഒരു വ്യത്യാസമുള്ളത്‌ ഒരു യത്നത്തിനുള്ള പ്രതിഫലമായിട്ടല്ല പാരിതോഷികം നൽകപ്പെടുന്നത്‌ എന്നതായിരുന്നു. നേരേമറിച്ച്‌, ഇനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത ഒരാൾക്കു മേൽ വന്നുവീഴുന്ന അനുഗ്രഹമാണത്‌; അയാളുടെ ഭാഗധേയത്തെ നിർണ്ണയിക്കുന്നതും, അയാളുടെ ദൗർഭാഗ്യത്തിനെന്നപോലെ സന്തോഷത്തിനും സ്രോതസ്സാകുന്നതുമായ ഒരനുഗ്രഹം.

പാവം യക്ഷികൾക്കു തിരക്കോടു തിരക്കായിരുന്നു; നിവേദകരുടെ കൂട്ടം അത്രയ്ക്കായിരുന്നല്ലോ; അതുമല്ല, മനുഷ്യനും ദൈവത്തിനും ഇടയിലുള്ള ആ അന്തരാളലോകത്തിനും നമ്മെപ്പോലെതന്നെ കാലത്തിന്റെയും അവന്റെ സന്താനങ്ങളായ ദിവസങ്ങൾ,മണിക്കൂറുകൾ, മിനുട്ടുകൾ,സെക്കന്റുകൾ എന്നിവയുടെയും ഭയാനകമായ ശാസനത്തിനു വിധേയമാകാതെ വയ്യ.

സത്യം പറഞ്ഞാൽ പരാതി കേൾക്കുന്ന ദിവസം മന്ത്രിമാരുടെ മട്ടു പോലെ ചൂടു പിടിച്ചു നടക്കുകയായിരുന്നു അവർ; അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു വിശേഷദിവസം സർക്കാർ മുതലും പലിശയും എഴുതിത്തള്ളുമ്പോൾ പണയക്കടകളിൽ പാടുപെടുന്ന പണിക്കാരെപ്പോലെ. ഇടയ്ക്കിടെ അവർ ഘടികാരസൂചികളിലേക്കു നോക്കിയിരുന്നോയെന്നും എനിക്കു സംശയമുണ്ട്‌; കാലത്തു മുതൽ കേസുകൾ കേൾക്കുകയും അതിനിടയിൽ തങ്ങളുടെ അത്താഴവും കുടുംബവും പ്രിയപ്പെട്ട വള്ളിച്ചെരുപ്പുകളും ദിവാസ്വപ്നം കാണുകയും ചെയ്യുന്ന മനുഷ്യരായ ന്യായാധിപരുടെ അക്ഷമ അവരിൽ കണ്ടെത്താമായിരുന്നു. അപ്പോൾ, ചില തിടുക്കങ്ങളും യാദൃച്ഛികതകളും പ്രകൃത്യതീതനീതിയിൽ വന്നുപെടാമെങ്കിൽ അങ്ങനെയൊന്ന് മനുഷ്യനീതിയുടെ കാര്യത്തിലും ശരിയായേക്കാമെന്നു വരുന്നത്‌ നമ്മെ ആശ്ചര്യപ്പെടുത്താൻ പാടുള്ളതല്ല. അങ്ങനെ ആശ്ചര്യം തോന്നിയാൽ നീതിയില്ലാത്ത ന്യായാധിപരായിപ്പോകും നമ്മൾ.

അങ്ങനെ, ചില അബദ്ധങ്ങളും അന്നുണ്ടായി; ചാപല്യമല്ല, വിവേകമാണ്‌ യക്ഷികളുടെ നിത്യവും വ്യതിരിക്തവുമായ സ്വഭാവവിശേഷമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കത്‌ വിചിത്രമായും തോന്നാം.

ഉദാഹരണത്തിന്‌, ധനാകർഷണത്തിനുള്ള സിദ്ധി നൽകപ്പെട്ടത്‌ ഒരു ധനികകുടുംബത്തിലെ ഏകാവകാശിക്കാണ്‌; സഹായമനഃസ്ഥിതിയില്ലാത്ത, ജീവിതത്തിലെ മറ്റു സുഖങ്ങളിൽ തൃഷ്ണയില്ലാത്ത അയാൾക്ക്‌ തന്റെ മേൽ വന്നുകുമിയുന്ന കോടികൾ പിൽക്കാലത്ത്‌ ഒരു ഭാരമായി മാറും.

അതുപോലെ സൗന്ദര്യാരാധനയും കവിത്വവും നൽകിയത്‌ അരസികനായ ഒരു ദരിദ്രവാസിയുടെ, ഒരു പാറമടത്തൊഴിലാളിയുടെ മകനാണ്‌; തന്റെ മകന്റെ സിദ്ധികളെ പോഷിപ്പിക്കാൻ, അവന്റെ നിസ്സാരമായ ആവശ്യങ്ങളെ നിവർത്തിക്കാൻ അയാൾക്കുണ്ടോ കഴിയുന്നു?

ഇത്തരം ഭവ്യമായ സന്ദർഭങ്ങളിൽ പാരിതോഷികങ്ങൾ നിരസിക്കാനോ, മറ്റൊന്നു മതിയെന്നു പറയാനോ ഉള്ള അവകാശം നിങ്ങൾക്കില്ല, അതു ഞാൻ പറയാൻ വിട്ടു.

മുഷിപ്പൻപണി കഴിഞ്ഞല്ലോ എന്ന വിശ്വാസത്തോടെ യക്ഷികൾ പോകാനായി എഴുന്നേറ്റു; കാരണം പാരിതോഷികങ്ങളൊന്നും ബാക്കിയായിട്ടില്ല,ആ മനുഷ്യപറ്റത്തിനിടയിലേക്കെറിഞ്ഞുകൊടുക്കാൻ ഔദാര്യങ്ങളൊന്നും ശേഷിച്ചിട്ടുമില്ല. ആ സമയത്താണ്‌ ഒരു ധൈര്യശാലി -ഒരു പാവം കച്ചവടക്കാരനാണെന്നു തോന്നുന്നു- എഴുന്നേറ്റു നിന്നിട്ട്‌ തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരു യക്ഷിയുടെ വർണ്ണവാതകങ്ങൾ കൊണ്ടു നെയ്ത പുടവത്തുമ്പിൽ പിടിച്ച്‌ ഇങ്ങനെ ഒച്ചവയ്ക്കുന്നത്‌:"അയ്യോ, ദേവി! ഞങ്ങളെയങ്ങു മറന്നോ! എന്റെ കുഞ്ഞുമകന്റെ കാര്യം വിട്ടുപോയി! ഇവിടെ വന്നിട്ട്‌ വെറുംകൈയോടെ പോകാനോ!"

യക്ഷിക്ക്‌ എന്തു പറയണമെന്നറിയാതായിട്ടുണ്ടാവും, കാരണം കൊടുക്കാൻ ഒന്നും ബാക്കിയില്ലല്ലോ. അവർക്കു പക്ഷേ, ആ സമയത്ത്‌ ഒരു നിയമത്തിന്റെ കാര്യം ഓർമ്മവന്നു; എല്ലാവർക്കും അറിവുള്ളതാണെങ്കിലും അവരുടെ അതീതലോകത്ത്‌ ,മനുഷ്യന്റെ സുഹൃത്തുക്കളും പലപ്പോഴും അവന്റെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നവരുമായ ആ അദൃശ്യദേവതകൾ,യക്ഷികൾ,ചാത്തന്മാർ,തീപ്പിശാചുക്കൾ, ജലദേവതകൾ എന്നിവർ അധിവസിക്കുന്ന ആ ലോകത്ത്‌ അപൂർവ്വമായി മാത്രം പ്രയോഗിക്കപ്പെടുന്ന ഒരു നിയമം. ഞാനുദ്ദേശിക്കുന്നത്‌ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ, അതായത്‌ ഉപഹാരങ്ങൾ ബാക്കി വരാത്ത അവസരങ്ങളിൽ ഒരു പാരിതോഷികം അധികം നൽകാൻ യക്ഷികൾക്ക്‌ അനുമതി നൽകുന്ന ആ നിയമത്തിന്റെ കാര്യമാണ്‌; പക്ഷേ ഒന്നുണ്ട്‌: നിന്ന നിൽപ്പിൽ അതു സൃഷ്ടിക്കാനുള്ള ഭാവനാശേഷി അതുപയോഗിക്കുന്നവർക്കുണ്ടായിരിക്കണം.

അങ്ങനെ ആ യക്ഷി തന്റെ ഗണത്തിനു ചേർന്ന കുലീനതയോടെ ഇങ്ങനെയരുളി:"നിന്റെ മകനു ഞാൻ ഇതാ നൽകുന്നു...ആനന്ദിപ്പിക്കാനുള്ള സിദ്ധി!"

"എന്താനന്ദം? ആനന്ദമോ? ആരെയാനന്ദിപ്പിക്കാൻ?"ആ കൊച്ചു കടക്കാരൻ വഴങ്ങാൻ കൂട്ടാക്കാതെ ചോദ്യങ്ങളായി; നമ്മൾ സാധാരണ കണ്ടുമുട്ടുന്ന യുക്തിവാദക്കാരിൽപ്പെട്ട ഒരാളാണു കക്ഷിയെന്നതിൽ സംശയമില്ല; അയുക്തികതയുടെ യുക്തി മനസ്സിലാക്കാനുള്ള ത്രാണി അവർക്കില്ല.

"അത്‌...അത്‌...!" അയാൾക്കു പുറംതിരിഞ്ഞുകൊണ്ട്‌ കോപിഷ്ടയായ ആ യക്ഷി പറഞ്ഞു. പിന്നെ, തന്റെ ഒപ്പമുള്ളവരോടു ചേർന്നുകൊണ്ട്‌ അവൾ അവരോടു പരാതിപ്പെട്ടു:"ആ ഫ്രഞ്ചുകാരന്റെ നാട്യം കണ്ടില്ലേ? അവനു സകലതും അറിയണം. ഏറ്റവും നല്ല പാരിതോഷികം തന്റെ മകനു കിട്ടിയിട്ടും ചോദ്യം ചെയ്യാനാവാത്തതിനെ ചോദ്യം ചെയ്യാനും തർക്കമില്ലാത്തതിനെച്ചൊല്ലി തർക്കിക്കാനും വരികയാണവൻ!"

Wednesday, November 11, 2009

കവാഫി-മെഴുകുതിരികൾ

Georges_de_La_Tour_010
വരാനുള്ള നാളുകൾ
കൊളുത്തിവച്ച മെഴുകുതിരികൾ പോലെ
നമുക്കു മുന്നിൽ നിരന്നുനിൽക്കുന്നു...
സൗവർണ്ണമായ,ഊഷ്മളമായ
ജീവൻ തുടിക്കുന്ന കുഞ്ഞുമെഴുകുതിരികൾ.
നമുക്കു പിന്നിലുണ്ട്‌ പൊയ്പ്പോയ നാളുകൾ,
കെട്ടുപോയ മെഴുകുതിരികളുടെ ശോകാകുലമായ ഒരു നിര.
തൊട്ടടുത്തുള്ളവ അപ്പോഴും പുകയുന്നു.
ഉരുകിത്തീർന്ന തണുത്ത മെഴുകുതിരികൾ
വളഞ്ഞുപോയ മെഴുകുതിരികൾ.
എനിക്കവയെ കാണേണ്ട;
അവയുടെ കോലം കണ്ടെനിക്കു സങ്കടമാവുന്നു,
എന്തു വെളിച്ചമായിരുന്നവയ്ക്ക്‌.
മുന്നിലെ കൊളുത്തിയ മെഴുകുതിരികളിലേക്കു നോക്കി
ഞാനിരിക്കുന്നു.
തിരിഞ്ഞുനോക്കാനെനിക്കു വയ്യ,
കാണുന്നതുകണ്ടെന്റെ നെഞ്ചു പിടഞ്ഞുപോകും-
അണഞ്ഞ നിര നീളുന്നതെത്രവേഗം,
കെട്ട മെഴുകുതിരികൾ പെരുകുന്നതെത്രവേഗം.
(1899)

Sunday, November 8, 2009

കവാഫി-തൃഷ്ണകൾ


പ്രായമാകാതെ മരിച്ചവരുടെ സുന്ദരദേഹങ്ങൾ
തലയ്ക്കൽ റോസാപ്പൂക്കളും
കാൽക്കൽ മുല്ലപ്പൂക്കളുമായി
ഗംഭീരമായ ശവകുടീരങ്ങളിൽ
കണ്ണീരോടെ അവർ അടക്കം ചെയ്തു-
ഫലം കാണാതെപോയ തൃഷ്ണകളും അതേവിധം.
ഐന്ദ്രിയാഹ്ലാദത്തിന്റെ ഒരു രാവോ
തെളിഞ്ഞൊരു പ്രഭാതമോ
കണ്ടെത്താനവയ്ക്കായില്ല.

(1904)

Saturday, November 7, 2009

ബോദ്‌ലെയെർ-കൊലക്കയർ

manet-cherries-1859
                                               BOY WITH CHERRIES-MANET-1859
(എഡ്വേർഡ്‌ മാനെയ്ക്ക്‌ )


"മിഥ്യകൾ" എന്റെ സ്നേഹിതൻ എന്നോടു പറയുകയായിരുന്നു,"മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പോലെ,അല്ലെങ്കിൽ മനുഷ്യരും വസ്തുക്കളും തമ്മിലുള്ള ബന്ധങ്ങൾ പോലെ അത്ര അസംഖ്യമാണ്‌. ആ മിഥ്യ മായുമ്പോഴാകട്ടെ-അതായത്‌, ഒരു വ്യക്തിയോ വസ്തുവോ നമുക്കു പുറത്ത്‌ യഥാർത്ഥത്തിൽ എങ്ങനെയാണെന്നു നാം കാണുമ്പോൾ-മറഞ്ഞുപോയ മായാരൂപത്തെ പ്രതി ഒരു നഷ്ടബോധവും മുന്നിൽ വന്ന പുതുമയെ,യഥാർത്ഥവസ്തുവെ പ്രതി ആശ്ചര്യവും കലർന്ന സങ്കീർണ്ണമായ ഒരു വിചിത്രവികാരത്തിനു നാം വിധേയരായിപ്പോവുകയും ചെയ്യുന്നു. ഇനി സ്പഷ്ടവും സധാരണവും മാറ്റമില്ലാത്തതും ദുർവ്യാഖ്യാനങ്ങൾക്കിടനൽകാത്തതുമായ ഒരു പ്രതിഭാസമുണ്ടെങ്കിൽ അത്‌ മാതൃസ്നേഹമൊന്നു മാത്രം. മാതൃസ്നേഹമില്ലാത്ത ഒരമ്മയെ സങ്കൽപ്പിക്കുക എന്നാൽ അത്‌ ചൂടില്ലാത്ത തീയിനെ മനസ്സിൽ കാണുന്നതുപോലെ അത്ര ദുഷ്കരമത്രെ. അങ്ങനെ വരുമ്പോൾ തന്റെ കുഞ്ഞിനോടു ബന്ധപ്പെട്ടുള്ള ഒരമ്മയുടെ സകല ചെയ്തികളെയും വാക്കുകളെയും മാതൃസ്നേഹത്തിൽ ആരോപിക്കുന്നതും തികച്ചും സാധുവല്ലേ? എന്നാൽ ഈ കഥയൊന്നു കേട്ടുനോക്കൂ; എല്ലാ മിഥ്യകളിലും വച്ച്‌ ഏറ്റവും സ്വാഭാവികമായ മിഥ്യ എന്റെ മനസ്സിനെ കുഴക്കിയ കഥയാണിത്‌.
"ചിത്രരചന തൊഴിലായ സ്ഥിതിയ്ക്ക്‌ വഴിയിൽ കാണുന്ന മുഖങ്ങളെയും അവയിലെ ഭാവങ്ങളെയും ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്‌. അന്യരെ അപേക്ഷിച്ച്‌ ഞങ്ങളുടെ കണ്ണുകളിൽ ജീവിതത്തെ കൂടുതൽ സചേതനവും സാർത്ഥകവുമാക്കുന്ന ഈയൊരു സിദ്ധിയിൽ നിന്ന് ഞങ്ങൾ ചിത്രകാരന്മാർ ആർജ്ജിക്കുന്ന ആനന്ദം എന്തുമാത്രമാണെന്നു നിങ്ങൾക്കറിയുമോ? നഗരത്തിൽ തിരക്കൊഴിഞ്ഞ ഭാഗത്ത്‌ ഞാൻ താമസിക്കുന്ന സ്ഥലത്ത്‌(അവിടെ ഇപ്പോഴും വീടുകൾക്കിടയിൽ പുല്ലു വളർന്ന വിശാലമായ മുറ്റങ്ങളുണ്ട്‌) ഞാൻ പലപ്പോഴും ഒരു ബാലനെ കണ്ടുമുട്ടാറുണ്ട്‌; മറ്റെന്തിനെക്കാളുമുപരി അവന്റെ മുഖത്തെ തീക്ഷ്ണവും കുസൃതി നിറഞ്ഞതുമായ ഭാവമാണ്‌ എന്നെ ആകർഷിച്ചത്‌. പലതവണ ഞാൻ അവനെ ഒരു മോഡലായി ഉപയോഗിച്ചു; ചിലപ്പോൾ ഒരു കൊച്ചുജിപ്സിയായി,ചിലപ്പോൾ ഒരു മാലാഖയായി, മറ്റു ചിലപ്പോൾ ഒരു ക്യൂപ്പിഡായി ഞാനവനെ രൂപാന്തരപ്പെടുത്തി. ഒരു നാടോടിയുടെ വയലിനും മുൾക്കിരീടവും കുരിശ്ശിൽ തറച്ച ആണികളും ഇറോസിന്റെ ശലാകയും ഞാനവനെക്കൊണ്ടു ചുമപ്പിച്ചു. എന്തിനു പറയുന്നു, ആ കുറുമ്പന്റെ വികൃതികളിൽ അത്രയ്ക്കാകഷ്ടനായിപ്പോയ ഞാൻ സാധുക്കളായ അവന്റെ അച്ഛനമ്മമാരോട്‌ അവനെ എനിക്കു വിട്ടുതരാൻ ഇരന്നു; അവനുടുക്കാനുള്ളതു കൊടുക്കാമെന്നും എല്ലാമാസവും ചെറിയൊരു തുക നൽകാമെന്നും എന്റെ ബ്രഷുകൾ വൃത്തിയാക്കുക,എന്റെ കൈയാളായി നിൽക്കുക എന്നതല്ലാതെ മറ്റു ഭാരിച്ച ജോലികളൊന്നും അവനെക്കൊണ്ടു ചെയ്യിക്കില്ലയെന്നും ഞാനവർക്ക്‌ ഉറപ്പും കൊടുത്തു. ഒന്നു വൃത്തിയാക്കിയെടുത്തപ്പോൾ അവൻ സുന്ദരനായി; തന്റെ മാതാപിതാക്കളോടൊപ്പമുള്ള ചെറ്റക്കുടിലിലെ ജീവിതം വച്ചു നോക്കുമ്പോൾ എന്റെ കൂടെയുള്ള വാസം അവനു സ്വർഗ്ഗസമാനമായി തോന്നിയിട്ടുണ്ടാവണം. പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, അവൻ ചിലനേരം തന്റെ പ്രായത്തിനു നിരക്കാത്ത ഒരുതരം വിഷാദഭാവം പ്രകടമാക്കിയിരുന്നു; ഒപ്പം പഞ്ചസാരയോടും മദ്യത്തോടും അതിരുകടന്ന ഒരു ഭ്രമവും അവൻ കാണിച്ചിരുന്നു. പലതവണ വിലക്കിയിട്ടും വീണ്ടും അവൻ അങ്ങനെയൊരു കളവു നടത്തിയപ്പോൾ തിരിയെ വീട്ടിലേക്കയയ്ക്കുമെന്നു പറഞ്ഞ്‌ അവനെയൊന്നു ഭീഷണിപ്പെടുത്താതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. അതു കഴിഞ്ഞ്‌ ഞാൻ പുറത്തേക്കു പോയി; ചില ജോലികളുണ്ടായതു കാരണം ദിവസങ്ങൾ കഴിഞ്ഞാണു ഞാൻ പിന്നെ വീട്ടിലെത്തുന്നത്‌.
“മടങ്ങിയെത്തുമ്പോൾ ഞാൻ ആദ്യം കാണുന്ന കാഴ്ച കുസൃതിക്കാരനായ എന്റെ ജീവിതപങ്കാളി സ്റ്റോർമുറിയുടെ വാതിലിൽ തൂങ്ങിനിൽക്കുന്നതാണെന്നു വരുമ്പോൾ എനിക്കുണ്ടാകുന്ന ഭീതിയും ഞെട്ടലും ഒന്നു സങ്കൽപ്പിച്ചുനോക്കൂ! അവന്റെ കാലുകൾ നിലത്തു മിക്കവാറും തൊട്ടനിലയിലായിരുന്നു; അവൻ കാലുകൊണ്ടു തട്ടിയെറിഞ്ഞിരിക്കാവുന്ന ഒരു കസേര തൊട്ടടുത്ത്‌ വീണുകിടപ്പുണ്ട്‌; തല പിരിഞ്ഞ്‌ ഒരു ചുമലിലേക്കു വീണുകിടക്കുന്നു; വീർത്ത മുഖവും തുറിച്ച കണ്ണുകളിലെ നോട്ടവും കണ്ടാൽ അവനു ജീവനുണ്ടെന്ന് ആദ്യമൊന്നു തോന്നിപ്പോകും. അവനെ താഴത്തിറക്കുക നിങ്ങൾ വിചാരിക്കുന്നത്ര എളുപ്പമായിരുന്നില്ല. അവന്റെ ശരീരം മരവിച്ചുകഴിഞ്ഞിരുന്നു; അവനെ മുറിച്ചു താഴത്തേക്കിടുന്നതിൽ എനിക്കെന്തോ ഒരറപ്പു തോന്നുകയും ചെയ്തു. ഒരു കൈ കൊണ്ട്‌ കയറു മുറിക്കുമ്പോൾ മറ്റേ കൈ കൊണ്ട്‌ ഞാൻ അവനെ താങ്ങിപ്പിടിച്ചു. പക്ഷേ അതു കഴിഞ്ഞപ്പോൾ എല്ലാം കഴിഞ്ഞില്ല. ആ പിശാച്‌ കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച നേർത്ത ചരട്‌ അവന്റെ കഴുത്തിൽ ആഴ്‌ന്നിറങ്ങിയിരിക്കുകയാണ്‌; കഴുത്തു സ്വതന്ത്രമാക്കണമെങ്കിൽ വീർത്തുപൊങ്ങിയ മാംസപാളികൾക്കിടയിലൂടെ ഒരു കത്രിക കടത്തിയാലേ പറ്റൂ.
“ഞാൻ സഹായത്തിനു വേണ്ടി ഉറക്കെ നിലവിളിച്ചിരുന്നുവെന്ന കാര്യം പറയാൻ വിട്ടുപോയി; പക്ഷേ ഒരയൽക്കാരനും എന്റെ സഹായത്തിനെത്തിയില്ല; അക്കാര്യത്തിൽ അവർ തൂങ്ങിച്ചത്ത ഒരുത്തന്റെ കാര്യത്തിൽ ഇടപെടാതിരിക്കുക എന്ന സംസ്കാരസമ്പന്നരായ മനുഷ്യരുടെ സമ്പ്രദായത്തോട്‌-അതിന്റെ കാരണമൊന്നും എനിക്കറിയില്ല-ശരിക്കും നീതി പുലർത്തുക തന്നെ ചെയ്തു. ഒടുവിൽ ഒരു ഡോക്ടർ എത്തിച്ചേർന്നു; കുട്ടി മരിച്ചിട്ട്‌ കുറേ മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെതു. പിന്നീട്‌ ശവസംസ്കാരത്തിനു വേണ്ടി അവന്റെ വസ്ത്രങ്ങൾ മാറ്റാൻ നോക്കുമ്പോൾ ജഡം അത്ര മരവിച്ചതു കാരണം അവന്റെ കൈകാലുകൾ നിവർക്കാനുള്ള ശ്രമം ഞങ്ങൾ ഉപേക്ഷിച്ചു; ഒടുവിൽ കീറിമുറിച്ചാണ്‌ തുണികൾ മാറ്റിയത്‌.
“പൊലീസിൽ വിവരം അറിയിക്കണമല്ലോ; ഇൻസ്പെക്റ്റർ ഏറുകണ്ണിട്ട്‌ എന്നെയൊന്നു നോക്കിയിട്ടു പറഞ്ഞതിതാണ്‌:'ഇതിലെന്തോ ദുരൂഹതയുണ്ടല്ലോ!' കുറ്റവാളികളെന്നോ നിരപരാധികളെന്നോ നോക്കാതെ സർവ്വരിലും ഭയം ജനിപ്പിക്കാനുള്ള കട്ടപിടിച്ച ആഗ്രഹവും ആ തൊഴിലിന്റെ ശീലവുമായിരുന്നു അതിനു പിന്നിലെന്നതിൽ സംശയമില്ല.
“പരമപ്രധാനമായ ഒരു ദൗത്യം അവശേഷിച്ചു: അവന്റെ അച്ഛനെയും അമ്മയെയും വിവരം അറിയിക്കുക. അതോർത്തപ്പോൾത്തന്നെ ഞാൻ കിടിലം കൊണ്ടുപോയി. എന്റെ കാലുകൾ എന്നെ അങ്ങോട്ടു കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ എങ്ങനെയോ ഞാൻ ധൈര്യം കണ്ടെത്തി. പക്ഷേ ഞാൻ അത്ഭുതപ്പെട്ടുപോയി, അമ്മ നിർവ്വികാരയായിരുന്നു; അവരുടെ കൺകോണുകളിൽ ഒരു നീർത്തുള്ളി പോലും പൊടിഞ്ഞില്ല. ആ വിചിത്രമായ പെരുമാറ്റത്തിനു കാരണം അവരനുഭവിക്കുന്ന കൊടുംശോകത്തിൽ ഞാൻ ആരോപിച്ചു; ഏറ്റവും കടുത്ത ദുഃഖങ്ങൾ നിശ്ശബ്ദദുഃഖങ്ങളായിരിക്കുമെന്ന ചൊല്ലും ഞാനപ്പോൾ ഓർത്തു. അച്ഛന്റെ കാര്യമാവട്ടെ, ബുദ്ധി മരവിച്ച പോലെയോ സ്വപ്നം കാണുന്നപോലെയോ അയാൾ പറഞ്ഞതിതാണ്‌:'ഇങ്ങനെയായത്‌ ഒരു വിധത്തിൽ നന്നായി; എന്തായാലും അവൻ ഗുണം പിടിക്കുമായിരുന്നില്ല.'

“ഈ നേരമായപ്പോൾ ജഡം എന്റെ കട്ടിലിൽ ഇറക്കിക്കിടത്തിയിരുന്നു. വേലക്കാരിയുടെ സഹായത്തോടെ ഞാൻ അവസാനത്തെ ഒരുക്കങ്ങൾ നടത്തുമ്പോൾ അവന്റെ അമ്മ എന്റെ സ്റ്റുഡിയോവിലേക്കു കയറിവന്നു. തന്റെ മകന്റെ ശരീരം ഒന്നു കാണണമെന്ന് അവർ പറഞ്ഞു. തന്റെ ദൗർഭാഗ്യത്തിൽ വ്യാപരിക്കുന്നതിൽ നിന്ന് അവരെ വിലക്കാനും അന്തിമവും വിഷാദപൂർണ്ണവുമായ ഈയൊരു സമാശ്വാസം അവർക്കു നിഷേധിക്കാനും സത്യം പറഞ്ഞാൽ എനിക്കു മനസ്സു വന്നില്ല. അതു കഴിഞ്ഞപ്പോൾ തന്റെ കുഞ്ഞു തൂങ്ങിച്ചത്ത സ്ഥലം കാട്ടിക്കൊടുക്കണമെന്നായി അവർ. 'അയ്യോ, അമ്മേ!' ഞാൻ പറഞ്ഞു; 'നിങ്ങൾക്കതു താങ്ങാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല.' പക്ഷേ എന്റെ കണ്ണുകൾ ഞാനറിയാതെ തന്നെ സ്റ്റോർമുറിയുടെ ആ കെട്ട വാതിലിലേക്കു പോയി; ആണി അതിൽത്തന്നെയുണ്ടെന്നതും ചരടിന്റെ നീണ്ടൊരു കഷണം അതിൽ തൂങ്ങിക്കിടക്കുന്നതും അറപ്പും ഭീതിയും കോപവും സമ്മിശ്രമായ ഒരു വികാരത്തോടെ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ കുതിച്ചുചെന്ന് ആ പാതകത്തിന്റെ അവസാനത്തെ ശേഷിപ്പുകളെ പറിച്ചെടുത്ത്‌ ജനാലയിലൂടെ പുറത്തു കളയാനോങ്ങിയപ്പോൾ ആ സാധുസ്ത്രീ എന്റെ കൈയ്ക്കു കടന്നുപിടിച്ച്‌ എതിർക്കാനാവാത്തൊരു സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:'അയ്യോ സാറേ,അതെനിക്കു തരണേ!' ശോകം കൊണ്ടു ഭ്രാന്തു പിടിച്ച ആ സ്ത്രീ തന്റെ മകൻ ചാവാനുപയോഗിച്ച വസ്തുവിനോടു കാണിക്കുന്ന മമതയായി ഞാനതിനെ വ്യാഖാനിച്ചു; ഭീതിദവും അനർഘവുമായ ഒരു തിരുശേഷിപ്പായി അതിനെ സൂക്ഷിക്കാൻ അവർക്കാഗ്രഹമുണ്ടാവാം. അവർ ആ ആണിയും കയറും എന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചു.
“അവസാനം എല്ലാമൊന്നു കഴിഞ്ഞുകിട്ടി. സ്വന്തം ജോലിയിലേക്കു തിരിച്ചുപോവുക എന്നതേ എനിക്കു ചെയ്യാനുണ്ടായിരുന്നുള്ളു-എന്റെ മനസ്സിന്റെ മൂലകളിൽ നിന്നു മാറാതെ നിൽക്കുകയും തുറിച്ച നോട്ടം കൊണ്ട്‌ എന്നെ തളർത്തുകയും ചെയ്യുന്ന ആ കൊച്ചുജഡത്തെ ഉച്ചാടനം ചെയ്യണമെങ്കിൽ പണ്ടത്തെക്കാൾ ഊർജ്ജസ്വലമായി പണിയെടുക്കുക തന്നെ വേണം. അടുത്ത ദിവസം പക്ഷേ, ഒരുകൂട്ടം കത്തുകൾ എന്റെ പേരിൽ വന്നു. ചിലത്‌ ഞാൻ താമസിക്കുന്ന കെട്ടിടത്തിൽത്തന്നെയുള്ളവരിൽ നിന്നായിരുന്നു; ചിലത്‌ തൊട്ടടുത്ത വീടുകളിൽ നിന്നും; താഴത്തെ നിലയിൽ നിന്ന് ഒരെണ്ണം; രണ്ടാമത്തെ നിലയിൽ നിന്ന് ഒരെണ്ണം; മൂന്നാമത്തെ നിലയിൽ നിന്ന് മറ്റൊരെണ്ണം അങ്ങനെയങ്ങനെ; അപേക്ഷയുടെ വ്യഗ്രതയെ പരിഹാസത്തിൽ ഒളിപ്പിച്ചുകൊണ്ടുള്ള തമാശരൂപത്തിലായിരുന്നു ചില കത്തുകൾ; ചിലതാകട്ടെ, നേരിട്ടങ്ങു കാര്യം പറയുന്നതും അക്ഷരത്തെറ്റു നിറഞ്ഞവയുമായിരുന്നു; എല്ലാ കത്തുകളുടെയും ഉള്ളടക്കം ഇതാണ്‌:മാരകമായ ആ ഭാഗ്യച്ചരടിന്റെ ഒരു കഷണം അവർക്കു വേണം. കത്തയച്ചവരിൽ പുരുഷന്മാരെക്കാൾ സ്ത്രീകളായിരുന്നു കൂടുതലെന്ന കാര്യം പറയേണ്ടിയിരിക്കുന്നു; അതേ സമയം എല്ലാവരും സമൂഹത്തിന്റെ താഴ്‌ന്ന പടിയിൽപ്പെട്ടവരായിരുന്നില്ല എന്നു ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കണം. കത്തുകൾ ഞാൻ സൂക്ഷിച്ചുവച്ചു.
“അപ്പോഴാണ്‌ എനിക്കു തലയ്ക്കുള്ളിൽ ഒരു വെളിച്ചം വീശിയത്‌; ആ അമ്മ എന്നിൽ നിന്ന് ആ ചരടു തട്ടിയെടുക്കാൻ വ്യഗ്രത കാട്ടിയതെന്തിനെന്നും ഏതുതരം കച്ചവടം നടത്തിയിട്ടാണ്‌ അവർ സമാശ്വാസം കണ്ടെത്താൻ പോകുന്നതെന്നും എനിക്കപ്പോൾ മനസ്സിലായി.”
----------------------------------------------------------------------------------------------------------------------------------------
ഒരു യഥാർത്ഥസംഭവത്തെ ആധാരമാക്കിയിട്ടുള്ളതാണ്‌ ഈ കഥ. ചിത്രകാരനായ മാനെ അലക്സാണ്ഡർ എന്നൊരു കുട്ടിയെ കൂടെ താമസിപ്പിച്ചിരുന്നു; ചെറിപ്പൂക്കളുമായി നിൽക്കുന്ന കുട്ടി എന്ന ചിത്രത്തിനു മോഡലായതും അവനാണ്‌; അവൻ മാനേയുടെ സ്റ്റുഡിയോവിൽ വച്ച്‌ തൂങ്ങിച്ചാവുകയും ചെയ്തു.
മാനെ

Friday, November 6, 2009

കവാഫി-ഒരു വൃദ്ധൻ


Cavafy3

ഇരമ്പുന്ന കാപ്പിക്കടയുടെ മൂലയ്ക്ക്‌
മേശയ്ക്കു മേൽ തലചായ്ച്ച്‌
മുന്നിലൊരു പത്രക്കടലാസ്സുമായി
കൂട്ടിനാരുമില്ലാതെ ഒരു കിഴവൻ.

വാർദ്ധക്യത്തിന്റെ നികൃഷ്ടമായ വൈരസ്യത്തോടെ
അയാൾ ഓർക്കുകയാണ്‌:
തനിക്കു ചന്തവും ബലവും വാക്കിനൂറ്റവുമുണ്ടായിരുന്നപ്പോൾ
ജീവിതസുഖമെന്തെന്ന് താനറിഞ്ഞേയില്ലല്ലോ.

തനിക്കിപ്പോൾ പ്രായമേറിയെന്ന് അയാൾക്കു ബോധമുണ്ട്‌:
അയാളതറിയുന്നുണ്ട്‌, കാണുന്നുമുണ്ട്‌.
എന്നാലും ഇന്നലെ വരെ താൻ ചെറുപ്പമായിരുന്ന പോലെ;
എത്ര ഹ്രസ്വമായൊരു കാലം, എത്ര ഹ്രസ്വം.

വിധി തന്നെ കബളിപ്പിച്ചുവല്ലോയെന്നോർക്കുകയാണയാൾ;
താനവളെ എന്തുമാത്രം വിശ്വസിച്ചു-എന്തൊരു വിഡ്ഢിത്തം!-
"നാളെയാകട്ടെ. ഇഷ്ടംപോലെ സമയമുണ്ടല്ലോ."
ആ നുണച്ചി പറയുകയായിരുന്നു.

സ്വയം തടയിട്ട വികാരങ്ങൾ;
കുരുതി കൊടുത്ത സന്തോഷങ്ങൾ.
നഷ്ടമായ ഓരോ അവസരവും
അയാളുടെ മൂഢമായ കരുതലിനെ കൊഞ്ഞനം കുത്തുകയാണ്‌.

പക്ഷേ അത്രയധികം ചിന്തയും ഓർമ്മയുമായപ്പോൾ
കിഴവനു തല തിരിയുകയാണ്‌.
മേശയ്ക്കു മേൽ തല ചായ്ച്ച്‌
അയാൾ ഉറക്കമാവുന്നു.
(1897

Tuesday, November 3, 2009

കവാഫി-നിങ്ങളാലാവുംവിധം

 Cavafy1
നിങ്ങളാശിച്ചവിധം ജീവിതം കരുപ്പിടിപ്പിക്കാനായില്ലെങ്കിൽ വേണ്ട,
നിങ്ങളാലാവുംവിധം ഇത്രയെങ്കിലും ചെയ്തുകൂടേ?-
അനാവശ്യമായ ലോകസമ്പർക്കം കൊണ്ട്‌
അനാവശ്യമായ പറച്ചിലും പ്രവൃത്തിയും കൊണ്ട്‌
അതിനെ ഹീനമാക്കാതിരിക്കാൻ നിങ്ങൾക്കു ശ്രമിക്കാം.

പോകുന്നിടത്തൊക്കെ കൂടെക്കൊണ്ടുനടന്നും
അങ്ങോട്ടുമിങ്ങോട്ടും വലിച്ചിഴച്ചും
ബന്ധങ്ങളുടെയും കൂട്ടായ്മകളുടെയും നാളുനാളായുള്ള പൊള്ളത്തരങ്ങളിൽ
കൊണ്ടുചെന്നു പ്രദർശിപ്പിച്ചും
ഒടുവിൽ തന്റേതല്ലാത്ത ഒരു ജീവിതം
തന്നെ തൂങ്ങിനടക്കുന്നതുപോലെ
നിങ്ങൾക്കതിനെ മടുക്കും-
സ്വന്തം ജീവിതത്തെ അങ്ങനെ ഹീനമാക്കാതിരിക്കാൻ ശ്രമിക്കരുതോ?
(1913)

 

More on Cavafy

Monday, November 2, 2009

കവാഫി (1863-1933)-മതിലുകൾ

Cavafy1900

ഒരു പരിഗണനയുമില്ലാതെ,ഒരു കരുണയുമില്ലാതെ,ഒരു നാണക്കേടുമില്ലാതെ
എനിക്കു ചുറ്റും കനത്തുയർന്ന ഒരു മതിൽ കെട്ടിക്കഴിഞ്ഞുവല്ലോ അവർ.
ഞാനിന്നിവിടെയിരുന്നുരുകുകയാണ്‌:
എന്റെ മനസ്സിൽ മറ്റൊന്നുമില്ല;
പുറത്തെന്തൊക്കെ ചെയ്യാനുണ്ടായിരുന്നതാണെനിക്ക്‌.
അവർ മതിലു കെട്ടിപ്പൊക്കുമ്പോൾ
ഞാനെന്തേ അതു ശ്രദ്ധിച്ചില്ല?
അതിനു ഞാനൊന്നും കേട്ടിരുന്നില്ലല്ലോ
പണിക്കാരുടെ ശബ്ദവും ഞാൻ കേട്ടില്ല.
എന്റെ കണ്ണിലും കാതിലും പെടാതെ
അവരെന്നെ പുറംലോകത്തു നിന്ന് കൊട്ടിയടച്ചുകളഞ്ഞു.
(1896)

 

More of Cavafy