LISZT AT THE PIANO
തിർസസ് എന്നാൽ എന്താണ്? ധർമ്മശാസ്ത്രത്തിന്റെയും കാവ്യശാസ്ത്രത്തിന്റെയും നിർവ്വചനമനുസരിച്ച് പൂജാരിമാരോ പൂജാരിണിമാരോ കൈകളിലേന്തുന്നതും അവർ വ്യാഖ്യാതാക്കളും സേവകരുമായിരിക്കുന്ന ദേവത്വത്തിന്റെ വൈദികബിംബവുമാണത്. ഭൗതികമായി പക്ഷേ അതൊരു ദണ്ഡു മാത്രമാണ്;മുന്തിരിവള്ളികൾക്കു താങ്ങു കൊടുക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള ഉണങ്ങിയതും മുരണ്ടതും വളവില്ലാത്തതുമായ വെറുമൊരു വടി. ആ ദണ്ഡിനെ ചുറ്റി മുന്തിരിവള്ളികളും പൂക്കളും വളഞ്ഞുപിണഞ്ഞു കിടക്കുന്നു; പുളഞ്ഞുമറയുന്നതാണു ചിലത്; ചിലതോ, മണികളോ കമിഴ്‌ന്ന കോപ്പകളോ പോലെ തൂങ്ങിക്കിടക്കുന്നതും. ചിലനേരം ലോലവും ചിലനേരം പകിട്ടാർന്നതുമായ രേഖകളുടെയും വർണ്ണങ്ങളുടെയും ആ കലാപത്തിൽ നിന്നുറപൊട്ടുന്നത് ഒരാശ്ചര്യശോഭയത്രെ.വക്രരേഖകളും സർപ്പിളങ്ങളും നേർരേഖയ്ക്കു സേവ ചെയ്യുകയും മൂകഭക്തിയോടെ അതിനു ചുറ്റും ചുവടുവയ്ക്കുകയാണെന്നും തോന്നുന്നില്ല്ലേ? ആ ലോലപുടങ്ങൾ, വിദളങ്ങൾ , വർണ്ണങ്ങളുടെയും പരിമളങ്ങളുടെയും സ്ഫോടനങ്ങൾ, ആ പൂജാദണ്ഡിനു ചുറ്റുമായി ഒരു നിഗൂഢനൃത്തം വയ്ക്കുകയല്ലേ? പൂക്കളും വല്ലികളുമുണ്ടായത് ദണ്ഡിനു വേണ്ടിയാണോ അല്ല, പൂക്കളുടെയും വല്ലികളുടെയും ശോഭ വെളിവാക്കാനുള്ള ഒരുപായം മാത്രമാണോ ദണ്ഡ് എന്നു നിർണ്ണയിക്കാനുള്ള സാഹസത്തിന് ആരൊരാളൊരുങ്ങും? ശക്തനും ആരാധ്യനുമായ ഗുരോ, നിഗൂഢവും തീക്ഷ്ണവുമായ സൗന്ദര്യത്തിന്റെ പൂജാരിയായോനേ, അവിടത്തെ അതിശയിപ്പിക്കുന്ന ദ്വന്ദ്വഭാവത്തിന്റെ പ്രതീകമത്രെ ഈ തിർസസ്. അവിടത്തെ പ്രതിഭ സ്വസഹോദരങ്ങളുടെ ഹൃദയങ്ങൾക്കു മേൽ പ്രവർത്തിക്കുമ്പോഴത്തെ ഊറ്റത്തോടെയും സാരസ്യത്തോടെയും ഗൂഢചാരിയായ ബാക്കസ്സ് ആളിക്കത്തിച്ച ഒരു വനദേവതയും ഉന്മാദികളായ സഹചാരികളുടെ ശിരസ്സുകൾക്കു മേൽ തന്റെ ദണ്ഡു ചലിപ്പിച്ചിട്ടില്ല.-ഋജുവും ബലിഷ്ഠവും അധൃഷ്യവുമായ അവിടത്തെ ഇച്ഛാശക്തിയാണ് ദണ്ഡ്; ആ ദണ്ഡിനു ചുറ്റുമായി അങ്ങയുടെ ഭാവനയുടെ സ്വൈരവിഹാരമാണു പൂക്കൾ; പുരുഷനെ ചുറ്റി സ്ത്രൈണതയുടെ അതിശയനൃത്തങ്ങളാണവ. നേർരേഖയും വക്രരേഖകളും, വിവക്ഷയും അതിന്റെ പ്രകാശനവും, ഇച്ഛയുടെ കാർശ്യം, വാക്കിന്റെ വശഗത, ഏകലക്ഷ്യം, മാർഗ്ഗവൈവിധ്യം, ഏകവും സർവ്വശക്തവുമായ പ്രതിഭയുടെ ചേരുവ: അങ്ങയെ വിഭജിക്കാനും വേർപിരിക്കാനുമുള്ള നിന്ദ്യമായ ചങ്കുറപ്പ് ഏതൊരു വിശകലനവിദഗ്ധനുണ്ടാവും?
പ്രിയപ്പെട്ട ലിസ്റ്റ്, മൂടൽമഞ്ഞിനുള്ളിൽ, പുഴകൾക്കുമപ്പുറം, പിയാനോകൾ നിന്റെ മഹിമ ഗാനം ചെയ്യുകയും അച്ചടിയന്ത്രങ്ങൾ നിന്റെ ജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്യുന്ന വിദൂരനഗരങ്ങൾക്കു മേൽ; നിത്യനഗരത്തിന്റെ പകിട്ടുകളിലോ, കാംബ്രിനസ് സാന്ത്വനമരുളുന്ന സ്വപ്നദേശങ്ങളിലെ മൂടൽമഞ്ഞിലോ എവിടെയുമാകട്ടെ നീ; ആനന്ദങ്ങളുടെയോ അടങ്ങാത്ത ദുഃഖത്തിന്റെയോ ഗാനങ്ങൾ വിരചിക്കുകയും കടലാസ്സുതാളിൽ തന്റെ ധ്യാനരഹസ്യങ്ങൾ പകർത്തുകയും ചെയ്യുന്ന നീ; നിത്യമായ ആനന്ദത്തിന്റെയും സന്ത്രാസത്തിന്റെയും ഗായകാ, ചിന്തകനും കവിയും കലാകാരനുമായ നിന്റെ അമരത്വത്തിന് എന്റെ നമോവാകം!
_________________________________________________________________________________________________________
ലിസ്റ്റ്(1811-86)-ഹംഗേറിയൻ പിയാനിസ്റ്റും കമ്പോസറും കണ്ടകറ്ററും. ലിസ്റ്റും ബോദ്‌ലയറും പരസ്പരം ബഹുമാനിച്ചിരുന്നു.
ബാക്കസ്-ഗ്രീക്ക് മദ്യദേവൻ
കാംബ്രിനസ്-ബീർ ആദ്യം ഉണ്ടാക്കിയതിദ്ദേഹമാണെന്നു പറയപ്പെടുന്നു.
No comments:
Post a Comment