ബോദ്‌ലെയെർ-കൊലക്കയർ
BOY WITH CHERRIES-MANET-1859
(എഡ്വേർഡ് മാനെയ്ക്ക് )
"മിഥ്യകൾ" എന്റെ സ്നേഹിതൻ എന്നോടു പറയുകയായിരുന്നു,"മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ പോലെ,അല്ലെങ്കിൽ മനുഷ്യരും വസ്തുക്കളും തമ്മിലുള്ള ബന്ധങ്ങൾ പോലെ അത്ര അസംഖ്യമാണ്. ആ മിഥ്യ മായുമ്പോഴാകട്ടെ-അതായത്, ഒരു വ്യക്തിയോ വസ്തുവോ നമുക്കു പുറത്ത് യഥാർത്ഥത്തിൽ എങ്ങനെയാണെന്നു നാം കാണുമ്പോൾ-മറഞ്ഞുപോയ മായാരൂപത്തെ പ്രതി ഒരു നഷ്ടബോധവും മുന്നിൽ വന്ന പുതുമയെ,യഥാർത്ഥവസ്തുവെ പ്രതി ആശ്ചര്യവും കലർന്ന സങ്കീർണ്ണമായ ഒരു വിചിത്രവികാരത്തിനു നാം വിധേയരായിപ്പോവുകയും ചെയ്യുന്നു. ഇനി സ്പഷ്ടവും സധാരണവും മാറ്റമില്ലാത്തതും ദുർവ്യാഖ്യാനങ്ങൾക്കിടനൽകാത്തതുമായ ഒരു പ്രതിഭാസമുണ്ടെങ്കിൽ അത് മാതൃസ്നേഹമൊന്നു മാത്രം. മാതൃസ്നേഹമില്ലാത്ത ഒരമ്മയെ സങ്കൽപ്പിക്കുക എന്നാൽ അത് ചൂടില്ലാത്ത തീയിനെ മനസ്സിൽ കാണുന്നതുപോലെ അത്ര ദുഷ്കരമത്രെ. അങ്ങനെ വരുമ്പോൾ തന്റെ കുഞ്ഞിനോടു ബന്ധപ്പെട്ടുള്ള ഒരമ്മയുടെ സകല ചെയ്തികളെയും വാക്കുകളെയും മാതൃസ്നേഹത്തിൽ ആരോപിക്കുന്നതും തികച്ചും സാധുവല്ലേ? എന്നാൽ ഈ കഥയൊന്നു കേട്ടുനോക്കൂ; എല്ലാ മിഥ്യകളിലും വച്ച് ഏറ്റവും സ്വാഭാവികമായ മിഥ്യ എന്റെ മനസ്സിനെ കുഴക്കിയ കഥയാണിത്.
"ചിത്രരചന തൊഴിലായ സ്ഥിതിയ്ക്ക് വഴിയിൽ കാണുന്ന മുഖങ്ങളെയും അവയിലെ ഭാവങ്ങളെയും ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. അന്യരെ അപേക്ഷിച്ച് ഞങ്ങളുടെ കണ്ണുകളിൽ ജീവിതത്തെ കൂടുതൽ സചേതനവും സാർത്ഥകവുമാക്കുന്ന ഈയൊരു സിദ്ധിയിൽ നിന്ന് ഞങ്ങൾ ചിത്രകാരന്മാർ ആർജ്ജിക്കുന്ന ആനന്ദം എന്തുമാത്രമാണെന്നു നിങ്ങൾക്കറിയുമോ? നഗരത്തിൽ തിരക്കൊഴിഞ്ഞ ഭാഗത്ത് ഞാൻ താമസിക്കുന്ന സ്ഥലത്ത്(അവിടെ ഇപ്പോഴും വീടുകൾക്കിടയിൽ പുല്ലു വളർന്ന വിശാലമായ മുറ്റങ്ങളുണ്ട്) ഞാൻ പലപ്പോഴും ഒരു ബാലനെ കണ്ടുമുട്ടാറുണ്ട്; മറ്റെന്തിനെക്കാളുമുപരി അവന്റെ മുഖത്തെ തീക്ഷ്ണവും കുസൃതി നിറഞ്ഞതുമായ ഭാവമാണ് എന്നെ ആകർഷിച്ചത്. പലതവണ ഞാൻ അവനെ ഒരു മോഡലായി ഉപയോഗിച്ചു; ചിലപ്പോൾ ഒരു കൊച്ചുജിപ്സിയായി,ചിലപ്പോൾ ഒരു മാലാഖയായി, മറ്റു ചിലപ്പോൾ ഒരു ക്യൂപ്പിഡായി ഞാനവനെ രൂപാന്തരപ്പെടുത്തി. ഒരു നാടോടിയുടെ വയലിനും മുൾക്കിരീടവും കുരിശ്ശിൽ തറച്ച ആണികളും ഇറോസിന്റെ ശലാകയും ഞാനവനെക്കൊണ്ടു ചുമപ്പിച്ചു. എന്തിനു പറയുന്നു, ആ കുറുമ്പന്റെ വികൃതികളിൽ അത്രയ്ക്കാകഷ്ടനായിപ്പോയ ഞാൻ സാധുക്കളായ അവന്റെ അച്ഛനമ്മമാരോട് അവനെ എനിക്കു വിട്ടുതരാൻ ഇരന്നു; അവനുടുക്കാനുള്ളതു കൊടുക്കാമെന്നും എല്ലാമാസവും ചെറിയൊരു തുക നൽകാമെന്നും എന്റെ ബ്രഷുകൾ വൃത്തിയാക്കുക,എന്റെ കൈയാളായി നിൽക്കുക എന്നതല്ലാതെ മറ്റു ഭാരിച്ച ജോലികളൊന്നും അവനെക്കൊണ്ടു ചെയ്യിക്കില്ലയെന്നും ഞാനവർക്ക് ഉറപ്പും കൊടുത്തു. ഒന്നു വൃത്തിയാക്കിയെടുത്തപ്പോൾ അവൻ സുന്ദരനായി; തന്റെ മാതാപിതാക്കളോടൊപ്പമുള്ള ചെറ്റക്കുടിലിലെ ജീവിതം വച്ചു നോക്കുമ്പോൾ എന്റെ കൂടെയുള്ള വാസം അവനു സ്വർഗ്ഗസമാനമായി തോന്നിയിട്ടുണ്ടാവണം. പക്ഷേ ഒരു കാര്യം പറയാതിരിക്കാൻ വയ്യ, അവൻ ചിലനേരം തന്റെ പ്രായത്തിനു നിരക്കാത്ത ഒരുതരം വിഷാദഭാവം പ്രകടമാക്കിയിരുന്നു; ഒപ്പം പഞ്ചസാരയോടും മദ്യത്തോടും അതിരുകടന്ന ഒരു ഭ്രമവും അവൻ കാണിച്ചിരുന്നു. പലതവണ വിലക്കിയിട്ടും വീണ്ടും അവൻ അങ്ങനെയൊരു കളവു നടത്തിയപ്പോൾ തിരിയെ വീട്ടിലേക്കയയ്ക്കുമെന്നു പറഞ്ഞ് അവനെയൊന്നു ഭീഷണിപ്പെടുത്താതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. അതു കഴിഞ്ഞ് ഞാൻ പുറത്തേക്കു പോയി; ചില ജോലികളുണ്ടായതു കാരണം ദിവസങ്ങൾ കഴിഞ്ഞാണു ഞാൻ പിന്നെ വീട്ടിലെത്തുന്നത്.
“മടങ്ങിയെത്തുമ്പോൾ ഞാൻ ആദ്യം കാണുന്ന കാഴ്ച കുസൃതിക്കാരനായ എന്റെ ജീവിതപങ്കാളി സ്റ്റോർമുറിയുടെ വാതിലിൽ തൂങ്ങിനിൽക്കുന്നതാണെന്നു വരുമ്പോൾ എനിക്കുണ്ടാകുന്ന ഭീതിയും ഞെട്ടലും ഒന്നു സങ്കൽപ്പിച്ചുനോക്കൂ! അവന്റെ കാലുകൾ നിലത്തു മിക്കവാറും തൊട്ടനിലയിലായിരുന്നു; അവൻ കാലുകൊണ്ടു തട്ടിയെറിഞ്ഞിരിക്കാവുന്ന ഒരു കസേര തൊട്ടടുത്ത് വീണുകിടപ്പുണ്ട്; തല പിരിഞ്ഞ് ഒരു ചുമലിലേക്കു വീണുകിടക്കുന്നു; വീർത്ത മുഖവും തുറിച്ച കണ്ണുകളിലെ നോട്ടവും കണ്ടാൽ അവനു ജീവനുണ്ടെന്ന് ആദ്യമൊന്നു തോന്നിപ്പോകും. അവനെ താഴത്തിറക്കുക നിങ്ങൾ വിചാരിക്കുന്നത്ര എളുപ്പമായിരുന്നില്ല. അവന്റെ ശരീരം മരവിച്ചുകഴിഞ്ഞിരുന്നു; അവനെ മുറിച്ചു താഴത്തേക്കിടുന്നതിൽ എനിക്കെന്തോ ഒരറപ്പു തോന്നുകയും ചെയ്തു. ഒരു കൈ കൊണ്ട് കയറു മുറിക്കുമ്പോൾ മറ്റേ കൈ കൊണ്ട് ഞാൻ അവനെ താങ്ങിപ്പിടിച്ചു. പക്ഷേ അതു കഴിഞ്ഞപ്പോൾ എല്ലാം കഴിഞ്ഞില്ല. ആ പിശാച് കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച നേർത്ത ചരട് അവന്റെ കഴുത്തിൽ ആഴ്‌ന്നിറങ്ങിയിരിക്കുകയാണ്; കഴുത്തു സ്വതന്ത്രമാക്കണമെങ്കിൽ വീർത്തുപൊങ്ങിയ മാംസപാളികൾക്കിടയിലൂടെ ഒരു കത്രിക കടത്തിയാലേ പറ്റൂ.
“ഞാൻ സഹായത്തിനു വേണ്ടി ഉറക്കെ നിലവിളിച്ചിരുന്നുവെന്ന കാര്യം പറയാൻ വിട്ടുപോയി; പക്ഷേ ഒരയൽക്കാരനും എന്റെ സഹായത്തിനെത്തിയില്ല; അക്കാര്യത്തിൽ അവർ തൂങ്ങിച്ചത്ത ഒരുത്തന്റെ കാര്യത്തിൽ ഇടപെടാതിരിക്കുക എന്ന സംസ്കാരസമ്പന്നരായ മനുഷ്യരുടെ സമ്പ്രദായത്തോട്-അതിന്റെ കാരണമൊന്നും എനിക്കറിയില്ല-ശരിക്കും നീതി പുലർത്തുക തന്നെ ചെയ്തു. ഒടുവിൽ ഒരു ഡോക്ടർ എത്തിച്ചേർന്നു; കുട്ടി മരിച്ചിട്ട് കുറേ മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെതു. പിന്നീട് ശവസംസ്കാരത്തിനു വേണ്ടി അവന്റെ വസ്ത്രങ്ങൾ മാറ്റാൻ നോക്കുമ്പോൾ ജഡം അത്ര മരവിച്ചതു കാരണം അവന്റെ കൈകാലുകൾ നിവർക്കാനുള്ള ശ്രമം ഞങ്ങൾ ഉപേക്ഷിച്ചു; ഒടുവിൽ കീറിമുറിച്ചാണ് തുണികൾ മാറ്റിയത്.
“പൊലീസിൽ വിവരം അറിയിക്കണമല്ലോ; ഇൻസ്പെക്റ്റർ ഏറുകണ്ണിട്ട് എന്നെയൊന്നു നോക്കിയിട്ടു പറഞ്ഞതിതാണ്:'ഇതിലെന്തോ ദുരൂഹതയുണ്ടല്ലോ!' കുറ്റവാളികളെന്നോ നിരപരാധികളെന്നോ നോക്കാതെ സർവ്വരിലും ഭയം ജനിപ്പിക്കാനുള്ള കട്ടപിടിച്ച ആഗ്രഹവും ആ തൊഴിലിന്റെ ശീലവുമായിരുന്നു അതിനു പിന്നിലെന്നതിൽ സംശയമില്ല.
“പരമപ്രധാനമായ ഒരു ദൗത്യം അവശേഷിച്ചു: അവന്റെ അച്ഛനെയും അമ്മയെയും വിവരം അറിയിക്കുക. അതോർത്തപ്പോൾത്തന്നെ ഞാൻ കിടിലം കൊണ്ടുപോയി. എന്റെ കാലുകൾ എന്നെ അങ്ങോട്ടു കൊണ്ടുപോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ എങ്ങനെയോ ഞാൻ ധൈര്യം കണ്ടെത്തി. പക്ഷേ ഞാൻ അത്ഭുതപ്പെട്ടുപോയി, അമ്മ നിർവ്വികാരയായിരുന്നു; അവരുടെ കൺകോണുകളിൽ ഒരു നീർത്തുള്ളി പോലും പൊടിഞ്ഞില്ല. ആ വിചിത്രമായ പെരുമാറ്റത്തിനു കാരണം അവരനുഭവിക്കുന്ന കൊടുംശോകത്തിൽ ഞാൻ ആരോപിച്ചു; ഏറ്റവും കടുത്ത ദുഃഖങ്ങൾ നിശ്ശബ്ദദുഃഖങ്ങളായിരിക്കുമെന്ന ചൊല്ലും ഞാനപ്പോൾ ഓർത്തു. അച്ഛന്റെ കാര്യമാവട്ടെ, ബുദ്ധി മരവിച്ച പോലെയോ സ്വപ്നം കാണുന്നപോലെയോ അയാൾ പറഞ്ഞതിതാണ്:'ഇങ്ങനെയായത് ഒരു വിധത്തിൽ നന്നായി; എന്തായാലും അവൻ ഗുണം പിടിക്കുമായിരുന്നില്ല.'
“ഈ നേരമായപ്പോൾ ജഡം എന്റെ കട്ടിലിൽ ഇറക്കിക്കിടത്തിയിരുന്നു. വേലക്കാരിയുടെ സഹായത്തോടെ ഞാൻ അവസാനത്തെ ഒരുക്കങ്ങൾ നടത്തുമ്പോൾ അവന്റെ അമ്മ എന്റെ സ്റ്റുഡിയോവിലേക്കു കയറിവന്നു. തന്റെ മകന്റെ ശരീരം ഒന്നു കാണണമെന്ന് അവർ പറഞ്ഞു. തന്റെ ദൗർഭാഗ്യത്തിൽ വ്യാപരിക്കുന്നതിൽ നിന്ന് അവരെ വിലക്കാനും അന്തിമവും വിഷാദപൂർണ്ണവുമായ ഈയൊരു സമാശ്വാസം അവർക്കു നിഷേധിക്കാനും സത്യം പറഞ്ഞാൽ എനിക്കു മനസ്സു വന്നില്ല. അതു കഴിഞ്ഞപ്പോൾ തന്റെ കുഞ്ഞു തൂങ്ങിച്ചത്ത സ്ഥലം കാട്ടിക്കൊടുക്കണമെന്നായി അവർ. 'അയ്യോ, അമ്മേ!' ഞാൻ പറഞ്ഞു; 'നിങ്ങൾക്കതു താങ്ങാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല.' പക്ഷേ എന്റെ കണ്ണുകൾ ഞാനറിയാതെ തന്നെ സ്റ്റോർമുറിയുടെ ആ കെട്ട വാതിലിലേക്കു പോയി; ആണി അതിൽത്തന്നെയുണ്ടെന്നതും ചരടിന്റെ നീണ്ടൊരു കഷണം അതിൽ തൂങ്ങിക്കിടക്കുന്നതും അറപ്പും ഭീതിയും കോപവും സമ്മിശ്രമായ ഒരു വികാരത്തോടെ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ കുതിച്ചുചെന്ന് ആ പാതകത്തിന്റെ അവസാനത്തെ ശേഷിപ്പുകളെ പറിച്ചെടുത്ത് ജനാലയിലൂടെ പുറത്തു കളയാനോങ്ങിയപ്പോൾ ആ സാധുസ്ത്രീ എന്റെ കൈയ്ക്കു കടന്നുപിടിച്ച് എതിർക്കാനാവാത്തൊരു സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:'അയ്യോ സാറേ,അതെനിക്കു തരണേ!' ശോകം കൊണ്ടു ഭ്രാന്തു പിടിച്ച ആ സ്ത്രീ തന്റെ മകൻ ചാവാനുപയോഗിച്ച വസ്തുവിനോടു കാണിക്കുന്ന മമതയായി ഞാനതിനെ വ്യാഖാനിച്ചു; ഭീതിദവും അനർഘവുമായ ഒരു തിരുശേഷിപ്പായി അതിനെ സൂക്ഷിക്കാൻ അവർക്കാഗ്രഹമുണ്ടാവാം. അവർ ആ ആണിയും കയറും എന്റെ കൈയിൽ നിന്നു തട്ടിപ്പറിച്ചു.
“അവസാനം എല്ലാമൊന്നു കഴിഞ്ഞുകിട്ടി. സ്വന്തം ജോലിയിലേക്കു തിരിച്ചുപോവുക എന്നതേ എനിക്കു ചെയ്യാനുണ്ടായിരുന്നുള്ളു-എന്റെ മനസ്സിന്റെ മൂലകളിൽ നിന്നു മാറാതെ നിൽക്കുകയും തുറിച്ച നോട്ടം കൊണ്ട് എന്നെ തളർത്തുകയും ചെയ്യുന്ന ആ കൊച്ചുജഡത്തെ ഉച്ചാടനം ചെയ്യണമെങ്കിൽ പണ്ടത്തെക്കാൾ ഊർജ്ജസ്വലമായി പണിയെടുക്കുക തന്നെ വേണം. അടുത്ത ദിവസം പക്ഷേ, ഒരുകൂട്ടം കത്തുകൾ എന്റെ പേരിൽ വന്നു. ചിലത് ഞാൻ താമസിക്കുന്ന കെട്ടിടത്തിൽത്തന്നെയുള്ളവരിൽ നിന്നായിരുന്നു; ചിലത് തൊട്ടടുത്ത വീടുകളിൽ നിന്നും; താഴത്തെ നിലയിൽ നിന്ന് ഒരെണ്ണം; രണ്ടാമത്തെ നിലയിൽ നിന്ന് ഒരെണ്ണം; മൂന്നാമത്തെ നിലയിൽ നിന്ന് മറ്റൊരെണ്ണം അങ്ങനെയങ്ങനെ; അപേക്ഷയുടെ വ്യഗ്രതയെ പരിഹാസത്തിൽ ഒളിപ്പിച്ചുകൊണ്ടുള്ള തമാശരൂപത്തിലായിരുന്നു ചില കത്തുകൾ; ചിലതാകട്ടെ, നേരിട്ടങ്ങു കാര്യം പറയുന്നതും അക്ഷരത്തെറ്റു നിറഞ്ഞവയുമായിരുന്നു; എല്ലാ കത്തുകളുടെയും ഉള്ളടക്കം ഇതാണ്:മാരകമായ ആ ഭാഗ്യച്ചരടിന്റെ ഒരു കഷണം അവർക്കു വേണം. കത്തയച്ചവരിൽ പുരുഷന്മാരെക്കാൾ സ്ത്രീകളായിരുന്നു കൂടുതലെന്ന കാര്യം പറയേണ്ടിയിരിക്കുന്നു; അതേ സമയം എല്ലാവരും സമൂഹത്തിന്റെ താഴ്‌ന്ന പടിയിൽപ്പെട്ടവരായിരുന്നില്ല എന്നു ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കണം. കത്തുകൾ ഞാൻ സൂക്ഷിച്ചുവച്ചു.
“അപ്പോഴാണ് എനിക്കു തലയ്ക്കുള്ളിൽ ഒരു വെളിച്ചം വീശിയത്; ആ അമ്മ എന്നിൽ നിന്ന് ആ ചരടു തട്ടിയെടുക്കാൻ വ്യഗ്രത കാട്ടിയതെന്തിനെന്നും ഏതുതരം കച്ചവടം നടത്തിയിട്ടാണ് അവർ സമാശ്വാസം കണ്ടെത്താൻ പോകുന്നതെന്നും എനിക്കപ്പോൾ മനസ്സിലായി.”
----------------------------------------------------------------------------------------------------------------------------------------
ഒരു യഥാർത്ഥസംഭവത്തെ ആധാരമാക്കിയിട്ടുള്ളതാണ് ഈ കഥ. ചിത്രകാരനായ മാനെ അലക്സാണ്ഡർ എന്നൊരു കുട്ടിയെ കൂടെ താമസിപ്പിച്ചിരുന്നു; ചെറിപ്പൂക്കളുമായി നിൽക്കുന്ന കുട്ടി എന്ന ചിത്രത്തിനു മോഡലായതും അവനാണ്; അവൻ മാനേയുടെ സ്റ്റുഡിയോവിൽ വച്ച് തൂങ്ങിച്ചാവുകയും ചെയ്തു.
മാനെ
No comments:
Post a Comment