Friday, May 31, 2013

ഫൈസ് അഹമ്മദ് ഫൈസ് - പ്രണയത്തിന്റെ തടവുകാർ

462px-Ernst_Ludwig_Kirchner_Tanzlink to image




കഴുത്തിൽ കൊലക്കുരുക്കൊരു കണ്ഠഹാരമായി
രാവും പകലുമെന്നില്ലാതവർ പാടുകയായിരുന്നു.
കാൽവിലങ്ങുകൾ കാൽച്ചിലങ്കകളാണെന്നപോലെ
നർത്തകർ തിമിർത്തു നൃത്തം വയ്ക്കുകയായിരുന്നു.
ആ കക്ഷിയിലും ഈ കക്ഷിയിലും പെടാത്ത ഞാനോ,
തെരുവോരം ചേർന്നു ഞാൻ നിന്നു, അസൂയയോടെ,
നിശ്ശബ്ദനായി, ആരും കാണാത്ത കണ്ണീരോടെ.


പിന്നെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞാൻ കണ്ടു,
ചെന്നിറമായിരുന്ന പൂക്കളൊക്കെ വിളർത്തുപോയെന്ന്,
സ്വന്തം നെഞ്ചിനുള്ളിലേക്കു നോക്കുമ്പോൾത്തോന്നി,
ഹൃദയമിരുന്നിടത്തൊരു നീറ്റൽ മാത്രമേയുള്ളുവെന്ന്.
ചിലനേരമിങ്ങനെയൊരു ഭ്രമമെനിക്കു തോന്നിയിരുന്നു,
എന്റെ കഴുത്തിലുമൊരു കുരുക്കിന്റെ പാടുണ്ടെന്ന്,
എന്റെ കാലുകളിലും ചങ്ങലയുടെ വടുക്കളുണ്ടെന്ന്.


പിന്നെയൊരു പ്രഭാതത്തിൽ പ്രണയമെന്നെത്തേടിവന്നു,
എന്റെ കഴുത്തിലവനൊരു കുരുക്കെറിഞ്ഞുപിടിച്ചു,
എന്റെ കാലുകൾ ഇരുമ്പുചങ്ങല കൊണ്ടവൻ തളച്ചു,
തന്റെ തെരുക്കൂത്തിലേക്കെന്നെയുമവനെടുത്തെറിഞ്ഞു.

1981


Thursday, May 30, 2013

ഫൈസ് അഹമ്മദ് ഫൈസ് - എന്റെ വിരുന്നുകാർ

450px-Galler,_Hornsgatan_2012alink to image

 


എന്റെ കദനത്തിന്റെ തടവറ തുറന്നുകൊണ്ടിതാ,
വിരുന്നുകാരൊന്നൊന്നായി വന്നുകയറുകയായി:
ഇതു സായാഹ്നം, തന്റെ നടവഴികളിലൊക്കെയും
വിഷാദത്തിന്റെ പരവതാനി വിരിച്ചേ പോകുന്നവൾ;
ഇതു രാത്രി, ചന്ദ്രനോടും നക്ഷത്രങ്ങളോടും തന്റെ
ഹൃദയം തകർന്ന കഥ പറയാൻ വെമ്പൽ പൂണ്ടവൾ.
ഇതു മദ്ധ്യാഹ്നം, തിളങ്ങുന്ന മാർച്ചട്ടയ്ക്കുള്ളിൽ
പൊള്ളുന്ന ചാട്ടവാറുകളൊളിപ്പിച്ചവൾ.
ഇവർ, ഇവരാണെന്റെ നിത്യസന്ദർശകർ,
രാവും പകലും നോക്കാതെ വന്നുകയറുന്നവർ.
ആരേതുനേരത്തു വന്നോട്ടെ, ആരു പൊയ്ക്കോട്ടെ,
ഇതൊന്നും പക്ഷേ, എന്റെ കണ്ണും മനസ്സുമറിയുന്നില്ല.
അകലെ, എന്റെ ജന്മദേശത്തേക്കു  പായുകയാണവർ,
കുതികൊള്ളുന്ന കടൽത്തിരകളുടെ കുതിരകൾക്കു മേൽ,
പലതരം സംശയങ്ങളും വിപൽസൂചനകളുമായി,
ഉത്തരം കിട്ടാത്തൊരായിരം ചോദ്യങ്ങളുമായി

1980


നെരൂദ - എന്റേതാണു നീയിനി...


 


എന്റേതാണു നീയിനി! നിന്റെ സ്വപ്നവുമായെന്റെ സ്വപ്നത്തിൽ വന്നു ശയിക്ക നീ.
പ്രണയം, ശോകം, അദ്ധ്വാനം...സർവതും നിദ്ര കൊള്ളണമിനി.
അദൃശ്യചക്രങ്ങളിലുരുണ്ടുനീങ്ങുന്നു രാത്രി;
നിദ്രാണമായൊരാംബർക്കല്ലു പോലരികിൽ നീ.

എന്റെ സ്വപ്നത്തിൽ വന്നുറങ്ങാൻ മറ്റാരുമില്ല പ്രിയേ.
കാലക്കടലിലൊരുമിച്ചു തുഴഞ്ഞുപോവുക നാം.
നിഴലുകളുടെ ദേശത്തു തുണ വരാനെനിക്കു നീ മാത്രം,
വാടാത്ത പച്ച, കെടാത്ത സൂര്യൻ, നിത്യചന്ദ്രികയെനിക്കു നീ.

നിന്റെ കൈകൾ മൃദുലമുഷ്ടികൾ തുറക്കുന്നിതാ,
അവയിൽ നിന്നൂർന്നുവീഴുന്നു പേലവചേഷ്ടകൾ;
ചിറകൊതുങ്ങുമ്പോലെ കൂമ്പുന്നു നിന്റെ കണ്ണിമകൾ;

നിന്റെ പുഴയിൽ ഞാൻ പൊന്തിയൊഴുകിപ്പോകുന്നു,
രാത്രിയും കാറ്റും ലോകവും അവയുടെ നിയോഗം നെയ്തുകൂട്ടുന്നു...
ഞാനോ, ഞാൻ നിന്റെ സ്വപ്നം; അല്ലാതൊന്നുമല്ല ഞാൻ.

(പ്രണയഗീതകം - 81)


Wednesday, May 29, 2013

ഫൈസ് അഹമ്മദ് ഫൈസ് - ഒരിക്കലെനിക്കു നിന്നോടുണ്ടായിരുന്ന പ്രണയം...

faiz by mmd green

 


ഒരിക്കലെനിക്കു നിന്നോടുണ്ടായിരുന്ന പ്രണയമിനിയുമെന്നോടു ചോദിക്കരുതേ.
ഞാൻ കരുതി, എന്റേതാണു നീയെന്നതിനാൽ കെടാത്ത പകലാണെന്റെ ജീവിതമെന്ന്,
നിന്റെ വേദനകളിരിക്കെ ലോകത്തിന്റെ യാതനകളെ ഞാനെന്തിനു ഗൌനിക്കണമെന്ന്,
നിന്റെയീ മുഖസൌന്ദര്യം കൊണ്ടുതന്നെ ലോകത്തു നിത്യവസന്തമുറപ്പായെന്ന്,
ഈ ലോകത്തു കാണുവാനർഹമായിട്ടൊന്നുണ്ടെങ്കിലതു നിന്റെ കണ്ണുകളല്ലേയെന്ന്,
നീയെനിക്കു സ്വന്തമായാൽ വിധി തന്നെയുമെനിക്കു മുന്നിലടിപണിയുകയില്ലേയെന്ന്.

അതങ്ങനെയായില്ല പക്ഷേ; അതങ്ങനെയായെങ്കിലെന്നൊരു വ്യാമോഹമായിരുന്നു.
പ്രണയനൊമ്പരമല്ലാതെ വേറെയും ഹൃദയവേദനകളെത്രയെങ്കിലും ലോകത്തില്ലേ?
കമിതാക്കളുടെ സംഗമമല്ലാതെ വേറെയും ഹൃദയാഹ്ളാദങ്ങൾ ലോകത്തില്ലേ?.
പൊന്നും പട്ടും സൂര്യപടവുമണിഞ്ഞു നൂറ്റാണ്ടുകൾ കടന്നുപോന്ന തമഃശക്തികളില്ലേ?
തെരുവുകളിൽ, ഇരുളടഞ്ഞ ഇടവഴികളിൽ വില്പനയ്ക്കു വച്ച ശരീരങ്ങളില്ലേ?
ചോര പൊട്ടിയൊലിക്കുന്ന മുറിവുകളുമായി പൊടിയിൽ കിടന്നിഴയുന്ന ദേഹങ്ങളില്ലേ?
രോഗങ്ങളുടെ തിളയ്ക്കുന്ന വട്ടളങ്ങളിൽ നിന്നു ചലമൊലിപ്പിച്ചു വരുന്ന ദേഹങ്ങളില്ലേ?
ആ ദിശയിലേക്കാണെന്റെ നോട്ടം തെന്നിപ്പോകുന്നതെങ്കിൽ ഞാനെന്തു ചെയ്യാൻ?
പ്രലോഭനീയമാണിപ്പോഴും നിന്റെ സൌന്ദര്യമെങ്കിലുമിതിൽ ഞാനെന്തു ചെയ്യാൻ?

പ്രണയനൊമ്പരമല്ലാതെ വേറെയും ഹൃദയവേദനകളെത്രയെങ്കിലും ലോകത്തില്ലേ?
കമിതാക്കളുടെ സംഗമമല്ലാതെ വേറെയും ഹൃദയാഹ്ളാദങ്ങൾ ലോകത്തില്ലേ?.
എങ്കിലൊരിക്കലെനിക്കു നിന്നോടുണ്ടായിരുന്ന പ്രണയമിനിയുമെന്നോടു ചോദിക്കരുതേ.

1941


Tuesday, May 28, 2013

ഫൈസ് അഹമ്മദ് ഫൈസ് - എനിക്കു നീ അരികിൽ വേണം

imagesa

 


എനിക്കു നീ അരികിൽ വേണം,
എന്റെ കാമുകീ, എന്റെ ഘാതകീ, നീയെനിക്കരികിൽ വേണം,
ആകാശത്തിന്റെ ചോര കുടിച്ചും കൊണ്ടിരുണ്ട രാത്രിയെത്തുമ്പോൾ,
കസ്തൂരിമണവും വജ്രകഠാരങ്ങളുമായി,
ചിരിച്ചും കരഞ്ഞും പാടിയും തേങ്ങിയും
നോവിന്റെ കാൽത്തളകൾ കിലുക്കിയും കൊണ്ടവൾ വരുമ്പോൾ.
നെഞ്ചുകളിലാണ്ടിറങ്ങിയ ഹൃദയങ്ങൾ
പിടിച്ചുയർത്തുന്ന കൈകൾക്കായൊരിക്കല്ക്കൂടി മോഹിക്കുമ്പോൾ,
തേങ്ങലടങ്ങാത്ത കുഞ്ഞുങ്ങളെപ്പോലെ ചഷകങ്ങളിൽ മദിര നുരയുമ്പോൾ,
പറഞ്ഞതല്ല കേൾക്കുന്നതെന്നു വരുമ്പോൾ,
കൊതിച്ചതല്ല ചെയ്യാനുള്ളതെന്നു വരുമ്പോൾ,
വിലപിച്ചും മുഖം കറുത്തുമീയശുഭരാത്രിയിഴഞ്ഞെത്തുമ്പോൾ,
എന്റെ ഘാതകീ, എന്റെ കാമുകീ,
എനിക്കു നീ അരികിൽ വേണം.

1963


Monday, May 27, 2013

ഫൈസ് അഹമ്മദ് ഫൈസ് - എന്നു തീരുമീ വേദന ഹൃദയമേ...

faiz1

 


എന്നു തീരുമീ വേദന ഹൃദയമേ, ഈ രാവിനവസാനവുമെന്നോ?
അവൾ വരുമെന്നൊരു ശ്രുതി പരന്നിരുന്നു, പുലരാനേറെ നേരമില്ലെന്നും.
ജീവൻ ചോരയാവുന്നതെന്നോ, കണ്ണീർത്തുള്ളികൾ മുത്തുമണികളാവുന്നതും?
നിന്റെ മൂകപരിഭവങ്ങളൊരു കാതില്പെടുന്നതുമെന്നിനി, ഈറൻ കണ്ണുകളേ?
സുഗന്ധവും ബുദ്ധിമോശങ്ങളുമായി വസന്തം മടങ്ങിയെത്തുന്നതെന്നോ,
കവിത ചിറകെടുക്കുന്ന പുലരിയും, പ്രണയികളൊരുമിക്കുന്ന സന്ധ്യയും?
ഒരുപദേശിയുമില്ല, സന്ന്യാസിയില്ല, രക്ഷിതാവും ആരാച്ചാരുമിമില്ലിവിടെ-
കമിതാക്കൾ ഈ നഗരത്തിൽ ജീവിതകാലം കഴിക്കുന്നതെങ്ങനെ?
ഇനിയുമെത്രനാൾ നിന്നെക്കാത്തു ഞാനിരിക്കണമെന്റെ പ്രിയേ?
നിനക്കു മാത്രമറിയാം, എന്നാണന്ത്യവിധിയുടെ നാളെന്നും.

(ഗസൽ)


Sunday, May 26, 2013

റസൂൽ ഗംസാറ്റോഫ് - കഠാരക്കവിതകൾ

 

stock-photo-23532495-shakespeare-daggers-from-a-macbeth-scene

കഠാരയാണെനിക്കു സമ്മാനിക്കുന്നതെങ്കിൽ
എന്റെ സ്നേഹിതാ, ഉറ നീ മറക്കരുതേ!
*

കത്തിയെടുത്തവരെക്കുറിച്ചിങ്ങനെ പറഞ്ഞു കേട്ടിരിക്കുന്നു:
കൈയെക്കാളുമവർക്കു വേണ്ടതു തലയായിരുന്നു.
*

നിങ്ങളുടെ കത്തിക്കു
കണ്ണുമില്ല, കാതുമില്ല;
അതിനുന്നം പിഴച്ചാൽ
കരയേണ്ടതു നിങ്ങൾ തന്നെ!
*

ദയവായൊന്നു നിന്നാലോചിച്ചാലും,
എന്റെ പിടിയിൽ കൈ മുറുക്കും മുമ്പേ!
*

നേരോ നുണയോ പറഞ്ഞെന്നെക്കളിയാക്കരുതേ-
ഫലിതബോധം തീരെയില്ലാത്തവരാണു കഠാരകൾ!
*Jambiyah_Burton

ഫൈസ് അഹമ്മദ് ഫൈസ് – നാസിം ഹിക്മത്ത് ഓർമ്മയിൽ വരുമ്പോൾ

Pak tea house head22

ജീവിക്കാൻ വേണ്ടി മരിക്കുക,
എന്തു ഭാഗ്യമാണത്;
മരിക്കാൻ വേണ്ടി ജീവിക്കുക,
എന്തു മൂഢത്തമാണത്.

ഒരു നെടിയ മരം പോലെ
ഒറ്റയ്ക്കു ജീവിക്കുക,
കാട്ടിൽ മരങ്ങളെപ്പോലെ
ഒരുമിച്ചു ജീവിക്കുക.

പ്രത്യാശയിൽ കടിച്ചുതൂങ്ങി
തീവ്രമായി ഞാൻ ജീവിച്ചു;
നിന്നെ പ്രണയിച്ചത്ര
തീവ്രതയോടെ.


നാസിം ഹിക്മത്ത്- ജയിലും പ്രവാസവുമായി ജീവിതം കഴിച്ച കമ്മ്യൂണിസ്റ്റ് അനുഭാവിയായ ടർക്കിഷ് കവി.



Saturday, May 25, 2013

ഫൈസ് അഹമ്മദ് ഫൈസ് - ഇവിടെ നിന്നു നഗരത്തെ നോക്കുമ്പോൾ

images

 


ഇവിടെ നിന്നു നഗരത്തെ നോക്കുമ്പോൾ
ഒക്കെയുമൊരു തടവറയുടെ ചുമരുകൾ പോലെ,
വൃത്തത്തിനുള്ളിൽ വൃത്തമായ കൊത്തളങ്ങൾ പോലെ;
ഓരോ തെരുവും തടവുകാരുടെ നടവഴികൾ പോലെ,
ഒരു നാഴികക്കല്ലില്ലാതെ, ഒരത്താണിയില്ലാതെ, ഒരന്ത്യവുമില്ലാതെ.

ഒരാൾ തിരക്കിട്ടുപോകുമ്പോൾ നിങ്ങൾക്കത്ഭുതമാവുന്നു,
എന്തേ കാവല്ക്കാരൊച്ചയെടുത്തയാളെ വിലക്കുന്നില്ല?
ഒരാൾ കൈ വീശുമ്പോൾ നിങ്ങൾക്കു സംശയം തോന്നുന്നു,
എന്തേ കൈവിലങ്ങിന്റെ കിലുക്കം കാതില്പെടുന്നില്ല?

ഇവിടെ നിന്നു നഗരത്തെ നോക്കുമ്പോൾ നിങ്ങൾക്കു തോന്നുന്നു,
ഒരു മുഖത്തുമില്ല ഒരു സംതൃപ്തി, ഒരു സമാധാനം!
ഓരോ പുരുഷനും കഴുത്തിൽ കൊലക്കുരുക്കുമായൊരു കുറ്റവാളി!
ഓരോ സുന്ദരിയും കാതുകൾ തുളച്ച ഒരടിമപ്പെണ്ണും!

വിദൂരദീപങ്ങൾക്കു ചുറ്റും ഇളകിയാടുന്ന നിഴലുകൾ!
ആരാണവർ, ജഡത്തിനു ചുറ്റും വിലപിച്ചിരിക്കുന്നവർ?
അതോ, മദ്യകുംഭത്തിനു ചുറ്റും ജീവിതമാസ്വദിക്കുന്നവർ?
ഓരോ ചുമരിലും കതകിലും തെറിച്ചുവീണ നിറപ്പൊട്ടുകൾ-
ഇവിടെ നിന്നു നോക്കുമ്പോൾ നിങ്ങൾക്കറിയുന്നില്ല,
അവ വിടർന്ന പൂക്കളോ, അതോ ചോരത്തുള്ളികളോയെന്ന്!

കറാച്ചി, 1965


yahaan se shehar ko dekho to halqaa dar halqaa
khinchee hai jail kee soorat har ek samt faseel
har ek raahguzae gardish-e-aseeraan hai
na sang-e-meel, na manzil, na mukhlisee ki sabeel

jo koi tez chale rah to poochhta hai khayaal
ke tokne koi lalkaar kyoon naheen aayee
jo koi haath hilaaye to veham ko hai savaal
koi chhatak, koi jhankaar kyoon naheen aayee?

yahaan se shehar ko dekho to saari khalqat men
na koi saahab-e-tamkeen, na koi vaali-e-hosh
har ek mard-e-javaan mujrim-e-rasan ba guloo
har ik haseena-e-ra'ana, kaneez-e-halqa bagosh

jo saaye door charaaghon ke gird larzaan hain
na jaane mehfil-e-gham hai ke bazm-e-jaam-o-suboo
jo rang har dar-o-deevaar par pareshaan hain
yahaan se kuchh naheen khulta ye phool hain ke lahoo

Wednesday, May 22, 2013

ഫൈസ് അഹമ്മദ് ഫൈസ് - മനസ്സൊരു വാക്കിനെ തിരയുന്നു

emptyness

 


എന്റെ മനസ്സിന്നുമൊരു വാക്കിനെ തിരഞ്ഞുപോകുന്നു-
മധുരിക്കുന്നൊരു വാക്കിനെ, വിഷലിപ്തമായൊരു വാക്കിനെ,
പ്രലോഭിപ്പിക്കുന്ന നേരത്തും ഭയപ്പെടുത്തുന്നൊരു വാക്കിനെ,
ചുണ്ടുകളിലൊരു ചുംബനം പോലെ പതിയുന്ന വാക്കിനെ,
ഒരു പ്രണയകടാക്ഷം പോലെ ത്രസിപ്പിക്കുന്ന വാക്കിനെ,
ഒരഗ്നിത്തിര പോലെ മകുടമെരിയുന്ന വാക്കിനെ.
ഒരു പ്രണയജീവിതത്തിനു നാന്ദി കുറിക്കുന്ന വാക്കിനെ,
പ്രചണ്ഡരോഷം കൊണ്ടാഞ്ഞുവീശുന്ന വാളായി
യാതനയുടെ നഗരങ്ങൾ തകർക്കുന്ന വാക്കിനെ.
ശ്മശാനരാത്രിപോലെ കറുത്തിരുണ്ടൊരു വാക്കിനെ,
ഉച്ചരിച്ചാൽ ചുണ്ടുകൾ കരിഞ്ഞുപോകുന്ന വാക്കിനെ.


Tuesday, May 21, 2013

ഫൈസ് അഹമ്മദ് ഫൈസ് - പറയൂ!

faiz3

 


പറയൂ, പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ടെന്നിരിക്കെ,
പറയൂ, നിങ്ങളുടെ നാവിനിനിയും വിലക്കു വീണിട്ടില്ലെന്നിരിക്കെ,
ഈ ബലിഷ്ഠദേഹം നിങ്ങളുടെ സ്വന്തമാണെന്നിരിക്കെ,
പറയൂ, അതിൽ പ്രാണനോടുന്നുണ്ടെന്നിരിക്കെ.

കാണുന്നില്ലേ, ഉലയിലഗ്നി വളരുന്നതും,
ഇരുമ്പു ചുട്ടുപഴുക്കുന്നതും,
താഴുകൾ പൊട്ടിത്തുറക്കുന്നതും,
തുടലുകളഴിയുന്നതും.

പറയൂ, ഇത്രനേരം തന്നെ അധികമാണെന്നിരിക്കെ,
ഉടലും വീഴും മുമ്പേ, നാവു കുഴയും മുമ്പേ,
പറയൂ, നേരിനുയിരു പോയിട്ടില്ലിനിയുമെന്നിരിക്കെ,
പറയൂ, പറയൂ, പറയാനുള്ളതൊക്കെയും വിളിച്ചുപറയൂ.

1941


Monday, May 20, 2013

ഫൈസ് അഹമ്മദ് ഫൈസ് - ശരല്ക്കാലത്തിന്റെ വരവിങ്ങനെ

Alferd_Sisley_-_Banks_of_the_Loing_-_Autumn_Effect,_1881_-_Google_Art_Projectlink to image

 


പിന്നെയൊരുനാൾ ശരല്ക്കാലം വന്നുകയറിയതിങ്ങനെ:
തെരുവിൽ നിരയിട്ടുനിന്ന വിഷണ്ണരായ മരങ്ങളെ
അവയുടെ കരിവീട്ടിയുടലുകൾ കാണുമാറതു നഗ്നമാക്കി;
അവയെ പിടിച്ചുകുലുക്കി തറയിലെമ്പാടും വിതറിയിട്ടു,
ആ പിടയ്ക്കുന്ന ഹൃദയങ്ങളെ, പഴുക്കിലകളെ.
ആർക്കുമവയെ ചവിട്ടി മെതിച്ചുപോകാമായിരുന്നു,
ഒരു നേർത്ത രോദനം പോലുമുയർന്നുകേൾക്കാതെ.
ചില്ലകളിൽ സ്വപ്നങ്ങൾ ഗാനമാക്കിയിരുന്ന കിളികൾ,
ആ ഗാനങ്ങൾ തന്നെ കഴുത്തിൽ മുറുകി മരിച്ചുവീണു:
വേട്ടക്കാരനു ഞാണു പോലും മുറുക്കേണ്ടിവന്നില്ല.
വസന്തത്തിന്റെ ദേവാ, ഒന്നു കരുണ കാട്ടിയാലും:
ഈ ശുഷ്കിച്ച ഉടലുകൾക്കു വീണ്ടുമുയിർപ്പു നല്കേണമേ,
വറ്റി വരണ്ട സിരകളിൽ വീണ്ടും ചോരയൊഴുകട്ടെ.
ഒരേയൊരു മരത്തിലെങ്കിലും പച്ചപ്പു പൊടിക്കട്ടെ,
ഒരേയൊരു കിളിക്കെങ്കിലും തൊണ്ട തിരിച്ചുകിട്ടട്ടെ.


Sunday, May 19, 2013

ഫൈസ് അഹമ്മദ് ഫൈസ് - തടവറയിൽ ഒരു സായാഹ്നത്തിൽ

180px-Prisonbars.svg

 


സായാഹ്നത്തിന്റെ ചുറ്റുകോണിയിലൂടെ
നക്ഷത്രപ്പടവുകളൊന്നൊന്നായിറങ്ങി
മന്ദമന്ദമാഗതയാവുകയാണവൾ, രാത്രി.
ഒരു തെന്നലരികിലൂടെക്കടന്നുപോകുന്നു,
ആരുടെയോ പ്രണയമന്ത്രണം പോലെ.
തടവറയുടെ മുറ്റത്തഭയാർത്ഥിവൃക്ഷങ്ങൾ
ആകാശത്തിന്റെ നീലിച്ച കടലാസിൽ
തങ്ങളുടെ വിചാരങ്ങളെഴുതിവയ്ക്കുന്നു.
നിലാവതിന്റെ വെളുത്ത കൈകളാൽ
മട്ടുപ്പാവിന്റെ തോളത്തു തലോടുന്നു.
നക്ഷത്രവെളിച്ചം മണ്ണിൽ കലരുന്നു,
നിലാവെണ്മയിൽ വാനനീലിമയലിയുന്നു.
മനം നീറ്റുന്ന വിദൂരസ്മൃതികൾ പോലെ
തഴച്ച പച്ചപ്പുകളിൽ നിഴലുകളിഴയുന്നു.
ഈ രാത്രിയുടെ ധന്യമുഹൂർത്തത്തിൽ
എന്റെ മനസ്സാശ്വാസം കൊള്ളുന്നതിങ്ങനെ-
കൊടുംവിഷം കലക്കിവയ്ക്കട്ടെ, ദുഷ് പ്രഭുക്കൾ:
അവർ വിജയിക്കില്ല, ഇന്നെന്നല്ല, നാളെയും.
കമിതാക്കൾ സംഗമിക്കുന്ന കിടപ്പറകളിൽ
വിളക്കുകൾ തട്ടിത്തകർക്കാനവർക്കായേക്കാം;
അവർക്കാകുമോ, ചന്ദ്രനെ ഊതിക്കെടുത്താൻ?

1953


Zinda ki ek shaam


Shaam ke pecho-kham sitaron se
Zeena-zeena utar rahi hai raat
Yoon saba paas se guzarti hai
Jaise keh di kisi ne pyaar ki baat.
Sahne-zinda ke be-vatan ashjar
Sarnigun mahav hain banane mein
Damne-aasman pe nakshe-nigaar.
Shaane-baam par damakta hai
Meherban chandi ka dast-e-jameel
Khaak mein dhul gayi hai aabe-najoom
Noor mein dhul gaya hai ashr ka neel.
Sabz goshon mein neelgoon saaye
Lahlahate hain jis tarah dil mein
Mauj-e-dard-e-phirak-e-yaar aaye.
Dil se paiham khayal kahta hai
Itni shireen hai zindagi is pal
Zulm ka zahar gholnewale
Kamran ho sakenge aaj na kal
Jalvagahe-visaal ki shamayein
Vo bujha bhi chuke agar to kya
Chand ko gul karen, to hum jane.

Saturday, May 18, 2013

ഫൈസ് അഹമ്മദ് ഫൈസ് - വെളിച്ചങ്ങളുടെ നഗരമേ

lahore city of lights

 


നിറം മഞ്ഞിച്ച പകൽ ഉണക്കപ്പുല്ലു പോലെ വാടിത്തളരുന്നു,
തടവറയുടെ ചുമരുകളിൽ ഏകാന്തതയുടെ ചിതലരിക്കുന്നു,
വിദൂരചക്രവാളം വരെയ്ക്കും ഉയർന്നുതാണലയൊലിക്കുന്നു,
നിറം കെട്ട മൂടൽ പോലെ വേദനയുടെ തിരപ്പെരുക്കം.
ആ മൂടല്മഞ്ഞിനുമപ്പുറമത്രെ, എന്റെ വെളിച്ചങ്ങളുടെ നഗരം.


വെളിച്ചങ്ങളുടെ നഗരമേ,
നിന്റെ പ്രകാശഹൃദയത്തിലേക്കുള്ള വഴി ആരെനിക്കു പറഞ്ഞുതരും,
എവിടെയുമുയർന്നുനില്ക്കുകയാണു വ്യാജങ്ങളുടെ ചുമരുകളെന്നിരിക്കെ,
പരാജിതരായി പിൻവാങ്ങുകയാണു പ്രത്യാശയുടെ പോരാളികളെന്നിരിക്കെ?

സംഭീതമാണിന്നു ഹൃദയം, എന്റെ വെളിച്ചങ്ങളുടെ നഗരമേ,
രാത്രിയെപ്പേടിച്ചു പിൻവാങ്ങുമോ, തൃഷ്ണയുടെ വേലിയേറ്റം?
ഭാഗ്യത്തിന്റെ മന്ദഹാസം പതിക്കട്ടെ, നിന്റെ കാമുകിമാർക്കു മേൽ;
ഇന്നു രാത്രിയിൽ വിളക്കു കൊളുത്തുമ്പോളവരോടു പറഞ്ഞേക്കൂ,
ആ ലൈലമാരോടു പറയൂ, തെളിഞ്ഞുകത്തട്ടെയവയെന്ന്.


(1954 മാർച്ച് 27 ലാഹോർ ജയിൽ, 1954 ഏപ്രിൽ 15, മോൺഗോമറി ജയിൽ)

Sabza Sabza, Sookh Rahi hai pheeki, zard dopeher
Deewaro'n ko chaat raha hai tanhai ka zeher
Door ufaq tak ghat'ti, uthti, girit rehti hai
kohar ki soorat be-ronaq dardo'n ki gadli leher
basta hai is koher k peechay roshniyo'n ka sheher
Ae roshni'on k sheher!
kon kahay kis samt hai teri roshni'on ki raah
Har janib be-noor kharri hai hijr ki sheher-e-panah
Thak kar har soo beth rahi hai shauq ki manid sipah
Aaj mera dil fikr mein hai
Ae roshni'on k sheher!
Shab khoo'n se munh pher na jaye armaano'n ki ro
khair ho teri lailao'n ki, in sab se kah do
Aaj ki shab jab diye jala'in, oonchi rakhain lau. .!


Friday, May 17, 2013

ഫൈസ് അഹമ്മദ് ഫൈസ് - ചോരക്കറ

iraq03boyslink to image

 


എവിടെയുമുണ്ടായിരുന്നില്ല, ഒരു ചോരപ്പാടുമെവിടെയുമുണ്ടായിരുന്നില്ല,
കൊലപാതകിയുടെ കൈകളിൽ, നഖങ്ങളിൽ, വസ്ത്രങ്ങളിൽ കറ പുരണ്ടിരുന്നില്ല,
കത്തിമുനയിലും വാൾത്തലപ്പിലും ചുവപ്പിന്റെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല,
തറയിൽ കറ പറ്റിയിട്ടില്ല, ചുമരിൽ തെറിച്ചുവീണ പാടുകൾ കാണാനുമില്ല,
എവിടെയുമില്ല, എവിടെയും ചോരക്കറ പറ്റിയതായി കാണാനില്ല.

രാജാവിനു വേണ്ടിച്ചൊരിഞ്ഞതായിരുന്നില്ലത്, സേവനത്തിനു പ്രതിഫലം കിട്ടാൻ,
മതത്തിനു വേണ്ടിച്ചിന്തിയതായിരുന്നില്ലത്, മരണാനന്തരസ്വർഗ്ഗം കിട്ടാൻ,
പടക്കളത്തിലൊഴുക്കിയതായിരുന്നില്ലത്, കിർത്തിയുടെ കരഘോഷം കിട്ടാൻ,
യുദ്ധപതാക നനച്ചതായിരുന്നില്ലത്, ബഹുമതിയുടെ ദാഹം തീർക്കാൻ.

അതു പാവമൊരനാഥരക്തമായിരുന്നു, ആരും കേൾക്കാത്ത വിഫലരോദനമായിരുന്നു,
ആർക്കും നേരമുണ്ടായിരുന്നില്ല, ആർക്കും മനസ്സുമുണ്ടായിരുന്നില്ലതു കേൾക്കാൻ;
വാദിയില്ല, സാക്ഷികളില്ല, നിയമത്തിനു മുന്നിലതിനാൽ കേസുമില്ല.
അതതിപതിതരുടെ ചോരയായിരുന്നു, അതോടയിലേക്കൊലിച്ചിറങ്ങുകയും ചെയ്തു.

1965


Thursday, May 16, 2013

ഫൈസ് അഹമ്മദ് ഫൈസ് - പോയ രാത്രിയിൽ

faiz1


പോയ രാത്രിയിൽ പഴയൊരോർമ്മയായി നീ കയറിവന്നു,
പാഴടഞ്ഞൊരു ദേശത്തു വസന്തമൊളിഞ്ഞെത്തിയപോലെ,
പൊള്ളുന്ന മരുപ്പറമ്പിലൊരിളംതെന്നൽ വീശിയപോലെ,
മരണാസന്നനകാരണമായൊരു സുഖം തോന്നിയപോലെ.


ഫൈസ് അഹമ്മദ് ഫൈസ് - വരികൾ

faiz1


എന്റെ പേനയും മഷിയുമവർ തട്ടിപ്പറിച്ചാലും
പരാതിപ്പെടാൻ പോകരുതു ഞാൻ-
എന്റെ ഹൃദയരക്തത്തിൽ മുക്കിയിട്ടില്ലേ,
ഞാനെന്റെ കൈവിരലുകൾ!
എന്റെ ചുണ്ടുകളവർ മുദ്ര വച്ചാലും
പരാതിപ്പെടാൻ പോകരുതു ഞാൻ-
പറയാൻ വെമ്പുന്ന നാവുകളല്ലേ,
എന്റെയോരോ ചങ്ങലക്കണ്ണിയും!


ഫൈസ് അഹമ്മദ് ഫൈസ് - ഇന്നു രാത്രിയിൽ

Faiz Ahmed Faiz urdu portrait photo

 


ശോകത്തിന്റെ തന്ത്രികൾ മീട്ടരുതേ, ഇന്നു രാത്രിയിൽ,
യാതനയുടെ പകലിനൊരവസാനമായിരിക്കുന്നല്ലോ;
നാളെ എന്തെന്നുമേതെന്നുമാരു കണ്ടു?
ഇന്നലെയും നാളെയും തമ്മിലതിരുകൾ മായുമ്പോൾ
ഇനിയൊരു പുലരി പിറക്കുമെന്നുമാരു കണ്ടു?
ഈ ജീവിതമെന്ന അസംബന്ധത്തെ മറന്നേക്കൂ,
ഇന്നൊരു രാത്രിയിൽ ദേവകളെപ്പോലമരരാവുക നാം.
ശോകത്തിന്റെ തന്ത്രികൾ മീട്ടരുതേ, ഇന്നു രാത്രിയിൽ.
കദനകഥകൾ പറഞ്ഞിനിയും നാം പരിതപിക്കേണ്ട,
സ്വന്തം ദുർവിധിയെപ്പഴിച്ചു പിന്നെയും വിലപിക്കേണ്ട,
നാളെയെക്കുറിച്ചുള്ള വേവലാതികളൊന്നുമേ വേണ്ട,
പോയ ഋതുക്കളെക്കുറിച്ചോർത്തു കരയുകയും വേണ്ട
എന്തൊക്കെ ഞാനനുഭവിച്ചുവെന്നെന്നോടു പറയരുതേ,
പരിഭവങ്ങളുടെ പഴമ്പായകളിനി മുന്നിൽ നിരത്തരുതേ-
ശോകത്തിന്റെ തന്ത്രികൾ മീട്ടരുതേ, ഒരു രാത്രിയെങ്കിലും.

1941


Aj ki raat saz-e-dard na chhed;
Duukh se bhar-pur din tamaam hu'e,
Aur kal ki khabr kise ma'lum?
Dosh o farda ki mith-chuki hain hudud?
Ho no ho ab sahar, kise ma'lum?
Zindagi hech! Lekin aaj ki raat--
Izadiyat hai mumkin aaj ki raat--
Aaj ki rat saz-e-dard na chhed;
Ab na duhra fasanaha-e-alam,
Apni qismat pe sogwar na ho,
Fikr-e-farda utar-de dil se,
'Umr-e-rafta pe ashkbar na ho;
'Ahd-e-gram ki hikayaten mat puchh;
Aay ki rat saz-e-dard na cheed;


Wednesday, May 15, 2013

അൽഫോൺസ് ദോദെ - അവസാനത്തെ ക്ളാസ്




അന്നു കാലത്ത് ഞാൻ സ്കൂളിലേക്കിറങ്ങാൻ ഏറെ വൈകി; ഹാമെൽ മാഷിന്റെ കൈയിൽ നിന്നു ശരിക്കു വഴക്കു കിട്ടുമെന്നു ഞാൻ പേടിച്ചു; ക്രിയാവിശേഷണങ്ങളെക്കുറിച്ചാണു താനന്നു ഞങ്ങളോടു ചോദിക്കുക എന്നദ്ദേഹം പറഞ്ഞിരുന്നതിനാൽ പ്രത്യേകിച്ചും; എനിക്കാണെങ്കിൽ അതിനെക്കുറിച്ച് ഒരു വസ്തു അറിയുകയുമില്ല. അന്നു സ്കൂളിൽ പോകാതെ പാടത്തു കറങ്ങിനടന്നാലോ എന്നു ഞാൻ ഒരു നിമിഷം ആലോചിച്ചു. എത്ര ഊഷ്മളവും തെളിഞ്ഞതുമായ ദിവസം! പാടത്തിനതിരിലുള്ള കാട്ടിൽ കരിങ്കിളികൾ ചൂളം വിളിക്കുന്നത് എനിക്കു കേൾക്കാമായിരുന്നു. തടിമില്ലിനു പിന്നിലുള്ള മൈതാനത്ത് പ്രഷ്യൻ പട്ടാളക്കാർ പരേഡു നടത്തുന്നുണ്ട്. ക്രിയാവിശേഷണങ്ങളെക്കുറിച്ചുള്ള നിയമങ്ങളെക്കാൾ എന്റെ മനസ്സിനെ വശീകരിച്ചത് ഇവയൊക്കെയായിരുന്നു; പക്ഷേ അതിനെ ചെറുത്തു നില്ക്കാനുള്ള കരുത്തെനിക്കുണ്ടായിരുന്നു; കഴിയുന്നത്ര വേഗം ഞാൻ സ്കൂളിലേക്കോടി. 
 
മേയറുടെ ഓഫീസിനു മുന്നിലൂടെ പോകുമ്പോൾ നോട്ടീസുബോർഡിനു മുന്നിൽ ചെറിയൊരാൾക്കൂട്ടം കണ്ടു. കഴിഞ്ഞ രണ്ടു കൊല്ലമായി ഞങ്ങളുടെ സകല ചീത്ത വാർത്തകളും വന്നത് അതിൽ നിന്നായിരുന്നു- തോറ്റ യുദ്ധങ്ങൾ, നിർബന്ധിതസൈനികപരിശീലനം, കമാൻഡറുടെ കല്പനകൾ; ഓട്ടം നിർത്താതെ തന്നെ ഞാൻ മനസ്സിലോർത്തു:
 
“ഇതിനി എന്താണാവോ?”
 
പിന്നെ ഞാൻ ഓടി കവലയിലെത്തിയപ്പോൾ കൊല്ലപ്പണിക്കാരൻ വാഹ്റ്റെർ തന്റെ സഹായിയുമൊത്ത് അവിടെ നില്ക്കുന്നതു കണ്ടു; അയാൾ എന്റെ പിന്നാലെ വിളിച്ചുപറഞ്ഞു:
 
“ഇത്ര തിടുക്കം വേണ്ടെട കുട്ടാ; നിനക്കു സ്കൂളിലെത്താൻ ഇഷ്ടം പോലെ സമയമുണ്ട്!”
 
അയാൾ എന്നെ കളിയാക്കുകയാണെന്നു ഞാൻ കരുതി; ഓടിക്കിതച്ചുകൊണ്ട് ഞാൻ ഹാമെൽ മാഷിന്റെ സ്കൂൾ മുറ്റത്തെത്തി.
 
സാധാരണഗതിയിലാണെങ്കിൽ ക്ളാസ്സു തുടങ്ങുമ്പോഴത്തെ കോലാഹലം അങ്ങു തെരുവിൽ വച്ചേ കേൾക്കാം: ഡസ്ക്കുകൾ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നത്, ചെവിയും പൊത്തി ഞങ്ങൾ ഒരുമിച്ചു പാഠം വായിക്കുന്നത്, മാഷിന്റെ തടിയൻ ഇരുമ്പു റൂളർ മേശപ്പുറത്തടിക്കുന്നത്. ആ ബഹളത്തിനിടയിൽ ആരുടെയും കണ്ണില്പെടാതെ ബഞ്ചിൽ പോയി ഇരിക്കാമെന്നാണ്‌ ഞാൻ കണക്കു കൂട്ടിയത്. അന്നു പക്ഷേ ഒരനക്കവും കേൾക്കാനുണ്ടായിരുന്നില്ല; ഞായറാഴ്ചയുടെ പ്രതീതിയായിരുന്നു. തുറന്ന ജനാലയിലൂടെ എനിക്കു കാണാമായിരുന്നു, എന്റെ സഹപാഠികൾ അവരവരുടെ സ്ഥാനങ്ങളിൽ ഇരിക്കുന്നതും, ഹാമെൽ മാഷ് ആ ഭീകരമായ റൂൾത്തടി കക്ഷത്തു വച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും. ആ പരിപൂർണ്ണ നിശബ്ദതയ്ക്കിടയിൽ സകലരുടെയും കണ്മുന്നിലൂടെ വാതിൽ തുറന്നു കയറിച്ചെല്ലേണ്ടിവന്നു എനിക്ക്. എനിക്കെത്ര നാണക്കേടും പേടിയുമാണു തോന്നിയതെന്ന് നിങ്ങൾക്കൂഹിക്കാവുന്നതേയുള്ളു.
 
പക്ഷേ ഒന്നും സംഭവിച്ചില്ല. ഹാമെൽ മാഷ് കോപത്തിന്റെ ഒരു ലക്ഷണവും കാണിക്കാതെ എന്നെ നോക്കിയിട്ട് വളരെ സൌമ്യമായി ഇങ്ങനെ പറഞ്ഞു:
 
“വേഗം പോയി സീറ്റിലിരിക്കൂ, ഫ്രാൻസ്; നീയില്ലാതെ ഞങ്ങൾ തുടങ്ങാൻ പോവുകയായിരുന്നു.“
 
ഞാൻ ബഞ്ചിനു മുകളിലൂടെ ചാടിച്ചെന്ന് എന്റെ ഡസ്കിനു പിന്നിലിരുന്നു. അപ്പോഴേ, പേടിയിൽ നിന്ന് അല്പമൊന്നു മുക്തനായപ്പോഴേ, ഞാൻ ശ്രദ്ധിച്ചുള്ളു, മാഷ് അന്നു  തന്റെ ഏറ്റവും നല്ല വേഷത്തിലാണെന്ന്: സുന്ദരമായ നീലക്കോട്ട്, ഞൊറിയുള്ള ഷർട്ട്, കറുത്ത ലേസു തുന്നിപ്പിടിപ്പിച്ച തൊപ്പി; ഇൻസ്പെക്ഷൻ സമയത്തോ, വാർഷികത്തിനോ മാത്രമേ സാധാരണഗതിയിൽ അദ്ദേഹത്തെ ഈ വേഷത്തിൽ കാണാറുള്ളു. അതു മാത്രമല്ല, ക്ളാസ്സിലാകെ ഭവ്യവും വിചിത്രവുമായ ഒരന്തരീക്ഷമാണുള്ളതെന്നും തോന്നി. ഇതിനെക്കാളൊക്കെ എന്നെ അത്ഭുതപ്പെടുത്തിയത് എന്നും ഒഴിഞ്ഞു കിടക്കാറുള്ള പിന്നറ്റത്തെ ബഞ്ചുകളിൽ ഗ്രാമത്തിലെ പ്രായമായവർ വന്നിരിക്കുന്നതാണ്‌: കിഴവൻ ഹൌസെർ, പഴയ മേയർ, പഴയ പോസ്റ്റുമാസ്റ്റർ, പിന്നെ വേറേ പലരും. ഞങ്ങളെപ്പോലെ തന്നെ നിശബ്ദരണെല്ലാവരും. എല്ലാവരുടെ മുഖത്തും ദുഃഖഭാവം കാണാം; ഹൌസെർ മൂല മടങ്ങിയ പഴയൊരു പാഠപുസ്തകം തന്റെ കാൽമുട്ടുകളിൽ തുറന്നുവച്ചിട്ട് അതിനു മേൽ തന്റെ കണ്ണട ഊരിവച്ചിരിക്കുന്നു. 
 
ഇതൊക്കെ എന്താണെന്നു ഞാൻ മനസ്സിൽ ചോദിക്കുമ്പോൾ ഹാമെൽ മാഷ് പ്ളാറ്റ്ഫോമിൽ കയറിനിന്നിട്ട് എന്നോടുപയോഗിച്ച അതേ ശാന്തഗംഭീരമായ സ്വരത്തിൽ ഞങ്ങളോടായി ഇങ്ങനെ പറഞ്ഞു:
 
”എന്റെ കുഞ്ഞുങ്ങളേ, ഇതെന്റെ അവസാനത്തെ ക്ളാസ്സാണ്‌. അൽസേയ്സിലെയും ലൊറേയ്നിലെയും സ്കൂളുകളിൽ ഇനി ജർമ്മൻ മാത്രം പഠിപ്പിച്ചാൽ മതിയെന്ന് ബർലിനിൽ നിന്ന് ഉത്തരവു വന്നിരിക്കുന്നു. പുതിയ മാഷ് നാളെ വരും. അവസാനത്തെ ഫ്രഞ്ചുക്ളാസ്സാണിത്; അതിനാൽ നിങ്ങൾ നല്ല ശ്രദ്ധയോടിരിക്കണം.“
 
ഒരിടിമുഴക്കം പോലെയാണ്‌ ആ വാക്കുകൾ ഞാൻ കേട്ടത്. ഹാ! നാറികൾ! അപ്പോൾ ഇതായിരുന്നു മേയറുടെ ഓഫീസിൽ അവർ ഒട്ടിച്ചത്.
 
എന്റെ അവസാനത്തെ ഫ്രഞ്ചുക്ളാസ്സ്!
 
എനിക്കാണെങ്കിൽ എഴുതാൻ തന്നെ ശരിക്കറിയില്ല! അപ്പോൾ എന്റെ പഠിത്തം തീരുകയാണ്‌! ഇത്രയും വച്ചു ഞാൻ നിർത്തണമെന്ന്! എനിക്കെന്നോടു തന്നെ എന്തുമാത്രം കോപം തോന്നിയില്ല: ഞാൻ പാഴാക്കിയ സമയത്തെ ചൊല്ലി, ക്ളാസ്സിൽ കയറാതെ നടന്നതിനെ ചൊല്ലി, കിളിക്കൂടും നോക്കി നടന്ന്തിനെച്ചൊല്ലി, പുഴയിൽ പോയി കിടന്നതിനെച്ചൊല്ലി. ഒരു നിമിഷം മുമ്പ് എനിക്കത്ര ഭാരമായി തോന്നിയ എന്റെ പുസ്തകങ്ങൾ, വ്യാകരണം, വിശുദ്ധന്മാരുടെ ചരിത്രം ഒക്കെയെനിക്ക് ചിരകാലസുഹൃത്തുക്കളെപ്പോലെ തോന്നി; അത്ര സങ്കടത്തോടെ പിരിയേണ്ടവർ. ഹാമെൽ മാഷിന്റെ കാര്യവും അതു തന്നെ; അദ്ദേഹം പോവുകയാണെന്നും, ഇനി മേൽ ഞാൻ അദ്ദേഹത്തെ കാണില്ലെന്നും ഓർത്തപ്പോൾ അദ്ദേഹത്തിന്റെ ശകാരങ്ങൾ ഞാൻ മറന്നു, റൂൾത്തടി കൊണ്ടുള്ള പ്രഹരങ്ങൾ ഞാൻ മറന്നു.
 
പാവം! തന്റെ അവസാനത്തെ ക്ളാസ്സിനോടുള്ള ആദരസൂചകമായിട്ടാണ്‌ അദ്ദേഹം തന്റെ ഏറ്റവും നല്ല വേഷവും ധരിച്ചെത്തിയിരിക്കുന്നത്; ഗ്രാമത്തിലെ കിഴവന്മാർ ക്ളാസ്സിന്റെ പിൻ ബഞ്ചുകളിൽ വന്നിരിക്കുന്നതെന്തിനെന്നും എനിക്കപ്പോൾ മനസ്സിലായി. പഠിക്കാനുള്ള അവസരങ്ങൾ തങ്ങൾ പാഴാക്കിക്കളഞ്ഞു എന്ന ഖേദം പ്രകടിപ്പിക്കുകയാണവർ. ഒപ്പം നാല്പതു കൊല്ലത്തെ വിശ്വസ്തസേവനത്തിന്‌ ഞങ്ങളുടെ അദ്ധ്യാപകനോടു നന്ദി കാണിക്കാനുള്ള മാർഗ്ഗവുമാണതവർക്ക്; തങ്ങളുടേതല്ലാതായിക്കഴിഞ്ഞ ജന്മദേശത്തോട് ആദർവു കാണിക്കുകയുമാണവർ.
 
എന്റെ ആലോചനകൾ ഇത്രത്തോളമെത്തിയപ്പോഴാണ്‌ എന്റെ പേരു വിളിക്കുന്നതു ഞാൻ കേട്ടത്. പാഠം വായിക്കാനുള്ള എന്റെ ഊഴമെത്തിയിരിക്കുന്നു. ക്രിയാവിശേഷണത്തെക്കുറിച്ചുള്ള ഭയാനകമായ ആ നിയമം ഒരു തെറ്റും വരുത്താതെ, ഉച്ചത്തിലും വ്യക്തമായും വായിക്കാനുള്ള കഴിവിന്‌ ഞാൻ എന്തു തന്നെ നല്കുമായിരുന്നില്ല! പക്ഷേ ആദ്യത്തെ വരിയിൽ തന്നെ എനിക്കെല്ലാം കൂടിക്കുഴഞ്ഞു; നെഞ്ചു വിങ്ങി, മുഖമുയർത്തി നോക്കാൻ ധൈര്യമില്ലാതെ ഡസ്കിൽ പിടിച്ചുകൊണ്ട് ഞാൻ നിന്നു. ഹാമെൽ മാഷ് എന്നോടിങ്ങനെ പറയുന്നതു ഞാൻ കേട്ടു:
 
“ഞാൻ നിന്നെ ചീത്ത പറയില്ല, ഫ്രാൻസ്; ഇതു തന്നെ നിനക്കുള്ള ശിക്ഷയായിട്ടുണ്ട്. എന്താ നടക്കുന്നതെന്നു നോക്കൂ! ഓരോ ദിവസവും നാം നമ്മോടു തന്നെ പറയുകയായിരുന്നു: ‘ഓ, എനിക്കു സമയം ഇഷ്ടം പോലെയുണ്ട്; നാളെ ഞാൻ പഠിച്ചോളാം.’ എന്നിട്ടു നാം എവിടെയെത്തിയെന്നും നോക്കൂ. ഹാ, അതാണ്‌ അൽസേയ്സിനു പറ്റിയ ദൌർഭാഗ്യം; പഠിക്കാനുള്ളത് അവൾ നാളത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ഇനിയിപ്പോൾ അവർക്കു പറയാനവകാശമുണ്ടല്ലോ: ‘കൊള്ളാം! ഫ്രഞ്ചുകാരാണെന്നു പറഞ്ഞു നടക്കുന്നു; എന്നിട്ട് സ്വന്തം ഭാഷ എഴുതാനും പറയാനും അറിയുകയുമില്ല!’ പക്ഷേ ഇവിടെ ഏറ്റവും വലിയ കുറ്റക്കാരൻ നീയല്ല, പാവം ഫ്രാൻസ്; നല്ല തോതിൽത്തന്നെ അധിക്ഷേപമർഹിക്കുന്നവരാണ്‌ ഞങ്ങളും.
 
“നിങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിൽ നിങ്ങളുടെ രക്ഷിതാക്കൾ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. ഒരല്പം കൂടുതൽ പണം കിട്ടുമെന്നതിനാൽ നിങ്ങളെ പാടത്തോ മില്ലിലോ പറഞ്ഞു വിടാനായിരുന്നു അവർക്കിഷ്ടം. ഈ ഞാനും നിരപരാധിയാണോ? നിങ്ങളെ പലപ്പോഴും ഞാൻ എന്റെ തോട്ടം നനയ്ക്കാൻ ഏർപ്പെടുത്തിയിട്ടില്ലേ? ഇന്നു ക്ളാസ്സില്ലെന്നു പറഞ്ഞ് ഞാൻ പുഴയിൽ ചൂണ്ടയിടാൻ പോയിട്ടില്ലേ?”
 
ഇങ്ങനെ ഓരോന്നോരോന്നു പറഞ്ഞ് ഒടുവിൽ ഹാമെൽ മാഷ് ഫ്രഞ്ചുഭാഷയെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി; ലോകത്തെ ഏറ്റവും സുന്ദരമായ ഭാഷയാണതെന്ന്- ഏറ്റവും വ്യക്തതയുള്ളതും യുക്തിഭദ്രവും; ഒരിക്കലും നാമതിനെ കൈവിടരുതെന്ന്; ഒരിക്കലും അതിനെ മറക്കരുതെന്ന്; എന്തെന്നാൽ ഒരു ജനത അടിമത്തത്തിലാവുമ്പോൾ ‘സ്വന്തം ഭാഷയെ അവർ മുറുകെപ്പിടിക്കുന്നിടത്തോളം കാലം തങ്ങളുടെ തടവറയുടെ താക്കോൽ കൈയിലുള്ളതുപോലെയാണത്.’ പിന്നെ അദ്ദേഹം വ്യാകരണപുസ്തകം തുറന്ന് ഞങ്ങളെ പാഠം വായിച്ചു കേൾപ്പിച്ചു. എത്ര പെട്ടെന്നാണ്‌ എനിക്കതു മനസ്സിലായതെന്നു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞതൊക്കെ വളരെ വളരെ എളുപ്പമായി എനിക്കു തോന്നി! ഇത്ര ശ്രദ്ധയോടെ ഇതിനു മുമ്പു  ഞാൻ കേട്ടിരുന്നിട്ടില്ലെന്ന്, അദ്ദേഹവും ഇത്ര ക്ഷമയോടെ വിശദീകരിച്ചു തന്നിട്ടില്ലെന്നും എനിക്കു തോന്നി. പോകുന്നതിനു മുമ്പ് തനിക്കറിയാവുന്നതൊക്കെ ഞങ്ങൾക്കു തന്നിട്ടു പോകാൻ നോക്കുകയാണ്‌, ഒറ്റയടിക്ക് സർവതും ഞങ്ങളുടെ തലയ്ക്കുള്ളിൽ ചെലുത്താൻ നോക്കുകയാണ്‌ ആ പാവം മനുഷ്യനെന്ന് എനിക്കു തോന്നിപ്പോയി. 
 
വ്യാകരണം തീർന്നപ്പോൾ ഞങ്ങൾ എഴുത്തിലേക്കു കടന്നു. അന്നത്തേക്കായി ഹാമെൽ മാഷ് പ്രത്യേകം തയാറാക്കിയ കോപ്പിബുക്കിൽ ഭംഗിയുള്ള ഉരുണ്ട അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു: ഫ്രാൻസ്, അൽസേയ്സ്, ഫ്രാൻസ് , അൽസേയ്സ്. ക്ളാസ്സിലെങ്ങും ഒഴുകിനടക്കുന്ന കുഞ്ഞുപതാകകൾ പോലെ തോന്നിച്ചു അവ; ഞങ്ങളുടെ ഓരോ ഡസ്കിലും കുത്തി നിർത്തിയിരിക്കുകയാണവ. എത്ര ശ്രദ്ധയോടെയാണ്‌ ഞങ്ങൾ അന്നെഴുതിയതെന്ന് നിങ്ങളൊന്നു കാണണമായിരുന്നു, എന്തു നിശബ്ദതയായിരുന്നു അവിടെയെന്നും! കടലാസിൽ പേന ഉരയുന്നതല്ലാതെ മറ്റൊന്നും കേൾക്കാനുണ്ടായിരുന്നില്ല. ഒരു സമയത്ത് ചില വണ്ടുകൾ ഉള്ളിലേക്കു പറന്നുകയറിയിരുന്നു; പക്ഷേ ഒരാൾക്കും അതിലേക്കു ശ്രദ്ധ പോയില്ല; വെറും വരകൾ മാത്രം വരയ്ക്കാനുണ്ടായിരുന്ന കുഞ്ഞുങ്ങൾക്കു പോലും. സ്കൂളിന്റെ മേൽക്കൂടിൽ പ്രാവുകളുടെ താഴ്ന്ന കുറുകൽ കേട്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു:
 
“ഇനി ആ പ്രാവുകളെക്കൊണ്ടും അവർ ജർമ്മനിൽ പാടിക്കുമോ?” 
 
ഇടയ്ക്കിടെ ഞാൻ കടലാസ്സിൽ നിന്നു മുഖമുയർത്തി നോക്കുമ്പോഴൊക്കെ ഹാമെൽ മാഷ് കസേരയിൽ ചലനമറ്റിരിക്കുന്നതും, തന്റെ ആ കൊച്ചു സ്കൂളപ്പാടെ ഒറ്റ നോട്ടത്തിൽ ഒതുക്കാനെന്നപോലെ ചുറ്റുമുള്ള വസ്തുക്കളെ ഉറ്റുനോക്കി ഇരിക്കുന്നതുമാണ്‌ ഞാൻ കണ്ടത്. ഒന്നോർത്തു നോക്കൂ!  നാല്പതു കൊല്ലമായി അദ്ദേഹം ഇതേ സ്ഥലത്തിരുപ്പുണ്ടായിരുന്നു, ജനാലയ്ക്കു പുറത്ത് തന്റെ കൊച്ചു തോട്ടവും മുന്നിൽ അതേ ക്ളാസ്സുമുറിയുമായി! ഡസ്ക്കുകളും ബഞ്ചുകളും ഉപയോഗം കൊണ്ടു തേയ്മാനം വന്നിരിക്കുന്നുവെന്നേയുള്ളു; മുറ്റത്തെ വാൾനട്ട് മരങ്ങൾ വളർന്നിരിക്കുന്നു; താൻ തന്നെ നട്ടുപിടിപ്പിച്ച വള്ളിച്ചെടികൾ ജനാലയിലൂടെ പടർന്നുകേറി മേല്ക്കൂരയിലേക്കെത്തിയിരിക്കുന്നു. എത്ര ഹൃദയഭേദകമായിരിക്കും ആ പാവം മനുഷ്യനിത്: ഇതൊക്കെ വിട്ടുപോവുക, മുകളിലത്തെ മുറിയിൽ തന്റെ പെങ്ങൾ പെട്ടികൾ അടുക്കുന്നതിന്റെ ശബ്ദം കേൾക്കുക. അടുത്ത ദിവസം അവർ ഈ സ്ഥലം വിട്ടുപോവുകയാണ്‌, എന്നെന്നേക്കുമായി.
 
പക്ഷേ ഓരോ പാഠവും അവസാനം വരെ പഠിപ്പിക്കൂന്നതിനുള്ള മനക്കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. കോപ്പിയെഴുത്തിനു ശേഷം ഞങ്ങൾ ചരിത്രം പഠിച്ചു; പിന്നെ ക്ളാസ്സിലെ ചിടുങ്ങന്മാർ ഒരുമിച്ച് അവരുടെ ബാ, ബേ, ബീ, ബൂ പാടി. അവിടെ ക്ളാസ്സിന്റെ പിന്നറ്റത്ത് കിഴവൻ ഹൌസെർ ബാലപാഠവും തുറന്നുപിടിച്ച് കുഞ്ഞുങ്ങളോടൊപ്പം അതുരുവിടുകയാണ്‌. അയാളും കരയുകയാണെന്നു ഞാൻ കണ്ടു. വികാരം കൊണ്ട് അയാളുടെ ശബ്ദം പതറി; അയാളുടെ തമാശ തോന്നിക്കുന്ന വായന കേട്ടപ്പോൾ ഞങ്ങൾക്കു ചിരിക്കാനും കരയാനും തോന്നിപ്പോയി. ഹാ. എനിക്കെത്ര ഓർമ്മയുണ്ടെന്നോ, അവസാനത്തെ ആ ക്ളാസ്സ്! 
 
പെട്ടെന്ന് പള്ളിയിൽ നിന്ന് പന്ത്രണ്ടടിക്കുന്നതു കേട്ടു; തുടർന്ന് ഉച്ചനേരത്തെ പ്രാർത്ഥനയും. ഇതേ സമയത്തു തന്നെ പരേഡു കഴിഞ്ഞു മടങ്ങുന്ന പ്രഷ്യൻ പട്ടാളക്കാരുടെ ബ്യൂഗിൾ വിളികളും സ്ക്കൂൾ ജനാലകളുടെ താഴെ നിന്നു കേട്ടു. ഹാമെൽ മാഷ് ജീവനറ്റ പോലെ വിളറിവെളുത്ത് കസേരയിൽ നിന്നെഴുനേറ്റു. അദ്ദേഹത്തിന്‌ മുമ്പില്ലാത്ത ഉയരമുണ്ടെന്നു തോന്നി. 
 
“എന്റെ സ്നേഹിതരേ,” അദ്ദേഹം പറഞ്ഞു, “ഞാൻ- ഞാൻ-” പക്ഷേ അദ്ദേഹത്തിനതു മുഴുമിക്കാൻ കഴിഞ്ഞില്ല. എന്തോ തൊണ്ടയ്ക്കു പിടിച്ചമർത്തുന്ന പോലെയായിരുന്നു.
 
പിന്നെ അദ്ദേഹം ബ്ളാക്ക്ബോർഡിനു മുന്നിലേക്കു തിരിഞ്ഞ് ഒരു ചോക്കു കഷണമെടുത്ത് തനിക്കാവുന്നത്ര വലിപ്പത്തിൽ അമർത്തി ഇങ്ങനെ എഴുതി:
 
“വീവി ല ഫ്രാൻസ്!”*
 
പിന്നെ അദ്ദേഹം തല ചുമരിനോടു ചേർത്ത് ഒന്നും മിണ്ടാതെ നിന്നു; എന്നിട്ട് ഞങ്ങളോടെല്ലാമായി കൈ കൊണ്ട് ഒരു ചേഷ്ട കാണിച്ചു:
 
“ക്ളാസ്സു കഴിഞ്ഞു, എല്ലാവർക്കും പോകാം.”
 
______________________________________________________________________________
 
*ഫ്രാൻസ് ജയിക്കട്ടെ.
 
 
(അൽഫോൺസ് ദോദെ(1840-1897)- നാച്ചുറലിസ്റ്റ് സ്കൂളിൽ പെട്ട ഫ്രഞ്ച് കവിയും കഥാകാരനും. ഫ്രാങ്കോ-പ്രഷ്യൻ യുദ്ധകാലത്ത് പ്രഷ്യയുടെ അധീനതയിലായ അൽസേയ്സ്, ലൊറേയ്ൻ പ്രവിശ്യകളാണ്‌ കഥയുടെ പശ്ചാത്തലം.)

ഫൈസ് അഹമ്മദ് ഫൈസ് - സന്ധ്യ

Caspar_David_Friedrich_Eveninglink to image

 


ഏതോ ക്ഷേത്രമാണോരോ വൃക്ഷവുമെന്നപോലെ,
ഇരുളടഞ്ഞും ആളൊഴിഞ്ഞും ജീർണ്ണിച്ചൊരമ്പലം;
ഇടിഞ്ഞുതാണ മോന്തായങ്ങൾ, പൂതലിച്ച വാതിലുകൾ:
ഈ ദുരവസ്ഥയ്ക്കൊരന്ത്യം കാത്തുകിടക്കുന്നപോലെ.
ആകാശമൊരു പൂജാരിയെപ്പോലെ, നെറ്റിയിൽ സിന്ദൂരം,
ഉടലുടനീളം വാരിത്തേച്ച ഭസ്മക്കുറിയുമായൊരാൾ;
ഉരിയാട്ടമില്ലാതെ, തല താഴ്ത്തി ഇരിക്കുകയാണയാൾ.
പടുതയ്ക്കു പിന്നിലൊരു മന്ത്രവാദിയുണ്ടെന്നപോലെ,
ലോകത്തിനു മേൽ അയാളെറിഞ്ഞ ജാലത്തിൽ വീണു
മാസ്മരനിദ്രയിലാണ്ടുപോയിരിക്കുന്നു കാലമെന്നപോലെ;
സന്ധ്യ മായുകയില്ല, രാത്രിയാവില്ലിനിയെന്നപോലെ,
രാത്രി കഴിയുകയില്ല, പകലുദിക്കുകയില്ലെന്നപോലെ.
ആകാശം കാത്തിരിക്കുന്നു, ആ മന്ത്രക്കെട്ടൊന്നഴിയാൻ,
മൌനത്തിന്റെ ചങ്ങല പൊട്ടാൻ, കാലം സ്വതന്ത്രമാവാൻ,
ഒരു ശംഖനാദം കേൾക്കാൻ, ഒരു വിഗ്രഹം കൺതുറക്കാൻ,
അതിസുന്ദരിയായവൾ, ഇരുണ്ട നിറക്കാരിയൊരു ദേവത
മൂടുപടം മെല്ലെ മാറ്റി തന്റെ മുഖമുയർത്തുന്നതു കാണാൻ.

1959


ss tarha hai ke har ik perr koi mandir hai
koi ujrra huwa, benoor, puraana mandir
dhooNdta hey jo kharaabi ke bahaaney kab se
chaak har baam, har ik dard ka dam-e-aakhir hey
aasmaaN koi prohit hey jo har baam taley
jism pe raakh maley, maathey pe sindoor maley
sir-niguN betha hey chup chaap naa jaaney kab sey

Iss tarha hai ke pas-e-parda koi saahir hai
jiss nay aafaaq pe phelaaya hai yuN sehar kaa daam
daaman-e-waqt sey pewast hai yuN daaman-e-shaam
ab kabhi shaam bujhey gi na andhera ho ga
ab kabhi raat dhaley gi na sawera ho ga

AasmaaN aas leeye hai ke ye jaadu tootay
chup ki zanjeer katay, waqt ka daaman chhootey
day koi sankh duhaai, koi paayal boley
koi butt jaagey, koi saaNwali ghooNgat kholey


Tuesday, May 14, 2013

ഫൈസ് അഹമ്മദ് ഫൈസ് - നമുക്കിടയിലുള്ളിടപാടിനെപ്പറ്റി

faiz2

 


ഞാനെന്തു പറയാൻ, നമുക്കിടയിലുള്ളിടപാടിനെപ്പറ്റി?
കാണുന്നില്ല ഞാൻ, പ്രണയാഖ്യാനങ്ങളിലതിനു ചേരുന്നൊരുപമയും.
ആരൊക്കെ, എന്തൊക്കെ എഴുതിയിരിക്കുന്നു,
സംഗമാഹ്ളാദങ്ങളെപ്പറ്റി, വിരഹവേദനകളെപ്പറ്റി?
എന്റെ പ്രത്യേകമായ മാനസികാവസ്ഥ പക്ഷേ
ആരാലുമൊരിക്കലുമെഴുതപ്പെടാതെപോയി.
അഭാവവും സാന്നിദ്ധ്യവും കെട്ടുപിണയുന്ന ഈ പ്രണയം,
വർഷങ്ങളായി ഞാൻ കൊണ്ടുനടക്കുന്ന ഈ വേദന,
ആരുടെയും കണ്ണില്പെടാത്തൊരു നിഗൂഢപ്രണയം:
ഞാനതിനെ നെഞ്ചോടു ചേർത്തിട്ടു യുഗങ്ങളെത്ര കഴിഞ്ഞു!


ഫെയ്സ് അഹമ്മദ് ഫെയ്സ് - ഒരു ദൃശ്യം

ahmed-faiz

മൌനത്തിന്റെ ഘനഭാരത്തിലമരുന്നു,
ചുമരുകൾ, വാതിലുകൾ, ജനാലകളും;
മാനത്തു നിന്നു കുത്തിയൊലിക്കുന്നു,
വേദനയുടെ പെരുവെള്ളച്ചാലുകൾ;
വഴിവക്കിലെ പൊടിമണ്ണിൽ കലരുന്നു
തളർന്ന നിലാവിന്റെ വിഷാദകഥകൾ;
പാതിയിരുട്ടിലായ കിടപ്പറകളിൽ
ജീവിതമതിന്റെ വീണയിൽ മീട്ടുന്നു,
മന്ദ്രസ്ഥായിയിലൊരു വിലാപഗാനം.

(1941)


Monday, May 13, 2013

ഫെയ്സ് അഹമ്മദ് ഫെയ്സ് - യുദ്ധത്തിൽ മരിച്ചവർക്കായുള്ള ലെനിൻ ഗ്രാഡിലെ സെമിത്തേരി

imageslink to image

 


തണുത്ത കല്പലകകളിൽ,
വിളർത്ത കല്പലകകളിൽ
ചിതറിക്കിടക്കുകയാണവിടവിടെ
പുതുമ മാറാത്ത പൂക്കൾ,
ചുടുചോരത്തുള്ളികൾ പോലെ.
ആ വീരക്കല്ലുകളിൽ പേരുകളില്ലെങ്കിലും
ഓരോ പൂവിലും പേരുകളെഴുതിയിരിക്കുന്നു,
ഗാഢനിദ്രയിൽ മുഴുകിയൊരാളുടെ,
അവനെയോർത്തു കരയുന്നൊരാളുടെ.
തങ്ങളുടെ കടമകൾ ഭംഗിയായി നിറവേറ്റി,
ചോര കൊണ്ടുള്ള ശവക്കച്ചകളെടുത്തുചുറ്റി,
ഈ മക്കളൊക്കെ ഉറങ്ങിക്കിടക്കുമ്പോൾ
ഒരമ്മ മാത്രമുറങ്ങാതിരിക്കുന്നു,
ശോകങ്ങൾ കൊണ്ടു മാലയും കൊരുത്ത്.


(1976)


Sard silon par
Zard silon par
Taaza garam lahoo ki soorat
Guldaston ke cheente hain
Katbe sab benaam hain lekin
Har ik phool pe naam likha hai
Ghafil sone wale ka
Yaad men rone wale ka
Apne farz se faarigh ho kar
Apne lahoo ki taan ke chadar
Sare bete khwaab men hain
Apne ghumon ka haar piro kar
Amma akeli jaag rahi hai...



ഫെയ്സ് അഹമ്മദ് ഫെയ്സ് - ഏകാന്തതയുടെ മരുപ്പറമ്പിൽ

footprints-in-the-sand-leading-towards-mountain-death-valley-national-park-california-usa-tq-loung




എന്റെ ഏകാന്തതയുടെ മരുപ്പറമ്പിൽ വിറക്കൊള്ളുന്നു പ്രിയേ,
നിന്റെ വാക്കുകളുടെ നിഴലുകൾ, നിന്റെ ചുണ്ടുകളുടെ മരീചിക;
നമുക്കിടയിലുള്ളകലത്തിന്റെ കരിയിലകൾക്കിടയിൽ വിടരുന്നു,
നിന്റെ സാമീപ്യത്തിന്റെ മുല്ലപ്പൂക്കൾ, പനിനീർപ്പൂക്കളും പ്രിയേ.


നിന്റെ സാമീപ്യത്തിൽ നിന്നുയരുന്നു, നിന്റെ നിശ്വാസതീക്ഷ്ണത,
അതിന്റെ തന്നെ പരിമളത്തിൽ നീറിനീറിയിട്ടെന്നപോലെ;
അകലെ, ചക്രവാളത്തിനപ്പുറമെവിടെയോ മിന്നിത്തിളങ്ങുന്നു,
നിന്റെ നേത്രതാരങ്ങൾ, ആർദ്രസ്നേഹത്തിന്റെ തുഷാരങ്ങൾ.


അത്രയുമാർദ്രമാധുര്യത്തോടെന്റെ ഹൃദയത്തിന്റെ കവിളുകളിൽ
സ്മൃതിയുടെ സൌമ്യസ്പർശമായി നീ വന്നുതലോടുമ്പോൾ
പ്രവാസത്തിന്റെ പ്രഥമപ്രഭാതമാണെങ്കിലുമെനിക്കു തോന്നുന്നു,
വിരഹത്തിന്റെ പകലു തീർന്നു, പ്രണയരാത്രിയെത്തിയെന്നും.

(1953)


“Dasht-e-Tanhai”
Dasht-e-tanhaee main ai jaan-e-jahaan larzaan hai
Teri aavaaz kay saaey, teray honton kay saraab
Dasht-e-tanhaee main dooree kay khas-o-khaak talay
Khil rahay hain teray pehloo kay saman or gulaab
Uth rahee hai kaheen qurbat say teri saans kee aanch
Apnee khushboo main sulagti hooee madham madham
Door ufaq paar chamaktee hooee qatra qatra
Gir rahee hai teri dildaar nazar kee shabnam
Is qadar payaar say ai jaan-e-jahaan rakha hai
Dil kay rukhsaar pay is waqt teri yaad nain haath
Yoon gumaan hota hai gerchay hai abhee subh-e-firaaq
Dhal gaya hijr ka din aa bhi gaee wasl ki raat.
Dasht-e-tanhaee main ai jaan-e-jahaan larzaan hai
Teri aavaaz kay saaey, teray honton kay saraab
Dasht-e-tanhaee main dooree kay khas-o-khaak talay
Khil rahay hain teray pehloo kay saman or gulaab
Uth rahee hai kaheen qurbat say teri saans kee aanch
Apnee khushboo main sulagti hooee madham madham
Door ufaq paar chamaktee hooee qatra qatra
Gir rahee hai teri dildaar nazar kee shabnam
Is qadar payaar say ai jaan-e-jahaan rakha hai
Dil kay rukhsaar pay is waqt teri yaad nain haath
Yoon gumaan hota hai gerchay hai abhee subh-e-firaaq
Dhal gaya hijr ka din aa bhi gaee wasl ki raat.













Tuesday, May 7, 2013

ഇവാൻ ഗിൽക്കിൻ - ദുഷ്ടനായ ഉദ്യാനപാലകൻ

3648252150_5dc0d9443clink to image

 


വിചിത്രമനസ്കരായ തോട്ടക്കാർ ഹേമന്തോദ്യാനങ്ങളിൽ
രഹസ്യത്തിൽ നട്ടുവളർത്തുന്നു വിദ്വേഷത്തിന്റെ വിഷച്ചെടികൾ.
അവയുടെ മുരത്ത കാണ്ഡങ്ങളെത്ര വേഗം പിണഞ്ഞുചുറ്റുന്നു,
കുളങ്ങളുടെ ചെളിവരമ്പുകളിൽ ചുറയിടുന്ന പാമ്പുകൾ പോലെ!

ഭീഷണമാണവയുടെ പുഷ്പങ്ങൾ, മനോഹരങ്ങൾ, അപൂർവ്വങ്ങൾ;
അവയിൽ നിന്നു വമിക്കുന്നു മദിപ്പിക്കുന്ന തീക്ഷ്ണപരിമളങ്ങൾ;
അഭിമാനത്തോടവ തുറന്നുവയ്ക്കുന്നു വിഷമയമായ പൂപ്പാലികകൾ;
അവയുടെ പൈശാചസൌന്ദര്യത്തിൽ വിരിയുന്നതബോധമരണം.

ഉടലുകൾ വാടും, ഉണങ്ങുമവയുടെ പരിമളാഡംബരങ്ങളിൽ;
അവയുടെ സൌന്ദര്യത്തിലമിതമായിട്ടഭിരമിച്ചതിനാലത്രേ,
രാജഗൃഹങ്ങളിൽ റാണിമാർ വിളർത്തുവിളറുന്നതു നാം കാണുന്നതും.

നിങ്ങളെപ്പോലെയാണു ഞാനും, വികൃതസ്വഭാവികളായ തോട്ടക്കാരേ!
അപക്വമനസ്സുകളിൽ ഞാനെന്റെ വിഷവിത്തുകൾ വിതയ്ക്കുന്നു,
പിന്നെ ഞാൻ നോക്കിയിരിക്കുന്നു, അവയിലെന്റെ കവിത തഴയ്ക്കുന്നതും!


IwanGilkin
ഇവാൻ ഗിൽക്കിൻ Iwan Gilkin (1858-1924) - ബൽജിയംകാരനായ ഫ്രഞ്ചുകവി. മതപരവും ദാർശനികവുമായ പ്രമേയങ്ങൾ. ബോദ് ലേറുടെയും ഷോപ്പൻ ഹോവറുടെയും സ്വാധീനം പ്രകടം.


നെരൂദ -ഓർമ്മയില്ലേ നിനക്കാ ചപലമായ ജലപാതം...

4lorenzo_moya_barbara_29.5x25_largelink to image

 


ഓർമ്മയില്ലേ നിനക്കാ ചപലമായ ജലപാതം,
അവിടെത്തുടിച്ചുയർന്ന മധുരപരിമളങ്ങൾ?
ചിലനേരമൊരു പക്ഷിയുമവിടെപ്പാറിനടന്നിരുന്നു,
ജലത്തിന്റെയുമാലസ്യത്തിന്റെയും ഹേമന്തവേഷത്തിൽ.

ഓർമ്മയില്ലേ നിനക്കാ മണ്ണിന്റെ വരദാനങ്ങൾ:
മായാത്ത സൗരഭങ്ങൾ, പൊന്നയിരിന്റെ കളിമണ്ണും,
പടർപ്പിലെപ്പച്ചകൾ, ഉന്മാദിവേരുകൾ,
വാളുകൾ പോലെ പാളുന്ന മാന്ത്രികമുള്ളുകൾ.

ഓർമ്മയില്ലേ നിനക്കന്നു നീ കൊണ്ടുവന്ന പൂച്ചെണ്ട്,
നിഴലും മൗനവും ജലവും കൊരുത്ത പൂച്ചെണ്ട്,
നുരയുടെ കിരീടമണിഞ്ഞ കടല്പാറ പോലുള്ളത്?

ഒരിക്കലുമില്ലാത്തതാണാ നിമിഷം, എന്നുമുള്ളതും.
അവിടെപ്പോവുക നാം; കാത്തിരിക്കുന്നില്ലൊന്നും നമ്മെ;
എന്നാലെല്ലാം കാത്തിരിക്കുകയുമാണു നമ്മെ.

(നെരൂദ/പ്രണയഗീതകം-4)




Monday, May 6, 2013

ലൂയീസ് ലാബേ - പ്രണയം ഞാനറിഞ്ഞുവെങ്കിൽ...

louis labe


പഴിക്കരുതേ സഹോദരിമാരേ, പ്രണയം ഞാനറിഞ്ഞുവെങ്കിൽ,
ഒരായിരമഗ്നിശരങ്ങളെന്നിൽ വീണെരിഞ്ഞുവെങ്കിൽ,
കഠാരകൾ പോലായിരം ദുഃഖങ്ങളെന്നിലാഴ്ന്നിറങ്ങിയെങ്കിൽ,
പൊള്ളുന്ന കണ്ണീരിലെന്റെ നാളുകളലിഞ്ഞുപോകുന്നുവെങ്കിൽ.

അരുതേ, അപഖ്യാതികളടക്കം പറഞ്ഞെന്നെപ്പഴിക്കരുതേ,
എനിക്കു പിഴച്ചുവെങ്കിലതിന്റെ ശിക്ഷയും ഞാനനുഭവിക്കാം;
അതിനാലിനിയും നിങ്ങൾ കത്തിമുനകൾ കൂർപ്പിക്കരുതേ,
നിങ്ങളെയും വലയിലാക്കാം പ്രണയമെന്നുമറിഞ്ഞോളൂ.

എരിക്കുന്നതഗ്നിദേവനെന്നപ്പോൾപ്പറഞ്ഞൊഴിയരുതേ,
തൃഷ്ണകൾ പൊള്ളിച്ചുവെങ്കിൽ കാമദേവനെപ്പഴിക്കരുതേ,
ആളിപ്പടർത്തുമവൻ, ഒരു തരിയോളം പോന്ന പ്രണയത്തെ .

അതിനാൽ ജാഗ്രത! എന്റെ സാവകാശം നിങ്ങൾക്കു കിട്ടില്ല,
എന്റേതിലും തീക്ഷ്ണമായിരിക്കും നിങ്ങളറിയുന്ന വേദന,
ഞാനറിഞ്ഞതിലും ഘോരമാവും, നിങ്ങൾക്കുള്ള ശോകവും.

 


ലൂയിസ് ലാബേ (1525-1566) - ഫ്രാൻസിൽ ലിയോണിൽ ജീവിച്ചിരുന്ന ഫ്രഞ്ചു കവയിത്രി. ബാല്യത്തിലേ അമ്മ മരിച്ചു, ഭാഷകളിലും സംഗീതത്തിലും ഒപ്പം കുതിരസവാരിയിലും വാൾപ്പയറ്റിലും പ്രാവീണ്യം നേടി. ഇരുപതാമത്തെ വയസ്സിൽ തന്നെക്കാൾ മുപ്പതു വയസ്സധികമുള്ള ഒരു ധനികനുമായി വിവാഹം. ഒലിവെർ ദെ മാഗ്നേ എന്ന കവിയുമായുള്ള പ്രണയമാണ്‌ അവരെഴുതിയ 24 ഗീതകങ്ങളുടെ പ്രമേയം.

Sunday, May 5, 2013

റില്ക്കെ - കീർത്തിക്ക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത പൂന്തോപ്പുകളെ…

rilke orpheus


കീർത്തിക്ക ഹൃദയമേ, നിന്റെ കാലടികൾ പതിയാത്ത പൂന്തോപ്പുകളെ,
ചില്ലുപാത്രത്തിൽ പകർന്നപോലെ ദീപ്തവുമപ്രാപ്യവുമായവയെ;
ഷിറാസിലെ പനിനീർപ്പൂക്കളെ, ഇസ്ഫഹാനിലെ ജലധാരകളെ,
നിന്റെ ധന്യഗാനങ്ങളാലവയെപ്പുകഴ്ത്തൂ, അനന്യതകളെ.


കാട്ടിക്കൊടുക്കൂ ഹൃദയമേ, അവയില്ലാതില്ല നിനക്കു ജീവനെന്ന്,
അവയിലത്തിപ്പഴങ്ങൾ പഴുക്കുന്നുവെങ്കിലതു നിനക്കായെന്ന്.
പൂവിടുന്ന ചില്ലകൾക്കിടയിൽ കണ്ണിൽത്തെളിയുന്നപോലെ
തെന്നൽ വീശുമ്പോഴതു തലോടുന്നതു നിന്റെ മുഖത്തെയെന്ന്.

ജീവിക്കുക, സരളമായി എന്നൊരു നിശ്ചയമെടുത്തപ്പോൾ
പലതും തനിക്കു നഷ്ടമായെന്നൊരു വിചാരപ്പിഴ വരുത്തരുതേ.
ചിത്രകംബളത്തിലൊരിഴയോട്ടമാണു നീയും, പട്ടുനൂലേ!

മനസ്സു കൊണ്ടു നീയൊന്നാവുന്നതേതു ചിത്രവുമാവട്ടെ,
(ഒരു യാതനാജീവിതത്തിലൊരേയൊരു നിമിഷമെങ്കിൽക്കൂടി)
ഉള്ളിലറിയൂ, അർത്ഥപൂർണ്ണമാണാ ദീപ്തകംബളമെന്നും.


(ഓർഫ്യൂസ് ഗീതകങ്ങൾ II-21)


Sing the gardens, my heart, which you know not; clear,
unreachable, like gardens poured in glass.
Water and roses from Isfahan or Shiraz:
sing blessings, praise them, nothing can compare.

Point out, my heart, that you never miss these.
That intended for you are their ripening figs.
That you fly through them, between blossoming twigs,
just like over a face blows the rising breeze.

Don't ever believe that bereavement is due
to a choice that you made: namely, to be!.
Silk thread, in this fabric you're woven all through.

And no matter what image you hold to be you
(even if it's a moment of sheer agony),
know the whole awesome tapestry's purpose is true.

(translated by H. Landman)


Saturday, May 4, 2013

ഹുവാൻ റമോൺ ജിമെനെഥ് - നിന്റെ ദലങ്ങൾ

486px-Ignacio_Pinazo_Camarlench_Una_rosalink to image

 


ഒരു പനിനീർപ്പൂവു പോലെ
നിന്റെ ദലങ്ങൾ ഞാൻ നുള്ളിയെടുത്തു,
നിന്റെ ആത്മാവിനെക്കാണാൻ,
ഞാനതിനെ കണ്ടതുമില്ല.

എന്നാൽ സർവദിക്കും സർവതും
-കടലിന്റെയും കരയുടെയും ചക്രവാളങ്ങൾ-
സർവതും, അനന്തത പോലും നിറഞ്ഞു,
വിപുലവും സജീവവുമായൊരു പരിമളത്താൽ.



Friday, May 3, 2013

ഫെയിസ് അഹമ്മദ് ഫെയിസ് - ഏകാന്തത

4100672626_4001dc81d7

 


ഒരു പാദപതനം നീ കേട്ടുവോ, തേങ്ങുന്ന ഹൃദയമേ? ഇല്ല, ആരുമില്ല,
അതൊരു സഞ്ചാരിയാവാം, മറ്റൊരു വഴിയ്ക്കു പോവുകയുമാവാമയാൾ.
ഒരു രാത്രി കൂടിക്കഴിഞ്ഞു, നക്ഷത്രങ്ങളുടെ കവരവിളക്കുകളണഞ്ഞുകഴിഞ്ഞു,
പൊടിയടിഞ്ഞ മണ്ഡപങ്ങളിൽ മെഴുകുതിരികൾ കരിന്തിരി കത്തുകയായി;
ഒരു കാലൊച്ച കാതോർത്തിടവഴികൾ പെരുവഴിയോരത്തുറക്കവുമായി,
ഇന്നലെയുടെ കാലടിപ്പാടുകളിൽ ഇന്നിന്റെ മൺപൊടി വീണു മൂടുമ്പോൾ
വിളക്കൂതിക്കെടുത്തൂ, പാനപാത്രങ്ങൾ കമിഴ്ത്തിവയ്ക്കൂ, പാവം ഹൃദയമേ,
ഇനി നേരമായിരിക്കുന്നു നിന്റെ കൺപോളകളുടെ വാതിൽ ചാരിപ്പോരാനും.
ആരുമില്ല, ഇനിയാരുമില്ല, ഇനിയാരുമീ വഴി വരുമെന്നു നീ മോഹിക്കരുതേ.


Thursday, May 2, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - അധ്യാപകൻ

Langston-Hughes-with-hat-on-508x350

 


നക്ഷത്രങ്ങൾ പോലെയാണാദർശങ്ങൾ,
നമ്മുടെ കൈയെത്തുന്ന ദൂരത്തല്ലവ.
പഠിക്കാൻ എളിമയോടെ ഞാൻ ശ്രമിച്ചു,
ഞാൻ പഠിപ്പിച്ചതതിലുമെളിമയോടെ.

നേരുള്ളതായ നന്മകളൊക്കെ
മുറുകെപ്പിടിക്കാൻ ഞാൻ ശ്രമിച്ചിരുന്നു.
നല്ലവനാവണമെന്നെനിക്കുണ്ടായിരുന്നു,
അതുകൊണ്ടാത്മാവൊന്നു ഞെരുങ്ങിയെങ്കിലും.

ഇന്നു തണുത്ത മണ്ണിനടിയിൽ ഞാൻ കിടക്കുന്നു,
കണ്ട സ്വപ്നങ്ങളൊക്കെ ഞാൻ മറന്നും കഴിഞ്ഞു.
ഈ മണ്ണു പാകിയ ഇടുങ്ങിയ കിടക്കയിൽ
ഒരു വിളക്കിന്റെ നാളവുമില്ല വെളിച്ചം പകരാൻ.

ഈ മണ്ണു പാകിയ ഇടുങ്ങിയ കിടക്കയിൽ
നക്ഷത്രത്തരികളൊരിക്കലും ചിതറിവീഴില്ല.
ഓർക്കുമ്പോൾ ഞാനൊന്നു വിറക്കൊള്ളുന്നു:
ഒന്നിലും കാര്യമില്ലെന്നിരുട്ടെന്നെപ്പഠിപ്പിച്ചാലോ?


ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് -ചുമർചിത്രങ്ങൾ

bb-jazzline

എന്റെ പഴയ, പഴയ സ്വപ്നങ്ങളെക്കുറിച്ചു ഞാൻ നിന്നോടു പറയട്ടെയോ,
ഈ ലോകഗോളത്തിന്റെ വിചിത്രമായ ഭ്രമണങ്ങളിൽ നഷ്ടമായവ?
തിരകൾ പതഞ്ഞുയരുമ്പോൾ കടലിൽ മുങ്ങിത്താണവ ചിലവ,
ഒരു മച്ചുമ്പുറത്തെ മുറിയിൽ മെഴുകുതിരിവെട്ടത്തിലുരുകിത്തീർന്നവ ചിലവ.

ഞാൻ മറന്ന, കയ്ക്കുന്ന സ്വപ്നങ്ങളെക്കുറിച്ചു ഞാൻ പറയട്ടെയോ,
ഇപ്പോഴുമെത്രയും  ചെറുപ്പമായ, എത്രയും ചെറുപ്പമായവളേ?
വിടർന്ന, പാടുന്ന, പാടലമായ കണ്ണുകളുള്ളവളേ,
നാവിൻ തുമ്പിൽ ചിരി മുട്ടിനില്ക്കുന്നവളേ.

എന്റെ തളർന്ന, തളർന്ന സ്വപ്നങ്ങളെക്കുറിച്ചു ഞാൻ പറയട്ടെയോ,
ഇനിയുമൊരു സ്വപ്നവും നഷ്ടമാവാത്തവളേ?
അതോ ഞാൻ നാവുമടക്കി മിണ്ടാതിരിക്കട്ടെയോ,
ചുമരിൽ പതിയട്ടെ, എന്റെ വികൃതചിത്രങ്ങളെന്നും കരുതി?


Wednesday, May 1, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - നക്ഷത്രം തേടിപ്പോയവൻ

images1

നക്ഷത്രം തേടിപ്പോയവൻ


ജ്വലിക്കുന്നൊരു നക്ഷത്രത്തെ
തേടിപ്പോയവനായിരുന്നു ഞാൻ.
ആ നക്ഷത്രമകലെ നിന്നേ
എന്റെ കൈകൾ പൊള്ളിച്ചു,
തിളയ്ക്കുന്ന വെള്ളിനാളത്താൽ.

ഇരുമ്പഴികൾ വലയം ചെയ്യുന്ന
സ്വപ്നങ്ങളുടെ മൃതഭൂവിൽ
പാടുന്നൊരു നക്ഷത്രത്തിന്റെ
വന്യസൌന്ദര്യം ഞാൻ തേടി.
ഈ വടുക്കളൊന്നുനോക്കൂ.


ചിതാലേഖനം


ഈ കുഴിമാടത്തിൽ കിടക്കുന്നത്
അതെ, ഞാൻ തന്നെ.
നിങ്ങളെന്തിനു ചിരിക്കുന്നു, നല്ലവരേ,
അല്ലെങ്കിലെന്തിനു കരയുന്നു?
ഈ കുഴിമാടത്തിൽ കിടക്കുന്നത്
എന്നിലധികമൊന്നുമല്ലെന്നേ.



യേശുവിന്റെ പാദങ്ങൾ

യേശുവിന്റെ കാൽച്ചുവട്ടിൽ
ശോകമൊരു കടലു പോലെ.
കർത്താവേ, നിന്റെ കാരുണ്യം
എന്നിലേക്കൊഴുകിയെത്തേണമേ.

യേശുവിന്റെ കാൽച്ചുവട്ടിൽ,
നിന്റെ കാൽച്ചുവട്ടിൽ ഞാൻ നില്ക്കുന്നു.
എന്റെ ഉണ്ണിയേശുവേ,
ആ കൈയൊന്നു നീട്ടൂ.


വിട


ജിപ്സികൾക്കും നാവികർക്കുമൊപ്പം,
കുന്നുകളും കടലുകളുമലയുന്നവർക്കൊപ്പം,
ഭാഗ്യാന്വേഷിയായി ഞാൻ പോകുന്നു.
എനിക്കൊന്നു പിരിഞ്ഞിരിക്കണം,
ദൈവഭക്തരിലും മര്യാദക്കാരിലും നിന്ന്.
ഞാനില്ലാത്തതു നിങ്ങളറിയുകയുമില്ല,
കുന്നുകൾക്കിടയിൽ ജീവിക്കുന്നവരേ,
കടലൊരുകാലവും കാണാത്തവരേ.



തൃഷ്ണ

തൃഷ്ണ നമുക്ക്
ഒരിരട്ടമരണമായിരുന്നു,
നമ്മുടെ കലർന്ന നിശ്വാസങ്ങളുടെ ത്വരിതമരണം;
അജ്ഞാതമായൊരു വിചിത്രപരിമളത്തിന്റെ
ബാഷ്പീകരണം,
നാമിരുവർക്കിടയിൽ,
നഗ്നമായൊരു മുറിയിൽ.

jazz004



ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - പ്രണയഗാനങ്ങൾ.

photo3

 


പ്രണയഗാനം, അന്റോണിയയ്ക്ക്


എന്റെ ഗാനങ്ങളൊക്കെ നിനക്കായി ഞാൻ പാടിയിട്ടും
നീയതിനു കാതു കൊടുക്കില്ലെന്നിരിക്കട്ടെ,
എന്റെ സ്വപ്നഗൃഹങ്ങളൊക്കെ നിനക്കായി ഞാൻ പണിതിട്ടും
നീയതിൽ താമസിക്കാനൊരിക്കലും വരില്ലെന്നിരിക്കട്ടെ,
എന്റെ മോഹങ്ങളൊക്കെയും നിനക്കു ഞാൻ തന്നാലും
ആർക്കു വേണമിതൊക്കെയെന്നു പറഞ്ഞു നീ
ചിരിച്ചുതള്ളിയെന്നിരിക്കട്ടെ,
അപ്പോഴും നിനക്കുള്ളതായിരിക്കും എന്റെ പ്രണയം,
എന്റെ ഗാനങ്ങളെക്കാളുമധികമായത്,
എന്റെ സ്വപ്നഗൃഹങ്ങളെക്കാളുമധികമായത്,
എന്റെ ഗൃഹസ്വപ്നങ്ങളെക്കാളുമധികമായത്-
നിനക്കുള്ളതായിരിക്കും അപ്പോഴുമെന്റെ പ്രണയം,
എന്നെ കണ്ണെടുത്തു നോക്കില്ല നീയെങ്കിൽക്കൂടി.



പ്രണയഗാനം, ലൂസിന്ദായ്ക്ക്

പ്രണയം
ചോരച്ചുവപ്പായൊരു മരത്തിൽ
മൂത്തുപഴുത്തൊരു പ്ളം പഴം.
ഒരിക്കലതൊന്നു രുചിച്ചാൽ
അതിന്റെ വശ്യത്തിൽ നിന്നു
മോചിതനാവില്ല നിങ്ങൾ.

പ്രണയം
തെക്കൻ മാനത്തു മിന്നുന്ന
ദീപ്തനക്ഷത്രം.
ഏറെ നേരം നോക്കിനിന്നാൽ
നിങ്ങളുടെ കണ്ണുകൾ പൊള്ളിക്കും
അതിന്റെ എരിനാളങ്ങൾ.

പ്രണയം
കാറ്റു പിടിച്ച മാനത്ത്
കൊത്തിവച്ച പോലൊരു പർവതം.
കിതയ്ക്കരുതധികമെന്നുണ്ടെങ്കിൽ
അധികമുയരത്തിൽ
കയറുകയുമരുത്.



പാതിരാനർത്തകി

ജാസ്സിന്റെ ശ്രുതി ചേർന്ന രാത്രിയിലെ
മദിരപ്പെണ്ണേ,
ചെമന്ന മഞ്ഞുതുള്ളി പോ-
ലധരം മധുരിക്കുവോളേ,
ഇരുമുലകൾ
മധുരസ്വപ്നങ്ങളുടെ മൃദൂപധാനങ്ങളായവളേ,
ആഹ്ളാദത്തിന്റെ മുന്തിരിപ്പഴങ്ങൾ പിഴി-
ഞ്ഞാരതു നിന്മേലിറ്റിച്ചു?jazz1 (1)


ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - പല വസന്തങ്ങൾക്കു ശേഷം

Langston Hughes

 


ചോദ്യങ്ങൾ


മരണമെന്ന ആക്രിക്കാരൻ കിഴവൻ
നമ്മുടെ ഉടലുകൾ പെറുക്കിയെടുത്ത്
വിസ്മൃതിയുടെ കീറച്ചാക്കിലേക്കിടുമ്പോൾ
ഞാൻ ആലോചിച്ചുപോവുകയാണ്‌,
ഒരു വെള്ളക്കാരൻ കോടീശ്വരന്റെ ശവത്തിന്‌
ഒരു നീഗ്രോ തോട്ടപ്പണിക്കാരന്റെ ജഡത്തേക്കാൾ
വില കൂടുതൽ കാണുമോ അയാൾ
നിത്യതയുടെ നാണയക്കണക്കിലെന്ന്.


പല വസന്തങ്ങൾക്കു ശേഷം


ഇപ്പോൾ,
ഈ ജൂണിൽ,
നീലനക്ഷത്രങ്ങൾ നിറഞ്ഞ
മൃദുവൈപുല്യമാണു രാത്രിയെന്നിരിക്കെ,
നിലാമിനുക്കത്തിന്റെ ഒടിഞ്ഞ കണകൾ
മണ്ണിൽ പൊഴിഞ്ഞുവീണുകൊണ്ടിരിക്കെ,
മാലാഖമാർ നൃത്തം വയ്ക്കുന്നതു
പണ്ടെപ്പോലെന്തു കൊണ്ടു ഞാൻ കാണുന്നില്ല?
അത്രയ്ക്കു പ്രായമേറിപ്പോയെന്നോ, എനിക്ക്?



നീതി

നീതി എന്നതന്ധയായൊരു ദേവത:
അതു ഞങ്ങൾ കറുത്തവർ
പണ്ടേ അറിയുന്ന വസ്തുത.
ആ വച്ചുകെട്ടൊളിപ്പിക്കുന്നതു
ചലമൊലിക്കുന്ന രണ്ടു വ്രണങ്ങൾ,
ഒരുവേള  കണ്ണുകളായിരുന്നവ.



കവിത

എന്റെ ചോരയിലറഞ്ഞുകൊട്ടുന്നതു കാട്ടുചെണ്ടകൾ.
എന്റെ ഹൃദയത്തിൽ തിളങ്ങിനിൽക്കുന്നതു
കാടുകളിൽ പൊള്ളുന്ന ചന്ദ്രന്മാർ.
എനിക്കു പേടിയാണീ നാഗരികതയെ-
അത്ര കടുത്തതിനെ,
അത്ര ബലത്തതിനെ,
അത്ര തണുത്തതിനെ.



യുവതിയായ വേശ്യ

ഒടിഞ്ഞ തണ്ടിലെ
ചതഞ്ഞ പൂവുപോലെ
അവളുടെ ഇരുണ്ട മുഖം.
ഈ തരം സുലഭമാണത്രെ,
ഹാർലെമിൽ.



ഹേമന്തചന്ദ്രൻ

എത്ര നേർത്തതും കൂർത്തതുമാണു ചന്ദ്രനിന്നു രാത്രിയിൽ!
എത്ര നേർത്തതും കൂർത്തതും പ്രേതം പോലെ വിളറിയുമാണ്‌
മെലിഞ്ഞുവളഞ്ഞ കൊക്കി പോലത്തെ ചന്ദ്രനിന്നു രാത്രിയിൽ!



വശ്യം

ആപ്പിൾപ്പഴത്തിന്റെ കഴമ്പു പോലെ വെളുത്തതാണവളുടെ പല്ലുകൾ.
മൂത്തുപഴുത്ത പ്ളം പഴം പോലിരുണ്ടുചുവന്നതാണവളുടെ ചുണ്ടുകൾ.
അവളെ ഞാൻ പ്രേമിക്കുന്നു.
അവളുടെ മുടിക്കെട്ടൊരു പാതിരാക്കൂന, ഇരുളിന്റെ നിറമായൊരു ദീപ്തി.
അവളെ ഞാൻ പ്രേമിക്കുന്നു.
അവളെച്ചുംബിക്കാനെനിക്കു മോഹം,
ശരല്ക്കാലത്തെ ഓക്കില പോലെ തവിട്ടുനിറമാണവളുടെ ചർമ്മത്തിനെന്നതിനാൽ,
അതിലൊന്നുകൂടി മിനുസമാണവളുടെ നിറമെന്നതിനാൽ.


കടലിന്റെ വശ്യം


കടലിന്റെ വശ്യം,
കടലിന്റെ മക്കൾക്കതറിയില്ല.
അവർക്കറിയാം പക്ഷേ,
ബലത്തതാണു കടൽ
ദൈവത്തിന്റെ കൈ പോലെയെന്ന്.
അവർക്കറിയാം പക്ഷേ,
കടല്ക്കാറ്റു സുഖമുള്ളതാണ്‌
ദൈവത്തിന്റെ നിശ്വാസം പോലെയെന്ന്,
കടലുൾക്കൊള്ളുന്നു
പരന്നതുമാഴ്ന്നതുമായൊരു മരണമെന്ന്.



പ്രാർത്ഥന

ഞാനിതു ചോദിക്കുന്നു:
ഏതു വഴിക്കു ഞാൻ പോകണം?
ഞാനിതു ചോദിക്കുന്നു:
ഏതു പാപം ഞാൻ പേറണം?
ഏതു കിരീടമെടുത്തു
തലയിൽ ഞാൻ വയ്ക്കണം?
എനിക്കറിയുന്നില്ല,
ദൈവം തമ്പുരാനേ,
എനിക്കറിയുന്നില്ല.