എന്റെ കദനത്തിന്റെ തടവറ തുറന്നുകൊണ്ടിതാ,
വിരുന്നുകാരൊന്നൊന്നായി വന്നുകയറുകയായി:
ഇതു സായാഹ്നം, തന്റെ നടവഴികളിലൊക്കെയും
വിഷാദത്തിന്റെ പരവതാനി വിരിച്ചേ പോകുന്നവൾ;
ഇതു രാത്രി, ചന്ദ്രനോടും നക്ഷത്രങ്ങളോടും തന്റെ
ഹൃദയം തകർന്ന കഥ പറയാൻ വെമ്പൽ പൂണ്ടവൾ.
ഇതു മദ്ധ്യാഹ്നം, തിളങ്ങുന്ന മാർച്ചട്ടയ്ക്കുള്ളിൽ
പൊള്ളുന്ന ചാട്ടവാറുകളൊളിപ്പിച്ചവൾ.
ഇവർ, ഇവരാണെന്റെ നിത്യസന്ദർശകർ,
രാവും പകലും നോക്കാതെ വന്നുകയറുന്നവർ.
ആരേതുനേരത്തു വന്നോട്ടെ, ആരു പൊയ്ക്കോട്ടെ,
ഇതൊന്നും പക്ഷേ, എന്റെ കണ്ണും മനസ്സുമറിയുന്നില്ല.
അകലെ, എന്റെ ജന്മദേശത്തേക്കു പായുകയാണവർ,
കുതികൊള്ളുന്ന കടൽത്തിരകളുടെ കുതിരകൾക്കു മേൽ,
പലതരം സംശയങ്ങളും വിപൽസൂചനകളുമായി,
ഉത്തരം കിട്ടാത്തൊരായിരം ചോദ്യങ്ങളുമായി
1980
No comments:
Post a Comment