Tuesday, May 7, 2013

ഇവാൻ ഗിൽക്കിൻ - ദുഷ്ടനായ ഉദ്യാനപാലകൻ

3648252150_5dc0d9443clink to image

 


വിചിത്രമനസ്കരായ തോട്ടക്കാർ ഹേമന്തോദ്യാനങ്ങളിൽ
രഹസ്യത്തിൽ നട്ടുവളർത്തുന്നു വിദ്വേഷത്തിന്റെ വിഷച്ചെടികൾ.
അവയുടെ മുരത്ത കാണ്ഡങ്ങളെത്ര വേഗം പിണഞ്ഞുചുറ്റുന്നു,
കുളങ്ങളുടെ ചെളിവരമ്പുകളിൽ ചുറയിടുന്ന പാമ്പുകൾ പോലെ!

ഭീഷണമാണവയുടെ പുഷ്പങ്ങൾ, മനോഹരങ്ങൾ, അപൂർവ്വങ്ങൾ;
അവയിൽ നിന്നു വമിക്കുന്നു മദിപ്പിക്കുന്ന തീക്ഷ്ണപരിമളങ്ങൾ;
അഭിമാനത്തോടവ തുറന്നുവയ്ക്കുന്നു വിഷമയമായ പൂപ്പാലികകൾ;
അവയുടെ പൈശാചസൌന്ദര്യത്തിൽ വിരിയുന്നതബോധമരണം.

ഉടലുകൾ വാടും, ഉണങ്ങുമവയുടെ പരിമളാഡംബരങ്ങളിൽ;
അവയുടെ സൌന്ദര്യത്തിലമിതമായിട്ടഭിരമിച്ചതിനാലത്രേ,
രാജഗൃഹങ്ങളിൽ റാണിമാർ വിളർത്തുവിളറുന്നതു നാം കാണുന്നതും.

നിങ്ങളെപ്പോലെയാണു ഞാനും, വികൃതസ്വഭാവികളായ തോട്ടക്കാരേ!
അപക്വമനസ്സുകളിൽ ഞാനെന്റെ വിഷവിത്തുകൾ വിതയ്ക്കുന്നു,
പിന്നെ ഞാൻ നോക്കിയിരിക്കുന്നു, അവയിലെന്റെ കവിത തഴയ്ക്കുന്നതും!


IwanGilkin
ഇവാൻ ഗിൽക്കിൻ Iwan Gilkin (1858-1924) - ബൽജിയംകാരനായ ഫ്രഞ്ചുകവി. മതപരവും ദാർശനികവുമായ പ്രമേയങ്ങൾ. ബോദ് ലേറുടെയും ഷോപ്പൻ ഹോവറുടെയും സ്വാധീനം പ്രകടം.


No comments: