ചോദ്യങ്ങൾ
മരണമെന്ന ആക്രിക്കാരൻ കിഴവൻ
നമ്മുടെ ഉടലുകൾ പെറുക്കിയെടുത്ത്
വിസ്മൃതിയുടെ കീറച്ചാക്കിലേക്കിടുമ്പോൾ
ഞാൻ ആലോചിച്ചുപോവുകയാണ്,
ഒരു വെള്ളക്കാരൻ കോടീശ്വരന്റെ ശവത്തിന്
ഒരു നീഗ്രോ തോട്ടപ്പണിക്കാരന്റെ ജഡത്തേക്കാൾ
വില കൂടുതൽ കാണുമോ അയാൾ
നിത്യതയുടെ നാണയക്കണക്കിലെന്ന്.
പല വസന്തങ്ങൾക്കു ശേഷം
ഇപ്പോൾ,
ഈ ജൂണിൽ,
നീലനക്ഷത്രങ്ങൾ നിറഞ്ഞ
മൃദുവൈപുല്യമാണു രാത്രിയെന്നിരിക്കെ,
നിലാമിനുക്കത്തിന്റെ ഒടിഞ്ഞ കണകൾ
മണ്ണിൽ പൊഴിഞ്ഞുവീണുകൊണ്ടിരിക്കെ,
മാലാഖമാർ നൃത്തം വയ്ക്കുന്നതു
പണ്ടെപ്പോലെന്തു കൊണ്ടു ഞാൻ കാണുന്നില്ല?
അത്രയ്ക്കു പ്രായമേറിപ്പോയെന്നോ, എനിക്ക്?
നീതി
നീതി എന്നതന്ധയായൊരു ദേവത:
അതു ഞങ്ങൾ കറുത്തവർ
പണ്ടേ അറിയുന്ന വസ്തുത.
ആ വച്ചുകെട്ടൊളിപ്പിക്കുന്നതു
ചലമൊലിക്കുന്ന രണ്ടു വ്രണങ്ങൾ,
ഒരുവേള കണ്ണുകളായിരുന്നവ.
കവിത
എന്റെ ചോരയിലറഞ്ഞുകൊട്ടുന്നതു കാട്ടുചെണ്ടകൾ.
എന്റെ ഹൃദയത്തിൽ തിളങ്ങിനിൽക്കുന്നതു
കാടുകളിൽ പൊള്ളുന്ന ചന്ദ്രന്മാർ.
എനിക്കു പേടിയാണീ നാഗരികതയെ-
അത്ര കടുത്തതിനെ,
അത്ര ബലത്തതിനെ,
അത്ര തണുത്തതിനെ.
യുവതിയായ വേശ്യ
ഒടിഞ്ഞ തണ്ടിലെ
ചതഞ്ഞ പൂവുപോലെ
അവളുടെ ഇരുണ്ട മുഖം.
ഈ തരം സുലഭമാണത്രെ,
ഹാർലെമിൽ.
ഹേമന്തചന്ദ്രൻ
എത്ര നേർത്തതും കൂർത്തതുമാണു ചന്ദ്രനിന്നു രാത്രിയിൽ!
എത്ര നേർത്തതും കൂർത്തതും പ്രേതം പോലെ വിളറിയുമാണ്
മെലിഞ്ഞുവളഞ്ഞ കൊക്കി പോലത്തെ ചന്ദ്രനിന്നു രാത്രിയിൽ!
വശ്യം
ആപ്പിൾപ്പഴത്തിന്റെ കഴമ്പു പോലെ വെളുത്തതാണവളുടെ പല്ലുകൾ.
മൂത്തുപഴുത്ത പ്ളം പഴം പോലിരുണ്ടുചുവന്നതാണവളുടെ ചുണ്ടുകൾ.
അവളെ ഞാൻ പ്രേമിക്കുന്നു.
അവളുടെ മുടിക്കെട്ടൊരു പാതിരാക്കൂന, ഇരുളിന്റെ നിറമായൊരു ദീപ്തി.
അവളെ ഞാൻ പ്രേമിക്കുന്നു.
അവളെച്ചുംബിക്കാനെനിക്കു മോഹം,
ശരല്ക്കാലത്തെ ഓക്കില പോലെ തവിട്ടുനിറമാണവളുടെ ചർമ്മത്തിനെന്നതിനാൽ,
അതിലൊന്നുകൂടി മിനുസമാണവളുടെ നിറമെന്നതിനാൽ.
കടലിന്റെ വശ്യം
കടലിന്റെ വശ്യം,
കടലിന്റെ മക്കൾക്കതറിയില്ല.
അവർക്കറിയാം പക്ഷേ,
ബലത്തതാണു കടൽ
ദൈവത്തിന്റെ കൈ പോലെയെന്ന്.
അവർക്കറിയാം പക്ഷേ,
കടല്ക്കാറ്റു സുഖമുള്ളതാണ്
ദൈവത്തിന്റെ നിശ്വാസം പോലെയെന്ന്,
കടലുൾക്കൊള്ളുന്നു
പരന്നതുമാഴ്ന്നതുമായൊരു മരണമെന്ന്.
പ്രാർത്ഥന
ഞാനിതു ചോദിക്കുന്നു:
ഏതു വഴിക്കു ഞാൻ പോകണം?
ഞാനിതു ചോദിക്കുന്നു:
ഏതു പാപം ഞാൻ പേറണം?
ഏതു കിരീടമെടുത്തു
തലയിൽ ഞാൻ വയ്ക്കണം?
എനിക്കറിയുന്നില്ല,
ദൈവം തമ്പുരാനേ,
എനിക്കറിയുന്നില്ല.
No comments:
Post a Comment