Friday, May 31, 2013

ഫൈസ് അഹമ്മദ് ഫൈസ് - പ്രണയത്തിന്റെ തടവുകാർ

462px-Ernst_Ludwig_Kirchner_Tanzlink to image




കഴുത്തിൽ കൊലക്കുരുക്കൊരു കണ്ഠഹാരമായി
രാവും പകലുമെന്നില്ലാതവർ പാടുകയായിരുന്നു.
കാൽവിലങ്ങുകൾ കാൽച്ചിലങ്കകളാണെന്നപോലെ
നർത്തകർ തിമിർത്തു നൃത്തം വയ്ക്കുകയായിരുന്നു.
ആ കക്ഷിയിലും ഈ കക്ഷിയിലും പെടാത്ത ഞാനോ,
തെരുവോരം ചേർന്നു ഞാൻ നിന്നു, അസൂയയോടെ,
നിശ്ശബ്ദനായി, ആരും കാണാത്ത കണ്ണീരോടെ.


പിന്നെ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞാൻ കണ്ടു,
ചെന്നിറമായിരുന്ന പൂക്കളൊക്കെ വിളർത്തുപോയെന്ന്,
സ്വന്തം നെഞ്ചിനുള്ളിലേക്കു നോക്കുമ്പോൾത്തോന്നി,
ഹൃദയമിരുന്നിടത്തൊരു നീറ്റൽ മാത്രമേയുള്ളുവെന്ന്.
ചിലനേരമിങ്ങനെയൊരു ഭ്രമമെനിക്കു തോന്നിയിരുന്നു,
എന്റെ കഴുത്തിലുമൊരു കുരുക്കിന്റെ പാടുണ്ടെന്ന്,
എന്റെ കാലുകളിലും ചങ്ങലയുടെ വടുക്കളുണ്ടെന്ന്.


പിന്നെയൊരു പ്രഭാതത്തിൽ പ്രണയമെന്നെത്തേടിവന്നു,
എന്റെ കഴുത്തിലവനൊരു കുരുക്കെറിഞ്ഞുപിടിച്ചു,
എന്റെ കാലുകൾ ഇരുമ്പുചങ്ങല കൊണ്ടവൻ തളച്ചു,
തന്റെ തെരുക്കൂത്തിലേക്കെന്നെയുമവനെടുത്തെറിഞ്ഞു.

1981


No comments: