Saturday, May 25, 2013

ഫൈസ് അഹമ്മദ് ഫൈസ് - ഇവിടെ നിന്നു നഗരത്തെ നോക്കുമ്പോൾ

images

 


ഇവിടെ നിന്നു നഗരത്തെ നോക്കുമ്പോൾ
ഒക്കെയുമൊരു തടവറയുടെ ചുമരുകൾ പോലെ,
വൃത്തത്തിനുള്ളിൽ വൃത്തമായ കൊത്തളങ്ങൾ പോലെ;
ഓരോ തെരുവും തടവുകാരുടെ നടവഴികൾ പോലെ,
ഒരു നാഴികക്കല്ലില്ലാതെ, ഒരത്താണിയില്ലാതെ, ഒരന്ത്യവുമില്ലാതെ.

ഒരാൾ തിരക്കിട്ടുപോകുമ്പോൾ നിങ്ങൾക്കത്ഭുതമാവുന്നു,
എന്തേ കാവല്ക്കാരൊച്ചയെടുത്തയാളെ വിലക്കുന്നില്ല?
ഒരാൾ കൈ വീശുമ്പോൾ നിങ്ങൾക്കു സംശയം തോന്നുന്നു,
എന്തേ കൈവിലങ്ങിന്റെ കിലുക്കം കാതില്പെടുന്നില്ല?

ഇവിടെ നിന്നു നഗരത്തെ നോക്കുമ്പോൾ നിങ്ങൾക്കു തോന്നുന്നു,
ഒരു മുഖത്തുമില്ല ഒരു സംതൃപ്തി, ഒരു സമാധാനം!
ഓരോ പുരുഷനും കഴുത്തിൽ കൊലക്കുരുക്കുമായൊരു കുറ്റവാളി!
ഓരോ സുന്ദരിയും കാതുകൾ തുളച്ച ഒരടിമപ്പെണ്ണും!

വിദൂരദീപങ്ങൾക്കു ചുറ്റും ഇളകിയാടുന്ന നിഴലുകൾ!
ആരാണവർ, ജഡത്തിനു ചുറ്റും വിലപിച്ചിരിക്കുന്നവർ?
അതോ, മദ്യകുംഭത്തിനു ചുറ്റും ജീവിതമാസ്വദിക്കുന്നവർ?
ഓരോ ചുമരിലും കതകിലും തെറിച്ചുവീണ നിറപ്പൊട്ടുകൾ-
ഇവിടെ നിന്നു നോക്കുമ്പോൾ നിങ്ങൾക്കറിയുന്നില്ല,
അവ വിടർന്ന പൂക്കളോ, അതോ ചോരത്തുള്ളികളോയെന്ന്!

കറാച്ചി, 1965


yahaan se shehar ko dekho to halqaa dar halqaa
khinchee hai jail kee soorat har ek samt faseel
har ek raahguzae gardish-e-aseeraan hai
na sang-e-meel, na manzil, na mukhlisee ki sabeel

jo koi tez chale rah to poochhta hai khayaal
ke tokne koi lalkaar kyoon naheen aayee
jo koi haath hilaaye to veham ko hai savaal
koi chhatak, koi jhankaar kyoon naheen aayee?

yahaan se shehar ko dekho to saari khalqat men
na koi saahab-e-tamkeen, na koi vaali-e-hosh
har ek mard-e-javaan mujrim-e-rasan ba guloo
har ik haseena-e-ra'ana, kaneez-e-halqa bagosh

jo saaye door charaaghon ke gird larzaan hain
na jaane mehfil-e-gham hai ke bazm-e-jaam-o-suboo
jo rang har dar-o-deevaar par pareshaan hain
yahaan se kuchh naheen khulta ye phool hain ke lahoo

No comments: