Tuesday, May 7, 2013

നെരൂദ -ഓർമ്മയില്ലേ നിനക്കാ ചപലമായ ജലപാതം...

4lorenzo_moya_barbara_29.5x25_largelink to image

 


ഓർമ്മയില്ലേ നിനക്കാ ചപലമായ ജലപാതം,
അവിടെത്തുടിച്ചുയർന്ന മധുരപരിമളങ്ങൾ?
ചിലനേരമൊരു പക്ഷിയുമവിടെപ്പാറിനടന്നിരുന്നു,
ജലത്തിന്റെയുമാലസ്യത്തിന്റെയും ഹേമന്തവേഷത്തിൽ.

ഓർമ്മയില്ലേ നിനക്കാ മണ്ണിന്റെ വരദാനങ്ങൾ:
മായാത്ത സൗരഭങ്ങൾ, പൊന്നയിരിന്റെ കളിമണ്ണും,
പടർപ്പിലെപ്പച്ചകൾ, ഉന്മാദിവേരുകൾ,
വാളുകൾ പോലെ പാളുന്ന മാന്ത്രികമുള്ളുകൾ.

ഓർമ്മയില്ലേ നിനക്കന്നു നീ കൊണ്ടുവന്ന പൂച്ചെണ്ട്,
നിഴലും മൗനവും ജലവും കൊരുത്ത പൂച്ചെണ്ട്,
നുരയുടെ കിരീടമണിഞ്ഞ കടല്പാറ പോലുള്ളത്?

ഒരിക്കലുമില്ലാത്തതാണാ നിമിഷം, എന്നുമുള്ളതും.
അവിടെപ്പോവുക നാം; കാത്തിരിക്കുന്നില്ലൊന്നും നമ്മെ;
എന്നാലെല്ലാം കാത്തിരിക്കുകയുമാണു നമ്മെ.

(നെരൂദ/പ്രണയഗീതകം-4)




1 comment:

സജീവ്‌ മായൻ said...

നെരൂദയുടെ ഗീതങ്ങള്‍ വായിക്കുമ്പോള്‍ അതിന്‍റെ ലഹരിയാല്‍ ചിലപ്പോള്‍ ഭ്രാന്തു പിടിക്കും.
ഒരു തിരമാലയില്‍ എടുത്തെറിയും പോലെ.
ഈ പരിഭാഷയിലൂടെ ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്യങ്ങളില്‍ ഒന്നാണ് ചെയ്തിരിക്കുന്നത്.
നന്ദി.