Monday, May 20, 2013

ഫൈസ് അഹമ്മദ് ഫൈസ് - ശരല്ക്കാലത്തിന്റെ വരവിങ്ങനെ

Alferd_Sisley_-_Banks_of_the_Loing_-_Autumn_Effect,_1881_-_Google_Art_Projectlink to image

 


പിന്നെയൊരുനാൾ ശരല്ക്കാലം വന്നുകയറിയതിങ്ങനെ:
തെരുവിൽ നിരയിട്ടുനിന്ന വിഷണ്ണരായ മരങ്ങളെ
അവയുടെ കരിവീട്ടിയുടലുകൾ കാണുമാറതു നഗ്നമാക്കി;
അവയെ പിടിച്ചുകുലുക്കി തറയിലെമ്പാടും വിതറിയിട്ടു,
ആ പിടയ്ക്കുന്ന ഹൃദയങ്ങളെ, പഴുക്കിലകളെ.
ആർക്കുമവയെ ചവിട്ടി മെതിച്ചുപോകാമായിരുന്നു,
ഒരു നേർത്ത രോദനം പോലുമുയർന്നുകേൾക്കാതെ.
ചില്ലകളിൽ സ്വപ്നങ്ങൾ ഗാനമാക്കിയിരുന്ന കിളികൾ,
ആ ഗാനങ്ങൾ തന്നെ കഴുത്തിൽ മുറുകി മരിച്ചുവീണു:
വേട്ടക്കാരനു ഞാണു പോലും മുറുക്കേണ്ടിവന്നില്ല.
വസന്തത്തിന്റെ ദേവാ, ഒന്നു കരുണ കാട്ടിയാലും:
ഈ ശുഷ്കിച്ച ഉടലുകൾക്കു വീണ്ടുമുയിർപ്പു നല്കേണമേ,
വറ്റി വരണ്ട സിരകളിൽ വീണ്ടും ചോരയൊഴുകട്ടെ.
ഒരേയൊരു മരത്തിലെങ്കിലും പച്ചപ്പു പൊടിക്കട്ടെ,
ഒരേയൊരു കിളിക്കെങ്കിലും തൊണ്ട തിരിച്ചുകിട്ടട്ടെ.


No comments: